Thursday, April 1, 2010

ദേവസ്വംബില്‍: നേരും നുണയും

ദേവസ്വം ബില്‍ പാസായാല്‍ അമ്പലങ്ങളിലെ സവര്‍ണമേധാവിത്വം അവസാനിക്കുമോ? ഇല്ലെന്ന് ഡോ.എം എസ് ജയപ്രകാശ് വാദിക്കുന്നു.പിന്നെ എന്തുകൊണ്ട് എന്‍ എസ് എസ്സും ഹിന്ദു മുന്നണിയും മറ്റും ബില്ലിനെ എതിര്‍ക്കുന്നു? വായിക്കുക:

ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ ജനകീയവത്കരിക്കാന്‍ ലക്ഷ്യമിടുന്നതായി കരുതുന്ന പുതിയ ദേവസ്വം ബില്‍ മറ്റൊരു സവര്‍ണ തന്ത്രമാണെന്ന യാഥാര്‍ഥ്യം പുറത്തുവരികയാണ്. ബില്‍ പുരോഗമനപരമാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ യാഥാസ്ഥിതിക സവര്‍ണകേന്ദ്രങ്ങള്‍ ബില്‍ വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളുടെ മേധാവിത്വം നഷ്ടമാകുമെന്ന ഭീതിയണവര്‍ക്ക്. എന്‍.എസ്.എസ് കേന്ദ്രങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നു. വിശാല ഹിന്ദുവിന്റെ എതിര്‍പ്പും ശക്തമാണ്. മുന്‍കാല സവര്‍ണ തന്ത്രങ്ങള്‍കൊണ്ട് കൈപൊള്ളിയ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ബില്ലിനെ അനുകൂലിക്കുകയാണ്. പഴയ വിശാല ഹിന്ദുസ്ഥാനം കളഞ്ഞ് ബില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് അനുകൂലമാണെന്ന് ധരിച്ചാണ് വെള്ളാപ്പള്ളിയും കൂട്ടരും അനുകൂലിച്ച് രംഗത്തുള്ളത്. 'ദേവസ്വം ബില്‍ ഇപ്പോള്‍ നടപ്പായില്ലെങ്കില്‍ ലോകാവസാനം വരെ നടപ്പാകില്ലെന്നും സവര്‍ണര്‍ കുത്തകയാക്കിയ ദേവസ്വംബോര്‍ഡില്‍ പിന്നാക്കക്കാര്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നത് തടയാനുള്ള സവര്‍ണലോബിയുടെ ശ്രമമാണ് ബില്ലിനോടുള്ള എതിര്‍പ്പെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു (മാധ്യമം 22.3.10). കവടിയാര്‍ കൊട്ടാരത്തിലെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തിലുള്ള ഹിന്ദുപാര്‍ലമെന്റിലെ എം.പിമാരാണല്ലോ വെള്ളാപ്പള്ളിയും മകന്‍ തുഷാറും. ആ പാര്‍ലമെന്റാണ് ദേവസ്വംബില്ലിനെ എതിര്‍ക്കുന്നതെന്നു കൂടി വെള്ളാപ്പള്ളി തിരിച്ചറിയേണ്ടിയിരിക്കുന്നു.

ബില്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് കരുതുന്ന വെള്ളാപ്പള്ളിയും മറ്റു പിന്നാക്ക ദലിത്സംഘടനകളും ബില്ലിലെ വ്യവസ്ഥകള്‍ വായിക്കാതെയാണ് പ്രതികരിച്ചിരിക്കുന്നതെന്ന് കാണാം. പുതിയ വ്യവസ്ഥയിലെ സവര്‍ണതന്ത്രം നോക്കുക. നിലവിലുള്ള മൂന്നംഗ ബോര്‍ഡിന്റെ സ്ഥാനത്ത് ഏഴംഗ ബോര്‍ഡ്. അംഗങ്ങള്‍ ആരൊക്കെയാണെന്നറിയണ്ടേ? ഒരു സാമൂഹിക പരിഷ്കര്‍ത്താവ്, ഒരു പട്ടികജാതി അംഗം, ഭക്തിഗാന ഗായിക, ക്ഷേത്രോപദേശക സമിതികളില്‍ നിന്നൊരാള്‍, ഒരു വനിത, മറ്റു രണ്ടംഗങ്ങള്‍ എന്നിങ്ങനെയാണ് നിയമനം.

