
"2001 ജൂണിലാണ് മഹാരാഷ്ട്രയിലെ എന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജോണ്‍ അബ്രഹാം അറസ്റ് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തി(1999)നു കീഴിലാണ് അറസ്റ് നടന്നത്. കുറ്റം, ആദിവാസികളെ അവരുടെ ഭൂമിയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും പേരില്‍ സംഘടിപ്പിച്ചു. മക്കോക്കയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ടു തെളിവുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍നിന്നു ലഭിച്ചെന്നു കൂടി പോലിസ് രേഖപ്പെടുത്തിയിരുന്നു. കാള്‍ മാര്‍ക്സിന്റെ മൂലധനം എന്ന കൃതിയും പൂനെയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ അഡ്വോക്കസി സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഭൂമിയിലെ അവകാശങ്ങള്‍ സംബന്ധിച്ച ഒരു രേഖയും. എനിക്കു തോന്നുന്നത്, അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന അതിനേക്കാള്‍ 'ഭയങ്കരമായ' മറ്റൊരു രേഖ പോലിസ് ശ്രദ്ധിക്കാതെ പോയെന്നാണ്: ഇന്ത്യയുടെ ഭരണഘടന! കാരണം, ഈയൊരു ഗ്രന്ഥമാണ് ഈ അവകാശപ്പോരാട്ടങ്ങള്ക്കൊക്കെയും താങ്ങുംതണലുമായി നിലകൊണ്ടത്.
രാജ്യം റിപബ്ളിക്കായതിന്റെ 60ാം വാര്‍ഷികാഘോഷങ്ങളുടെ വേളയിലാണ്. എന്നാല്‍, ഈ വേളയില്‍ ഭരണാധികാരികള്‍ ഒന്നുകില്‍ ഭരണഘടന അട്ടിമറിക്കുകയാണ്; അല്ലെങ്കില്‍ അതിനെ മറന്നുകളയുകയാണ്. കാരണം, ഈ രേഖ സ്വയം സമര്‍പ്പിച്ചത് നമ്മള്, ഇന്ത്യയിലെ ജനങ്ങളാണ്. ഒരുഭാഗത്ത്, തുല്യനീതിയുടെ അടിസ്ഥാനത്തിലുള്ള വികസനം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം ഈ ജനങ്ങളുടെ നേരെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓപറേഷന് ഗ്രീന്‍ഹണ്ട് എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നത് അത്തരമൊരു കൈയേറ്റമാണ്; ഈ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയല്ല അത്തരമൊരു കടന്നാക്രമണം. അതേസമയം, മഹാഭൂരിപക്ഷം ജനങ്ങളുടെ നേരെയുള്ള നീതിനിഷേധം അഭംഗുരം തുടരുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ തന്നെ ഇത്തരത്തിലുള്ള നീതിനിഷേധങ്ങളുടെ നിരവധി രജതജൂബിലികള്‍ കടന്നുപോയി: ഭോപാല്‍ വാതകദുരന്തത്തിന്റെയും സിഖുകാരുടെ മേലുള്ള വംശീയാക്രമണങ്ങളുടെയും 25ാം വാര്‍ഷികം.
ഈ നീതികേടിന്റെ അനുഭവങ്ങളുടെ വാര്‍ഷികാചരണം ഇന്നത്തെ നവലിബറല്‍ സാമൂഹികാവസ്ഥയില്‍ വളരെ പ്രധാനമാണ്. കാരണം, ഈ വാര്‍ഷികങ്ങളാണു റിപബ്ളിക്കിന്റെ 60ാം വാര്‍ഷികാഘോഷത്തിന് ഒരു പരഭാഗശോഭ നല്‍കുക; മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങളുടെയും അതിന്റെ ഭാഗമായ ഒത്തുതീര്‍പ്പുകളുടെയും ഒരു രേഖയാണെന്ന വസ്തുതയും അതു പുറത്തുകൊണ്ടുവരും. ഈയൊരു വസ്തുത, നിര്‍ഭാഗ്യവശാല്‍ നമുടെ ഭരണഘടനയുടെ ചരിത്രത്തിലോ പൌരധര്‍മം സംബന്ധിച്ച ക്ളാസുകളിലോ നിങ്ങള്‍ കേള്‍ക്കാനിടയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ വേരുകള്‍ 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ നിയമത്തിലല്ല മറിച്ച്, 1932ലെ പൂനാ കരാറിലാണു ചികയേണ്ടത്. ഈ തരത്തില്‍ നമ്മുടെ മുഖ്യധാരാ ചരിത്രപഠനം തന്നെയും മാറ്റിമറിക്കേണ്ട കാലമായി.
