Friday, October 15, 2010

സത്യാന്വേഷി പുതിയത്

                         "ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ പൊതുമണ്ഡലം വളരെയധികം മതേതരമാണെന്നാണ് കുറെ കാലമായി നാം പറഞ്ഞു ശീലിച്ചിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷ സ്വാധീനമാണിതിന് കാരണമെന്ന് അതേ ശ്വാസത്തില്‍ തന്നെ പറയാനും നാം മടിക്കാറില്ല. ഒരു മിത്ത് എന്നതിനപ്പുറം ഇവക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്നാണ് കൈവെട്ടിനെ തുടര്‍ന്ന് ഇവിടെ അരങ്ങേറിയ വാദകോലാഹലങ്ങള്‍ തെളിയിച്ചത്.കേരളത്തിന്റെ പൊതുമണ്ഡലത്തിന് സംഘ്പരിവാറിനോട് രാഷ്ട്രീയാഭിമുഖ്യം തുലോം കുറവാണെന്നത് ശരി തന്നെ. അതേസമയം അത് അങ്ങേയറ്റം മുസ്ലിം വിരുദ്ധവുമാണ്. ഇത്തരമൊരു പൊതുമണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ സാമ്പ്രദായികവും അല്ലാത്തതുമായ ഇടതു പക്ഷത്തിന്റെയും ലിബറല്‍ മതേതര ബുദ്ധിജീവികളുടെയും ഇടപെടലുകളാണെന്ന് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് വര്‍ത്തമാനകാല കേരളമിപ്പോഴുള്ളത്.മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തോടുള്ള അവജ്ഞയിലും ശരീഅത്ത് വിരുദ്ധതയിലും മുസ്ലിംശാക്തീകരണ ശ്രമങ്ങളോടുള്ള അസഹിഷ്ണുതയിലുമെല്ലാം സംഘ്പരിവാറിനേക്കാള്‍ ഒരു പടി മുന്നിലാണ് കേരളത്തിലെ ഇടതു പക്ഷവും ലിബറല്‍ മതേതര ബുദ്ധിജീവികളുമെന്നത് ഇതിനകം തെളിഞ്ഞു കഴിഞ്ഞ  വസ്തുതയാണ്. ഇടതുപക്ഷ സ്വാധീനത്തില്‍ രൂപപെട്ടതും മതേതരമെന്ന് കൊണ്ടാടപ്പെടുന്നതുമായ കേരളത്തിന്റെ പൊതുബോധത്തിന് സംഘ്പരിവാറിന്റെ രാഷ്ട്രീയത്തോട് മാത്രമേ എതിര്‍പ്പുള്ളൂ. " 
                                          ഒരു ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകന്റെ ഈ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്നു ബോധ്യമുള്ള ഒരാളാണ് സത്യാന്വേഷി. പൊതു സമൂഹത്തിലെ ഈ മുസ്ലിം വിരുദ്ധതയേക്കാള്‍ അതിഭയാനകമാണ് ബൂലോകത്തിലെ അവസ്ഥ.   ബൂലോകത്തില്‍ ഗൌരവമുള്ള ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ സംഘ് ആശയഗതിക്കാര്‍ക്കും സി പി എം അനുഭാവികള്‍ക്കും യുക്തിവാദികള്‍ക്കുമാണ് മേധാവിത്വം. അവരില്‍ മിക്കവര്‍ക്കും , ജാതി വിഷയം പരസ്യമായി ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നതും മുസ്ലിം പ്രശ്നങ്ങള്‍ മുസ്ലിങ്ങളുടെ ഭാഗത്തുനിന്നു നോക്കിക്കാണുന്നതും സഹിക്കാനാവുന്നില്ല എന്നതാണ് അനുഭവം.                      
                                   മലയാളി സമൂഹം പൊതുവില്‍ അങ്ങേയറ്റം കാപട്യം പുലര്‍ത്തുന്ന രണ്ടു വിഷയങ്ങളാണ് ലൈംഗികതയും ജാതിയും. ഇതില്‍ ലൈംഗികതയെ സംബന്ധിച്ച് ഏതറ്റം വരെ പോയി അഭിപ്രായം പറഞ്ഞാലും ബ്ലോഗിലെ 'പുരോഗാമികള്‍' എതിര്‍ക്കില്ല. എന്നാല്‍ ജാതിയെപ്പറ്റി മിണ്ടിയാല്‍ പുരോഗാമികളും അധോഗാമികളും പിന്തിരിപ്പന്മാരും മുന്തിരിപ്പന്മാരും ജനാധിപത്യവാദികളും ഫാഷിസ്റ്റുകളും ഒരുപോലെ ചാടിവീണ് ആക്രമിക്കും;ബൂലോകത്തില്‍ വിശേഷിച്ചും. ജാതിയോടൊപ്പം മുസ്ലിങ്ങള്‍ക്കനുകൂലമായി പറയുകയും കൂടി ചെയ്താലോ? അതും ഒരു അമുസ്ലിം?പിന്നെ പറയാനില്ല.  'ജാതി ഭ്രാന്ത'ന്‍, 'താലിബാനിസ്റ്റു്' എന്നു തുടങ്ങി കേള്‍ക്കാത്ത വിശേഷണങ്ങളില്ല. എന്നിരുന്നാലും  സ്വയം ബോധ്യപ്പെട്ട സത്യങ്ങള്‍ക്കുവേണ്ടി സത്യാന്വേഷി പോരാടി(അങ്ങനെ പറയാമെങ്കില്‍). അപൂര്‍വമായി ചിലര്‍ അനുകൂലിച്ചു.  മിക്കവരും ശക്തമായി എതിര്‍ക്കുകയാണു ചെയ്തത്. പിന്നീട് പിന്നീട് 'അവഗണിച്ചു തമസ്കരിക്കുക' എന്ന നയമാണ് ചിലര്‍ സ്വീകരിച്ചത്.
                             
                            ഈ ബ്ലോഗര്‍ ഉന്നയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ എന്നേക്കാള്‍ ആധികാരികമായും ഭംഗിയായും കൈകാര്യം ചെയ്യുന്ന ഏതാനും ബ്ലോഗര്‍മാര്‍ ഇതിനകം രംഗത്തു വന്നിട്ടുണ്ട്. അവര്‍ക്കും കമന്റുകളൊന്നും കാണാനില്ല. പൈങ്കിളി പോസ്റ്റുകള്‍ക്കും തികച്ചും മതപരമായ പോസ്റ്റുകള്‍ക്കും മുസ്ലിങ്ങളെ നാലു തെറി പറയുന്ന പോസ്റ്റുകള്‍ക്കുമേ ബ്ലോഗില്‍ മാര്‍ക്കറ്റുള്ളൂ. എന്നിരുന്നാലും ബോധ്യപ്പെട്ട സത്യങ്ങള്‍ മുഖം നോക്കാതെ ഉറക്കെ വിളിച്ചു പറയാനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് എന്നെങ്കിലും ഫലം ഉണ്ടാകും എന്നുതന്നെ  ഉറച്ചു വിശ്വസിക്കാനാണ് ഇപ്പോഴും സത്യാന്വേഷിക്കിഷ്ടം.

                            അതെന്തായാലും തുണച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും ഹൃദയംഗമമായി നന്ദി പറയുന്നു. പൊതുവില്‍ മാന്യമായാണ് കമന്റുകളോട് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. എന്നിരുന്നാലും ചിലരോടെങ്കിലും അല്പം 'റൂഡാ'യിപ്പോയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അങ്ങനെ അവര്‍ക്കും തോന്നിയിട്ടുണ്ടാകാം. അവരോടെല്ലാം നിര്‍വ്യാജമായിത്തന്നെ ക്ഷമ ചോദിക്കുന്നു. 

                             ഇനി മുതല്‍ സത്യാന്വേഷി എന്ന പഴയ ബ്ലോഗിനു പകരം ഈ പുതിയ ബ്ലോഗായിരിക്കും ഉണ്ടാകുക.പഴയ സത്യാന്വേഷി  ഇനിമുതല്‍ കാണാന്‍ സാധിക്കില്ല. ദയവായി  ക്ഷമിക്കുക. പഴയ പോസ്റ്റുകളില്‍ തിരഞ്ഞെടുത്തവ ഇതില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അവയിലെ കമന്റുകള്‍ മുഴുവന്‍ വന്നിട്ടില്ല. അതു ശരിയാക്കാന്‍ നോക്കുന്നുണ്ട്.
 

No comments:

Post a Comment