ആരാണീ സാമൂഹികപരിഷ്കര്‍ത്താവ്? എന്‍.എസ്.എസിലെ നാരായണ പണിക്കരോ, സുകുമാരന്‍ നായരോ, അതോ വെള്ളാപ്പള്ളി നടേശനോ, മറ്റേതെങ്കിലും സമുദായനേതാവോ? സാമൂഹിക പരിഷ്കര്‍ത്താക്കളുടെ യുഗമായിരുന്നല്ലോ 'നവോത്ഥാനകാലഘട്ടം'. അന്നത്തെ പരിഷ്കര്‍ത്താക്കള്‍ മാറ്റിമറിച്ച പലതും ഇന്നും നിലനില്‍ക്കുന്നു എന്നാണ് ദേവസ്വംബോര്‍ഡിലെ സവര്‍ണ മേധാവിത്വം തെളിയിക്കുന്നത്. ഇപ്പോള്‍ പരിഷ്കര്‍ത്താക്കളില്ല, പകരം സാമൂഹിക പ്രവര്‍ത്തകരാണുള്ളത്. ബില്‍ വ്യവസ്ഥ ചെയ്യുന്ന സാമൂഹികപരിഷ്കര്‍ത്താവിന്റെ യോഗ്യതകള്‍ എന്തെല്ലാം? കേരളീയ സമൂഹം സമുദായങ്ങളുടെ ആകത്തുകയായിരിക്കെ സമുദായ പരിഷ്കര്‍ത്താവല്ലാതെ, സാമൂഹികപരിഷ്കര്‍ത്താവ് ഉണ്ടാകുന്നതെങ്ങനെ? ദേവസ്വം ബോര്‍ഡ് സാമൂഹികപരിവര്‍ത്തനത്തിലൂടെ വിപ്ലവം സൃഷ്ടിക്കാനുള്ള അയ്യങ്കാളിപ്പടയോ മറ്റോ ആണോ? (അയ്യങ്കാളിയുടെ കാലത്തുണ്ടായിരുന്ന പടയെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്, സമകാലിക സംഘടനയെ അല്ല). അതോ മുപ്പത്തിമുക്കോടി ഹിന്ദുദൈവങ്ങളുടെ സ്ഥിതി പരിഷ്കരിക്കാനുള്ള വേദിയാക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുപരീക്ഷയോ ഇന്റര്‍വ്യൂവോ നടത്തിയായിരിക്കും സാമൂഹികപരിഷ്കര്‍ത്താവിനെ കണ്ടെത്തുക. ഹിന്ദു സാമൂഹികപരിഷ്കര്‍ത്താവെന്ന് ബില്ലില്‍ പറഞ്ഞുകാണുന്നില്ല; മറ്റു മതക്കാര്‍ക്കും വിദേശികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമായിരിക്കും.

