ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ ഡോ.കെ സുഗതന്(പ്രശസ്ത കാര്‍ഡിയോളജിസ്റ്റും ഗ്രന്ഥകാരനുമാണ്)എഴുതിയ ലേഖനം:
(ഈ ലേഖനത്തിലെ മുഴുവന്‍ വാദങ്ങളോടും യോജിക്കുന്ന ആളല്ല ഇതെഴുതുന്നയാള്‍.എന്നിരുന്നാലും പ്രസക്തമാണെന്നു തോന്നിയതിനാല്‍ എടുത്തു ചേര്‍ക്കുന്നു.)
സംവരണം എന്ന നുണ
ഡോ. കെ. സുഗതന്
സംവരണം എന്ന നുണ എന്ന തലക്കെട്ടില്‍ ഗുരു നിത്യചൈതന്യയതിയുടെ ഒരു ലേഖനം കുറേവര്ഷംമുമ്പ് വായിച്ചതോര്‍ക്കുന്നു. സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ നുണകളും അര്‍ഥസത്യങ്ങളും പ്രചരിപ്പിക്കുന്ന കാലമാണിത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം പാടില്ലായെന്ന് ഭരണഘടനയുടെ 15-ാം വകുപ്പില്‍ പറയുന്നുണ്ട്. സര്ക്കാറുദ്യോഗങ്ങളുടെ കാര്യത്തിലും തൊഴില്‍രംഗത്തും എല്ലാ പൗരന്മാര്ക്കും അവസരസമത്വം വേണമെന്ന് 16-ാം വകുപ്പിലും പറയുന്നു.
ഈ നിയമങ്ങളുടെ അപവാദം എന്ന നിലയ്ക്ക് രണ്ട് വകുപ്പുകളുടെയും നാലാം ഉപവകുപ്പില്‍ ചിലര്‍ക്ക് വിശേഷാല്‍ പരിഗണന കൊടുക്കുന്നതിന് തടസ്സമില്ല എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്. 15 (4) വകുപ്പ് പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയുള്ള വിഭാഗത്തിന്റെ ഉന്നമനത്തിന് വ്യവസ്ഥ ചെയ്യാം എന്നുണ്ട്. 16 (4) വകുപ്പിലാണ് ഉദ്യോഗങ്ങള്‍ സംവരണം ചെയ്യുന്ന കാര്യം പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മതിയായ പ്രാതിനിധ്യമില്ല എങ്കില്‍ അവര്‍ക്ക് സംവരണം ആവാം എന്നാണ് നിയമത്തിലുള്ളത്.
കേരള സര്‍ക്കാര്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ പത്ത് പിന്നാക്ക സമുദായ ഗ്രൂപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. 50 ശതമാനം ഉദ്യോഗങ്ങള്‍ ഇവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗം (2 ശതമാനം), പട്ടികജാതി (8 ശതമാനം), ധീവര (1 ശതമാനം), വിശ്വകര്‍മ (3 ശതമാനം), നാടാര്‍ (ഹിന്ദു നാടാരും എസ്.ഐ.യു.സി.യില്‍പ്പെട്ട നാടാരും ഉള്‍പ്പെടും. 2 ശതമാനം), ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാര്‍ (1 ശതമാനം), ലത്തീന്‍ കത്തോലിക്കര്‍ (ആംഗ്ലോ ഇന്ത്യന്‍ ഉള്‍പ്പെടെ 4 ശതമാനം), ഈഴവര്‍ (14 ശതമാനം), മുസ്ലിങ്ങള്‍ (12 ശതമാനം), മറ്റുപിന്നാക്ക സമുദായങ്ങള്‍ (3 ശതമാനം) എന്നാണ് കണക്ക്.
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ സംവരണ ശതമാനങ്ങളില്‍ നേരിയ വ്യത്യാസമുണ്ട്. 1931-നുശേഷം ജാതി തിരിച്ചുള്ള സെന്‍സസ് എടുത്തിട്ടില്ല. അന്നത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക സമുദായങ്ങള്‍ കേരളത്തിലെ ജനസംഖയുടെ 75-80 ശതമാനം വരും. മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ ഇവരുടെ സെന്‍സസ് പത്തുവര്‍ഷം കൂടുമ്പോള്‍ എടുക്കുന്നുണ്ട്.
