
ഇന്നത്തെ തലമുറയുടെ ചരിത്രബോധം സിനിമാക്കാരും സീരിയലുകാരും ഉത്പാദിപ്പിച്ചു പുറത്തുവിടുന്ന കെട്ടുകഥകളാണ്.‘പഴശ്ശിരാജാ’ സിനിമ വന്നതിനുശേഷം, തൃപ്പൂണിത്തുറ ഹിൽപ്പാലസ് മ്യൂസിയം സന്ദർശിക്കുന്നവർ അവിടെ അന്വേഷിക്കുന്നത്, വടക്കേ മലബാറുകാരനായ പഴശ്ശിരാജായുടെ മുറിയും സിംഹാസനവും വാളുമൊക്കെയാണത്രേ!അങ്ങനെയുള്ളവർക്ക് എം റ്റി വാസുദേവൻ നായരും ഹരിഹര അയ്യരും പറയുന്ന, സവർണ പുരുഷ വീരസ്യങ്ങളും അഭ്യാസങ്ങളും ഒക്കെയാണു ചരിത്രം.[പാവം ഗോകുലൻ ഗോപാലനെ വിട്ടേക്കുക. കാശു മുടക്കി എന്നല്ലാതെ ഉള്ളടക്കത്തിലൊന്നും അങ്ങേർക്ക് പങ്കില്ല;മുടക്കിയ കോടികൾ തിരിച്ചുകിട്ടുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു]
‘പഴശ്ശിരാജാ’ സിനിമ വന്നയുടൻ ഇങ്ങനെയൊരു പോസ്റ്റിടാൻ ആലോചിച്ചതാണ്;എന്നാൽ ചില സംഗതികൾ കിട്ടാൻ അൽപ്പം താമസിച്ചു. അതുകൊണ്ടാണ് ഈ പോസ്റ്റ് വൈകിയത്. അതിന്നിടെ പലരും സിനിമയെക്കുറിച്ചും അതിലെ ചരിത്രവിരുദ്ധ ആവിഷ്കരണങ്ങളെക്കുറിച്ചും എഴുതിക്കഴിഞ്ഞു.എം റ്റി വാസുദേവൻ നായരുമായുള്ള അഭിമുഖവും കണ്ടു. അതിൽ ജി പി രാമചന്ദ്രന്റെ പോസ്റ്റ് ഇവിടെ പരാമർശിക്കാതെ വയ്യ. മമ്മൂട്ടി-പിണറായി അച്ചുതണ്ടിനെ തൃപ്തിപ്പെടുത്താനോ എന്തോ പഴശ്ശിരാജായെ വാഴ്ത്താൻ ജി പി നടത്തുന്ന പരിശ്രമം വാസ്തവത്തിൽ സഹതാപമാണുയർത്തുന്നത്. “മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്”എന്ന് സ്വയം ആശ്വസിക്കയാണു ജി പി ഒടുവിൽ.
സത്യത്തിൽ,സി പി എമ്മിൽ കെ ഈ എൻ, ജി പി രാമചന്ദ്രൻ ഇങ്ങനെ വിരലിൽ എണ്ണവുന്ന ബുദ്ധിജീവികൾ മാത്രമാണ് സാഹിത്യം,സംസ്കാരം,കല തുടങ്ങിയ രംഗങ്ങളിലെ സവർണമേൽക്കോയ്മക്കെതിര അതിശക്തമായ പ്രചാരണം നടത്തുന്നത്. എന്നാൽ രാഷ്ട്രീയ നേതൃത്വം പുർണമായും സവർണ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരോ അടിമകളോ ആയതിനാൽ, ഇവർക്കു(ജി പി,കെ ഈ എൻ മുതൽപേർക്ക്) പലപ്പോഴും തങ്ങളുടെ നിലപാടുകളിൽ ഇത്തരത്തിൽ വെള്ളം ചേർക്കേണ്ട ഗതികേടുണ്ട്. അതവിടെ നിൽക്കട്ടെ.
