Thursday, July 29, 2010

ചിത്രകാരന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍


ബ്ലോഗര്‍ ചിത്രകാരന്‍ ബൂലോഗത്തെ അറിയപ്പെടുന്ന സവര്‍ണ വിരോധിയാണ്.(സവര്‍ണരെയല്ല, സവര്‍ണാധിപത്യത്തെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത് എന്നാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്). എന്നാല്‍ മുസ്ലിം (ഇസ്ലാം) എന്നു കേട്ടാല്‍ അദ്ദേഹത്തിന് ചില യുക്തിവാദികളെപ്പോലെ ഹാലിളകും. അദ്ദേഹത്തിന്റെ നിരവധി പോസ്റ്റുകള്‍ ഉദാഹരണം. അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍ അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ,അധ്യാപകന്റെ കൈവെട്ടലുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട പോസ്റ്റുകളും ആ വിഷയകമായി പല യുക്തിവാദി-സിപിഎം ബ്ലോഗര്‍മാര്‍ ഇട്ട പോസ്റ്റുകളില്‍ അദ്ദേഹമെഴുതിയ കമന്റുകളും. മുസ്ലിം വിരുദ്ധതയില്‍ യുക്തിവാദികളും സംഘ് പരിവാറുകാരും സി പി എമ്മുകാരും ഒരു ഹൃദയം ഒരു മാനസമായിരിക്കുന്ന സന്ദര്‍ഭമാണിത്. ഏതെങ്കിലും വിധത്തില്‍ സംഗതിയുടെ മറുപുറം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പോപ്പുലര്‍ ഫ്രണ്ടുകാരും ഇസ്ലാമിക മതഭ്രാന്തന്മാരുടെ മാസപ്പടിക്കാരെന്നും ആക്ഷേപിക്കാന്‍ പോലും ഇക്കൂട്ടര്‍ക്കു മടിയില്ലെന്ന് ജി പി രാമചന്ദ്രന്‍,കെ എം വേണുഗോപാലന്‍,രാജീവ് ശങ്കരന്‍ എന്നിവരോടുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നുണ്ട്.ഇവരില്‍ ആര്‍ എസ് എസ്-സിപിഎം-യുക്തിവാദി 'സംഘി'നോട് ഈ ബ്ലോഗര്‍ക്ക് ഒന്നും ചോദിക്കാനില്ല. എന്നാല്‍ ചിത്രകാരന്‍  സംഘോ യുക്തിവാദി സംഘോ സി പി എമ്മോ അല്ലാത്തതിനാല്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍:

