(നേരക്കുറികള്‍ / ഹുംറ ഖുറൈശി-മാധ്യമം ദിനപത്രം 2009 സെപ്റ്റംബർ 17)
Thursday, September 17, 2009
നിരപരാധരുടെ വിലയില്ലാ ജീവന്‍ -ഇശ്‌റത്ത് ജഹാൻ-3
“ഇശ്റത്ത് ജഹാനെയും മൂന്നു ചെറുപ്പക്കാരെയും ഗുജറാത്ത് പോലിസ് പിടികൂടി തടവിലിട്ട് വെടിവെച്ചുകൊന്നശേഷം ജഡങ്ങള്‍ റോഡില്‍ കൊണ്ടിട്ടു എന്ന വെളിപ്പെടുത്തല്‍ യഥാര്‍ഥത്തില്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നില്ല. ഭരണകൂടത്തിന്റെ പ്രീതിനേടാന്‍ പോലിസും ഉദ്യോഗസ്ഥവൃന്ദവും നടത്തുന്ന കൊടുംക്രൂരതകളെപറ്റി ധാരണകളുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമങ്ങളും അന്നുതന്നെ പറഞ്ഞ സത്യം ഇപ്പോള്‍ അഹ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി. തമാംഗ് സ്ഥിരീകരിച്ചു, അത്രമാത്രം. ഇശ്റത്ത്, ലശ്കറെ ത്വയ്യിബയുടെ അംഗമാണെന്ന് ആ ഭീകരസംഘടന തന്നെ ലാഹോറില്‍ സ്ഥിരീകരിച്ചുവെന്ന് അച്ചുനിരത്തിയ നമ്മുടെ മാധ്യമങ്ങള്‍, മടിച്ചുമടിച്ചാണെങ്കിലും ഇതാദ്യമായി എഴുതി: 'ഇശ്റത്ത് ഒരു പാവം പെണ്‍കുട്ടിയായിരുന്നു.' രാഷ്ട്രീയ-പോലിസ് വര്‍ഗീയ കൂട്ടുകെട്ടിന്റെ നിറതോക്കിന് ഇരയായ നാലു മുസ്ലിംകളുടെ നിരപരാധിത്വം ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. അതിനുമുമ്പും ശേഷവും സമാനരീതിയില്‍ കൊന്നുവലിച്ചെറിയപ്പെട്ട എത്രയോ പേരുടെ മരണത്തിനുപിന്നിലെ രഹസ്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെടാന്‍ ബാക്കികിടക്കുന്നു. കൂടുതല്‍ കൂടുതല്‍ പച്ചമനുഷ്യരെ വെടിവെച്ചുവീഴ്ത്തി, ആ ചോരയില്‍ ചവിട്ടിനിന്ന് 'ഇതാ ഞങ്ങള്‍ എത്ര ഫലപ്രദമായാണ് ഭീകരതയെ നേരിടുന്നത്' എന്നു വീരസ്യം പറയുന്ന പോലിസ് ഗുജറാത്തില്‍ മാത്രമല്ല. വ്യക്തമായ വര്‍ഗീയ അജണ്ടയുള്ള മോഡി സര്‍ക്കാറിനുകീഴില്‍ അത്തരം പോലിസുകാരുടെ എണ്ണംകൂടുതലാവാം. പക്ഷേ, മതേതരമെന്ന് നാം ഘോഷിക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും നിരപരാധികളെ വേട്ടയാടുന്ന നിയമപാലകരുടെ എണ്ണം അവിശ്വസനീയമാംവിധം വര്‍ധിക്കുകയാണ്. അവര്‍ ആദ്യം ലക്ഷ്യം വെക്കുന്നത് മുസ്ലിം നാമധാരികളെയാണ്. വധിക്കപ്പെടാന്‍ ഇസ്ലാം മതവിശ്വാസിയാകണമെന്നില്ല, മുസ്ലിം പേരുള്ള ആളായാലും മതി! അതുകൊണ്ടാണ് പഠിച്ച് കുടുംബത്തിന് താങ്ങായിത്തീരാന്‍ ഇറങ്ങിത്തിരിച്ച ഇശ്റത്ത് ജഹാന് അനാഥജഡമായി