Monday, March 8, 2010

ജാതിക്കണക്ക് ആരെയാണു ഭയപ്പെടുത്തുന്നത്?

"2011 സെന്‍സസ്: ജാതി തിരിച്ച് കണക്കെടുക്കില്ല

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന സെന്‍സസില്‍ ജാതിതിരിച്ചുള്ള കണക്കെടുപ്പ് ഉണ്ടാകില്ലെന്ന് ആഭ്യന്തരസെക്രട്ടറി ജി.കെ.പിള്ള വ്യക്തമാക്കി. പി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി.യു. തുടങ്ങിയ പാര്‍ട്ടികള്‍ ജാതിഅടിസ്ഥാനത്തില്‍ കണക്കെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗത്തിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിവിധ കക്ഷികള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ആഭ്യന്തരവകുപ്പിനു കീഴിലുള്ള 'രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ' പ്രായം, ലിംഗഭേദം, പട്ടികജാതി-വര്‍ഗം, സാക്ഷരത, മതം, മാതൃഭാഷ തുടങ്ങിയ പതിനഞ്ച് സാമൂഹികസാമ്പത്തികമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാകും 2011-ല്‍ സെന്‍സസ് നടത്തുക. ജാതിവ്യവസ്ഥയ്ക്ക് ഏകീകൃതസ്വഭാവമില്ലാത്ത രാജ്യത്ത് കണക്കെടുക്കുന്നവര്‍ ഒരാളെ എങ്ങനെ ഒരു പ്രത്യേക ജാതിയില്‍പ്പെടുത്തുമെന്ന പ്രശ്‌നമുള്ളതാണ് ജാതിതിരിച്ച് കണക്കെടുക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ ആവശ്യമുന്നയിച്ച് പി.എം.കെ. സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് നിരസിച്ചു. ജാതിതിരിച്ചുള്ള സെന്‍സസ് അവസാനമായി നടന്നത് 1931-ലാണ്.

സംസ്ഥാനസര്‍ക്കാറുകളില്‍ ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റുചില പിന്നാക്ക സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു."
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ജാതി തിരിച്ചു കണക്കെടുക്കുന്നതിനു തടസ്സമായി പറഞ്ഞിരിക്കുന്ന കാരണം നോക്കുക. "ഒരാളെ എങ്ങനെ പ്രത്യേക ജാതിയില്‍പ്പെടുത്തുമെന്ന് "അറിയില്ലത്രേ! സര്‍ക്കാരായിട്ട് ആരെയും പ്രത്യേക ജാതിയില്‍ പെടുത്തേണ്ടതില്ല. ജനങ്ങള്‍ക്കറിയാം അവര്‍ ഏതു ജാതിയില്‍ പെടുന്നെന്ന്. മതം എഴുതുമ്പോള്‍ ഈ പ്രശ്നം ഒന്നുമില്ലല്ലോ? അവിടെ നാം പറയുന്ന മതം ആണ് എന്യൂമറേറ്റര്‍ എഴുതുന്നത്. ജാതി വന്നപ്പോള്‍ ഇത്ര വൈക്ലബ്യം എന്താണ്?
ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്നം. ജാതിക്കണക്ക് പുറത്തുവരുന്നതിനെ സവര്‍ണ മേധാവികള്‍ ഭയക്കുന്നു.സവര്‍ണര്‍ അനര്‍ഹമായി കൈയടക്കിവച്ചിരിക്കുന്ന അധികാര സ്ഥാനങ്ങളെപ്പറ്റി അവര്‍ണ ജനത ചോദ്യം ചെയ്യും. ഹിന്ദു മതം എന്ന 'ഭൂരിപക്ഷ'ത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കു പിടികിട്ടുകയും ചെയ്യും. ജി കെ പിള്ളയെപ്പോലുള്ള സവര്‍ണര്‍ ആഭ്യന്തര സെക്രട്ടറിയായാലൊന്നും 'യഥാര്‍ഥ മലയാളി' പ്രതിനിധീകരിക്കപ്പെടുന്നില്ലെന്ന സത്യം ഭൂരിപക്ഷം മലയാളികളും തിരിച്ചറിയും.

1 comment:

  1. സാമൂഹ്യചൂഷണത്തിന്റെ തെളിവുകളെ മറനീക്കി കാണിക്കുമെന്നതിനാല്‍ ജാതിതിരിച്ച സെന്‍സസ് സവര്‍ണ്ണ ഉടമസ്ഥതയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്
    സ്വീകാര്യമാകില്ല. ഈ അനീതിക്കെതിരെ അവര്‍ണ്ണ നീതിക്കുവേണ്ടി സ്ഥാപിതമായ പാര്‍ട്ടികളെങ്കിലും എതിര്‍ത്തിരുന്നെങ്കില്‍...

    ReplyDelete