Sunday, January 31, 2010

കമ്യൂണിസ്റ്റുകള്‍ എന്തുകൊണ്ടു പരാജയപ്പെട്ടു?

".....ഫ്യൂഡല്‍ക്രമം ഇപ്പോഴും പിടിമുറുക്കുന്ന ഉത്തരേന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒട്ടും തളിര്‍ക്കാതെ പോയതെന്തുകൊണ്ട്?ഈ ചോദ്യമൊന്നും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ഇടം പിടിച്ചുകാണാറില്ല.അമേരിക്കന്‍ ഇംപീരീയലിസത്തിന്റെ രൌദ്രതയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുമാണ് എന്നും ചര്‍ച്ച. ഇവ പ്രധാനം തന്നെ.പക്ഷേ അനുകൂലഘടകങ്ങളുണ്ടായിട്ടും ഇടതിന് എന്തുകൊണ്ട് അവയൊന്നും തുണയാകാതെ പോയി എന്നത് അങ്ങനെയങ്ങ് അവഗണിക്കാവുന്ന ഒന്നാണോ?"
ജ്യോതിബസുവിനെ അനുസ്മരിച്ചുകൊണ്ട് എം സി എ നാസര്‍ ചോദിക്കുന്ന പ്രസക്തമായ ഈ സംശയം ഓരോ ഭാരതീയനും ചോദിക്കുന്നതാണ്? കാണുക:

കമ്യൂണിസ്റ്റുകള്‍ എന്തുകൊണ്ടു പരാജയപ്പെട്ടു?

Wednesday, January 27, 2010

നായര്‍ അവതാര്‍

മാധ്യമം ആഴ്ച്ചപ്പതിപ്പ് കിട്ടിയാല്‍ സത്യാന്വേഷി ആദ്യം വായിക്കുക, ഏറ്റവും അവസാനത്തെ പുറമാണ്. ഒടുക്കം എന്ന പേരില്‍ സഞ്ജയന്‍ എഴുതുന്ന ആ കോളം, ഉള്‍ക്കാഴ്ച്ചയും നര്‍മവും ഒത്തുചേര്‍ന്ന മികച്ച ഒരു സറ്റയറാണ്. ഇത്തവണയും വ്യത്യസ്തമല്ല.എന്‍ എസ് എസ് സമ്മേളനം, നായന്മാര്‍ക്ക് സാമുദായിക സംവരണം വേണമെന്ന ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്ന് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും എഴുതിയതു വായിക്കയുണ്ടായി.ഇത്രയ്ക്ക് ഭംഗിയായി,നര്‍മമധുരമായി മറ്റാരും എഴുതിക്കണ്ടില്ല.സഞ്ജയന്‍ ആരെന്ന് അറിയില്ല. അദ്ദേഹത്തിന് സത്യാന്വേഷി അഭിവാദ്യം അര്‍പ്പിക്കുന്നു.നോക്കുക:(ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതാകും)


Tuesday, January 26, 2010

ഭരണഘടന തന്നെ പ്രതിരോധായുധം

ഇന്ന് റിപ്പബ്ളിക് ദിനം. ഭരണഘടനയെയും മനുഷ്യാവകാശത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലേഖനം ഇതാ:

