Monday, September 14, 2009
ഇശ്‌റത്ത് സംഭവം-മാധ്യമം മുഖപ്രസംഗം 14/9/09
കേന്ദ്രസര്‍ക്കാറിന് കൈകഴുകാനാവുമോ? ഇശ്റത്ത് ജഹാന്‍ ബീഗവും മറ്റു മൂന്നുപേരും കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ സംഭവം ഇപ്പോള്‍ കേന്ദ്രവും ഗുജറാത്ത് സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ വകവരുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ട ലശ്കര്‍ പോരാളികള്‍ എന്നായിരുന്നു ഇശ്റത്തും ഭര്‍ത്താവ് ജാവേദ് എന്ന പ്രാണേഷ് കുമാറുമടക്കമുള്ള സംഘത്തെക്കുറിച്ചുള്ള പോലിസ് ഭാഷ്യം. പോലിസുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ന്യായീകരിക്കപ്പെട്ടു. എന്നാല്‍, മജിസ്ട്രേറ്റ് തമാംഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞു. തമാംഗിന്റെ റിപ്പോര്‍ട്ട് തള്ളിയ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍നിന്ന് അതിനെതിരെ സ്റ്റേ സമ്പാദിച്ചപ്പോള്‍, കൊല്ലപ്പെട്ടവര്‍ക്കെതിരെയുണ്ടായ പോലിസ് നടപടി കേന്ദ്രസര്‍ക്കാറിന്റെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നുകൂടി വെളിപ്പെടുത്തുകയുണ്ടായി. ഗുജറാത്ത് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കൂട്ടുപ്രതിയാക്കപ്പെടുകയായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ ഈ ന്യായീകരണത്തിലൂടെ. മോഡിയുടെ ഗുജറാത്ത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത നരഹത്യ, കോണ്‍ഗ്രസിന് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയായുധമാകുന്നതിനു പകരം സ്വയം പ്രതിരോധിക്കേണ്ട ജാള്യമാണ് സമ്മാനിച്ചത്. 2004ലെ സംഭവത്തെ സംബന്ധിച്ച കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായുള്ള സാധാരണ ഗതിയിലുള്ള വിവരം പങ്കുവെക്കല്‍ മാത്രമായിരുന്നെന്നും അന്തിമമായ തെളിവിന്റെ സ്വഭാവം അതിനില്ലെന്നുമുള്ള പ്രസ്താവന ഇറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ഈ ജാള്യം മറികടക്കാന്‍ ശ്രമിക്കുകയാണ്്. കുറ്റാരോപിതര്‍ ഭീകരവാദികളാണെങ്കില്‍പോലും അവരെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലിസിന് ലൈസന്‍സ് നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാഷിംഗ്ടണില്‍ വെച്ചായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും വിദേശത്തുവെച്ച് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചതല്ലെന്നുമാണ് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ഇതിനോട് പ്രതികരിച്ചത്. ചിദംബരത്തിന്റെ പ്രസ്താവനയെ ഖണ്ഡിച്ച ഗുജറാത്ത് ആരോഗ്യമന്ത്രി ജയനാരായണ്‍ വ്യാസു മറ്റൊരു കാര്യംകൂടി ചൂണ്ടിക്കാട്ടുന്നു. 2004ലെ ഏറ്റുമുട്ടല്‍ സംഭവത്തിനുശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ ഇന്റലിജന്‍സ് വിവരങ്ങളെ ആസ്പദമാക്കിയുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. അതിനാല്‍, കേന്ദ്ര നിലപാടിനെ ഗുജറാത്ത് പോലിസ് ഉപയോഗപ്പെടുത്തി എന്നുപറയുന്നതിലര്‍ഥമില്ല. ഇശ്റത്ത് സംഭവത്തില്‍ ബി.ജെ.പിയും കേന്ദ്രവും തമ്മില്‍ നടക്കുന്ന തര്‍ക്കം രണ്ടുകൂട്ടരും ഈ കുളിമുറിയില്‍ നഗ്നരാണെന്നേ തെളിയിക്കുന്നുള്ളൂ. പോലിസിന്റെ 'ഏറ്റുമുട്ടല്‍ കൊലകളുടെ' കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഏജന്‍സികളുടെയും കൈ ബി.ജെ.