അഹ്മദാബാദ് നഗരത്തിലെ പാതയോരത്ത് കിടക്കേണ്ടിവന്നത്. അവളെപ്പോലെ വെറുമൊരു സാധാരണ പൌരനായതിനാല്‍ നാളെ നമ്മുടെയും അനുഭവം ഇതുതന്നെയാവാം. ഭരണകൂടം പൌരനെയും നിയമവ്യവസ്ഥയെയും സംരക്ഷിക്കാനുള്ളതാണെന്നത് ജനാധിപത്യത്തിലെ ഉറച്ച നിയമമാണ്. ലോകത്തെ മഹത്തായ ജനാധിപത്യമെന്ന് നാം ഉദ്ഘോഷിക്കുന്ന ഇന്ത്യയില്‍, അതേ ഭരണകൂടം പൌരനെ കെട്ടിയിട്ട് ചുട്ടുകൊന്ന് തെരുവില്‍ തള്ളുന്നത് ആഗോളതലത്തില്‍ എന്ത് പ്രതിച്ഛായയാണ് നമുക്ക് നല്‍കുക? അതിനെക്കുറിച്ച് അധികമാരും ആവലാതിപ്പെട്ടു കണ്ടില്ല. സാമ്രാജ്യത്വത്തിന്റെ അജണ്ടയില്‍ പരക്കുന്ന വിചിത്രമായ ഇസ്ലാമോഫോബിയയുടെ പിടിയിലാണിന്ന് ലോകം. അതുകൊണ്ട് ഇശ്റത്ത് ജഹാനെന്ന മുസ്ലിം പെണ്‍കുട്ടി ഗുജറാത്ത് മുഖ്യന്‍ നരേന്ദ്രമോഡിയെ വെടിവെച്ചുകൊല്ലാന്‍ എ.കെ-56 തോക്കുകളുമായി ഒരു സുപ്രഭാതത്തില്‍ കൂട്ടുകാര്‍ക്കൊപ്പം തുനിഞ്ഞിറങ്ങിയെന്ന കെട്ടുകഥ ആഗോള മാധ്യമകുത്തകകളെ വിശ്വസിപ്പിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞേക്കും. എന്നാലും എന്നെങ്കിലുമൊരിക്കല്‍ അധികാരികളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുകയും സത്യം വെളിപ്പെടുകയും ചെയ്യും. അതിനു പലപ്പോഴും കാരണക്കാരാവുക എസ്.പി തമാംഗിനെപ്പോലെയോ ആര്‍.ബി ശ്രീകുമാറിനെപ്പോലെയോ ഒറ്റപ്പെട്ട, ആത്മാഭിമാനം പണയംവെക്കാത്ത ചില നിയമപാലകര്‍ തന്നെയാവാം. ഗുജറാത്തില്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ ആയിരക്കണക്കിന് ന്യൂനപക്ഷങ്ങളെ നേരിട്ട് ചുട്ടുകൊന്നു. ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ പരോക്ഷമായി ന്യൂനപക്ഷങ്ങളെ കൊന്നുതള്ളുന്നു. മരിച്ചുവീഴുന്ന നിരപരാധികളുടെ നെറ്റിയില്‍ ഭീകരമുദ്ര പതിച്ചുവെക്കുന്നു. 'പരോക്ഷമായി കൊല്ലുക, രഹസ്യമായി നശിപ്പിക്കുക' എന്നത് സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും എക്കാലത്തെയും തന്ത്രമാണ്. ഇശ്റത്ത് ജഹാനെക്കുറിച്ച് ചാനല്‍ ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തിരിക്കുന്നു. പ്രൈംടൈമില്‍ സീരിയലുകളെ വെല്ലുന്ന ഒന്നാന്തരമൊരു വാര്‍ത്താ പൈങ്കിളിക്ക് വേണ്ടുന്ന പൊലിമ, വെടിയേറ്റു പിടഞ്ഞുമരിച്ച ആ കൌമാരക്കാരിയുടെ സുന്ദരമായ മുഖത്തുണ്ട് എന്നതുതന്നെ കാരണം. ഇശ്റത്തിനൊപ്പം മരിച്ച ചെറുപ്പക്കാര്‍, അവരുടെ അനാഥമായ കുടുംബങ്ങള്‍ ഒന്നും അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ആ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു പറയാന്‍ പോലും അധികമാരും ഉണ്ടായില്ല. ന്യൂനപക്ഷക്ഷേമത്തിന് കാര്യപരിപാടികള്‍ പ്രഖ്യാപിച്ച് നാടിളക്കുന്ന കേന്ദ്രസര്‍ക്കാറും ഇക്കാര്യത്തില്‍ ഗൌരവമായൊന്നും പറഞ്ഞില്ല. തൊട്ടടുത്ത ദിവസവും പ്രധാനമന്ത്രി പറഞ്ഞത് 'ഒരാള്‍പോലും പട്ടിണികിടക്കാത്ത രാജ്യമാണ് എന്റെ സ്വപ്നം' എന്നാണ്. 'ഒരു നിരപരാധിപോലും വെടിയേറ്റുമരിക്കാത്ത രാജ്യമാണ് എന്റെ സ്വപ്നം' എന്നുകൂടി അദ്ദേഹം പറയേണ്ടിയിരുന്നു. അതുപറയാനുള്ള ധീരത മന്‍മോഹന്‍ സിംഗിന് ഉണ്ടാകാത്തത് എന്തുകൊണ്ടാവും?“
Labels:
രാഷ്ട്രീയം,
ലേഖനം,
സാമൂഹികം
Subscribe to:
Post Comments (Atom)
“ഭരണകൂടം പൌരനെയും നിയമവ്യവസ്ഥയെയും സംരക്ഷിക്കാനുള്ളതാണെന്നത് ജനാധിപത്യത്തിലെ ഉറച്ച നിയമമാണ്. ലോകത്തെ മഹത്തായ ജനാധിപത്യമെന്ന് നാം ഉദ്ഘോഷിക്കുന്ന ഇന്ത്യയില്‍, അതേ ഭരണകൂടം പൌരനെ കെട്ടിയിട്ട് ചുട്ടുകൊന്ന് തെരുവില്‍ തള്ളുന്നത് ആഗോളതലത്തില്‍ എന്ത് പ്രതിച്ഛായയാണ് നമുക്ക് നല്‍കുക? അതിനെക്കുറിച്ച് അധികമാരും ആവലാതിപ്പെട്ടു കണ്ടില്ല”.
ReplyDeleteനന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
ReplyDelete“”ഇനി അവളൊരു ഭീകരവാദിയാണെങ്കിൽത്തന്നെ എന്താണ്, ആയുധം കയ്യിൽ കരുതിയാലെന്താണ്, കാഫിറുകളെ കൊല്ലുക എന്ന അത്യന്തം സുവ്യക്തമായ ഇസ്ലാമികനിയമം പാലിക്കുക-ജിഹാദിൽ പങ്കെടുക്കുക- അതു മാത്രമല്ലേ അവൾ ചെയ്യൌമായിരുന്നുള്ളു. ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ മതം അനുശാസിക്കുന്നവിധം ജീവിക്കാൻ മഥേതര ഇന്ത്യ യുടെ ഭരണഘടന അനുവദിക്കുന്നു എന്നു മോഡിയെ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു“ എന്നു മാധ്യമം എഴുതിയാലും ചിത്രഗുപ്തൻ അദ്ഭുതപ്പെടില്ല- കാരണം ചിത്രഗുപ്തന്റ്റ്റെ കയ്യിൽ കണക്കുണ്ട്-എല്ലാവരുടെയും;ചെയ്തികളുടെയും വാക്കുകളുടേയും മാത്രമല്ല് ഉള്ളിലിരിപ്പിന്റെ കൂടി.ആവശ്യത്തിനനുസരിച്ച് പുറത്തെടുക്കാം. ആരുടെ ആവശ്യത്തിനനുസരിച്ച്? നാട്ടാരുടെയല്ല. ആരുടെ മനസ്സിലിരിപ്പാണോ കെട്ടത് അതു നേരെയാക്കാനുള്ള സമയത്ത് പറയാം. അതുവരെ കളവുകൾ പത്രത്താളുകളിൽ നിറയട്ടെ.“സത്യാന്വേഷി”കളുടെ ബ്ലോഗിലും!