"2001 ജൂണിലാണ് മഹാരാഷ്ട്രയിലെ എന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജോണ്‍ അബ്രഹാം അറസ്റ് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തി(1999)നു കീഴിലാണ് അറസ്റ് നടന്നത്. കുറ്റം, ആദിവാസികളെ അവരുടെ ഭൂമിയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും പേരില്‍ സംഘടിപ്പിച്ചു. മക്കോക്കയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ടു തെളിവുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍നിന്നു ലഭിച്ചെന്നു കൂടി പോലിസ് രേഖപ്പെടുത്തിയിരുന്നു. കാള്‍ മാര്‍ക്സിന്റെ മൂലധനം എന്ന കൃതിയും പൂനെയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ അഡ്വോക്കസി സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഭൂമിയിലെ അവകാശങ്ങള്‍ സംബന്ധിച്ച ഒരു രേഖയും. എനിക്കു തോന്നുന്നത്, അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന അതിനേക്കാള്‍ 'ഭയങ്കരമായ' മറ്റൊരു രേഖ പോലിസ് ശ്രദ്ധിക്കാതെ പോയെന്നാണ്: ഇന്ത്യയുടെ ഭരണഘടന! കാരണം, ഈയൊരു ഗ്രന്ഥമാണ് ഈ അവകാശപ്പോരാട്ടങ്ങള്‍ക്കൊക്കെയും താങ്ങുംതണലുമായി നിലകൊണ്ടത്.
രാജ്യം റിപബ്ളിക്കായതിന്റെ 60ാം വാര്‍ഷികാഘോഷങ്ങളുടെ വേളയിലാണ്. എന്നാല്‍, ഈ വേളയില്‍ ഭരണാധികാരികള്‍ ഒന്നുകില്‍ ഭരണഘടന അട്ടിമറിക്കുകയാണ്; അല്ലെങ്കില്‍ അതിനെ മറന്നുകളയുകയാണ്. കാരണം, ഈ രേഖ സ്വയം സമര്‍പ്പിച്ചത് നമ്മള്‍, ഇന്ത്യയിലെ ജനങ്ങളാണ്. ഒരുഭാഗത്ത്, തുല്യനീതിയുടെ അടിസ്ഥാനത്തിലുള്ള വികസനം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം ഈ ജനങ്ങളുടെ നേരെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓപറേഷന്‍ ഗ്രീന്‍ഹണ്ട് എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നത് അത്തരമൊരു കൈയേറ്റമാണ്; ഈ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയല്ല അത്തരമൊരു കടന്നാക്രമണം. അതേസമയം, മഹാഭൂരിപക്ഷം ജനങ്ങളുടെ നേരെയുള്ള നീതിനിഷേധം അഭംഗുരം തുടരുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ തന്നെ ഇത്തരത്തിലുള്ള നീതിനിഷേധങ്ങളുടെ നിരവധി രജതജൂബിലികള്‍ കടന്നുപോയി: ഭോപാല്‍ വാതകദുരന്തത്തിന്റെയും സിഖുകാരുടെ മേലുള്ള വംശീയാക്രമണങ്ങളുടെയും 25ാം വാര്‍ഷികം.
ഈ നീതികേടിന്റെ അനുഭവങ്ങളുടെ വാര്‍ഷികാചരണം ഇന്നത്തെ നവലിബറല്‍ സാമൂഹികാവസ്ഥയില്‍ വളരെ പ്രധാനമാണ്. കാരണം, ഈ വാര്‍ഷികങ്ങളാണു റിപബ്ളിക്കിന്റെ 60ാം വാര്‍ഷികാഘോഷത്തിന് ഒരു പരഭാഗശോഭ നല്‍കുക; മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങളുടെയും അതിന്റെ ഭാഗമായ ഒത്തുതീര്‍പ്പുകളുടെയും ഒരു രേഖയാണെന്ന വസ്തുതയും അതു പുറത്തുകൊണ്ടുവരും. ഈയൊരു വസ്തുത, നിര്‍ഭാഗ്യവശാല്‍ നമുടെ ഭരണഘടനയുടെ ചരിത്രത്തിലോ പൌരധര്‍മം സംബന്ധിച്ച ക്ളാസുകളിലോ നിങ്ങള്‍ കേള്‍ക്കാനിടയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ വേരുകള്‍ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ നിയമത്തിലല്ല മറിച്ച്, 1932ലെ പൂനാ കരാറിലാണു ചികയേണ്ടത്. ഈ തരത്തില്‍ നമ്മുടെ മുഖ്യധാരാ ചരിത്രപഠനം തന്നെയും മാറ്റിമറിക്കേണ്ട കാലമായി.
പൂനാ കരാറിനെ ദലിത്വിഭാഗങ്ങളുടെ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഉറപ്പുവരുത്തുന്ന ഒത്തുതീര്‍പ്പായി മാത്രമാണു പൊതുവെ നോക്കിക്കാണുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതിലും സങ്കീര്‍ണമാണ്. ഇന്ത്യയിലെ അവശസമുദായങ്ങളുടെ നേതാവായ അംബേദ്കര്‍ അവരുടെ വികാരങ്ങളും പ്രതീക്ഷകളുമാണു പ്രതിനിധീകരിച്ചത്. മറുവശത്ത് ഗാന്ധി, ഇന്ത്യയിലെ സവര്‍ണവിഭാഗങ്ങളുടെ താല്‍പ്പര്യസംരക്ഷകനായാണു പ്രത്യക്ഷപ്പെട്ടത്. ഈ ചര്‍ച്ചകളുടെ പശ്ചാത്തലമായി വര്‍ത്തിച്ചത് അക്കാലത്തു നടന്ന അഖിലേന്ത്യാ അവശസമുദായ മഹാസമ്മേളനമാണ്. ആ സമ്മേളനം വിളിച്ചുകൂട്ടിയ നേതാക്കളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയും ഉള്‍പ്പെട്ടിരുന്നു. അന്നു കോണ്‍ഗ്രസ്സിലായിരുന്ന മുഖര്‍ജിയാണു പിന്നീട് ഇന്ത്യയിലെ ഹിന്ദുത്വ ആശയങ്ങളുടെ അമരക്കാരനും ആര്‍.എസ്.എസിന്റെയും ജനസംഘത്തിന്റെയും നേതാവുമായി മാറിയത്. എന്നാല്‍, ഈ മഹാസമ്മേളനത്തില്‍ ഗാന്ധിജിയോ അംബേദ്കറോ പങ്കെടുക്കുകയുണ്ടായില്ല. ഗാന്ധിജിയുടെ പ്രതിനിധികളായി ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നിരവധി കോണ്‍ഗ്രസ്സുകാര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ അംബേദ്കറുടെ പ്രതിനിധിയായി ഒരേയൊരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ- തമിഴ്നാട്ടില്‍ നിന്നുള്ള ദലിത് നേതാവായ ഒരു രാജ.
വിക്കിപീഡിയ അടക്കമുള്ള ആധുനികരേഖകളില്‍ കാണുന്നത്, ദലിതര്‍ക്കു പ്രത്യേക മണ്ഡലങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള റാംസേ മക്ഡോണാള്‍ഡിന്റെ കമ്മ്യൂണല്‍ അവാര്‍ഡിന് കാരണമായത് 1930-32ലെ വട്ടമേശ സമ്മേളനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനമാണെന്നാണ്. എന്നാല്‍ എനിക്കു തോന്നുന്നത്, അംബേദ്കറുടെ വാദമുഖങ്ങളുടെ ശക്തിയും പ്രേരണയുമാണ് സത്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരകമായത് എന്നാണ്. അതുകൊണ്ടാണു ഗാന്ധിജിക്ക് മക്ഡോണാള്‍ഡ് സര്‍ക്കാരുമായല്ല, അംബേദ്കറുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തേണ്ടതായി വന്നത്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, അങ്ങനെ വേണ്ടിയിരുന്നില്ല എന്നു ഗാന്ധി ചിന്തിക്കുമായിരുന്നുവെന്നും തോന്നിപ്പോവും. ഈ ചര്‍ച്ചകളുടെയും അതിനെ തുടര്‍ന്നു വന്ന പൂനാ കരാറിന്റെയും പശ്ചാത്തലത്തിലാണ് അംബേദ്കര്‍ ഇന്ത്യയിലെ ഭരണഘടനാ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മുഖ്യശില്‍പ്പിയായി മാറുന്നത്. ഇന്ത്യയുടെ ഭരണഘടനാചരിത്രത്തില്‍ ശ്രദ്ധയോടെ പരിഗണിക്കേണ്ട ഒരു വിഷയവുമാണത്.
ഈ കാര്യങ്ങളാണു പിന്നീടുണ്ടായ വട്ടമേശ ചര്‍ച്ചകളില്‍ അംബേദ്കറുടെ സ്ഥാനവും പ്രാധാന്യവും ഉറപ്പിച്ചത്. മാത്രമല്ല, ഈ വേളയില്‍ അദ്ദേഹം പ്രകടിപ്പിച്ച ചിന്താപരമായ വ്യക്തതയും ഭരണഘടനാവിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യവുമാണ് ഭരണഘടന എഴുതിയുണ്ടാക്കുന്ന സമിതിയുടെ അധ്യക്ഷപദവി അദ്ദേഹത്തിനു ലഭിക്കാന്‍ ഇടയാക്കിയത്. നെഹ്റുവിന്റെ ഔദാര്യമൊന്നുമായിരുന്നില്ല അതിനു നിദാനമായത്. നമ്മുടെ മുഖ്യധാരാ ചരിത്രകാരന്‍മാരുടെ മുന്‍വിധികള്‍ ഈ കാലത്തെ സംബന്ധിച്ച പഠനങ്ങളില്‍ തെളിഞ്ഞുകാണാവുന്നതാണ്. ഗാന്ധിജിയുടെ അഹിംസാസമരത്തിനു വന്‍ പ്രാധാന്യം നല്‍കുന്ന അവര്‍, അതിനേക്കാള്‍ വിഷമംപിടിച്ച സാഹചര്യത്തില്‍ അവശസമുദായങ്ങളുടെ അഹിംസാത്മക സമരം നയിച്ച അംബേദ്കറെ കാണുന്നില്ല! മാത്രമല്ല, അവസാനം അങ്ങേരും എത്തിച്ചേരുന്നത് അഹിംസയ്ക്കു സര്‍വപ്രാധാന്യം നല്‍കുന്ന ബുദ്ധമതത്തിലാണ്.
അരുണ്‍ ഷൂരിയും സംഘവും എന്തൊക്കെപ്പറഞ്ഞാലും, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന കെട്ടിപ്പടുക്കുന്നതില്‍ അംബേദ്കര്‍ വഹിച്ച സുപ്രധാനപങ്ക് ക്രിസ്റോഫ് ജഫ്ര്ലോട്ടിനെപ്പോലുള്ള പണ്ഡിതന്‍മാര്‍ ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്, 'ഒരു പാശ്ചാത്യ ജനാധിപത്യവാദി ഗാന്ധിയുടെ മേല്‍ നേടിയ കണക്കുതീര്‍ക്കല്‍' എന്നാണ്. കാരണം, ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനശിലയായ മൌലികാവകാശങ്ങള്‍ സംബന്ധിച്ച അധ്യായം അദ്ദേഹം തയ്യാറാക്കുന്നത് തന്റെ തന്നെ ആശയപരമായ നിലപാടുകളുടെ വെളിച്ചത്തിലാണ്; അതിന് അദ്ദേഹം ആധാരമാക്കുന്നത് ജാതിവ്യവസ്ഥയിലെ തന്റെ തന്നെ അനുഭവങ്ങളും പ്രയോജനവാദപരമായ ലിബറലിസവുമാണ്. ഗാന്ധിയുടെ തത്ത്വങ്ങളെയാവട്ടെ, ഭരണഘടനയുടെ നിയാമകതത്ത്വങ്ങളുടെ ഭാഗമാക്കി അദ്ദേഹം മാറ്റിവച്ചു. ഈ തത്ത്വങ്ങളാവട്ടെ, കോടതിയിലൂടെ നടപ്പാക്കാവുന്നതുമല്ല.
ഇന്ത്യന്‍ ജുഡീഷ്യറി കഴിഞ്ഞകാലങ്ങളില്‍ അംബേദ്കറുടെ ഈ ദര്‍ശനത്തിന്റെ ഭരണഘടനയിലെ കേന്ദ്രസ്വഭാവം വീണ്ടും വീണ്ടും ഊന്നുകയുണ്ടായി. ഭരണഘടനയില്‍ മൌലികാവകാശങ്ങള്‍ക്കു നല്‍കിയ പ്രാധാന്യം ഉറപ്പിച്ചുപറയുകയും അടിസ്ഥാനഘടന സംബന്ധിച്ച തത്ത്വങ്ങള്‍ രൂപീകരിക്കുകയും ചെയ്തതുവഴിയാണ് കോടതി ഈ നിലപാട് ശക്തിപ്പെടുത്തിയത്. അടിയന്തരാവസ്ഥയുടെ കടുത്ത നാളുകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്ഷയ്ക്കെത്തിയത് ഭരണഘടനയിലെ മൌലികാവകാശങ്ങള്‍ സംബന്ധിച്ച ഈ ദര്‍ശനമാണ്. ഇന്ത്യയിലെ ജുഡീഷ്യറി ഈയൊരു ദര്‍ശനം വലിയതോതില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സാമൂഹിക-സാമ്പത്തികനീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഭാഗമായി നടന്ന വേളയില്‍ അതാണു യഥാര്‍ഥത്തില്‍ സംഭവിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തെ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടത്; അതിന്റെ വേരുകള്‍ പൂനാ കരാറില്‍ നാം തിരയേണ്ടത്. കാരണം, അങ്ങനെ വന്നാല്‍ മാത്രമേ ഇന്ത്യയിലെ ഭരണഘടന ഈ രാജ്യത്തെ പാര്‍ശ്വവല്‍കൃത ജനതയുടെ വികാരങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമായി മാറുകയുള്ളൂ. അതു ദലിതരായാലും ആദിവാസികളായാലും മത-ലൈംഗിക ന്യൂനപക്ഷങ്ങളായാലും സ്ത്രീകളായാലും അവരുടെ വിമോചനസമരങ്ങള്‍ക്കു ശക്തിപകരുന്ന ഒരു രേഖയായി ഇന്ത്യന്‍ ഭരണഘടന പരിണമിക്കുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. ഭരണകൂടത്തിന്റെയും ഭരണകൂടേതര ശക്തികളുടെയും കടന്നാക്രമണങ്ങള്‍ നേരിടാനുള്ള ഒരു പ്രതിരോധായുധമായി ഭരണഘടനയെ മാറ്റാന്‍ കഴിയുന്നതും അങ്ങനെത്തന്നെയാണ്."
-ബോബി കുഞ്ഞു(തേജസ് ദിനപത്രം 26 ജനുവരി 2010 )

