"പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍, വാനശാസ്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും പിതാവായ ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറി വ്യത്യസ്ത ഭാരങ്ങളുള്ള രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്ന് വിദ്യാസമ്പന്നരായ ഏവരും വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തെറ്റായ ധാരണയെ തിരുത്തിയ വിപ്ലവകരമായ ആ പരീക്ഷണത്തില്‍ ആധുനികരെല്ലാം ആവേശഭരിതരുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഈ വിശ്വാസക്കാരാണ്. യാഥാര്‍ഥ്യമെന്താണ്? ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറിയില്ലെന്നതുപോകട്ടെ,സ്വന്തം വീടിനുമുകളില്‍ കയറിപ്പോലും ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല. ഇത് ശാസ്ത്രീയമായ മിത്താണ്. പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥ. "(ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്)
ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ എന്‍ എം ഹുസൈന്‍ എഴുതിയ 'പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ 'എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ ആമുഖ('വായനയ്ക്കു മുന്‍പ്')ത്തില്‍ നിന്നാണ് മേല്‍ ഉദ്ധരണി. ഈ കള്ളക്കഥ ഈയുള്ളവനും വിശ്വസിച്ചിരുന്നു, അടുത്ത കാലം വരെ. ശാസ്ത്രവിദ്യാര്‍ഥികളുള്‍പ്പെടെ സമൂഹത്തിലെ പ്രമുഖരായ ഒട്ടുമിക്കയാളുകളും ഇപ്പോഴും ഈ നുണക്കഥ വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് 'ശാസ്ത്രാന്ധവിശ്വാസികള്‍' എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍ ഭയക്കേണ്ടത്.
പതിമൂന്നു കൊല്ലം മുന്‍പ് പ്രൊഫ കുഞ്ഞുണ്ണിവര്‍മ എഴുതി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പരിണാമ സിദ്ധാന്ത സംബന്ധിയായ പുസ്തകത്തിന്റെ ഖണ്ഡനമായി, എന്‍ എം ഹുസൈന്‍ തന്നെ എഴുതിയ 'സൃഷ്ടിവാവാദവും പരിണാമ വാദികളും 'എന്ന ഗ്രന്ഥം വായിച്ചതോടെ പരിണാമവാദികളുടെ വാദങ്ങളില്‍ ചില പന്തികേടുകള്‍ തോന്നിത്തുടങ്ങിയിരുന്നു. എന്നിരുന്നാലും പരിണാമവാദത്തെ അപ്പാടെ തള്ളാന്‍ മനസ്സു സമ്മതിച്ചിരുന്നില്ല. അതിനു കാരണം, പരിണാമ വാദം പൂര്‍ണമായും ശാസ്ത്രീയവും ശരിയുമാണെന്നു ബോധ്യപ്പെട്ടതല്ല,മറിച്ച് സൃഷ്ടിവാദം ഒരുവിധത്തിലും ശാസ്ത്രീയമാകാന്‍ സാധ്യമല്ല എന്ന 'വിശ്വാസം' മൂലമായിരുന്നു.എന്നാല്‍ യുക്തിവാദികളും മറ്റും കൊണ്ടുനടക്കുന്ന ആ വിശ്വാസത്തെ തകിടം മറിക്കുകയും 'പരിണാമവാദ'ത്തില്‍ മുന്‍പേ തോന്നിയ പന്തികേട് ഒന്നുകൂടി വര്‍ധിപ്പിക്കുകയും 'സോഷ്യല്‍ ഡാര്‍വിനസ'ത്തിന്റെ വംശീയവാദപരമായ ഉള്ളടക്കത്തെക്കുറിച്ചു തോന്നിയിരുന്ന സംശയങ്ങള്‍ ബലപ്പെടുത്തുകയും ചെയ്യുന്നു, ഹുസൈന്റെ ഏറ്റവും പുതിയ പുസ്തകം. ശാസ്ത്രസംബന്ധിയായി,വിശേഷിച്ച് പരിണാമവാദത്തിനനുകൂലമായി ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതിയിട്ടുള്ള പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനായ ജീവന്‍ ജോബ് തോമസിന്റെ 'പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍,കണ്ടെത്തലുകള്‍ 'എന്ന കൃതി(ഡി സി ബുക്സ് 2009)യുടെ ഖണ്ഡനമാണ് ഹുസൈന്റെ ഈ കൃതി. കോഴിക്കോട്ടെ പ്രതീക്ഷ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്(2010 ഏപ്രില്‍).രണ്ടു പതിറ്റാണ്ടായി അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റും നടക്കുന്ന പരിണാമ-സൃഷ്ടി വിവാദങ്ങള്‍ നിരീക്ഷിക്കുകയും അതുസംബന്ധമായി എഴുതുകയും ചെയ്തുവരുന്ന ആളാണ് ഹുസൈന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങള്‍ അത്ര പെട്ടെന്ന് അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നിരുന്നാലും 'അവഗണിച്ചു തമസ്കരിക്കുക' എന്ന തന്ത്രമാണ് മാധ്യമങ്ങളും ശാസ്ത്രസാഹിത്യകാരന്മാരും ,പതിവുപോലെ, ശ്രദ്ധേയമായ ഈ ഗ്രന്ഥത്തോടും സ്വീകരിച്ചുവരുന്നത്. ബൂലോഗത്തില്‍ പരിണാമ വാദികളായ ബ്ലോഗര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല.-കുറിഞ്ഞി ഓണ്‍ലൈന്‍ , ബ്രൈറ്റ്, മെഡിസിന്‍ അറ്റ് ബൂലോകം ,സി കെ ബി ബ്ലോഗ് തുടങ്ങിയവയാണ് പെട്ടെന്ന് ഓര്‍മ വരുന്നത്.കൂടാതെ ജബ്ബാര്‍ മാഷ്, സുശീല്‍കുമാര്‍ തുടങ്ങിയ, അറിയപ്പെടുന്ന യുക്തിവാദി ബ്ലോഗര്‍മാരും പരിണാമവാദികളാണെന്നാണു മനസ്സിലാവുന്നത്. അവര്‍ ഇവ്വിഷയകമായി ഹുസൈന്‍ എഴുതിയിട്ടുള്ള ഏതെങ്കിലും കൃതി കണ്ടിട്ടുണ്ടോ എന്നറിയില്ല. അത്തരക്കാരുടെയും ശ്രദ്ധ ഈ പുസ്തകത്തിലേക്കു ക്ഷണിക്കുകയാണ്.
