ഇന്‍ഡ്യന്‍ ജാതിവ്യവസ്ഥിതിക്കെതിരെ ശബ്ദിക്കുന്ന,ബ്രാഹ്മണ്യത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന ഇന്‍ഡ്യയിലെയും ലോകത്തിലെയും ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും ഇസ്ലാം/മുസ്ലിം വിഷയകമായി സമാനമായ അഭിപ്രായം വച്ചു പുലര്‍ത്തുന്നവരാണ്. സുപ്രസിദ്ധയായ മീന കന്ദസാമിയും വ്യത്യസ്തമല്ല. അവരുമായുള്ള ഈ അഭിമുഖം കാണുക:
ബ്രാഹ്മണ്യത്തിന്റെ ചതിക്കുഴികള്‍/മീനാ കന്ദസാമിയുമായി അഭിമുഖം-2
എം. നൌഷാദ്
?എല്ലാ ദലിത്പരിഷ്കര്‍ത്താക്കളും മതംമാറ്റത്തെ അനുകൂലിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. എന്നാല്‍, ഹിന്ദുത്വസംഘടനകള്‍ എല്ലായ്പ്പോഴും മതംമാറ്റത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?
ഇന്ത്യയിലെ മതംമാറ്റത്തിന്റെ സ്വഭാവം കൊണ്ടാണത്. ഞാനിതിനെക്കുറിച്ചു സംസാരിക്കുന്നത് ഏതെങ്കിലും പക്ഷം ചേരാതെയും ചരിത്രപരമായുമാണ്. വളരെ ചരിത്രപരമായ അര്‍ഥത്തില്‍, ദലിതുകള്‍ക്കും മറ്റ് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും മേല്‍ജാതിയുടെ അടിച്ചമര്‍ത്തല്‍ രീതികള്‍ക്കെതിരേയും സംഘടിതമായ വ്യവസ്ഥാപിത ഹിംസയ്ക്കെതിരേയും പൊരുതാനുള്ള തങ്ങളുടെ നിലയെ രൂപപ്പെടുത്തിയെടുത്തത് ക്രൈസ്തവതയിലേക്കും ഇസ്ലാമിലേക്കുമുള്ള മതപരിവര്‍ത്തനമാണ്. ജാതിവ്യവസ്ഥ അതിന്റെ പാരമ്യത്തിലെത്തിയപ്പോഴൊക്കെ നമുക്കു കൂട്ട മതംമാറ്റങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലെ പുലയരും തമിഴ്നാട്ടിലെ നാടാന്മാരും അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ അവര്‍ ക്രൈസ്തവതയിലേക്കും ഇസ്ലാമിലേക്കുമൊക്കെ മാറി.
?എന്തുകൊണ്ടാണിത്രയും ആളുകള്‍ മതംമാറുന്നത്?
അതവര്‍ക്കു മെച്ചപ്പെട്ട സാമൂഹികപദവി നല്‍കുന്നു എന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, ബഹുമാന്യമായ ഒരു സംഘമെന്ന നിലയ്ക്ക് സംഘടിക്കാന്‍ അതവരെ സഹായിക്കുന്നു. ജാതിവ്യവസ്ഥയുടെ പിടിത്തത്തില്‍ നിന്നു രക്ഷനേടാനാണവര്‍ മതം മാറിയത്. അതുകൊണ്ട്, എപ്പോള്‍ മതംമാറ്റത്തിന്റെ പ്രശ്നമുണ്ടാകുമ്പോഴും ജാതിവ്യവസ്ഥയ്ക്ക് ഒരു പൂര്‍ണ വെല്ലുവിളി ഉയര്‍ത്തുകയാണവര്‍ എന്നു മേല്‍ജാതിക്കാര്‍ക്കറിയാം. ചിലര്‍ നിങ്ങളുടെ ജാതിസമ്പ്രദായത്തെ നേരിടാനൊരുങ്ങുകയാണ്. ചിലര്‍ നിങ്ങളുടെ അടിച്ചമര്‍ത്തല്‍സമ്പ്രദായത്തില്‍ നിന്നു രാജിവയ്ക്കുകയാണ്. അവരിനി സമ്മര്‍ദ്ദത്തില്‍ പെട്ട് കുരുങ്ങിക്കിടക്കില്ല, കാരണം അവര്‍ക്കു പിന്നില്‍ ഇപ്പോഴൊരു സമുദായമുണ്ട്. അവനിപ്പോള്‍ ദുര്‍ബലനായ ഒരു വ്യക്തിയല്ല. ഒരു ദലിതന്‍ മുസ്ലിമാകുമ്പോള്‍ മുസ്ലിംകളുടെ ഒരു സമുദായം മുഴുവന്‍ അയാളെ ശരിവയ്ക്കാനും പിന്തുണകൊടുക്കാനും കൂടെ നില്‍ക്കാനും തയ്യാറായി വരുന്നു.
ഇരുപതോളം ദിവസം ഞാന്‍ മീനാക്ഷിപുരത്തു ചെലവഴിച്ചിട്ടുണ്ട്. ജനങ്ങളുമായി ഇടപഴകി, ഞാനവരുടെ കൂട്ട മതംമാറ്റത്തെക്കുറിച്ചു പഠിക്കുകയായിരുന്നു. അവരുടെ രണ്ടാം തലമുറയോടാണ് ഞാന്‍ സംസാരിച്ചത്. അവരെന്നോടു പറഞ്ഞു: ''നേരത്തേ ഞങ്ങള്‍ക്ക് ബസ്സുകളില്‍ സീറ്റ് തന്നിരുന്നില്ല, പക്ഷേ, മതംമാറ്റത്തിനു ശേഷം ഞങ്ങള്‍ സീറ്റ് ആവശ്യപ്പെടുകയും ഞങ്ങള്‍ക്കതു കിട്ടുകയും ചെയ്തു. ഞങ്ങള്‍ വളരയേറെ ആദരവ് അനുഭവിച്ചു. അത് മുമ്പു സംഭവിച്ചിരുന്നില്ല.''
മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റം തുടങ്ങുന്നത് ഒരു പ്രണയകഥയില്‍ നിന്നാണ്. ഇതുകൊണ്ടാണു പ്രണയം പ്രധാനമാവുകയും ഹിന്ദുത്വപദ്ധതിക്ക് അതൊരു ഭീഷണിയാവുകയും ചെയ്യുന്നത്. ഞാനിങ്ങനെ പറയുന്നത് ഒരു കവി ആയതുകൊണ്ടു കൂടിയാവാം, പക്ഷേ, ശരിയാണിത്. മീനാക്ഷിപുരത്തെ അവിടത്തുകാര്‍ ഇപ്പോള്‍ വിളിക്കുന്നത് റഹ്മത്ത് നഗര്‍ എന്നാണ്. 1981ല്‍ അത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി. അന്വേഷിച്ചു നോക്കുമ്പോള്‍, തങ്കരാജ് എന്ന ചെറുപ്പക്കാരന്റെ പ്രണയത്തില്‍ നിന്നാണു സംഭവങ്ങളുടെ തുടക്കം. തങ്കരാജ് ദലിതനായിരുന്നു. അയാള്‍ സ്നേഹിച്ച പെണ്‍കുട്ടിയാവട്ടെ, ബേവര്‍സമുദായത്തില്‍ പെട്ടവളും. അവളുടെ സഹോദരങ്ങള്‍ ആ ബന്ധത്തിനു തീര്‍ത്തും എതിരായിരുന്നു. ഒടുവില്‍ പ്രണയിനികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. അപ്പോള്‍ ആക്രമണമുണ്ടായി. അവര്‍ക്കെവിടെയും താമസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കൊടുവില്‍ സംരക്ഷണം കൊടുത്തത് മുസ്ലിംകളാണ്. കുറച്ചുകാലം അവര്‍ കേരളത്തിലായിരുന്നു. പിന്നീടവര്‍ ഇസ്ലാംമതം സ്വീകരിച്ചു. അവരാണ് മീനാക്ഷിപുരത്തുനിന്ന് ആദ്യം മുസ്ലിംകളായി മാറിയത്. പിന്നീടുണ്ടായത്, വളരെ വ്യവസ്ഥാപിതമായി ഇവിടത്തുകാര്‍ക്കു ജോലി നിഷേധിച്ചു. പല മേഖലകളിലുമവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. തങ്കരാജിന്റെ സഹോദരന്മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. എനിക്കു തോന്നുന്നത്, ഭീകരമായ മര്‍ദ്ദനമുറകളുടെ ഫലമായി അവരിലൊരാള്‍ മരിക്കുകപോലും ചെയ്തിട്ടുണ്ടെന്നാണ്. പീഡനങ്ങള്‍ കാരണം, അവര്‍ സഹായം തേടാന്‍ നിര്‍ബന്ധിതരായി. സമീപപ്രദേശങ്ങളിലെ മുസ്ലിംകളാണ് അവരെ സഹായിച്ചത്.
അങ്ങനെ അവിടത്തെ ദലിത് സമുദായം മുഴുവനും മുസ്ലിംകളുടെ പിന്തുണയുടെ പേരില്‍ അവരെ ആശ്രയിക്കുന്ന അവസ്ഥ വന്നു. കാരണം, ബേവറുമാരെ പ്രതിരോധിക്കാനുള്ള ഏകവഴി അതായിരുന്നു. അതിന്റെ ഫലമായി, സ്വാഭാവികമായും അവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രതിസന്ധിഘട്ടം എന്ന നിലയില്‍ അവര്‍ മതംമാറി. അടിസ്ഥാനപരമായി ഇതിന്റെ മുഴുവന്‍ കാഞ്ചിവലിച്ചത് ഒരു പ്രണയമാണ്. അതുകൊണ്ട്, പ്രണയത്തിന്റെ ശക്തിയെക്കുറിച്ച് അവര്‍ക്കറിയാം. സ്നേഹബന്ധങ്ങള്‍ എപ്പോഴും വ്യക്തികള്‍ തമ്മിലാണ്. പക്ഷേ, വ്യക്തികള്‍ കുടുംബങ്ങളെയും കുടുംബങ്ങള്‍ ജാതികളെയും പ്രതിനിധീകരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വളരെ ആകുലരാണവര്‍. 'ലൌ ജിഹാദി'നെതിരേ കര്‍ശന നിലപാടെടുക്കുന്നതിന് ഒരു കാരണവും ഇതാണ്.
?ദലിത് സ്ത്രീകളുടെയും മുസ്ലിം സ്ത്രീകളുടെയും പിന്നാക്കാവസ്ഥയെക്കുറിച്ച് സംസാരിച്ചുവല്ലോ. ദലിത് സ്ത്രീകളും മുസ്ലിം സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സ്വഭാവം ഒരേപോലെയുള്ളതാണോ?