Sunday, January 24, 2010

മഞ്ഞയില്‍നിന്ന് കാവിയിലേക്ക്?

എസ് എന്‍ ഡി പി യോഗം മിനിഞ്ഞാന്ന് (ജനുവരി 22 ന്) കൊച്ചിയില്‍ നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ ന്യുനപക്ഷ(മുസ്ലിം) വിരുദ്ധ പരാമര്‍ശങ്ങളെ സംബന്ധിച്ച്,
സംവരണം,പി എസ് സി മെറിറ്റ് അട്ടിമറി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണപ്രധാനമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ളയാളും എസ് കെ ബിശ്വാസ് ഐ ഏ എസ് എഴുതിയ'Nine Decades of Marxism in the land of Brahminism' എന്ന പുസ്തകം 'ബ്രാഹ്മണ മാര്‍ക്സിസം' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാളുമായ ശ്രീ. സുദേഷ് എം ആര്‍, തന്‍റെ ബ്ളോഗില്‍ ഇട്ടിരുന്ന പോസ്റ്റ് മിനിഞ്ഞാന്നു തന്നെ കണ്‌ടിരുന്നു. ഇന്നലെ ആ ലേഖനം മാധ്യമം ദിനപത്രത്തിലും കണ്ടു.(വെട്ടിച്ചുരുക്കല്‍ വരുത്തിയിട്ടുണ്ടെന്നു തോന്നുന്നു.)വാസ്തവത്തില്‍ സത്യാന്വേഷി പറയാനുദ്ദേശിച്ച കാര്യങ്ങളാണ് സുദേഷ് എഴുതിയിരിക്കുന്നത്.ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ ഇല്ല. 2010ലെ അവകാശ പ്രഖ്യാപന രേഖ സംഘടിപ്പിക്കാന്‍ വൈകിയതിനാലാണ് ഈ പോസ്റ്റ് ഇന്നലെത്തന്നെ ഇടാന്‍ കഴിയാഞ്ഞത്.ആ രേഖ ഇവിടെ എടുത്തു ചേര്‍ക്കുന്നു.
2010ലെ അവകാശ പ്രഖ്യാപനം-കരട്

Wednesday, January 20, 2010

ദലിതനെ ഇനി സഹിക്കില്ല

ഈയിടെ വന്ന രണ്ടു വാര്‍ത്തകള്‍ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.ഒന്ന് ലോകത്തെങ്ങും കേട്ടിട്ടില്ലാത്തവിധം(?) ഹൈക്കോടതി,സുപ്രീം കോടതിയെ 'ശിക്ഷിക്കുന്ന'ഒരു വിധിയാണ് :
"സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈകോടതി പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സ്വത്തു വിവരങ്ങള്‍ പൊതു ജനത്തിന് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കണമെന്ന ആവശ്യം ദല്‍ഹി ഹൈകോടതി അംഗീകരിച്ചു."
ഈ വാര്‍ത്ത ഇവിടെ കാണാം
ചീഫ് ജസ്റ്റിസ് ഒരു ദലിതനല്ലായിരുന്നെങ്കില്‍ ഈ കേസ് ദില്ലി ഹൈക്കോടതിയെന്നല്ല, ഇന്‍ഡ്യയിലെ എതെങ്കിലും ഒരു കോടതി ഫയലില്‍പ്പോലും സ്വീകരിക്കുമായിരുന്നോ? ഇവിടെ കേസില്‍ 'പരമോന്നത' നീതിപീഠത്തിനെതിരെ വിധി പ്രഖ്യാപിക്കയും ചെയ്തിരിക്കുന്നു. തങ്കലിപികളില്‍ രേഖപ്പെടുത്തണം ഇത്തരം വിധികളെ. ചീഫ് ജസ്റ്റിസായി കെ ജി ബി വന്ന അന്നുമുതല്‍ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഒരവസരവും മീഡിയയും നീതിന്യായ സംവിധാനവും തന്നെ വെറുതെ കളഞ്ഞിട്ടില്ല. അരനൂറ്റാണ്ടിനിടയ്ക്ക് ആദ്യമായി,ഒരു ദലിതന്‍ ചീഫ് ജസ്റ്റിസ് ആയതോടെ 'അശുദ്ധ'മാക്കപ്പെട്ട പരമോന്നത നീതിപീഠത്തില്‍ മറ്റ് ഒരു ദലിതന്‍ കൂടി വരരുതെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമാണ്. ജസ്റ്റിസ് ദിനകരനെതിരായ നീക്കം അതാണ് . ചീഫ് ജസ്റ്റിസ് അത് ഭാഗ്യവശാല്‍ തിരിച്ചറിഞ്ഞിരിക്കുന്നു.അതാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കാന്‍ കാരണം:
"രാജ്യസഭയുടെ ഇംപീച്ച്മെന്റ് നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ വിസമ്മതിച്ചു. സുപ്രീം കോടതി ജസ്റ്റിസായി ദിനകരനെ നിര്‍ദേശിച്ച ശേഷമാണ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവന്നതെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കെ.ജി. ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ഇംപീച്ച്മെന്റ് നടപടിയെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും അക്കാര്യത്തില്‍ ദിനകരന്‍തന്നെയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
എന്തുകൊണ്ട് നേരത്തേ ദിനകരനെതിരെ ആരോപണമൊന്നും ഉയര്‍ന്നില്ല എന്ന കാര്യം പ്രധാനമാണെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ ദിനകരനെതിരെ ഒരു ആരോപണംപോലും ഉയര്‍ന്നിരുന്നില്ല. കര്‍ണാടക ചീഫ് ജസ്റ്റിസാകുന്ന സമയത്തും ആരോപണമുണ്ടായില്ല. ദിനകരന് സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചതോടെയാണ് ആരോപണങ്ങളത്രയും ഉയര്‍ന്നു വന്നതെന്നും അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് കെ.ജി. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വരുന്നതിനെ താന്‍ എതിര്‍ത്തുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ല. വിവരാവകാശനിയമത്തിന് താന്‍ എതിരാണെന്ന തെറ്റിദ്ധാരണയാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു."
ഈ വാര്‍ത്ത മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
എന്തുകൊണ്ട് ജസ്റ്റിസ് ദിനകരനെ മാത്രം?
പട്ടികജാതി- പട്ടിക വര്‍ഗ സംഘടനകളുടെ അഖിലേന്‍ഡ്യാ കോണ്‍ഫെഡറേഷന്‍ സ്ഥാപക നേതാവ് ഡോ ഉദിത് രാജ് ചോദിക്കുന്നു:
"കൊല്‍ക്കത്ത ഹൈക്കോര്‍ട്ട് ജഡ്ജ് ആയ ജസ്റ്റിസ് സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുപോലും ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നോര്‍ക്കണം.ചണ്ഡീഗഢിലെ ഒരു ജഡ്ജിയുടെ വസതിയില്‍ നിന്ന് 15 ലക്ഷം രൂപ അനധികൃതമായി കണ്ടെത്തിയ കേസില്‍ ഒരു ഇംപീച്ച്മെന്റും ആരും ആവശ്യപ്പെട്ടിട്ടില്ല. ഗാസിയാബാദ് പ്രോവിഡന്റ് ഫണ്ട് അഴിമതിക്കേസില്‍ കുറ്റപത്രത്തില്‍ പേരുള്ള ഗാസിയാബാദിലെ നിരവധി ജഡ്ജിമാര്‍ക്കെതിരെയും ഒരു നടപടിയും ഇല്ല. അതിലൊരാള്‍-തരുണ്‍ ചട്ടര്‍ജി- സുപ്രീം കോടതി കൊളീജിയത്തിലുണ്ട്. നോയ്ഡയില്‍ ഒരു പ്ളോട്ട് അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേടും നിയമലംഘനവും ആരോപിക്കപ്പെടുന്ന അലഹബാദ് ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ബല്ലയെ പ്രൊമോട്ടുചെയ്യുകയാണുണ്ടായത്. ലൈംഗിക കേസില്‍ ഉള്‍പെട്ട രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ഒരു ഇംപീച്ച്മെന്റും ആരംഭിച്ചില്ല. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദിനെയും ഒന്നും ചെയ്തിട്ടില്ല.ഗ്വാളിയോരില്‍ തന്റെ ഓഫീസ് ദുരുപയോഗം ചെയ്ത് ചതുരശ്ര യാഡിന് ഒരു രൂപ നിരക്കില്‍ അദ്ദേഹം ഒരു പ്ളോട്ടും കൈക്കലാക്കിയിരുന്നു.എവിടെ നടപടി?"['Impeachment should not only against Justice Dinakran but against other tainted judges also'-സ്വതന്ത്ര സംഗൃഹീത വിവര്‍ത്തനം-'വോയ്സ് ഒഫ് ബുദ്ധ'2009 ഡിസംബര്‍ 16-31 പേജ് 5]
ഇതു സംബന്ധമായി സത്യാന്വേഷി എഴുതിയ പോസ്റ്റുകള്‍ സൈഡ് ബാറില്‍ ഞെക്കി കാണാം.

