Wednesday, January 20, 2010

ദലിതനെ ഇനി സഹിക്കില്ല

ഈയിടെ വന്ന രണ്ടു വാര്‍ത്തകള്‍ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.ഒന്ന് ലോകത്തെങ്ങും കേട്ടിട്ടില്ലാത്തവിധം(?) ഹൈക്കോടതി,സുപ്രീം കോടതിയെ 'ശിക്ഷിക്കുന്ന'ഒരു വിധിയാണ് :
"സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈകോടതി പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സ്വത്തു വിവരങ്ങള്‍ പൊതു ജനത്തിന് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കണമെന്ന ആവശ്യം ദല്‍ഹി ഹൈകോടതി അംഗീകരിച്ചു."
ഈ വാര്‍ത്ത ഇവിടെ കാണാം
ചീഫ് ജസ്റ്റിസ് ഒരു ദലിതനല്ലായിരുന്നെങ്കില്‍ ഈ കേസ് ദില്ലി ഹൈക്കോടതിയെന്നല്ല, ഇന്‍ഡ്യയിലെ എതെങ്കിലും ഒരു കോടതി ഫയലില്‍പ്പോലും സ്വീകരിക്കുമായിരുന്നോ? ഇവിടെ കേസില്‍ 'പരമോന്നത' നീതിപീഠത്തിനെതിരെ വിധി പ്രഖ്യാപിക്കയും ചെയ്തിരിക്കുന്നു. തങ്കലിപികളില്‍ രേഖപ്പെടുത്തണം ഇത്തരം വിധികളെ. ചീഫ് ജസ്റ്റിസായി കെ ജി ബി വന്ന അന്നുമുതല്‍ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഒരവസരവും മീഡിയയും നീതിന്യായ സംവിധാനവും തന്നെ വെറുതെ കളഞ്ഞിട്ടില്ല. അരനൂറ്റാണ്ടിനിടയ്ക്ക് ആദ്യമായി,ഒരു ദലിതന്‍ ചീഫ് ജസ്റ്റിസ് ആയതോടെ 'അശുദ്ധ'മാക്കപ്പെട്ട പരമോന്നത നീതിപീഠത്തില്‍ മറ്റ് ഒരു ദലിതന്‍ കൂടി വരരുതെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമാണ്. ജസ്റ്റിസ് ദിനകരനെതിരായ നീക്കം അതാണ് . ചീഫ് ജസ്റ്റിസ് അത് ഭാഗ്യവശാല്‍ തിരിച്ചറിഞ്ഞിരിക്കുന്നു.അതാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കാന്‍ കാരണം:
"രാജ്യസഭയുടെ ഇംപീച്ച്മെന്റ് നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ വിസമ്മതിച്ചു. സുപ്രീം കോടതി ജസ്റ്റിസായി ദിനകരനെ നിര്‍ദേശിച്ച ശേഷമാണ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവന്നതെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കെ.ജി. ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ഇംപീച്ച്മെന്റ് നടപടിയെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും അക്കാര്യത്തില്‍ ദിനകരന്‍തന്നെയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
എന്തുകൊണ്ട് നേരത്തേ ദിനകരനെതിരെ ആരോപണമൊന്നും ഉയര്‍ന്നില്ല എന്ന കാര്യം പ്രധാനമാണെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ ദിനകരനെതിരെ ഒരു ആരോപണംപോലും ഉയര്‍ന്നിരുന്നില്ല. കര്‍ണാടക ചീഫ് ജസ്റ്റിസാകുന്ന സമയത്തും ആരോപണമുണ്ടായില്ല. ദിനകരന് സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചതോടെയാണ് ആരോപണങ്ങളത്രയും ഉയര്‍ന്നു വന്നതെന്നും അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് കെ.ജി. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വരുന്നതിനെ താന്‍ എതിര്‍ത്തുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ല. വിവരാവകാശനിയമത്തിന് താന്‍ എതിരാണെന്ന തെറ്റിദ്ധാരണയാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു."
ഈ വാര്‍ത്ത മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
എന്തുകൊണ്ട് ജസ്റ്റിസ് ദിനകരനെ മാത്രം?
പട്ടികജാതി- പട്ടിക വര്‍ഗ സംഘടനകളുടെ അഖിലേന്‍ഡ്യാ കോണ്‍ഫെഡറേഷന്‍ സ്ഥാപക നേതാവ് ഡോ ഉദിത് രാജ് ചോദിക്കുന്നു:
"കൊല്‍ക്കത്ത ഹൈക്കോര്‍ട്ട് ജഡ്ജ് ആയ ജസ്റ്റിസ് സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുപോലും ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നോര്‍ക്കണം.ചണ്ഡീഗഢിലെ ഒരു ജഡ്ജിയുടെ വസതിയില്‍ നിന്ന് 15 ലക്ഷം രൂപ അനധികൃതമായി കണ്ടെത്തിയ കേസില്‍ ഒരു ഇംപീച്ച്മെന്റും ആരും ആവശ്യപ്പെട്ടിട്ടില്ല. ഗാസിയാബാദ് പ്രോവിഡന്റ് ഫണ്ട് അഴിമതിക്കേസില്‍ കുറ്റപത്രത്തില്‍ പേരുള്ള ഗാസിയാബാദിലെ നിരവധി ജഡ്ജിമാര്‍ക്കെതിരെയും ഒരു നടപടിയും ഇല്ല. അതിലൊരാള്‍-തരുണ്‍ ചട്ടര്‍ജി- സുപ്രീം കോടതി കൊളീജിയത്തിലുണ്ട്. നോയ്ഡയില്‍ ഒരു പ്ളോട്ട് അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേടും നിയമലംഘനവും ആരോപിക്കപ്പെടുന്ന അലഹബാദ് ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ബല്ലയെ പ്രൊമോട്ടുചെയ്യുകയാണുണ്ടായത്. ലൈംഗിക കേസില്‍ ഉള്‍പെട്ട രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ഒരു ഇംപീച്ച്മെന്റും ആരംഭിച്ചില്ല. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദിനെയും ഒന്നും ചെയ്തിട്ടില്ല.ഗ്വാളിയോരില്‍ തന്റെ ഓഫീസ് ദുരുപയോഗം ചെയ്ത് ചതുരശ്ര യാഡിന് ഒരു രൂപ നിരക്കില്‍ അദ്ദേഹം ഒരു പ്ളോട്ടും കൈക്കലാക്കിയിരുന്നു.എവിടെ നടപടി?"['Impeachment should not only against Justice Dinakran but against other tainted judges also'-സ്വതന്ത്ര സംഗൃഹീത വിവര്‍ത്തനം-'വോയ്സ് ഒഫ് ബുദ്ധ'2009 ഡിസംബര്‍ 16-31 പേജ് 5]
ഇതു സംബന്ധമായി സത്യാന്വേഷി എഴുതിയ പോസ്റ്റുകള്‍ സൈഡ് ബാറില്‍ ഞെക്കി കാണാം.

1 comment:

  1. @desertfox :
    "നിയമവ്യവസ്ഥയെ ജാതിയുമായി കൂട്ടിക്കുഴക്കുന്നത്‌ ആര്‍ക്കും ഗുണം ചെയ്യില്ല." 'ആര്‍ക്കും' ഗുണം ചെയ്യില്ല എന്ന് അങ്ങനെ ഏകപക്ഷീയമായി പറയല്ലേ? ഇന്നാട്ടിലെ ദലിതരും മറ്റു പിന്നാക്ക വിഭാഗങ്ങളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ജുഡീഷ്യറിയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നത്. സര്‍ക്കാര്‍ തന്നെ നിയമിച്ച നാച്ചിയപ്പന്‍ കമിറ്റി റിപ്പോര്‍ട്ടും അതാവശ്യപ്പെട്ടിട്ടുണ്ട്. എന്താ കാരണം? ജാതിയും ജാതിവിവേചനവും ഒരു യാഥാര്‍ഥ്യമാണെന്ന് ഒരിക്കലും ഈ 'ആരും' എന്ന ഗണത്തില്‍ വരുന്നവര്‍ അംഗീകരിക്കില്ല. സവര്‍ണാധിപത്യമുള്ള ഭരണകൂടത്തില്‍/മീഡിയയില്‍/ജുഡീഷ്യറിയില്‍ നിന്ന് തങ്ങള്‍ക്ക് നീതികിട്ടില്ലെന്ന് ജാതിപീഡനം അനുഭവിക്കുന്നവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അത്തരക്കാര്‍ ജാതി പറയാന്‍ നിര്‍ബന്ധിതരാവുന്നു.
    രാജ്യത്തെ 'പരമോന്നത നീതി പീഠ'ത്തെ മര്യാദ പഠിപ്പിക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരം ഉണ്ടോ? ഉണ്ടെങ്കില്‍ സമാനമായ വേറൊരു ഉദാഹരണം തരാമോ?

    ReplyDelete