അടിസ്ഥാനപരമായി, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവര്‍ ഇരുവരുടെയും രാഷ്ട്രീയ പ്രതിനിധാനമാണ്. അവരുടെ പ്രശ്നങ്ങള്‍ മുഖ്യധാരയില്‍ വേണ്ടത്ര വിശദീകരിക്കപ്പെട്ടിട്ടില്ല. എനിക്കു തോന്നുന്നത്, അംഗവൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ക്കുപോലും കൂടുതല്‍ കവറേജ് കിട്ടുന്നുണ്ടെന്നാണ്. മുസ്ലിം സ്ത്രീയുടെ പ്രശ്നവും ദലിത് സ്ത്രീയുടെ പ്രശ്നവും എത്രമേല്‍ കൂടിക്കലരുന്നുണ്ട്? ദലിത് സ്ത്രീകള്‍ വ്യത്യസ്ത കാരണങ്ങളുടെ പേരിലാണ് യാതനയനുഭവിക്കുന്നത്. വിദ്യാഭ്യാസമില്ലായ്മയാണ് ഒരു പ്രധാനകാര്യം. ഈ സ്ത്രീകള്‍ക്കു സാമ്പത്തികമായ സ്വാശ്രയത്വമില്ല എന്നതാണ് മറ്റൊരു വസ്തുത. ഇതു മുസ്ലിം സ്ത്രീകള്‍ക്കും ബാധകമാണ്. സാമ്പത്തിക സ്വാശ്രയത്വത്തിനു വിദ്യാഭ്യാസം അനിവാര്യമാണ്. സാദൃശ്യങ്ങളും വ്യത്യാസങ്ങളും നമുക്കു കാണാന്‍ കഴിയും. മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുവരുടെയും അസ്തിത്വമോ സ്വത്വമോ ആഘോഷിക്കുന്നില്ല. ദലിത് സ്ത്രീകളുടെയും മുസ്ലിം സ്ത്രീകളുടെയും സാദൃശ്യങ്ങളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്. കാരണം, ഇരുവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. മുഖ്യധാരയുടെ ഭാഗമാകാന്‍ അവര്‍ എളുപ്പത്തില്‍ അനുവദിക്കപ്പെടുകയില്ല.
മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ സാക്ഷരതയെക്കുറിച്ച് എനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ട്. മുസ്ലിം സമുദായത്തോടു തന്നെ എനിക്കീ കാര്യത്തില്‍ വിഷമമുണ്ട്. 2002ലെ എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാനിതു പറയുന്നത്. ഗുജറാത്ത് വംശഹത്യ നടന്ന സമയമായിരുന്നു അത്. ഇന്ത്യ എന്ന പേരില്‍ ഒരാശയമുണ്ടെന്നും അതില്‍ സമഭാവനയും നന്മയും അടങ്ങിയിട്ടുണ്ടെന്നും ആലോചിച്ച ഏതൊരാളെ സംബന്ധിച്ചും വളരെയേറെ ഹൃദയഭേദകമായിരുന്നു അന്നു സംഭവിച്ചത്. കോയമ്പത്തൂര്‍ ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് ഭര്‍ത്താക്കന്മാരോ മക്കളോ ഒക്കെ ജയിലില്‍ കിടക്കേണ്ടി വന്നതുകാരണം ഒറ്റയ്ക്കായിപ്പോയ, നോക്കാനാരുമില്ലാത്ത അഗതികളായ കുറേ മുസ്ലിം സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു ഞാന്‍. വിചാരണത്തടവുകാരെ ഒമ്പതും പത്തും കൊല്ലം തടവില്‍ പാര്‍പ്പിച്ച ചരിത്രമുള്ള കേസാണത്. ഞാനവരുടെ ഭാര്യമാരോടും മാതാക്കളോടും സംസാരിക്കുകയായിരുന്നു. പന്ത്രണ്ടോ പതിനഞ്ചോ ചെക്പോസ്റ്റുകള്‍ കടന്നു വേണം അവര്‍ക്കു തങ്ങളുടെ സ്വന്തം വീടുകളിലെത്താനും പുറത്തു പോകാനും എന്നവര്‍ പറഞ്ഞു. "എന്റെ മകന്‍ ഒന്നും ചെയ്തിട്ടില്ല, എന്റെ ഭര്‍ത്താവ് നിരപരാധിയാണ്, ഞങ്ങള്‍ എന്നിട്ടും ഇതനുഭവിക്കുന്നു'' എന്നൊക്കെ അവര്‍ പറഞ്ഞു. ഒട്ടും സന്തോഷകരമായ അനുഭവമായിരുന്നില്ല അത്. ആ സ്ത്രീകള്‍ വളരെ യാതനാനിര്‍ഭരമായ അവസ്ഥയിലായിരുന്നു. ചിലരൊക്കെ വീട്ടുവേലക്കാരികളായി മാറിക്കഴിഞ്ഞിരുന്നു. കുടുംബം നടത്താന്‍ വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഈ സ്ത്രീകളിലധികവും ഒരിക്കല്‍ സാമ്പത്തികമായി തരക്കേടില്ലാത്ത കുടുംബങ്ങളിലാണു കഴിഞ്ഞിരുന്നത് എന്നത് എന്നെ അദ്ഭുതപ്പെടുത്തി. അവരുടെ പുരുഷന്മാര്‍ പെട്ടെന്നു ജയിലിലകപ്പെട്ടപ്പോള്‍ അവര്‍ കഷ്ടത്തിലായി. പ്രതിസന്ധികളെ നേരിടാന്‍ മാത്രം ആ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. മുസ്ലിംസമുദായം തിരിച്ചറിയേണ്ട ഒരു കാര്യമാണിത്.
