Wednesday, July 21, 2010

കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ?

മംഗളം പത്രവും കെ എം റോയിയും എന്നെങ്കിലും മുസ്ലിം പക്ഷപാതിത്വമോ മുസ്ലിം വിഷയങ്ങളില്‍ നീതിപൂര്‍വമോ ആയ നിലപാടോ എടുത്തിട്ടുള്ള മുന്നനുഭവം ഇല്ല.എന്നുമാത്രമല്ല, നേരെ മറിച്ചാണു യാഥാര്‍ഥ്യം. കടുത്ത മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതില്‍ കുപ്രസിദ്ധമാണ് ആ പത്രം. റോയ് ആകട്ടെ, ലൌ ജിഹാദ് വിഷയത്തില്‍ മാധ്യമങ്ങള്‍ കാണിച്ച പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിനെ നീതിമത്കരിച്ചാണ് ഒരു ടോക്കില്‍ സംസാരിച്ചത്. അങ്ങനെയുളള ഒരു പത്രത്തില്‍,അതും ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം ഇട്ട് അലക്കിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, റോയ്  ഇത്തരമൊരു ലേഖനം എഴുതിയതിനെ അദ്ഭുതകരമെന്നേ പറയാന്‍ പറ്റൂ. അതുകൊണ്ട് അതിവിടെ എടുത്തു ചേര്‍ക്കയാണ്.
കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ?
 കെ.എം.റോയ്‌
മതപരമായ അന്ധത മൂലമുള്ള ആവേശവും രാഷ്‌ട്രീയമായ അടിമത്തമനോഭാവവും കുറെ നേരത്തേക്കെങ്കിലും മാറ്റിവച്ചു നാം ജീവിക്കുന്ന ഈ കേരളത്തേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും നാം ആലോചിക്കേണ്ട സമയം അതിക്രമിക്കുകയാണ്‌. ഈ മതാന്ധതയും രാഷ്‌ട്രീയ അടിമത്ത മനോഭാവവും കുറേനേരം മാറ്റിവയ്‌ക്കുമ്പോള്‍ ആ സമയത്തേങ്കിലും സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്‍ത്തിക്കൊണ്ടു സ്വന്തമായി ചിന്തിക്കാന്‍ നമുക്കു തീര്‍ച്ചയായും കഴിയും.

അപ്പോള്‍ നമുക്കു തുറന്നു സമ്മതിക്കേണ്ടിവരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയമനസ്‌ മലീമസമായിരിക്കുന്നു, മതങ്ങളുടെ മനസ്‌ വിഷലിപ്‌തമായിരിക്കുന്നു. ഇതിനെല്ലാം വെടിമരുന്നിട്ടു തിരികൊളുത്തിക്കൊടുത്തതാരാണ്‌? ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റബോധത്തോടെ ഞാന്‍ തുറന്നുപറയുന്നു. ഇക്കാര്യത്തില്‍ ഒന്നാം പ്രതിയായി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതു മാധ്യമങ്ങളാണ്‌. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ മാധ്യമങ്ങള്‍ ഇത്രയധികം അപഹാസ്യമായ കാലഘട്ടമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ എന്റെ മനസിലുള്ളതു ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ തന്നെ.

മതനിന്ദ നടത്തിയെന്ന്‌ ആരോപിച്ചുകൊണ്ട്‌ ഒരുസംഘം മുസ്ലിം തീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതാണു പുതിയ സംഭവവികാസം.

സ്വാഭാവികമായും മുഹമ്മദിനെ പ്രവാചകനായി ആരാധിക്കുന്ന ആരേയും വിവാദ ചോദ്യ ത്തിലെ വാചകങ്ങള്‍ അസ്വസ്‌ഥരാക്കും. അന്ധമായ മതവികാരത്തിനു തിരികൊളുത്തി ഇന്ത്യാ രാജ്യത്തു കലാപമുണ്ടാക്കാമെന്നും അതേത്തുടര്‍ന്നു സ്വന്തം മതത്തില്‍ അധിഷ്‌ഠിതമായ ഒരു ഇന്ത്യ സൃഷ്‌ടിച്ചെടുക്കാമെന്നും വ്യാമോഹിക്കുന്ന ചില ആഗോള ക്ഷുദ്രശക്‌തികളുടെ ഏജന്റന്‍മാരായ ചിലര്‍ ആ പ്രഫസറുടെ കൈ വെട്ടി. എന്തായാലും ഈ സംഭവത്തേത്തുടര്‍ന്നു ഭീകര പ്രവര്‍ത്തനത്തിന്റെ പലേ ഞെട്ടിക്കുന്ന കഥകളും പുറത്തു വന്നിരിക്കുന്നു. അതു ചിത്രത്തിന്റെ മറ്റൊരു വശം. അതു ഭാവിയില്‍ നമുക്കു വേറെ വിശകലനം ചെയ്യാം.

എന്തായാലും പ്രഫസര്‍ ജോസഫ്‌ അങ്ങനെയൊരു ചോദ്യം തയാറാക്കിയതു ഹീനമായ ഒരു കാര്യമാണെന്നും അതിനെ നേരിട്ട മുസ്ലിം നാമധാരികളുടെ പാതകം പൈശാചികമായിപ്പോയെന്നുമുള്ള അഭിപ്രായക്കാരനാണു ഞാന്‍. അതിലോലമായ സന്തുലിതത്വം വഴി മനസമാധാനം കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ ഹൃദയത്തുടിപ്പ്‌ മനസിലാക്കാനാവാത്ത ഒരാള്‍ എങ്ങനെ ഒരു കോളജ്‌ പ്രഫസറായി കഴിയുന്നു എന്നാണ്‌ എനിക്കു മനസിലാകാത്തത്‌.

പ്രഫസര്‍ ജോസഫിനെക്കുറിച്ചു സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രകടിപ്പിച്ച അഭിപ്രായം അക്ഷരംപ്രതി ശരിയാണ്‌. മഠയനായ ഒരു അധ്യാപകന്‍ ചെയ്‌ത മഠയത്തരമാണ്‌ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായതെന്നാണു മന്ത്രി ബേബി പറഞ്ഞത്‌. അദ്ദേഹം അത്രയും പറഞ്ഞാല്‍ പോരായിരുന്നു. സമനില തെറ്റിയ ഒരധ്യാപകന്റെ ഭ്രാന്ത്‌ എന്നാണ്‌ ആ ചോദ്യത്തേപ്പറ്റി മന്ത്രി ബേബി ധൈര്യപൂര്‍വം പറയേണ്ടിയിരുന്നത്‌.

ഇവിടെയാണു മലയാളത്തിലെ ചില വാര്‍ത്താ ചാനലുകളുടെ നികൃഷ്‌ടമായ മുഖം കേരളം കണ്ടത്‌. ഒരു കോളജിലെ ക്ലാസ്‌ പരീക്ഷയില്‍ വെളിവില്ലാത്ത ഒരധ്യാപകന്‍ കാണിച്ച പിഴവായി സംഭവം കണ്ടാല്‍ മതിയായിരുന്നു. പക്ഷേ, എന്തു വാര്‍ത്തയും കൊടുത്തു കാണികളെ ആകര്‍ഷിക്കേണ്ടതിന്റെ ഭാഗമായി ഒരു വാര്‍ത്താ ചാനല്‍ ഈ ചെറിയ ചോദ്യക്കടലാസ്‌ സംഭവം ഭൂകമ്പം പോലൊരു വാര്‍ത്തയാക്കി. മണിക്കൂറുകള്‍ ആ വാര്‍ത്ത ചാനലില്‍ നിറഞ്ഞുനിന്നു. പിന്നെ അതേക്കുറിച്ചു നീണ്ടുനിന്ന ചാനല്‍ ചര്‍ച്ചകള്‍. ഒടുവില്‍ അതാണ്‌ ഏറ്റവും വലിയ വാര്‍ത്തയെന്നു തെറ്റിദ്ധരിച്ച്‌ അച്ചടി മാധ്യമങ്ങളും അടുത്തദിവസം അതു വാലിയ വാര്‍ത്തയാക്കി മാറ്റി. കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ കനപ്പെട്ട സംഭാവന ചെയ്‌തിട്ടുള്ള മലയാളത്തിലെ അച്ചടി മാധ്യമങ്ങള്‍ മാനസികവും സാംസ്‌കാരികവുമായി പക്വത നേടിയിട്ടില്ലാത്ത ചിലര്‍ നയിക്കുന്ന വാര്‍ത്താചാനലുകളെ മാതൃകയായി സ്വീകരിക്കുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ഇന്നു വാര്‍ത്താ ചാനലുകളാല്‍ നയിക്കപ്പെടുന്ന അച്ചടി മാധ്യമങ്ങള്‍ അവരുടെ മാന്യമായ വഴി കണ്ടെത്തിയില്ലെങ്കില്‍ കേരളത്തെ അലങ്കോലപ്പെടുത്തുന്നതിന്റെ പാപഭാരം അവര്‍ക്കും ചുമക്കേണ്ടി വരും.

മുസ്ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയെ രാഷ്‌ട്രീയമായി തേജോവധം ചെയ്യാന്‍ കോഴിക്കോട്‌ മിഠായിത്തെരുവില്‍നിന്ന്‌ ഒരു പിഴച്ചപെണ്ണിനെ ടെലിവിഷന്‍ സ്‌റ്റുഡിയോയില്‍ ആദരിച്ചു കൊണ്ടുവന്നിരുത്തി അതു കേരളത്തിന്റെ ഏറ്റുവും വലിയ വാര്‍ത്തയായി മണിക്കൂറുകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ ആഘോഷിച്ച അന്നു തുടങ്ങി വാര്‍ത്താചാനലുകളുടെ അധഃപതനം. പറഞ്ഞതത്രയും ആ 'കുലീന കന്യക' പിറ്റേദിവസം പാടേ നിഷേധിച്ചപ്പോള്‍ ഇളിഭ്യരായതു ചാനലല്ല മറിച്ചു മാധ്യമലോകമാണ്‌. പിന്നീട്‌ ആ 'കന്യക' സംസ്‌ഥാന സര്‍ക്കാരിന്റെ ഗുണ്ടാ ലിസ്‌റ്റിലും പെട്ടുവത്രേ! പിന്നെയെന്തെല്ലാം വാര്‍ത്താ ചാനലുകളില്‍ കേരളം കണ്ടു. ഒരു വിമാനം പറന്നുയരുന്ന ഉദ്വേഗജനകമായ നിമിഷത്തില്‍ മന്ത്രി പി.ജെ. ജോസഫ്‌ ഒരു യാത്രക്കാരിയെ തോണ്ടിയതായിരുന്നു ചാനലുകള്‍ ദിവസങ്ങള്‍ ആഘോഷിച്ച മറ്റൊരു ഭൂകമ്പം. എവിടെയെത്തി ആ നാടകമിപ്പോള്‍, എവിടെയാണ്‌ ആ സ്‌ത്രീ കഥാപാത്രമിപ്പോള്‍? വാര്‍ത്താ ചാനലുകളുടെ നടത്തിപ്പുകാര്‍ക്കും മാതാപിതാക്കളും ഭാര്യയും പെങ്ങന്മാരുമൊക്കെയില്ലേ?

ഏറ്റവും ഒടുവില്‍ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ.യെ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ഒരു സ്‌ത്രീയുമായി പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോകവെ വിതുര പോലീസ്‌ പിടികൂടിയെന്ന വാര്‍ത്ത സി.പി.എം. ചാനലായ കൈരളി ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു. ആ വാര്‍ത്താ പിന്നെ ചാനലില്‍ തോരണം കെട്ടി രണ്ടുദിവസം ആഘോഷിച്ചു. ആ ഭയങ്കര സംഭവം സി.പി.എം. അംഗമായ എം. ചന്ദ്രന്‍ നിയമസഭയില്‍ കൊട്ടിഘോഷിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അതിനു സ്‌ഥിരീകരണം നല്‍കി.

ഒടുവിലാണു സത്യാവസ്‌ഥ പുറത്തുവന്നത്‌. ഹര്‍ത്താല്‍ ദിവസം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സംരക്ഷണം തേടി രണ്ടു കാറില്‍ വിതുര സ്‌റ്റേഷനില്‍ എത്തിയവരായിരുന്നു അബ്‌ദുള്ളക്കുട്ടിയും ഗള്‍ഫിലെ ഒരു ബിസിനസുകാരനായ ഡോക്‌ടര്‍ പ്രസാദ്‌ പണിക്കരും ഭാര്യയുമെന്ന്‌. നേരത്തെ സി.പി.എമ്മുകാരനായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സ്വഭാവഹത്യയിലൂടെ നശിപ്പിക്കാന്‍ തെരഞ്ഞെടുത്ത കഥയായിരുന്നു അതെന്നറിഞ്ഞു ലജ്‌ജിച്ചു തലതാഴ്‌ത്തിയതു സംസ്‌ഥാന നിയമസഭയും മാധ്യമലോകവുമാണ്‌.

ഒടുവില്‍ ഈ അശ്ലീലകഥ നിയമസഭാ നടപടികളില്‍ നിന്നു നീക്കം ചെയ്യാന്‍ സി.പി.എമ്മുകാരനായ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ധൈര്യം കാണിച്ചപ്പോള്‍ അതു ചരിത്രരേഖയാവുകയും അദ്ദേഹം സഭയുടെ ആദരണീയനായ സ്‌പീക്കര്‍മാരില്‍ ഒരാളായി മാറുകയും ചെയ്‌തു.

അതേക്കുറിച്ചു പാരമ്പര്യവാദികളായ സി.പി.എം. പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ വാരികയായ ജനശക്‌തി പ്രകടിപ്പിച്ച അഭിപ്രായം ഏതൊരു മാധ്യമപ്രവര്‍ത്തകന്റേയും തൊലിയുരിച്ചു കളയുന്നതാണ്‌. (ദേശാഭിമാനി മുന്‍ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജി. ശക്‌തിധരന്‍ പത്രാധിപരായുള്ള ജനശക്‌തി മുഖ്യമന്ത്രി അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ നടത്തുന്ന വാരികയാണെന്നാണു പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്‌). ജനശക്‌തിയുടെ രാഷ്‌ട്രീയ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു. ''അബ്‌ദുള്ളക്കുട്ടിയെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിക്കാന്‍ ഒരു പകലും രാത്രിയും മുഴുവന്‍ സ്‌റ്റുഡിയോയും ക്യാമറയും തുറന്നുവച്ച കൈരളി ചാനലിന്റെ മരണവെപ്രാളം മാധ്യമരംഗത്തെ വേറിട്ട കാഴ്‌ചയായി. ഈ വിഷയത്തില്‍ എരിവും പുളിയും ചേര്‍ത്തു മദാലസയുടെ നൃത്താവതരണം പോലെ ആഘോഷിച്ച ഈ വാര്‍ത്താവതാരകന്‌ ഒരു വിടന്റെ ഭാവമായിരുന്നു. അമ്മയും സഹോദരിയും കുടുംബവുമുള്ള ഒരുവനും മാധ്യമപ്രവര്‍ത്തനത്തെ ഇവ്വിധം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ജോലിയാക്കി മാറ്റുകയില്ലായിരുന്നു.''

ഈ നാടകത്തിന്റെ ദാരുണമായ വശം കെട്ടുകഥയിലൂടെ അപമാനിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ്‌ പ്രസാദ്‌ പണിക്കര്‍ കൈരളി ടി.വി.യുടെ പ്രധാന ഓഹരിക്കാരനാണെന്നതാണ്‌. കുടുംബസമേതം തറവാട്ടില്‍ ചെന്നു അച്‌ഛനേയും മറ്റും കാണാന്‍ വന്ന പ്രസാദ്‌ പണിക്കര്‍ പറഞ്ഞത്‌ ഇമ്മാതിരി വൃത്തികെട്ട നേതാക്കളുള്ള കേരളത്തിലേക്ക്‌ താനിനി വരികയേയില്ലെന്നാണ്‌. കേരളീയര്‍ ലജ്‌ജിച്ചു തലതാഴ്‌ത്തട്ടെ. കൈരളിക്കു ലജ്‌ജയില്ലാത്തതുകൊണ്ട്‌ അവരതു ചെയ്യേണ്ടതില്ല.

പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ ഈ മാതിരി വൃത്തികെട്ട അശ്ലീല കെട്ടുകഥ വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്‌. വായനക്കാരുടെ എണ്ണം പരിശോധിക്കുന്ന ഒരു ഏജന്‍സിയുടെ എ.ഐ.ഒ. റേറ്റിംഗ്‌ അനുസരിച്ചാണു പരസ്യക്കമ്പനിക്കാര്‍ ചാനലുകള്‍ക്കു പരസ്യം നല്‍കുന്നത്‌. ഇതാണു സ്‌ഥിതിയെങ്കില്‍ കാണികളെ വര്‍ധിപ്പിക്കാന്‍ വാര്‍ത്താചാനലുകളില്‍ ബലാത്സംഗം പോലും ലൈവ്‌ ആയി കാണിക്കുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നാണു തോന്നുന്നത്‌.

പ്രേക്ഷകരുടെ അധമവികാരങ്ങളെ ചൂഷണം ചെയ്‌തുകൊണ്ട്‌ അന്തിമമായി കേരളത്തെ അടിമുടി മലീമസമാക്കുന്ന വാര്‍ത്താചാനലുകളുടെ വഴിപിഴച്ച ഈ പോക്കിനെതിരേ രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഒരുപോലെ ശബ്‌ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെ ശബ്‌ദമുയരുമെന്ന്‌ എനിക്കു തോന്നുന്നില്ല. ചാനലുകളുടെ പിഴച്ച പോക്കിനെ എതിര്‍ത്താല്‍ തങ്ങളുടെ മുഖം ചാനലുകളില്‍ പ്രത്യക്ഷപ്പെടില്ലെന്ന്‌ ഈ നേതാക്കള്‍ ഭയപ്പെടുന്നുണ്ടാകും. ആത്മവഞ്ചനയും ഭീരുത്വവുമാണല്ലോ നമ്മുടെ സാംസ്‌കാരിക നായകരുടെ പ്രധാന മുഖമുദ്രകള്‍?

പരസ്‌പരം കലഹിച്ചും കൊന്നും കാലം കഴിച്ച യഹൂദരോടും ക്രൈസ്‌തവരോടും നാമെല്ലാം ഒരു രാഷ്‌ട്രമാണെന്ന്‌ ഓര്‍മപ്പെടുത്തി ആധുനിക രാഷ്‌ട്ര സങ്കല്‌പത്തിന്റെ പാവനമായ ആദിരൂപം കാണിച്ചുതന്ന പ്രവാചകന്റെ മദീനയിലെ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത ജീവിതത്തെ മനസിലാക്കാന്‍ കഴിയാതിരുന്ന ചില മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ഒരധ്യാപകന്റെ കൈവെട്ടിയ സംഭവം കിരാത നടപടിതന്നെ.

പക്ഷേ, അതിനെ അപലപിക്കാന്‍ ആവേശം കാട്ടിയ എല്ലാ നേതാക്കളും സൗകര്യപൂര്‍വം വിസ്‌മരിച്ച പലേ നഗ്നയാഥാര്‍ഥ്യങ്ങളുമുണ്ട്‌. കൈ വെട്ടിയതിനെ അതിശക്‌തമായി അപലപിച്ച സി.പി.എം. നേതാക്കളാണു ക്ലാസ്‌ മുറിയില്‍ കുരുന്നു കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച്‌ ഒരധ്യാപകന്റെ കഴുത്ത്‌ കൊടുവാള്‍ കൊണ്ടു വെട്ടിനുറുക്കി കഷണമാക്കിയതിനു പിന്നിലുണ്ടായിരുന്നത്‌. മാറാട്‌ കടപ്പുറത്ത്‌ എട്ടു മുക്കുവരെ വെട്ടിനുറുക്കി കൊന്ന മുസ്ലീമുകളില്‍ മുസ്ലീം ലീഗുകാരുമുണ്ടായിരുന്നു.

ഇന്നു കൈവെട്ടലിനെ അപലപിക്കുന്ന അതേ ബി.ജെ.പി. നേതാക്കളാണു കണ്ണൂരില്‍ എത്രയോ പാവപ്പെട്ടവരെ കഴുത്തറത്തും ബോംബെറിഞ്ഞും കൊന്നിരിക്കുന്നത്‌. കുഷ്‌ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മിഷനറിയേയും രണ്ടു മക്കളേയും ഒരു വാനിലിട്ടു ചുട്ടുകൊന്നതും സംഘപരിവാരക്കാരാണ്‌. കൈവട്ടലിനെ മഹാ പാതകമായി ചിത്രീകരിച്ച ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ മറക്കുന്ന ഒരു കാര്യമുണ്ട്‌.

പെരുമ്പാവൂരില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയ ഒരു വര്‍ഗീസിനെ സഭാ വഴക്കിന്റെ പേരില്‍ കുത്തിമലര്‍ത്തി കൊന്ന കേസില്‍ വൈദികന്‍ വരെ പ്രതിയാണ്‌. അഭയ എന്ന കന്യാസ്‌ത്രീയെ കിണറ്റിലെറിഞ്ഞു കൊന്ന കുറ്റത്തിനു പോലീസ്‌ പിടിയിലായതു വൈദികരാണ്‌. ഇവരെല്ലാം ഭീകരവാദികളല്ലെന്ന്‌ ആര്‍ക്കാണു പറയാന്‍ കഴിയുക? ഇതൊന്നും ആരും മറക്കരുതെന്നോര്‍ക്കണം.

Friday, July 16, 2010

ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം

ഭീകരത = ഇസ്ലാം(മുസ്ലിം) എന്നതാണ് മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളും നമ്മെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ എല്ലാ ഭീകരരും മുസ്ലിങ്ങളാണ്" എന്ന ഒരു പറച്ചില്‍ ഹിന്ദുത്വ ശക്തികള്‍ വളരെ ആസൂത്രിതമായി പ്രചരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരയിലെ മാധ്യമങ്ങള്‍ വളരെ വളരെ അപൂര്‍വമായി മാത്രമേ ഇതിനു വിപരീതമായുള്ള വീക്ഷണങ്ങളും വാര്‍ത്തകളും നല്‍കാറുള്ളൂ.അത്തരത്തിലൊന്നാണ് ഈ ലക്കം ഔട് ലുക്ക് മാഗസിന്റെ കവര്‍ സ്റ്റോറി. അതിലെ ആദ്യ ലേഖനം ഇവിടെ വിവര്‍ത്തനം ചെയ്തു ചേര്‍ക്കുന്നു.രണ്ടാമത്തെ ലേഖനം നിസ്സഹായന്റെ ബ്ലോഗിലുണ്ട്.

ഞങ്ങളിലെ ബോംബേറുകാര്‍



കണ്ണാടി പൊട്ടിച്ചിതറുന്നു

(The Mirror Explodes)

ഹിന്ദു ഭീകരത ഒരു യാഥാര്‍ഥ്യമാണ് , എന്നിട്ടും ആ പേര് ഉച്ചരിക്കാന്‍ ഇന്‍ഡ്യയ്ക്കു മടിയാണ് .