ഇനി പാട്ടുകാരിയുടെ കാര്യം. ഭക്തി ഗാനങ്ങള്‍ പാടിയാല്‍ മാത്രം പോരാ, പേരുകേട്ട ആളായിരിക്കണം, അത് ഗായിക തന്നെയാവണം. ഗായകന് സ്ഥാനമില്ല, ഭക്തി ഉണ്ടായാലും പേരുകേട്ടാലും പച്ചയായി പറഞ്ഞാല്‍ ആളൊരു സവര്‍ണവനിതയായിരിക്കണമെന്നു സാരം. ദൈവത്തിനുമുന്നിലെ ഈ ലിംഗവിവേചനം അപലപനീയമാണ്. മാത്രമല്ല, ഭരണഘടന അനുശാസിക്കുന്ന ലിംഗനീതിക്ക് വിരുദ്ധവുമാണ് ഈ വകുപ്പ്. ഹിന്ദുക്കളുടെ അര്‍ധനാരീശ്വര സങ്കല്‍പത്തിനും വിരുദ്ധമാണിത്. ക്ഷേത്രോപദേശക സമിതികള്‍ പൊതുവെ സവര്‍ണ സങ്കേതങ്ങളാണ്. കണ്ണുതട്ടാതിരിക്കാന്‍ ഒരു അവര്‍ണനെ തിരുകി വെക്കുകയല്ലാതെ ഈ സമിതികള്‍ ഇന്നുവരെ ഒരു ജനാധിപത്യവേദിയായിട്ടില്ല. സവര്‍ണവാദം മാത്രമല്ല, ദൈവം പൊറുക്കാത്ത ഹിന്ദുത്വവാദവും ഇവയുടെ മുഖമുദ്രയായിരിക്കും. മേല്‍പറഞ്ഞ ഗായിക വനിതയാണെങ്കിലും വീണ്ടുമൊരു വനിതക്കുകൂടി ബില്ലില്‍ വകുപ്പുണ്ട്. ചോരച്ചെങ്കൊടിയേന്തിയ വനിതയാണിതെന്ന് മുന്‍ ദേവസ്വംമന്ത്രി സുധാകരന്‍ കരുതിയിരിക്കാം. ഫലത്തില്‍ കാവിക്കൊടിയേന്തിയ സവര്‍ണവനിത തന്നെയായിരിക്കുമിതെന്ന് കാണാന്‍ പ്രയാസമില്ല. മറ്റു സമുദായങ്ങള്‍ക്ക് സംവരണമില്ലാത്ത വനിതാ സംവരണബില്ലിന്റെ സ്വഭാവംതന്നെയാണ് ഇതിലും പ്രകടമാകുന്നത്. 'ഒരു ജാതി, രണ്ടു വനിത, ഒരു ദേവസ്വം മനുഷ്യന്' എന്ന തത്ത്വം നടപ്പാക്കാന്‍ ഈ വകുപ്പ് ഉപകരിക്കും. നാരായണ ഗുരുവിന്റെ ശിഷ്യനാകാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളിയുണ്ടോ ഇക്കഥയറിയുന്നു!

