Thursday, April 15, 2010

അംബേദ്കറും ജനാധിപത്യ സമൂഹവും



അംബേഡ്കര്‍ ജയന്തി
പ്രമാണിച്ച്

കെ എം സലിംകുമാര്‍ ഇന്നലെയും ഇന്നുമായി എഴുതിയ ലേഖനം കാണുക:

ഇന്ത്യയുടെ സത്ത അഥവാ ആത്മാവ് ജാതിയാണ്. ഭൂഖണ്ഡത്തിലെ മനുഷ്യബന്ധങ്ങളുടെ ആകത്തുകയാണിത്. ഗ്രാമങ്ങളും നഗരങ്ങളും നിര്‍മിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നത് ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയുടെയും മറ്റു ജീവിതോപാധികളുടെയും ഉടമസ്ഥാവകാശവും രാഷ്ട്രീയ-ഭരണവ്യവസ്ഥകളും മൂല്യമണ്ഡലങ്ങളുമെല്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജാതിനിഷ്ഠമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ സവിശേഷതയായ ഈ സാമൂഹിക പ്രതിഭാസത്തിലാണ് ഡോ. ബി ആര്‍ അംബേദ്കര്‍ ഇടപെട്ടത്.
ജന്‍മം കൊണ്ടുതന്നെ ലഭ്യമായ അയിത്തജാതിക്കാരനെന്ന തന്റെ ബഹിഷ്കൃത പദവിയില്‍ നിന്നുകൊണ്ട്, തന്നെയും തന്റെ സാമൂഹിക ചുറ്റുപാടുകളെയും മാറ്റിത്തീര്‍ക്കുന്ന പ്രായോഗികവും സൈദ്ധാന്തികവുമായ പ്രവര്‍ത്തനങ്ങളിലാണ് അംബേദ്കര്‍ ഏര്‍പ്പെട്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഉത്കൃഷ്ട മൂല്യങ്ങളാണ് തന്റെ സാമൂഹികചിന്തയുടെ മൌലിക ഘടകങ്ങളായി അദ്ദേഹം കണ്ടത്. ജാതിനിഷ്ഠമായ ഇന്ത്യന്‍ സമൂഹത്തെ വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ സിവില്‍ സമൂഹമായി എങ്ങനെ പരിവര്‍ത്തിപ്പിക്കാമെന്ന അന്വേഷണത്തിലായിരുന്നു അദ്ദേഹം. സമകാലികരായിരുന്ന മറ്റു രാഷ്ട്രതന്ത്രജ്ഞരില്‍നിന്നും പണ്ഡിതരില്‍നിന്നും അംബേദ്കറെ വ്യത്യസ്തനാക്കുന്നത് ജാതിപ്രശ്നവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും പ്രായോഗിക ഇടപെടലുകളുമാണ്.
ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനങ്ങളെയും സംഘാടകത്വത്തിന്റെ സവിശേഷതകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് യൂറോപ്പിലും അമേരിക്കയിലുമെല്ലാം വ്യത്യസ്തമായ സാമൂഹിക ഗ്രൂപ്പുകളുണ്ടെങ്കിലും ഒറ്റപ്പെട്ടതും വേര്‍തിരിക്കപ്പെട്ടതും വിശ്വാസത്തിലധിഷ്ഠിതവുമായ സാമൂഹിക ഗ്രൂപ്പുകള്‍ ഇന്ത്യയിലല്ലാതെ ലോകത്തു മറ്റൊരിടത്തുമില്ലെന്ന നിഗമനത്തിലാണ് അംബേദ്കര്‍ എത്തിച്ചേരുന്നത്. ജാതിയുടെ ഈ സവിശേഷതയെക്കുറിച്ച് അദ്ദേഹം പറയുന്നു: "യൂറോപ്യന്‍ ഗ്രൂപ്പുകളില്‍ പരസ്പര പ്രവര്‍ത്തനമുണ്ട്. ആന്തരിക സങ്കലനം സ്വാഭാവികമായ മാനസികപ്രവണതയെ ബാധിക്കുകയും വിശ്വാസയോഗ്യമായ ഒരു സമൂഹസൃഷ്ടിയിലേക്കു നയിക്കുകയും ചെയ്യുന്നു. എന്നാല്‍, ജാതികള്‍ ഒറ്റപ്പെട്ടതാണ്. പരസ്പര പ്രവര്‍ത്തനമില്ല. ഉദ്ദേശ്യലക്ഷ്യങ്ങളുടെ പരിഷ്കരണവുമില്ല. ഒരു ജാതി അഥവാ ഒരുപറ്റം ജാതികള്‍ മറ്റു ജാതികള്‍ക്കെതിരായി ഉന്നയിക്കുന്ന താല്‍പ്പര്യങ്ങള്‍ പാവനമായും അലംഘനീയമായും എന്നെന്നേക്കുമായി നിലനില്‍ക്കുന്നു. അവര്‍ ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നുവെന്ന വസ്തുത അവരുടെ സ്വഭാവം മാറ്റുന്നില്ല. ഈ സഹകരണവൃത്തി യാദൃച്ഛികമാണ്; സ്വാഭാവികമല്ല. ഉദ്ദിഷ്ടകാര്യസാധ്യത്തിനു വ്യക്തികള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നു; പരിഗണിക്കുന്നില്ല. കല്‍പ്പനകള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രവൃത്തികളും ഫലങ്ങളും പരിഷ്കരിക്കാനാണ്. എന്നാല്‍, മനോനിലയില്‍ മാറ്റം വരുത്തുന്നില്ല. സ്ഥിതി ഇതായിരിക്കെ നിസ്സഹായമായ ജാതികള്‍ക്കെതിരായ മറ്റു ജാതികളുടെ 'സ്വന്തം താല്‍പ്പര്യം' വരുത്തിവയ്ക്കുന്ന ദ്രോഹം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ സുരക്ഷ വ്യവസ്ഥ ചെയ്യണം. ഒരു ഗ്രൂപ്പ് മറ്റൊരു ഗ്രൂപ്പിന് എതിരും ശത്രുവുമാവുമ്പോള്‍ നിസ്സഹായമായ ഗ്രൂപ്പിനു സംരക്ഷണം വേണം'' (ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16). സാമൂഹികനീതിയില്‍ അധിഷ്ഠിതമായൊരു രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് ഇന്ത്യയെ നയിച്ചത് ഈ വിശകലന സമ്പ്രദായമാണ്. അത് രാജ്യത്തെ ആഭ്യന്തര ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാക്കി.
സാമൂഹികനീതി ഉറപ്പാക്കപ്പെടാത്ത ദേശസ്വാതന്ത്ര്യത്തെയും രാഷ്ട്രനിര്‍മിതിയെയും ആശങ്കകളോടെയാണ് അംബേദ്കര്‍ നോക്കിക്കണ്ടത്. കൊളോണിയല്‍ ആധിപത്യത്തിലൂടെ അധികാരഭ്രഷ്ടരാക്കപ്പെട്ട പരമ്പരാഗത ഭരണാധികാരിവിഭാഗങ്ങളുടെ പുനരധികാരപ്രാപ്തിയാണ് സ്വാതന്ത്ര്യത്തിലൂടെ ഉണ്ടാവാന്‍ പോവുന്നതെന്നും അതില്‍ അയിത്തജാതിക്കാര്‍ക്കു യാതൊരു പങ്കാളിത്തവും ലഭിക്കാന്‍ പോകുന്നില്ലെന്നും അംബേദ്കര്‍ നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ പിന്‍മാറുന്നതുവഴി ബ്രാഹ്മണ-ബനിയ-കായസ്ഥ വിഭാഗങ്ങളുടെ കൈകളിലേക്കാണ് രാഷ്ട്രത്തിന്റെ പരമാധികാരം എത്തിച്ചേരുന്നതെന്നും അവരുടെ കൈകളില്‍ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന അയിത്തജാതിക്കാര്‍ ഒട്ടും സുരക്ഷിതരല്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
പുരാതന-മധ്യകാലഘട്ടങ്ങളില്‍ ഇന്ത്യ ഭരിച്ചിരുന്നത് ബ്രാഹ്മണ-ക്ഷത്രിയ സഖ്യമായിരുന്നു. ബ്രാഹ്മണര്‍ തൂലികകൊണ്ടും ക്ഷത്രിയര്‍ വാളുകൊണ്ടുമാണ് ഭരണം നടത്തിയിരുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വാളിനേക്കാള്‍ പണത്തിനു പ്രാധാന്യം കൈവന്ന കൊളോണിയല്‍ പശ്ചാത്തലത്തില്‍ ബ്രാഹ്മണര്‍ ബനിയകളുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും ഇവരാണ് കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക സ്രോതസ്സെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. ആ നിലയില്‍ ഇന്ത്യയിലെ ഭരണവര്‍ഗമായ ബ്രാഹ്മണ-ബനിയ സഖ്യമാണ് രാജ്യം ഭരിക്കാന്‍ പോകുന്നതെന്നും അവരില്‍നിന്ന് അയിത്തജാതിക്കാര്‍ക്ക് നീതി ലഭിക്കില്ലെന്നും ദൃഢമായി അംബേദ്കര്‍ വിശ്വസിച്ചു. സ്വതന്ത്ര ഇന്ത്യയുടെ അധികാരകേന്ദ്രങ്ങളില്‍ അയിത്തജാതിക്കാരായ പട്ടികവിഭാഗങ്ങളുടെ സവിശേഷമായ അധികാരത്തിനുവേണ്ടി അദ്ദേഹം വാദിച്ചത് അതുകൊണ്ടാണ്. അധികാരവുമായി ബന്ധപ്പെട്ട അംബേദ്കറുടെ നിലപാട് രാഷ്ട്രനേതൃത്വം തള്ളിക്കളഞ്ഞുവെങ്കിലും രാഷ്ട്രീയ സംവരണമുള്‍പ്പെടെ സംവരണം ഭരണഘടനാപരമായൊരു വ്യവസ്ഥയായി അംഗീകരിക്കപ്പെട്ടു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ജാതീയത മൂലം പുറന്തള്ളപ്പെട്ട ദലിത് സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സാമൂഹികനീതിയുടെ പ്രയോഗമായിരുന്നു ഇത്.
തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യയിലെ ദലിതര്‍ക്കു സാമൂഹിക-രാഷ്ട്രീയരംഗത്തുണ്ടാക്കാന്‍ കഴിഞ്ഞ എല്ലാ നേട്ടങ്ങളും സംവരണവുമായി ബന്ധപ്പെട്ട് ലഭ്യമായവയാണെന്നു കാണാം. തന്നെയല്ല, സാമൂഹികനീതിസങ്കല്‍പ്പത്തോടൊപ്പം സംവരണത്തിന്റെ വിതാനം ദലിതരില്‍നിന്നു മറ്റു മര്‍ദ്ദിതവിഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു.
1990കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മൌലികമായി ചലിപ്പിച്ച മണ്ഡല്‍ റിപോര്‍ട്ട് അംബേദ്കറുടെ സാമൂഹിക പരിശോധനാ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിക്കപ്പെട്ടൊരു മൌലികരേഖയാണ്. ഇന്ത്യന്‍ സാമൂഹികഘടനയെ മൂര്‍ത്തമായ സാമൂഹിക പരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ട് ജാതിയുടെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമാണെന്ന് മണ്ഡല്‍ വ്യക്തമാക്കി. ദലിതര്‍ മാത്രമല്ല പിന്നാക്കക്കാരും നേരിടുന്ന അടിസ്ഥാന പ്രശ്നം ജാതിയാണെന്നും പിന്നാക്കക്കാര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ 27 ശതമാനം സംവരണം നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഭൂപരിഷ്കരണമടക്കം മൌലികമായ മറ്റു ചില ശുപാര്‍ശകള്‍ കൂടി കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് ദീര്‍ഘകാലം പൂഴ്ത്തിവച്ച മണ്ഡല്‍ റിപോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിങ് ഗവണ്‍മെന്റിന്റെ ശ്രമം രാജ്യത്ത് സാമൂഹിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ എന്നതുപോലെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സിവില്‍ സര്‍വീസ് മേഖല സമ്പൂര്‍ണമായും കൈയടക്കിവച്ചിരുന്ന ഉദ്യോഗസ്ഥ ഉന്നതജാതികളും വ്യാപാരജാതികളും ഭൂവുടമജാതികളുമെല്ലാം പിന്നാക്കസംവരണത്തിനെതിരേ രംഗത്തുവന്നു. സമ്പത്തും അധികാരങ്ങളും പദവികളും വിജ്ഞാനവുമെല്ലാം നൂറ്റാണ്ടുകളായി കൈയടക്കിവച്ചവരും അവരുടെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരായിക്കൊണ്ടിരുന്നവരും തമ്മിലുള്ള ശക്തമായ സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണമായിരുന്നു ഇതിന്റെ ഫലം. ഇന്ത്യയുടെ വിസ്തൃതമായ ഭൂപ്രദേശങ്ങളില്‍ ദലിത് അടിത്തറയില്‍നിന്ന് ബി.എസ്.പിയും പിന്നാക്ക അടിത്തറയില്‍നിന്ന് എസ്.പിയും പോലുള്ള പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നു.