പഴശ്ശിരാജാ സിനിമ ചരിത്രത്തോടു നീതി പുലർത്തിത്തന്നെയാണു താൻ എഴുതിയിട്ടുള്ളതെന്ന് എം റ്റി വാസുദേവൻ നായർ പറഞ്ഞസ്ഥിതിയ്ക്ക്[“ഐതിഹ്യമല്ല, ചരിത്രം തന്നെയാണ്. രേഖകളുള്ള ചരിത്രം തന്നെയാണ് പഴശ്ശിരാജായുടെ ജീവിതം. ചരിത്രരേഖകളെ നമുക്ക് മാറ്റിമറിക്കാന്‍ കഴിയില്ല. ഏതു തീയതിയിലാണ് പഴശ്ശിക്കൊട്ടാരം കൊള്ളയടിക്കപ്പെട്ടത്, എന്നാണ് അദ്ദേഹം മരിച്ചത്, ഏതു സമയത്താണ് കുറിച്യപ്പടയുടെ സഹായത്തോടെ പഴശ്ശി, ചുരങ്ങള്‍ പിടിച്ചത്-എല്ലാം ചരിത്രം തന്നെയാണ്. അതിലൊന്നും ഐതിഹ്യമില്ല. കെട്ടുകഥകളുടെ അംശമില്ല. ഹിസ്റ്റോറിക്കലാണ് എല്ലാം. മലബാര്‍ മാന്വലിലുണ്ട് പഴശ്ശിയുടെ ചരിത്രം. ചരിത്രകാരന്മാര്‍ പഴശ്ശി സമരങ്ങളെക്കുറിച്ച് നിരവധിയെഴുതിയിട്ടുണ്ട്; കെ കെ എന്‍ കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍. അത് പിന്തുടരുക തന്നെയായിരുന്നു ഞാനും”]
നമുക്ക് എന്താണ് പഴശ്ശിരാജായുടെ യഥാർഥ ചരിത്രം എന്നൊന്നു പരിശോധിക്കാം.(അല്ലെങ്കിലും പരിശോധിക്കണം;സിനിമയിലവതരിപ്പിക്കുന്നതാണു യഥാർഥ ചരിത്രമെന്നാണല്ലോ പ്രേക്ഷകർ കരുതുന്നത്!)
- ദേശീയത,സ്വാതന്ത്ര്യം,ജനാധിപത്യം എന്നീ ചിന്തപോലുമില്ലാത്ത കാലത്ത് പഴശ്ശിരാജാ അതിന്റെയെല്ലാം വക്താവായിരുന്നു എന്ന മട്ടിലുള്ള അവതരണം എത്രമാത്രം വസ്തുതാവിരുദ്ധവും പരിഹാസ്യവുമാണെന്ന് ഇവിടെ സ്കാൻ ചെയ്തു ചേർത്തിട്ടുള്ള ദലിത് ബന്ധുവിന്റെ പുസ്തത്തിലെ അധ്യായങ്ങൾ സ്പഷ്ടമാക്കും.
പഴശ്ശി ബ്രിട്ടീഷുകാരെ എന്നുമുതലാണ് എതിർത്തത്, എന്തുകൊണ്ടാണ് എതിർത്തത് എന്നു നോക്കാം നമുക്ക്.
- മലബാറിന്റെ ചരിത്രം, ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെയും മൈസൂർ ഭരണകൂടത്തിന്റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
- കേരളത്തിൽ മൈസൂർ ഭരണത്തോടുകൂടിയാണ് ആദ്യമായി നികുതിരേഖകൾ,നിയമാവലി,ഭൂസർവേ,റോഡ് നിർമാണം ഇവ ഉണ്ടാകുന്നത്.
- ഏതെങ്കിലും നാട്ടുരാജാവുമായി ചേർന്ന് ശക്തനായ മറ്റൊരു രാജാവിനെ തോൽപ്പിക്കുക എന്ന നയമായിരുന്നു ബ്രിട്ടീഷുകാരുടേത്.