പൂനാ കരാറിനെ ദലിത്വിഭാഗങ്ങളുടെ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഉറപ്പുവരുത്തുന്ന ഒത്തുതീര്‍പ്പായി മാത്രമാണു പൊതുവെ നോക്കിക്കാണുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതിലും സങ്കീര്‍ണമാണ്. ഇന്ത്യയിലെ അവശസമുദായങ്ങളുടെ നേതാവായ അംബേദ്കര്‍ അവരുടെ വികാരങ്ങളും പ്രതീക്ഷകളുമാണു പ്രതിനിധീകരിച്ചത്. മറുവശത്ത് ഗാന്ധി, ഇന്ത്യയിലെ സവര്‍ണവിഭാഗങ്ങളുടെ താല്പ്പര്യസംരക്ഷകനായാണു പ്രത്യക്ഷപ്പെട്ടത്. ഈ ചര്‍ച്ചകളുടെ പശ്ചാത്തലമായി വര്‍ത്തിച്ചത് അക്കാലത്തു നടന്ന അഖിലേന്ത്യാ അവശസമുദായ മഹാസമ്മേളനമാണ്. ആ സമ്മേളനം വിളിച്ചുകൂട്ടിയ നേതാക്കളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയും ഉള്‍പ്പെട്ടിരുന്നു. അന്നു കോണ്‍ഗ്രസ്സിലായിരുന്ന മുഖര്‍ജിയാണു പിന്നീട് ഇന്ത്യയിലെ ഹിന്ദുത്വ ആശയങ്ങളുടെ അമരക്കാരനും ആര്.എസ്.എസിന്റെയും ജനസംഘത്തിന്റെയും നേതാവുമായി മാറിയത്. എന്നാല്‍, ഈ മഹാസമ്മേളനത്തില്‍ ഗാന്ധിജിയോ അംബേദ്കറോ പങ്കെടുക്കുകയുണ്ടായില്ല. ഗാന്ധിജിയുടെ പ്രതിനിധികളായി ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നിരവധി കോണ്ഗ്രസ്സുകാര് പങ്കെടുത്ത ആ സമ്മേളനത്തില്‍ അംബേദ്കറുടെ പ്രതിനിധിയായി ഒരേയൊരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ- തമിഴ്നാട്ടില്‍ നിന്നുള്ള ദലിത് നേതാവായ ഒരു രാജ.