പി സര്‍ക്കാറുകളുടേത് പോലെത്തന്നെ ചോരക്കറ പുരണ്ടതാണെന്നതാണ് വസ്തുത. ഒരു പ്രസ്താവന കൊണ്ട് അതങ്ങ് എളുപ്പം കഴുകിക്കളയാന്‍ സാധിക്കുന്നതല്ല. ചിദംബരത്തിന്റെ വാദത്തില്‍തന്നെ പല ദൌര്‍ബല്യങ്ങളുമുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തെളിവുകളല്ല വിവരങ്ങള്‍ മാത്രമാണെന്ന് പറയുമ്പോള്‍ തെളിവുകളുടെ അഭാവത്തിലുള്ള വിവരങ്ങള്‍ എങ്ങനെയാണ് വിവരങ്ങളാവുക എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. തെളിവുകളുടെ ബലമില്ലാത്ത വിവരങ്ങള്‍ ഊഹങ്ങള്‍ മാത്രമാണ്. ഭീകരവിരുദ്ധ വേട്ടയില്‍ നമ്മുടെ പോലിസും ഇന്റലിജന്‍സ് വിഭാഗവും കാലങ്ങളായി അവലംബിക്കുന്നത് ഇത്തരം ഊഹങ്ങളെയാണെന്നതാണ് തിക്ത യാഥാര്‍ഥ്യം. അതിന്റെതായ ഒരു ചട്ടക്കൂടുതന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരന്വേഷണത്തിനും ആ ചട്ടക്കൂടിനെ ഭേദിച്ച് പുറത്തുകടക്കാന്‍ സാധ്യമല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏതൊരു അന്വേഷണത്തിലും എല്ലാ സാധ്യതകളും പരിഗണിക്കപ്പെടണം എന്ന പൊതുതത്ത്വം ബലികഴിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഒരു ദാരുണ പരിണതി. ഇങ്ങനെ റെഡിമെയ്ഡ് പ്രതികളുണ്ടാകുമ്പോള്‍ കേസുകെട്ട് എളുപ്പത്തില്‍ അവസാനിപ്പിക്കാനും ചിലപ്പോഴെങ്കിലും ഉദ്യോഗക്കയറ്റവും സമ്മാനങ്ങളും ലഭിക്കാനും അവസരമൊരുക്കുന്ന ഗുണവുമുണ്ട്. ഗുജറാത്ത് സര്‍ക്കാറിന്റെ അപേക്ഷയെ തുടര്‍ന്ന് ഹൈക്കോടതി തമാംഗിന്റെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്തിരിക്കുകയാണിപ്പോള്‍. മാത്രമല്ല, ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചുള്ള പ്രത്യേകാന്വേഷണം നടക്കവേ മറ്റൊരു അന്വേഷണത്തിനൊരുമ്പെട്ട തമാംഗിന്റെ നടപടി അധികാര പരിധിയുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതിയുടെ സ്റ്റേ നടപടിക്കും നിരീക്ഷണത്തിനും ന്യായത്തിന്റെ പിന്‍ബലമില്ലെന്നാണ് സുപ്രീംകോടതി അഡ്വക്കറ്റായ നിത്യ രാമകൃഷ്ണനെപ്പോലുള്ളവരുടെ അഭിപ്രായം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് അനുസരിച്ച് മജിസ്റ്റീരിയല്‍ അന്വേഷണവും പോലിസ് അന്വേഷണവും ഒപ്പത്തിനൊപ്പം നടത്തുന്നതില്‍ വിരോധമില്ല. ഇശ്റത്ത് സംഭവത്തില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇശ്റത്തിന്റെ മാതാവ് 2004ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഭവത്തില്‍ പോലിസ് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഈ ഹരജിയില്‍ പോലിസിന്റെ എഫ്.ഐ.ആര്‍ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പോലിസ് അന്വേഷണത്തോടൊപ്പം നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ പ്രസക്തിയെ അന്ന് ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യംചെയ്യുകയോ ഹൈക്കോടതിയുടെ ഉത്തരവില്‍ അതിനെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല. തമാംഗിന്റെ റിപ്പോര്‍ട്ട് പ്രതികൂലമായപ്പോള്‍ മാത്രമാണ് എസ്.ഐ.ടി അന്വേഷണം നടന്നുകൊണ്ടിരിക്കെ മറ്റൊരന്വേഷണത്തിന്റെ സാധുതയെ ഗുജറാത്ത് സര്‍ക്കാറിന്റെ സ്റ്റേ ഹരജിയില്‍ ചോദ്യംചെയ്തത്. കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള ഇന്‍ക്വസ്റ്റുകളെ കുറിച്ച് ലോ കമീഷന്‍ റിപ്പോര്‍ട്ടില്‍ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംശയാസ്പദമായ എല്ലാ കസ്റ്റഡി മരണങ്ങളും ജുഡീഷ്യല്‍ മജിസ്ട്രേറ്റോ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റോ കൂടി അന്വേഷിക്കേണ്ടതാണെന്ന് ക്രിമിനല്‍ നടപടിച്ചട്ടം ഭേദഗതി ചെയ്തത് അതിന്റെ അടിസ്ഥാനത്തിലാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്നത് യഥാര്‍ഥത്തില്‍ അങ്ങനെത്തന്നെയാണോ അതോ കസ്റ്റഡി മരണമാണോ എന്ന് ഒരു അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഏത് കസ്റ്റഡി മരണവും ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിക്കാന്‍ പോലിസിന് പഴുത് നല്‍കും. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്രം ചെയ്യേണ്ടത്. അതോടൊപ്പം ബട്ലഹൌസ് സംഭവമടക്കമുള്ള സംശയാസ്പദമായ എല്ലാ ഏറ്റുമുട്ടല്‍ കൊലകളും സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കുകയും വേണം. എങ്കില്‍ മാത്രമേ കേന്ദ്രത്തിന്റെ നിലപാടില്‍ ശുദ്ധത അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment