Friday, October 29, 2010

ലക്ഷ്മണയില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥന്മാര്‍ക്കുള്ള പാഠം


 നക്‌സല്‍ വര്‍ഗീസ് വധം: ഐ.ജി ലക്ഷ്മണ കുറ്റക്കാരന്‍; മുന്‍ ഡിജിപിയെ വിട്ടു 
കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടു.

ലക്ഷ്മണയുടെ ശിക്ഷ ജഡ്ജി എസ്. വിജയകുമാര്‍ വ്യാഴാഴ്ച വിധിക്കും. സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായരുടെ വാദവും ലക്ഷ്മണയ്ക്ക് പറയാനുള്ളതും കോടതി കേള്‍ക്കും. പോലീസ് കസ്റ്റഡിയില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത് അത്യപൂര്‍വമായ കേസ് ആയതിനാല്‍ ലക്ഷ്മണയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതാണ്.

നീണ്ട 40 വര്‍ഷത്തിനു മുമ്പ് വയനാട്ടിലെ തിരുനെല്ലിയില്‍ നടന്ന കൊലക്കേസിന്റെ വിധി കേട്ടപ്പോള്‍ കോടതിയില്‍ നിന്നിരുന്ന ലക്ഷ്മണ നിര്‍വികാരനായിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യ ദേവകി നിശ്ശബ്ദയായി കരഞ്ഞു. മകള്‍ അഡ്വ. സംഗീത അമ്മയെ ആശ്വസിപ്പിച്ചു. 12 മണിയോടെ ലക്ഷ്മണയെ പോലീസ് എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുപോയി. വിധി കേള്‍ക്കാന്‍ വര്‍ഗീസിന്റെ സഹോദരന്മാരായ അരീക്കാട്ട് തോമസും ജോസഫും മറ്റ് കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം മൂലം വീല്‍ചെയറിലാണ് മുന്‍ ഡിജിപി വിജയന്‍ എത്തിയത്. കുടുംബാംഗങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിധിയില്‍ ആശ്വസിച്ചുകൊണ്ട് ''സന്തോഷമുണ്ട്'' എന്ന് മാത്രമേ വിജയന്‍ പ്രതികരിച്ചുള്ളു.

1970 ഫിബ്രവരി 18-ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.

ലക്ഷ്മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന്‍ നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്ന് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിയില്‍ പറഞ്ഞു.
 
''കൊലയ്ക്ക് പദ്ധതിയിട്ടത് ലക്ഷ്മണയാണ്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്ന പോലീസിന്റെ നിലപാട് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ മാത്രമായിരുന്നു'', വിധിയില്‍ വ്യക്തമാക്കി.

നെഞ്ചില്‍ വെടിയേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടത് അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്. കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഈ ദൃക്‌സാക്ഷി വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത് ഹനീഫയുടെ മൊഴിയില്‍ നിന്ന് തെളിയുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഡിഐജിയായിരുന്ന വിജയന്റെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഹനീഫയുടെ മൊഴി സംശയാസ്​പദമാണെന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാലാണ് വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.

കൊലപാതകം ലക്ഷ്മണ തന്നെ നടത്തിയതിന് തുല്യമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് കോടതി തെളിവുകള്‍ വിലയിരുത്തി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ് ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ 1999-ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കൊലക്കേസിലും ലക്ഷ്മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വിട്ടിരുന്നു.




നക്സല്‍ വര്‍ഗീസ് കേസില്‍ ലക്ഷ്മണയെ ശിക്ഷിച്ചതില്‍ ഈ ബ്ലോഗറും സന്തോഷിക്കുന്നു. ആരെങ്കിലും ഈ കേസില്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ അത് ലക്ഷ്മണയായിരിക്കുമെന്ന് ഇതെഴുതുന്നയാള്‍ക്കറിയാമായിരുന്നു. തമ്പുരാക്കന്മാരെ പ്രീണിപ്പിക്കാനും അനുസരിക്കാനും വേണ്ടി വഴിവിട്ട് നിയമലംഘനം നടത്തുകയോ അതിനു കൂട്ടു നില്‍ക്കയോ ചെയ്യുന്ന ഏത് ദലിത് ഉദ്യോഗസ്ഥനും ഒരു കാര്യം ഓര്‍ക്കുക. ശിക്ഷ വരുമ്പോള്‍ തമ്പുരാക്കന്മാര്‍ ആരും കൂട്ടിനുണ്ടാവില്ല.അത് ഒറ്റയ്ക്കു തന്നെ അനുഭവിക്കണം.

ഈ വിധിയെ സംബന്ധിച്ച് ഏറ്റവും കൃത്യമായ നിരീക്ഷണം നടത്തിയത് കെ വേണു മാത്രമാണ്. ഭരണകൂട ഗൂഢാലോചന എന്ന വിഷയം പൂര്‍ണമായി ഒഴിവാക്കപ്പെട്ട ഒരു വിധിയാണിതെന്ന ആ സത്യം അദ്ദേഹം പറയുന്നതു കാണുക:

തൃശൂര്‍: വര്‍ഗീസ് വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ ഇനിയും വിചാരണചെയ്യപ്പെട്ടിട്ടില്ലെന്ന് കെ വേണു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തേജസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയിലൂടെ ഭരണകൂടഭീകരത തുറന്നുകാട്ടപ്പെടുകയും കേസിലെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. ഭാഗികമായി നിയമപോരാട്ടം വിജയിച്ചതില്‍ സന്തോഷമുണ്ട്.
ലക്ഷ്മണയും വിജയനുമെല്ലാം മരിച്ചുപോയ രാമചന്ദ്രന്‍ നായര്‍ക്ക് തുല്യമായവരാണ്. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ മാത്രം.
രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയിലാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തിരിക്കാം. അവരെയെല്ലാം ഒഴിവാക്കിയാണ് കേസും വിചാരണയും നടന്നത്. അവരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിയിരുന്നു. എങ്കിലേ നീതി പൂര്‍ണമായി എന്നു പറയാനാവൂ.
ഗൂഢാലോചന എന്ന സുപ്രധാന വശം മറച്ചുവച്ചു എന്നതാണ് ഈ കേസിന്റെ ദൌര്‍ബല്യം. അന്നത്തെ ക്രൈംബ്രാഞ്ചിന്റെ തലപ്പത്തുണ്ടായിരുന്ന ജയറാംപടിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് വര്‍ഗീസിനെ കൊന്നത്. ഇക്കാര്യം കോടതികളും മറ്റും പരിഗണിച്ചില്ലെന്ന ആശങ്കയാണ് എനിക്കുള്ളത്- വേണു പറഞ്ഞു.

Monday, October 25, 2010

ചെറുപാര്‍ട്ടികള്‍ക്ക് ധനനഷ്ടവും മാനഹാനിയും ഫലം

കേരളത്തില്‍ കുറേ വര്‍ഷങ്ങളായി തുടരുന്ന  അനിവാര്യതയോ അശ്ലീലതയോ ആണ് തിരഞ്ഞെടുപ്പുകളില്‍ മൂന്നാമതൊരു ശക്തിക്ക് അവസരം ലഭിക്കുന്നില്ല എന്നത്. ഒന്നുകില്‍ എല്‍ .ഡി. എഫ് അല്ലെങ്കില്‍ യു. ഡി .എഫ് ; ഇതാണ് നിയമസഭാ-ലോക് സഭാ തിരഞ്ഞെടുപ്പുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അവസ്ഥ. ബി.ജെ.പി.പോലും ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും അപ്രസക്തമായി വരികയാണ്. (അവരിപ്പോള്‍ വോട്ടു കച്ചവടത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതത്രേ!)  മേല്‍പ്പറഞ്ഞ മുന്നണികളില്‍ത്തന്നെമുഖ്യ കക്ഷികളായ സി പി എമ്മിനും കോണ്‍ഗ്രസിനും പിന്നെ മുസ്ലിംലീഗിനും മാത്രമേ  ഒറ്റയ്ക്കു നിന്നു ജയിക്കാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത(?) ഏതാണ്ടെല്ലാവരും അംഗീകരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചിലയിടങ്ങളില്‍ സ്വതന്ത്രരും ചെറിയ കക്ഷികളും ജയിക്കാറുണ്ടെങ്കിലും മൊത്തത്തില്‍ ഈ രണ്ടു മുന്നണികളല്ലാതെ മറ്റൊരു ഓപ്ഷനില്ല വോട്ടര്‍മാര്‍ക്ക്. അഥവാ ഏതെങ്കിലും ചെറുമുന്നണികളോ കൂട്ടായ്മകളോ ഉയര്‍ന്നു വന്നാലും ജനങ്ങള്‍ അവരെ സ്വീകരിക്കുന്നതു പോയിട്ട് അറിയാന്‍ പോലും കേരളത്തിലെ മാധ്യമങ്ങള്‍ സമ്മതിക്കില്ല.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നതു ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യം മനസ്സിലാകും. എല്‍.ഡി.എഫ്,യു.ഡി.എഫ്,ബി.ജെ.പി- ഈ മൂന്നേ മൂന്നു സ്ഥാനാര്‍ത്ഥികളുടെ കാര്യം മാത്രമേ അവര്‍ റിപ്പോര്‍ട്ടു ചെയ്യൂ. ഇതില്‍ ബി.ജെ.പി  അപ്രസക്തമായിക്കഴിഞ്ഞിട്ട് വര്‍ഷങ്ങളായി.എന്നിട്ടും അവര്‍ക്കു നല്കുന്ന പരിഗണന ഇപ്പോഴും കുറഞ്ഞിട്ടില്ല. ദേശീയ പാര്‍ട്ടിയെന്നതാവും ന്യായം. എന്നാല്‍ ആ പരിഗണന, ദേശീയ പാര്‍ട്ടി തന്നെയായ ബി.എസ്.പി.ക്കു ലഭിക്കുന്നില്ലെന്നോര്‍ക്കണം. മറ്റു കക്ഷികള്‍ ,വിശേഷിച്ച് ദലിത്-.ബി.സി-മുസ്ലിം കക്ഷികളാണെങ്കില്‍ പറയേണ്ടതില്ല. ഒരു പരിഗണനയും കിട്ടില്ലെന്നു മാത്രമല്ലഅവര്‍ക്കെതിരെ ഇല്ലാത്ത അപവാദങ്ങളെല്ലാം പ്രചരിപ്പിക്കയും ചെയ്യും ഈ മാധ്യമങ്ങള്‍. ഇതില്‍ മുസ്ലിം പാര്‍ട്ടികള്‍ ആരെയെങ്കിലും പിന്തുണച്ചാല്‍ ആ മുന്നണിക്ക് "വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നു" എന്ന അപവാദം കൂടി കേള്‍ക്കേണ്ടിവരുംകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണ സ്വീകരിച്ചത് സി.പി.എമ്മിനു വലിയ നഷ്ടമായത് ഓര്‍ക്കുക. അതില്‍ നിന്നൊക്കെ പാഠം പഠിച്ചാവണം ഇത്തവണ സി.പി.എം. മുസ്ലിം കക്ഷികളെയെല്ലാം ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുന്നത്. മുസ്ലിം ലീഗിനെ ഒഴിച്ചു നിര്‍ത്തിയാല്‍, പുതുതായി രംഗത്തുവന്ന ജമാ അത്തെ ഇസ്ലാമിയുടെ 'ജനകീയ വികസന മുന്നണി'(JVM)യുള്‍പ്പെടെ മുസ്ലിം കക്ഷികളില്‍ ആരുംതന്നെ ഒരു മുന്നണിയുടേയും ഭാഗമല്ല. കാല്‍ നൂറ്റാണ്ടുകാലം കൂടെ നിന്നിട്ടും ഐ. എന്‍. എല്ലിന്റെ മതേതരത്വം സി.പി.എമ്മിനു ബോധ്യപ്പെട്ടില്ലെന്നോര്‍ക്കണം. എന്നാല്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കറക്കുകമ്പനികളായ കേരള കോണ്‍ഗ്രസുകളുടെ മതേതരത്വം എളുപ്പം ബോധ്യപ്പെടുകയും ചെയ്യുന്നു. പി.ജെ.ജോസഫിന്റെ മതേതരത്വം നമ്പൂതിരിപ്പാടിന്റെ കാലത്തുതന്നെ ബോധ്യപ്പെട്ടതാണ്. ഇപ്പോഴിതാ, വര്‍ഗീയപ്രചാരണം നടത്തി യതിന്റെ പേരില്‍ സുപ്രീം കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ പി.സി.തോമസിന്റെ മതേതരത്വവും അവര്‍ക്ക് ദിവസങ്ങള്‍ക്കു ള്ളില്‍ ബോധ്യമായിരിക്കുന്നു.എന്നാല്‍ ഈ ആനുകൂല്യം മുസ്ലിങ്ങ ള്‍ക്കു ലഭിക്കില്ല, ദലിതരുടെയും ഒ.ബി.സിക്കാരുടെയും പാര്‍ട്ടിക ള്‍ക്കും ലഭിക്കില്ല. അവയെല്ലാം "ജാതി-വര്‍ഗീയപ്പാര്‍ട്ടി"കളാണ്. അത്തരമൊരാരോപണം കേട്ടാല്‍പ്പിന്നെ,  "പുരോഗാമി"കളായ പിന്നാക്കക്കാര്‍ വരെ ആ പാര്‍ട്ടികളെ തിരിഞ്ഞുനോക്കില്ലെന്നു പറയേണ്ടതില്ലല്ലോ! ഇക്കഴിഞ്ഞ ദിവസം , എന്‍.എസ്.എസ്സിന്റെ നിലപാടിലെ 'പുരോഗാമിത്വ'ത്തെ പ്രകീര്‍ത്തിച്ച് സഖാക്കള്‍ പുളകം കൊണ്ടിരുന്നല്ലോമാറിമാറിവരുന്ന എല്ലാ സര്‍ക്കാരുക ളെയും മൂക്കുകൊണ്ട് 'ക്ഷ, മ്മ,പ്പ,ണ്ട' എന്നു വരപ്പിക്കുന്ന പണിക്ക രുടെ കുപ്രസിദ്ധമായ "സമദൂര സിദ്ധാന്ത"ത്തിന്റെ മറവില്‍ എല്ലാത്തരം തീരുമാനങ്ങളെയും നായന്മാര്‍ക്കനുകൂലമാക്കിയെ ടുക്കാന്‍ നിഷ്പ്രയാസം സാധിക്കുന്ന സംഘടനയ്ക്ക് പിന്നെന്തി നാണ് രാഷ്ട്രീയത്തില്‍ നേരിട്ടിടപെടേണ്ട കാര്യം? സംവരണ ത്തിനു ക്രീമിലേയര്‍ തുടങ്ങി ഏറ്റവുമൊടുവിലെ ദേവസ്വം ബില്‍ വരെയുള്ള വിഷയങ്ങളില്‍ എന്‍.എസ്.എസ്സിനും സി.പി.എമ്മിനും 'ഒരു ഹൃദയം ഒരു മാനസ'മായത് യാദൃഛികമാണോരണ്ടു മുന്നണികളില്‍ ആരു വന്നാലും നായന്മാര്‍ക്ക് അവരുടെ താത്പര്യം സംരക്ഷിക്കാനാവുമ്പോള്‍ എന്തിനാണ് അവര്‍ക്ക് പ്രത്യേക പാര്‍ട്ടി