വിക്കിപീഡിയ അടക്കമുള്ള ആധുനികരേഖകളില് കാണുന്നത്, ദലിതര്‍ക്കു പ്രത്യേക മണ്ഡലങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള റാംസേ മക്ഡോണാള്‍ഡിന്റെ കമ്മ്യൂണല്‍ അവാര്‍ഡിന് കാരണമായത് 1930-32ലെ വട്ടമേശ സമ്മേളനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനമാണെന്നാണ്. എന്നാല്‍ എനിക്കു തോന്നുന്നത്, അംബേദ്കറുടെ വാദമുഖങ്ങളുടെ ശക്തിയും പ്രേരണയുമാണ് സത്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരകമായത് എന്നാണ്. അതുകൊണ്ടാണു ഗാന്ധിജിക്ക് മക്ഡോണാള്‍ഡ് സര്‍ക്കാരുമായല്ല, അംബേദ്കറുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തേണ്ടതായി വന്നത്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, അങ്ങനെ വേണ്ടിയിരുന്നില്ല എന്നു ഗാന്ധി ചിന്തിക്കുമായിരുന്നുവെന്നും തോന്നിപ്പോവും. ഈ ചര്‍ച്ചകളുടെയും അതിനെ തുടര്‍ന്നു വന്ന പൂനാ കരാറിന്റെയും പശ്ചാത്തലത്തിലാണ് അംബേദ്കര്‍ ഇന്ത്യയിലെ ഭരണഘടനാ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മുഖ്യശില്‍പ്പിയായി മാറുന്നത്. ഇന്ത്യയുടെ ഭരണഘടനാചരിത്രത്തില് ശ്രദ്ധയോടെ പരിഗണിക്കേണ്ട ഒരു വിഷയവുമാണത്.
ഈ കാര്യങ്ങളാണു പിന്നീടുണ്ടായ വട്ടമേശ ചര്‍ച്ചകളില്‍ അംബേദ്കറുടെ സ്ഥാനവും പ്രാധാന്യവും ഉറപ്പിച്ചത്. മാത്രമല്ല, ഈ വേളയില്‍ അദ്ദേഹം പ്രകടിപ്പിച്ച ചിന്താപരമായ വ്യക്തതയും ഭരണഘടനാവിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യവുമാണ് ഭരണഘടന എഴുതിയുണ്ടാക്കുന്ന സമിതിയുടെ അധ്യക്ഷപദവി അദ്ദേഹത്തിനു ലഭിക്കാന്‍ ഇടയാക്കിയത്. നെഹ്റുവിന്റെ ഔദാര്യമൊന്നുമായിരുന്നില്ല അതിനു നിദാനമായത്. നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാരുടെ മുന്‍വിധികള്‍ ഈ കാലത്തെ സംബന്ധിച്ച പഠനങ്ങളില്‍ തെളിഞ്ഞുകാണാവുന്നതാണ്. ഗാന്ധിജിയുടെ അഹിംസാസമരത്തിനു വന്‍ പ്രാധാന്യം നല്കുന്ന അവര്‍, അതിനേക്കാള്‍ വിഷമംപിടിച്ച സാഹചര്യത്തില്‍ അവശസമുദായങ്ങളുടെ അഹിംസാത്മക സമരം നയിച്ച അംബേദ്കറെ കാണുന്നില്ല! മാത്രമല്ല, അവസാനം അങ്ങേരും എത്തിച്ചേരുന്നത് അഹിംസയ്ക്കു സര്വപ്രാധാന്യം നല്കുന്ന ബുദ്ധമതത്തിലാണ്.
അരുണ്‍ ഷൂരിയും സംഘവും എന്തൊക്കെപ്പറഞ്ഞാലും, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന കെട്ടിപ്പടുക്കുന്നതില്‍ അംബേദ്കര്‍ വഹിച്ച സുപ്രധാനപങ്ക് ക്രിസ്റോഫ് ജഫ്ര്ലോട്ടിനെപ്പോലുള്ള പണ്ഡിതന്മാര് ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്, 'ഒരു പാശ്ചാത്യ ജനാധിപത്യവാദി ഗാന്ധിയുടെ മേല്‍ നേടിയ കണക്കുതീര്‍ക്കല്‍' എന്നാണ്. കാരണം, ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനശിലയായ മൌലികാവകാശങ്ങള്‍ സംബന്ധിച്ച അധ്യായം അദ്ദേഹം തയ്യാറാക്കുന്നത് തന്റെ തന്നെ ആശയപരമായ നിലപാടുകളുടെ വെളിച്ചത്തിലാണ്; അതിന് അദ്ദേഹം ആധാരമാക്കുന്നത് ജാതിവ്യവസ്ഥയിലെ തന്റെ തന്നെ അനുഭവങ്ങളും പ്രയോജനവാദപരമായ ലിബറലിസവുമാണ്. ഗാന്ധിയുടെ തത്ത്വങ്ങളെയാവട്ടെ, ഭരണഘടനയുടെ നിയാമകതത്ത്വങ്ങളുടെ ഭാഗമാക്കി അദ്ദേഹം മാറ്റിവച്ചു. ഈ തത്ത്വങ്ങളാവട്ടെ, കോടതിയിലൂടെ നടപ്പാക്കാവുന്നതുമല്ല.