ഓരോ പ്രാവശ്യം ഭര്‍ത്താവിനെ കാണാന്‍ ചെല്ലുമ്പോഴും ചെക്പോസ്റ്റുകളില്‍ അവര്‍ കഷ്ടത സഹിച്ചു. തങ്ങളുടെ കുട്ടികളെ അവര്‍ യാതന സഹിച്ചു വളര്‍ത്തി. അങ്ങനെയൊക്കെയാകുമ്പോഴെങ്കിലും ആരാണ് ശത്രുവെന്ന്, എന്താണിതിനൊക്കെ കാരണമെന്ന് അവള്‍ അറിയേണ്ടതല്ലേ? നിങ്ങളുടെ അഭിപ്രായത്തില്‍ ആരാണ് നിങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ക്കു കാരണം എന്നു ഞാന്‍ ചിലപ്പോഴൊക്കെ അവരോടു ചോദിച്ചു. വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ബി.ജെ.പിയോ ഹിന്ദുത്വ വലതുപക്ഷമോ ആണിത് ചെയ്യുന്നതെന്ന് ആരും പറഞ്ഞില്ല. എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ തീര്‍ത്തും അജ്ഞരായിരുന്നു. വലതുപക്ഷം എന്താണെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. നിങ്ങള്‍ ഒരു യാഥാസ്ഥിതിക വലതുപക്ഷ ഹിന്ദുബ്രാഹ്മണസ്ത്രീയോട് സംസാരിച്ചുനോക്കൂ. മുസ്ലിംകള്‍ ആരാണെന്നും എങ്ങനെയാണവര്‍ പെരുകുന്നതെന്നും അവരുടെ അജണ്ട എന്താണെന്നും അടുത്ത മിനി പാകിസ്താന്‍ എവിടെയാണുയര്‍ന്നു വരുന്നതെന്നുമുള്ള ചവറുകളുടെ ഒരു കൂനതന്നെ അവര്‍ തീര്‍ച്ചയായും നിങ്ങള്‍ക്കുമുന്നിലേക്കെറിയും. അതാണ് അവര്‍ക്കിടയിലെ ബോധവല്‍ക്കരണത്തിന്റെ രീതി.
ദലിത് സ്ത്രീകള്‍ക്കിടയില്‍ പോലും മുസ്ലിം സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന അവബോധമുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ദലിത് സമുദായം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇത് ഈയടുത്തുണ്ടായ കാര്യമാണ്. എങ്കിലുമവിടെ ബോധത്തിന്റെ ഒരു നിലവാരമുണ്ട്. മുസ്ലിംസ്ത്രീകള്‍ക്കിടയില്‍, ഈ തരത്തിലുള്ള രാഷ്ട്രീയധാരണ, പ്രത്യേകിച്ചും ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ച് ഇല്ലാതെ പോകുന്നു. ഏറ്റവും ചുരുങ്ങിയത് തമിഴ് നാട്ടിലെങ്കിലും അങ്ങനെയാണുള്ളത്. അവരെ എങ്ങനെയാണു മറ്റുള്ളവര്‍ വീക്ഷിക്കുന്നത് എന്നവര്‍ക്കറിയില്ല. നിങ്ങളെ ഈ പ്രത്യേക അവസ്ഥയിലേക്കെത്തിച്ചതെന്താണെന്നു നിങ്ങള്‍ മനസ്സിലാക്കണം. ഈ ബോധമില്ലാതെ നിങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല. കേരളത്തിലൊരു പക്ഷേ, കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം.
? ദലിത് സംഘടനകളും മുസ്ലിം സംഘടനകളും കൈകോര്‍ക്കുകയും പരസ്പരം ശാക്തീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ താങ്കള്‍ കണ്ടിട്ടുണ്േടാ? അത്തരമൊരു ഐക്യത്തിന്റെ സാധ്യത എന്താണ്?
ഇതിനു വിപുലമായ തോതില്‍ ശ്രമം നടത്തിയ ആദ്യത്തെ വ്യക്തി അബ്ദുന്നാസിര്‍ മഅ്ദനിയാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയനയങ്ങളുടെ സൂക്ഷ്മസങ്കീര്‍ണതകള്‍ എനിക്കറിയില്ല. പക്ഷേ, പൊതുവായുണ്ടായ മതിപ്പ് അദ്ദേഹം ദലിതുകളെയും മുസ്ലിംകളെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. മുസ്ലിംരാഷ്ട്രീയത്തെക്കുറിച്ചു പറയാവുന്ന ഒരു കാര്യം ഞാനറിയുന്നിടത്തോളം, ഒരൊറ്റ സംഘടനയ്ക്കും ജാതി ഒരു പ്രത്യേക കാര്യപരിപാടിയല്ല എന്നതാണ്.
പക്ഷേ, മഅ്ദനിക്കെന്താണു കിട്ടിയത്? അദ്ദേഹം അറസ്റ്റ്
ചെയ്യപ്പെട്ടു, വളരെ മോശമായി പെരുമാറപ്പെട്ടു, ഭരണകൂട ഭീകരതയ്ക്കിരയായി. ഒരു ഭീകരവാദിയായി മുദ്രകുത്തപ്പെട്ടു. എന്നിട്ടൊടുവില്‍ കോടതി കുറ്റവിമുക്തനാക്കി. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദലിതനായിരിക്കുക എന്നതിന്റെ അസ്ക്യത ഇന്ത്യക്കകത്തു മാത്രമേയുള്ളൂ. പക്ഷേ, മുസ്ലിമാവുക എന്നത് ഇപ്പോള്‍ അന്തര്‍ദേശീയതലത്തില്‍ തന്നെ ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. മുസ്ലിംകളെ അടിച്ചമര്‍ത്തുക എന്നത് അധികാരം വളരെ എളുപ്പമായി കരുതുന്നു.