കേരളത്തില്‍ ഇരു മുന്നണികളെക്കൂടാതെ മത്സരരംഗത്തുള്ളവര്‍ ബി.ജെ.പി.,ബി.എസ്.പി.,സി.പി.എം വിമതര്‍ രൂപവത്കരിച്ച സംഘടനകള്‍,സി.പി.(എം.എല്‍),.എന്‍.എല്‍,ജെ.വി.എം.,പി.ഡി.പി., 
എസ്.ഡി.പി..,ഡി.എച്ച്. ആര്‍.എം,ശിവസേന എന്നിവയും സ്വതന്ത്രന്മാരുമാണ് ഇതില്‍ ബി.എസ്.പി. പ്രധാനമായും ഒരു ദലിത് അടിത്തറയുള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ ഓ.ബീ. സീകള്‍ പോലും അതിനെ കാര്യമായി പിന്തുണക്കില്ല, ആ പാര്‍ട്ടി യില്‍ ചേരുകയുമില്ല. (ബ്രാഹ്മണര്‍ക്ക് ആ അയിത്തമില്ലട്ടോ. യു.പി.യില്‍ അവര്‍ അതിനെ സ്വാംശീകരിക്കാന്‍ കാര്യമായി ശ്രമി ക്കുന്നുമുണ്ട്).ബി.ജെ.പി ഇത്തവണ കച്ചവടം എത്രത്തോളം കൊഴുപ്പിക്കുമെന്ന് കെ.ജി.മാരാരെപ്പോലെ പിന്നാരെങ്കിലും ആത്മ കഥ എഴുതുമ്പോളേ കൃത്യമായ കണക്കു ലഭിക്കൂ. ശിവസേനയും ആ പാരമ്പര്യം തന്നെയാണോ പിന്തുടരുന്നതെന്ന് അറിയില്ല. അവര്‍ക്ക് ആത്മകഥ എഴുതാന്‍ തക്ക കാലിബറുള്ള നേതാക്കള്‍ കേരളത്തിലില്ലാത്തതിനാല്‍ അക്കാര്യം പെട്ടെന്ന് അറിയാനും വകുപ്പില്ല.

  മുസ്ലിം പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനാല്‍ അവരുടെ വോട്ടുകള്‍ ഭിന്നിച്ചുപോകും. മാത്രമല്ല, മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗ ങ്ങള്‍ പൊതുവില്‍ യു.ഡി.എഫ് അനുകൂലികളാണെന്നാണ് കേരളത്തില്‍ നിലനില്‍ക്കുന്ന ധാരണ.ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ പഠനവും ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെന്നതിനാല്‍ ചുരുങ്ങിയ പക്ഷം സി.പി.എമ്മിനെങ്കിലും ഇക്കാര്യത്തില്‍ സംശ യം കാണില്ല. അതുകൊണ്ട് മുസ്ലിം സംഘടനകള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ട് കൂടുതലും യു ഡി എഫിന്റേ താകും.ജമാഅത്തുകാര്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി സി.പി.എമ്മിനെയായിരുന്നു പിന്തുണച്ചിരുന്നതത്രേ! അതുകൊണ്ട് സി.പി.എമ്മിനും നഷ്ടമാകും കുറച്ച് മുസ്ലിം വോട്ടുകള്‍.പക്ഷേ ആ നഷ്ടവും അതിനപ്പുറവും  ഇപ്പുറത്ത് എന്‍.എസ്.എസ് ഉള്‍പ്പെടെ യുള്ളവരുടെ  ഹിന്ദു  വോട്ടുകള്‍ നികത്തിത്തരുമെന്നു കരുതാം. സി പി എം, ജമാ അത്തെ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും  അതിശക്തമായി എതിര്‍ത്തതും ഐ.എന്‍.എല്ലിനെ നിഷ്കരുണം പുറത്താക്കിയതും പി.ഡി.പി.യെ അവഗണിക്കുന്നതും വെറുതെ യല്ല എന്നര്‍ത്ഥം. പോരാത്തതിന് അബ്ദുന്നാസിര്‍ മഅ്ദനി എന്ന "കേരളത്തിന്റെ സ്വന്തം ഭീകരനെ "പിടിച്ചുകൊടുത്തതിന്റെ ക്രെഡിറ്റും വേണമെങ്കില്‍ പണ്ട് നായനാര്‍ ചെയ്തതുപോലെ അവകാശപ്പെടാം അവര്‍ക്ക്. ആ നിലയ്ക്ക് തിരഞ്ഞെടുപ്പിലെ മുസ്ലിം സംഘടനകളുടെ സാന്നിധ്യം ഇടതു പക്ഷത്തിനാവും ഗുണം ചെയ്യുക.
 
പിന്നെ നിര്‍ണായകമായിട്ടുള്ളത് വോട്ടു ചെയ്യുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവില്‍ സ്വീകരിച്ചു പോരുന്ന നയമാണ്." വോട്ടു പാഴാക്കരുത് "എന്നതാണ് ആ നയം. അതൊരു 'മനോരമയന്‍ ' നയമാണ്. (സാധാരണ തിരഞ്ഞെടുപ്പിനു തലേന്ന് മനോരമ പത്രം എഴുതുന്ന മുഖപ്രസംഗത്തിന്റെ സ്ഥിരം തലക്കെട്ടാണത്. )ജയിക്കാന്‍ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യു ന്നത് വോട്ടു പാഴാക്കലാണെന്നും ഒന്നുകില്‍ ഇടതു പക്ഷത്തിനോ അല്ലെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണിക്കോ വോട്ടു ചെയ്യണ മെന്നുമാണ് ആ ആഹ്വാനത്തിന്റെ അര്‍ത്ഥം. ആ ആഹ്വാനം പൊതുവില്‍ മലയാളികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഓരോ തിരഞ്ഞെടുപ്പു ഫലവും ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കു ന്നത്. മലയാളികളുടെ ഈ ഒരു മനശ്ശാസ്ത്രം മാറാത്തിടത്തോളം അഥവാ മാറ്റാന്‍ സാധിക്കാത്തിടത്തോളം ചെറുപാര്‍ട്ടികള്‍ക്ക് ഓരോ തിരഞ്ഞെടുപ്പും വലിയ നഷ്ടക്കച്ചവടമായി മാറാനാണു സാധ്യത. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ വോട്ട് കച്ചവടം ചെയ്യേണ്ടിവരും. ‌

 മേല്‍വിവരിച്ച മലയാളി മാനസിക ഘടകം പ്രവര്‍ത്തിക്കുകയാ ണെങ്കില്‍ ,ചെറുപാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരില്‍ പലരും  അനുഭാവികളില്‍ മിക്കവരും വോട്ടു ചെയ്യുമ്പോള്‍ മാറി ച്ചിന്തിക്കും. തത്ഫലമായി ഈ സംഘടനകളുടെ യഥാര്‍ത്ഥത്തി ലുള്ള ശക്തി(അങ്ങനെയൊന്നുണ്ടെങ്കില്‍) വളരെ കുറച്ചു കാണാന്‍ തിരഞ്ഞെടുപ്പുഫലം ഇടയാക്കുകയും ചെയ്യും. പി.ഡി.പി മുതല്‍ എസ്.ഡി.പി.ഐ വരെയുള്ള പാര്‍ട്ടികള്‍ക്കു്,എന്തിന് ബി.ജെ.പി ക്കു വരെ സംഭവിച്ച അബദ്ധം(?) അതായിരുന്നുഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എസ്. ഡി. പി.. എന്ന പോപ്പുലര്‍ ഫ്രണ്ടുകാരുടെ പാര്‍ട്ടിക്കു സംഭവിച്ചതും ഇതേ അബദ്ധം തന്നെയാണ്. അവരുടെ സ്ഥാനാര്‍ത്ഥിക്ക് പോപ്പുലര്‍ ഫ്രണ്ട് അനുഭാവികള്‍ പോലും വോട്ടു ചെയ്തില്ലത്രേ! അവര്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിരുന്നുവെങ്കില്‍ അബ്ദുല്ല ക്കുട്ടി തോല്‍ക്കുമായിരുന്നു എന്നതാണു സത്യം. ഈ വിശകലനം അവര്‍ തന്നെ നടത്തിയിട്ടുള്ളതാണ്.(അതു വിശ്വാസത്തിലെടുക്കു കയാണെങ്കില്‍) . ഫലത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്നത് അവര്‍ക്കു തിരിച്ചടിയായി. അവര്‍ക്ക് കാര്യമായ ജനപിന്തുണ ഇല്ലെന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും മനസ്സിലായി. അക്കാരണത്താല്‍ അവരെ അവഗണിക്കാന്‍ മുന്നണിയിലെ വല്യേട്ടന്മാര്‍ക്കു നിഷ്പ്ര യാസം സാധിക്കുന്നു.

ഈ ഒരു പ്രശ്നം ഇരുമുന്നണികളിലേയും  ഘടക കക്ഷികള്‍ക്കു് നന്നായറിയാം,അല്ലെങ്കില്‍ അനുഭവം കൊണ്ട് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പല കാരണത്താല്‍ മുന്നണിയില്‍ നിന്നു കുറച്ചു കാലത്തേക്കു പുറത്തുപോയവര്‍  എങ്ങനെയെങ്കിലും മുന്നണിക ളില്‍ ഏതിലെങ്കിലും കയറിപ്പറ്റുന്നത്; ഇപ്പോഴും ഗതികിട്ടാതല യുന്ന കെ മുരളീധരനെപ്പോലുള്ളവര്‍  എങ്ങനെയെങ്കിലും  മുന്ന ണിയില്‍ കയറാന്‍ അഹമഹമികയാ ശ്രമിക്കുന്നത്. ഇങ്ങനെ കയറിപ്പറ്റാന്‍ പക്ഷേ ,സാധാരണഗതിയില്‍ മുസ്ലിം-ദലിത്-പിന്നാ ക്ക സംഘടനകള്‍ക്കാവില്ല . ഗൌരിയമ്മയുടേതു പോലുള്ള പാര്‍ട്ടി കള്‍ക്ക് അതു സാധിച്ചെങ്കിലും നിലവിലെ മുന്നണികളില്‍ ആധിപ ത്യം സ്ഥാപിച്ചിട്ടുള്ള നായര്‍-സുറിയാനി താത്പര്യങ്ങള്‍ക്കെതിരാ യി ചെറുവിരലനക്കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ലെന്നോര്‍ക്ക ണം. ഓ.ബീ.സിക്കാര്‍ മൊത്തത്തില്‍ മാനസികമായി സവര്‍ണാടിമത്തം സ്വീകരിച്ചിട്ടുള്ളവരായതിനാല്‍ അവരെ മുന്നണി നേതൃത്വം ഒരു പരിധിവരെ സഹിച്ചേക്കും. അതുപോലെ തന്നെ സവര്‍ണാധിപത്യത്തെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ കെല്പില്ലാത്ത മുസ്ലിം ലീഗിനെയും അവര്‍ സഹിക്കും. അതിന്നപ്പുറം, ദലിത്-മുസ്ലിം സ്വത്വബോധത്തിലൂന്നി നില്‍ക്കുന്ന, സാമ്രാജ്യത്വ വികസന മാതൃകകളെ നിരാകരിക്കുന്ന  ഒരു സംഘടനയേയും ഒരു മുന്നണിയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകില്ല. അത്തരം സംഘടനകളെ "വികസന വിരോധി"കളെന്നും "തീവ്രവാദി"കളെന്നും "ഭീകരവാദി"കളെന്നും അധിക്ഷേപ്പിക്കുന്ന തു്/ പീഡിപ്പിക്കുന്നതു് അതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍  ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഈ തിരഞ്ഞെടുപ്പിലോ ഭാവിയിലെ തിരഞ്ഞെടുപ്പുകളിലോ എന്തെങ്കി ലും അദ്ഭുതം സൃഷ്ടിക്കാനാവുമോ എന്നു സംശയമാണ്. ഈ ചെറുപാര്‍ട്ടികളില്‍ മിക്കവയ്ക്കും മുഖ്യധാരാ പാര്‍ട്ടികളെപ്പോലെ ചെലവു ചെയ്യാനും കഴിയില്ല. പക്ഷേ അവര്‍ക്ക് ആത്മാര്‍ഥത യോടെ പ്രവര്‍ത്തിക്കുന്ന ആളുകളുണ്ടാകും.നേരേമറിച്ച് ഭരണ വര്‍ഗ(ജാതി)പ്പാര്‍ട്ടികള്‍ക്ക് പണത്തിനു പഞ്ഞമുണ്ടാവില്ല; അതു കൊണ്ടുതന്നെ പ്രവര്‍ത്തകര്‍ക്കും പ്രശ്നമില്ല. ആത്മാര്‍ഥതയൊ ക്കെ ഇന്നത്തെ കാലത്ത് ഒരാഡംബരമായതിനാല്‍ അതൊന്നും ഒരു മുഖ്യധാരാ പാര്‍ട്ടിയിലും ആവശ്യവുമില്ല. എന്നിരുന്നാലും അന്ധവിശ്വാസികള്‍ ഏതു മേഖലയിലും കൂടുതലായതിനാല്‍ ആത്മാര്‍ത്ഥതക്കാര്‍ ഇരു മുന്നണികളിലും(വിശേഷിച്ച് ഇടതുപ ക്ഷത്ത്) തീര്‍ത്തും അന്യം നിന്നു പോയിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഗുണ്ടായിസം അനിവാര്യമായതിനാല്‍ ആ നിലക്കും മുഖ്യധാരയില്‍ പെടാത്ത ചെറുകക്ഷികള്‍ പരാജയ പ്പെടാനാണു സാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിം-ദലിത് സംഘടനകള്‍ക്ക് ഇരട്ട നഷ്ടമാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ധനനഷ്ടവും മാനഹാനിയും.

