Showing posts with label രാമജന്മഭൂമി. Show all posts
Showing posts with label രാമജന്മഭൂമി. Show all posts

Friday, October 1, 2010

വിധിയോ ഒത്തുതീര്‍പ്പോ?


ഒടുവില്‍ ആ വിധി വന്നു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ കേസില്‍ ആറുപതിറ്റാണ്ടുകള്‍ക്കുശേഷം അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ഡിവിഷന്‍ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ തര്‍ക്കസ്ഥലത്തിന്മേല്‍ ഹരജിക്കാരായ അഖില്‍ ഭാരതീയ ഹിന്ദുമഹാസഭക്കും നിര്‍മോഹി അഖാരക്കും യു.പി സെന്‍ട്രല്‍ വഖഫ്‌ബോര്‍ഡിനും അവകാശമുള്ളതിനാല്‍ മൂന്നു കൂട്ടര്‍ക്കും വിഭജിച്ചു നല്‍കണമെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. രാമജന്മസ്ഥാനം എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാം. അതേയവസരത്തില്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നും അത് ശ്രീരാമന്റെ സ്ഥലമായിരുന്നുവെന്നും ശ്രീരാമന്റെ ചൈതന്യം അവിടെ നിലനിന്നിരുന്നുവെന്നുമുള്ള അഭിപ്രായം ജഡ്ജിമാരായ സുധീര്‍ അഗര്‍വാ ളിനും ഡി.വി. ശര്‍മക്കുമേയുള്ളൂ.  ജസ്റ്റിസ് സിബ്ഗത്തുല്ലാഖാനാവട്ടെ ഈ അഭിപ്രായത്തെ നിരാകരിക്കുന്നു.