മുസ്ലിങ്ങള്‍ ആദ്യം 16 ശതമാനം ആയിരുന്നത് കഴിഞ്ഞ സെന്‍സസില്‍ 24 ശതമാനം ആയി; ക്രിസ്ത്യാനികള്‍ 24 ശതമാനം
ഉണ്ടായിരുന്നത് 19 ശതമാനവും. പട്ടികജാതി വര്‍ഗക്കാരുടെ ശതമാനം പത്തില്‍നിന്നു പതിനൊന്നായി ഉയര്‍ന്നു. സവര്‍ണര്‍ 15 ശതമാനം, അവര്‍ണര്‍ 45 ശതമാനം എന്നായിരുന്നു ആദ്യത്തെ കണക്ക്. ഇവരില്‍ നായന്മാരുടെ ശതമാനം 13 ഉം ഈഴവരുടേത് 26ഉം ആയിരുന്നു.
വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്ക്കുന്ന ക്രിസ്ത്യാനികളുടെ ശതമാനം കുറഞ്ഞപ്പോള്‍ പിന്നാക്കമായ മുസ്ലിങ്ങളുടെ ശതമാനം കൂടിയതുപോലെ മുന്നാക്ക ഹിന്ദുക്കളുടെ ശതമാനം കുറഞ്ഞിട്ടുണ്ട്. പിന്നാക്ക ഹിന്ദുക്കളുടെ ശതമാനം കൂടിയിട്ടുണ്ട് എന്ന് ചിലര്‍ വാദിക്കുന്നു. കൃത്യമായ കണക്കെടുപ്പിന്റെ അഭാവത്തില്‍ യഥാര്‍ഥ ശതമാനം എത്രയെന്ന് ആര്‍ക്കും പറയാനൊക്കുകയില്ല. സാമ്പിള്‍ സര്‍വേകള്‍ അര്ഥസത്യങ്ങളേ ആവുന്നുള്ളൂ.
ഭരണഘടനപ്രകാരം ഉദ്യോഗസംവരണം കൊടുക്കേണ്ടത് സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക സമുദായങ്ങള്‍ക്കു മാത്രമാണ്. ഭരണത്തില്‍ പങ്കാളിത്തം കൊടുക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. മതിയായ പ്രാതിനിധ്യം കിട്ടിക്കഴിഞ്ഞാല്‍ ആ സമുദായങ്ങളെ സംവരണലിസ്റ്റില്നിന്ന് ഒഴിവാക്കേണ്ടതാണ്. അതിനു കണക്കെടുപ്പ് നടത്തണം.
2000 ആണ്ടില്‍ നരേന്ദ്രന് കമ്മീഷനെ നിയമിച്ചത് പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം കണ്ടെത്താനാണ്. ചീഫ് സെക്രട്ടറിയായിരുന്ന കെ.വി.രബീന്ദ്രന് നായരും പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്‍മാനായിരുന്ന ടി.എം.സാവന്കുട്ടിയും കമ്മീഷനിലെ അംഗങ്ങളായിരുന്നു.
ഇവര്‍ നടത്തിയ പഠനത്തില്‍നിന്നു കണ്ടെത്തിയ പ്രാതിനിധ്യം ഇപ്രകാരമാണ്. പട്ടികവര്‍ഗം-1.26 ശതമാനം, പട്ടികജാതി-11.76 ശതമാനം, ധീവര-1.18 ശതമാനം, വിശ്വകര്‍മ-2.91 ശതമാനം, നാടാര്‍-1.9 ശതമാനം, പരിവര്‍ത്തിത പട്ടികജാതിക്കാര്‍-0.78 ശതമാനം, ലത്തീന്‍കത്തോലിക്കര്‍-3.14 ശതമാനം, ഈഴവ-20.41 ശതമാനം, മുസ്ലിം-10.45 ശതമാനം, മറ്റു പിന്നാക്ക സമുദായങ്ങള്‍-7.46 ശതമാനം, മുന്നാക്ക സമുദായങ്ങള്‍-38.73 ശതമാനം.