Thursday, October 21, 2010

ലൌജിഹാദും ഇന്‍ഡ്യന്‍ അച്ചടി മാധ്യമങ്ങളും

ഇല്ലാത്ത ലൌജിഹാദിന്റെ പേരില്‍ മാധ്യമങ്ങള്‍ എങ്ങനൊണ് വിദ്വേഷ നിര്‍മിതി നടത്തിയതെന്ന് വസ്തുതാപരമായി സ്ഥാപിക്കുന്ന ഗവേഷണ പഠനം. വി എ എം അഷ്റഫ് ആണ് ഈ പഠനം നടത്തിയത്. ദയവായി വായിക്കുക.(ഫുള്‍സ്ക്രീനില്‍ കാണാന്‍ ആ ഓപ്ഷനില്‍ അമര്‍ത്തുക.)
Love Jihad

Friday, October 15, 2010

സത്യാന്വേഷി പുതിയത്

                         "ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ പൊതുമണ്ഡലം വളരെയധികം മതേതരമാണെന്നാണ് കുറെ കാലമായി നാം പറഞ്ഞു ശീലിച്ചിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷ സ്വാധീനമാണിതിന് കാരണമെന്ന് അതേ ശ്വാസത്തില്‍ തന്നെ പറയാനും നാം മടിക്കാറില്ല. ഒരു മിത്ത് എന്നതിനപ്പുറം ഇവക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്നാണ് കൈവെട്ടിനെ തുടര്‍ന്ന് ഇവിടെ അരങ്ങേറിയ വാദകോലാഹലങ്ങള്‍ തെളിയിച്ചത്.കേരളത്തിന്റെ പൊതുമണ്ഡലത്തിന് സംഘ്പരിവാറിനോട് രാഷ്ട്രീയാഭിമുഖ്യം തുലോം കുറവാണെന്നത് ശരി തന്നെ. അതേസമയം അത് അങ്ങേയറ്റം മുസ്ലിം വിരുദ്ധവുമാണ്. ഇത്തരമൊരു പൊതുമണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ സാമ്പ്രദായികവും അല്ലാത്തതുമായ ഇടതു പക്ഷത്തിന്റെയും ലിബറല്‍ മതേതര ബുദ്ധിജീവികളുടെയും ഇടപെടലുകളാണെന്ന് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് വര്‍ത്തമാനകാല കേരളമിപ്പോഴുള്ളത്.മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തോടുള്ള അവജ്ഞയിലും ശരീഅത്ത് വിരുദ്ധതയിലും മുസ്ലിംശാക്തീകരണ ശ്രമങ്ങളോടുള്ള അസഹിഷ്ണുതയിലുമെല്ലാം സംഘ്പരിവാറിനേക്കാള്‍ ഒരു പടി മുന്നിലാണ് കേരളത്തിലെ ഇടതു പക്ഷവും ലിബറല്‍ മതേതര ബുദ്ധിജീവികളുമെന്നത് ഇതിനകം തെളിഞ്ഞു കഴിഞ്ഞ  വസ്തുതയാണ്. ഇടതുപക്ഷ സ്വാധീനത്തില്‍ രൂപപെട്ടതും മതേതരമെന്ന് കൊണ്ടാടപ്പെടുന്നതുമായ കേരളത്തിന്റെ പൊതുബോധത്തിന് സംഘ്പരിവാറിന്റെ രാഷ്ട്രീയത്തോട് മാത്രമേ എതിര്‍പ്പുള്ളൂ. " 
                                          ഒരു ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകന്റെ ഈ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്നു ബോധ്യമുള്ള ഒരാളാണ് സത്യാന്വേഷി. പൊതു സമൂഹത്തിലെ ഈ മുസ്ലിം വിരുദ്ധതയേക്കാള്‍ അതിഭയാനകമാണ് ബൂലോകത്തിലെ അവസ്ഥ.   ബൂലോകത്തില്‍ ഗൌരവമുള്ള ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ സംഘ് ആശയഗതിക്കാര്‍ക്കും സി പി എം അനുഭാവികള്‍ക്കും യുക്തിവാദികള്‍ക്കുമാണ് മേധാവിത്വം. അവരില്‍ മിക്കവര്‍ക്കും , ജാതി വിഷയം പരസ്യമായി ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നതും മുസ്ലിം പ്രശ്നങ്ങള്‍ മുസ്ലിങ്ങളുടെ ഭാഗത്തുനിന്നു നോക്കിക്കാണുന്നതും സഹിക്കാനാവുന്നില്ല എന്നതാണ് അനുഭവം.                      
                                   മലയാളി സമൂഹം പൊതുവില്‍ അങ്ങേയറ്റം കാപട്യം പുലര്‍ത്തുന്ന രണ്ടു വിഷയങ്ങളാണ് ലൈംഗികതയും ജാതിയും. ഇതില്‍ ലൈംഗികതയെ സംബന്ധിച്ച് ഏതറ്റം വരെ പോയി അഭിപ്രായം പറഞ്ഞാലും ബ്ലോഗിലെ 'പുരോഗാമികള്‍' എതിര്‍ക്കില്ല. എന്നാല്‍ ജാതിയെപ്പറ്റി മിണ്ടിയാല്‍ പുരോഗാമികളും അധോഗാമികളും പിന്തിരിപ്പന്മാരും മുന്തിരിപ്പന്മാരും ജനാധിപത്യവാദികളും ഫാഷിസ്റ്റുകളും ഒരുപോലെ ചാടിവീണ് ആക്രമിക്കും;ബൂലോകത്തില്‍ വിശേഷിച്ചും. ജാതിയോടൊപ്പം മുസ്ലിങ്ങള്‍ക്കനുകൂലമായി പറയുകയും കൂടി ചെയ്താലോ? അതും ഒരു അമുസ്ലിം?പിന്നെ പറയാനില്ല.  'ജാതി ഭ്രാന്ത'ന്‍, 'താലിബാനിസ്റ്റു്' എന്നു തുടങ്ങി കേള്‍ക്കാത്ത വിശേഷണങ്ങളില്ല. എന്നിരുന്നാലും  സ്വയം ബോധ്യപ്പെട്ട സത്യങ്ങള്‍ക്കുവേണ്ടി സത്യാന്വേഷി പോരാടി(അങ്ങനെ പറയാമെങ്കില്‍). അപൂര്‍വമായി ചിലര്‍ അനുകൂലിച്ചു.  മിക്കവരും ശക്തമായി എതിര്‍ക്കുകയാണു ചെയ്തത്. പിന്നീട് പിന്നീട് 'അവഗണിച്ചു തമസ്കരിക്കുക' എന്ന നയമാണ് ചിലര്‍ സ്വീകരിച്ചത്.
                             
                            ഈ ബ്ലോഗര്‍ ഉന്നയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ എന്നേക്കാള്‍ ആധികാരികമായും ഭംഗിയായും കൈകാര്യം ചെയ്യുന്ന ഏതാനും ബ്ലോഗര്‍മാര്‍ ഇതിനകം രംഗത്തു വന്നിട്ടുണ്ട്. അവര്‍ക്കും കമന്റുകളൊന്നും കാണാനില്ല. പൈങ്കിളി പോസ്റ്റുകള്‍ക്കും തികച്ചും മതപരമായ പോസ്റ്റുകള്‍ക്കും മുസ്ലിങ്ങളെ നാലു തെറി പറയുന്ന പോസ്റ്റുകള്‍ക്കുമേ ബ്ലോഗില്‍ മാര്‍ക്കറ്റുള്ളൂ. എന്നിരുന്നാലും ബോധ്യപ്പെട്ട സത്യങ്ങള്‍ മുഖം നോക്കാതെ ഉറക്കെ വിളിച്ചു പറയാനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് എന്നെങ്കിലും ഫലം ഉണ്ടാകും എന്നുതന്നെ  ഉറച്ചു വിശ്വസിക്കാനാണ് ഇപ്പോഴും സത്യാന്വേഷിക്കിഷ്ടം.

                            അതെന്തായാലും തുണച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും ഹൃദയംഗമമായി നന്ദി പറയുന്നു. പൊതുവില്‍ മാന്യമായാണ് കമന്റുകളോട് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. എന്നിരുന്നാലും ചിലരോടെങ്കിലും അല്പം 'റൂഡാ'യിപ്പോയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അങ്ങനെ അവര്‍ക്കും തോന്നിയിട്ടുണ്ടാകാം. അവരോടെല്ലാം നിര്‍വ്യാജമായിത്തന്നെ ക്ഷമ ചോദിക്കുന്നു. 

                             ഇനി മുതല്‍ സത്യാന്വേഷി എന്ന പഴയ ബ്ലോഗിനു പകരം ഈ പുതിയ ബ്ലോഗായിരിക്കും ഉണ്ടാകുക.പഴയ സത്യാന്വേഷി  ഇനിമുതല്‍ കാണാന്‍ സാധിക്കില്ല. ദയവായി  ക്ഷമിക്കുക. പഴയ പോസ്റ്റുകളില്‍ തിരഞ്ഞെടുത്തവ ഇതില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അവയിലെ കമന്റുകള്‍ മുഴുവന്‍ വന്നിട്ടില്ല. അതു ശരിയാക്കാന്‍ നോക്കുന്നുണ്ട്.
 

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍

യുക്തിവാദികളുടെ 'ബൈബിളാ'യ സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം' എന്ന ഗ്രന്ഥത്തിന് എഴുത്തുകാരനായ എന്‍ എം ഹുസൈന്‍ എഴുതിയ ഖണ്ഡനമാണ് താഴെ: കമന്റുകള്‍ക്ക് ഗ്രന്ഥകാരന്‍ മറുപടി പറയാമെന്നു സമ്മതിച്ചിട്ടുണ്ട്. ഇത് ലേഖനമായി നിച്ച് ഓഫ് ട്രൂത്തുകാരുടെ സ്നേഹസംവാദം മാസികയില്‍ വന്നിട്ടുണ്ട്.

