
ജനങ്ങളോടു ചേര്‍ന്നു നിന്ന കലാകാരന്
വിഖ്യാത ചലച്ചിത്രകാരന് ജോണ്‍ ഏബ്രഹാം മരിച്ചിട്ട് 23 വര്‍ഷം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥ പോലെയായിരുന്നു ജോണിന്റെ ജീവിതം. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും വിശേഷിപ്പിക്കപ്പെട്ട ജോണ്‍ ജീവിതത്തോടൊപ്പം അപൂര്‍ണ്ണമായി ബാക്കി വച്ചുപോയത് നൂറുകണക്കിനു ഭാഗികമായ കഥകളും തിരക്കഥകളുമാണ്.
സക്കറിയയുമൊത്ത് തിരക്കഥ തീര്‍ത്ത ’’ജോസഫ് ഒരു പുരോഹിതന്, ടി.ആറുമൊത്ത് എഴുതിത്തുടങ്ങിയ ’’നന്മയില് ഗോപാലന് എന്നിവയാണ് സിനിമയാകാതെപോയ പ്രധാന തിരക്കഥകള്‍. മകന് നഷ്ടപ്പെട്ട അമ്മയുടെ വ്യഥ ചലച്ചിത്രമാക്കിയ ജോണ്‍ ഏബ്രഹാം, മലയാള ചലച്ചിത്ര രംഗത്ത് പുതിയ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. കലയുടെ സത്യസന്ധതയും ധിക്കാരങ്ങളും ജോണ്‍ ഏബ്രഹാമിന്റെ സിനിമകളിലെല്ലാം നിറഞ്ഞുനിന്നു. ’അമ്മ അറിയാന്‍ എന്ന അവസാന ചിത്രത്തെയും പ്രശസ്തിയുടെ ഉത്തുംഗ സീമയിലെത്തിച്ച ജോണ്‍ എന്ന പ്രതിഭയെ തേടി എല്ലാക്കാലത്തും ഭാഗ്യവും അവസരങ്ങളും എത്തുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അസാധാരണനായിരുന്നു ജോണ്‍ ഏബ്രഹാം. മൂവി ക്യാമറ കൊണ്ടും ജീവിതംകൊണ്ടുള്ള കലാപമാണു ജോണ്‍ ചെയ്തത്. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താല്പര്യങ്ങള്ക്കും ജോണ്‍ എതിരുനിന്നു.
ജോണിന്റെ ആദ്യചിത്രം 1969ല്‍ പുറത്തിറങ്ങിയ ’വിദ്യാര്‍ഥികളേ ഇതിലെ ഇതിലേയാണ്. മൌലികതയുള്ള കഥാകൃത്തുകൂടിയായിരുന്നു ജോണ്‍. കലാമൂല്യമുള്ള സിനിമയെ ജനകീയമാക്കാന്‍ ശ്രമിച്ച ’ഒഡേസ പ്രസ്ഥാനത്തിലൂടെ ജോണ്‍ നല്കിയ സംഭാവനകളും ശ്രദ്ധേയമാണ്. ഒടുവില്‍ 1987 മേയ് 30ന് ഒരു അപകടമരണത്തില്‍ ജോണ്‍ അവസാനിച്ചു. കോഴിക്കോട് നഗരത്തിലെ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണാണ്, ജോണ്‍ ജീവിതത്തോടും സിനിമയോടും വിടപറഞ്ഞത്.
"ഞാനൊരു ചിത്രമുണ്ടാക്കുമ്പോള്‍ അതു ജനങ്ങള്‍ കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അവരതു കണ്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം സംവിധായകനെന്ന നിലയില്‍ ഞാനൊരു വന്‍ പരാജയമാണെന്നാണ്. കലാമേന്മയുള്ള സിനിമകളെടുക്കുന്നു എന്ന് അവകാശപ്പെടുന്ന മലയാള സംവിധായകരുടെ കൂട്ടത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ഒരോയൊരാള് മാത്രമേ ധൈര്യപ്പെടൂ- ജോണ്‍ ഏബ്രഹാം.