പിന്നെ വരുന്നത് മറ്റു രണ്ട് അംഗങ്ങളാണല്ലോ. അവര്‍ ആരായിരിക്കുമെന്ന് ബില്ലിനെ എതിര്‍ത്ത് നിയമസഭയില്‍ സംസാരിച്ച തേറമ്പില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഞാന്‍ നായര്‍ തന്നെയാണ്. അത് പറയാന്‍ മടിയുമില്ല. നായരായി ജനിച്ചു, ഞാന്‍ നായരാണ്, ഹിന്ദുവാണ്, നല്ല മനുഷ്യനുമാണ്, രാഷ്ട്രീയത്തില്‍ ഞാന്‍ കോണ്‍ഗ്രസാണ്, ജയരാജന്‍, നിങ്ങള്‍ മറച്ചുവെച്ച് ചെയ്യുന്നത് ഞാന്‍ നേരേ ചൊവ്വേ പറയുന്നു എന്നേയുള്ളൂ''. (നിയമസഭാ റിപ്പോര്‍ട്ട്, കേരളകൌമുദി, മാര്‍ച്ച് 23, 2010) ബില്‍ പാസായാല്‍ നായര്‍മേധാവിത്വം പോകുമെന്ന് ഭയന്നാണ് ബില്ലിനെ എതിര്‍ത്ത് തേറമ്പില്‍ എന്‍.എസ്.എസിനു വേണ്ടി വാദിച്ചത്. ബില്‍ പാസായാലും നായര്‍മേധാവിത്വം നിലനില്‍ക്കുമെന്ന കാര്യം മേല്‍പറഞ്ഞ വകുപ്പുകള്‍ വിശകലനം ചെയ്താല്‍ മനസ്സിലാക്കാം. വസ്തുത ഇതായിരിക്കെ സവര്‍ണ കേന്ദ്രങ്ങള്‍ ഭയക്കുന്നത് മറ്റു വകുപ്പുകളെയാണ്.
സര്‍ക്കാറിന്റെ റിവിഷണല്‍ അധികാരം, ബോര്‍ഡിന്റെ ഏത് തീരുമാനവും സര്‍ക്കാറിന് റദ്ദാക്കാം, ബോര്‍ഡിന്റെ ഉത്തരവുകളുടെ നിയമസാധുതയും ഔചിത്യവും പരിശോധിക്കാം, ബോര്‍ഡിന്റെ നടപടികള്‍ ദുര്‍ബലപ്പെടുത്താം എന്നീ വകുപ്പുകളെയാണ് ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്ന കേന്ദ്രങ്ങള്‍ ഭയപ്പെടുന്നത്. പക്ഷേ, ഇതില്‍ കഥയില്ലെന്നാണ് ഇന്നുവരെയുള്ള ബോര്‍ഡിന്റെ ചരിത്രം വെളിപ്പെടുത്തുന്നത്. എന്തൊക്കെ നിയമങ്ങളുണ്ടായാലും സര്‍ക്കാര്‍ അതൊന്നും ബോര്‍ഡിനെതിരെ പ്രയോഗിക്കില്ല. കാരണം മറ്റൊന്നുമല്ല, ബോര്‍ഡിലെ അംഗങ്ങളുടെയും സര്‍ക്കാറിന്റെയും വര്‍ഗസ്വഭാവം ഒന്നായിരിക്കുമല്ലോ. കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് കഴിഞ്ഞകാലങ്ങളില്‍ ബോര്‍ഡിനെ നിരീക്ഷിച്ചതും ചില നടപടികള്‍ സ്വീകരിച്ചു എന്നു വരുത്തിയതും. ജി. രാമന്‍നായര്‍ പ്രസിഡന്റായിവന്ന കാലം മുതലാണ് ദശാബ്ദങ്ങള്‍ക്ക് ശേഷം എന്‍.എസ്.എസിന് ദേവസ്വം ബോര്‍ഡിലുള്ള പിടി അയയാന്‍ തുടങ്ങിയത്. എം.ബി ശ്രീകുമാര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധിയായി വന്നതും ഇറങ്ങിപ്പോയതുമെല്ലാം ഈ ഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്.

കുമ്മനം രാജശേഖരന്റെ ഹിന്ദുത്വ അജണ്ടയും എന്‍.എസ്.എസ് അജണ്ടയും തമ്മിലുള്ള ഗാഢബന്ധം രഹസ്യമാണെങ്കിലും ഇപ്പോള്‍ പരസ്യമായിത്തന്നെ പുറത്തുവന്നിരിക്കുന്നു. ഹിന്ദുക്കളുടെ 'സമവായം' ഉണ്ടാക്കണമെന്നും ബില്ലിന്റെ ആവശ്യമില്ലെന്നുമാണ് ഈ വിദ്വാന്റെ പ്രഖ്യാപനം. സമവായമെന്നാല്‍ ഹിന്ദു സംഘടനകളും സവര്‍ണകേന്ദ്രങ്ങളും സംഹാരമെന്നാണര്‍ഥമാക്കിയിട്ടുള്ളത്. നരേന്ദ്രന്‍ കമീഷന്റിപ്പോര്‍ട്ടിന്റെ പേരില്‍ സ്പെഷല്‍റിക്രൂട്ട്മെന്റ് വാദം ഉയര്‍ന്നുവന്നപ്പോഴും ഈ സമവായമെന്ന സംഭാരം നല്‍കി പലരെയും മയക്കി സ്പെഷല്‍ റിക്രൂട്ട്മെന്റ് അട്ടിമറിച്ചു. സംവരണക്കാര്യത്തില്‍ വിശാലഹിന്ദുവിന്റെ രക്ഷക്ക് ഇവര്‍ വരാറില്ല. ദേവസ്വം പ്രശ്നം വരുമ്പോള്‍ സമസ്തഹിന്ദുവിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വെടക്കാക്കി തനിക്കാകുകയും ചെയ്യും.