തമിഴ് നാട്ടിലെ ചില ദലിത് സംഘടനകള്‍, ഏറ്റവും ചുരുങ്ങിയത് ദലിത് പാന്തേഴ്സ് ഓഫ് ഇന്ത്യയെങ്കിലും, മുസ്ലിം അനുകുലമാണ്. ബാബരിമസ്ജിദ് തകര്‍ക്കാന്‍ അംബേദ്കറുടെ ജന്മദിവസം തിരഞ്ഞെടുത്തതുപോലും ഹിന്ദുത്വശക്തികളുടെ വ്യവസ്ഥാപിത തന്ത്രമായിരുന്നു എന്നവര്‍ വിചാരിക്കുന്നു. ദലിതര്‍ തങ്ങളുടെ നേതാവിനോട് അങ്ങേയറ്റം ആദരവു കാണിക്കുന്ന ദിവസമാണത്. ഒരു വിഭാഗത്തിന്റെ അനുസ്മരണാഘോഷ ദിനം മറ്റേവിഭാഗത്തിന്റെ കറുത്തദിനമായി മാറിയിരിക്കുന്നു. ഹിന്ദുത്വരുടെ ആഗ്രഹം ദലിതരും മുസ്ലിംകളും ഒരുമിക്കരുത് എന്നാണ്. ദലിത് രാഷ്ട്രീയക്കാരും മുസ്ലിം രാഷ്ട്രീയക്കാരും ഡിസംബര്‍ 6 ന് നല്ല തിരക്കിലായിരിക്കും.
ദലിത് പാന്തേഴ്സ് ബാബരിമസ്ജിദ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിക്കുന്നു. ഒരു ദലിത് സംഘടന ഇതുറക്കെപ്പറയുന്നതു വളരെ നല്ല കാര്യമാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരനും ഇതുപോലൊരു പ്രസ്താവന നടത്തുന്നത് നിങ്ങള്‍ക്കു കാണാനാവില്ല. കാരണം, അത് ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നവര്‍ ഭയപ്പെടുന്നു. ദലിത് രാഷ്ട്രീയക്കാര്‍ക്ക് ആ പേടിയില്ല. താന്‍ അയോധ്യയില്‍ എന്താണു ചെയ്യുന്നത് എന്നത് ദലിതര്‍ക്കൊരു പ്രശ്നമല്ല.
അതേസമയം, ദലിതരെ ഹിന്ദു മുഖ്യധാരയിലേക്കു ലയിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘപരിവാരം നടത്തുന്നുണ്ട്. അവരുടെ വെബ്സൈറ്റുകളില്‍ അവര്‍ പറയുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒന്നാമത്തെ ശില വച്ചത് ഒരു ദലിതനാണെന്നാണ്. ദലിതരെ ഹിന്ദുത്വപദ്ധതിയിലേക്ക് ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ദലിതരെ ഹിന്ദുക്കളുടെ കൂട്ടത്തിലെണ്ണുന്നതു ദലിതര്‍ക്കു വലിയ നഷ്ടം വരുത്തും. സത്യത്തില്‍ ഇന്ത്യയിലെ ദലിതുകള്‍ ഹൈന്ദവരല്ല. അടിസ്ഥാനപരമായി അവര്‍ പഞ്ചമരാണ്. വര്‍ണാശ്രമധര്‍മത്തിനു പുറത്താണവര്‍. പക്ഷേ, നിങ്ങള്‍ ഹിന്ദുദലിതനാണെങ്കില്‍ മാത്രമേ ഭരണകൂട പിന്തുണ കിട്ടാന്‍ അര്‍ഹനാവുകയുള്ളൂ. ഭരണകൂടം വളരെയേറെ സൈനികാത്മകമാണ്, സ്വഭാവം കൊണ്ട് അടിച്ചമര്‍ത്തുന്നതും ശക്തിമത്തായതുമാണ്. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ മാത്രമേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളൂ എന്നവര്‍ പറയുന്നു.
ഒരു വശത്ത് ഭരണഘടന പറയുന്നത് നിങ്ങള്‍ക്കു മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നാണ്. എന്റെ മതം നിലനിര്‍ത്തുക മാത്രം ചെയ്യുന്നത് ഒരു തരത്തിലും എന്റെ ജാതിപശ്ചാത്തലത്തെ ബാധിക്കുന്നില്ല. പക്ഷേ, നിങ്ങള്‍ മതം മാറുകയും ദലിത് മുസ്ലിമോ ദലിത് ക്രൈസ്തവനോ ആവുകയും ചെയ്താല്‍ പിന്നെ വിദ്യാഭ്യാസത്തിലോ മറ്റെവിടെയെങ്കിലുമോ സംവരണം ചോദിക്കാന്‍ നിങ്ങള്‍ക്കാവില്ല. അതുകൊണ്ട്, നിങ്ങള്‍ ഒരു ദലിത് ഹിന്ദുവോ ദലിത് ബൌദ്ധനോ ആയിരിക്കേണ്ടതുണ്ട്. ദലിത് ബൌദ്ധന്മാര്‍ക്കു തന്നെ ഇതു കിട്ടിയതു ദീര്‍ഘമായ സമരത്തിനു ശേഷമാണ്. ഇപ്പോള്‍ അവര്‍ ഏതോ കാരണങ്ങളാല്‍ പറയുന്നത് ജൈനമതവും ബുദ്ധമതവും ഹൈന്ദവതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഇതാണ് താദാത്മീകരണ പദ്ധതി. അവര്‍ക്കതു ചെയ്യാനാകും. ജൈനമതവും ബുദ്ധമതവും യഥാര്‍ഥത്തില്‍ ഹിന്ദുമതത്തിനെ വിജയകരമായി സ്വാംശീകരിച്ചു. സത്യത്തില്‍, നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, ഇസ്ലാമിനെ വരെ അവര്‍ ഹിന്ദുമതത്തിന് അനുയോജ്യമാക്കിയെടുക്കും. നിങ്ങള്‍ ഒരു ഹിന്ദുമുസ്ലിമാവുക. അതാണ് ഇന്ത്യന്‍ മുസ്ലിം എന്നവര്‍ പറയും. അതാണവരുടെ വാദം. അഡ്വാനി ആത്മകഥയില്‍ എഴുതുന്നത് അതാണ്. ഒരു ഹിന്ദുക്രിസ്ത്യാനിയെ തനിക്കറിയാമായിരുന്നു, അങ്ങനെ ഒരു ക്രിസ്ത്യാനി ഉണ്ടാകാം എന്ന്.