ഇന്ത്യന്‍ ജുഡീഷ്യറി കഴിഞ്ഞകാലങ്ങളില്‍ അംബേദ്കറുടെ ഈ ദര്‍ശനത്തിന്റെ ഭരണഘടനയിലെ കേന്ദ്രസ്വഭാവം വീണ്ടും വീണ്ടും ഊന്നുകയുണ്ടായി. ഭരണഘടനയില്‍ മൌലികാവകാശങ്ങള്‍ക്കു നല്കിയ പ്രാധാന്യം ഉറപ്പിച്ചുപറയുകയും അടിസ്ഥാനഘടന സംബന്ധിച്ച തത്ത്വങ്ങള്‍ രൂപീകരിക്കുകയും ചെയ്തതുവഴിയാണ് കോടതി ഈ നിലപാട് ശക്തിപ്പെടുത്തിയത്. അടിയന്തരാവസ്ഥയുടെ കടുത്ത നാളുകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്ഷയ്ക്കെത്തിയത് ഭരണഘടനയിലെ മൌലികാവകാശങ്ങള്‍ സംബന്ധിച്ച ഈ ദര്‍ശനമാണ്. ഇന്ത്യയിലെ ജുഡീഷ്യറി ഈയൊരു ദര്‍ശനം വലിയതോതില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സാമൂഹിക-സാമ്പത്തികനീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഭാഗമായി നടന്ന വേളയില്‍ അതാണു യഥാര്‍ഥത്തില്‍ സംഭവിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തെ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടത്; അതിന്റെ വേരുകള്‍ പൂനാ കരാറില്‍ നാം തിരയേണ്ടത്. കാരണം, അങ്ങനെ വന്നാല്‍ മാത്രമേ ഇന്ത്യയിലെ ഭരണഘടന ഈ രാജ്യത്തെ പാര്ശ്വവല്കൃത ജനതയുടെ വികാരങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമായി മാറുകയുള്ളൂ. അതു ദലിതരായാലും ആദിവാസികളായാലും മത-ലൈംഗിക ന്യൂനപക്ഷങ്ങളായാലും സ്ത്രീകളായാലും അവരുടെ വിമോചനസമരങ്ങള്‍ക്കു ശക്തിപകരുന്ന ഒരു രേഖയായി ഇന്ത്യന്‍ ഭരണഘടന പരിണമിക്കുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. ഭരണകൂടത്തിന്റെയും ഭരണകൂടേതര ശക്തികളുടെയും കടന്നാക്രമണങ്ങള്‍ നേരിടാനുള്ള ഒരു പ്രതിരോധായുധമായി ഭരണഘടനയെ മാറ്റാന്‍ കഴിയുന്നതും അങ്ങനെത്തന്നെയാണ്."
