Friday, April 30, 2010

കേരളരാഷ്ട്രീയത്തിലേക്ക് കത്തോലിക്കാ സഭ വീണ്ടും

കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ ഒരു പ്രത്യേക ജനുസ്സാണ്. അവരില്‍ കത്തോലിക്കര്‍ വിശേഷിച്ചും. കേരള രാഷ്ട്രീയത്തിലും സാമൂഹിക-വിദ്യാഭ്യാസ-ഉദ്യോഗസ്ഥ രംഗങ്ങളിലും നിര്‍ണായക സ്വാധീനമുള്ള സഭയാണവരുടേത്. അച്ചായന്മാരുടെ തനി സ്വഭാവം സൂക്ഷ്മ നിരീക്ഷണം ചെയ്ത് ഈയിടെ അസുരന്‍ എന്ന ബ്ലോഗര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.അച്ചായനിസം - ചില അസ്സൂയ ചിന്തകള്‍ ! സുറിയാനികള്‍ സ്വയവും മറ്റുള്ളവരും കരുതുന്നത് അവര്‍ സവര്‍ണരാണെന്നതാണ്. നായരും നമ്പൂതിരിയും മറ്റും മതം മാറിയവരാണത്രേ സുറിയാനികള്‍.എന്തരോ എന്തോ! അവരില്‍ പലരുടെയും സ്വഭാവവും പെരുമാറ്റവും തെളിയിക്കുന്നത് അവര്‍ക്ക് സവര്‍ണരുടെ മേധാവിത്വ മനോഭാവം ഉണ്ടെന്നു തന്നെയാണ്. അതുകൊണ്ടാണവര്‍ സ്വന്തം മതക്കാരായ ലത്തീന്‍ കത്തോലിക്കരേക്കാള്‍ സ്നേഹം അന്യമതക്കാരായ നായരോട് കാണിക്കുന്നത്. ഇന്നിപ്പോളവര്‍ കേരള രാഷ്ട്രീയത്തില്‍ നേരിട്ടിടപെടുന്നതിന്റെ ചിത്രം പി കെ പ്രകാശ് വരച്ചുകാട്ടുന്നതു കാണുക:
കേരളരാഷ്ട്രീയത്തിലേക്ക് കത്തോലിക്കാ സഭ വീണ്ടും

പുറപ്പുഴയിലെ വസതിയില്‍ ഇന്നലെ പി.ജെ. ജോസഫിനെ കണ്ടപ്പോള്‍ അദ്ദേഹം ഒന്നു പറഞ്ഞു: ഇടതുമുന്നണി വിടുന്നതും മാണി വഴി യു.ഡി.എഫില്‍ ചേരുന്നതും രാഷ്ട്രീയ തീരുമാനമല്ല. കേരളകോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാന്‍ കത്തോലിക്കാ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. മുന്നണി മാറ്റത്തിലും ലയനത്തിലും രാഷ്ട്രീയത്തേക്കാളുപരി സഭയാണ് തീരുമാനങ്ങളെടുക്കുന്നതെന്നര്‍ഥം.