തര്‍ക്കമന്ദിരം ബാബറുടെ നിര്‍ദേശപ്രകാരം പണിത പള്ളിയാണെന്നും അത് പണിയാനായി ക്ഷേത്രം പൊളിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം വളരെ പുരാതന കാലത്തുണ്ടായിരുന്ന ഒരു ക്ഷേത്രത്തിന്റെ വളരെക്കാലമായി മൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കു മേലാണ് പള്ളി പണിതത് എന്ന നിഗമനത്തിലാണദ്ദേഹവും. ആര്‍ക്കി യോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനാവരണം ചെയ്ത ഖനന നിഗമനങ്ങളാണ് മൂന്ന് ജഡ്ജിമാരുടെയും വിധിക്കാധാരം. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി പള്ളിയില്‍ സ്ഥാപിക്കപ്പെട്ടതാണ് വിഗ്രഹങ്ങളെന്നും അവ സ്വയംഭൂ ആയിരുന്നില്ലെന്നുമുള്ള സുന്നി വഖഫ് ബോര്‍ഡിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, തര്‍ക്കസ്ഥല ത്തിന്റെ പൂര്‍ണാവകാശം തങ്ങള്‍ക്കാണെന്ന വഖഫ്‌ബോര്‍ഡിന്റെ അവ കാശവാദം കോടതി നിരാകരിക്കുകയാണ് ചെയ്തത്. അതോടൊപ്പം ഭാഗികമായ അവകാശം അനുവദിക്കുകയും ചെയ്തു.
വിശദവും സമഗ്രവുമായ വിലയിരുത്തലിന് ആയിരത്തിലധികം പുറങ്ങളുള്ള വിധിന്യായത്തിന്റെ കോപ്പി ലഭ്യമാവുകയും പഠിക്കുകയും വേണം. പ്രാഥമിക വിവരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി പറഞ്ഞാല്‍, അലഹബാദ് ഹൈകോടതിയുടെ വിധി വസ്തുതാപരവും തെളിവുകളുടെ അടിസ്ഥാനമാക്കിയുള്ളതുമെന്നതിനേക്കാള്‍ നിലവിലെ ദേശീയ സാഹ ചര്യവും വിധി ഉണ്ടാക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും കണക്കിലെ ടുത്തുകൊണ്ടുള്ള ഒരൊത്തുതീര്‍പ്പ് വിധിയാണെന്ന തോന്നലാണുളവാക്കുക. ഹരജിക്കാരായ മൂന്നു കക്ഷികള്‍ക്കും ഭൂമി പകുത്തുനല്‍കി ക്ഷേത്രവും പള്ളിയും നിര്‍മിക്കാന്‍ അവസരമൊരുക്കുക വഴി രാജ്യത്തിന് ഏറെ പേരുദോഷം വരുത്തിയ ഒരു പ്രശ്‌നത്തിന് അന്തിമ പരിഹാരമാവും എന്ന് ബഹുമാന്യരായ ന്യായാധിപന്മാര്‍ കരുതിയിരിക്കണം.
പക്ഷേ, അവര്‍ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് പ്രാഥമിക പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. വിധിയില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കരുതുന്ന സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം ലഭിച്ച ഹിന്ദുസംഘടനകള്‍  മൂന്നാമത്തെ ഭാഗത്തിനു വേണ്ടിയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അലഹബാദ് ഹൈകോടതി വിധി ഒത്തുതീര്‍പ്പാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് തീരുമാനിക്കുന്ന ഖണ്ഡിത വിധിയ ല്ലെന്നും നിരീക്ഷിച്ച സയ്യിദ് ശഹാബുദ്ദീനും സുപ്രീംകോടതിയെയാണ് അന്തിമവിധിക്കായി കാത്തിരിക്കുന്നത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയും രാജ്യത്തെ പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കോടതി വിധി തികച്ചും വിചിത്രമാണെന്നും ശരിയായ വിധിയല്ലെന്നുമാണ് തുറന്നടിച്ചിരിക്കുന്നത്.
 ഭൂമി ആരുടേതാണോ അതവര്‍ക്ക് നല്‍കുക എന്നല്ലാതെ മൂന്നായി വീതിച്ചത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതാഭിപ്രായം. വരും നാളുകളില്‍ കോടതിവിധി കൂടുതല്‍ വിവാദപരമായിത്തീരാനും ചര്‍ച്ചക്ക് വിഷയീഭവിക്കാനും സാധ്യതകളേറെ യാണ്. തെളിവുകളും വസ്തുതകളും സൂക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷവും മതനിരപേക്ഷവുമായി വിധി പറയേണ്ട കോടതികള്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക ഉയര്‍ത്തുന്ന താണ് ഇത്തരത്തിലുള്ള വിധികളെന്ന് നിസ്സംശയം പറയാം.
ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്നത് പ്രമാണിച്ച് രാജ്യത്തൊട്ടാകെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അഭൂതപൂര്‍വമായ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പട്ടാളത്തെയും പൊലീസിനെയും സര്‍വത്ര ഒരുക്കിനിര്‍ത്തി.യോഗങ്ങളും റാലികളും വിലക്കി. നിരോധാജ്ഞ പ്രഖ്യാപിച്ചു. ആകപ്പാടെ രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍, കോടതിവിധി എന്തായാലും മാനിക്കുമെന്നും സ്വീകാര്യ മല്ലെങ്കില്‍ പരമോന്നത കോടതിയെ സമീപിക്കുകയല്ലാതെ പ്രക്ഷോഭമോ പ്രതിഷേധമോ മറ്റു മാര്‍ഗങ്ങളോ സ്വീകരിക്കുകയില്ലെന്നും ബന്ധപ്പെട്ട ഹിന്ദു-മുസ്‌ലിം സംഘടനകള്‍ ഉറപ്പുനല്‍കിയിരുന്നു. തദ്ഫലമായാവാം വിധി വന്നശേഷം ഇതെഴുതുന്നതുവരെയും രാജ്യത്ത് ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്രയും ആശ്വാസകരം എന്ന് പറയുമ്പോള്‍ തന്നെ അനുസ്മരിക്കേണ്ട ഒരു വസ്തുതയുണ്ട്.
1992 ഡിസംബര്‍ ആറിന് ഈ സുരക്ഷാ ഏര്‍പ്പാടുകളുടെ ഒരു ശതമാന മെങ്കിലും അയോധ്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്തിരുന്നെ ങ്കില്‍ ചരിത്രപ്രധാനമായ ബാബരിമസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല, രാജ്യം അതിന് കനത്ത വില നല്‍കേണ്ടിയും വരുമായിരുന്നില്ല. പകരം ബാബരി നിലനില്‍ക്കെത്തന്നെ കോടതിക്ക് കേസ് വിധി പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, വിധിയുടെ സ്വഭാവവും മറ്റൊന്നാവുമായിരുന്നു എന്ന് വിശ്വസിക്കാനാണ് ന്യായം. കഴിഞ്ഞതേതായാലും കഴിഞ്ഞു. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തുക.നിയമവാഴ്ചക്ക് വഴങ്ങുക, മനുഷ്യസ്‌നേഹമാണ് സര്‍വോപരി വലുത്  എന്ന് തിരിച്ചറിയുക.

(മാധ്യമം മുഖപ്രസംഗം  2010 ഒക്റ്റോബര്‍ 01
ഈ വിധി പ്രത്യക്ഷത്തില്‍ത്തന്നെ മുസ്ലിങ്ങള്‍ക്കെതിരും ഹിന്ദുക്കള്‍ക്ക് (സംഘ് പരിവാര്‍ വിഭാഗത്തിന്)അനുകൂലവുമാണ്. അതുകൊണ്ട് രാജ്യത്ത് ഒരു കുഴപ്പവും ഉണ്ടായില്ല. മുസ്ലിങ്ങള്‍ എത്ര സമാധാനപ്രിയരും നിയമവാഴ്ച്ചയെ മാനിക്കുന്നവരുമാ ണെന്ന വസ്തുത ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

 ദില്ലി പോസ്റ്റ് പറയുന്ന സത്യം കൂടി കാണുക:

അനീതി മഴയായി പെയ്ത ദിനം