ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തോട് ഇന്ത്യൻ ഭരണകൂടവും മാധ്യമങ്ങളും സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ സത്യാന്വേഷിയ്ക്ക് ആ പഴമൊഴിയാണ് ഓർമ വരുന്നത്”: ‘താട്യേള്ളപ്പനെ പേട്യേണ്ട്’. ചൈനയ്ക്കുപകരം പാക്കിസ്ഥാനായിരുന്നെങ്കിലോ? ഭരണകൂടവും അതിനേക്കാൾ ശക്തമായി മാധ്യമങ്ങളും ചേർന്ന് ഒരു യുദ്ധജ്വരം തന്നെ ഇവിടെ ഉണ്ടാക്കുമായിരുന്നു. ഇന്നലത്തെ മാധ്യമത്തിൽ(3/10/2009) അഡ്വ.വിനോദ് പയ്യട എഴുതിയ ‘ഇതു സൌഹൃദമല്ല, ഭീരുത്വമാണ് ‘ എന്ന ലേഖനം വായിച്ചപ്പോൾ സത്യാന്വേഷിക്കു തോന്നിയ ചിന്തയാണിത്. വിനോദിന്റെ ലേഖനം ഇവിടെ വായിക്കാം. [ഫോണ്ട് പ്രശ്നം ഉണ്ടെങ്കിൽ ഇവിടെ ക്ലിക്കി വായിക്കാം] അനുബന്ധമായി ഈ വിഷയത്തിൽ വന്ന രണ്ടു വാർത്തകൾ കൂടി ഇവിടെയും ഇവിടെയും കാണുക.[അതും വായിക്കാൻ വിഷമം നേരിടുന്നുവെങ്കിൽ ഇവിടെ ക്ലിക്കി വായിക്കാം]ഒപ്പം, ‘ലോക സമാധാന ദൂതനാ’യിരുന്ന ജവാഹർ ലാൽ നെഹ്രു ചൈനയോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ട കഥ ചരിത്രകാരനും നോവലിസ്റ്റും ആയ പി കെ ബാലകൃഷ്ണൻ 11 കൊല്ലം മുൻപ് എഴുതിയ ലേഖനത്തിൽ നിന്ന് ഇങ്ങനെ വായിക്കാം:
“സ്വന്തം രാജ്യാതിർത്തികളിൽ തൊട്ടുകിടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളെയും ഇന്ത്യയോട് തുറന്ന ശത്രുതയും പതിഞ്ഞ ശത്രുതയുമുള്ള ശത്രുരാജ്യങ്ങളാക്കാൻ കഴിഞ്ഞ ഒരു ലോക സമാധാന ദൂതൻ കൂടിയായിരുന്നു നെഹ്രു. കാലക്രമം ശരിയല്ലെങ്കിലും നെഹ്രുവിന്റെ കാഴ്ച്ചപ്പാടുകളിലേക്കും സ്വഭാവത്തിലേക്കുതന്നെയും വെളിച്ചം വീശുന്ന സംഭവം എന്ന നിലയിൽ ഇന്ത്യയും ചൈനയുമായുണ്ടായ യുദ്ധത്തിലേക്കും തുടർന്നു നടന്ന ശത്രുതയിലേക്കും നമുക്കൊന്നു തിരിഞ്ഞുനോക്കാം. ഇന്ത്യയും ചൈനയും തമ്മിൽ ഇന്നും തർക്കവിഷയമായി ശേഷിക്കുന്ന അതിർത്തി പ്രദേശങ്ങളും, ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ വികസ്വര ഘട്ടത്തിൽ മാത്രം ഒരു രാഷ്ട്രമെന്ന ഘടന കൈവന്ന ഇന്ത്യാ ഉപഭൂഖണ്ഡവും തമ്മിൽ നെഹ്രുവും ഇന്ത്യക്കാരായ നമ്മളും ഇന്നു വിഭാവനം ചെയ്യുന്ന രീതിയിൽ അതിരുകൾ ഉണ്ടായിരുന്നില്ലെന്ന്,സമസ്ത ചരിത്ര പാണ്ഡിത്യങ്ങളുമുണ്ടായിരുന്നിട്ടും നെഹ്രുവിനു കാണാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് കയ്യൂക്കിന്റെ പ്രഭവകാലത്ത്, ആ കയ്യൂക്കിനെ ആശ്രയിച്ച് ഭൂപടത്തിൽ അവർ രേഖപ്പെടുത്തിയ അതിരുകൾ പുരാതന ചരിത്ര കാലം മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അംഗീകൃത അതിരുകളാണെന്നു ദൃഢമായി വിശ്വസിക്കാൻ കഴിഞ്ഞ നെഹ്രുവിന്റെ ആ കഴിവ്, ചിന്തിക്കാൻ കഴിവുള്ള ഒരാളെ ഇന്നും ആശ്ചര്യപ്പെടുത്തും. രാഷ്ട്രങ്ങൾ തമ്മിലുള്ള വിവാദപരമായ അതിരുകൾ നിർണയിക്കുന്നതിനു സാർവലൌകികമായ അംഗീകാരമുള്ള കുറെ നിയാമക തത്ത്വങ്ങളുണ്ട്. ബ്രിട്ടീഷുകാരെ പിന്തുടർന്ന് സുനിശ്ചിതമായ ഇന്ത്യൻ അതിർത്തികളെന്ന് ഇന്ത്യ കരുതുന്ന കുറെ പ്രദേശങ്ങളെപ്പറ്റി -ഏറെയും മഞ്ഞുമൂടിക്കിടക്കുന്ന മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളാണവ- ചൈന തർക്കമുന്നയിക്കുകയും അതിൽ ചിലേടങ്ങളിൽ ചൈനീസ് സൈന്യങ്ങൾ കടന്നു പ്രവേശിക്കുകയും ചെയ്തതു ശരിയായ നടപടിയാണെന്ന് ആരും പറയുകയില്ല. എന്നാൽക്കൂടിയും ഇന്ത്യയുമായി, പ്രത്യേകിച്ച് നെഹ്രുവുമായി ‘ഭായി ഭായി’ ബന്ധമുണ്ടായിരുന്ന ഒരു രാജ്യത്തിന്റെ ഭരണകർത്താക്കളുമായി അതേപ്പറ്റി ചർച്ചകൾ നടത്താൻ ശ്രമിക്കുന്നതാണ് ആദ്യം സ്വീകരിക്കേണ്ട നടപടിയെന്നു കാണാൻ ഒരാൾ ലോക സമാധാന ദൂതനൊന്നുമാവേണ്ടതില്ല. ചൈനീസ് ഭരണ നേതാക്കളായ മാവോയുമായും ചൌ എൻ ലായുമായും പ്രത്യേക സുഹൃദ് ബന്ധമുള്ള വ്യക്തിയാവണമെന്നുപോലുമില്ല. എന്തായാലും ‘നെഹ്രുവിന്റെ ഇന്ത്യ’യുടെ അതുല്യ പ്രഭാവത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന നെഹ്രു, ഇന്ത്യൻ പ്രദേശത്തു കടന്നു നില സ്വീകരിച്ചിരുന്ന ചൈനീസ് സൈന്യത്തെ ‘തൂത്തു പുറത്തെറിയാൻ’('Throw them out' ) ഇന്ത്യൻ സേനക്കു കൽപ്പന കൊടുത്തുകൊണ്ട് സിലോൺ സന്ദർശനത്തിനു പുറപ്പെടുകയാണുണ്ടായത്. തുടർന്നുണ്ടായ സംഭവങ്ങൾ വിവരിക്കേണ്ട കാര്യമില്ല. ഇന്ത്യൻ സേനയിൽനിന്നു പിടിച്ചെടുത്ത ആയുധങ്ങൾ ഇന്ത്യയിൽത്തന്നെ കൂനകൂട്ടിയിട്ടുകൊണ്ട് ചൈന നടത്തിയ ഏകപക്ഷീയമായ വെടിനിർത്തലും പിന്മാറ്റവും ഏവർക്കും അറിവുള്ള കാര്യമാണ്.”[‘നെഹ്രു ശതാബ്ദിയെ ചുറ്റി ചില ശിഥില ചിന്തകൾ’ - മാധ്യമം ദിനപത്രം 1998 നവംബർ 15 ചൊവ്വ പേ 4)
ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തോട് ഇന്ത്യൻ ഭരണകൂടവും മാധ്യമങ്ങളും സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ സത്യാന്വേഷിയ്ക്ക് ആ പഴമൊഴിയാണ് ഓർമ വരുന്നത്”: ‘താട്യേള്ളപ്പനെ പേട്യേണ്ട്’.
ReplyDeleteഇന്ത്യ പാകിസ്ഥാൻ പ്രശ്നത്തോളം ഏതാണ്ട് പഴക്കമുള്ള ഒന്നാണ് ഇന്ത്യ ചൈന അതിർത്തി തർക്കവും. എന്നെങ്കിലും ആ പ്രശ്നത്തെപ്പറ്റി പത്രങ്ങളിൽ കണ്ടിട്ടുണ്ടൊ? വരില്ല.
ReplyDeleteരാഷ്ട്രീയതാൽപര്യങ്ങൾക്ക് വേണ്ടി ജനശ്രദ്ധ തിരിച്ചുവിടേണ്ട സാഹചര്യങ്ങൾ വരുമ്പോൾ ഉപയോഗിക്കാനുള്ളതാണ് ഈ കാര്യങ്ങൾ. അല്ലാതെ ഇതിലൊക്കെ ശ്രദ്ധിക്കാൻ ജനത്തിനെവിടെ നേരം?