കോണ്‍ഗ്രസ്സിന്റെ ഏകപാര്‍ട്ടിഭരണം അവസാനിച്ചു. കെ ആര്‍ നാരായണനെപ്പോലെ ചിലരെ രാഷ്ട്രാധികാരത്തിന്റെ പരമോന്നത പദവികളിലേക്ക് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നോക്കിയത്. സ്വകാര്യമേഖലയിലെ സംവരണമടക്കം ദലിതരുയര്‍ത്തിയ പല മുദ്രാവാക്യങ്ങളും അവര്‍ ഏറ്റുപറഞ്ഞു. സംഘപരിവാര ശക്തികളാവട്ടെ തങ്ങളുടെ പ്രഖ്യാപിത മുസ്ലിംശത്രുവിനെ കേന്ദ്രീകരിച്ചുകൊണ്ട് ബാബരി മസ്ജിദിനെതിരേ നീങ്ങി. വര്‍ഗീയ ധ്രുവീകരണത്തിലൂടെ സാമൂഹിക ധ്രുവീകരണത്തെ തടയുകയായിരുന്നു അവരുടെ ലക്ഷ്യം. ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവച്ച സാമ്പത്തികസംവരണ വാദം ബി.ജെ.പിക്കും സംഘപരിവാരത്തിനും മാത്രമല്ല, സി.പി.ഐ, സി.പി.എം തുടങ്ങിയ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്കും സ്വീകാര്യമായി. ജുഡീഷ്യറിയാകട്ടെ പിന്നാക്കസംവരണത്തില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജാതിസംവരണത്തെ പിടിച്ചുലയ്ക്കുകയും സാമൂഹികനീതി സങ്കല്‍പ്പത്തെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിനിടയിലും പിന്നാക്കസംവരണം യാഥാര്‍ഥ്യമാവുകയാണ് ചെയ്തത്. ഇത്തരം സംഘര്‍ഷങ്ങളെയും ചലനങ്ങളെയുമൊഴിവാക്കി കീഴാളര്‍ക്ക് രാഷ്ട്രനിര്‍മാണപ്രക്രിയയിലേക്ക് കടന്നുവരാനാവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിന്നീട് നാം സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലൂടെ മുസ്ലിം സംവരണവും രംഗനാഥ മിശ്രാ കമ്മീഷന്‍ റിപോര്‍ട്ടിലൂടെ പരിവര്‍ത്തിത ദലിതരുടെ സംവരണപ്രശ്നവുമെല്ലാം രാജ്യത്ത് ചര്‍ച്ചകളും വിവാദങ്ങളുമായി മാറുന്നതു കണ്ടു.
സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്നം
ഇന്നിപ്പോള്‍ രാജ്യം, ലോക്സഭയില്‍ സമര്‍പ്പിക്കാന്‍ പോവുന്ന വനിതാസംവരണ ബില്ലിനായി കാതോര്‍ക്കുകയാണ്. സാര്‍വദേശീയ വനിതാദിനത്തിന്റെ ശതാബ്ദിവേളയില്‍, 2010 മാര്‍ച്ച് എട്ടിനാണ്, 33 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തുന്ന വനിതാസംവരണ ബില്ല് യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ പിന്നാക്കവിഭാഗ പ്രതിനിധികള്‍ സൃഷ്ടിച്ച ക്ഷുഭിതമായ അന്തരീക്ഷത്തില്‍ പാസാക്കിയത്.
ഭരണസഖ്യത്തോടൊപ്പം മുഖ്യ പ്രതിപക്ഷകക്ഷിയായ ബി.ജെ.പിയും ഇടതുപക്ഷശക്തികളും ബില്ലിനോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ പിന്നാക്ക-ദലിത്-ന്യൂനപക്ഷാടിത്തറയുള്ള എസ്.പി, ആര്‍.ജെ.ഡി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇപ്പോഴത്തെ രൂപത്തില്‍ ബില്ല് പാസാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നു. 90 ശതമാനം സ്ത്രീകളെയും പുറത്തുനിര്‍ത്തിക്കൊണ്ട് 10 ശതമാനം സവര്‍ണ മുന്നാക്കസ്ത്രീകള്‍ക്കു മാത്രമേ വനിതാസംവരണം ഗുണം ചെയ്യൂവെന്നും 50 ശതമാനം സംവരണം നല്‍കുന്നതിനും തങ്ങള്‍ എതിരല്ല പക്ഷേ, പിന്നാക്ക ദലിത് ന്യൂനപക്ഷ സ്ത്രീകള്‍ക്കു സംവരണത്തിനുള്ളില്‍ പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വനിതാസംവരണ ബില്ലിന്റെ ചരിത്രപ്രാധാന്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിന്റെ ഫലമാണിത്. സമൂഹത്തിന്റെ പുറമ്പോക്കില്‍നിന്ന് ഇത് ഇന്ത്യന്‍ സ്ത്രീകളെ രാഷ്ട്രീയാധികാരത്തിലേക്കു കൊണ്ടുവരുന്നു. പിതൃപാരമ്പര്യത്തിനും പുരുഷാധിപത്യത്തിനുമെതിരേ എന്നതുപോലെ ജാതിവ്യവസ്ഥയ്ക്കുമെതിരേയുള്ള ശക്തമായൊരു ആഘാതമാണിത്. ഒരു കാര്യം ദൃഢമായി പറയാനാവും: രാഷ്ട്രീയാധികാരഘടനയില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്താതെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ശാക്തീകരണവും അസാധ്യമാണ്. അതുപോലെ, സംവരണത്തിന്റെ മുഴുവന്‍ പരിമിതികളും നിലനില്‍ക്കെ തന്നെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അധികാരപ്രവേശനത്തിനു സംവരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
