Monday, September 28, 2009

‘മതേതര’ ഹിന്ദു പത്രങ്ങൾ

മാധ്യമം,ചന്ദ്രിക,തേജസ് എന്നീ ‘മുസ്ലിം’ പത്രങ്ങളല്ലാതെ ഇന്ന് ഒരു മലയാള/ഇങ്ഗ്ലീഷ് പത്രവും കേരളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്നലെ,എല്ലാവരുടെയും ‘ഓഫീസിനും പ്രസ്സിനും മഹാനവമി പ്രമാണിച്ച് അവധിയായതിനാലാണ്’ ഇന്ന് പത്രങ്ങളൊന്നും കിട്ടാഞ്ഞത്. എന്താണ് ഈ മഹാനവമി? എല്ലാ പത്രങ്ങളും അവധി നൽകാൻ പാകത്തിൽ അതിനുള്ള പ്രാധാന്യം എന്താണ്? നവരാത്രിയുടെ പ്രാധാന്യത്തെക്കുറിച്ച് അതിന്റെ പ്രചാരകർ തന്നെ നൽകുന്ന വിവരണം നോക്കുക:

“രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്“(http://malayalam.webdunia.com/newsworld/news/keralanews/0810/08/1081008001_1.htm)

“ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്‌. മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.“(http://karuthedam.blogspot.com/2009/09/blog-post_26.html)

“ശ്രീരാമന്‍ നടത്തിയ നവരാത്രി പൂജയെക്കുറിച്ച്‌ ദേവീഭാഗവതം ത്രിതീയ സ്കന്ധത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. നാരദമഹര്‍ഷിയുടെ ഉപദേശപ്രകാരം നവരാത്രിപൂജ നടത്തിയ ശ്രീരാമന്‍ ദേവിയുടെ അനുഗ്രഹം ലഭിക്കുകയും രാവണനെ വധിച്ച്‌ ധര്‍മ്മം സംസ്ഥാപീക്കുകയും ചെയ്തു. അഹന്തയുടെയും അജ്ഞാനത്തിണ്റ്റെയും പ്രതിരൂപമായ മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച മുഹൂര്‍ത്തത്തിണ്റ്റെ സ്മരണയാണു നവരാത്രി ആഘോഷമായി നിലനില്‍ക്കുന്നതെന്നാണു പുരാണമതം..അതോടൊപ്പം തന്നെ ദുര്‍ഗ്ഗമന്‍ എന്ന അസുരനെ നിഗ്രഹിക്കുന്നതിനു വേണ്ടി ദുര്‍ഗ്ഗഷ്ടമി ദിവസം ദേവന്‍മാരുടെ പ്രര്‍ത്ഥനയാല്‍ ദേവന്‍മാരുടെ മുന്‍പില്‍ പ്രത്യക്ഷമാകുകയും മഹാനവമി ദിവസം ദുര്‍ഗ്ഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുര്‍ഗ്ഗയായി ആരാധിച്ച്‌ ദേവന്‍മാര്‍ വിജയാഘോഷം കൊണ്ടാടുക ചെയ്തതായും ഒരു പുരാണ മതമുണ്ടു“(http://kanikkonna.com/index.php/2008-09-29-07-03-53/511-2009-09-21-15-19-06)

