Monday, March 22, 2010

ബട്ല ഹൌസ് തെളിയിക്കുന്നു ;കോണ്‍ഗ്രസ് =ബീ ജേ പ്പി?

കോണ്‍ഗ്രസ് ഇനിയും അമാന്തിക്കുമോ?

നീതിക്കുവേണ്ടിയുള്ള സുമനസ്സുകളുടെ നിലവിളിക്കുനേരെ കണ്ണും കാതും ഇറുക്കിയടച്ചിട്ടും ബട്ല ഹൌസ് ഏറ്റുമുട്ടലിന്റെ പ്രേതബാധ ദല്‍ഹി പൊലീസിനെയും കോണ്‍ഗ്രസ് നയിക്കുന്ന ദല്‍ഹി, കേന്ദ്രഭരണകൂടങ്ങളെയും വിട്ടൊഴിയുന്നില്ല. ഒന്നര വര്‍ഷംമുമ്പ് നടന്ന ഏറ്റുമുട്ടല്‍ വ്യാജ മാണെന്നും അല്ലെന്നുമുള്ള വാദവിവാദങ്ങള്‍ അനുദിനം മുറുകുകയാണ്. സംഭവം വ്യാജമാണെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ പാര്‍ട്ടി ചുമ തലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്വിജയ് സിങ് സംശയം പ്രകടിപ്പിച്ചത് പുകിലാവുകയും ഒടുവില്‍ പ്രസ്താവന വിഴുങ്ങി സിങ് തല യൂരുകയും ചെയ്തത് ഈയടുത്ത നാളുകളിലാണല്ലോ. ഇപ്പോള്‍ ഇതാ ഇത്രകാലം മറഞ്ഞുകിടന്ന, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു കള്‍ പുറത്തു വന്നിരിക്കുന്നു. ബട്ല ഹൌസില്‍ നടന്നത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലാണ് എന്ന ഔദ്യോഗികഭാഷ്യത്തിന് പ്രഹരമേല്‍പിക്കു ന്നതാണ് ദല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായ അഫ്റോസ് ആലം സാഹില്‍ എന്ന ഇരുപത്തിര ണ്ടുകാരന്‍ വിവരാവകാശനിയമപ്രകാരം സമ്പാദിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍.

2008 സെപ്റ്റംബര്‍ 19നാണ് ദല്‍ഹിയിലെ ബട്ലഹൌസ് കോളനിയിലെ വാടകവീട്ടില്‍ താമസിക്കുന്ന ജാമിഅ മില്ലിയ്യയിലെ ആതിഫ് അമീന്‍ (24), മുഹമ്മദ് സാജിദ് (18) എന്നീ രണ്ട് വിദ്യാര്‍ഥികളെ ദല്‍ഹി പൊലീസ് വെടിവെച്ചുകൊന്നത്. അന്നേക്ക് അഞ്ചുനാള്‍ മുമ്പ് ദല്‍ഹിയില്‍ നടന്ന സ്്ഫോടനപരമ്പരയില്‍ ബന്ധമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ ഇവരെ ഉഗ്രമായ ഏറ്റുമുട്ടലില്‍ കൊലപ്പെടു ത്തുകയായിരുന്നുവെന്നാണ് ദല്‍ഹി പൊലീസും തുടര്‍ന്ന് സംസ്ഥാന,കേന്ദ്രസര്‍ക്കാറുകളും വാദിച്ചുപോന്നത്. എന്നാല്‍, പട്ടാപ്പകല്‍ നടന്ന ഈ ഏറ്റുമുട്ടലിനെക്കുറിച്ച് പരിസരവാസികളും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും അധ്യാപകരും ആദ്യനാള്‍ തൊട്ടേ സംശയമുയര്‍ത്തി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും നിയമജ്ഞരും സാമൂഹികസംഘടനകളും ഒറ്റക്കും കൂട്ടായും നടത്തിയ സ്വതന്ത്ര അന്വേഷണങ്ങളുടെയെല്ലാം ഒടുവില്‍ ബട്ല ഹൌസ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അതിനിടെ, കൊല്ലപ്പെട്ടവരുടെ സ്വദേശമായ ഉത്തര്‍പ്രദേശിലെ അഅ്സംഗഢിനെ 'ആതംഗഢ്' എന്ന ഉഗ്രവാദി ഊരായി ചിത്രീകരിക്കുന്ന വിധത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നേതൃ ത്വത്തില്‍ അന്വേഷണം മുന്നോട്ടുപോയി.