എന്നാല്‍, ബില്ലിന് അനുകൂലമായി രംഗത്തുവന്ന വനിതാസംഘടനകളും സ്ത്രീനേതൃത്വങ്ങളും എന്തുകൊണ്ട് പിന്നാക്ക-ദലിത് ആദിവാസി ന്യൂനപക്ഷ സ്ത്രീകളുടെ ഭരണപങ്കാളിത്തത്തിന്റെ പ്രശ്നം ഉന്നയിക്കുന്നില്ല എന്നതു സുപ്രധാനമായൊരു രാഷ്ട്രീയപ്രശ്നമാണ്. പിതൃപാരമ്പര്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഹിംസാത്മകതയ്ക്കെതിരേ സോണിയാ ഗാന്ധിയും സുഷമാ സ്വരാജും വൃന്ദാ കാരാട്ടും നജ്മാ ഹിബതുല്ലയുമെല്ലാം നേടുന്ന തിരിച്ചറിവ് ഇന്ത്യന്‍ സ്ത്രീകളുടെ സ്വത്വാവബോധത്തിന്റെയും മുന്നേറ്റത്തിന്റെയും സൂചകമാണ്. എന്നാല്‍, ഇതേ സ്ത്രീകളെത്തന്നെ അടിച്ചമര്‍ത്തുന്ന ജാത്യാധിപത്യത്തെയും ജാത്യാഭിമാനത്തെയും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവിടെയാണ് അവര്‍ണപക്ഷത്തുനിന്നു ബില്ലിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങള്‍ പ്രസക്തമാവുന്നത്.
ഇന്ത്യന്‍ സാമൂഹികഘടനയെക്കുറിച്ചോ സാമ്പത്തിക-രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചോ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചൂഷണസമ്പ്രദായങ്ങളെയും അടിച്ചമര്‍ത്തലുകളെയും കുറിച്ചോ സമഗ്രമായ കാഴ്ചപ്പാടുള്ള ആര്‍ക്കും ജാത്യാധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തിന്റെ കീഴ്ത്തട്ടുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം ആശങ്കകള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കാനാവില്ല. എന്നാല്‍, സോണിയാ ഗാന്ധിയടക്കമുള്ള സ്ത്രീനേതൃത്വങ്ങള്‍ ദേശീയരാഷ്ട്രീയത്തിലെ അനിഷേധ്യസാന്നിധ്യങ്ങളായി മാറിക്കൊണ്ടിരുന്ന കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം പകുതിയായി കുറയുകയാണു ചെയ്തതെന്ന സത്യം അവര്‍ മറച്ചുവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 544 അംഗ പാര്‍ലമെന്റിലേക്ക് 43 സ്ത്രീകളെ മാത്രമേ കോണ്‍ഗ്രസ് നിര്‍ത്തിയിരുന്നുള്ളൂ. 44 സ്ത്രീകളെ നിര്‍ത്തിയ ബി.ജെ.പിക്കു പിന്നിലായിരുന്നു ഇവര്‍. പാര്‍ലമെന്റിലെ മൂന്നു മുസ്ലിം സ്ത്രീ എം.പിമാരില്‍ രണ്ടുപേരും ബി.എസ്.പിക്കാരാണെന്ന യാഥാര്‍ഥ്യവുമുണ്ട്.
കോണ്‍ഗ്രസ്സിന്റെ ആദര്‍ശനേതൃത്വമായിരുന്ന ഗാന്ധി ഇന്ത്യന്‍ സ്ത്രീകളെ മഹത്ത്വപ്പെടുത്തുന്നതിനായും അവരുടെ ഔന്നത്യം പുരുഷന്മാര്‍ക്കുപരി സ്ഥാപിക്കുന്നതിനായും കണ്ടെത്തിയ മൂല്യങ്ങള്‍ സഹനവും സഹിഷ്ണുതയും ത്യാഗവുമായിരുന്നു; സ്വാതന്ത്ര്യവും സമത്ത്വബോധവുമായിരുന്നില്ല. പാതിവ്രത്യത്തിലൂടെയും ഭര്‍തൃപൂജയിലൂടെയും മഴപൊഴിക്കുന്ന ധര്‍മപത്നിമാരില്‍ (തിരുക്കുറള്‍) വേരോട്ടമുള്ള ഈ സ്ത്രീസങ്കല്‍പ്പത്തിന്റെ സ്വാധീനം ഭയവിഹ്വലമാക്കിയ പ്രധാനമന്ത്രി നെഹ്റുവാണ് ഭരണഘടനാ ചര്‍ച്ചാവേളയില്‍ ഹിന്ദു കോഡ് ബില്ല് പാസാക്കാന്‍ നിര്‍ബന്ധിക്കരുതെന്നു നിയമകാര്യമന്ത്രിയായിരുന്ന ഡോ. അംബേദ്കറോട് പറഞ്ഞത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ 12 വയസ്സു തികയാത്ത ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഭര്‍ത്താവിനെ ശിക്ഷിക്കുന്നതിനായി ബോംബെ ലെജിസ്ളേറ്റീവ് അസംബ്ളി കൊണ്ടുവന്ന 'വയസമ്മതബില്ലി'നെ എതിര്‍ത്തുകൊണ്ട് റാനഡെയോട് നിയമയുദ്ധത്തിലേര്‍പ്പെടുന്ന ഇന്ത്യന്‍ ബുദ്ധിജീവിവര്‍ഗത്തെപ്പറ്റി ഡോ. അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട് (റാനഡെ, ഗാന്ധി, ജിന്ന എന്ന പ്രബന്ധം, ഡോ. അംബേദ്കറുടെ സമ്പൂര്‍ണകൃതികള്‍, വാല്യം 1). കോണ്‍ഗ്രസ്സിന്റെ ഏകപാര്‍ട്ടിഭരണകാലത്തു ജന്മസിദ്ധമായ പാരമ്പര്യാവകാശങ്ങള്‍ നിഷേധിക്കുന്നതിനും സ്ത്രീകളുടെ സ്വത്തവകാശത്തിനും പിതൃസ്വത്തിലെ പങ്കാളിത്തത്തിനും വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും മറ്റും വേണ്ടി നടത്തിയ നിയമനിര്‍മാണ നടപടികള്‍ ഒരു അയിത്തജാതിക്കാരന്റെ കുല്‍സിതവൃത്തിയായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ജാതിഹിന്ദുക്കളോട് സന്ധിചെയ്യാന്‍ മനസ്സനുവദിക്കാതെ ഡോ. അംബേദ്കര്‍ക്ക് അധികാരം വിട്ടൊഴിയേണ്ടിവരുകയും ചെയ്തു. ഈ കോണ്‍ഗ്രസ് പൈതൃകം നിഷേധിക്കാന്‍ ദീര്‍ഘകാലം അധ്യക്ഷയും 16 വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നിട്ടും സോണിയാ ഗാന്ധിയേക്കാള്‍ എത്രയോ ശ്രേഷ്ഠയെന്നു വിശേഷിപ്പിക്കപ്പെട്ട ശ്രീമതി ഇന്ദിരാഗാന്ധിക്കും കഴിഞ്ഞില്ലെന്നതു ചരിത്രസത്യം.
ആറുപതിറ്റാണ്ടു കഴിയുമ്പോഴും 50 ശതമാനം വരുന്നൊരു സാമൂഹികവിഭാഗത്തിനു 10 ശതമാനം പ്രാതിനിധ്യമേ ലോക്സഭയിലുള്ളൂവെന്നും ഇത് അസമത്ത്വമാണെന്നും കണ്ടെത്തുന്ന അരുണ്‍ ജെയ്റ്റ്ലിയും സ്ത്രീകളെ പിന്നിലാക്കി ഒരു രാജ്യത്തിനും മുന്നേറാനാവില്ലെന്നു കണ്ടെത്തുന്ന വൃന്ദാ കാരാട്ടുമെല്ലാം (വനിതാസംവരണ ബില്ലിന്മേലുള്ള രാജ്യസഭാ പ്രസംഗം) ശതാബ്ദിയോടടുക്കുന്ന പ്രസ്ഥാനങ്ങളുടെ വക്താക്കളാണ്. 1919ലെ മൊണ്ടേഗു ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാര കമ്മിറ്റിയുടെ കാലത്തുതന്നെ വനിതാസംവരണത്തിന്റെ പ്രശ്നം രാജ്യത്ത് ഉയര്‍ന്നുവന്നുകഴിഞ്ഞിരുന്നു. എന്നാല്‍, ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസ്സോ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും പോലെ ബി.ജെ.പിയുടെ മാതൃസംഘടനയായ തീവ്രദേശീയപ്രസ്ഥാനങ്ങളോ കമ്മ്യൂണിസ്റ് പ്രസ്ഥാനമോ ഒന്നും ഒരിക്കലും ഈ പ്രശ്നം ഏറ്റെടുക്കാന്‍ തയ്യാറായില്ല. സ്വന്തം ഉള്‍ക്കാഴ്ചയില്‍ സ്വാഭിമാനപ്പോരാട്ടത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
മറിച്ചായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഭരണഘടനാനിര്‍മാണവേളയില്‍ തന്നെ സ്ത്രീകളുടെ പൌരാവകാശങ്ങളും രാഷ്ട്രീയാവകാശങ്ങളും സിവില്‍ സര്‍വീസിലെ പ്രാതിനിധ്യവുമെല്ലാം രാഷ്ട്രത്തിനു പരിഗണിക്കേണ്ടിവരുമായിരുന്നു. എന്നാല്‍, ജാതിയും മതവും വംശവും ലിംഗവും നോക്കാത്ത ദേശരാഷ്ട്രസങ്കല്‍പ്പത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ സ്വയം വിസ്മൃതമാവുകയാണു ചെയ്തത്. സാര്‍വദേശീയമായി പുരുഷമേല്‍ക്കോയ്മയ്ക്കെതിരേ സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തോടൊപ്പം മണ്ഡലാനന്തരഘട്ടം ഇളക്കിവിട്ട സാമൂഹികചലനങ്ങളും സ്വത്വചിന്തയും ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്ത്രീകള്‍ അധികാരത്തെപ്പറ്റി സ്വപ്നം കാണാന്‍ പിന്നെയും വൈകുമായിരുന്നുവെന്നതാണു യാഥാര്‍ഥ്യം. അതിനവര്‍ കടപ്പെട്ടിരിക്കുന്നത് മറ്റാരേക്കാളും മഹാനായ ഡോ. അംബേദ്കറോടാണ്.
പിതൃപാരമ്പര്യത്തെയും പുരുഷാധിപത്യത്തെയും സേവിക്കുന്നവര്‍ തന്നെയാണ് അവര്‍ണപക്ഷത്തുനിന്നു വനിതാസംവരണ ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയശക്തികള്‍ എന്നതില്‍ തര്‍ക്കമില്ല. പ്രശ്നമതല്ല, ജാതീയവും മതപരവും വംശീയവും വര്‍ഗപരവുമായ വിവേചനങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം സ്ത്രീകളുമെന്ന യാഥാര്‍ഥ്യം വനിതാസംവരണത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ വിസ്മരിക്കുന്നു. സാമൂഹികപരിഗണന കൂടാതെയുള്ള ഏതൊരു രാഷ്ട്രീയ നടപടിയും ഇന്ത്യയെപ്പോലൊരു രാജ്യത്ത് മുന്നാക്കജാതികള്‍ക്കു നേട്ടമുണ്ടാക്കുകയേയുള്ളൂവെന്നതു നിസ്തര്‍ക്കമാണ്. പുരുഷാധിപത്യത്തിനു ചരിത്രത്തിലുടനീളം തുടരാനായത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെത്തന്നെ അതിന്റെ മുഖ്യ നടത്തിപ്പുകാരായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. ഭരണജാതികളിലെ പുരുഷന്മാര്‍ കീഴ്ത്തട്ടുകളെ അവഗണിച്ച് തങ്ങളുടെ ഉത്തമസ്ത്രീകളെ രാജ്യഭരണം ഏല്‍പ്പിക്കുന്നൊരു നടപടിയായി വനിതാസംവരണം പരിമിതപ്പെടുമ്പോള്‍, ജാത്യാധിപത്യത്തിനെതിരേ എന്നതുപോലെ പുരുഷാധിപത്യത്തിനെതിരേയുമുള്ള പോരാട്ടം തുടരേണ്ടിവരുകതന്നെ ചെയ്യും.
(കേരള ദലിത് മഹാസഭ
സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)