ജനങ്ങളില്‍ നിന്നന്യമായ കലയെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്ത കലാകാരനായിരുന്നു ജോണ്‍. ജനപങ്കാളിത്തത്തിലൂടെയുള്ള ചലച്ചിത്ര നിര്‍മിതിക്ക് അദ്ദേഹത്തെ പ്രാപ്തനാ ക്കിയത് ജനങ്ങളിലുള്ള ഈ വിശ്വാസം തന്നെയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി സിനിമ നിര്‍മിക്കുക, ജനങ്ങള്‍ സ്വീകരിക്കാതിരിക്കുക- ദുരന്തമയമായ ഈ വൈരുധ്യമനുഭ വിക്കുന്ന ആദ്യത്തെ ചലച്ചിത്രകാരനല്ല ജോണ്‍.
കഥയെഴുത്തില്‍ തുടങ്ങുക, കഥയേക്കാളധികം ജനങ്ങളില്‍ച്ചെന്നെത്തുന്നത് നാടകമാണെന്നറിഞ്ഞ് നാടകത്തിലേക്കു തിരിയുക, നാടകത്തേക്കാള്‍ കൂടുതലായി ജനങ്ങളെ സമീപിക്കാന്‍ സിനിമയ്ക്കു കഴിയുമെന്ന വിശ്വാസത്തില്‍ സിനിമാക്കാരനാവുക, ഒറ്റചിത്രം പോലും ജനങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാതിരിക്കുക- ജോണിന്റെ പ്രിയ ഗുരുനാഥനായ ഋത്വിക് ഘട്ടക്കിന്റെ വിധി അതായിരുന്നു. ജനകീയമായ ഒരു പ്രസ്ഥാനം കരുപ്പിടിപ്പിച്ചുകൊണ്ട് ഈ വിധിയെ വെല്ലുവിളിക്കുകയാണ് ജോണ്‍ ചെയ്തത്.
മരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാമിനു പ്രായം 49. എല്‍ ഐ സിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ജയിച്ചിറങ്ങി മണി കൌളിന്റെ ചിത്രത്തില്‍ അസിസ്റ്റന്റായും നടനായും പരിചയമാര്‍ജിച്ച് സംവിധാനരംഗത്ത് ആദ്യത്തെ സ്വതന്ത്രമായ കാല്‍വയ്പ് നടത്തുമ്പോള്‍ ജോണിനു പ്രായം 32 കഴിഞ്ഞിരിക്കണം. 17 കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ ജോണ്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ നാലേനാലു മാത്രമാണ്. മലയാള സിനിമയില്‍ മേഘജ്യോതിസുപോലെ മിന്നിപ്പൊലിഞ്ഞുപോയ സംവിധായകനാണ് ജോണ്‍.
പാന്ഥപാദം ബാധിക്കുന്ന നിരവധി രൂക്ഷശിലകള്‍ തലങ്ങും വിലങ്ങും കിടക്കുന്ന മലയാള സിനിമാരംഗത്ത് ഒരു മേഘജ്യോതിസിന്റെ ക്ഷണിക ജീവിതത്തേക്കാള്‍ കാമ്യമായി മറ്റെന്താണുള്ളത്?"
"എല്ലാ അര്‍ത്ഥത്തിലും അസാധാരണനായിരുന്നു ജോണ്‍ ഏബ്രഹാം. മൂവി ക്യാമറ കൊണ്ടും ജീവിതംകൊണ്ടുള്ള കലാപമാണു ജോണ്‍ ചെയ്തത്. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താല്പര്യങ്ങള്ക്കും ജോണ്‍ എതിരുനിന്നു."
ReplyDeleteജോണ്‍ എബ്രഹാമിനെ കുറിച്ചുള്ള അനുസ്മരണം എന്തുകൊണ്ടും ഉചിതമായി. അദ്ദേഹത്തിന്റെ 'അഗ്രഹാരത്തിലെ കഴുത' മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. ആ ഒരു ചിത്രം മാത്രം മതി അദ്ദേഹത്തിന്റെ അതുല്യപ്രതിഭ വെളിപ്പെടുവാന്‍
ReplyDelete