-ബോബി കുഞ്ഞു(തേജസ് ദിനപത്രം 26 ജനുവരി 2010 )
ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തെ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടത്; അതിന്റെ വേരുകള്‍ പൂനാ കരാറില്‍ നാം തിരയേണ്ടത്. കാരണം, അങ്ങനെ വന്നാല്‍ മാത്രമേ ഇന്ത്യയിലെ ഭരണഘടന ഈ രാജ്യത്തെ പാര്ശ്വവല്കൃത ജനതയുടെ വികാരങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമായി മാറുകയുള്ളൂ. അതു ദലിതരായാലും ആദിവാസികളായാലും മത-ലൈംഗിക ന്യൂനപക്ഷങ്ങളായാലും സ്ത്രീകളായാലും അവരുടെ വിമോചനസമരങ്ങള്‍ക്കു ശക്തിപകരുന്ന ഒരു രേഖയായി ഇന്ത്യന്‍ ഭരണഘടന പരിണമിക്കുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. ഭരണകൂടത്തിന്റെയും ഭരണകൂടേതര ശക്തികളുടെയും കടന്നാക്രമണങ്ങള്‍ നേരിടാനുള്ള ഒരു പ്രതിരോധായുധമായി ഭരണഘടനയെ മാറ്റാന്‍ കഴിയുന്നതും അങ്ങനെത്തന്നെയാണ്.
ReplyDeleteവളരെ പ്രസ്ക്തമായ പോസ്റ്റ്.ഇന്ത്യയിലെ അയിത്തജനതയുടെ ജനാധിപത്യാവകാശത്തിന്റെ മൂലകല്ലായിരുന്ന കമ്മ്യൂണല്‍ അവാര്‍ഡിനെ അട്ടിമറിച്ചതിന്റെ ആദ്യ പ്രതി മഹാത്മാവായിരുന്നെങ്കിലും ,എല്ലാ സമുദായശക്തികളും,ബുദ്ധികളും കൂടെയുണ്ടായിരുന്നു.ഇവിടെ പ്രത്യേകം പറയേണ്ടിവരുന്ന ഒരു പേരാണ്'തമിഴനാട്ടില്‍ നിന്നുള്ള രാജാ'.അവശ സമുദായ സമ്മേളനത്തില്‍ ടിയാന് അംബേദ്ക്കറിന്റെ പ്രതിനിധിയായിരുന്നു എന്ന പ്രസ്താവം പരിശോധിക്കേണ്ടതാണ്.കമ്മ്യൂണല്‍ അവര്ഡാനന്തരഘട്ടത്തില് ,ബാബാസാഹിബിനെ എതിര്‍ത്തു സംസാരിച്ചവരില്‍ ഈ രാജയും ഊണ്ടായിരുന്നു.(സമ്പൂര്‍ണ്ണ ക്രിതി:അനുബന്ധം -iv)ജനസംഖ്യാനുപാതികപ്രാതിനിധ്യം അധ:ക്കൃതവര്ഗ്ഗങ്ങളുടെ സ്വാഭാവികമായ അവകാശമാണെന്നും അതിന്റെ പൂര്‍ണ്ണ സംരക്ഷണം അവരുടെ സംരക്ഷയ്ക്കാവശ്യമാണെന്നും മി.രാജാക്കു തോന്നുന്നെങ്കില്‍ അതിനു വേണ്ടി കേന്ദ്രക്കമ്മിറ്റിയില്‍ ശക്തമായി ആവശ്യപ്പെടാന്‍ അവസരം ലഭിച്ചിട്ടും അങ്ങനെ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും അംബേദ്ക്കര്‍ ചോദിക്കുകയുണ്ടായി.കമ്മ്യൂണല്‍ അവാര്‍ഡില്‍ അധ:ക്കൃത വര്‍ഗ്ഗങ്ങള്‍ സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്നും വേര്‍പെടുമെന്ന വേവലാതിയും രാജക്കുണ്ടായിരുന്നതായി അംബേദ്ക്കര്‍ ആരോപിക്കുന്നു.വട്ടമേശസമ്മേളനത്തില്‍ നിന്നും പുറത്തായിരുന്നതിലാലുണ്ടായ വിസ്മൃതിയില്‍ നിന്നും സ്വയം പുനര്‍ജനിക്കുവാന്‍ വേണ്ടിയാണ് രാജ സവര്ണ്ണപക്ഷത്തു ചേരുന്നത് എന്നതാണു വസ്തുത.
ReplyDeleteYou are correct Charvakan.Thank you 4 ur comments.
ReplyDelete