സ്മൃതി കോപ്പികാര്‍


(ഔട് ലുക്ക് 2010 ജൂലൈ 1)


പൂര്‍ത്തിയാകാത്ത കഥകള്‍,അവയുടെ കുരുക്ക് അഴിച്ച്പരിണാമഗുപ്തിയിലെത്തുന്നത് 'ഖ്വാജ മൊയ് നുദ്ദീന്‍ ചിഷ്ടി മസ്ജിദി'ല്‍ വെച്ചാണെന്ന ഒരു പഴംചൊല്ല് അജ്മീറില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, പള്ളിയില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇത്തരം ഒരു പരിസമാപ്തിയായിരിക്കും കാത്തിരിക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയുടെ അങ്കണം ശക്തി കുറഞ്ഞ സ്ഫോടനത്താല്‍ തകര്‍ക്കപ്പെട്ടിട്ട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് രാജസ്ഥാന്‍ പൊലീസ് മൂന്നുപേരെ -ദേവേന്ദ്ര ഗുപ്ത, വിഷ്ണു പ്രസാദ് , ചന്ദ്രശേഖര്‍ പട്ടിദാര്‍- അറസ്റ്റു ചെയ്തത്. 2007 ഒക്റ്റോബറില്‍, മൂന്നു പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനു തുടക്കം കുറിച്ച മൊബീല്‍ ഫോണും സിം കാര്‍ഡും വാങ്ങിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗുപ്തയാ ണെന്നാണു സംശയിക്കുന്നത്. ഇക്കൊല്ലം ഏപ്രില്‍ 30ന് ഇവരെ അറസ്റ്റു ചെയ്യുന്ന തുവരെ ,അജ്മീര്‍ സ്ഫോടനം ജിഹാദി ഭീകരരുടെ കൈക്രിയ ആയിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് വിമര്‍ശനരഹിതമായും അത്യുത്സാഹ ത്തോടെയും ഭരണകൂടം സ്വീകരിച്ചത്. വലിയൊരു വിഭാഗം മാധ്യമങ്ങളും അക്കഥ ആവര്‍ത്തിച്ചുറപ്പിക്കയുണ്ടായി.

ലാഹോറിലെ ദത്താ ഗഞ്ച് ബക്ഷില്‍ എണ്ണപ്പെട്ട മൃതദേഹങ്ങള്‍ , കുഴക്കുന്ന ഒരു ചോദ്യത്തിലേക്കു നയിക്കുന്നു: 'ജിഹാദികള്‍ ദര്‍ഗയിലെ മുസ്ലിം ഭക്തരെ ലക്ഷ്യം വയ്ക്കുമോ?' ഈ ചോദ്യത്തിന് സങ്കീര്‍ണമായ ഉത്തരങ്ങളാവും കാണുക. പക്ഷേ ഇന്‍ഡ്യയില്‍ ,യുക്തിസഹമായ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതാണെന്ന വിചാരം പോലും ഇല്ല. സംശയത്തിന്റെ കുന്തമുന സ്വാഭാവികമായും ഉറപ്പായും 'ഇസ്ലാമിക ഭീകര'രില്‍ത്തന്നെ ചെന്നു നിന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിരവധി മുസ്ലിം ചെറുപ്പക്കാര്‍ തടവിലാക്കപ്പെടുകയും വിശദമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അവസാനം എല്ലാ സൂചനകളും ഗുപ്തയിലേക്കു നയിക്കുകയും ഹിന്ദു മൌലികവാദ ദേശീയ ഗ്രൂപ്പു കളിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുവരെ ഇതു തുടര്‍ന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ കപില്‍ ഗാര്‍ഗ് പറയുന്നു:"ഞങ്ങള്‍ ആ മതത്തി ലെ(ഹിന്ദു മതത്തിലെ) ചിലയാളുകളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ശരിയായ പാതയില്‍ ത്തന്നെയാണു ഞങ്ങളെന്ന് തീര്‍ത്തും ഉറപ്പുണ്ട്. "


ഏറ്റവുമൊടുവില്‍, ഹൈദരാബാദിലും മക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേ സിലും തങ്ങള്‍ ശരിയായ പാതയിലാണെന്നാണ് സി ബി ഐ ടീം വിശ്വസി ക്കുന്നത്. 2007 മെയ് മാസത്തില്‍ 14 പേരെ കൊല്ലുകയും അമ്പതോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത മക്ക മസ്ജിദ് കോംപ്ലക്സിലെ ഉഗ്ര സ്ഫോടത്തിനു കാരണക്കാരായ ഹിന്ദു മതമൌലിക ഗ്രൂപ്പുകളിലെ നാലു പേരെ ഈ മെയ് മാസ ത്തിലാണ് അറസ്റ്റു ചെയ്തത്. അന്നും പക്ഷേ ഹൈദരാബാദ് പൊലീസ് പറഞ്ഞി രുന്നത്, അതു ചെയ്തത് പ്രാദേശികമായ പിന്തുണയോടെ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി) ആയിരിക്കുമെന്നാണ്. 26 മുസ്ലിങ്ങളെ അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തി ആറു മാസം തടവിലിടുകയും ചെയ്തു.


എന്നാല്‍ നേര്‍വിപരീതമായ തെളിവ്-ലോഹക്കുഴലുകളില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ സിംകാര്‍ഡ്-മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്തുന്ന രീതിയും അജ്മീര്‍ സ്ഫോടന ഉപായവുമായുള്ള വിസ്മയാവഹമായ സാദൃശ്യം-സി ബി ഐ കണ്ടെത്തുന്നതുവരെ ഈ കഥ മേല്‍ തിരക്കഥയനുസരിച്ചു തുടര്‍ന്നു. രണ്ടു ബോംബുകളിലും ഇന്‍ഡ്യന്‍ സൈന്യത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന മാരക അനുപാതത്തിലായിരുന്നു ആര്‍ ഡി എക്സും റ്റി എന്‍ റ്റിയും സംയോജിപ്പി ച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. "മക്കാ മസ്ജിദ് സ്ഫോടനത്തിലും വീണ്ടും അജ്മീര്‍ സ്ഫോടനത്തിലും ബോംബുകള്‍ സജീവമാക്കാന്‍ സിം കാര്‍ഡും മൊബീല്‍ ഫോണ്‍ സെറ്റുകളും ഉപയോഗിച്ചതും അജ്മീര്‍ സ്ഫോടനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതും " സുനില്‍ ജോഷി എന്നു പേരുള്ള ഒരു ആക്റ്റിവിസ്റ്റ് ആയിരു ന്നുവെന്നാണ് സി ബി ഐ ഡിറക്റ്റര്‍ അശ്വനി കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.


ഏതാണ്ട് ഇതേ സമയത്തുതന്നെ, 2009 ഒക്റ്റോബറില്‍ പ്രാദേശിക ഉത്സവത്തിന് സ്ഫോടക വസ്തുക്കളുമായി പോകും വഴി രണ്ടുപേര്‍ കൊല്ലപ്പെട്ട മാര്‍ ഗാവ് സ്ഫോടനം ഗൂഢാലോചനാപരമായി നടപ്പാക്കിയ കേസില്‍ തീവ്ര വലതു പക്ഷ സംഘടനയായ 'സനാതന്‍ സംസ്ഥ'യുടെ അംഗങ്ങളില്‍ (എല്ലാവരും ഹിന്ദുക്കള്‍) കുറ്റമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ ഏ) പഞ്ജിം കോടതിയില്‍ ഒരു കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തിന്റെ അന്വേഷണവും , ആദ്യത്തെ സംശയം- ഇന്‍ഡ്യന്‍ മുജാഹിദീന്‍(ഐ എം)കാരെന്നോ 'ജിഹാദി വിഭാഗങ്ങളു ടെ സ്ലീപ്പര്‍ സെല്ലുകളെ'ന്നോ സംശയിക്കുന്ന മുസ്ലിങ്ങളെ ചോദ്യം ചെയ്യലും തടവി ലിടലും -കഴിഞ്ഞ് ഇപ്പോള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം അബ്ദുല്‍ സമദ് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ , മഹാരാഷ്ട്ര ഏ റ്റീ എസ് സജീവമാക്കി നിര്‍ത്തിയിരുന്ന ധാരണ, ആ രാത്രിയില്‍ ബേക്കറിയിലെ സി സി റ്റി വി കാമറയില്‍ പതിഞ്ഞി രുന്ന ആളാണ് സമദെന്നായിരുന്നു. പക്ഷേ സമദിനെ ഒരിക്കലും സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാക്കിയില്ലെന്നു മാത്രമല്ല, മറ്റു കേസുകളിലും വെറുതെ വിടുകയാണുണ്ടായത്.


ഇന്‍ഡ്യയിലെ ഭീകരാക്രമണ കേസന്വേഷണങ്ങള്‍ക്ക് 2008 സെപ്റ്റംബര്‍-ഒക്റ്റോബറിലെ മാലെഗാവ് സ്ഫോടന അന്വേഷണത്തടെയാണ് നാടകീയമായ പരിവര്‍ത്തനമുണ്ടായത്. അന്നത്തെ മഹാരാഷ്ട്ര ഏ റ്റീ എസ് മേധാവി ഹേമന്ത് കര്‍ക്കരെ(അദ്ദേഹം പിന്നീട് 26/11 രാത്രിയില്‍ കൊല്ലപ്പെട്ടു) , നയിച്ച ആ അന്വേഷണം വിരല്‍ ചൂണ്ടിയത് 2005-06 ല്‍ സ്ഥാപിക്കപ്പെട്ട തീവ്ര വലതു പക്ഷ -പുണെ കേന്ദ്രിത സംഘടനയായ അഭിനവ് ഭാരതി(ഏ ബീ) ലേക്കും അതിന്റെ അംഗങ്ങളിലേക്കും അനുബന്ധ സംഘടനകളിലേക്കുമാണ്. കര്‍ക്കരെയും കൂട്ടരും പുറത്തുകൊണ്ടു വരാന്‍ നോക്കിയ,സമീപകാല ചരിത്രത്തിന്റെ ഭാഗമായ ആ വസ്തുത 'ഹിന്ദുത്വ ഭീകരത' എന്ന പുത്തന്‍ പ്രതിഭാസത്തെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അടിത്തറയാകേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായില്ല.


മെക്കാ മസ്ജിദ്, അജ്മീര്‍ തുടങ്ങിയ പ്രഹരശേഷി കുറഞ്ഞ സ്ഫോടനങ്ങളുടെ ഹിന്ദുത്വ ബന്ധങ്ങള്‍ പൊതുജന സമക്ഷം എത്തിയിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും ഭോപാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഐ ഈ ഡി കാണുകയും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ,പ്രാദേശിക ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളായ രാം നാരായണ്‍ കല്‍സംഗ്ര,സുനില്‍ ജോഷി ഇവരിലേക്കു ചെന്നെത്തിയ 2002-03മുതല്‍ തന്നെ അതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. അവരെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും കിട്ടിയില്ല. എന്നിരുന്നാലും ബജ് രംഗ് ദളാണ് ഇതിനു പിന്നിലെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്. പിന്നീട് 2006 ല്‍ , നാന്ദേഡ്, കാണ്‍പൂര്‍ ഇവിടങ്ങളിലെ ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളുടെ വീടുകളില്‍ ഐ ഈ ഡി നിര്‍മാണത്തിനിടെ സ്ഫോടനങ്ങളുണ്ടായി. അക്കൊല്ലം, മഹാരാഷ്ട്രയിലെ പല പട്ടണങ്ങളിലും-പൂര്‍ണ,പര്‍ഭാനി,ജല്‍ന- ഉള്ള പള്ളികളും ശക്തികുറഞ്ഞ സ്ഫോടന ങ്ങളാല്‍ നടുങ്ങി. നാന്ദേഡിലേത് ഔറംഗാബാദിലെ പള്ളിയിലേക്കു കരുതി വച്ച ഐ ഈ ഡിയായിരുന്നു. ഔറംഗബാദിന്റെ മാപ്പിനൊപ്പം കൃത്രിമ താടികളും മുസ്ലിം പുരുഷന്മാരുടെ വസ്ത്രങ്ങളും അവിടെ നിന്നു പിടിച്ചെടുത്തിരുന്നു. അത് മതിയായ ഒരു മുന്നറിയിപ്പായെടുക്കേണ്ടതായിരുന്നു.


എന്നാല്‍ കര്‍ക്കരെ മാലെഗാവ് അന്വേഷണം നയിച്ച 2008ലെ രണ്ടു മാസത്തെ ചുരുങ്ങിയ കാലയളവു് ഒഴിച്ചുനിര്‍ത്തിയാല്‍ ,ഈ വര്‍ഷം മെയ്-ജൂണ്‍ വരെ ഈ മുന്നറിയിപ്പുകളെ കാണാതിരിക്കയോ അവഗണിക്കയോ ആണ് ഭരണകൂടം ചെയ്തത്.എന്നാല്‍ ആ നിഷേധ മനോഭാവം തുടരാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. "കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വലതുപക്ഷ അതിക്രമ ങ്ങളെക്കുറിച്ച കഥകള്‍ ചെറിയ തോതിലെങ്കിലും പുറത്തുവന്നു കൊണ്ടിരിക്കു ന്നുണ്ട്. വ്യവസ്ഥാപിതമായ അന്വേഷണത്തിനു പകരം ഓരോ സംഭവം-ഓരോ സംഭവം എന്ന മട്ടിലുള്ള അന്വേഷണമാണു നടക്കുന്നത്. വലിയ സംഭവങ്ങള്‍ അന്വേഷണത്തിനു വിധേയമാക്കപ്പെടാതെയും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും നിലനില്‍ക്കുകയാണ്. "-മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭി ഭാഷകനും ആയ മിഹിര്‍ ദേശായി പറയുന്നു. അജ്മീര്‍, മക്കാ മസ്ജിദ്,മാലെഗാവ് തുടങ്ങിയ സ്ഫോടനങ്ങളുടെ പിന്നില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെ ത്തുന്ന വ്യക്തമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇവയെല്ലാം കൂടി ഒന്നിച്ച് അന്വേഷിക്കണമോ എന്നുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കയാണ് സി ബി ഐ ഇപ്പോള്‍.


ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കിനെപ്പറ്റി വിലയിരുത്താന്‍ പറ്റിയ അവസരമാണ് മാലെഗാവ് 2008 നല്‍കിയത്. അക്കൊല്ലം സെപ്റ്റംബറില്‍ തീവ്രത കുറഞ്ഞ ഒരു സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഏ റ്റീ എസ്സിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത്, ബോംബ് സ്ഫോടന ത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിലും തുടര്‍ന്ന് സ്വയം പ്രഖ്യാപിത ഗുരു ദയാനന്ദ് പാണ്ഡെയിലും സൈന്യ ത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലെഫ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹി തിലും മറ്റ് പതിമൂന്നു പേരിലുമാണ്.( ആദ്യമായാണ് ഒരു സൈനിക ഓഫീസറിലേ ക്ക് അന്വേഷണം നീണ്ടത്).ചോദ്യം ചെയ്യവേ, മക്കാ മസ്ജിദ് സ്ഫോടനത്തിനും ആര്‍ ഡി എക്സ് നല്‍കിയതു താനായിരുന്നുവെന്ന് പുരോഹിത് ഏ റ്റീ എസ്സിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഹൈദരാബാദ് പൊലീസ് 'ഹുജി ബന്ധമുള്ള 'മുസ്ലിങ്ങളെ തടവിലാക്കിയിരുന്നതിനാല്‍ ഇക്കാര്യം പരസ്യമാക്കരു തെന്ന നിര്‍ദേശമാണ് ഏ റ്റീ എസ്സിനു കിട്ടിയതെന്നു പറയപ്പെടുന്നു. ആ സ്ഫോടന ത്തിനും അജ്മീര്‍ സ്ഫോടനവുമായുള്ള സാദൃശ്യം സ്പഷ്ടമായിരുന്നു.