Tuesday, January 19, 2010

പോസ്റ്റ് ഹിന്ദു ഇന്‍ഡ്യ- കാഞ്ച ഐലയ്യ

ഇന്‍ഡ്യയിലെ ദലിത് -ബഹുജന്‍ ബുദ്ധിജീവികളില്‍ അഗ്രഗണ്യനാണ് കേരളീയര്‍ക്കു സുപരിചിതനായ കാഞ്ച ഐലയ്യ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ലോകപ്രശസ്ത പ്രസാധകരായ സേജ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കൊച്ചിയില്‍ ഈയിടെ അവസാനിച്ച രാഷ്ട്രാന്തര പുസ്തക മേളയില്‍ ആ പുസ്തകം ഉണ്ടായിരുന്നു. മലയാളമുള്‍പ്പെടെയുള്ള ഇന്‍ഡ്യന്‍ ഭാഷകളില്‍ പുസ്തകം ഉടന്‍ പുറത്തുവരും എന്നു പ്രതീക്ഷിക്കുന്നു. പുസ്തകത്തിന്റെ ഒരു റിവ്യൂ 'പ്രബോധനം' എന്ന ജമാ-അത്തെ ഇസ്ലാമി വാരികയിലാണ് ആദ്യം (മലയാളത്തില്‍)വന്നത്. അതിവിടെ എടുത്തു ചേര്‍ക്കുന്നു.

"ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രാഹ്മണിക് വരേണ്യതയില്‍ അധിഷ്ടിതമായ ഹിന്ദുത്വം തകര്‍ന്നു പോവുകയാണെന്നും ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക,ആത്മീയ,രാഷ്ട്രീയ വിപ്ളവം ഇന്‍ഡ്യയില്‍ വികസിച്ചുവരികയാണെന്നും അദ്ദേഹം വാദിക്കുന്നു.ജാതിമേല്‍ക്കോയ്മയിലധിഷ്ടിതമായ ഹിന്ദുത്വം ആത്മീയ ഫാഷിസത്തിന്റെ പ്രചാരകരാവുന്നതിന്റെ ചിത്രമാണ് ഐലയ്യ വിവരിക്കുന്നത്."
[നിരൂപണത്തില്‍ നിന്ന്]

Monday, January 18, 2010

സംവരണവും സുകുമാരന്‍ നായരുടെ വെവരവും

എന്‍ എസ് എസ് അസി.സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് വിവരം എന്ന സാധനം തൊട്ടുതെറിച്ചിട്ടില്ലെങ്കിലും അങ്ങേര് എന്തു പറഞ്ഞാലും പത്രങ്ങള്‍ക്ക് അതു വലിയ വാര്‍ത്തയാണ്. സംവരണം എന്നുകേട്ടാല്‍ അങ്ങേര്‍ക്കു ഹാലിളകും. നമ്മുടെ മുഖ്യധാരാ ('മുഖ്യധാര എന്ന മണ്ണാങ്കട്ട'-കെ ഈ എന്‍‌-വാരാദ്യ മാധ്യമം 17/01/2010)പത്രങ്ങള്‍ക്കും സംവരണവിഷയത്തില്‍ അസാരം അസ്കിത ഉള്ളതിനാല്‍ അവര്‍ ,വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്ന മട്ടില്‍ ഈ നായര്‍ എഴുന്നള്ളിക്കുന്ന വങ്കത്തരങ്ങള്‍ അതേപടി അച്ചടിക്കുകയും ചെയ്യും. ഇന്നത്തെ പത്രങ്ങളിലും ഇത്തരം ഒരു വാര്‍ത്ത കാണാം.