എന്നാല്‍, ബട്ല ഹൌസ് ഏറ്റുമുട്ടല്‍ സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആവശ്യമായ ഏത് അന്വേഷണ ആവശ്യത്തെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങള്‍ നിരാകരിച്ചു. ദേശീയ സുരക്ഷാ ഏജന്‍സിയെപ്പോലുള്ള സര്‍ക്കാര്‍ ബാഹ്യസംവിധാന ങ്ങള്‍ മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിനുനേരെ 'രാജ്യദ്രോഹ'ഭീഷണി കാട്ടി കണ്ണുരുട്ടി. ജുഡീഷ്യല്‍ അന്വേഷണത്തിനു വേണ്ടി യുള്ള ആവശ്യം ദല്‍ഹി ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിക്കളഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഅ്സംഗഢിലും പരിസരപ്രദേ ശത്തുമുള്ള 26 മുസ്ലിം ചെറുപ്പക്കാര്‍ ഇപ്പോള്‍ ജയിലിലാണ്. രാജ്യത്തെ നാലു സംസ്ഥാനങ്ങളിലെ ആറു നഗരങ്ങളിലായി ഇവര്‍ക്കെതിരെ 50 കേസുകള്‍ നിലവിലുണ്ട്. ബട്ലഹൌസിനെ തുടര്‍ന്ന് ദല്‍ഹിയിലും യു.പിയിലും ഉയര്‍ന്ന മുസ്ലിം പ്രതിഷേധവികാരം തണുപ്പിക്കാനുള്ള മാര്‍ഗങ്ങ ളാരായുമ്പോഴും കോണ്‍ഗ്രസ്നേതൃത്വവും കേന്ദ്ര ഭരണകൂടവും സംഭവത്തില്‍ ന്യായയുക്തമായ ജുഡീഷ്യല്‍ അന്വേഷണം പറ്റില്ലെന്ന വാശിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെയാണ് സംഭവം നടന്ന് പതിനെട്ടാം മാസം, ഒളിച്ചുവെച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിച്ചത്തുവരുന്നത്. ദല്‍ഹി പൊലീസ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കേന്ദ്ര വിവരാവകാശ കമീഷന്‍ തുടങ്ങി എല്ലാവരും നല്‍കാന്‍ വിസമ്മതിച്ച റിപ്പോര്‍ട്ട് ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ വഴിയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഫ്റോസിന് ലഭിച്ചത്.

കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെ ദേഹത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ആതിഫിന്റെ ശരീരത്തിലുള്ള 21 മുറിവുകളില്‍ അഞ്ചെണ്ണവും സാജിദിന്റെ ശരീരത്തിലെ 14ല്‍ മൂന്നും മര്‍ദനമേറ്റതിന്റെ അടയാളങ്ങളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. പൊലീസ് ഓഫിസര്‍ എം.സി ശര്‍മ അടിവയറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിന്റെ ആഘാതത്തിലാണ് മരണപ്പെട്ടതെന്നും റിപ്പോ ര്‍ട്ടിലുണ്ട്. ആതിഫിന്റെ ശരീരത്തിലേക്ക് എട്ടു വെടിയുണ്ടകള്‍ തുളച്ചുകയറിയത് പിറകില്‍നിന്നാണ്. വെടിയേറ്റതിന്റെ ശേഷം നിലത്തെറി ഞ്ഞതിന്റെയോ ചുമരിലിടിച്ചതിന്റെയോ പാടുകളാണ് സാജിദിന്റെ ദേഹത്തുകാണുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രണ്ടു യുവാക്കളുടെയും അന്ത്യകര്‍മങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഫോട്ടോ സഹിതം വ്യക്തമാക്കിയ കാര്യമാണ് ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുന്നത്. ഇരുവരുടെയും ദേഹത്ത് കനത്ത മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു വെന്ന് അന്നുതന്നെ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബട്ലഹൌസ് സംഭവം ഏറ്റുമുട്ടലായിരുന്നുവെന്ന പൊലീസ്വാദത്തിനെതിരായി ഒരു നൂറ് തെളിവുകള്‍ വിവിധ വസ്തുതാന്വേഷണസംഘങ്ങളും പുറത്തുവിട്ടതാണ്. എന്നാല്‍, ഇതൊക്കെയും അടച്ചുനിഷേധിച്ച പൊലീസും ഉത്തരവാദ പ്പെട്ട ഭരണകേന്ദ്രങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ക്ക് തലക്കു മുകളിലും ശരീരത്തിന്റെ പിറകിലും എങ്ങനെ വെടിയേല്‍ക്കുന്നു, അവരെങ്ങനെ മര്‍ദനത്തിനു വിധേയരാവുന്നു, 'ഭീകരരെ' മര്‍ദിക്കാന്‍ സാവ കാശം കിട്ടിയ പൊലീസ് പിന്നെ എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല, തുടങ്ങിയ പ്രാഥമികവും എന്നാല്‍, പ്രധാനവുമായ സംശയങ്ങള്‍ ഈ റിപ്പോര്‍ട്ടും ഉയര്‍ത്തിക്കഴിഞ്ഞു.

കാര്യങ്ങള്‍ പലതരത്തില്‍ വ്യക്തമായിരിക്കെ കേന്ദ്രവും ദല്‍ഹിയും ഭരിക്കുന്ന സര്‍ക്കാറുകളും അവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസും ഒളിച്ചുകളി അവസാനിപ്പിക്കാറായിരിക്കുന്നു. സംഭവത്തെക്കുറിച്ച് നേതാവ് ദ്വിഗ്വിജയ് സിങ് ഉയര്‍ത്തിയ സംശയത്തെ പാര്‍ട്ടിക്ക് അച്ചടക്കദണ്ഡ് കാട്ടി തിരിച്ചെടുപ്പിക്കാനായെന്നത് നേര്. എന്നാല്‍, പകല്‍വെട്ടത്തില്‍ നടന്ന സംഭവത്തെക്കുറിച്ച സത്യങ്ങള്‍ ദിനേന പുറത്തുവരുമ്പോഴും ജുഡീ ഷ്യല്‍ അന്വേഷണത്തിനുപോലും അറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിലെ മനുഷ്യത്വവിരോധം മറനീക്കിക്കഴിഞ്ഞിരിക്കുന്നു. ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് ഇശ്റത്ത് ജഹാന്‍, സൊഹ്റാബുദ്ദീന്‍ കേസുകള്‍ വിനയായി ഭവിച്ചതുപോലെ ബട്ലഹൌസ് എന്ന സ്വയംകൃതാനര്‍ഥം കോണ്‍ഗ്രസിനെയും വേട്ടയാടുകയാണ്. മോഡിയുടെയും ബി.ജെ.പിയുടെയും വഴിയല്ല തങ്ങളുടേതെന്ന് നൂറ്റൊന്നാവര്‍ത്തിക്കുകയല്ല, പ്രയോഗ ത്തിലൂടെ അത് തെളിയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അതിനുള്ള ഏറ്റവും അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ അവസാനത്തേതാണ് ബട്ലസംഭവത്തില്‍ പാര്‍ട്ടിക്കു മുന്നില്‍ വന്നുനില്‍ക്കുന്നത്. മതനിരപേക്ഷതയോടല്ല, മനുഷ്യത്വത്തോടുതന്നെയുള്ള പ്രതിബദ്ധത തെളിയിക്കാനു ള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് ബുദ്ധിയെന്ന് മനസ്സിലാക്കാനും സന്ദര്‍ഭത്തിനൊത്ത് അന്തസ്സുയര്‍ത്തിപ്പിടിക്കാനും കോണ്‍ഗ്രസ് ഇനിയും അമാന്തിക്കുമോ?

(മാധ്യമം മുഖപ്രസംഗം Monday, March 22, 2010)

No comments:

Post a Comment