6 comments:

  1. ഒട്ടേറെ വിജ്ഞാനപ്രദമായ കാര്യമാത്ര പ്രസക്തലേഖനം ശ്രദ്ധയിൽ പെടുത്തിതിന് നന്ദിയുണ്ട്. സത്യാന്വേഷീ...

    ReplyDelete
  2. അമ്പതുശതമാനം വനിതാസംവരണം നടപ്പിലാക്കാൻ തയ്യാറുള്ള ജനപ്രതിനിധികളെ സംതുലിതാവകാശം നിഷേധിച്ചു കൊങ്ങക്കു പിടിച്ചു പുറത്തെറിയാൻ കൂട്ടുനിന്ന ഇടതുവലതു പാർട്ടി മുഖമൂടിധാരികളായ ദുഷ്ഠമുതലാളിത്തചെകുത്താൻ മതത്തിലെ പണജാതികളായ ജനവഞ്ചകനേതാക്കളെ,യദാർത്ഥ രാജ്യാവകാശികളായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.. അടുത്ത തിരഞ്ഞെടുപ്പിലൂടെ കണക്കു തീർക്കാൻ. ഇന്ത്യയുടെ യദാർത്ഥ അവകാശികളെ തഴഞ്ഞ്, മുതലാളിത്തത്തിന്റെ വെള്ളാട്ടികളായ മേലാളത്തമ്പ്രാട്ടികളെ വാഴിക്കാനുള്ള മുതലാളിത്ത വിടുപണി ചെയ്ത ഇടതുവലതു പാർട്ടി മുഖമൂടിധാരികളായ ദുഷ്ഠമുതലാളിത്തചെകുത്താൻ മതത്തിലെ പണജാതികളായ ജനവഞ്ചകനേതാക്കളെ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.
    എന്തുകൊണ്ട് ആദിവാസിദളിത്തീഴവപിന്നൊക്ക വിഭാഗങ്ങൾക്ക് അവരുടെ യദാർത്ഥ അവകാശങ്ങൾ കൊടുക്കുന്നില്ല?
    വസ്തുനിഷ്ഠ ജനസംഖ്യാനുപാതികമായി ഇന്ത്യയുടെ യദാർത്ഥ അവകാശികളായ മനുഷ്യത്വവും സഹാനുഭൂതിയുമുള്ള രാജ്യത്തോടും ജനങ്ങളോടും സത്യസന്ധമായ പ്രതിബദ്ധതയുള്ള ആദിവാസിദളിത്തീഴവ പിന്നൊക്ക ദുർബ്ബലവിഭാഗങ്ങൾ അധികാരത്തിലെത്തുന്നതു തടഞ്ഞ്, ദുഷ്ഠമുതലാളീത്തത്തിന്നു വിടുപണി ചെയ്യാനുള്ള അധികാരമത്സരത്തിൽ,സകല പാർട്ടികളുടേയും മേലാളജാതികൾ ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാക്ക് വിടുപണിചെയ്തുകൊണ്ടിരിക്കുകയാണ്. തൊണ്ണൂറു ശതമാനത്തിലേറെ വരുന്ന യദാർത്ഥ അവകാശികളെ അടിമകളാക്കി പത്തുശതമാനം തികച്ചില്ലാത്ത മേലാളർക്കു സുഖിച്ചുവാഴാൻ ഈ കങ്കാണികൾ നക്കാപിച്ചവാങ്ങി കൂട്ടിക്കൊടുപ്പു നടത്തുകയാണ്.