നമ്മുടെ ശാസ്ത്രഗ്രന്ഥകാരന്മാരുള്‍പ്പെടെയുള്ളവരുടെ പ്രധാനപ്പെട്ട ഒരു കുഴപ്പം എന്താണെന്നു വച്ചാല്‍ , അവരാരും മുന്‍വിധികളില്‍ നിന്നു മുക്തരല്ല എന്നതാണ്. ഇവിടെയും സംഭവിക്കുന്നത് അതു തന്നെയാണ്. ഹുസൈന്‍ എന്ന പേരു കാണുമ്പോള്‍ത്തന്നെ ആ മുന്‍വിധി പ്രവര്‍ത്തിച്ചു തുടങ്ങും. പിന്നെ എത്ര വസ്തുനിഷ്ടത ഉണ്ടെങ്കിലും അവരാരും ഇത്തരം പുസ്തകങ്ങള്‍ തുറന്നു പോലും നോക്കില്ല. അതുകൊണ്ട് പുസ്തകത്തിന്റെ ഒരധ്യായം(അധ്യായം 2: ഐഡ കാണാക്കണ്ണിയുടെ പേരില്‍ തട്ടിപ്പുകള്‍) ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുകയാണ്. ആ അധ്യായത്തില്‍ നിന്നു തന്നെ ഗ്രന്ഥകാരന്റെ വാദങ്ങളുടെ സ്വഭാവം പിടികിട്ടും.
മറ്റ് അധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍ ഇവയാണ്:
അധ്യായം 1:ജീവജാതികളുടെ ഉദ്ഭവം ഡാര്‍വിന്‍ കണ്ടെത്തിയോ?
അധ്യായം 3:കണ്ണുണ്ടായിട്ടും കാണാത്തവര്‍
അധ്യായം 4:ഭാഷയുടെ ഉദ്ഭവം
അധ്യായം 5:പുതിയ കണ്ടെത്തലുകള്‍,ദുര്‍വ്യാഖ്യാനങ്ങള്‍
അധ്യായം 6:ഗാലപ്പഗോസ് ഫിഞ്ചുകള്‍ തെളിയിക്കുന്നത്
അധ്യായം 7:പരിണാമം ഇപ്പോള്‍ നടക്കുന്നുണ്ടോ?
അധ്യായം 8:പരിണാമമോ ജീവശാസ്ത്രമോ?
ഹുസൈന്റെ പരിണാമ സംബന്ധിയായതും അല്ലാത്തതുമായ പുസ്തകങ്ങള്‍ക്കൊന്നും ഇന്നുവരെ ആരും ഒരു ഖണ്ഡനമെഴുതിക്കണ്ടിട്ടില്ല.'സെപ്റ്റംബര്‍ 11 : അമേരിക്കയുടെ യുദ്ധതന്ത്രം' എന്ന പുസ്തകത്തിനെ കെ വേണു ഉള്‍പ്പെടെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഹുസൈന്‍ അതിനു മറുപടി നല്‍കിയതോടെ വേണുവും കൂട്ടരും ഓടിയൊളിക്കയായിരുന്നു.ആ സംവാദത്തിന്റെ വിശദാംശങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ വേറൊരു പോസ്റ്റില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുണ്ട്. വസ്തുനിഷ്ടതയെ നേരിടാനുള്ള കെല്പ്പോ കാര്യങ്ങള്‍ കമ്പോടുകമ്പു പഠിക്കാനുള്ള ക്ഷമയോ ഇല്ലാത്തവരാണ് കേരളത്തിലെ മിക്ക ശാസ്ത്രസാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്നു തെളിയിക്കുന്നതാണ് ആ സംവാദം. ഈ പുസ്തകത്തെക്കുറിച്ച് വിമര്‍ശനപരമായോ അല്ലാതെയോ, ജീവന്‍ ജോബ് തോമസ് ഉള്‍പ്പെടെ ആരും ഇന്നുവരെ കമാന്നു മിണ്ടിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
കമന്റുകള്‍ ഇവിടെ ഉണ്ട്.
കമന്റുകള്‍ ഇവിടെ ഉണ്ട്.
No comments:
Post a Comment