തമിഴ്നാട്ടിലെ ക്രൈസ്തവതയുടെ ഒരു പ്രശ്നം അതു കൂടുതല്‍ ഹൈന്ദവമായിരിക്കുകയാണ് എന്നതാണ്. ക്രൈസ്തവ സമുദായത്തിനകത്തു ജാതിവിവേചനത്തിന്റെ നിരവധി സംഭവങ്ങളുണ്ടാകുന്നു. ഈയിടെ ജാതിക്രൈസ്തവര്‍ തങ്ങളുടെ തെരുവിലൂടെ ഒരു ദലിത് ക്രൈസ്തവന്റെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. അവിടെ ദലിത് ക്രൈസ്തവരെ മറ്റുള്ളവരില്‍നിന്നു വേര്‍തിരിക്കുന്ന മതിലുകളുണ്ട്. അവരെ സംബന്ധിച്ചു യേശുവും അനേകം ഹിന്ദുദൈവങ്ങളിലൊന്നായി മാറിയിട്ടുണ്ട്. തമിഴ് നാട്ടില്‍ ജാതിഹിന്ദുക്കളും ജാതിക്രൈസ്തവരും ദലിതരോട് പെരുമാറുന്നതില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. ഇസ്ലാമിനാണെങ്കില്‍ ജാതിയുടെ ഈ പ്രത്യേക പ്രശ്നം ഇല്ല.
ഈയിടെയായി വെല്ലൂരിലെ പള്ളി മുസ്ലിംകള്‍ക്കു തുറന്നുകൊടുക്കണമെന്ന് ഒരു ദലിത് സംഘടന ആവശ്യപ്പെട്ടു. ഇതുപോലെ ചിലപ്പോഴൊക്കെ ദലിത്സംഘടനകള്‍ മുസ്്ലിംപ്രശ്നങ്ങളിലും തിരിച്ചു മുസ്ലിം സംഘടനകള്‍ ദലിത് പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, താഴേത്തട്ടിലെ പ്രവര്‍ത്തനമണ്ഡലത്തില്‍ ദലിതുകളും മുസ്ലിംകളും ഒരുമിച്ചുകൊണ്ടുള്ള ഏതു നീക്കത്തെയും ഭരണകൂടം അതിന്റെ സംവിധാനങ്ങളുപയോഗിച്ച് അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന അനുഭവം രാഷ്ട്രീയപ്രവര്‍ത്തകരായ എന്റെ സുഹൃത്തുക്കള്‍ക്കുണ്ട്. അവര്‍ ഒരുമിക്കുന്നതിനെ ഭരണകൂടം എതിര്‍ക്കുന്നു. ദലിതുകളുടെയും മുസ്ലിംകളുടെയും വോട്ടിനെ ഏകോപിപ്പിക്കാന്‍ ശ്രമിച്ച ഒരു ദലിത് നേതാവിന്റെ കാര്‍ ആസൂത്രിതമായി ആക്രമിക്കപ്പെട്ട സംഭവം എനിക്കു വളരെ അടുത്തറിയാം. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായി. അതൊരു ശ്രദ്ധതിരിക്കല്‍ തന്ത്രം കൂടിയായിരുന്നു. ഇന്റലിജന്‍സിന്റെ സജീവ അറിവോടുകൂടിയല്ലാതെ ഇതു നടക്കുകയില്ലെന്നുറപ്പാണെനിക്ക്. ദലിതരും മുസ്ലിംകളും ഒന്നിച്ചുനില്‍ക്കണമെന്ന് പരസ്യപ്രസ്താവന പോലും നടത്തിയിട്ടുണ്ടായിരുന്നില്ല അദ്ദേഹം. ഇങ്ങനെയൊരു അക്രമത്തിനുശേഷം നിങ്ങള്‍ക്ക് അടങ്ങിയിരുന്ന് ദലിത് മുസ്ലിം ഐക്യത്തിനു ഫലപ്രദമായി എന്തുചെയ്യാനാകുമെന്ന് ആലോചിക്കാനാവില്ല. താങ്കളുടെ ശ്രദ്ധ തെറ്റിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാനപരമായി ഹൈന്ദവമാണ് ഇന്ത്യന്‍ ഭരണകൂടം. ദലിത്-മുസ്ലിം ഏകീകരണത്തെ അതു തടയും. അതിനു കൈവശമുള്ള എല്ലാ ആയുധങ്ങളും അവരുപയോഗിക്കും. അവരീ കാര്യത്തില്‍ വളരെയേറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
? നമ്മുടെ ദേശീയമാധ്യമങ്ങളില്‍ ദലിതുകള്‍ അവതരിപ്പിക്കപ്പെടുമ്പോഴൊക്കെ മോശമായി ചിത്രീകരിക്കപ്പെടുന്നു. മുസ്ലിം പ്രതിനിധാനത്തിന്റേതിനു സമാനമായ ഒരു പ്രശ്നം. ദേശീയ മുഖ്യധാരാ മാധ്യമങ്ങളിലോ സ്വാധീനമുള്ള ഭാഷാമാധ്യമങ്ങളിലോ തീരുമാനമെടുക്കുന്ന ഒരു കസേരയിലും ദലിതര്‍ ഇല്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