മാലെഗാവ് കേസില്‍ സമര്‍പ്പിച്ചിട്ടുള്ള 4528 പേജുള്ള കുറ്റപത്രം ,അഭിനവ് ഭാരതിന്റെയും കൂട്ടാളികളുടെയും 'ഗ്രാന്‍ഡ് ഡിസൈനി'നെപ്പറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കുന്നുണ്ട്. "ഹിന്ദു ആരാധനാലയങ്ങള്‍ക്കു മേലുള്ള ബോംബാക്രമണങ്ങള്‍ക്കു പകരം ചോദിക്കാ"നും "പ്രത്യേക ഹിന്ദു രാഷ്ട്രം "സ്ഥാപിക്കുക എന്ന തീവ്രമായ അഭിലാഷം പൂര്‍ത്തീകരിക്കാനുമാണ് സ്ഫോടന പരമ്പരകള്‍ നടത്തിയിരുന്നതെ ന്നാണ് പുരോഹിതും സാധ്വിയും മറ്റും പരസ്പരം പറഞ്ഞിരുന്നത്. അഭിനവ് ഭാരത് -അതിന്റെ മാതൃ രൂപം രൂപവത്കരിച്ചത് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. പിന്നീടത് പിരിച്ചുവിടപ്പെട്ടു. ശേഷം ഹിമാനി സവര്‍ക്കറാണ് അത് പുനരാരംഭിച്ചത്-ഉണ്ടാ ക്കിയത് ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിനായിരുന്നു. "ഈ സംഘടിത കുറ്റവാളി സിന്‍ഡിക്കേറ്റ് , ഒരു ദേശീയ പതാകയും സ്വീകരിക്കാന്‍ ആഗ്രഹിച്ചി രുന്നു "വെന്ന് കുറ്റപത്രം പറയുന്നു."സ്വര്‍ണ നിറത്തിലുള്ള അരികുകളും ... പുരാത നമായ ഒരു ദീപശിഖയും വഹിക്കുന്ന കുങ്കുമ വര്‍ണ പതാകയായിരുന്നു "അത്.


ഒരു തെരുവിന് കര്‍ക്കരെയുടെ പേരു നല്‍കിക്കൊണ്ട് മാലെഗാവ് അദ്ദേ ഹത്തെ ആദരിച്ചു. 2006 സെപ്റ്റംബറിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യ വും പുറത്തുകൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ച മനുഷ്യന് ,ദീര്‍ഘനിശ്വാസ ത്തിലായ പട്ടണത്തിന്റെ ബഹുമതിയായിരുന്നു അത്. മൂന്നു ബോംബുകളാണ് ആ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം പള്ളിക്കും ഖബര്‍സ്ഥാനുമരികെ പൊട്ടിത്തെറിച്ച് 37 പേരെ കൊല്ലുകയും 100പേരെ പരിക്കേല്‍പ്പിക്കയും ചെയ്തത്. പതിവുപോലെ ത്തന്നെ , നിരോധിത സിമി അംഗങ്ങളെന്ന് ആരോപിച്ച് മുസ്ലിങ്ങളെ പൊക്കുക യും ചോദ്യം ചെയ്യുകയും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പക്ഷേ കുറ്റപത്രത്തില്‍ നിരവധി പഴുതുകളുണ്ടായിരുന്നു-മുഖ്യ ആരോപിതനായ സിമി പ്രവര്‍ത്തകന്‍ മുഹമദ് സാഹിദ്, അന്നേ ദിവസം മാലെഗാവ് പട്ടണത്തില്‍ നിന്ന് 700 കി മീ അകലെയുള്ള ഒരു ഗ്രാമത്തില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കു കയായിരുന്നു; ഗൂഢാലോചന നടത്തിയതായി ആരോപിതനായ ഷബീര്‍ മസീ ഹുല്ലാ, സ്ഫോടനങ്ങള്‍ക്ക് ഒരു മാസം മുന്‍പുതന്നെ പൊലീസ് കസ്റ്റഡിയിലാ യിരുന്നു;ദൃക്സാക്ഷി വിവരണപ്രകാരം പൊലീസ് തയ്യാറാക്കിയ സ്കെച്ചിലെ ആളുക ളെല്ലാം ക്ലീന്‍ ഷേവു ചെയ്തവരായിരുന്നെങ്കില്‍ , കുറ്റാരോപിതരെല്ലാം വര്‍ഷങ്ങ ളായി താടി വളര്‍ത്തുന്നവരായിരുന്നു.


രാജസ്ഥാന്‍ ഏ റ്റീ എസ് ഇപ്പോള്‍ വിശ്വസിക്കുന്നത്,ആര്‍ എസ് എസ് പ്രചാരകനായ സുനില്‍ ജോഷിയിലൂടെയാണ് അജ്മീര്‍ സ്ഫോടനവുമായി ബന്ധ മുള്ള ദേവേന്ദ്ര ഗുപ്ത, അഭിനവ് ഭാരതിലെ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരു ന്നതെന്നാണ്. ആ ബന്ധത്തിന്റെ മറ്റേ അറ്റം നല്‍കിക്കൊണ്ട് മഹാരാഷ്ട്ര ഏ റ്റീ എസ് പറയുന്നത്, 2007 സെപ്റ്റംബറില്‍ സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന വരാല്‍ സുനില്‍ ജോഷി വധിക്കപ്പെട്ടപ്പോള്‍ രോഷാകുലയായ സാധ്വി, 2008ലെ മാലെഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ്. 68 പേര്‍ -എല്ലാ വരും പാക്കിസ്ഥാനികള്‍-കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനവുമായും ജോഷിക്കു ബന്ധമുണ്ടായിരുന്നത്രേ! പേരു വെളിപ്പെടുത്താത്ത സാക്ഷി വിവരിച്ച, പുരോഹിതിന്റെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ഫോണ്‍ സന്ദേശത്തില്‍ നിന്നാണു തെളിവ് ലഭിച്ചത്.


എന്നിരുന്നാലും ഇക്കഥയ്ക്ക് പല പഴുതുകളുമുണ്ട്. അവയില്‍ ഏറ്റവും നിര്‍ണാ യകം പിടികിട്ടാപ്പുള്ളികളായ രാം നാരായണ്‍ കല്‍ശംഗ്രയും സ്വാമി അസീമാനന്ദും മറ്റുള്ളവരുമാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും അന്വേഷകര്‍ പറയുന്നത് ബോംബ് ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ കല്‍ശംഗ്രയെ ദേവേന്ദ്ര ഗുപ്തയ്ക്കു പരിചയ പ്പെടുത്തിയത് സാധ്വിയാണെന്നാണ്. കല്‍ശംഗ്രയെ കണ്ടെത്തേണ്ടത് നിര്‍ണായ കമാണ്. കാരണം കസ്റ്റഡിയിലുള്ള എല്ലാ കുറ്റാരോപിതരും അവര്‍ക്കും ഒരു പ്രഹേളികയെന്ന മട്ടില്‍ അയാളെ 'ആ മനുഷ്യന്‍ ' എന്നാണ് വിളിക്കുന്നത്. അജ്മീര്‍, മക്കാ മസ്ജിദ് , മാലെഗാവ് ,സംഝോത എക്സ്പ്രസ് അതുപോലെ നിരവധി സ്ഫോടനങ്ങള്‍, വ്യക്തമായും വലിയൊരു തിരക്കഥയുടെ ഭാഗമാണ്. സി.ബി.ഐ അന്വേഷണത്തിന്റെ എല്ലാ ഖണ്ഡങ്ങളും ചേര്‍ത്തുവെച്ചാല്‍ മാത്രമേ ഹൈന്ദവഭീകരതയുടെ വൈപുല്യം നമുക്കു മുന്നില്‍ വെളിപ്പെടുകയുള്ളു, അവരങ്ങനെ ചെയ്യുമെങ്കില്‍ മാത്രം !


(ഒറിജിനല്‍ ലേഖനം ഇവിടെ വായിക്കാം.)

സത്യാന്വേഷി മികച്ച ഒരു വിവര്‍ത്തകനൊന്നുമല്ല. അതിനാല്‍ വിവര്‍ത്തനത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു.
മറ്റൊരു ലേഖനം ഇവിടെയും

ഇവിടെയും 
വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട്:

സംഝോത എക്സ്പ്രസ് സ്ഫോടനം നടത്തിയത് ഹിന്ദുത്വ ശക്തികള്‍?

കമന്റുകള്‍ ഇതാ ഇവിടെ.