    ReplyDelete
  3. യദാർത്ഥ ജനസംഖ്യാകണക്കും,സ്ഥാനമാന അനുപാതവും മൂടിവെച്ച്,അവകാശാധികാരങ്ങളിൽ നിന്നകറ്റി, സാധാരണക്കാരും പാവപ്പെട്ടവരുമായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ, അവർക്കവകാശപ്പെട്ട യദാർത്ഥ വിഹിതം കൊടുക്കാതെ, ഏറ്റവും താഴേക്കിട സ്ഥാനങ്ങളിലും,ജോലികളിലുമായി ചവിട്ടിത്താഴ്ത്തി കള്ളക്കണക്കുകൊണ്ടവരെ കഭളിപ്പിച്ച് അടിമകളാക്കിക്കൊണ്ടിരിക്കുകയാണ് സകല പാർട്ടികളും സർക്കാരുകളും ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത്.

    കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ളു മുരിക്കു മൊട്ടുസൂചി വരേയുള്ള ആവശ്യവും അനാവശ്യവുമായ നിരവധി കണക്കുകൾ സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ സർക്കാർ അത്രത്തോളം പോലും സങ്കീർണമല്ലാത്ത എന്നാൽ വളരെ അത്യാവശ്യവും അനിവാര്യവുമായ ജാതിമതംതിരിച്ച സ്ഥാനമാനക്കണക്കുകൾ സെൻസസ് സംരംഭത്തിൽ ചേർക്കാൻ ഭയപ്പെടുന്നതിന്റെ നിജസ്ഥിതി എന്താണ്?
    നമ്മുടെ കേരളത്തിലും,ഇന്ത്യയിൽ മൊത്തത്തിലും സർക്കാർ സ്ഥാപനങ്ങളുടെ പതിന്മടങ്ങ് ശമ്പളം കൊടുക്കുന്ന വൻ കിട സ്വകാര്യസ്ഥാപനങ്ങളിൽ എൺപതു ശതമാനത്തിലേറെയാണ് മേലാളപണജാതികൾ, അതിൽ തന്നെ ഉയർന്ന തസ്ഥികകളിൽ നൂറുശതമാനവും മേലാളജാതികൾക്കാണ് സ്ഥാനമാനങ്ങൾ.ഇത്തരം വിവേചനങ്ങൾ സംവിധാനം ചെയ്യുന്നത് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരും പണജാതി മേലാളരും ചേർന്നാണ്.

    ReplyDelete
  4. സത്യസന്ധ മായ സെൻസസ് സരംഭത്തിലൂടെ ജാതിമതാടിസ്ഥാന ജനസംഖ്യാ സ്ഥാനമാന കണക്കു പ്രകാരം കൊടുക്കാനുള്ളത് ഓരോരുത്തർക്കും ക്ര് ത്യമായി കൊടുക്കാതിരിക്കുന്നതാണ് തെറ്റെന്നു പറയുന്നവരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നു.പേരോട് ചേർത്ത് ജാതി പറയുന്നതും പറയാതിരിക്കലുമല്ല ജാതി വിവേചനം, കൊടുക്കാനുള്ളവർക്ക് കണക്കനുസരിച്ചു കൊടുക്കാതെ, കീഴാളരുടെ അവകാശം കവർന്നെടുത്ത് മേലാളർ മാത്രം ഒറ്റക്കനുഭവിക്കുന്നതാണ്ജാതീയത.സർവ്വജ

    നാവകാശ സമ്പത്ത് കൊള്ളയടിച്ച് ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്ത വിടുപണിയടക്കം,സകല കുടിലതകൾക്കും കൂട്ടുനിന്ന് സ്വന്തം ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്ന ഇവർ ഒന്നിച്ചൊരുമിച്ചൊരേ വായിൽ വനിതാസംവരണവിരുദ്ധർ എന്ന് വിളിച്ചുകൂവുന്നു, സംവരണമെന്നു കേട്ടാൽ കലിയിളകുന്ന ദുഷ്ഠമുതലാളിത്ത വിടന്മാരാണ്, അമ്പതു ശതമാനം വനിതാസംവരണത്തിന്നു തയ്യാറുള്ള യദാർത്ഥ അവകാശവാദികളെപ്പറ്റി വനിതാസംവരണവിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നത്. വല്ലാത്തൊരു വിരോധാഭാസവും നെറികേടുമല്ലേ ഇതെന്നാലോചിക്കുക.