- 1766ലാണ് ഹൈദർ അലി മലബാർ ആക്രമിച്ചത്.ബ്രിട്ടീഷ് കമ്പനി പട്ടാളം 1768ൽ കണ്ണൂർ ആക്രമിച്ചപ്പോൾ കുറ്റിയോട്ടുരാജാവും കടത്തനാട്ടു രാജാവും കമ്പനിയെ സഹായിച്ചു.
- രണ്ടാം മൈസൂർ യുദ്ധത്തിനുശേഷം 1784ലെ കരാർ പ്രകാരം മലബാർ മൈസൂറിനു ലഭിച്ചു. [ഈ യുദ്ധത്തിൽ പഴശ്ശിരാജായുടെ 2000 നായർ സൈന്യം,ബ്രിട്ടീഷുകാർക്കുവേണ്ടി വടകരയിൽവച്ച് മൈസൂർ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു] കോട്ടയത്തെ നികുതി ഒരു ലക്ഷമായി നിശ്ചയിക്കപ്പെട്ടു. രാജാവ് രവിവർമ ടിപ്പുസുൽത്താനുമായി സംഭാഷണം നടത്തി അത്65000 ആയി കുറച്ചു. അതിൽ 12000 രാജാവിന്റെ ചെലവിലേക്കെടുക്കാം.
- ടിപ്പുവിനെതിരായി മലബാറിൽ കലാപം ഉണ്ടാക്കാൻ കമ്പനി നാട്ടുരാജാക്കന്മാർക്കു പ്രോത്സാഹനം നൽകി.തലശേരിയിലെ കമ്പനി മേധാവി റോബർട്ട് റ്റെയ്‌ലർ 1790 മേയ് 4 നു പുറപ്പെടുവിച്ച വിളംബരം കാണുക:“ റോബർട്ട് റ്റെയ്‌ലർ എന്ന ഞാൻ വാഗ്ദാനം ചെയ്യുന്നതെന്തെന്നാൽ ടിപ്പു സുൽത്താനെതിരായ യുദ്ധത്തിൽ നിങ്ങൾ ആത്മാർഥമായും ശക്തമായും പങ്കെടുത്താൽ ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി നിങ്ങളെ സ്വതന്ത്രരാക്കാൻ കഴിവതെല്ലാം ചെയ്യും”.ഈ വിളംബരത്തിൽ ആദ്യം ഒപ്പുവച്ചവരിൽ പഴശ്ശിരാജായും ഉൾപ്പെടുന്നു.
- മൂന്നാം മൈസൂർ യുദ്ധ(1790-92)ത്തിൽ ടിപ്പു പരാജയപ്പെട്ടതോടെ മലബാർ ബ്രിട്ടന്റെ കീഴിലായി.ഈ യുദ്ധത്തിനും പഴശ്ശിരാജാ, 1500 നായന്മാരെ കമ്പനി പട്ടാളത്തിലേക്കു വിട്ടുകൊടുത്തിരുന്നു.[കേരളത്തിൽ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം ഉണ്ടായത് മലബാറിൽ മാത്രമാണ്. അതിന്റെ ഉത്തരവാദിത്വം പഴശ്ശിക്കാണെന്നു പറയുന്നതിൽ തെറ്റില്ല.മലബാർ പിടിച്ചടക്കിയ ഹൈദർ അലിയും ടിപ്പു സുൽത്താനും സ്വദേശികളാണ്.ബ്രിട്ടീഷുകാർ വിദേശികളും. വിദേശികളായ ഇംഗ്ലീഷുകാരുടെ കൂടെ നിന്നുകൊണ്ട് സ്വദേശികളായ ടിപ്പു സുൽത്താനെതിരായി യുദ്ധം ചെയ്ത പഴശ്ശിരാജാ എങ്ങനെ സ്വാതന്ത്ര്യ സമര നായകനാകും എന്ന ഒരു സംശയവും ഈ സന്ദർഭത്തിൽ ഉന്നയിക്കാവുന്നതാണ്.]
കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം‘കമ്പനിയുടെ പരമാധികാരത്തിൻ കീഴിൽ നികുതിപിരി’വിനു പഴശ്ശിരാജായും നിയമിതനായി.
ഇനി മുകളിൽ സ്കാൻ ചെയ്തുവച്ചിട്ടുള്ള അധ്യായങ്ങൾ വായിക്കുക.ഇവിടെ ക്ലിക്കിയാലും കിട്ടും.
അവസാനമായി ,1797 ഒക്റ്റോബർ 1 നു പഴശ്ശിരാജാ പഴയവീട്ടിൽ ചന്തുവിനെഴുതിയ ഈ കത്തുകൂടി കാണുക:“...ഇന്നോളം ഞാൻ കമ്പനിയെ എതിർത്തിട്ടില്ല. കമ്പനി എന്നോടു പറയുന്നതെല്ലാം അനുസരിചിട്ടുണ്ട്.......ഈ സങ്കടങ്ങളെല്ലാം ഉണ്ടായിട്ടും സമീപസ്ഥലങ്ങളിൽ എനിക്കൊരു സ്ഥലം താമസിക്കാൻ കിട്ടിയാൽ .. അതല്ല കമ്പനി അത് ആദ്യം തന്നെ നിഷേധിച്ചാൽ മറ്റേതെങ്കിലും പ്രദേശത്ത് കിട്ടിയാൽ പോലും ഞാൻ താമസിക്കാം...”.
1796 ഏപ്രിൽ 26നു ഇതേ ചന്തുവിനെഴുതിയ മറ്റൊരു കത്തിൽ നിന്ന്:“എന്റെ സ്വത്തു നഷ്ടപ്പെട്ടു. എന്റെ വാസസ്ഥലം പോയി. എന്റെ നിത്യവൃത്തിക്കുതന്നെ യാതൊന്നുമില്ല...”
ഇങ്ങനെ വിലപിക്കുന്ന പാവം നാട്ടുരാജാവിനെയാണ് സവർണ ചരിത്രകാരന്മാരും സിൽമാക്കാരും ചേർന്ന് വീരശൂര പരാക്രമിയായ ‘കേരള സിംഹം’ ആക്കുന്നത്.പഴശ്ശിരാജാ എന്ന സിനിമ ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്ന ഒരു വിമർശം വർത്തമാനം വാരാന്ത്യപ്പതിപ്പിൽ കണ്ടിരുന്നു. ഇവിടെ ക്ലിക്കിയാൽ അതു കാണാം.
ജോസിന്റെ പുസ്തകത്തിന്റെ അവതാരിക എഴുതിയ ഡോ.എം എസ് ജയപ്രകാശിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ:“ഏതു രാജ്യദ്രോഹിയായാലും അയാൾ സവർണനാണെങ്കിൽ അയാളെ ദേശസ്നേഹിയും സ്വാതന്ത്ര്യ സമര നായകനുമാക്കിയാലേ നമ്മുടെ സവർണ ചരിത്രകാരന്മാർക്ക് ഉറക്കം വരൂ.യഥാർഥ രാജ്യസ്നേഹികളായാലും അവർണരാണെങ്കിൽ പ്രത്യേകിച്ച് മുസ്ലിം ആണെങ്കിൽ അയാൾ രാജ്യദ്രോഹി തന്നെയാണെന്നാണ് ഈ സവർണ വിചക്ഷണന്മാരുടെ തീർപ്പ്”.
[ദലിത് ബന്ധു എൻ കെ ജോസ് എഴുതിയ പഴശ്ശിരാജാ-കേരള ‘മിർജാഫർ’ എന്ന പുസ്തകവും പ്രൊഫ: കെ എം ബഹാവുദ്ദീൻ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖനവും ആണ് ഈ പോസ്റ്റിന്നാധാരമായ പ്രധാന സ്രോതസ്സുകൾ]