1.ഇന്ത്യയില്‍ കാശ്മീരിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റെവിടെയാണ് മുസ്ലിം മിലിറ്റന്‍സി ഉള്ളത്?മുസ്ലിങ്ങള്‍ നടത്തിയതെന്നു പറഞ്ഞ് മാദ്ധ്യമങ്ങളും ഭരണകൂട ഏജന്‍സികളും തീവ്ര വലതുപക്ഷ സംഘടനകളും പാടി നടന്നിരുന്ന, അതിന്റെ പേരില്‍ നിരപരാധികളായ നിരവധി മുസ്ലിങ്ങളെ പീഡിപ്പിച്ച ബോംബ് സ്ഫോടനങ്ങള്‍ മിക്കവയും ആര്‍ എസ് എസ് നേതാക്കള്‍ സംഘടിപ്പിച്ചവയാണെന്ന വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലും ഒരു കൈവെട്ടു കേസിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന 'മുസ്ലിം തീവ്രവാദ'ത്തെ മുന്‍നിര്‍ത്തിയുള്ള ഈ ഗിരിപ്രഭാഷണത്തിന്റെ ലക്ഷ്യം എന്താണ്?
2.അളവുപമായോ ഗുണപരമായോ ഇന്‍ഡ്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്താലും കേരളത്തിലെ കൈവെട്ട്, തലവെട്ട് തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളുടെ കണക്കെടുത്താലും പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുടെ പങ്ക് അഗണ്യമായിരിക്കെ  കേവലം ഒരു കൈവെട്ടുകേസിനെ ആസ്പദമാക്കി ഇങ്ങനെ ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? (സംഘ് ബോംബേറു കേസുകളെപ്പറ്റിയുള്ള പോസ്റ്റുകളിലൊന്നും കമന്റോ ആ വിഷയകമായി പോസ്റ്റോ താങ്കളുടെ ഭാഗത്തുനിന്നും കണ്ടുമില്ല)
3. ഈ കേരളത്തില്‍ തലയും ശരീരഭാഗങ്ങളും വെട്ടല്‍ ഒരു ഫാഷന്‍ പോലെയാക്കിയിട്ടുള്ള സി പി എമ്മിനെ ന്യായീകരിക്കുന്ന താങ്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ടല്‍ ഇത്ര 'ഭീകര'മാകാനുള്ള കാരണം എന്താണ്? രാഷ്ട്രീയത്തിന്റെ പേരിലുള്ള തലവെട്ട് സ്വീകാര്യവും മതത്തിന്റെ പേരിലുള്ള കൈവെട്ട് അസ്വീകാര്യവും ആകുന്നതെങ്ങനെ?
4. 1996 മുതല്‍ 2006 വരെ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന 7139 രാഷ്ട്രീയ സംഘട്ടനങ്ങളില്‍ 6797 എണ്ണവും സി.പി.എം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. 3203 എണ്ണവുമായി ബി.ജെ.പി - ആര്‍.എസ്.എസ് സഖ്യം രണ്ടാം സ്ഥാനത്തുണ്ട്. 2561 എണ്ണവുമായി കോണ്‍ഗ്രസും 1717 എണ്ണവുമായി മുസ്‌ലിം ലീഗും തൊട്ടടുത്തുണ്ട്. സി.പി.എമ്മും ആര്‍.എസ്.എസ് - ബി.ജെ.പി സഖ്യവും 2861 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കൂടുതല്‍ അസൂയാര്‍ഹമായ വിധം മുന്നിലാണ് സി.പി.എമ്മും സംഘ്പരിവാറും മല്‍സരിച്ച് നടത്തിയിട്ടുള്ള 'മിതവാദവും സമാധാനപരവുമായ' കൊലപാതകങ്ങള്‍. ഈ കാലയളവില്‍ ശിക്ഷ അനുഭവിച്ച 292 പേരില്‍ 175 പേര്‍ സി.പി.എം പ്രവര്‍ത്തകരും 100 പേര്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്. 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തില്‍ പെടും.(കണ്ണൂരിലെ സി പി എം-ആര്‍ എസ് എസ് സംഘട്ടനങ്ങളില്‍ ഇരുഭാഗത്തും കൊല്ലപ്പെട്ടത് ഒരൊറ്റ സമുദായ-തീയ്യ-ത്തില്‍പെട്ടവരാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കണം). ഇതാണു വസ്തുതയെന്നിരിക്കെ,കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്ത സംഘടനകളുടെ പക്ഷം ചേര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരെ മൊത്തത്തില്‍ ഇങ്ങനെ  കുരച്ചു ചാടുന്നതിന്റെ സാംഗത്യം എന്താണ്?
5.ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുമ്പാള്‍ സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ഒരു സംഘടനാവേട്ട ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. നാടിനെ നടുക്കിയ 10ഓളം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ സംഘ്പരിവാര ബന്ധം സി.ബി.ഐയും എ.ടി.എസും പുറത്തുകൊണ്ടുവന്നിരിക്കുന്നു.എന്തേ ഈ നാട്ടില്‍ ഒരു കോലാഹലവുമില്ലാത്തത്?താങ്കള്‍ അതൊന്നും കാണാത്തത്?
6.ഇന്‍ഡ്യിലെ ഐ ബി എന്ന സംഘ് ആധിപത്യ സംഘടന മുസ്ലിങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകള്‍ വസ്തുതകളുടെ പിന്‍ബലത്തോടെ തുറന്നുകാട്ടുന്ന കര്‍ക്കരെയെ കൊന്നതാര്? എന്ന പുസ്തകത്തിലെ ഒരധ്യായം പോലും വായിച്ചുനോക്കാന്‍ താങ്കള്‍ തയ്യാറായിരുന്നെങ്കില്‍ യുക്തിവാദി സംഘ് ആവര്‍ത്തിക്കുന്ന വിഡ്ഢിത്തങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കുമായിരുന്നോ?

