Sunday, May 9, 2010

ദേവസ്വം ബില്‍: സി പി എം പതിവുപോലെ നായര്‍ താത്പര്യം തന്നെ സംരക്ഷിച്ചു

എന്‍ എസ് എസ്സിന്റെ താത്പര്യത്തിനു വിരുദ്ധമായി ഒന്നും ഇടതു-വലതു സര്‍ക്കാരുകള്‍ ചെയ്യില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദേവസ്വം ബില്‍ ഉപേക്ഷിക്കാനുള്ള ഇടതുമുന്നണി തീരുമാനം. മനോരമ വാര്‍ത്ത കാണുക:
"ഏഴംഗ ദേവസ്വം പുന:സംഘടന ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍
മെയ് 9, 2010
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഏഴംഗങ്ങളെ വീതം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. ........ ഏഴംഗ ദേവസ്വം ബോര്‍ഡിനുള്ള നടപടികള്‍ ഉപേക്ഷിക്കുന്നതോടെ പഴയ രീതിയില്‍ പ്രസിഡന്റിനെയും രണ്ടംഗങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ബോര്‍ഡുകള്‍ ഉടന്‍ നിലവില്‍ വരും. നിയമസഭ പാസാക്കി സബ്ജക്ട് കമ്മിറ്റിക്കു വിട്ട ദേവസ്വം ബില്‍ ഇതോടെ അപ്രസക്തമാകും. ബില്ലിനെതിരെ എന്‍എസ്എസും ചില ഹൈന്ദവ സംഘടനകളും രംഗത്തു വന്നതോടെ അതു മരവിപ്പിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു.

അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു കൂടാതെ ബോര്‍ഡ് തീരുമാനങ്ങള്‍ പുന:പരിശോധിക്കാനും തിരുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ടായിരുന്നു. ഇതു ബോര്‍ഡുകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവയെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലെയാക്കി മാറ്റുമെന്നും വ്യാപകമായ പരാതി ഉയര്‍ന്നു. ബില്ലിലെ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്നു നിയമസഭയില്‍ പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെയായിട്ടും അവ പുന:സംഘടിപ്പിക്കാതെ ഉദ്യോഗസ്ഥ ഭരണം നീട്ടിക്കൊണ്ടു പോകുന്നതില്‍ എല്‍ഡിഎഫില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ രാഷ്ട്രപതി നേരത്തെ തന്നെ അംഗീകാരം നല്‍കിയിട്ടും ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് അറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ സിപിഎം മുന്നിട്ടിറങ്ങിയതോടെയാണു ബില്‍ അവതരിപ്പിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കി. എന്നാല്‍ വെറുതെ അവതരിപ്പിച്ചു പിന്‍വാങ്ങേണ്ട ഗതികേടാണു മന്ത്രിക്കുണ്ടായത്. ഇന്നലെ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണു പഴയ സ്ഥിതി മടക്കിക്കൊണ്ടു വരാമെന്നു നിര്‍ദേശിച്ചത്. ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരിക്കുകയാണെന്നും ഉടനെങ്ങും അതു പാസാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ മുന്നണി ഉപേക്ഷിക്കുകയാണെന്നു തന്നെ തുടര്‍ന്നുള്ള ചര്‍ച്ച വ്യക്തമാക്കി. പുന:സംഘടനയില്‍ രണ്ടു ദേവസ്വം ബോര്‍ഡുകളുടെയും പ്രസിഡന്റ് സ്ഥാനം സിപിഎം തന്നെ എടുക്കും. അംഗങ്ങളില്‍ സിപിഐക്കും ആര്‍എസ്പിക്കും പ്രാതിനിധ്യം ലഭിക്കും. എന്നാല്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസും (എസ്) അംഗത്വ ആവശ്യം ഉയര്‍ത്തും. സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുന്ന വിവാദ വിഷയങ്ങളിന്മേലുള്ള ചര്‍ച്ച ഇടതു മുന്നണി അടുത്ത യോഗത്തിലേക്കു മാറ്റിവച്ചു. "


ദേശാഭിമാനി എന്‍ എസ് എസ്സിന്റെ സന്തോഷം അറിയിക്കുന്നതു കാണുക:

"ദേവസ്വംബോര്‍ഡ് പുനഃസംഘടന: എന്‍എസ്എസ് സ്വാഗതംചെയ്തു

ചങ്ങനാശ്ശേരി: ദേവസ്വംബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും അസി. സെക്രട്ടറി ജി സുകുമാരന്‍നായരും പറഞ്ഞു. ഭരണഘടനവിരുദ്ധവും നിയമപരമായി സാധുതയില്ലാത്തതുമാണ് എന്നതിനാലാണ് നിര്‍ദ്ദിഷ്ട ദേവസ്വം ബില്ലിനെ എതിര്‍ത്തത്. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് എന്‍എസ്എസിന്റെ പിന്തുണയുണ്ടാകുമെന്നും ഇരുവരും പറഞ്ഞു."

വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായ നേതാക്കന്മാരെയൊന്നും ഒരു മുന്നണിയും വകവച്ചിട്ടില്ലെന്നും ഇതില്‍ നിന്നു പഠിക്കേണ്ട മറ്റൊരു പാഠമാണ്. എണ്ണംകൊണ്ട് പൊണ്ണന്മാരായിട്ട് ഒരു കാര്യോമില്ല. ബൌദ്ധികമായ ശാക്തീകരണവും പ്രത്യയശാസ്ത്ര ദാര്‍ഢ്യവുമാണ് പിന്നാക്ക സമുദായങ്ങള്‍ ആര്‍ജിക്കേണ്ടത്. അല്ലെങ്കില്‍ ഉത്തരേന്‍ഡ്യയിലെ യാദവരെപ്പോലെ രാഷ്ട്രീയാധികാരം ഉള്ളവരാകണം. കണ്ടില്ലേ യാദവത്രയങ്ങള്‍ സെന്‍സസില്‍ ജാതിയുള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്?
(യാദവ രാഷ്ട്രീയത്തിന്റെ ഗുണവും ദോഷവും)
ഈ വിഷയത്തില്‍ ഈ ലേഖകന്‍ ഇട്ട മുന്‍ പോസ്റ്റുകള്‍
൧ .
അവര്‍ണര്‍ ഹിന്ദുക്കളല്ല,ജന്തുക്കള്‍!
൨.
ദേവസ്വംബില്‍: നേരും നുണയും

2 comments:

  1. വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായ നേതാക്കന്മാരെയൊന്നും ഒരു മുന്നണിയും വകവച്ചിട്ടില്ലെന്നും ഇതില്‍ നിന്നു പഠിക്കേണ്ട മറ്റൊരു പാഠമാണ്. എണ്ണംകൊണ്ട് പൊണ്ണന്മാരായിട്ട് ഒരു കാര്യോമില്ല. ബൌദ്ധികമായ ശാക്തീകരണവും പ്രത്യയശാസ്ത്ര ദാര്‍ഢ്യവുമാണ് പിന്നാക്ക സമുദായങ്ങള്‍ ആര്‍ജിക്കേണ്ടത്. അല്ലെങ്കില്‍ ഉത്തരേന്‍ഡ്യയിലെ യാദവരെപ്പോലെ രാഷ്ട്രീയാധികാരം ഉള്ളവരാകണം.

    ReplyDelete
  2. indu, indu ennu paranju enthinaanu dalitan karayunnathu? dalithane vendaaththavare vendennu vechaekkanam

    ReplyDelete