 
ദൈവാസ്തിത്വം: തെളിവുകള്‍
ദൈവത്തെപ്പറ്റി ഒട്ടേറെ ചര്‍ച്ചകള്‍ ദാര്‍ശനികര്‍ക്കിടയില്‍ നടന്നിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഓരോ കാലഘട്ടത്തിലേയും വൈജ്ഞാനിക നിലവാരം ഇവയില്‍ പ്രതിഫലിച്ചുകാണും.(1) ദൈവത്തെ അശാസ്ത്രീയമാ യൊരു സങ്കല്‍പ്പമായി കണക്കാക്കാന്‍ 19ാം നൂറ്റാണ്ടില്‍ വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും ദാര്‍ശനികരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സ്ഥിതി മാറിയതായി കാണാം.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്റെ ആപേക്ഷിക സിദ്ധാന്തവും ഹൈസന്‍ബെര്‍ഗ് അടക്കമുള്ളവരുടെ ക്വാണ്ടം ബലതന്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പുതിയൊരു ഫിസിക്സിന് ജന്മം നല്‍കി. ഇതിന്റെ ഫലമായി ശാസ്ത്രം, ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദ ത്തോടാണ് കൂടുതല്‍ അടുത്തതെന്ന് ലോകപ്രശസ്ത ഫിസിസിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ: പോള്‍ ഡേവിസ് വിലയിരു ത്തുന്നു.(2) ദൈവത്തിലോ മതത്തിലോ നിഗൂഢതകളിലോ വിശ്വസിക്കാ ത്ത പോള്‍ ഡേവിസാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നത് ശ്രദ്ധേയമാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും (അനാദി) അതുകൊണ്ടുതന്നെ ഒരു കാരണം അന്വേഷി ക്കുന്നത് അര്‍ഥശൂന്യമാണെന്നും ഭൌതികവാദ ചിന്തകര്‍ വാദിക്കുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് തെളിയിക്കപ്പെട്ടു. ഐന്‍സ്റ്റയിന്റെ ആപേക്ഷിക സിദ്ധാന്തം പ്രപഞ്ചശാസ്ത്രത്തില്‍ (cosmology) പ്രയോഗിച്ച് അലക്സാണ്ടര്‍ ഫ്രീഡ്-മാന്‍ എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ തയ്യാറാക്കിയ പഠനത്തോടെയാണിത്. തുടര്‍ന്നുണ്ടായ ഗോളശാസ്ത്രനിരീക്ഷണങ്ങള്‍ പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പത്തെ കുഴിച്ചുമൂടി.
ചര്‍ച്ചയുടെ ഉള്ളടക്കം പ്രധാനപ്പെട്ടതുതന്നെ. അത്രതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍ച്ചാവിഷയത്തോടുള്ള സമീപനം. ഉദാഹരണമായി സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ തുടങ്ങിയ വിഷയങ്ങള്‍ ആര്‍ക്കും ചര്‍ച്ച ചെയ്യാവുന്നതും വിശകലനം നടത്താവുന്നതുമാണ്. എന്നാല്‍ ചര്‍ച്ചക്കിടെ ഒരാള്‍ സ്നേഹത്തിന്റെ അസ്തിത്വത്തിന് വസ്തുനിഷ്ഠമായ (objective) തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാലോ? സ്നേഹമുണ്ടെന്നതിന് മൂര്‍ത്ത മായ (concrete) തെളിവ് നല്‍കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടാലോ? എല്ലാ ഭൌതികപ്രതിഭാസങ്ങളും മാപനവിധേയങ്ങളാണ് (measurable ) അതിനാല്‍ സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍ അത് അളക്കേണ്ട യൂണിറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടാലോ? ചര്‍ച്ച വഴിമുട്ടുമെന്നതില്‍ സംശയമില്ല. കാരണം ഇത്തരം വിഷയങ്ങളെപ്പറ്റി അതുപോലുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സാമാന്യധാരണ പോലുമില്ലെന്നാണ് ചോദ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏത് വിഷയങ്ങള്‍ വിശകലനം ചെയ്യുമ്പോഴും വിഷയത്തിന്റെ പ്രകൃതം (nature) ശരിയായി മനസ്സിലാക്കുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ദൈവത്തെപ്പറ്റിയുള്ള ചര്‍ച്ചയിലും ശരിയായ സമീപനം പ്രസക്തമാണ്. എന്നാല്‍ ശാസ്ത്രീയമോ ദാര്‍ശനികമോ ആയ ഇത്തരം പ്രാഥമിക വിവരങ്ങള്‍ പോലും പരിഗണിക്കാതെ എഴുതപ്പെട്ട കൃതിയാണ് റിച്ചാഡ് ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' (The God Delusion).(3) ഇതിലെ ആശയങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് തയ്യാറാക്കിയ കൃതിയാണ് സി. രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം' (തുടര്‍ന്നുള്ള പേജുകളില്‍ 'ഗ്രന്ഥകാരന്‍' എന്ന് പരാമര്‍ശിക്കുന്നത് മലയാളകൃതിയുടെ രചയിതാവിനെയാണ്).(4) ഇതിലെ വാദങ്ങളെ നിരൂപണം ചെയ്യുകയാണ് തുടര്‍പേജുകളില്‍.(5) 
ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് മൂര്‍ത്തമായ തെളിവുണ്ടോ?
ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6)
തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നല്ല; മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് പരാതി. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്ത മായ തെളിവു നല്‍കാനാവൂ എന്നത് തെളിവിനെക്കുറിച്ചുള്ള സാമാന്യ ധാരണയാണ്. റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നത് തര്‍ക്ക രഹിതമായ യാഥാര്‍ഥ്യമാണ്. വിശ്വാസികളും നിരീശ്വരവാദികളും അംഗീ കരിക്കുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ന്നതിന് 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കു മോ? റിച്ചാഡ് ഡോക്കിന്‍സിനു തന്നെയും അത് സാധ്യമാണോ? തീര്‍ച്ച യായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല. അണുസംഘാതവും കോശനിര്‍മിതവുമായ ഡോക്കിന്‍സ് പരീക്ഷണവിധേ യമാക്കാവുന്ന ഭൌതിക വസ്തുവായിട്ടുപോലും അദ്ദേഹത്തിന്റെ നിരീശ്വരാ സ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ലെങ്കില്‍ പ്രപഞ്ചാതീതവും പഞ്ചേ ന്ദ്രിയങ്ങള്‍ക്ക് ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? 'മൂര്‍ത്ത'മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിന്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?
മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimentable), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ക്ഷയരോഗിയാണോ അല്ലേ എന്ന് ശാസ്ത്രീയമായും മൂര്‍ത്തമായും വസ്തുനിഷ്ഠമായും പരീക്ഷണപരമായും തെളിയിക്കാനാവും. എന്നാല്‍ ഇതേ വ്യക്തി അസൂയക്കാരനോ ക്രൂരനോ ആണെന്നോ അല്ലെന്നോ അതുപോലെ തെളിയിക്കാനാവില്ല.
'രാഘവന്‍ ക്ഷയരോഗിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ ക്ഷയരോഗിയല്ല' എന്ന പ്രസ്താവന ശാസ്ത്രീയമാണെന്നു പറയാം; വസ്തുനിഷ്ഠ യാഥാര്‍ഥ്യ മാണെന്നും പറയാം; വസ്തുനിഷ്ഠമായ പ്രസ്താവനയാണെന്നും പറയാം. ഇതിന് 'മൂര്‍ത്തമായ തെളിവു'മുണ്ട്. എന്നാല്‍ 'രാഘവന്‍ അഹങ്കാരിയാണ്' എന്ന പ്രസ്താവനയോ? അതു ശാസ്ത്രീയമല്ല. വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമല്ല. അതിന് 'മൂര്‍ത്തമായ തെളിവും' ഹാജറാക്കാനാവില്ല.
'രാഘവന്‍ ദൈവവിശ്വാസിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ നിരീശ്വര വാദിയാണ്' എന്ന പ്രസ്താവനയും ശാസ്ത്രീയമല്ല. ഇതിനും വസ്തുനിഷ്ഠമോ മൂര്‍ത്തമോ ആയ തെളിവ് ഹാജറാക്കാനാവില്ല. ഈയര്‍ഥത്തില്‍ നോക്കി യാല്‍ ഗ്രന്ഥകാരന്റെ തന്നെ വിശ്വാസങ്ങളിലും പ്രസ്താവനകളിലും എത്രയെ ണ്ണം 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ പറ്റുന്നതായി ഉണ്ടാകും? നിരീ ശ്വരവാദിയാകട്ടെ ഈശ്വരവിശ്വാസിയാകട്ടെ, ഒരാളുടെ ജീവിതത്തില്‍ 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാവുന്ന വിശ്വാസങ്ങളും ധാരണകളും പ്രസ്താ വനകളും എത്രയുണ്ടാകും?
'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാവാത്ത വിശ്വാസങ്ങളും ധാരണകളും സ്വീകാര്യമല്ലെന്ന് ആരെങ്കിലും പറയുമോ? ഇത്തരം വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്ന് പറയുന്നയാളുടെ സ്ഥിതിയോ? ശാസ്ത്രത്തിന്റെ ദര്‍ശനത്തെപ്പറ്റി വേണ്ടത്ര പിടിപാടില്ലാത്തതുകൊണ്ട് ശാസ്ത്രീയ മനോഭാവ മുള്ളവരെന്ന് സ്വയം ധരിച്ചുവശായ നിരീശ്വരവാദികള്‍ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാകാത്ത പ്രസ്താവനകളെല്ലാം തെറ്റാണെന്ന് പ്രഖ്യാ പിച്ചേക്കും. എന്നാല്‍ 'യുക്തിവാദ'ത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ? ഇന്നേവരെ ഏതെ ങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാ ണെന്നതിന് 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാ നാവുമോ?
അതിരിക്കട്ടെ 'യുക്തിപരമായതാണ് അംഗീകാരയോഗ്യമായത്' എന്ന നിരീശ്വരവാദികളുടെ വിശ്വാസപ്രമാണത്തിന് 'മൂര്‍ത്തമായ തെളിവ്' വല്ലതും ഹാജറാക്കാനാവുമോ?
"ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'' എന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ഇതിനൊരു മറുപുറമില്ലേ? ദൈവം ഇല്ല എന്നതിന് മൂര്‍ത്തമായ വല്ല തെളിവും നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. സാധിക്കുമെന്നവര്‍ക്ക് പ്രതീക്ഷയെങ്കിലും ഉണ്ടോ? അതുമില്ല. സാധിച്ചിട്ടുണ്ടെന്നോ പ്രതീക്ഷയുണ്ടെന്നോ ഇന്നേവരെ ഒരു നിരീശ്വരവാദ ചിന്തകനും അവകാശപ്പെട്ടിട്ടുപോലുമില്ല!
മൂര്‍ത്തമായ തെളിവിന്റെ കാര്യം നില്‍ക്കട്ടെ. അമൂര്‍ത്തമായ (theoretical) തെളിവ് നല്‍കാനെങ്കിലും സാധിച്ചിട്ടുണ്ടോ? ഇതെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതുന്നു: "ദൈവമില്ല എന്നതിനുള്ള തെളിവ് ആര്‍ക്കും ഒരിക്കലും ഹാജറാക്കാനാവില്ല.'' ഗ്രന്ഥകാരന്റെ പദപ്രയോഗം ശ്രദ്ധിക്കുക. 'തെളിവ്' എന്നു മാത്രമേ അദ്ദേഹം എഴുതുന്നുള്ളൂ. ദൈവമില്ല എന്നതിന് ഒരു തരത്തിലുള്ള തെളിവും ഹാജറാക്കാനാവില്ല എന്ന് നിരീശ്വരവാദികള്‍ തന്നെ സമ്മതിക്കുന്നുവെന്നര്‍ഥം.