ReplyDeleteചിത്രഗുപ്തൻ കണക്കുകൾ അവതരിപ്പിക്കുന്നതുവരെയെങ്കിലും സത്യാന്വേഷിയെപ്പോലുള്ളവർക്ക് ‘കളവുകൾ’ എഴുതി നിറയ്ക്കാൻ അനുമതി നൽകിയതിനു നന്ദി.
ReplyDeleteആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയിട്ടിരിക്കുവാ സത്യാന്വേഷീ...ഈ പെണ്‍കുട്ടിയും മറ്റുള്ള മൂന്നു ചെറുപ്പക്കാരും തമ്മില്‍ എങ്ങനെ പരിചയപ്പെട്ടു? ഇനി
ReplyDeleteഗുജറാത്ത് പോലീസ് പല സ്തലത്തു നിന്നും പൊക്കിയിട്ടു ഒരു കാറില്‍ കയറ്റിയതിനു ശേഷം വെടിവെച്ചു കൊന്നതാണോ?ഇപ്പോള്‍ വരുന്ന ചില മതേതര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രത്ത് പ്രാണെഷ് കുമാറിന്റെ ഭാര്യയും കാമുകിയുമൊക്കെ ആണത്രെ.
ഈ സംഭവം നടന്ന കാലത്തു ഈ പെണ്‍കുട്ടിയും ഈ ചെറുപ്പക്കാരും എങ്ങെനെ ഒനിച്ചു കാറില്‍ വന്നു എന്നു അംബരന്നതും മതേതര മാധ്യമങ്ങള്‍ ഒക്കെ തന്നെ.ലഷ്കര്‍-എ-തൊയ്ബയുടെ മുഖപത്രമായ “ഖസ്വ റ്റൈംസില്‍” ഈ പെണ്‍കുട്ടി ആ സംഘടനയില്‍ അംഗമാണെന്നും തങ്ങളുടെ രക്തസാകഷി ആാണെന്നും അവകാശപ്പെട്ടല്ലോ.കേന്ദ്ര സര്‍കാര്‍ നല്‍കിയ സത്യവാങ്മൂലം എന്തെ ഗുജറാത്ത് പോലീസിന്റെ നിലപാടിനെ സാധൂകരിച്ചതായതു?ഈ പ്രാണെഷ് കുമാര്‍ ഒന്നില്‍ കൂടുതല്‍ പാസ്സ്പോര്‍ട്ട് കൈവശം വെച്ചിരുന്നു എന്ന കാര്യം ഇതു വരെ ആരും നിഷേധിച്ചു കണ്ടില്ല.എന്തായലും “സത്യമേവ ജയതേ” എന്ന വാചകത്തില്‍ വിശ്വാസം ഉള്ളതു കൊണ്ടു നമുക്കു കാത്തിരിക്കാം.
ഭാരതീയനും ചിത്രഗുപ്തനുമൊന്നും കൺഫ്യൂഷൻ മാറില്ലെങ്കിലും മറ്റുള്ളവർ ഇതുകൂടി വായിക്കുക
ReplyDelete