ഒരുപിന്നാക്ക സമുദായത്തിനും മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നാണ് പഠനം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 20-25 ശതമാനം മാത്രമുള്ള മുന്നാക്കസമുദായങ്ങള്‍ക്ക് 38.73 ശതമാനം ഉദ്യോഗങ്ങള്‍ കിട്ടിയപ്പോള്‍ 24 ശതമാനമുള്ള മുസ്ലിങ്ങള്‍ക്ക് 10.45 ശതമാനം മാത്രമാണ് കിട്ടിയത്. 26-30 ശതമാനം വരുന്ന ഈഴവര്‍ക്ക് 20.41 ശതമാനം ഉദ്യോഗങ്ങള്‍ കിട്ടി. 14 ശതമാനം സംവരണമുള്ള ഈഴവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ കിട്ടിയത് 6.41 ശതമാനമാണ്. അവരുടെ സംവരണം നിര്‍ത്തലാക്കാന്‍ സമയമായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മുന്നാക്കസമുദായങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ട് (20-25 ശതമാനം വരുന്നവര്‍ക്ക് 38.73 ശതമാനം) എന്നതും വ്യക്തമായി.
അടുത്തകാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റി ഒരു കണക്ക് പ്രസിദ്ധീകരിച്ചു (മാതൃഭൂമി, 28.12.2008). ഒരു ചുരുങ്ങിയ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയ വിവിധ സമുദായങ്ങളുടെ കണക്കാണത്. നരേന്ദ്രന് കമ്മീഷന്റെ പഠനത്തിന്റെ ഒരു മിനിസാമ്പിള്. അതില്‍ ശതമാനങ്ങളുടെ സംഖ്യയില്‍ നേരിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സാമ്പിള്‍ സര്‍വേയില്‍ അതു സ്വാഭാവികമാണല്ലോ. സംവരണസമുദായങ്ങള്‍ 70 ശതമാനം നിയമനങ്ങള്‍ നേടി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അവര്‍ മൊത്തം ജനസംഖ്യയില്‍ 75-നും 80-നും ഇടയ്ക്കു ശതമാനം വരുമെന്ന കാര്യം വിട്ടുകളഞ്ഞു.
ഈഴവസമുദായം അര്‍ഹമായതിലും ഏറെ നേടി എന്ന തലക്കെട്ടില്‍ പിന്നാലെ (മാതൃഭൂമി 8.1.2009) വന്ന റിപ്പോര്‍ട്ടില്‍ എത്രയാണ് അവര്‍ അര്‍ഹിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. 26-30 ശതമാനക്കാര്‍ക്ക് 20.12 ശതമാനം കിട്ടിയതാണ് അര്‍ഹിക്കുന്നതിലേറെ എന്നു വ്യാഖ്യാനിച്ചത്. ഓരോ സമുദായത്തിന്റെയും മൊത്തം ജനസംഖ്യയും സര്ക്കാറുദ്യോഗത്തിലുള്ളവരുടെ സംഖ്യയും എത്രയെന്നറിയാന്‍ ഒരു കണക്കെടുപ്പ് ഉടനെ നടത്തേണ്ടതാണ്.
മതിയായ പ്രാതിനിധ്യം കിട്ടിയിട്ടുള്ള സമുദായങ്ങളുടെ സംവരണത്തോത് കുറയ്ക്കുകയും വേണം. ഇപ്പോഴത്തെ 50 ശതമാനം സംവരണം ക്രമേണ കുറച്ചുകൊണ്ടുവന്ന് നിലനിര്‍ത്താന്‍ ശ്രമിക്കണം. ഈ ഉദ്ദേശ്യത്തോടെയാണ് സുപ്രീംകോടതി മേല്‍ത്തട്ടുവ്യവസ്ഥ കൊണ്ടുവന്നത്. അതിനെ എതിര്‍ക്കുന്നവര്‍ മുന്നാക്കസമുദായങ്ങളുടെ ശത്രുത മാത്രമാണ് സമ്പാദിക്കുന്നത് എന്ന കാര്യം ഓര്‍ക്കുന്നില്ല. നടപ്പിലായിക്കഴിഞ്ഞ മേല്ത്തട്ടുവ്യവസ്ഥയ്ക്കെതിരെ വാദിച്ച് സമയം പാഴാക്കുന്നതെന്തിനാണ്?
സംവരണത്തെ എന്നും എതിര്‍ത്തിരുന്ന നായര്‍ സര്‍വീസ് സൊസൈറ്റി അടുത്തകാലത്ത് മുന്നാക്കക്കാര്‍ക്കും സംവരണം വേണമെന്ന ആവശ്യമുന്നയിച്ചു. ഭരണഘടനയുടെ 16 (4) വകുപ്പനുസരിച്ച് അവര്‍ പിന്നാക്കമാണെന്നും സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും സ്ഥാപിക്കേണ്ടതുണ്ട്.
സംവരണം അവസരസമത്വവ്യവസ്ഥയുടെ അപവാദം മാത്രമാണ്. അതു കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിനുപകരം മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാരിലേക്ക് അത് വ്യാപിപ്പിക്കണമെന്നുപറയുമ്പോള് നാലില്‍ മൂന്നിനും സംവരണമാകും. അതിനുപകരം പിന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് (നാലു ഗ്രൂപ്പില്‍ ഒന്ന്) മാത്രമായി സംവരണം ചുരുക്കുകയാണ് വേണ്ടത്.
സാമ്പത്തികമായ പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് സാമ്പത്തികസഹായം കൊടുക്കണം. ക്രീമിലെയര്‍ നിശ്ചയിക്കുന്നത് സാമ്പത്തികാടിസ്ഥാനത്തിലാണ് എന്ന ധാരണ തെറ്റാണ്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, വക്കീല്മാര്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സാഹിത്യകാരന്മാര്, നാടകകൃത്തുക്കള്‍, ചലച്ചിത്ര കലാകാരന്മാര്, കായികതാരങ്ങള്‍, ഹൈക്കോടതി ജഡ്ജിമാര്‍, ക്ലാസ് 1 ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളവരുടെ മക്കളെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരില്‍ വരുമാനം കുറഞ്ഞവരും ക്രീമിലെയറാണ്. അത്തരം സ്ഥാനമില്ലാത്തവരില് സമ്പന്നരായവരെ മേല്‍ത്തട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പത്തുകൊണ്ട് സമൂഹത്തില്‍ സ്ഥാനം നേടാം. എന്നുവെച്ച് സ്ഥാനമുള്ളവര്‍ക്ക് സമ്പത്ത് കുറയുമ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നില്ല.
http://www.mathrubhumi.com/article.php
ഈ ലേഖനം എടുത്തു ചേര്‍ത്തതിന് നന്ദി. റഫറ്രന്സിന് ഉതകുന്ന വിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ReplyDeleteWell written and substantiated. Every body including NSS knows this truith.The idea is more or less to black mail the UDF.
ReplyDeleteAfter the 2006 election LDF has devoted much time and effort to garner influence among the Muslim & Christian communities , but in vain as the clergy in those communities blocked it , apprehending the seccularisation of the faithful.These communities constitutes the votebank for the UDF(constituents), while the OBC & Dalits largely gives their mandate to LDF.
Those who sit on the fence are the savarna communities constituting 15%. Now the fuedal leadership (NSS) is trying to expoit the situation to its gain.
വസ്തുനിഷ്ട യദാർത കണക്കുകൾ പരസ്യപ്പെടുത്തണമെന്ന ആവശ്യത്തോടെ,
ReplyDeleteഒരു സംഘടനയിലെ നൂറുപേർ പത്തുപേർ വീതമായി കോടതികൾ ഭരണ കാര്യാലയങ്ങൾ തുടങ്ങി പത്തു സ്തലങ്ങളിൽ ഒരേ സമയം യദാർത്ത നിരാഹാര സത്യാഗ്രഹം നടത്തുമെന്നു കേൾക്കുന്നു.