നമ്മള്‍ മാധ്യമങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവമെന്താണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത് ആവര്‍ത്തിക്കുക മാത്രമാണു മാധ്യമങ്ങള്‍. വിമത മാധ്യമസംസ്കാരം ഇവിടെയില്ല. ഇന്ത്യയിലെ ജയിലുകളിലെ 40 ശതമാനം അന്തേവാസികളും മുസ്ലിംകളും ദലിതുകളുമാണ് എന്നാണ് ഒരു ഔദ്യോഗിക സ്ഥിതിവിവരക്കണക്ക്. ഏതൊക്കെയോ കാരണങ്ങളാല്‍ അവര്‍ കുറ്റവാളികളാക്കപ്പെടുന്നു. ഹിന്ദുത്വ ദേശീയതാ പദ്ധതിക്കെതിരേ പ്രതികരിക്കുന്ന ഏതുവിഭാഗവും ഇന്ന് ഇന്ത്യയില്‍ ക്രമാതീതമായി കുറ്റവാളികളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു നമ്മള്‍ കാണണം. അനുപാതപരമായി ജയിലുകളിലെ മുസ്ലിം ചെറുപ്പക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ജനസംഖ്യയുടെ 15 ശതമാനം വരുന്നവര്‍ എങ്ങനെയാണ് ജയില്‍ ജനസംഖ്യയുടെ 40 ശതമാനമാകുന്നത്? എങ്ങനെയാണ് ഒരു സമുദായത്തിനു ജനസംഖ്യാനുപാതത്തേക്കാള്‍ കുറ്റവാളി അനുപാതം ഉണ്ടാക്കാനാവുക? അവര്‍ അധികമധികമായി കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു എന്നാണതിനര്‍ഥം. ദലിതുകള്‍ക്കും ഇതേ കാര്യം സംഭവിക്കുന്നു. പോലിസ് അവരെയാണു നോട്ടമിടുന്നത്.
ഏതു തരത്തിലുള്ള പ്രതിരോധം ഉയര്‍ന്നുവരുമ്പോഴും താഴേത്തട്ടിലാണ് ആദ്യമത് ഇടം കണ്ടെത്തുന്നത്. ഹിംസകൊണ്ടു കാര്യം നടക്കുന്നില്ലെങ്കില്‍, ഭരണകൂടം എപ്പോഴും അടിച്ചമര്‍ത്തുന്നവരുടെ കൂടെനില്‍ക്കുന്നു. ഭരണകൂടം നിങ്ങള്‍ക്കെതിരേ വ്യാജമായ കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഒരു പാഠം പഠിപ്പിക്കാനായി ജയിലിലിടുന്നു. പുറത്തുവരുമ്പോള്‍ തകര്‍ന്ന മനുഷ്യനാണു നിങ്ങള്‍. ഇനിയിപ്പോള്‍ രാഷ്ട്രീയത്തിലിടപെടാന്‍ താല്‍പ്പര്യമില്ലാതെ കുടുംബംനോക്കി സമാധാനത്തോടെ ജീവിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുക. ഇതാണു ചിത്രത്തിന്റെ ഒരു വശം.
വിപുലമായ ഈ കുറ്റവാളിവല്‍ക്കരണം നമ്മുടെ ന്യായപീഠങ്ങളും സുപ്രിംകോടതിയും ഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നു.
അവര്‍ നിങ്ങളെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നു. ഒരു ദലിതനു നേരെ മോഷണം ആരോപിച്ചാല്‍ 99 ശതമാനം ആളുകളും അയാളതു മോഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നുതന്നെ വിചാരിക്കുമെന്നു താങ്കള്‍ക്കു തോന്നുന്നില്ലേ? അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ കാര്യം പോലെയാണിത്. തടവറ ഒരുതരം പരീക്ഷണശാലയായി മാറുന്നു. അവര്‍ എല്ലാ ചെറുപ്പക്കാരെയും അവിടേക്കു കൊണ്ടുപോകുന്നു. ഏതെങ്കിലും തരത്തില്‍ അതു ജനങ്ങളുടെ വീര്യത്തെ ശോഷിപ്പിക്കും. ഉത്തരേന്ത്യയില്‍, ഏതെങ്കിലും മുസ്ലിം പാകിസ്താനെ അനുകൂലിച്ചുവെന്നോ സംശയകരമായ എന്തോ കൊണ്ടുനടക്കുന്നുവെന്നോ ആരോപിക്കപ്പെട്ടാല്‍, ഉടനെ പൊതുജനം ആ സംശയത്തോടൊപ്പം ചേരും. ഇതു വാര്‍പ്പുമാതൃകകളുടെ പ്രശ്നമാണ്. ഒരു തമിഴന്‍ ആസ്ത്രേലിയയിലേക്കോ കാനഡയിലേക്കോ ഫോണ്‍ ചെയ്യുന്നുവെന്നും അവന്റെ അക്കൌണ്ടില്‍ പണമെത്തുന്നുവെന്നും കരുതുക, അയാള്‍ക്കുടനെ സംശയത്തിന്റെ ഒരു ലേബല്‍ കിട്ടും. തമിഴരെക്കുറിച്ചു പറയാന്‍ കാരണം, ഭാഷാപരമായ അര്‍ഥത്തില്‍ ഇന്ത്യയുടെ സംസ്കൃതവല്‍ക്കരണപദ്ധതിയെ പ്രതിരോധിക്കുന്നതവരാണ് എന്ന നിലയ്ക്കാണ്. ദലിതുകളാണ്, പ്രത്യേകിച്ചും മിലിറ്റന്റ് ആയ ദലിത് യുവാക്കളാണ് ഇന്ത്യയിലെ ജാതിസമ്പ്രദായത്തെ പ്രതിരോധിക്കുന്നത്. മുസ്ലിംകളായിരിക്കുക എന്നതുതന്നെ ഹിന്ദുത്വരെ സംബന്ധിച്ച് അവരുടെ പദ്ധതിയോടുള്ള പ്രശ്നകലുഷിതമായ പ്രതിരോധമാണ്. മുസ്ലിംകള്‍ സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലിടപെടുന്നില്ലെങ്കില്‍ പോലും ഹിന്ദുത്വത്തെ മുസ്ലിം അസ്തിത്വം ഭയപ്പെടുത്തുന്നു.
