ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന പുതിയ ‘ഭീകര’ സംഘടനയെ പറ്റി മാധ്യമങ്ങളും പൊലീസും ചമയ്ക്കുന്ന കഥകളിൽ എത്രത്തോളം സത്യമുണ്ട്? മാധ്യമം ലേഖകൻ കോളനിയിൽ നേരിട്ടുപോയി അന്വേഷണം നടത്തിയതിനുശേഷം തയ്യാറാക്കിയ റിപ്പോർട്ട് ഈ ലക്കം(2009 ഒക്റ്റോബർ 19) ആഴ്ച്ചപ്പതിപ്പിൽ :
“കറുത്ത ബനിയന്‍കാരുടെ കോളനിയില്‍നിന്നുള്ള വാര്‍ത്തകള്‍
ബിനീഷ് തോമസ്
ഒരാളെ തീവ്രവാദിയെന്ന് വിളിക്കുകയാണ് അയാളെ കൊല്ലുന്നതിനെക്കാള്‍ വളരെവളരെ നല്ല മാര്‍ഗം. അങ്ങനെ ഒരുവന് പേരിട്ടു കഴിഞ്ഞാല്‍ 'രാജ്യസ്നേഹികള്‍' മുഴുവന്‍ അയാള്‍ക്കെതിരാവും. അയാളെ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങള്‍ക്കുംമേല്‍ സംശയദൃഷ്ടി ഡെമോക്ലിസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കും. ഒരു സംഘടനയെയാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ കുറച്ചുകൂടി എളുപ്പം. രാജ്യസ്നേഹികള്‍ക്ക് തങ്ങളുടെ രാജ്യസ്നേഹം വെളിപ്പെടുത്താന്‍, രാജ്യസ്നേഹികള്‍ക്ക് തങ്ങളങ്ങനെയല്ലെന്ന് വരുത്താനുമിതാ ഒരവസരംകൂടി കൈവന്നിരിക്കുന്നു. സംസ്ഥാനത്ത് പുതിയ തീവ്രവാദ സംഘടന. കണ്ടാല്‍തന്നെ തീവ്രം. കറുത്ത ബനിയനും നീല പാന്റ്സും. അവരെ മുളയിലേ നുള്ളേണ്ടത് രാജ്യത്തിന്റെ സുസ്ഥിരതക്ക് ആവശ്യമായിരിക്കുന്നു. ഓംപ്രകാശുമാരും പുത്തന്‍പാലം രാജേഷുമാരും ചെയ്ത പ്രവൃത്തിക്ക് ഒരു ന്യായീകരണമുണ്ട്. ക്വട്ടേഷന്‍ നല്‍കിയ ആരെയും അവര്‍ വഞ്ചിച്ചതായി കേട്ടിട്ടില്ല. കിട്ടിയ പണത്തിന് തുല്യമായ ജോലി കൃത്യതയോടെ ചെയ്യുന്നത് അല്ലെങ്കില്‍തന്നെ തെറ്റല്ലല്ലോ. പക്ഷേ, ഡി.എച്ച്.ആര്‍.എം തീവ്രവാദികള്‍ അങ്ങനെയല്ല. കറുത്ത ഷര്‍ട്ടണിഞ്ഞ് മോട്ടോര്‍ ബൈക്കില്‍ (അതും കറുത്തത്) സാധാരണക്കാരനെ വെട്ടിവീഴ്ത്തുന്നത് ഒരു കാരണവുമില്ലാതെയാണ്. അതിനെന്താ കാരണം. ഉത്തരം റെഡിയാണ്. ഭീതി പരത്തി സംഘടന ലോഞ്ച് ചെയ്യാന്‍. അതിനായി 15 പേരുടെ ഒരു ഹിറ്റ് ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്. പുതിയ തീവ്രവാദികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സന്നാഹവും രാപ്പകലില്ലാതെ ഓട്ടത്തിലാണ്. അതുകൊണ്ട് മറ്റ് അക്രമമോ മോഷണമോ (അത് മന്ത്രിയുടെ വീട്ടിലാണെങ്കില്‍പോലും) ഉണ്ടായാല്‍ മാന്യ പൌരന്മാര്‍ സദയം ക്ഷമിക്കണം. തീവ്രവാദി വേട്ടക്കിടെ ഇതിനായി നീക്കിവെക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ്.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]
“അവര്‍ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്
വി.വി. ശെല്‍വരാജ്
നിങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി നോക്കിയിട്ടുണ്ടോ? അവിടെ ക്ഷേമപദ്ധതികളുടെ അപേക്ഷ പൂരിപ്പിച്ച് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന കുറെ അമ്മമാരെ കാണാം, മുക്കാല്‍ ശതമാനത്തിലേറെ പേരും പട്ടികജാതി^വര്‍ഗ ജനവിഭാഗത്തില്‍ പെട്ടവരായിരിക്കും. ഫോറങ്ങളിലെ ചോദ്യങ്ങള്‍ അത്ര സങ്കീര്‍ണതയുള്ളവയൊന്നുമാവില്ല. പേരും വയസ്സും വിലാസവുമടക്കം അവനവനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രം. പക്ഷേ അതുപോലും പരസഹായം കൂടാതെ നിര്‍വഹിക്കാന്‍ കഴിയാത്ത സമൂഹമാണ് ഞങ്ങളുടേത്. ഒടുവില്‍ പൂരിപ്പിച്ച അപേക്ഷക്ക് ചുവട്ടില്‍ മഷിയില്‍ വിരല്‍ മുക്കി പതിക്കുന്നതാണ് ഞങ്ങളുടെ ഒപ്പ്. ഈ അവസ്ഥ മാറ്റിയെടുക്കാനാണ് സാക്ഷരതാ പ്രസ്ഥാനമുണ്ടായത്. മറ്റനേകം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഞങ്ങളുടെ ദുരവസ്ഥ മാറിയില്ല. പദ്ധതികളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് അതില്‍ ലവലേശം വിഷമവും തോന്നിയില്ല. ഇനി ഞങ്ങളുടെ കോളനികളിലേക്കൊന്ന് വരുക. അവിടെ മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളുമെല്ലാം പണിക്ക് പോകുന്നവരായിരിക്കും. പ്രായവും രോഗവും തളര്‍ത്തിയ വൃദ്ധരായ മാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളും മാത്രമാവും പകല്‍ വീടുകളിലുണ്ടാവുക. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ വീട്ടില്‍ ഉറക്കിക്കിടത്തിയിട്ട് കൂലിപ്പണിക്കും കല്ലുപണിക്കും പോകുന്നവരാണ് ഞങ്ങളുടെ പെങ്ങന്മാര്‍. പക്ഷേ അധ്വാനവും ക്ഷീണവും മാത്രമേ അതില്‍ മിച്ചമുണ്ടാവൂ. എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തില്‍ തിരുകി ഞങ്ങളുടെ പുരുഷന്മാര്‍ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലകള്‍ക്ക് മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിന്റെ ലഹരി പോരാത്തവര്‍ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാന്റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. കുടുംബം മുഴുവന്‍ അധ്വാനിച്ചിട്ടും രോഗം പിടിച്ച് മേലനക്കാന്‍ വയ്യാതെ കിടക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങാന്‍, വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി വെക്കാന്‍, സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് യൂനിഫോം വാങ്ങാന്‍ ഇതിനൊന്നും പണം തികയാതെ ദാരിദ്യ്രവും ചീത്തവിളികളും മര്‍ദനങ്ങളും പാരമ്പര്യസ്വത്തായി കൈമാറിപ്പോരുന്നത് കാണാം.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]
ബുദ്ധമത ദർശനങ്ങളെ പിൻപറ്റുന്ന ഒരു സംഘടനയാണ് ഡി എച്ച് ആർ എം എന്നാണ് ഈ റിപ്പോർട്ടും അഭിമുഖവും വെളിപ്പെടുത്തുന്നത്. വർക്കല കൊലപാതകത്തെപ്പറ്റി ശെൽവരാജ് എന്ന അവരുടെ നേതാവ് പറയുന്നു:“പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ സംഘടനയുടെ നേതൃത്വം അറിഞ്ഞല്ല ഈ കൊലപാതകം നടന്നിരിക്കുന്നത്. ഞങ്ങളുടെ പ്രവർത്തകർക്കാർക്കെങ്കിലും ഈ സംഭവത്തിൽ പങ്കില്ല എന്നു തന്നെയാണ് ഈ നിമിഷം വരെയുള്ള വിശ്വാസം. ഞങ്ങൾ ഇതേക്കുറിച്ച് ഗൌരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി എച്ച് ആർ എം പ്രവർത്തകർക്കാർക്കെങ്കിലും ഈ കൊലപാതകവുമായോ മറ്റേതെങ്കിലും അക്രമപ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്നു ബോധ്യം വന്നാൽ അവരെ നിയമത്തിനുമുന്നിൽ ഹാജരാക്കാൻ ഞങ്ങൾ തയ്യാറുമാണ്. നാട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ വിവിധ സംഘടനകളുടെ പ്രവർത്തകർ പ്രതികളാകാറുണ്ട്. മുത്തൂറ്റ് പോൾ വധക്കേസിൽപ്പോലും ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ പ്രതികളാണ് എന്ന ആരോപണമുയർന്നിട്ടുണ്ട്. അതിന്റെ പേരിൽ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട യുവാവ് പ്രവർത്തിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കില്ല. അത് ന്യായവുമല്ല.”
ശരിയല്ലേ? സി പി എം, ആർ എസ് എസ് , എൻഡി എഫ് തുടങ്ങി പല സംഘടനകളുടെയും പ്രവർത്തകർ ഇങ്ങനെ കൊലക്കേസിൽ പ്രതികളായിട്ടുണ്ട്. അതിന്റെ പേരിൽ ആ സംഘടനയുടെ സംസ്ഥാന നേതാക്കളെ അറസ്റ്റു ചെയ്യുകയോ ജാമ്യം പോലും നൽകാതിരിക്കയോ ചെയ്യാറില്ലല്ലോ? മാത്രമല്ല, ഡി എച്ച് ആർ എമ്മുമായി ഒരു ബന്ധവുമില്ലാത്ത ദലിതരുടെ വീടുകളിൽ വരെ പോലീസ് കയറിയിറങ്ങി ‘ടെറർ’ ഉണ്ടാക്കുകയാണ്.
ദലിതരോട് എന്തും ആവാം; ചോദിക്കാനും പറയാനും ആരുമില്ലല്ലോ!