കത്തോലിക്കാസഭയുടെ താല്‍പര്യം സംരക്ഷിക്കലാണ് കേരളകോണ്‍ഗ്രസുകാരുടെ ദൌത്യം. വിമോചനസമര കാലത്ത് രൂപം കൊണ്ട ക്രിസ്ത്യന്‍-നായര്‍ കൂട്ടുകെട്ടാണ് പിന്നീട് കേരളകോണ്‍ഗ്രസ് ആയത്. വിമോചനസമരത്തിന് പിന്നില്‍ രണ്ട് താല്‍പര്യങ്ങളായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നത് അമേരിക്കയുടെ കാഴ്ചപ്പാടില്‍ ക്രിസ്ത്യന്‍സംഘടനകളുടെ വീഴ്ചയാണ്. അധികാരത്തില്‍വന്ന കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നയവും വിദ്യാഭ്യാസനയവും സഭയുടെയും വിശ്വാസികളുടെയും താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഈ രണ്ട് തെറ്റുകളും തിരുത്താനായിരുന്നു വിമോചനസമരം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം മുസ്ലിംകളും ഇപ്പോള്‍ അമേരിക്കന്‍വിരുദ്ധരാണ്. സഭക്കാണെങ്കില്‍ ഇപ്പോള്‍ കേരള ഭരണത്തില്‍ വേണ്ടത്ര നിയന്ത്രണമില്ല. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കാനും കേരളത്തില്‍ ഭരണനിയന്ത്രണം ഉറപ്പിക്കാനും രാഷ്ട്രീയ ഇടപെടല്‍ വേണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്രസക്തമാകുന്നു
കേരള കോണ്‍ഗ്രസ് ലയന തീരുമാനം വരുംവരെ ആരും അറിഞ്ഞില്ല. മാണി-ജോസഫ് വിഭാഗം നേതാക്കളോ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളോ അറിഞ്ഞില്ല. കത്തോലിക്കാസഭ ജോസഫിനോട് മുന്നണി വിടാന്‍ പറഞ്ഞു. മാണിവഴി ജോസഫിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞു. ഒന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ ബന്ധപ്പെട്ട കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമായിരുന്നില്ല. സഭ പറഞ്ഞത് രാഷ്ട്രീയനേതൃത്വം അനുസരിക്കുക മാത്രമായിരുന്നു. ചങ്ങനാശേരി രൂപത മുന്‍മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൌവ്വത്തിലും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും കോതമംഗലം ബിഷപ്പ് ജോസഫ് പുന്നക്കോട്ടിലും കളിച്ച നാടകത്തിന് മുന്നിലെ പാവകളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളൊന്നും അറിഞ്ഞില്ലെന്ന് കേരളകോണ്‍ഗ്രസിലെ നേതാക്കളും യു.ഡി.എഫ് സാരഥിയും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം അലമുറയിട്ടു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പും മഅ്ദനിയും
ഇനി കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ നടന്ന വേദിപങ്കിടല്‍ വിവാദവുമായി ഇതിനെ താരതമ്യപ്പെടുത്തുക. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുമായി സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ പൊന്നാനിയില്‍ വേദി പങ്കിട്ടപ്പോള്‍ ഉയര്‍ന്ന വിമര്‍ശം ഓര്‍ക്കുക. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തില്ല, സി.പി.എമ്മില്‍ ആലോചിച്ചില്ല, മതമൌലിക വാദികളുമായി കൂട്ടുചേര്‍ന്നു എന്നെല്ലാമായിരുന്നു ആക്ഷേപം. ആ ആരോപണങ്ങള്‍ ഉയര്‍ത്തിയ സെക്യുലറിസ്റ്റുകളോ ബുദ്ധിജീവികളോ കത്തോലിക്കാസഭ കേരളരാഷ്ട്രീയത്തില്‍ നടത്തുന്ന ഈ ഇടപെടലിനെതിരെ ഇതുവരെയും രംഗത്തുവന്നിട്ടില്ല. 24 ശതമാനം വരുന്ന മുസ്ലിംസമുദായത്തിലെ പല കക്ഷികളില്‍ ഒന്നു മാത്രമായിരുന്നു പി.ഡി.പി. കത്തോലിക്കാ സഭയാകട്ടെ, ഒരു മതസ്ഥാപനം തന്നെയാണ്. ഒരു മതസ്ഥാപനം രാഷ്ട്രീയപാര്‍ട്ടികളെയും അതിന്റെ സംഘടനാരൂപങ്ങളെയും മാറ്റിനിറുത്തി കേരളരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയും ഒരു മുന്നണിയുടെ നേതൃത്വംതന്നെ പിടിച്ചെടുക്കാന്‍ തുനിയുകയും ചെയ്തിട്ടും അതില്‍ മതേതരവാദികള്‍ തെറ്റു കാണാത്തത് എന്താണ്?

ഒറീസയില്‍ ക്രിസ്ത്യാനികള്‍ ഹിന്ദുത്വശക്തികളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കിയത് കമ്യൂണിസ്റ്റുകാരായിരുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്താന്‍ കത്തോലിക്കാസഭ ശ്രമിക്കുന്നത് ശരിയോ എന്ന ചോദ്യത്തിന് പൌവ്വത്തില്‍ നല്‍കിയ മറുപടി ശാരീരികാതിക്രമങ്ങളേക്കാള്‍ ഭയാനകമാണ് ആത്മീയാതിക്രമം എന്നും അതുകൊണ്ട് കമ്യൂണിസ്റ്റ്വിരുദ്ധ പോരാട്ടത്തിനാണ് പ്രഥമസ്ഥാനം എന്നുമാണ്.

കെ.എം. മാണി കേരളരാഷ്ട്രീയത്തിലെ ചാണക്യനാണ്. ആ മാണി ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസുമായി പോലും ആലോചിക്കാതെ ജോസഫിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ചതിന് കാരണമെന്തായിരിക്കും?. ഓര്‍ക്കുന്നില്ലേ പി.സി. തോമസിനെ കത്തോലിക്കാസഭ ബി.ജെ.പി പിന്തുണയോടെ മൂവാറ്റുപുഴയില്‍ മല്‍സരിപ്പിച്ച് വിജയിപ്പിച്ചത്? അതിനുംമുമ്പ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-ജെയും ജനസംഘവും ഒന്നിച്ച് മല്‍സരിച്ചത്? സഭക്ക് അമേരിക്കതന്നെ ഫണ്ട് ചെയ്യുന്ന ഹിന്ദുത്വശക്തികളോട് ഒരു എതിര്‍പ്പുമില്ല. കോണ്‍ഗ്രസ് എതിര്‍ത്താല്‍ മറ്റൊന്ന് സഭയും മാണിയും ജോസഫും കണ്ടിട്ടുണ്ടാകാം. വേണ്ടിവന്നാല്‍ ഒരു മൂന്നാം മുന്നണി. സഭയുടെ ആളും അര്‍ഥവും, സംഘ്പരിവാറിന്റെ മൂവാറ്റുപുഴ മോഡല്‍. രണ്ട് മുന്നണികളിലും ഇന്ന് നിലനില്‍ക്കുന്ന ദുര്‍ബലാവസ്ഥ വേണ്ടിവന്നാല്‍ മുതലെടുക്കാമെന്ന തന്റേടം കൂടിയാണ് ബുദ്ധിമാനായ മാണി കോണ്‍ഗ്രസിനെ പോലും വെല്ലുവിളിച്ച് സഭക്ക് വേണ്ടി നടത്തുന്ന ഈ കളിക്ക് പിന്നില്‍ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാവില്ല.

ചരിത്രത്തിന്റെ തനിയാവര്‍ത്തനം
18 ശതമാനമാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍. അതില്‍ ലത്തീന്‍കത്തോലിക്കരും ഓര്‍ത്തഡോക്സും യാക്കോബായയും മാര്‍ത്തോമയും എല്ലാം കഴിഞ്ഞാല്‍ റോമന്‍കത്തോലിക്കര്‍ 10 ശതമാനത്തില്‍ താഴെയേ വരൂ. അവരുടെ രാഷ്ട്രീയപാര്‍ട്ടികളാണ് കേരളകോണ്‍ഗ്രസുകള്‍. പത്ത് ശതമാനത്തില്‍ താഴെവരുന്ന റോമന്‍ കത്തോലിക്കാസഭ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴജില്ലകളില്‍ ഭൂരിഭാഗം നിയമസഭാ സീറ്റുകളും പാര്‍ലമെന്റ് സീറ്റുകളും കൈയടക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മധ്യകേരളത്തിലെ പാര്‍ലമെന്റ്സീറ്റുകള്‍ ഇപ്പോള്‍തന്നെ റോമന്‍കത്തോലിക്കര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.അമേരിക്കന്‍ സാമ്പത്തികസഹായം കൈപ്പറ്റുന്ന വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും മറ്റും പിന്തുണയുള്ളവര്‍ കേരളരാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക^സാമുദായികപ്രത്യാഘാതങ്ങള്‍ ഗൌരവമേറിയതാണ്.

1964 ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഈഴവ സമുദായത്തില്‍പെട്ട ആര്‍. ശങ്കറിനെതിരെ പി.ടി. ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന കളികളാണ് കേരളകോണ്‍ഗ്രസിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസ്നേതൃത്വം ശങ്കറിനെ പിന്തുണച്ചതോടെയാണ് പിളര്‍പ്പിന് തുടക്കം. ശങ്കര്‍ വിരുദ്ധവിഭാഗത്തെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ അവര്‍ ചേര്‍ന്ന് 1964 ഒക്ടോബര്‍ ഒമ്പതിന് രൂപവത്കരിച്ച കേരളകോണ്‍ഗ്രസിന്റെ അടിത്തറ റോമന്‍ കത്തോലിക്കരും നായര്‍വിഭാഗവുമായിരുന്നു. ശങ്കറിനെ പുകക്കാന്‍ ശ്രമിച്ചവര്‍ ചേര്‍ന്ന് രൂപവത്കരിച്ച പാര്‍ട്ടിയായതിനാല്‍ എസ്.എന്‍.ഡി.പിയും ഈഴവസമുദായവും കേരള കോണ്‍ഗ്രസിന് എതിരായി. കോണ്‍ഗ്രസിന്റെ അടിത്തറ ചോര്‍ത്തിയാണ് കേരള കോണ്‍ഗ്രസ് ശക്തിപ്പെട്ടത്. 1965ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നായര്‍-ക്രൈസ്തവപിന്തുണക്കാരില്‍ വലിയൊരു വിഭാഗം കേരളകോണ്‍ഗ്രസിന്റെ അടിത്തറയായി മാറി.

ഇന്നും കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടുകയാണ് കേരളത്തില്‍ കത്തോലിക്കാസഭയുടെ ലക്ഷ്യം. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട ഉമ്മന്‍ചാണ്ടിയുടേയോ ഈഴവവിഭാഗത്തില്‍പെട്ട വയലാര്‍ രവിയുടേയോ നേതൃത്വത്തിലുള്ള ഗവണ്‍മെന്റല്ല സഭക്കു വേണ്ടത്. കത്തോലിക്കരല്ലാത്ത ക്രൈസ്തവവിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ യഥാര്‍ഥത്തില്‍ അംഗീകരിക്കുന്നില്ല. ഉന്നതജാതി ഹിന്ദുക്കള്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടതാണ് റോമന്‍കത്തോലിക്കര്‍ എന്നൊരു വിശ്വാസമുണ്ട്. റോമന്‍കത്തോലിക്ക-നായര്‍സഖ്യത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണ്. സംവരണത്തിന്റെ കാര്യത്തിലും ലത്തീന്‍ കത്തോലിക്കര്‍ പോലുള്ള സംവരണ വിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ അംഗീകരിക്കുന്നില്ല. സംവരണത്തില്‍ എന്‍.എസ്.എസിന്റെ നിലപാടാണ് റോമന്‍ കത്തോലിക്കര്‍ക്കുള്ളത്. യാക്കോബായ വിഭാഗങ്ങളോടും ഭിന്നത രൂക്ഷമാണ്. മാര്‍ത്തോമാ, യാക്കോബായ, ലാറ്റിന്‍ വിഭാഗങ്ങളേക്കാള്‍ അമേരിക്കന്‍വിധേയത്വവും റോമന്‍ കത്തോലിക്കര്‍ക്ക് ഏറെയാണ്. ഈ ഒരു രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പശ്ചാത്തലമുള്ള റോമന്‍ കത്തോലിക്കാസഭ യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനും എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനും വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വേണം സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് ലയനത്തെ രാഷ്ട്രീയകേരളം കാണേണ്ടത്.

5 comments:

  1. സത്യാന്വേഷീ, വളരെ അനിവാര്യവും കാലികപ്രസക്തവുമായ ഒട്ടേറെ സത്യങ്ങൾ നിറഞ്ഞ ഒന്നാന്തരംനിലവാരമുള്ള അരുപാടന്വേഷണങ്ങൾക്കുത്തരം ലഭിക്കുന്ന നല്ല സംരംഭം.സത്യാനേഷിക്ക് സത്യസന്ധമായ അഭിനന്ദനങ്ങൾ.

    ReplyDelete
  2. Sathyanweshi,
    it was not the church , which became the dagger on communism, but the Pan- Islamists represented by Jamaat e Islami, and the Theocratic regimes in the middle -east.
    The reason for the rejection by muslim electorate of "communist-Islamist" unity fascination against imperialism led by Jamaat in the 2009 loksabha election was because ,they knew very well who is who in muslim politics.

    nothing can be a better example to prove this is the article by Muslim league leader KM Shaji in mathrubhumi. Here si it

    "ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല."

    Link: അ

    ReplyDelete
  3. അഭിവാദ്യങ്ങള്‍! നല്ല ലേഖനം.

    ReplyDelete
  4. കേരള സവര്‍ണ്ണകൃസ്ത്യാനി കോണ്‍ഗ്രസ്സിന്റെ മുഖം മൂടിക്ക് പിന്നില്‍ നിന്ന് പെണ്ണുപിടിയന്‍ പാതിരിമാര്‍ കളി തുടങ്ങിയിട്ടേയുള്ളു. ഇന്ത്യ തന്നെ ഭരിക്കുന്നത് ഈ പതിരിമാരാണെന്ന് വിശ്വസിച്ചാലും തെറ്റാകില്ല !

    ലേഖനത്തില്‍ വളരെ വസ്തുനിഷ്ടമായി വര്‍ഗ്ഗീയ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെ പങ്ക് വരച്ചുകാണിച്ചിരിക്കുന്നു.അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  5. വിഷയത്തിൽ നിന്നും മാറി സഞ്ചരിക്കുന്ന ചില കമന്റുകൾ കണ്ടു.ഇവിടെ ഉന്നയിക്കുന്ന വിഷയം,കത്തോലിക സഭ കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഇടപെടീലുണ്ടോ ?എന്നാണ്.
    1.മന്നത്തു പത്മനാഭന്റെ അനുഗ്രഹാശിസുകകളോടെ 1964-ഒക്ടോബർ 31-ന് ,കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസ് രൂപപ്പെടുമ്പോൾ അതിനൊരു രാഷ്ട്രീയ ന്യായമുണ്ടായിരുന്നു.അത്-57-ലെ കമ്മ്യൂണീസ്റ്റു മന്ത്രിസഭയെ തകർക്കുന്നതിനു വേണ്ടി 59-ൽ വിമോചനസമരം നടത്തിയ നായർ-ക്രിസ്ത്യൻ(സവർണ)കൂട്ടൂകെട്ടീന്റെ സ്വാഭാവിക വികാസമായിരുന്നു.കാരണം ക്മ്യൂണീസ്റ്റു പാർട്ടിയുടേ സാ‍ന്നിധ്യം കാർഷിക മേഖലയിലെ വർഗ്ഗബന്ധങ്ങൾക്കും,തൊഴിൽ ബന്ധങ്ങൾക്കും കാര്യമായ ഉലച്ചിൽ തട്ടി.കാർഷിക അടിമത്വം ചോദ്യം ചെയ്യപ്പെട്ടൂ.ക്രിഷിഭൂമിയുടെ അധികാരവും,നടത്തിപ്പൂം നായരിലും,കൃസ്ത്യാനിയിലും കേന്ദീകരിച്ചിരുന്നു.
    വിമോചന സമരത്തിലെ ഒരു മുദ്രാവാക്യം തന്നെ തെളിവ്.’ചാത്ത്ൻ പൂട്ടാൻ പോകട്ടെ ചാക്കോ നാടൂഭരിക്കട്ടേ’,ആദ്യമന്ത്രിസഭയിലെ അംഗമായിരുന്നു,ചാത്തൻ മാസ്റ്റർ.പി.ടി.ചാക്കോ കോൺഗ്രസ് നേതാവും.പിന്നൊന്നുള്ളത്’ ‘പാളേൽ കഞ്ഞികുടിപ്പിക്കും,തമ്പ്രാനെന്നു വിളിപ്പിക്കും’ ഈ വാചകം ,വിശദീകരണമില്ലാതെ വ്യക്തമല്ലേ.
    2.ആദ്യ തിരഞ്ഞെടുപ്പിൽ(1965)-25-സീറ്റു നേടിയെങ്കിൽ പിന്നീടൊരിക്കലും കഴിഞ്ഞിട്ടില്ല.അതിന്റെ കാരണം,നായർ പിൻ വലിഞ്ഞതാണ്.അതായത് ഇന്നുകാണുന്ന കേരള കോൺഗ്രസ് ക്രിസ്ത്യാനി(സവർണ)കളുടേതു മാത്രമാണ്.(പിള്ളയദ്യത്തിനും സ്വകാര്യമായി ഒരുകഷണം ഉണ്ട്.)
    3.ക്രിസ്ത്യൻ ഐഡന്റിക്ക് സഭകളുടെ ബാഹുല്യമോ,വിശ്വാസപരമായ വ്യതിരിക്തതയോ ഒരിക്കലും പ്രശ്നമായിരുന്നില്ല.300-ൽ പരം സഭകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടന്നാണ് കണക്ക്.അതൊരിക്കലും ക്രിസ്ത്യാനിറ്റിയെ ബാധിച്ചിട്ടില്ല.
    4.മൂലധനവും,അധികാരവും ഒഴുകുന്നടത്തേക്കൊഴുകാൻ ,നസ്രാണിക്കുള്ള മെയ്‌വഴക്കം -മറ്റെല്ലാ ജാതിസമൂഹങ്ങളേയും കുശുമ്പിലേക്കും പ്രതിരോധത്തിലേക്കും നയിക്കുന്നത് സ്വാഭാവീകം.
    5.രണ്ടു മുന്നണികളിലായി അധികാരം വീതം വെക്കുന്ന കാലാവസ്ഥയിൽ ,ഒരു കഷണം അധികാരത്തിൽ ഉറപ്പായും ഉണ്ടാകും.
    വിഭവാധികാരത്തിന്റെ സങ്കീർണ വീതം വെപ്പിൽ ഒരിക്കലും നഷ്ടം വരാത്ത കച്ചവടമാണ്,സഭകൾ നടത്തിയെടുക്കുന്നത്.ഇരു മുന്നണീക്കും അറിയാമെങ്കിലും’‘വോട്ടു മെക്കാനിസ’‘ത്തിൽ കുടുങ്ങി മതേതര ഉടായിപ്പുകളിലാണ്.
    ബൈബിളിന്റെ പാഠം അധിനിവേശത്തിന്റേയും വെട്ടിപിടിക്കലിന്റേതുമാണല്ലോ.സെമിറ്റിക് മത സങ്കല്പത്തിന്റെ ഊർജം അതാണ് കേരളാ കോൺഗ്രസ് നടത്തിയെടുക്കുന്നത്.
    (ഈ വിഷയത്തിൽ,ബ്ലോഗർ ബന്യാമിനോളം അഭിപ്രായം പറയാനുള്ള കെല്പെനിക്കില്ല)

    ReplyDelete