റിച്ചാര്‍ഡ് ഡോക്കിന്‍സ് 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയും ഗ്രന്ഥകാരന്‍ 'നാസ്തികനായ ദൈവവും' തയ്യാറാക്കിയത് എന്തിനാണ്? നാനൂറിലേറെ പേജുകളുള്ള ഈ രണ്ടു കൃതികളും ദൈവാസ്തിത്വത്തിന് മതചിന്തകര്‍ ഹാജറാക്കിയ തെളിവുകളെ വിമര്‍ശിക്കാന്‍ തയ്യാറാക്കി യതാണ്! ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ! "ദൈവമുണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു.''(8) ദൈവമുണ്ടെന്നതിന് തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഒട്ടേറെ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ടെ ന്നാണല്ലോ ഇതില്‍നിന്നും മനസ്സിലാവുന്നത്. എങ്കില്‍ പ്രസക്തമായ സംശയമിതാണ്: ഒരിക്കലും തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് നിരീശ്വരവാദികള്‍തന്നെ സമ്മതിക്കുന്ന ദൈവനിഷേധത്തിലാണോ നൂറ്റാ ണ്ടുകളായി മതചിന്തകര്‍ തെളിവുകള്‍ (അതെത്ര ദുര്‍ബലമാണെങ്കിലും) ഹാജറാക്കിക്കൊണ്ടേയിരിക്കുന്ന ദൈവാസ്തിക്യത്തിലാണോ ബുദ്ധിയു ള്ളവര്‍ വിശ്വസിക്കേണ്ടത്? നിരീശ്വരവാദ-ഈശ്വരവാദ തര്‍ക്കങ്ങളുടെ വിശദാംശങ്ങള്‍ പഠിക്കാതെതന്നെ അല്പമെങ്കിലും യുക്തിബോധമുള്ളവര്‍ക്ക് ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാവും, ഒരിക്കലും തെളിവ് ഹാജറാക്കാനാവാത്ത ഒരു വീക്ഷണത്തേക്കാള്‍ എന്തുകൊണ്ടും സ്വീകാര്യം ദുര്‍ബലമായ തെളിവെങ്കിലും ഹാജറാക്കാനാവുന്ന ദൈവാ സ്തിത്വമാണെന്ന്.
ദൈവം ഇല്ല എന്നതിന് ഒരു തെളിവുപോലും ഹാജറാക്കാത്ത ഡോക്കിന്‍സും ഗ്രന്ഥകാരനും നാനൂറോളം പേജുകളിലായി ദൈവാസ്തിത്വ ത്തിനുള്ള തെളിവുകളെ വിമര്‍ശിക്കുകയാണ്! ദൈവാസ്തിത്വത്തിന് തെളിവുകള്‍ ഹാജറാക്കിയവര്‍ ആരൊക്കെയാണ്? മധ്യകാല തത്ത്വ ചിന്തകനായ തോമസ് അക്വിനാസ് മുതല്‍ ബയോകെമിസ്ററായ മൈക്കള്‍ ബെഹെ വരെ നീളുന്ന പ്രഗല്‍ഭരായ ദാര്‍ശനികരും ശാസ്ത്രജ്ഞ രും അടങ്ങുന്ന വന്‍ നിരതന്നെയുണ്ട്. ഇവരൊക്കെ അവതരിപ്പിച്ച തെളിവു കള്‍ അത്രയൊന്നും ദുര്‍ബലമാകില്ല എന്നും വ്യക്തമാണ്. അതിനാല്‍ ഒരി ക്കലും തെളിവ് ഹാജറാക്കാനാകാത്ത നിരീശ്വരവാദത്തേക്കാള്‍ എന്തുകൊ ണ്ടും യുക്തിപരം ദുര്‍ബലമായ തെളിവെങ്കിലും ഹാജറാക്കാനാവുന്ന ആസ്തി ക്യവാദമാണ്.
മേല്‍ വിവരണത്തില്‍ 'ശാസ്ത്രീയം' എന്നതുകൊണ്ട് ആ വാക്കിന്റെ സാങ്കേതികാര്‍ഥമാണ് പരിഗണിച്ചിട്ടുള്ളത്. ഒരു പ്രതിഭാസത്തെ നിരീക്ഷിക്കുക, വിവരം ശേഖരിക്കുക, നിഗമനത്തിലെത്തുക, അത് പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുക എന്നിവയാണ് ശാസ്ത്രീയരീതി.(9) എന്നാല്‍ 'ശാസ്ത്രീയം' എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കാറുള്ളത് ഈ അര്‍ഥമല്ല. യുക്തിപരമായതും ഏതെങ്കിലും തരത്തിലുള്ള തെളിവുകളുടെ പിന്‍ബലമുള്ളതുമായ വീക്ഷണങ്ങളെ 'ശാസ്ത്രീ യം' എന്ന് വിശേഷിപ്പിക്കാറുണ്ട്. യുക്തിസഹമായത് എന്ന വിവക്ഷയി ലാണത്. ഈയര്‍ഥത്തില്‍ ദൈവവിശ്വാസവും മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ശാസ്ത്രീയമാണെന്ന് പറയാവുന്നതാണ്.
ഇന്ന് ശാസ്ത്രലോകത്തിന് പരിചിതമായ ശാസ്ത്രീയരീതി (scientific method) ആരംഭിച്ചത് യൂറോപ്പിലോ അമേരിക്കയിലോ ആണെന്ന ആധുനിക അന്ധവിശ്വാസം ഡോക്കിന്‍സിന്റെ കൃതിയുടെ അന്തര്‍ധാ രയാണ്. ആധുനിക കാലത്തിന് മുമ്പുണ്ടായ എല്ലാ സംസ്കാരങ്ങളിലും പരീക്ഷണ-നിരീക്ഷണ-സ്ഥിരീകരണ രീതിയുണ്ടായിരുന്നു.(10) ഇത് സംബന്ധമായി എത്രയോ ഗവേഷണപഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെ ങ്കിലും ഡോക്കിന്‍സിനും അനുചരന്മാര്‍ക്കും അതേപ്പറ്റി കേട്ടറിവ് പോലുമില്ല എന്നത് സഹതാപമര്‍ഹിക്കുന്നു. 3600 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ വൈദ്യശാസ്ത്രരേഖയായ എഡ്വിന്‍ സ്മിത്ത് പാപ്പിറ സില്‍പോലും ഇതു കാണാമെന്ന് 'ശാസ്ത്രരീതി'യുടെ ചരിത്രമെഴുതിയ പീറ്റര്‍ അച്ചിന്‍സ്റ്റീന്‍ അഭിപ്രായപ്പെടുന്നുണ്ട്.(11) ശേഷം വന്ന ബാബിലോ ണിയന്‍, ഇന്ത്യന്‍, ചൈനീസ്, ഇസ്ലാമിക നാഗരികതകളിലെല്ലാം ഇതു കാണാം. പക്ഷേ, അക്കാലത്തെ ശാസ്ത്രജ്ഞന്മാരും ദൈവത്തെ പരീക്ഷണ ശാലയിലാക്കാനുള്ള മഠയത്തം കാണിച്ചിരുന്നില്ലെന്നു മാത്രം!
ശാസ്ത്രീയമായി തെളിയിക്കാനാവാത്ത നിരവധി യാഥാര്‍ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും സ്വവിശ്വാസമായി സ്വീകരിക്കു കയും ചെയ്യുന്നുണ്ട്. യാതൊരു 'മൂര്‍ത്തമായ തെളിവു'മില്ലാതെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്ന നിരീശ്വരവാദികള്‍ക്ക്, പക്ഷേ, ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തവും പരീക്ഷണപരവുമായ തെളിവ് വേണം എന്ന ശാഠ്യമുണ്ട്!
ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്ക് ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്ന് വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണ് ശാസ്ത്രീയസത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്ക് പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിന് 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്.
ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "ഇന്ന് ശാസ്ത്രം മുന്നോട്ടുപോകുന്നത് ഏതെങ്കിലും സ്രഷ്ടാവിനെ സങ്കല്‍പ്പിച്ചുകൊണ്ടല്ല (Science is atheistic). അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും പരിഗണിച്ചുകൊണ്ടല്ല ശാസ്ത്രം മുന്നേറുന്നത്.''(12) സ്രഷ്ടാവിനെ സങ്കല്‍പ്പിക്കാതെ മുന്നേറുന്ന ശാസ്ത്രത്തിന് സ്രഷ്ടാവിനെ കണ്ടെത്താനാകാത്തത് സ്വാഭാവികമല്ലേ? അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും പരിഗണിക്കാതെ മുന്നേറുന്ന ശാസ്ത്രത്തിന് അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും കണ്ടെത്താനാകാത്തതും തെളിയിക്കാനാവാത്തതും സ്വാഭാവികമാണെന്നു കരുതാം. എന്നാല്‍ റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന 'ഭൌതികയാഥാര്‍ഥ്യം' എന്തുകൊണ്ടാണ് ശാസ്ത്രീയമായി തെളിയിക്ക പ്പെടാത്തത്? ഏതെങ്കിലും ഒരു മനുഷ്യന്‍ സ്നേഹസമ്പന്നനാണെന്നോ ക്രൂരനാണെന്നോ ശാസ്ത്രം ഇന്നേവരെ തെളിയിക്കാത്തത് എന്തുകൊണ്ട്? ഏവരും അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇത്തരം നൂറ്നൂറ് 'ഭൌതിക' യാഥാര്‍ഥ്യങ്ങള്‍ പോലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത ശാസ്ത്രം അതിഭൌതികവും ഇന്ദ്രി യാതീതവുമായ യാഥാര്‍ഥ്യങ്ങള്‍ തെളിയിക്കണമെന്ന് വാദിക്കുന്നത് ശാസ്ത്രീയ സമീപനമാകുമോ?
ഇന്ദ്രിയാതീത യാഥാര്‍ഥ്യങ്ങള്‍
ദൈവം ഇന്ദ്രിയാതീത യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് ഭൌതിക ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാനാവില്ല എന്ന് വിശ്വാസികള്‍ പറയുന്നത്. പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാ വാത്ത 'സ്നേഹ'ത്തിലും 'കാരുണ്യ'ത്തിലും 'ക്രൂരത'യിലും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നുണ്ടെന്നിരിക്കെ ദൈവത്തെ മാത്രം പരീക്ഷണത്തിലൂടെ തെളിയിക്കണം എന്ന് ശാഠ്യം പിടിക്കുന്നതെന്തുകൊണ്ട്?
സാന്ദര്‍ഭികമായി, നിരീശ്വരവാദത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടാം. ഗ്രന്ഥകാരനെഴുതുന്നു: "ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കുമെന്നത് വ്യാജമായ ഒരവകാശവാദമാണ്.''(13) ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ പോലും മനുഷ്യന് സാധിക്കുക യില്ലെന്ന് കരുതുന്ന ഗ്രന്ഥകാരന്‍ ഇന്ദ്രിയാതീതമായ ദൈവത്തെ പരീക്ഷ ണപരമായി തെളിയിക്കണമെന്ന് വാദിക്കുന്നതും വ്യാജവാദമാകില്ലേ? ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍പോലും മനുഷ്യന് സാധ്യമ ല്ലെങ്കില്‍ വസ്തുനിഷ്ഠ തെളിവോ മൂര്‍ത്തമായ തെളിവോ ഹാജറാക്കണമെന്ന് വാദിക്കുന്നതും വ്യാജവാദമാകില്ലേ?
ഇവിടെ ഗ്രന്ഥകാരന്‍ രണ്ടുനിലപാടും ഒന്നിച്ചെടുക്കുന്നത് വൈരുധ്യമാണ്. ഒന്നുകില്‍ ഇന്ദ്രിയാതീതമായത് മനുഷ്യന് മനസ്സിലാക്കാനാവില്ല എന്ന് വാദിക്കുക. എങ്കില്‍, ഇന്ദ്രിയാതീത യാഥാര്‍ഥ്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നത് വൈരുധ്യമാകും. അല്ലെങ്കില്‍ ഇന്ദ്രിയാതീത മായതിനെ മനസ്സിലാക്കാനാവും എന്ന് സമ്മതിക്കുക. ശേഷം അമൂര്‍ത്ത മായ തെളിവ് ആവശ്യപ്പെടുക.
ഇന്ദ്രിയാതീതമായത് മാത്രമല്ല ഇന്ദ്രിയാധീനമായതും പലപ്പോഴും ശാസ്ത്രത്തിന് തെളിയിക്കാന്‍ സാധിക്കണമെന്നില്ല. അത്തരം നിരവധി കാര്യങ്ങള്‍ ഇനിയും ബാക്കിയാണ്. ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ: "ദിനോസറുകള്‍ കൂട്ടമായി നശിച്ചതിന് ഉല്‍ക്കാപതനം ഉള്‍പ്പെടെ പല കാരണങ്ങള്‍ പരിഗണിക്കാം. അത്തരം കാരണങ്ങളെല്ലാം തന്നെ ശരിയാകാനും സാധ്യതയുണ്ട്. പക്ഷേ, കൃത്യമായി എന്തുകാരണത്താ ലാണ് ദിനോസറുകള്‍ നിശ്ശേഷം അപ്രത്യക്ഷമായതെന്ന് ഇന്നും കണ്ടെ ത്താനായിട്ടില്ല.''(14) ഇത്തരം സാധാരണവും ഭൌതികവും ശാസ്ത്രപരി ധിയില്‍ പെടുന്നതുമായ നിസ്സാരനിഗൂഢതകള്‍ കണ്ടെത്തി പരിഹരിച്ചിട്ടു പോരേ ടെസ്റ്റ്യൂബുമായി ദൈവത്തെ തേടിയിറങ്ങുന്നത്? ദിനോസറുകള്‍ എന്തുകൊണ്ട് അപ്രത്യക്ഷമായി എന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തത് ശാസ്ത്രജ്ഞരുടെ എണ്ണക്കുറവുകൊണ്ടോ വണ്ണക്കുറവു കൊണ്ടോ അല്ല; ശാസ്ത്രരീതിയുടെ പരിമിതികൊണ്ടാണ്. ഭൌതികമായ പ്രതിഭാസങ്ങള്‍ തെളിയിക്കുന്നതില്‍ പോലും ഏറെ പരിമിതികളുള്ള ശാസ്ത്രവുമായി ഭൌതികാതീതവും ഇന്ദ്രിയാതീതവുമായ ലോകം കണ്ടെത്താന്‍ ഇറങ്ങുന്നത് അതിസാഹസികതയല്ലേ?
