എന്‍ എസ് എസ്സിന്റെ സംവരണ ഡിമാന്‍ഡ് സംബന്ധിച്ച് കേരള കൌമുദി ദിനപത്രം എഴുതിയ മുഖപ്രസംഗം ഇതാ:(ഈ ഒരു പണി മാത്രമേ അവര്‍ ഇവ്വിഷയത്തില്‍ ചെയ്യാറുള്ളൂ)2010 ജനുവരി 5
പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന സംവരണവും മറ്റ് ആനുകൂല്യങ്ങളും നായര്‍ സമുദായത്തിനും അനുവദിക്കണമെന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളന പ്രമേയം രാജ്യത്തെ ഭരണഘടനയും സാമൂഹ്യവ്യവസ്ഥയും ഇന്നത്തെ നിലയില്‍ തുടരുന്നിടത്തോളം കാലം അസാദ്ധ്യമായ ഒന്നാണെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പരിഹാരമാണ് സംവരണംകൊണ്ട് ലക്ഷ്യമാക്കുന്നത്. ആ നിലയ്ക്ക് സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് തീര്‍ത്തും എതിരാണുതാനും. നായര്‍ സമുദായത്തില്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണാനുകൂല്യം നല്‍കണമെന്നായിരുന്നു നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ ആവശ്യപ്പെട്ടുപോന്നത്. ആ നിലപാട് തുടര്‍ന്നുകൊണ്ട് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അതേപടി നായര്‍ സമുദായത്തിനും ലഭ്യമാക്കണമെന്നാണ് മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായര്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍.എസ്.എസിന്റെ പഴയ ആചാര്യന്മാരോ ഉന്നത നേതാക്കളോ ഇതുവരെ ഉന്നയിക്കാത്ത ഒരാവശ്യമാണ് പ്രതിനിധി സമ്മേളനം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ കാണാം. ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിലെ യുക്തിയില്ലായ്മയും അപ്രായോഗികതയും അത് ഉന്നയിച്ചവര്‍ക്കുതന്നെ അറിയുകയും ചെയ്യാം. നായര്‍ സമുദായത്തില്‍ മാത്രമല്ല പാവപ്പെട്ടവര്‍ ഉള്ളത്. അതിനെക്കാള്‍ ഉയര്‍ന്ന സമുദായങ്ങളിലും പാവങ്ങള്‍ ഏറെയുണ്ട്. ജനസംഖ്യ വച്ചുനോക്കിയാല്‍ ബ്രാഹ്മണ സമുദായം ന്യൂനപക്ഷമാണ്. അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബ്രാഹ്മണ സമുദായത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ നിലവിലുള്ള ഭരണഘടനാ വകുപ്പുകള്‍ പ്രകാരം അത് എങ്ങനെ സാദ്ധ്യമാകും?
സാമ്പത്തികമായ പിന്നാക്കാവസ്ഥയല്ല സംവരണത്തിന്റെ മാനദണ്ഡം. ഇക്കാര്യം മുന്‍പ് എത്രയോവട്ടം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനാ സമിതിയുടെ കാലം മുതല്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹികമായും വിദ്യാഭ്യാസപരമായും ചരിത്രാതീതകാലം തൊട്ടേ പിന്നാക്കാവസ്ഥയില്‍ കഴിയേണ്ടിവന്ന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയും ഭരണത്തില്‍ പങ്കാളിത്തം നല്കുന്നതിനുവേണ്ടിയുമാണ് ഭരണഘടനയില്‍ സംവരണ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതു മാറ്റിമറിക്കാന്‍ സര്‍ക്കാരുകള്‍ക്കോ കോടതികള്‍ക്കോ ആവുകയില്ലെന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. എന്നുമാത്രമല്ല, സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നപ്പോഴെല്ലാം കോടതികള്‍ അതിന്റെ സംരക്ഷകരായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ കുപ്രസിദ്ധമായ ബ്രാഹ്മണ ജി.ഒ കുറെപ്പേരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ബ്രാഹ്മണ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ട് അവിടത്തെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കടലാസുവില പോലും കല്പിക്കാതെ കോടതി ദൂരെ എറിയുകയാണ് ചെയ്തത്.
പെരുന്നയിലെ അഖില കേരള നായര്‍ പ്രതിനിധിസമ്മേളനം സംവരണം ആവശ്യപ്പെട്ടുകൊണ്ട് കൈയടിച്ച് പാസാക്കിയ പ്രമേയത്തിന് വെറുമൊരു രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ കവിഞ്ഞ പ്രാധാന്യം കാണേണ്ടതില്ല. നായര്‍ പ്രതിനിധികള്‍ പ്രമേയം പാസാക്കിയതിന്റെ കൈയടി ശബ്ദം നിലയ്ക്കും മുന്‍പേ യു.ഡി.എഫ് നേതാക്കള്‍ അവിടെ ഓടിപ്പാഞ്ഞെത്തിയതില് നിന്നുതന്നെ അത് രാഷ്ട്രീയതലത്തില്‍ സൃഷ്ടിച്ചുകഴിഞ്ഞ സംഭ്രാന്തി മനസ്സിലാക്കാം. എന്‍.എസ്.എസിന്റെ ആവശ്യം ഗൌരവപൂര്‍വം പരിഗണിക്കുമെന്ന് അഭിപ്രായം പറഞ്ഞ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടിയും സാമ്പത്തിക സംവരണാവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് കോണ്‍ഗ്രസ് യോജിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശ്രീ. എം. എം. ഹസനും രാഷ്ട്രീയലാഭമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒറ്റനോട്ടത്തിലറിയാം. സംവരണം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ മനഃപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് പല നേതാക്കളും ഈ വിഷയത്തില്‍ അഭിപ്രായം തട്ടിമൂളിക്കുന്നത്. സംവരണത്തിനുള്ള മാനദണ്ഡം സാമ്പത്തികമല്ലെന്ന് ഏവരും മനസ്സിലാക്കണം. സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് അവശത അളക്കാനുള്ള മാനദണ്ഡം. ജനസംഖ്യ ഒരിക്കലും അതിന് മാനദണ്ഡമാവുകയില്ല. അഥവാ അത് പരിഗണിക്കണമെന്നാണെങ്കില്‍ സംഗതി വളരെ എളുപ്പമാകും. സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുത്താല്‍ പട്ടികജാതി - പട്ടികവര്‍ഗവിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും എല്ലാം ചേര്‍ന്ന് മുക്കാല്‍ഭാഗം വരും. ജനസംഖ്യാടിസ്ഥാനത്തില്‍ ഉദ്യോഗങ്ങള്‍ വീതം വച്ചാല്‍ സിംഹഭാഗവും ഈ വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടിവരും. ജനസംഖ്യയില്‍ തങ്ങള്‍ എത്ര ശതമാനം വരുമെന്ന് എന്‍.എസ്.എസ് നേതാക്കള്‍ക്ക് തിട്ടമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇപ്പോള്‍ തങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കണക്കും അവരുടെ പക്കല്‍ കാണാതിരിക്കില്ല. അര്‍ഹതയുള്ളതിലധികം വരുന്നത് ത്യജിക്കാന്‍ അവര്‍ തയ്യാറാകുമോ? സംവരണത്തിന്റെ പേരുപറഞ്ഞ് സമുദായത്തിലെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാവും നല്ലത്. സംവരണത്തിലേക്ക് കുറുക്കന്വഴികളൊന്നുമില്ല.
.[തിരക്കുകള്‍ , മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ ഇവമൂലം സ്ഥിരമായി ബ്ലോഗ് നോക്കാന്‍ പോലും ആവുന്നില്ല. ദയവായി ക്ഷമിക്കുക;പോസ്റ്റുകളും കമ്മന്റുകളും വൈകും]
സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് അവശത അളക്കാനുള്ള മാനദണ്ഡം. ജനസംഖ്യ ഒരിക്കലും അതിന് മാനദണ്ഡമാവുകയില്ല. അഥവാ അത് പരിഗണിക്കണമെന്നാണെങ്കില്‍ സംഗതി വളരെ എളുപ്പമാകും. സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുത്താല്‍ പട്ടികജാതി - പട്ടികവര്‍ഗവിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും എല്ലാം ചേര്‍ന്ന് മുക്കാല്‍ഭാഗം വരും. ജനസംഖ്യാടിസ്ഥാനത്തില്‍ ഉദ്യോഗങ്ങള്‍ വീതം വച്ചാല്‍ സിംഹഭാഗവും ഈ വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടിവരും
ReplyDelete