7. അവര്‍ണരുടെ (ദലിതരുടെയും മറ്റു പിന്നാക്ക സമുദായങ്ങളുടെയും) അവകാശപ്പോരാട്ടങ്ങളെ താങ്കള്‍ ഇപ്പോള്‍ പിന്തുണക്കുന്ന നാറികളാരെങ്കിലും എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ? എന്തേ അവര്‍ക്കതു സാധ്യമാകുന്നില്ല? മറിച്ച് മുസ്ലിം സംഘടനകള്‍ക്ക് അതാവുന്നത് എന്തുകൊണ്ട്? അതവരുടെ അടവാണെങ്കില്‍ അതേ അടവായിട്ടുപോലും മറ്റേക്കൂട്ടര്‍ അതു ചെയ്യാത്തത് എന്തുകൊണ്ട്?
8.ഇന്‍ഡ്യയിലെയും കേരളത്തിലെയും മിക്കവാറും എല്ലാ ദലിത്-ഒബിസി-അംബേഡ്കറൈറ്റ് ബുദ്ധിജീവികളും മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്നത് അവരെല്ലാം മാസപ്പടി വാങ്ങുന്ന ഊച്ചാളികളായിട്ടാണോ?
9. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പില്‍(സോറി, താങ്കള്‍ മാതൃഭൂമി മാത്രമല്ലേ വായിക്കൂ) താങ്കള്‍ ഒരിക്കല്‍ പ്രശംസിച്ച ഗെയില്‍ ഓം വേദ് ആയുമുള്ള അഭിമുഖമുണ്ട്. അതിലവര്‍ കമ്യൂണിസ്റ്റുകളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:" സി പി ഐയും സി പി എമ്മും വലതുപക്ഷ ബ്രാഹ്മണ പാര്‍ട്ടികളാണ്,കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല. സവര്‍ണ സമുദായത്തില്‍ ജനിച്ചവരുടെ കൈയിലാണ് തുടക്കം മുതലേ ഈ പാര്‍ട്ടികള്‍ ഉണ്ടായിരുന്നത്. ബ്രാഹ്മണ്യസേവയാണ് അവര്‍ നടത്തുന്നത്." ഇപ്പോള്‍ സി പി എം നടത്തുന്ന മുസ്ലിം വിരുദ്ധ വേട്ടയും ആ ബ്രാഹ്മണ്യ സേവയുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത താങ്കള്‍ എന്തു സവര്‍ണ വിരുദ്ധത പറഞ്ഞിട്ടും എന്തു കാര്യം?
10.വൈരുധ്യങ്ങളുടെ നിയമം പറയുന്നത് ശത്രു(ആശയപരമായ ശത്രുത) നമ്മെ പ്രകീര്‍ത്തിക്കുമ്പോള്‍ നാം എന്തോ തെറ്റു ചെയ്യുന്നു എന്നു മനസ്സിലാക്കണം എന്നാണ്. ഇപ്പോള്‍ ചിത്രകാരനെ പ്രകീര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ആരാണ്?


കെ എം വേണുഗോപാലിന്റെ ഈ പോസ്റ്റും കാണുക:

No comments:

Post a Comment