‘അസുരന്മാ‍ർ’,‘രാക്ഷസർ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന, ഇന്നത്തെ അവർണരുടെ പൂർവപിതാക്കളെ കൊന്നൊടുക്കിയതിന്റെ വിജയാഹ്ലാദമാണ് സവർണഹിന്ദുക്കളോടൊപ്പം ഇവിടത്തെ അവർണരും ആഘോഷിക്കുന്നത് എന്ന വൈരുധ്യം അവിടെ നിൽക്കട്ടെ. കേരളത്തിലെ ദിനപത്രങ്ങളെല്ലാം സവർണഹിന്ദുക്കൾ നടത്തുന്നതാണോ? ഇടതു കമ്യൂണിസ്റ്റുകളുടെ ദേശാഭിമാനിയും വലതു കമ്യൂണിസ്റ്റുകളുടെ ജനയുഗവും കോൺഗ്രസുകാരുടെ വീക്ഷണവും സുറിയാനി ക്രൈസ്തവരുടെ മംഗളവും ദീപികയും ഓർത്തഡോക്സുകാരുടെ മനോരമയും നായർ-ഈഴവ-ജൈന ഉടമസ്ഥതയിലുള്ള മാതൃഭൂമിയും ഈഴവരുടെ കേരളകൌമുദിയും ഉൾപ്പെടെ സകല പത്രങ്ങളും ‘ഹിന്ദു വർഗീയവാദി’കളുടെ പത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജന്മഭൂമിക്കൊപ്പം, ഈ സവർണഹൈന്ദവ ആചാരത്തിന് തങ്ങളുടെ ജീവനക്കാർക്ക് അവധി നൽകിയിരിക്കയാണ്. എന്താണിതു സൂചിപ്പിക്കുന്നത്?
ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം സവർണരും അവർണരുമായ ഹിന്ദുക്കൾ മാത്രമാണെന്നോ? ആർ എസ് എസുകാരുൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ വളരെ ഉത്സാഹപൂർവം ആചരിക്കുന്ന ഒരു ആഘോഷം, അവരുടെ ‘ആജന്മ ശത്രുക്കളാ’യ കമ്യൂണിസ്റ്റുകാർക്കും പഥ്യമാവുന്നതെങ്ങനെ?ഈ പത്രങ്ങൾ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകൾക്ക് അവധി നൽകി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഈദുൽ ഫിത്വർ, ഈദുൽ അദ്‌ഹ ഇവയ്ക്കോ ക്രിസ്ത്യാനികളുടെ ഈസ്റ്ററിനോ ഇവ മുടക്കം നൽകാറുണ്ടോ?. എന്നാൽ ഓണം,വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങൾക്ക് ഇവയ്ക്കെല്ലാം അവധിയാണ്. എന്താണീ പത്രങ്ങളുടെ മതേതരത്വം? ഇവരെയാണ് ‘കപട മതേതര വാദികൾ’ എന്ന് ഹൈന്ദവ തീവ്രവാദികൾ ആക്ഷേപിക്കുന്നത്! നല്ല തമാശ തന്നെ.
വെറുതെയാണോ ഈ മാധ്യമങ്ങൾ,പൊതു ചടങ്ങുകളിൽ നിലവിളക്കു കൊളുത്തുന്നതും തേങ്ങയുടച്ച് സർക്കാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും ആയുധപൂജയ്ക്ക് പൊലീസ് സ്റ്റേഷനുകളും മറ്റും അലങ്കരിക്കുന്നതും സർക്കാർ ഓഫീസുകളിലെ പ്രവേശം ഗണപതിഹോമത്തോടെ ആരംഭിക്കുന്നതും വിജയദശമിയ്ക്ക് എഴുത്തിനിരുത്തുന്നതും ഓണം ദേശീയോത്സവമാക്കുന്നതും പോലുള്ള സവർണ ഹൈന്ദവാചാരങ്ങളെ ,‘കേരളീയ/ഭാരതീയ’ ആചാരങ്ങളായി ജനമനസ്സിൽ അരക്കിട്ടുറപ്പിക്കുന്നത്? വിദ്യാരംഭം എന്ന ഹൈന്ദവാചാരം കേരളത്തിൽ ഏവർക്കും സ്വീകാര്യമാക്കിയതിൽ മനോരമയുടെ പങ്ക് കുപ്രസിദ്ധമാണ്. കൊല്ലൂർ മൂകാംബികയിലെ രഥോത്സവം തത്സമയം സം‌പ്രേഷണം ചെയ്യുന്ന കൈരളി ചാനൽ മനോരമയിൽ നിന്ന് ഏതുരീതിയിലാണു വ്യത്യസ്തം? ക്രിസ്ത്യാനികൾ പൊതുവിൽ ഹൈന്ദവാചാരങ്ങളെ അതേപടി സ്വീകരിക്കാൻ വിമുഖതയില്ലാ‍ത്ത,സക്കറിയയുടെ ഭാഷയിൽ‌പ്പറഞ്ഞാൽ, ‘അവസരവാദികളാ’ണ്. അതുകൊണ്ട് അവർ ഈ ചടങ്ങുകളെ എതിർക്കുന്നില്ലെന്നു മാത്രമല്ല, രാജാവിനേക്കാൾ രാജഭക്തിയോടെ അതിന്റെ നടത്തിപ്പുകാരാവുകയും ചെയ്യുന്നു.രാവണനു ജയ് വിളിച്ച സഹോദരൻ അയ്യപ്പനുശേഷം അവർണ സമൂഹത്തിൽ ചുണക്കുട്ടികൾ അധികം ജനിക്കാത്തതിനാൽ അവരും തങ്ങളുടെ പ്രപിതാക്കളെ അരുംകൊല ചെയ്ത ദിനങ്ങൾ കൊലയാളികൾക്കൊപ്പം ആചരിക്കുന്നു. എന്നാൽ ഐഡന്റിറ്റി പണയം വെക്കാൻ തയ്യാറല്ലാത്തതിനാൽ മുസ്ലിങ്ങൾക്ക് ഈ ചടങ്ങുകൾ അതേപടി സ്വീകരിക്കാൻ പ്രയാസമാണ്. അതിന്റെ പേരിൽ അവർ ‘വർഗീയവാദികളും’ ‘രാജ്യദ്രോഹികളും’ ഒക്കെയായി മുദ്രകുത്തപ്പെടുന്നു. അതുകൊണ്ട് പാവങ്ങൾ ഇമ്മാതിരി ആഘോഷങ്ങൾ ‘ഹൈന്ദവ’മാണെന്ന വസ്തുത ഉറക്കെ പറയാൻ പോലും ഭയക്കയാണ്. ആരുണ്ടിവിടെ സത്യം പറയാൻ ?