Sunday, July 11, 2010

സ്ഫോടനങ്ങള്‍: യഥാര്‍ഥ ഭീകരര്‍ പുറത്തുവരുന്നു

അജ്മിര്‍ സ്‌ഫോടനത്തിലും ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് പങ്കെന്ന് സൂചന  
ന്യൂഡല്‍ഹി: യു.പി.യിലെ കാണ്‍പുരിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സി.ബി.ഐ. ചോദ്യം ചെയ്ത മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് അജ്മിര്‍ സ്‌ഫോടനത്തിലെ പ്രതികളുമായും ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. 2007 ഒക്ടോബറില്‍ അജ്മിരില്‍ നടന്ന സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ ദേവേന്ദ്രഗുപ്തയെ സംഘപരിവാര്‍ നേതാക്കളായ അശോക് വര്‍ഷ്‌ണേയിയും അശോക് ബേരിയും ഒളിവില്‍ താമസിപ്പിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.


കാണ്‍പൂരില്‍ ബോംബുനിര്‍മാണത്തിനിടെ രണ്ടു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്സിന്റെ കേന്ദ്രസമിതി അംഗമായ ബേരിയെയും കാണ്‍പുര്‍ പ്രാന്ത് പ്രചാരകനായ വര്‍ഷ്‌ണേയിയെയും സി.ബി.ഐ. നേരത്തേ ചോദ്യം ചെയ്തിരുന്നു. അജ്മിര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ദേവേന്ദ്രഗുപ്തയും ലോകേഷ് ശര്‍മയും പ്രാദേശിക ആര്‍.എസ്.എസ്. നേതാക്കളാണ്. 2007 മെയില്‍ നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനവുമായി ഇവര്‍ക്കുള്ള ബന്ധവും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ദേവേന്ദ്രഗുപ്തയെയും ലോകേഷ് ശര്‍മയെയും സി.ബി.ഐ. ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നു. വര്‍ഷ്‌ണേയിയെ ഗൊരഖ്പുരില്‍ നടന്ന ആര്‍.എസ്.എസ്. ക്യാമ്പിനിടയിലും ബേരിയെ ഡല്‍ഹിയിലുമാണ് ചോദ്യം ചെയ്തതെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. 2009 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഗുപ്തയെ കാണ്‍പുരില്‍ ഒളിവില്‍ താമസിപ്പിച്ചുവെന്ന് വര്‍ഷ്‌ണേയി സമ്മതിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ലഖ്‌നൗവിലും സീതാപുരിലും താമസസൗകര്യം ഒരുക്കിക്കൊടുത്തുവെന്ന് ഗുപ്ത പറഞ്ഞിട്ടുണ്ടെങ്കിലും ബേരി സമ്മതിച്ചിട്ടില്ല.


യു.പി.യില്‍നിന്ന് ബിഹാറിലെ മുസഫര്‍പുരില്‍ നടന്ന ആര്‍.എസ്.എസ്. പരിപാടില്‍ പങ്കെടുക്കാനായി ഗുപ്ത പോയതായും ബിഹാര്‍, ജാര്‍ഖണ്ഡ് പ്രദേശങ്ങളില്‍ ഗുപ്ത ഒളിവില്‍ കഴിയുന്ന കാലത്ത് ബേരിയും വര്‍ഷ്‌ണേയിയും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നുവെന്നും സി.ബി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുപ്തയുമായി പരിചയമുണ്ടെന്നും അയാള്‍ക്ക് അജ്മിര്‍ ഷെറീഫ് സ്‌ഫോടനവുമായി ബന്ധവുണ്ടെന്ന് അറിയാമായിരുന്നുവെന്നും ഇരു ആര്‍.എസ്.എസ്. നേതാക്കളും സി.ബി.ഐ.യെ അറിയിച്ചു. എന്നാല്‍ അജ്മിര്‍-മെക്കാ സ്‌ഫോടനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിനിടെ അവര്‍ ആവര്‍ത്തിച്ചു.


അജ്മിര്‍, മാലേഗാവ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന രാംജി എന്ന രാമചന്ദ്ര കല്‍സരംഗ, പരമാനന്ദ് എന്ന സന്ദീപ് ദാംഗേ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സി.ബി.ഐ. സംഘപരിവാര്‍ നേതാക്കളോട് അന്വേഷിച്ചു. 2008 ആഗസ്ത് 25ന് നടന്ന കാണ്‍പുരിലെ കല്യാണ്‍പുര്‍ സ്‌ഫോടനം ബോംബുനിര്‍മാണത്തിനിടയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉഗ്രസ്‌ഫോടനശേഷിയുള്ള പൊട്ടാസ്യം ക്ലോറേറ്റിന്റെയും ആര്‍സനിക് സള്‍ഫേറ്റിന്റെയും അംശങ്ങള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു.
ഇത് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ്. ഈ സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ഇതെല്ലാം 'മുസ്ലിം ഭീകര(തീവ്ര)വാദി'കളാണ് ചെയ്തതെന്ന ഐ ബി കള്ളക്കഥകള്‍ മുന്‍പേജിലിട്ട് അലക്കിയിരുന്ന മാതൃഭൂമി ഈ വാര്‍ത്ത പക്ഷേ അകത്തെ  പേജിലാണു കൊടുത്തത്. മുന്‍പേജില്‍ നല്‍കാന്‍ അവര്‍ക്കിപ്പോള്‍ 'മുസ്ലിം ഭീകരത'യുടെ  തീവണ്ടി അട്ടിമറിശ്രമക്കേസ്സുകളും എന്‍.ഐ.എ. ഏറ്റെടുത്തേക്കും പോലുള്ള മറ്റു വാര്‍ത്തകളുണ്ടല്ലോ!
ഈ ലേഖനം കൂടി കാണുക

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

കമന്റുകള്‍ ഇതാ ഇവിടെ.

Saturday, June 12, 2010

ഇസ്ലാമിനോടുള്ള കീഴാള സമീപനം

     ബ്ലോഗില്‍ കടുത്ത അവര്‍ണ പക്ഷ സമീപനം പുലര്‍ത്തുന്ന എഴുത്തുകാര്‍ വരെ ഇസ്ലാമിനോടുള്ള സമീപനം വരുമ്പോള്‍ തികഞ്ഞ ഹിന്ദു ഫാഷിസ്റ്റുകളെ പോലെ പെരുമാറുന്നതു കാണാറുണ്ട്. അങ്ങനെയല്ലാത്ത ഈ ബ്ലോഗഫറെപ്പോലുള്ളവര്‍ക്ക് പതിച്ചു കിട്ടാത്ത ലേബലുകളില്ല.'താലിബാനിസ്റ്റ്','സിമി ട്രെയിന്‍ഡ്','ഭീകരവാദികളുടെ പീ ആര്‍ ഓ' എന്നിങ്ങനെ പല വിശേഷണങ്ങളും  പലരും(വിശേഷിച്ച് സംഘ് ആശയക്കാര്‍)പ്രചരിപ്പിക്കുന്നുണ്ട്.  വാസ്തവത്തില്‍ ഇവരില്‍പ്പലരും, ഇസ്ലാമിനെ ലോകമെങ്ങുമുള്ള പാര്‍ശ്വവത്കൃത ജനതയും ഇന്‍ഡ്യയിലെ ദലിത്-ബഹുജന്‍ വിഭാഗങ്ങളും എങ്ങനെയാണു നോക്കിക്കാണുന്നത് എന്ന ധാരണയില്ലാത്ത, കേവല യുക്തിവാദികളാണ്. ഡോ അംബേഡ്കര്‍,ജ്യോതിബ ഫൂലേ,പെരിയാര്‍ മുതല്‍ ഇന്നത്തെ ദലിത് -ബഹുജന്‍ ബുദ്ധിജീവികള്‍ വരെ ഇക്കാര്യത്തില്‍ എന്തു നിലപാടാണ് എടുത്തിട്ടുള്ളത് എന്നു വായിക്കാത്തവരും ആണ്. അത്തരക്കാരുടെ അറിവിലേക്കായി ഇതാ ഒരു ലേഖനം. കേരളത്തിലെ അറിയപ്പെടുന്ന ദലിത് ചിന്തകനായ കെ കെ ബാബുരാജാണ് ലേഖകന്‍.
baburaj