ദൈവത്തെ അംഗീകരിക്കണമെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കണം എന്ന നിലപാട് നിരീശ്വരവാദികള്‍ സ്വീകരിക്കാനുള്ള കാരണം ശാസ്ത്ര ത്തോടുള്ള സ്നേഹമാണെന്ന് പലരും തെറ്റുധരിച്ചേക്കും. ഭൌതികാതീത യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയെന്ന ഭൌതികവാദാന്ധവിശ്വാസ ത്തോടുള്ള ആഭിമുഖ്യമാണ് ഇതിന്റെ യഥാര്‍ഥ കാരണം. ശാസ്ത്രം തെളി യിക്കണം എന്ന വാദം തങ്ങള്‍ ശാസ്ത്രബോധമുള്ളവരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ ദുരുപയോഗപ്പെടുത്തുന്നു എന്നുമാത്രം.
"'ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കുമെന്നത് വ്യാജമായ ഒരവകാശവാദമാണ്'' എന്ന് സമ്മതിച്ചല്ലോ.(15) സത്യസന്ധ മായാണ് ഗ്രന്ഥകാരന്‍ ഇത് എഴുതിയതെങ്കില്‍ ശാസ്ത്രം ദൈവാസ്തിത്വം തെളിയിക്കണമെന്ന് വാശിപിടിക്കുമോ? ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ മനുഷ്യന് സാധ്യമല്ലെങ്കില്‍ പിന്നെ ഇന്ദ്രിയാതീതമായത് ശാസ്ത്രത്തിന് തെളിയിക്കാനാവുമോ? ശാസ്ത്രത്തിന് സാധ്യമല്ല എന്ന് ബോധ്യമുള്ള കാര്യം ശാസ്ത്രം തെളിയിക്കണമെന്ന് ശാഠ്യം പിടിച്ചാല്‍ എന്തു മനസ്സിലാക്കണം? ഗ്രന്ഥകാരന്റെ നിലപാടുകളില്‍ ഏതാണ് വ്യാജമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നതാണ് കൂടുതല്‍ ഉചിതം.
തെളിവിന്റെ സ്വഭാവം
തെളിയിക്കപ്പെടേണ്ട കാര്യങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും തെളിവി ന്റേയും സ്വഭാവം. 'മൂര്‍ത്തമായ' കാര്യങ്ങള്‍ക്ക് 'മൂര്‍ത്തമായ തെളിവു'ണ്ടാവും. ഉദാഹരണമായി ഹൈഡ്രജനും ഓക്സിജനും കൂടിച്ചേര്‍ന്നാണ് വെള്ള മുണ്ടാകുന്നതെന്ന് ഒരാള്‍ക്ക് തെളിയിക്കണമെന്നിരിക്കട്ടെ. ഇത് മൂര്‍ത്ത മായ കാര്യമാണ്. ഇതിനുള്ള തെളിവും മൂര്‍ത്തമായിരിക്കും. ഒരു പാത്ര ത്തില്‍ വെള്ളമെടുത്ത് അതിനെ വിഘടിപ്പിച്ചാല്‍ (decompose) ഹൈഡ്രജനും ഓക്സിജനും ലഭിക്കും. ഹൈഡ്രജനും ഓക്സിജനും 1:8 എന്ന അനുപാതത്തില്‍ (ഭാരത്തിന്റെ) കൂടിച്ചേര്‍ന്നാണ് വെള്ളമുണ്ടാകുന്നതെന്ന തിനും മൂര്‍ത്തമായ തെളിവുണ്ട്. ഒരു പാത്രത്തിലെ വെള്ളം വിഘടിപ്പിച്ച് ലഭിക്കുന്ന ഓക്സിജനും ഹൈഡ്രജനും 1:8 അനുപാതത്തിലായിരിക്കും. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിനോടുള്ളതിനേക്കാള്‍ ഭര്‍ത്താവിന് ഭാര്യയോടാണ് സ്നേഹമെന്ന് ഒരാള്‍ പ്രസ്താവിച്ചുവെന്നിരിക്കട്ടെ. ഇതിന് മൂര്‍ത്തമായ തെളിവ് ആവശ്യപ്പെടുന്നവന് ഒന്നുകില്‍ 'സ്നേഹ'മെന്താണെ ന്നറിയില്ല. അല്ലെങ്കില്‍ 'മൂര്‍ത്തത' എന്താണെന്നറിയില്ല. രണ്ടും അറിയില്ലെങ്കിലും ഇതേ പ്രശ്നമുണ്ടാകാം!
മൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളപദങ്ങള്‍ കോണ്‍ക്രീറ്റ്, അബ്സ്ട്രാക്റ്റ് എന്നീ ഇംഗ്ളീഷ് പദങ്ങള്‍ക്ക് സമാനമാണ്. ശാസ്ത്ര-ദാര്‍ശനിക വിവാദ ങ്ങളില്‍ സുലഭമായും വരാറുള്ള പദങ്ങളാണിവ. പരീക്ഷണ-നിരീക്ഷണ ങ്ങള്‍ക്ക് വിധേയമാക്കാവുന്ന ഭൌതിക പ്രതിഭാസങ്ങളാണ് മൂര്‍ത്തമായവ. അതിനു വഴങ്ങാത്ത യാഥാര്‍ഥ്യങ്ങളെ അമൂര്‍ത്തമെന്നോ അതിഭൌതിക (metaphysical)മെന്നോ താത്ത്വിക (theoretical)മെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്നാല്‍ വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ അംഗീകരിക്കുന്ന ഈ സാമാന്യവിവരം പോലം ഗ്രന്ഥകാരന്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, നേര്‍വിരുദ്ധമായാണ് പലതും ഗ്രഹിച്ചു വെച്ചിട്ടുള്ളത്. "ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.'' എന്നെഴുതിയ ശേഷമുള്ള വാചകമിതാണ്: "താത്ത്വികമായി വാദിച്ചു തെളിയിക്കാന്‍ അതിലും വിഷമമാണ്.'' അതായത്, മൂര്‍ത്തമായ തെളിവ് നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ് അമൂര്‍ത്തമായ തെളിവ് നല്‍കാന്‍ എന്നര്‍ഥം! ദൈവത്തെപ്പറ്റി മൂര്‍ത്തമായ തെളിവ് നല്‍കാന്‍ സാധ്യ മല്ലെന്നും താത്ത്വികമോ അമൂര്‍ത്തമോ ആയ തെളിവാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളതെന്നും ദാര്‍ശനികമായി സാമാന്യധാരണയെങ്കിലുമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ഗ്രന്ഥകാരന്‍ വാദിക്കുന്നത് അമൂര്‍ത്തമായ തെളിവുകളേക്കാള്‍ എളുപ്പം മൂര്‍ത്തമായ തെളിവ് നല്‍കാനാണെന്നാണ്. അതായത് ദാര്‍ശനികമായ ന്യായങ്ങള്‍ ഹാജറാക്കി ദൈവാസ്തിത്വം സമര്‍ഥിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാമെന്ന്! ദാര്‍ശനികരും ശാസ്ത്രജ്ഞരും ഒരുപോലെ ഞെട്ടാനിടയുള്ള ഈ കണ്ടെത്തല്‍ ഗ്രന്ഥകാരന്റെ സ്വന്തം 'സംഭാവന'യാണ്. കാരണം റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയിലൊ രിടത്തും ഇത്തരം പരാമര്‍ശങ്ങളില്ല. തന്റെ കൃതി മലയാളത്തില്‍ പകര്‍ത്തിവെക്കുന്നതിനിടയില്‍ ഇത്തരം മഠയത്തരങ്ങള്‍ തിരുകിക്കയറ്റി യതായി ഡോക്കിന്‍സ് അറിഞ്ഞാല്‍ കുഞ്ഞാടുകളായ നിരീശ്വരവാദി കളില്‍ നിന്നും രക്ഷിക്കണേ എന്ന് അദ്ദേഹം ദൈവത്തോട് പ്രാര്‍ഥി ക്കാന്‍പോലും നിര്‍ബ്ബന്ധിതനായേക്കും!
ഗ്രന്ഥകാരന്റെ തൊട്ടടുത്ത വാചകം ഇങ്ങനെയാണ്: "ദൈവം ഉണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു.'' ഇവിടെ പരാമര്‍ശിച്ച തെളിവ് അമൂര്‍ത്തമായ തെളിവാണ്. തൊട്ടടുത്ത വാചകം ഇതാണ്: "13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസിന്റെ പ്രശസ്തമായ അഞ്ച് തെളിവുകളാണ് അദ്ദേഹം ആദ്യം പരാമര്‍ശിക്കുന്നത്.'' ഇവിടെയും "പ്രശസ്തമായ അഞ്ചു തെളിവുകള്‍'' അമൂര്‍ത്തം തന്നെയാണ്. ഡോക്കിന്‍സ് വിശകലനം ചെയ്ത, ദൈവാസ്തിത്വത്തിന് അനുകൂലമായി അവതരിപ്പിക്ക പ്പെട്ട എല്ലാ തെളിവുകളും അമൂര്‍ത്തം തന്നെയാണ്. മൂര്‍ത്തമായ തെളി വുകള്‍ അവതരിപ്പിക്കലാണ് കൂടുതല്‍ എളുപ്പമെങ്കില്‍ മതദാര്‍ശനികന്മാര്‍ ഒരൊറ്റ മൂര്‍ത്തമായ തെളിവും ഹാജറാക്കാതിരുന്നത് എന്തുകൊണ്ടെ ന്നെങ്കിലും ഗ്രന്ഥകാരന് ആലോചിക്കാമായിരുന്നു.
ദൈവം ഭൌതികവസ്തുവല്ലാത്തതിനാല്‍ അമൂര്‍ത്തമായ തെളിവ് നല്‍കാനേ സാധിക്കൂ. ഇത്തരം അസംഖ്യം തെളിവുകള്‍ മതദാര്‍ശനികര്‍ കാലാകാല ങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. "ദൈവമുണ്ടെന്നതിനു തെളിവായി നൂറ്റാണ്ടുകളായി മത ചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു.'' എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ.
ഡോക്കിന്‍സിന്റെ നാനൂറോളം പേജുകള്‍ നീണ്ട കൃതി നിരീശ്വര വാദത്തെപ്പറ്റിയല്ല; മറിച്ച് ദൈവാസ്തിത്വത്തിനുള്ള തെളിവുകളെക്കുറി ച്ചാണ്. 13ാം നൂറ്റാണ്ടിലെ ക്രൈസ്തവ ദാര്‍ശനികനായ തോമസ് അക്വിനാസ് മുതല്‍ ബയോകെമിസ്റ്റായ (ഇപ്പോഴും ജീവിച്ചിരിക്കുന്ന) മൈക്കിള്‍ ബെഹെ വരെയുള്ളവര്‍ ദൈവാസ്തിത്വം സമര്‍ഥിക്കാനായി അവതരിപ്പിച്ച തെളിവുകളെ 'ഖണ്ഡിക്കാ'നാണ് ഡോക്കിന്‍സിന്റെ ശ്രമം. ദൈവാസ്തിത്വത്തിന് അനുകൂലമായി അസംഖ്യം തെളിവുകള്‍ അവതരി പ്പിക്കപ്പെട്ടിട്ടുണ്ടെന്നതിന് തെളിവ് ഡോക്കിന്‍സിന്റെ കൃതി തന്നെയാണ്!
ദൈവാസ്തിത്വത്തിന് ആധാരമായ നിരവധി തെളിവുകളെ വിമര്‍ശിക്കാന്‍ വിഫലശ്രമം നടത്തുന്ന ഡോക്കിന്‍സ് ഏതെങ്കിലും നിരീശ്വരവാദ തത്ത്വങ്ങള്‍ 'മൂര്‍ത്ത'മായി തെളിയിച്ചിട്ടുണ്ടോ? ഉദാഹരണമായി, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് നിരീശ്വരവാദികള്‍ പറയുന്നു. ഇതിന് 'മൂര്‍ത്ത'മായ 'തെളിവെ'ന്തെങ്കിലുമുണ്ടോ? ഗ്രന്ഥകാരനോ ഡോക്കിന്‍സോ മറ്റേതെങ്കിലും നിരീശ്വര ചിന്തകരോ പ്രപഞ്ചം ആരംഭമില്ലാത്ത (അനാദി)താണെന്നതിന് മൂര്‍ത്തമായ ഒരു തെളിവുപോലും ഇന്നേവരെ നല്‍കിയിട്ടില്ല. 
'മൂര്‍ത്തമായ തെളിവി'ല്ലാതെ പ്രപഞ്ചം അനാദിയാണെന്ന് നിരീശ്വര വാദികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ 'മൂര്‍ത്തമായ തെളിവി'ല്ലാതെ ദൈവ ത്തില്‍ വിശ്വസിക്കുന്നതില്‍ എന്തിനു പരിഭവിക്കണം?
ഒരാള്‍ക്ക് ഇത്ര നീളമുണ്ടെന്നും ഇത്ര ഭാരമുണ്ടെന്നും മൂര്‍ത്തമായി തെളി യിക്കാം. എന്നാല്‍ അയാളില്‍ ഇത്രത്തോളം കാരുണ്യമുണ്ടെന്ന് മൂര്‍ത്തമാ യി തെളിയിക്കാനാവുമോ? ഒരാള്‍ കാരുണ്യവാനാണോ അല്ലേ എന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ക്രൂരനാണെന്നും മൂര്‍ത്തമായി തെളിയിക്കാനാവില്ല. എന്നിട്ടും ലോകത്ത് ധാരാളം കാരുണ്യവാന്മാരും ക്രൂരന്മാരും ഉണ്ടായിരുന്നതായും ഉള്ളതായും നിരീശ്വരവാദികള്‍ തന്നെ വിശ്വസിക്കുന്നു!
അക്വിനാസിന്റെ അഞ്ചു തെളിവുകള്‍
മധ്യകാല യൂറോപ്പിലെ പ്രമുഖ ക്രൈസ്തവദാര്‍ശനികനായിരുന്നു സെന്റ് തോമസ് അക്വിനാസ് (1225-1274). കത്തോലിക്കാ സഭയിലെ പുരോ ഹിതനായ അക്വിനാസ് ദാര്‍ശനികനുമായിരുന്നു.(16) 'സുമ്മതിയോള ജിക്ക' (Summatheologica)യാണ് പ്രധാനകൃതി. അരിസ്റ്റോട്ടില്‍, ഇബ്-നു റുശ്ദ് (അവറോസ്), മെയ്-മൊനൈഡ്സ് എന്നിവരാണ് ഇദ്ദേഹത്തെ സ്വാധീനിച്ച ചിന്തകരെന്ന് അക്വിനാസിനെപ്പറ്റി പ്രത്യേക പഠനം നടത്തിയ ഡേവിഡ് രേഖപ്പെടുത്തുന്നു.(17)
'സുമ്മതിയോളജിക്ക' യിലെ ആദ്യഭാഗം ദൈവാസ്തിത്വത്തെപ്പറ്റിയാണ്. അരിസ്റ്റോട്ടിലിന്റെ കൃതികളും അവക്ക് മുസ്ലിം ദാര്‍ശനികര്‍ എഴുതിയ വ്യാഖ്യാനങ്ങളും സ്വാംശീകരിച്ചാണ് അക്വിനാസ് തന്റെ ചിന്തകള്‍ അവതരിപ്പിച്ചത്.(18)
അക്വിനാസിന്റെ താത്ത്വിക ന്യായങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. "വാദങ്ങളെല്ലാം പൊതുവേ കഴമ്പില്ലാത്തതാണെങ്കിലും അക്വിനാസിന്റെ പ്രശസ്തിയും മതരംഗത്ത് അദ്ദേഹത്തിനുള്ള പ്രാമുഖ്യവും കണക്കിലെടുത്താണ് പ്രസ്തുത വാദങ്ങള്‍ ഉദ്ധരിക്കുന്നതെന്ന് ഡോക്കിന്‍സ് പറയുന്നു''വെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. എങ്കില്‍ ഖണ്ഡനം വളരെ എളുപ്പമായിരിക്കുമെന്നാണ് വായനക്കാര്‍ പ്രതീക്കുക. പക്ഷേ സംഭവിച്ച തെന്താണ്? തോമസ് അക്വിനാസിന്റെ ഒരു ന്യായത്തെപ്പോലും ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല.
ഒന്ന്: സ്വയം ചലിക്കാത്തവ ചലനം തുടങ്ങിയതെങ്ങനെ?
ഒന്നാമത്തെ തെളിവ് നോക്കാം. "സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍ (unmoved mover). ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം (ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കി യിരിക്കുന്നു)'' എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു.
അക്വിനാസിന്റെ ന്യായം വ്യക്തമാണ്. പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ല. ഒരാള്‍ സമനിരപ്പിലൂടെ ഒരു പന്ത് ശക്തിയില്‍ തള്ളി വിടുന്നു. കുറച്ചു ദൂരം ഉരുണ്ടശേഷം അത് നില്‍ക്കുന്നു. ഒരാള്‍ മെഴുകുതിരി കത്തിക്കുന്നു. ഏതാനും മിനിട്ടുകള്‍ കത്തി തിരി കെട്ടമരുന്നു. ജീവികള്‍ ജനിക്കുന്നു, വളരുന്നു, മരിക്കുന്നു. നക്ഷത്രങ്ങള്‍ പോലും മരിക്കുന്നുവെന്ന് ഗോളശാസ്ത്രജ്ഞര്‍ പറയുന്നു. പ്രപഞ്ചത്തിലൊന്നിനും സ്ഥായിയായ ചലനശേഷിയില്ല. (ഊര്‍ജ്ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.) അണുകണങ്ങള്‍ മുതല്‍ നക്ഷത്രങ്ങള്‍വരെ സ്വയം ചലനശേഷിയില്ലാത്തവയാണെങ്കില്‍ ഇവയെ ങ്ങനെ ചലനം തുടങ്ങി? സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തി ല്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്ക് പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റ് നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയി ല്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? സ്വയം ചലിക്കാന്‍ സാധിക്കാത്ത പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാവുമോ? ഇവിടെ മാത്രം നിരീശ്വരവാദി "ആകും'' എന്ന ഉത്തരം നല്‍കിയേക്കും. നിത്യജീവിതത്തില്‍ പുലര്‍ത്തന്ന യുക്തിയൊന്നും പ്രപഞ്ചത്തിന് ബാധകമല്ല എന്ന നിലപാടാണിത്. നിരീശ്വരവാദം യുക്തിപരമാണെന്ന ധാരണയാണ് ഇതിലൂടെ പൊളിയുന്നത്.
അക്വിനാസിന്റെ ഈ തെളിവ് യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്ന ഒരൊറ്റ ശാസ്ത്ര സിദ്ധാന്തങ്ങളുമില്ല. ഉള്ളതായി ഡോക്കിന്‍സ് അവകാശപ്പെടുന്നുപോലുമില്ല. എങ്കില്‍ അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ എങ്ങനെയാണ് ഡോക്കിന്‍സിന് ഖണ്ഡിക്കാ നാവുക? ഖണ്ഡിക്കണമെങ്കില്‍ അക്വിനാസിന്റെ അടിസ്ഥാനവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കണം. അതായത് പ്രപഞ്ചത്തിലെ കണ ങ്ങള്‍ക്കോ ഭൌതികവസ്തുക്കള്‍ക്കോ സ്വയം ചലനശേഷിയുണ്ടെന്നും അതിനാല്‍ പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാന്‍ സാധിക്കുമെന്നും സമര്‍ഥിക്കണം. ഇത്തരമൊരു സമര്‍ഥനം ഡോക്കിന്‍സ് നടത്തിയിട്ടി ല്ലെന്ന് മാത്രമല്ല ശ്രമിച്ചിട്ടുപോലുമില്ല!
ഇതൊരു ലളിതമായ പ്രശ്നമല്ല. പ്രപഞ്ചത്തിലെ ഒരു ആറ്റത്തിനുപോലും സ്വയം ചലനശേഷിയില്ല. എന്നാല്‍ ഈ പ്രപഞ്ചമൊന്നാകെ ചലിച്ചു കൊണ്ടിരിക്കുകയാണ്താനും. ഒരു അണുകണത്തിനു പോലും സ്വയം ചലനശേഷിയില്ലെന്നത് ശാസ്ത്രത്തിലെ ഏറ്റവും മൌലികമായൊരു വസ്തുത യാണെന്നിരിക്കെ ഇവയെങ്ങനെ ചലിക്കാന്‍ തുടങ്ങിയെന്നതിന് ശാസ്ത്രീ യമായ യാതൊരു വിശദീകരണവും (explanation) ഡോക്കിന്‍സ് മുന്നോട്ടുവെച്ചിട്ടില്ല. നിരീശ്വരവാദികള്‍ക്ക് ആകെപ്പറയാവുന്ന ന്യായമെന്താണ്? ഇതൊക്കെ എന്നെന്നും ഇങ്ങനെയായിരുന്നുവെന്ന്! ഇതൊരു ശാസ്ത്രീയവിശദീകരണമേയല്ല എന്നതിരിക്കട്ടെ, സാദാ വിശദീ കരണം പോലുമല്ല. ഒരു പ്രശ്നത്തിനാണ് വിശദീകരണം ആവശ്യമായി ട്ടുള്ളത്. നിരീശ്വരവാദികള്‍ വിശദീകരണം നല്‍കുന്നതിന് പകരം പ്രശ്നം അതേപടി ആവര്‍ത്തിക്കുകയാണ്.
ഒരാള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു എന്ന് കരുതുക. എന്തുകൊണ്ട്, എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് വിശദീകരിക്കേണ്ടത്. ഇവിടെ, അയാള്‍ക്ക് എന്നും കാഴ്ചശക്തിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ വിശദീകരണമാവില്ല. കാര്യ-കാരണസഹിതം വ്യക്തമാക്കാനാകണം. 
പ്രപഞ്ചത്തിലെ ഒരണുകണത്തിനുപോലും സ്വയം ചലനശേഷിയില്ലെങ്കില്‍ ഇന്ന് കാണുന്ന ചലനസജ്ജമായ പ്രപഞ്ചം എങ്ങനെയുണ്ടായി? മത ദാര്‍ശനികരുടെ വീക്ഷണത്തില്‍ പുറമെനിന്നുള്ള ഒരു ശക്തിക്കല്ലാതെ പ്രപഞ്ചത്തിലെ ഒരണുകണത്തെപ്പോലും ചലിപ്പിക്കാനാവില്ല. ശാസ്ത്രവുമായി യോജിക്കുന്ന നിഗമനമാണിത്. 
സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് (closed system) ആ വ്യവസ്ഥക്ക് സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നത് ഭൌതിക ശാസ്ത്രത്തിലെ മൌലികമാ യൊരു തത്ത്വമാണ്. ആ ശക്തി ദൈവമാണോ മറ്റെന്തെങ്കിലുമാണോ എന്നത് തര്‍ക്കവിഷയമാ ക്കാം. പക്ഷെ, പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാവില്ല എന്ന ശാസ്ത്രവസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ ചലനസജ്ജമാക്കിയതിനു പിന്നില്‍ ഒരു പ്രപഞ്ചാതീത ശക്തിയുണ്ട് എന്ന നിഗമനം യുക്തിപരവും ശാസ്ത്രവസ്തുതകളോട് യോജിക്കു ന്നതുമാണ്. എന്നാല്‍ പ്രപഞ്ചം സ്വയം ചലനസജ്ജമായതാണെന്ന നിരീശ്വരവാദം യുക്തിവിരുദ്ധമാണെന്നു മാത്രമല്ല ലഭ്യമായ ശാസ്ത്രവിവര ങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്.
പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ച് സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരി ച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ 'ഇഷ്ടിക'കള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മൌലിക കണങ്ങളെക്കുറിച്ച് ഓക്സ്-ഫഡ് യൂണിവേഴ്-സിറ്റിയിലെ തത്ത്വ ശാസ്ത്രം പ്രൊഫസറായിരുന്ന സ്വിന്‍ബേണ്‍ എഴുതിയത് ഗ്രന്ഥകാരന്‍ വിവരിക്കുന്നത് നോക്കൂ: "ഇലക്ട്രോണിനെപോലുള്ള അടിസ്ഥാന കണങ്ങള്‍ അവയുടെ ഘടനയിലും സ്വഭാവത്തിലും അമ്പരിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നു! ഒരു ഇലക്ട്രോണ്‍ കണ്ടുകഴിഞ്ഞാല്‍ മൊത്തം ഇലക്ട്രോണുകളും നിങ്ങള്‍ കണ്ടുകഴിഞ്ഞു. പ്രപഞ്ചത്തിലെ ശതകോടി കണക്കിനുള്ള ഇലക്ട്രോണുകള്‍ ഒരുപോലെയിരിക്കുന്നു. എത്ര അതിശയകരമാണീ സമാനത! ഒരു ഇലക്ട്രോണ്‍ മറ്റൊന്നില്‍ നിന്ന് ഘടനാപരമായും സ്വഭാവപരമായും വ്യത്യസ്തമായിരുന്നുവെങ്കില്‍ അത് സ്വാഭാവികമാണെന്ന് കരുതാമായിരുന്നു. വ്യത്യസ്തമാകുന്നതില്‍ അതിശയിക്കാനെന്തിരിക്കുന്നു?! എന്നാല്‍ ചാഞ്ചല്യമില്ലാത്ത സമാനത (unfluctuating uniformity) പഠിക്കേണ്ട വിഷയമാണ്. ഒരു ഇലക്ട്രോണ്‍ തന്നെ ഓരോ മൈക്രോസെക്കന്റിലും മാറിമാറിയുന്ന സ്വഭാവവും ഘടനാപരമായ വ്യതിയാനങ്ങളും പ്രകടിപ്പിച്ചിരുന്നെങ്കില്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ തന്നെയാണ് ആകേണ്ടിയിരി രുന്നത്. പക്ഷേ, എപ്പോഴും അല്‍ഭുതകരമായ സമാനത പുലര്‍ത്തുക. ഇതിലും വലിയ അതിശയം മറ്റെന്തുണ്ട്?''(19)
പ്രപഞ്ചകണങ്ങളുടെ ആശ്ചര്യകരമായ ചലന സംസ്ഥിരത അവയുടെ സ്വയം കഴിവോ അവയുടെ 'മസ്തിഷ്ക'ത്തില്‍ നിന്നും ആവിഷ്കൃതമായതോ അല്ലെന്ന് യുക്തിബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.
കോടിക്കണക്കിന് വര്‍ഷങ്ങളായി ചലിച്ചുകൊണ്ടേയിരിക്കുന്ന ഇലക്ട്രോണു കള്‍ക്കോ മറ്റു മൌലിക കണങ്ങള്‍ക്കോ സ്വയം ചലനശേഷിയില്ലെന്ന താണ് ശ്രദ്ധേയമായ വസ്തുത. പ്രപഞ്ചത്തിലെ ചലനത്തെപ്പറ്റി അക്വിനാസ് 13ാം നൂറ്റാണ്ടില്‍ അവതരിപ്പിച്ച വാദം ശാസ്ത്രഗവേഷണങ്ങളാല്‍ സ്ഥിരീകരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യം പരോക്ഷമായി അംഗീകരിക്കാന്‍ ഗ്രന്ഥകാരനും നിര്‍ബ്ബന്ധിതനായതായി കാണാം. "ശാസ്ത്രം സങ്കീര്‍ണപഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ സ്വിന്‍ബേണിന് എങ്ങനെ ഇലക്ട്രോണിനെക്കുറിച്ചറിയാന്‍ കഴിയും എന്നാരും ചോദിച്ചുപോകും.''(20) എന്ന് ഗ്രന്ഥകാരന്‍ മഹാവിമര്‍ശനമെന്ന മട്ടില്‍ എഴുതുന്നു. ശാസ്ത്രം കണ്ടെത്തിയ ഇലക്ട്രോണും അതിന്റെ അതിശയകരമായ സവിശേഷതകളും ദൈവാസ്തിത്വവാദങ്ങളെ സ്ഥിരീകരിക്കുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുന്നത്? ഗ്രന്ഥകാരന്‍ മറ്റൊരിടത്ത് കുറിക്കുന്നു:'' ഇലക്ട്രോണിനെക്കുറിച്ച് അറിവില്ലായിരുന്നതിനാല്‍ ഇലക്ട്രോണ്‍ ആധാര മാക്കി ദൈവാസ്തിത്വം സാധൂകരിക്കാന്‍ മധ്യകാല മതപണ്ഡിതര്‍ക്ക് സാധിക്കുമായിരുന്നില്ല.''(21) ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ദൈവാസ്തിത്വത്തെ സാധൂകരിക്കുന്നുവെന്ന് വ്യക്തമായില്ലേ? പകരം നിരീശ്വരവാദികള്‍ നല്‍കുന്ന വിശദീകരണമെന്താണ്? പ്രപഞ്ചം എക്കാല വും ഇങ്ങനെതന്നെ ആയിരുന്നു! ഇതൊരു വിശദീകരണമാണോ? പ്രപഞ്ച ത്തിലെ ആശ്ചര്യകരമായ സംവിധാനങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിവൈഭവ മാണെന്ന ആസ്തിക്യവാദം പ്രപഞ്ചം കൂടാതെ ദൈവത്തെ വിശദീകരണ മായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ നിരീശ്വരവാദത്തിന് അതുപോലും സാധ്യമല്ല. പ്രപഞ്ചത്തെ വിശദീകരിക്കാന്‍ പ്രപഞ്ചം തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്! പ്രപഞ്ചത്തിന്റെ വിശദീകരണം (explanation) പ്രപഞ്ചം തന്നെ! ചോദ്യത്തിന്റെ ഉത്തരം ചോദ്യം തന്നെ! ഇത്രക്ക് ബാലിശമായ നിലപാടുള്ള നിരീശ്വരവാദം ചരിത്രത്തില്‍ എക്കാലവും ഏതാനും 'കിറുക്കന്മാരു'ടെ മാത്രം ജീവിതവീക്ഷണമായി ഒറ്റപ്പെട്ടതില്‍ അല്‍ഭുതമുണ്ടോ? ഉന്നതബുദ്ധിക്ക് മാത്രമല്ല സാമാന്യബുദ്ധിക്കും ഇതിലെ ധൈഷണികമായ ഭോഷത്തം പെട്ടെന്നു ഗ്രഹിക്കാനാവും. ഒരു പരിധിവരെ ഗ്രന്ഥകാരനും ഈ സത്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഈ വരികള്‍ നോക്കൂ: "എന്തുകൊണ്ട് സൃഷ്ടിവാദം പലര്‍ക്കും സ്വീകാര്യമാകുന്നു? ആദ്യം കേള്‍ക്കുമ്പോള്‍ ആകര്‍ഷണീയമെന്നു തോന്നുന്ന ചിലത് സൃഷ്ടിവാദത്തിലുണ്ട്. പ്രാഥമികയുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണവ... എല്ലാം ഉണ്ടാക്കാന്‍ ഒരു ശക്തി-അങ്ങിനെ എല്ലാം ഉണ്ടായി. ഉണ്ടായതെങ്ങിനെ? ആവോ? സ്രഷ്ടാവിന് മാത്രമറിയാം! തീര്‍ന്നു! അതോടെ സര്‍വരഹസ്യങ്ങള്‍ക്കും പരിഹാരമായി.''