14 comments:

  1. ആർ എസ് എസുകാരുൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ വളരെ ഉത്സാഹപൂർവം ആചരിക്കുന്ന ഒരു ആഘോഷം, അവരുടെ ‘ആജന്മ ശത്രുക്കളാ’യ കമ്യൂണിസ്റ്റുകാർക്കും പഥ്യമാവുന്നതെങ്ങനെ?ഈ പത്രങ്ങൾ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകൾക്ക് അവധി നൽകി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഈദുൽ ഫിത്വർ, ഈദുൽ അദ്‌ഹ ഇവയ്ക്കോ ക്രിസ്ത്യാനികളുടെ ഈസ്റ്ററിനോ ഇവ മുടക്കം നൽകാറുണ്ടോ?. എന്നാൽ ഓണം,വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങൾക്ക് ഇവയ്ക്കെല്ലാം അവധിയാണ്. എന്താണീ പത്രങ്ങളുടെ മതേതരത്വം?

    ReplyDelete
  2. മതം പത്രങ്ങള്‍ക്ക് ബിസിനസ്സ് മാത്രം. കാശൂകിട്ടുമ്ര്ങ്കില്‍ ഏതു ചെകുത്താന്റെ പിറന്നാളിനും അവര്‍ സപ്ലിമെന്റ് ഇറക്കും! അല്ലാതെ ഹിന്ദുത്വാഭിമുഖ്യം ഒന്നും അവര്‍ക്കില്ല.

    ReplyDelete
  3. കാശിന്റെയോ സപ്ലിമെന്റിറക്കുന്നതുന്റെയോ പ്രശ്നമല്ലിത് വേട്ടേക്കരൻ. ഈ പത്രങ്ങൾ ശരിക്കും മതേതരമാണെങ്കിൽ എല്ലാ മതവിഭാഗങ്ങളുടെയും മതാചാരങ്ങൾക്ക് തുല്യ പരിഗണനയോ മതചടങ്ങുകൾക്കു പ്രാധാന്യം നൽകാതിരിക്കയോ ചെയ്യണം. അല്ലാതെ സവർണഹൈന്ദവ ചടങ്ങുകളെ എല്ലാവരുടെയും ആക്കി മാറ്റുന്ന ഏർപ്പാടിനു ചൂട്ടുപിടിക്കരുത്. മനോരമയോ മാതൃഭുമിയോ അങ്ങനെ ചെയ്യുന്നതിൽ അദ്ഭുതമില്ല. മതവും ജാതിയും ഇല്ലെന്നു വീമ്പിളക്കുന്ന ‘കമ്യൂണിസ്റ്റ്’ പത്രങ്ങൾ വരെ അങ്ങനെയാകുമ്പോൾ....?

    ReplyDelete
  4. In India, newspapers shut shop for almost all religious holidays. Sometimes it is only some of the papers - as in the case of Mathrubhumi and Manorama for vidyarambham. But then when Xmas comes along all of them shut shops. And in the case of the muslim newspapers, they for sure shut shop on the day of Eid or whatever day they hold sacred.

    Now if you want to observe a holiday, go ahead, start a newspaper first :-) Just like the man who wanted to celebrate Ravana, everyone else has the right to celebrate whatever occasion they want. India is a free country indeed.

    ReplyDelete
  5. So you also agree that papers like Manorama and Mathrubhumi are 'Hindu' papers. Let them close for Hindu holidays. Why this 'secular' boasting?

    ReplyDelete
  6. The secular character of the newspapers is determined by their news coverage and not by the way they close for business.

    ReplyDelete
  7. ഈ പത്രങ്ങളുടെ മതേതര സ്വഭാവം അവയുടെ ന്യൂസ് കവറേജിലുണ്ടെന്നതു ശരിതന്നെ.കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്ന ഒരു റിപ്പോര്‍ട്ടാണിത്:
    “കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കിയെന്ന്‌ ഐ.ബി“
    ഈ വാര്‍ത്ത പച്ചക്കള്ളമാണെന്ന് പിറ്റേദിവസം മഗളത്തിലും തേജസിലും വന്നു. ഡിജിപി ഇത്തരമൊരു റിപ്പോര്‍ട്ടിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. എന്നാല്‍ മാ‍തൃഭൂമി തങ്ങളുടെ തെറ്റ് തിരുത്തിയോ? ഇല്ല. ഈ ‘മതേതരത്വം’ മലമൂട്ടില്‍ മത്തായിയെപ്പോലുള്ളവര്‍ക്കു ദഹിക്കുമെങ്കിലും സത്യാന്വേഷിയെപ്പോലുള്ളവര്‍ക്ക് അല്‍പ്പം ഉപ്പുകൂട്ടിയേ വിഴുങ്ങാനാവൂ. ഉദാഹരണങ്ങള്‍ ആയിരക്കണക്കിനുണ്ട്. ബ്ലോഗുകളില്‍ത്തന്നെ പരതിയാല്‍ അതു കിട്ടാവുന്നതേയുള്ളൂ. ഇവിടെ തരക്കേട് കാഴ്ച്ചപ്പാടിന്റേതാണ്.