Friday, May 28, 2010

ഓര്‍മകളില്‍ ജോണ്‍ ഏബ്രഹാം

ജോണ്‍ നമ്മില്‍ നിന്നു വേര്‍പെട്ടിട്ട് ഈ ഞായറാഴ്ച്ച( മെയ് 30ന്) ഇരുപത്തി മുന്നു വര്‍ഷം തികയുന്നു.മലയാള മനോരമയില്‍ നിന്നാണ് താഴെ കാണുന്ന അനുസ്മരണങ്ങള്‍ രണ്ടും. എന്തായാലും അനുസ്മരണം ജോണിനോട് നീതി പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് അതിവിടെ ചേര്‍ക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി ആ സപ്ലിമെന്റിലെ മറ്റു ലേഖനങ്ങളിലേക്കും പോകാം.
ജനങ്ങളോടു ചേര്‍ന്നു നിന്ന കലാകാരന്‍
വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം മരിച്ചിട്ട് 23 വര്‍ഷം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥ പോലെയായിരുന്നു ജോണിന്റെ ജീവിതം. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും വിശേഷിപ്പിക്കപ്പെട്ട ജോണ്‍ ജീവിതത്തോടൊപ്പം അപൂര്‍ണ്ണമായി ബാക്കി വച്ചുപോയത് നൂറുകണക്കിനു ഭാഗികമായ കഥകളും തിരക്കഥകളുമാണ്.

സക്കറിയയുമൊത്ത് തിരക്കഥ തീര്‍ത്ത ’’ജോസഫ് ഒരു പുരോഹിതന്‍, ടി.ആറുമൊത്ത് എഴുതിത്തുടങ്ങിയ ’’നന്മയില്‍ ഗോപാലന്‍ എന്നിവയാണ് സിനിമയാകാതെപോയ പ്രധാന തിരക്കഥകള്‍. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ ചലച്ചിത്രമാക്കിയ ജോണ്‍ ഏബ്രഹാം, മലയാള ചലച്ചിത്ര രംഗത്ത് പുതിയ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. കലയുടെ സത്യസന്ധതയും ധിക്കാരങ്ങളും ജോണ്‍ ഏബ്രഹാമിന്റെ സിനിമകളിലെല്ലാം നിറഞ്ഞുനിന്നു. ’അമ്മ അറിയാന്‍ എന്ന അവസാന ചിത്രത്തെയും പ്രശസ്തിയുടെ ഉത്തുംഗ സീമയിലെത്തിച്ച ജോണ്‍ എന്ന പ്രതിഭയെ തേടി എല്ലാക്കാലത്തും ഭാഗ്യവും അവസരങ്ങളും എത്തുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അസാധാരണനായിരുന്നു ജോണ്‍ ഏബ്രഹാം. മൂവി ക്യാമറ കൊണ്ടും ജീവിതംകൊണ്ടുള്ള കലാപമാണു ജോണ്‍ ചെയ്തത്. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താല്‍പര്യങ്ങള്‍ക്കും ജോണ്‍ എതിരുനിന്നു.

ജോണിന്റെ ആദ്യചിത്രം 1969ല്‍ പുറത്തിറങ്ങിയ ’വിദ്യാര്‍ഥികളേ ഇതിലെ ഇതിലേയാണ്. മൌലികതയുള്ള കഥാകൃത്തുകൂടിയായിരുന്നു ജോണ്‍. കലാമൂല്യമുള്ള സിനിമയെ ജനകീയമാക്കാന്‍ ശ്രമിച്ച ’ഒഡേസ പ്രസ്ഥാനത്തിലൂടെ ജോണ്‍ നല്‍കിയ സംഭാവനകളും ശ്രദ്ധേയമാണ്. ഒടുവില്‍ 1987 മേയ് 30ന് ഒരു അപകടമരണത്തില്‍ ജോണ്‍ അവസാനിച്ചു. കോഴിക്കോട് നഗരത്തിലെ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണാണ്, ജോണ്‍ ജീവിതത്തോടും സിനിമയോടും വിടപറഞ്ഞത്.

"ഞാനൊരു ചിത്രമുണ്ടാക്കുമ്പോള്‍ അതു ജനങ്ങള്‍ കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അവരതു കണ്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം സംവിധായകനെന്ന നിലയില്‍ ഞാനൊരു വന്‍ പരാജയമാണെന്നാണ്. കലാമേന്മയുള്ള സിനിമകളെടുക്കുന്നു എന്ന് അവകാശപ്പെടുന്ന മലയാള സംവിധായകരുടെ കൂട്ടത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ഒരോയൊരാള്‍ മാത്രമേ ധൈര്യപ്പെടൂ- ജോണ്‍ ഏബ്രഹാം.

ജനങ്ങളില്‍ നിന്നന്യമായ കലയെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്ത കലാകാരനായിരുന്നു ജോണ്‍. ജനപങ്കാളിത്തത്തിലൂടെയുള്ള ചലച്ചിത്ര നിര്‍മിതിക്ക് അദ്ദേഹത്തെ പ്രാപ്തനാ ക്കിയത് ജനങ്ങളിലുള്ള ഈ വിശ്വാസം തന്നെയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി സിനിമ നിര്‍മിക്കുക, ജനങ്ങള്‍ സ്വീകരിക്കാതിരിക്കുക- ദുരന്തമയമായ ഈ വൈരുധ്യമനുഭ വിക്കുന്ന ആദ്യത്തെ ചലച്ചിത്രകാരനല്ല ജോണ്‍.

കഥയെഴുത്തില്‍ തുടങ്ങുക, കഥയേക്കാളധികം ജനങ്ങളില്‍ച്ചെന്നെത്തുന്നത് നാടകമാണെന്നറിഞ്ഞ് നാടകത്തിലേക്കു തിരിയുക, നാടകത്തേക്കാള്‍ കൂടുതലായി ജനങ്ങളെ സമീപിക്കാന്‍ സിനിമയ്ക്കു കഴിയുമെന്ന വിശ്വാസത്തില്‍ സിനിമാക്കാരനാവുക, ഒറ്റചിത്രം പോലും ജനങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാതിരിക്കുക- ജോണിന്റെ പ്രിയ ഗുരുനാഥനായ ഋത്വിക് ഘട്ടക്കിന്റെ വിധി അതായിരുന്നു. ജനകീയമായ ഒരു പ്രസ്ഥാനം കരുപ്പിടിപ്പിച്ചുകൊണ്ട് ഈ വിധിയെ വെല്ലുവിളിക്കുകയാണ് ജോണ്‍ ചെയ്തത്.

മരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാമിനു പ്രായം 49. എല്‍ ഐ സിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ജയിച്ചിറങ്ങി മണി കൌളിന്റെ ചിത്രത്തില്‍ അസിസ്റ്റന്റായും നടനായും പരിചയമാര്‍ജിച്ച് സംവിധാനരംഗത്ത് ആദ്യത്തെ സ്വതന്ത്രമായ കാല്‍വയ്പ് നടത്തുമ്പോള്‍ ജോണിനു പ്രായം 32 കഴിഞ്ഞിരിക്കണം. 17 കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ ജോണ്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ നാലേനാലു മാത്രമാണ്. മലയാള സിനിമയില്‍ മേഘജ്യോതിസുപോലെ മിന്നിപ്പൊലിഞ്ഞുപോയ സംവിധായകനാണ് ജോണ്‍.

പാന്ഥപാദം ബാധിക്കുന്ന നിരവധി രൂക്ഷശിലകള്‍ തലങ്ങും വിലങ്ങും കിടക്കുന്ന മലയാള സിനിമാരംഗത്ത് ഒരു മേഘജ്യോതിസിന്റെ ക്ഷണിക ജീവിതത്തേക്കാള്‍ കാമ്യമായി മറ്റെന്താണുള്ളത്?"