സൃഷ്ടിവാദം 'പലര്‍ക്കു'മല്ല; മിക്കവര്‍ക്കും സ്വീകാര്യമാണ്. നിരീശ്വര വാദമാണ് 'ചിലര്‍ക്ക്'മാത്രം സ്വീകാര്യമാവുന്നത്. പൊതുവെ മനുഷ്യര്‍ ഏതെങ്കിലും തരത്തിലുള്ള സൃഷ്ടിവാദത്തില്‍ വിശ്വസിക്കുന്നവരാണ്. നിരീശ്വരവാദികള്‍ ഈ പൊതുസ്വഭാവത്തിന് അപവാദമാണെന്നു മാത്രം.
ഏതൊരു മനുഷ്യനെയും അലട്ടുന്ന പ്രധാനപ്പെട്ടൊരു പ്രശ്നം പ്രപഞ്ചം എന്തുകൊണ്ട് എന്നതാണ്. ജീവിതം എന്തിന് എന്നതാണ് മറ്റൊരു സമസ്യ. ഏറിയോ കുറഞ്ഞോ തോതില്‍ ഇത് മനുഷ്യരെ അലട്ടുന്നു. ഇവക്കുള്ള തൃപ്തികരവും യുക്തിസഹവുമായ വിശദീകരണമാണ് സൃഷ്ടിവാദം. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ സമൂഹ ത്തിലും വിദ്യാഭ്യാസം കൂടിയ സമൂഹത്തിലും ബഹുജനങ്ങള്‍ സൃഷ്ടിവിശ്വാ സികളാവുന്നത്. ഒരു കപ്പോ സോസറോ പോലും സ്വന്തമായി നിര്‍മ്മി ക്കാത്ത ഗോത്ര സമൂഹങ്ങളിലും റോക്കറ്റുകള്‍ നിര്‍മിക്കുന്ന വികസിത സമൂഹങ്ങളിലും അതിനാണ് മുന്‍തൂക്കം. എന്നാല്‍ നിരീശ്വരവാദത്തിന് ആകെക്കൂടി പറയാനുള്ളതിതാണ്: പ്രപഞ്ചത്തിന്റെ വിശദീകരണം പ്രപഞ്ചം തന്നെ! ഇതെന്തു വിശദീകരണമാണെന്ന് ആരും ആശ്ചര്യപ്പെ ട്ടേക്കും. ഇത് "പ്രാഥമിക യുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യ ങ്ങളാണ്'' എന്നും എന്നാല്‍ കൂടുതല്‍ ചിന്തിച്ചാല്‍ സ്വീകാര്യമാവില്ല എന്നുമാണ് ഗ്രന്ഥകാരന്റെ വാദം. പക്ഷേ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. പ്രപഞ്ചത്തിന്റെ കാരണം പ്രപഞ്ചം തന്നെ എന്ന നിരീശ്വരവാദം പ്രാഥമികയുക്തിക്കുപോലും ബാലിശമായി തോന്നുന്ന കാര്യമാണ്! പ്രാഥമികയുക്തിക്കു പോലും ബാലിശമായത് കൂടുതല്‍ ചിന്തിച്ചാല്‍ യുക്തിപരമായിത്തീരുന്നതെങ്ങനെ?
"സൃഷ്ടിവാദം സത്യത്തില്‍ ഒന്നും വിശദീകരിക്കുന്നില്ല'' എന്ന് ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു. പ്രപഞ്ചത്തിന് കാരണം പ്രപഞ്ചം എന്ന വാദത്തേക്കാള്‍ എത്രയോ വിശദീകരണ ക്ഷമമാണ് പ്രപഞ്ചകാരണം ദൈവമെന്നത്! പ്രപഞ്ചകാരണം പ്രപഞ്ചം എന്ന നിരീശ്വരവാദത്തില്‍ സൃഷ്ടിവാദ ത്തേക്കള്‍ കൂടുതലായി എന്തു വിശദീകരണമാണുള്ളതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കിയിട്ടില്ല.
അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല. പിന്നെ, ആകെക്കൂടി എന്താണ് ചെയ്തത്? "ഈ നിയമത്തില്‍ നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു''വെന്ന് വിമര്‍ശനമെന്ന മട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതൊരു വസ്തുത മാത്രമാണ്. ഖണ്ഡനമാവുന്ന തെങ്ങനെ? എതിര്‍വാദമാവുന്നതെങ്ങനെ? ദൈവം സ്രഷ്ടാവാണെന്നും പ്രപഞ്ചം സൃഷ്ടിയാണെന്നും കരുതുന്ന അക്വിനാസ് ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്ന് വാദിക്കാത്തത് സ്വാഭാവികമല്ലേ? പ്രപഞ്ചത്തെ പ്പോലെ ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്നും ദൈവത്തെ ചലിപ്പിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാണെന്നും അക്വിനാസ് സിദ്ധാന്തിച്ചില്ല എന്നതാകാം ഡോക്കിന്‍സിന്റെ പരാതി!
(തുടരും)
കുറിപ്പുകള്‍:
1. ദൈവാസ്തിത്വത്തെ ദാര്‍ശനികമായും ശാസ്ത്രീയമായും സമര്‍ഥിക്കുകയും എതിര്‍വാദങ്ങള്‍ക്ക് തൃപ്തികരമായി വിശദീകരണം നല്‍കുകയും ചെയ്യുന്ന നിരവധി കൃതികളുണ്ട്. ഈ രംഗത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനാണ് പ്രൊഫ: വില്യം ക്രെയ്ഗ്. William Craig, The Kalam Cosmological Argument(Macmillan) 1979, The Cosmological Argument From Plato to Leibnis(Mac millan)1980, God, Time and Eternity (Kluwer)2001, Time and Eternity: Exploring God is Relationship to Time (Crossway Books)2001.Natuvalison: A Critical Analysis(Edited with I.P.Mooreland)(Routledge)2000. Lee Strobel ന്റെ The case For aCreator(Zoondervan) 2004, Michael Corey യുടെ The God Hypothesis:Discovering Design in Our Just Right Goldilocks Universe (Rowman and Little fied)2001 എന്നിവയും പുതിയ ശാസ്ത്രീയ വിവരങ്ങളുടെ വെളിച്ചത്തില്‍ ദൈവാസ്തിത്വം സമര്‍ഥിക്കുന്നവയാണ്. എന്നാല്‍ ഇത്തരം കൃതികളിലെ വാദങ്ങള്‍ പരിശോധിക്കാനോ അവയെ ഖണ്ഡിക്കാനോ റിച്ചാഡ് ഡോക്കിന്‍സ് ശ്രമിച്ചിട്ടേയില്ല. വാചാലമായ നിശബ്ദത തന്നെയാണിത്!
2.Paul Davies, God and the New Physics(Penguin)1990,P.VIII(Preface)
3. Richard Dawkins,The God Delution(Bantam Press)2006.
4. സി. രവിചന്ദ്രന്‍, നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം (ഡി.സി. ബുക്സ്: കോട്ടയം) 2009. അടിക്കുറിപ്പില്‍ പേജ് നമ്പര്‍ മാത്രം സൂചിപ്പിക്കുന്നത് ഈ കൃതിയില്‍നിന്നാണ്.
5. നിരീശ്വരവാദപരമായ നിലപാടുള്ള മറ്റുചില കൃതികള്‍ ഇവയാണ്. Christopher Hitchens, God is not Great (Atlantic Books) 2007, Danieal Dennett, Breaking the spell: Religion as a Natural Phenomenon (Penguin) 2006, A.C. Grayling, Against All Gods (Oberon Books) 2007, Sam Harris, The End of Faith (WW.Norton) 2004. ഇവയൊക്കെയും മതതത്ത്വങ്ങള്‍ക്കെതിരായ കവലപ്രസംഗങ്ങളാണ്. മതത്തിന്റെ ദാര്‍ശനികമായ അടിത്തറകളോ ചരിത്രപരമായ വേരുകളോ ഗ്രഹിക്കാത്ത ഗ്രന്ഥകാരന്മാരാണിവര്‍. അബദ്ധങ്ങള്‍ മുതല്‍ അസംബന്ധങ്ങള്‍വരെ നീളുന്ന ഉള്ളടക്കം.
6. പേജ് 90
7. പേജ് 442
8. പേജ് 90
9. ശാസ്ത്രരീതിയുടെ സാധ്യതയും സാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഒരു സിദ്ധാന്തം ശാസ്ത്രീയമാകണമെങ്കില്‍ verifiable മാത്രമായാല്‍ പോരാ falsifiable കൂടിയാകണമെന്ന് പ്രമുഖ ശാസ്ത്രദാര്‍ശനികനായ കാള്‍ പോപ്പര്‍ വ്യക്തമാക്കുകയുണ്ടായി.Karl Popper, The Logic of Scientific Discovery(Harper)  1968, Conjectures and Refutations: The Growth of Science Knowledge (Harper)1963. മറ്റൊരു സംഭാവന തോമസ് കുന്നിന്റേതാണ്. ഒരു ശാസ്ത്രസിദ്ധാന്തം മറ്റൊരു സിദ്ധാന്തത്തെ ആദേശം ചെയ്യുന്നതിനെപ്പറ്റിയുള്ള കുന്നിന്റെ Paradigm shift  സങ്കല്‍പം ശ്രദ്ധേയമാണ്. Thomas Kuhu, The Structure of Scientific Revolutions(Universitry of Chicago Press)1970,The essential Tension : Selected Studies in Scientific Tradition and Change(University of Chicago press)1977. ശാസ്ത്രത്തിന്റെ രീതി അതുല്യമാണെന്ന വാദത്തെ Paul Feyerabend ഖണ്ഡിക്കുന്നു. Against the Method : Outline of an Anarchist Theory of Knowledge (Verso)1978. ശാസ്ത്രരീതിയെപ്പറ്റി ഇതുവരെയും നടന്ന ചര്‍ച്ചകളെക്കുറിച്ച് ഡോക്കിന്‍സ്  തികച്ചും അജ്ഞനാണ്. പ്രകൃതിസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന യന്ത്രമാണ് ശാസ്ത്രം എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ധാരണയാണ് ഡോക്കിന്‍സും അനുയായികളും ഇപ്പോഴും കൊണ്ടുനടക്കുന്നത്.
10. ഇത് സംബന്ധമായ ചില കൃതികള്‍: David Lindberg, Science in the Middle Ages (University of Chicago Press) 1980; David Agar, Arabic Studies in Physics and Astronomy during 8001400 AD (University of Jyvaskyla) 200; David Lindberg, Theories of Vision from alKindi to Kepler (University of Chicago Press) 1976; Olaf Penderson, Early Physics and Astronomy: A Historical Introduction (Cambridge University Press) 1993; Ivan Sertima (Ed), Egypt Revisited (Transaction Publishers) 1991
11. Peter Achinstein, Science Rules: A Historical Introduction to Scientific Methods (John Hopkins University Press) 2004
11. Peter Achinstein,Science Rules: A Historical Introduction to Scientific Methods(John Hopkins University Press) 2004
12. പേജ് 75
13. പേജ് 154
14. പേജ് 66
15. പേജ് 154
16.Mary T.Clark et. al, An Aquinas Reader (Fordham University Press) 2000; Brian Davies, The Thought of Thomas Aquinas (Oxford University Press) 1993; Ralph Mc Inerny, Aquninas Against Averrorists (Purdue University Press) 1993. തോമസ് അക്വിനാസിന്റെ Summa Theologica എന്ന കൃതി www.new advent.org ല്‍ ലഭ്യമാണ്.
17. Brian Davies, Aquinas: An Introduction (Continum International) 2004, P. 2
18. അക്വിനാസിന് മുമ്പ് ദൈവാസ്തിക്യം സംബന്ധമായി നടന്ന ചര്‍ച്ചകള്‍ക്ക് Davidson, Proofs for Eternity, Creation and the Existence of God in Medieval Islamic and Jewish Philosophy (Oxford University Press) 1987
19. പേജുകള്‍ 169,170 ദൈവാസ്തിത്വത്തിന്റെ ദാര്‍ശനികവും ശാസ്ത്രീയവുമായ മാനങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരനാണ് സ്വിന്‍ബേണ്‍. Richard Swin burne, The Coherence of Theism (Clarendon Press) 1993, Faith and Reason (Clarendon Press) 2005, The Existence of God (Oxford Universtity Press) 2004. ഡോ ക്കിന്‍സിന്റെ പരാമര്‍ശങ്ങള്‍ക്ക് സ്വിന്‍ബേണ്‍ എഴുതിയ മറുപടി അദ്ദേഹത്തിന്റെ ഹോം പേജിലുണ്ട്.
20. പേജ് 169
21. പേജ് 170