ഏറെ വിചിത്രമായ കാര്യം കുമ്മനത്തിന്റെ അതേ സ്വരത്തില്‍തന്നെ ക്രൈസ്തവസംഘടനയും മുസ്ലിം നേതാക്കളും എന്‍.എസ്.എസ് പക്ഷം പിടിച്ച് രംഗത്തുവന്നിരിക്കുന്നു എന്നതാണ്.
ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കഹിന്ദുക്കളുടെ താല്‍പര്യത്തെ ഹനിക്കാന്‍ സവര്‍ണകേന്ദ്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന ക്രൈസ്തവ, മുസ്ലിം നേതാക്കളുടെ നീക്കം ചരിത്രപരമായ വിഡ്ഢിത്തവും അപലപനീയവുമാണ്. (കെ.സി.ബി.സിയുടെയും ഹൈദരലി തങ്ങളുടെയും പ്രസ്താവനകള്‍ നോക്കുക, മാധ്യമം, മാര്‍ച്ച് 22, 23, 24 2010). ദേവസ്വം ബില്ലിനെ എതിര്‍ക്കുന്ന ക്രൈസ്തവ, മുസ്ലിം ജനപ്രതിനിധികളുടെ വീടുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും മുസ്ലിം, ക്രിസ്ത്യന്‍ എം.എല്‍.എമാര്‍ ഉറഞ്ഞുതുള്ളുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധേയമാണ്. (മാധ്യമം 25.3.2010) ഹിന്ദുത്വ ശക്തികളുടെ കൈയിലെ പാവയായിരുന്ന വെള്ളാപ്പള്ളി തല്‍ക്കാലം അവര്‍ക്ക് പാരയായത് രസകരമായ കാഴ്ചയാണ്.

ദേവസ്വം വരുമാനത്തിന്റെ സിംഹഭാഗവും കൊടുക്കുന്നത് പിന്നാക്കസമുദായങ്ങളാണ്. ആ പണത്തിന്റെ ഗുണഭോക്താക്കള്‍ സവര്‍ണസമുദായങ്ങള്‍ മാത്രവും. ഇങ്ങനെയുള്ള ദേവസ്വംഭരണത്തില്‍ മതിയായ പ്രാതിനിധ്യവും സ്വാധീനവും പിന്നാക്കജനതക്ക് ഉണ്ടാകുന്നില്ലെങ്കില്‍ ക്ഷേത്രഭണ്ഡാരങ്ങള്‍ ബഹിഷ്കരിക്കാന്‍ പിന്നാക്കസമുദായങ്ങള്‍ തയാറാവണം. ദൈവങ്ങളും ദൈവദാസന്മാരും ദാരിദ്യ്രമെന്തെന്ന് മനസ്സിലാക്കട്ടെ. മാനവസേവയാണ് മാധവസേവ എന്ന തത്ത്വം ഇക്കൂട്ടര്‍ക്ക് അപ്പോള്‍ ബോധ്യമാകും.


(മാധ്യമം ദിനപത്രം-ഡോ. എം.എസ്. ജയപ്രകാശ് 2010 ഏപ്രില്‍ 1)

2 comments:

  1. വിഡ്ഢികളായ അവർണ്ണരെ എക്കാലവും എങ്ങിനെയും കളിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് സവർണ്ണന്മാരുടെ ശേഷി. അത് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന പോസ്റ്റിന് അഭിനന്ദനങ്ങൾ!

    ReplyDelete
  2. ദേവസം കോളേജിൽ നിന്നും റീട്ടെയറായ ജയപ്രകാശ് സാറ് പണ്ടുമുതലെ ഉന്നയിക്കുന്ന വിഷയമാണിത്.ഇവിടെ ചർച്ചയ്ക്കു വെച്ച സത്യാന്വേക്ക് നന്ദി.

    ReplyDelete