    ReplyDelete
  5. യദാർത്ഥവരുമനത്തിന്റെ ഒരുശതമാനം പോലും നികുതികൊടുക്കാതെ സർവ്വജനാവകാശസമ്പത്തുമുഴുക്കെ കയ്യടക്കി ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ, ശമ്പളനികുതി മുതൽ ഉപ്പുതൊട്ട് കർപ്പൂരം വരേക്കുള്ളതിനടക്കം നൂറു ശതമാനം നികുതി കൊടുക്കുന്ന സാധരണക്കാരും പാവപ്പെട്ടവരുമായ യദാർത്ഥ രാജ്യാവകാശികളെ,കാലാകാലം അടിമകളാക്കി, ചൂഷകാധികാധികാരങ്ങളുമായി വാഴാൻ വേണ്ടി,
    സത്യത്തെ അസത്യമാക്കാനും , ആട്ടിൻ കുട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും,നിരപരാധികളെ ഭീകരരാക്കി പ്രചരിപ്പിക്കാനും,യദാർത്ഥഭീകരരെ രാജ്യസ്നേഹികളാക്കി വെള്ള പൂശാനും, ലാഭങ്ങൾ നഷ്ടക്കണക്കുകൾ കൊണ്ട് കവർന്നെടുക്കാനും, ആവശ്യാനുസരണം സ്ഫോടനങ്ങളും കലാപങ്ങളും ഉണ്ടാക്കി നിരപരാധികളുടെ ജീവനും സ്വത്തും തകർത്ത് യദാർത്ഥ രാജ്യാവകാശികളെ,വർഗ്ഗീയമായും,ജാതീയമാ

    യും,രാഷ്ട്രീയമായും പരസ്പരം തമ്മിലടിപ്പിച്ചു പാടേതളർത്താനും കിരാതചൂഷണം തുടരാനും എല്ലാം വേണ്ടി അതിവിദഗ്ദപദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുഷ്ഠമുതലാളിത്ത ചെകുത്താന്മാരും പണജാതികളും നാം സാധാരണക്കാരേയും പാവപ്പെട്ടവരേയും പുതിയപുതിയ കുതന്ത്രകുരുട്ടുവിദ്യകൾ കൊണ്ട് അമ്മാനമാടുകയാണ്.
    യദാർത്ഥ സത്യങ്ങൾ മൂടിവെച്ച് ഇവർമെനയുന്ന കള്ളക്കഥകളും അത്യാകർഷക കെണികളും വിശ്വസിപ്പിച്ച് ജനങ്ങളെ പമ്പര വിഡ് ഠികളാക്കി, ദുഷ്ഠമുതലാളിത്തപദ്ധതികൾ പരിപൂർണ്ണവിജയമാക്കാൻ സർവ്വസന്നാഹ സമ്പൂർണ്ണസഹായസഹകരണസൌകര്യങ്ങ
    ളുമായി ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ,പണജാ
    തികളായ അഴിമതിവൈറസ്
    വാഹക,ബാധിത
    വഞ്ചകമതസമുദായരാഷ്ട്രീയനേതാക്കളും,വി
    ധേയത്വമുള്ള അനീതിപാലകരും
    വിഷപ്രചാരകമാധ്യമത്തമ്പ്രാക്കളും,
    ഉദ്ദ്യോഗസ്ഥ ദുഷ് പ്രഭുത്വങ്ങളും,
    കിരാതഭരണ പങ്കാളികളും,സിൽബന്ദികളും സർവ്വസജ്ജരായ് എവിടേയും എപ്പോഴും എന്തുകാര്യത്തിന്നും ALWAYS
    AVAILABLE.

    ReplyDelete
  6. മതേതരജനാധിപത്യമാന്യതാ മുഖമൂടികളണിഞ്ഞു നമുക്കിടയിൽ പകൽമാന്യന്മാരായി വിലസുന്ന,സകല പാർട്ടികളിലുംപെട്ട വിവിധജാതിമത നാമധാരികളായ അഴിമതിവൈറസ് വാഹക വഞ്ചകമതരാഷ്ട്രീയനേതാക്കളും,വിധേയത്വമുള്ള അനീതിപാലകരും വിഷപ്രചാരകമാധ്യമത്തമ്പ്രാക്കളും, ഉദ്ദ്യോഗസ്ഥ ദുഷ് പ്രഭുത്വങ്ങളും, കിരാതഭരണ പങ്കാളികളും ഒളിഞ്ഞുംതെളിഞ്ഞും ജാതികളും,ഉപജാതികളും,ഉപോപ പണജാതികളുമായി ദുഷ്ട്ടമുതലാളിത്തചെകുത്താൻ മതത്തിൽ മതിമറന്നാനന്ദിച്ചാർമാദിക്കുകയാണ്. മിക്ക പർട്ടികളുടേയും,സംഘടനകളുടേയും, ഭരണകാര്യാലയങ്ങളുടേയും നിയന്ത്രണം ഈ പണജാതി മേലാള നേതാക്കളിലാണ്.സത്യസന്ധതയും ആത്മാർത്ഥതയുമുള്ള നേതാക്കളും, പ്രവർത്തകരും, ഉദ്യോഗസ്ഥരും ഈ ദുഷ്ഠമുതലാളിത്ത ചെകുത്താൻ സേവകർക്കിടയിൽ ഞെരിഞ്ഞമരുകയാണ്.

    ReplyDelete