"സംവരണം ജന്മാവകാശമാണെന്നാണു ചിലരുടെ ധാര്‍ഷ്ട്യം. ഭരണഘടന ഒാരോ പത്തു വര്‍ഷത്തേയ്ക്കും നല്‍കുന്ന ആനുകൂല്യം മാത്രമാണു സംവരണം. ഒാരോ പത്തു വര്‍ഷവും പഠനം നടത്തി മാറ്റം വരുത്തേണ്ട സംവരണ മാനദണ്ഡങ്ങള്‍ സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും അതേപടി കൊണ്ടു നടക്കുകയാണ്. ഇതു തിരുത്തപ്പെടണം. അല്ലെങ്കില്‍ തിരുത്തിക്കും."
ഇതാണ് നായരുടെ ഉദീരണം. മുഖ്യധാരാ സവര്‍ണ പത്രങ്ങള്‍ മാത്രം വായിക്കുന്ന അവര്‍ണ മന്ദബുദ്ധികളും സംവരണം 10 വര്‍ഷത്തേക്കുള്ള ഏര്‍പ്പാടാണെന്ന എന്‍ എസ് എസ് പ്രചാരണത്തില്‍ വീഴുന്നുണ്ട്. എടോ മണ്ടന്‍ നായരേ, 10 വര്‍ഷത്തേക്കുള്ള സംവരണം നിയമസഭ-ലോക്‌സഭയിലേക്കുള്ള രാഷ്ട്രീയ സംവരണമാണ് . ആ സംവരണം കല്പ്പാന്തകാലത്തോളം നീട്ടിനല്കുന്നതില്‍ ഇവിടെ ഒരു സവര്‍ണ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിര്‍പ്പുമില്ല. ചട്ടുകങ്ങളെ മാത്രം സൃഷ്ടിക്കുന്ന ആ സമ്പ്രദായം സവര്‍ണര്‍ക്ക് എന്നും ഇഷ്ടമായിരുന്നു. നിയമ സഭയില്‍ ഒരു ചര്‍ച്ചപോലും നടത്താതെയാണ് ആ ബില്‍ പാസാക്കപ്പെടുന്നത്. ഈയിടെയും ആ ബില്‍ പാസാക്കുകയുണ്ടായി. എന്‍ എസ് എസ് പോലും അതറിഞ്ഞില്ല. എന്നാല്‍ ഉദ്യ്യോഗ സംവരണം അങ്ങനെയല്ല. അതിനു കാലപരിധി ഭരണഘടന നിര്‍ദേശിച്ചിട്ടില്ല.സാമൂഹികവും വിദ്യാഭ്യാസപരവും ആയി പിന്നാക്കം നില്‍ക്കുന്ന (സാമ്പത്തികമായല്ല)സമുദായങ്ങള്‍ക്ക് ഭരണാധികാരത്തില്‍ പങ്കാളിത്തം നല്‍കാനുള്ള വ്യവസ്ഥയാണത്. ഈ പ്രാഥമിക വസ്തുത പോലും അറിയാത്ത ആളാണ് സംവരണത്തെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നതു്. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ടുന്ന പത്രകേസരികള്‍ അതിനേക്കാള്‍ വലിയ മണ്ടന്മാര്‍.[മണ്ടന്മാരായിട്ടൊന്നുമല്ലെന്ന് സത്യാന്വേഷിയ്ക്കറിയാം. അതാണ് നായരും മീഡിയയും തമ്മിലുള്ള ബന്ധം]
റിപ്പോര്‍ട്ട് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.


Friday, January 8, 2010

സംവരണത്തിലേക്ക് കുറുക്കന്‍വഴികളില്ല

എന്‍ എസ് എസ്സിന്റെ സംവരണ ഡിമാന്‍ഡ് സംബന്ധിച്ച് കേരള കൌമുദി ദിനപത്രം എഴുതിയ മുഖപ്രസംഗം ഇതാ:(ഈ ഒരു പണി മാത്രമേ അവര്‍ ഇവ്വിഷയത്തില്‍ ചെയ്യാറുള്ളൂ)2010 ജനുവരി 5

പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സംവരണവും മറ്റ് ആനുകൂല്യങ്ങളും നായര്‍ സമുദായത്തിനും അനുവദിക്കണമെന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളന പ്രമേയം രാജ്യത്തെ ഭരണഘടനയും സാമൂഹ്യവ്യവസ്ഥയും ഇന്നത്തെ നിലയില്‍ തുടരുന്നിടത്തോളം കാലം അസാദ്ധ്യമായ ഒന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പരിഹാരമാണ് സംവരണംകൊണ്ട് ലക്ഷ്യമാക്കുന്നത്. ആ നിലയ്ക്ക് സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് തീര്‍ത്തും എതിരാണുതാനും. നായര്‍ സമുദായത്തില്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് സംവരണാനുകൂല്യം നല്‍കണമെന്നായിരുന്നു നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ ആവശ്യപ്പെട്ടുപോന്നത്. ആ നിലപാട് തുടര്‍ന്നുകൊണ്ട് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അതേപടി നായര്‍ സമുദായത്തിനും ലഭ്യമാക്കണമെന്നാണ് മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായര്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍.എസ്.എസിന്റെ പഴയ ആചാര്യന്മാരോ ഉന്നത നേതാക്കളോ ഇതുവരെ ഉന്നയിക്കാത്ത ഒരാവശ്യമാണ് പ്രതിനിധി സമ്മേളനം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ കാണാം. ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിലെ യുക്തിയില്ലായ്മയും അപ്രായോഗികതയും അത് ഉന്നയിച്ചവര്‍ക്കുതന്നെ അറിയുകയും ചെയ്യാം. നായര്‍ സമുദായത്തില്‍ മാത്രമല്ല പാവപ്പെട്ടവര്‍ ഉള്ളത്. അതിനെക്കാള്‍ ഉയര്‍ന്ന സമുദായങ്ങളിലും പാവങ്ങള്‍ ഏറെയുണ്ട്. ജനസംഖ്യ വച്ചുനോക്കിയാല്‍ ബ്രാഹ്മണ സമുദായം ന്യൂനപക്ഷമാണ്. അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബ്രാഹ്മണ സമുദായത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ നിലവിലുള്ള ഭരണഘടനാ വകുപ്പുകള്‍ പ്രകാരം അത് എങ്ങനെ സാദ്ധ്യമാകും?
സാമ്പത്തികമായ പിന്നാക്കാവസ്ഥയല്ല സംവരണത്തിന്റെ മാനദണ്ഡം. ഇക്കാര്യം മുന്‍പ് എത്രയോവട്ടം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനാ സമിതിയുടെ കാലം മുതല്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹികമായും വിദ്യാഭ്യാസപരമായും ചരിത്രാതീതകാലം തൊട്ടേ പിന്നാക്കാവസ്ഥയില്‍ കഴിയേണ്ടിവന്ന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയും ഭരണത്തില്‍ പങ്കാളിത്തം നല്‍കുന്നതിനുവേണ്ടിയുമാണ് ഭരണഘടനയില്‍ സംവരണ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതു മാറ്റിമറിക്കാന്‍ സര്‍ക്കാരുകള്‍ക്കോ കോടതികള്‍ക്കോ ആവുകയില്ലെന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. എന്നുമാത്രമല്ല, സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നപ്പോഴെല്ലാം കോടതികള്‍ അതിന്റെ സംരക്ഷകരായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ കുപ്രസിദ്ധമായ ബ്രാഹ്മണ ജി.ഒ കുറെപ്പേരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ബ്രാഹ്മണ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ട് അവിടത്തെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കടലാസുവില പോലും കല്പിക്കാതെ കോടതി ദൂരെ എറിയുകയാണ് ചെയ്തത്.
പെരുന്നയിലെ അഖില കേരള നായര്‍ പ്രതിനിധിസമ്മേളനം സംവരണം ആവശ്യപ്പെട്ടുകൊണ്ട് കൈയടിച്ച് പാസാക്കിയ പ്രമേയത്തിന് വെറുമൊരു രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ കവിഞ്ഞ പ്രാധാന്യം കാണേണ്ടതില്ല. നായര്‍ പ്രതിനിധികള്‍ പ്രമേയം പാസാക്കിയതിന്റെ കൈയടി ശബ്ദം നിലയ്ക്കും മുന്‍പേ യു.ഡി.എഫ് നേതാക്കള്‍ അവിടെ ഓടിപ്പാഞ്ഞെത്തിയതില്‍ നിന്നുതന്നെ അത് രാഷ്ട്രീയതലത്തില്‍ സൃഷ്ടിച്ചുകഴിഞ്ഞ സംഭ്രാന്തി മനസ്സിലാക്കാം. എന്‍.എസ്.എസിന്റെ ആവശ്യം ഗൌരവപൂര്‍വം പരിഗണിക്കുമെന്ന് അഭിപ്രായം പറഞ്ഞ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടിയും സാമ്പത്തിക സംവരണാവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് കോണ്‍ഗ്രസ് യോജിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശ്രീ. എം. എം. ഹസനും രാഷ്ട്രീയലാഭമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒറ്റനോട്ടത്തിലറിയാം. സംവരണം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ മനഃപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് പല നേതാക്കളും ഈ വിഷയത്തില്‍ അഭിപ്രായം തട്ടിമൂളിക്കുന്നത്. സംവരണത്തിനുള്ള മാനദണ്ഡം സാമ്പത്തികമല്ലെന്ന് ഏവരും മനസ്സിലാക്കണം. സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് അവശത അളക്കാനുള്ള മാനദണ്ഡം. ജനസംഖ്യ ഒരിക്കലും അതിന് മാനദണ്ഡമാവുകയില്ല. അഥവാ അത് പരിഗണിക്കണമെന്നാണെങ്കില്‍ സംഗതി വളരെ എളുപ്പമാകും. സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുത്താല്‍ പട്ടികജാതി - പട്ടികവര്‍ഗവിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും എല്ലാം ചേര്‍ന്ന് മുക്കാല്‍ഭാഗം വരും. ജനസംഖ്യാടിസ്ഥാനത്തില്‍ ഉദ്യോഗങ്ങള്‍ വീതം വച്ചാല്‍ സിംഹഭാഗവും ഈ വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടിവരും. ജനസംഖ്യയില്‍ തങ്ങള്‍ എത്ര ശതമാനം വരുമെന്ന് എന്‍.എസ്.എസ് നേതാക്കള്‍ക്ക് തിട്ടമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇപ്പോള്‍ തങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കണക്കും അവരുടെ പക്കല്‍ കാണാതിരിക്കില്ല. അര്‍ഹതയുള്ളതിലധികം വരുന്നത് ത്യജിക്കാന്‍ അവര്‍ തയ്യാറാകുമോ? സംവരണത്തിന്റെ പേരുപറഞ്ഞ് സമുദായത്തിലെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാവും നല്ലത്. സംവരണത്തിലേക്ക് കുറുക്കന്‍വഴികളൊന്നുമില്ല.
.[തിരക്കുകള്‍ , മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ ഇവമൂലം സ്ഥിരമായി ബ്ലോഗ് നോക്കാന്‍ പോലും ആവുന്നില്ല. ദയവായി ക്ഷമിക്കുക;പോസ്റ്റുകളും കമ്മന്റുകളും വൈകും]