കാരണം, ഹൈന്ദവത എന്താണോ, അതിനെയൊക്കെ ഇസ്ലാം പല തലങ്ങളില്‍ നിരാകരിക്കുന്നു. അപ്പോള്‍, അത് രാജ്യദ്രോഹത്തിന്റെ പ്രശ്നമായി അവതരിപ്പിക്കപ്പെടുകയും ഭരണകൂടസംവിധാനങ്ങള്‍ ഇടപെടുകയും ചെയ്യുന്നു. ഇതുതന്നെയാണു മാധ്യമങ്ങളും ചെയ്യുന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ജനങ്ങളുടെ മനസ്സിനെ ഭരിക്കുന്നതവരാണ്. അപ്പോള്‍ 40 ശതമാനം ജയിലന്തേവാസികള്‍ മുസ്ലിംകളാവുകയും എല്ലാ കുറ്റങ്ങള്‍ക്കും മുസ്ലിംകള്‍ സംശയിക്കപ്പെടുകയും ചെയ്യുക എന്നതു തുടര്‍ച്ചയായി നടക്കും. അതു സ്വാഭാവികമായിത്തീരും. മലേഗാവ് സ്ഫോടനത്തില്‍ ആദ്യം സംശയിക്കപ്പെട്ടതു മുസ്ലിംകളായിരുന്നു. പിന്നീടാണ് ഹിന്ദുത്വതീവ്രവാദികളാണു ബോംബ്വച്ചതെന്നു കണ്ടെത്തിയത്.
ഇനി ഇതുപോലൊരു സംഭവമുണ്ടായാല്‍, ഹിന്ദുത്വ തീവ്രവാദികളാകും ഇതു ചെയ്തത് എന്ന് ഇന്ത്യയിലെ ജനങ്ങള്‍ സംശയിക്കുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഉടനെ തന്നെ അവര്‍ പറയുക ഇതു ലശ്കറോ ജയ്ഷോ ഇന്ത്യന്‍ മുജാഹിദീനോ ആണെന്നാണ്. വളരെ സമര്‍ഥമായാണു മാധ്യമങ്ങള്‍ ഇതു ചെയ്യുന്നത്. കാരണം, മുസ്ലിംകള്‍ ശരിയായി പ്രതിനിധാനം ചെയ്യപ്പെടുന്നില്ല.
? മാധ്യമങ്ങളുടെ ഉടമകള്‍ മുസ്ലിംകളായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നുവോ? എല്ലാ കാര്യത്തിനും ഒരു ഐ.എസ്.ഐ. ബന്ധം ആരോപിക്കപ്പെടുമായിരുന്നുവോ?
ഇത്തരം പ്രസ്താവനകളിറക്കും മുമ്പെ അവര്‍ രണ്ടുവട്ടം ആലോചിക്കുമായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ എന്തെങ്കിലും കാര്യമായി സംസാരിച്ചാലുടനെ അവര്‍ പ്രതിസന്ധിയിലകപ്പെടും എന്നതും നമ്മള്‍ മറന്നുപോകരുത്. ദലിതുകളെക്കുറിച്ചു സഹതാപമുള്ള ഒരു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ക്കു പരസ്യം തരുന്നതു നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനു കഴിയും. പരസ്യങ്ങളുടെ തുണയില്ലാതെ ഏതു പത്രത്തിനു നിലനില്‍ക്കാന്‍ കഴിയും? ഞങ്ങളുടെ ഭാഷ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു പരസ്യം തരില്ല, നിങ്ങളെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, പ്രക്ഷേപണമനുവദിക്കില്ല തുടങ്ങിയ തടസ്സവാദങ്ങളുന്നയിക്കാന്‍ സര്‍ക്കാരിനു കഴിയും.
മറ്റൊരു പ്രധാനകാര്യം മാധ്യമ ഉടമസ്ഥതയുടേതാണ്. അവിടെ മുസ്ലിംകളോ ദലിതുകളോ ഇല്ല. ദലിതുകള്‍ പ്രത്യേകിച്ചും ഇല്ല. കുറച്ചു മുസ്ലിം ഓഹരികളുണ്ടായേക്കാം. റിപോര്‍ട്ടര്‍മാരുടെയും എഡിറ്റര്‍മാരുടെയും സ്വഭാവവും സമുദായ അനുപാതവും അവരുടെ മാനസികനിലയുമൊക്കെയാണു വേറൊരു പ്രശ്നം. ഭൂരിപക്ഷമാളുകളും മുസ്ലിംകളോ ദലിതുകളോ അല്ല. മുസ്ലിംകളെ നിങ്ങള്‍ക്കു കുറച്ചൊക്കെ കാണാം. ദലിതുകള്‍ അദൃശ്യരാണ് മാധ്യമങ്ങളില്‍. പിന്നെങ്ങനെയാണ് ദലിതരോട് ആഭിമുഖ്യമുള്ള വാര്‍ത്തകള്‍ വരുക?
അഭിമുഖത്തിന്റെ ആദ്യഭാഗത്തിന് മീനയുടെ സൈറ്റ് കാണുക.
കമന്റുകള്‍ക്ക് ഇവിടെ ക്സിക്കുക.
No comments:
Post a Comment