    ReplyDelete
  8. ന്യൂസ്‌ ഡെസ്കുകളിലും പത്രപുരകളിലും ഭയപ്പെടുത്തും വിധം 'സവറ്‍ണ്ണ ഹൈന്ദവ' മനോഭാവം പ്രകടമാവുന്നുണ്ട്‌. ഇതു സ്വാഭാവികമല്ല. മനപ്പൂര്‍വ്വമുള്ള നുഴഞ്ഞു കയറ്റമാണു. അതു പട്ടാളത്തിലും നടപ്പാക്കിവരുകയാണു.

    ReplyDelete
  9. ഈ വിഷയകമായി മറ്റൊരു ബ്ലോഗിൽ നടന്ന ചർച്ചഇവിടെ കാണാം

    ReplyDelete
  10. മേൽ‌പ്പറഞ്ഞ ചർച്ചയിൽ സുരേന്ദ്രനാഥ് മാസ്റ്റർ ഇങ്ങനെ പറയുന്നു:“ഇന്ന് യാതൊരു വര്‍ഗപരമായ ചേരിതിരിവില്ലാതെ എല്ലാവരും ഒരുമിച്ച് കഴിഞ്ഞുകൂടുന്ന കേരളത്തിലെ ജനങ്ങളില്‍ ഇവ്വിധം സ്പര്‍ദ്ധയുണ്ടാക്കുന്നതെന്തിന്? ഇങ്ങനെ മനുഷ്യനില്‍ മനുഷ്യനോട് എതിര്‍പ്പുണ്ടാക്കിയിട്ടെന്ത് കാര്യം?”
    ജാതി എന്ന വിഷയം ചർച്ചക്കെടുത്താൽ ഓർക്കൂട്ടിലും മറ്റുമുള്ള വെണ്ണക്കുട്ടപ്പന്മാരും ഈ ആരോപണം ഉന്നയിക്കാറുണ്ട്. സവർണർ മാത്രമല്ല, അവർണരും. സവർണ-അവർണ ഭേദം ഇല്ല എന്നതാണ് അവരുടെ വാദം. സത്യാന്വേഷിയെപ്പോലുള്ള ജാതിവാദികൾ വെറുതെ പറഞ്ഞ് ഇല്ലാത്തത് ഉണ്ടാക്കരുത് എന്നാണ് ഈ ‘ശുദ്ധഗതിക്കാർ’ വളരെ വിനയത്തോടെ ആവശ്യപ്പെടുന്നത്.
    വാസ്തവത്തിൽ പാഠപുസ്തകങ്ങളിലെ ചരിത്ര ധാരണകളും മുഖ്യധാരയിൽ‌പ്പെടാത്ത പ്രസിദ്ധീകരണങ്ങളൊന്നും കാണാത്തതും നാട്ടിലെ മൂർത്തങ്ങളായ യാഥാർഥ്യങ്ങളെ കണ്ണുതുറന്നു കാണാനും ആധുനിക കാലത്ത് ജാതി എങ്ങനെയൊക്കെയാണു പ്രവർത്തനനിരതമാകുന്നതെന്നു തിരിച്ചറിയാത്തതും സർവോപരി ബ്രാഹ്മണവത്കരണവുമാണ് ഇത്തരക്കാരുടെ അജ്ഞതയുടെയും സഹിഷ്ണുതക്കുറവിന്റെയും കാരണം.ഗൌരവമായ വായന ഇല്ലാത്തതാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. ബ്ലോഗിൽ വരുന്ന പോസ്റ്റുകളെങ്കിലും ഇവർ വാ‍യിച്ചിരുന്നെങ്കിൽ സ്ഥിതി അൽ‌പ്പം വ്യത്യസ്തമാകുമായിരുന്നു.
    ജാതി എന്ന നിലനിൽക്കുന്ന യാഥാർഥ്യം ഉറക്കെ പറയുന്നത് എങ്ങനെയാണു സ്പർധയുണ്ടാക്കുന്നത്? ജാതി ഇത്ര മോശമായ കാര്യമാണെങ്കിൽ സവർണർ,തങ്ങളുടെ നഴ്സറിക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കുവരെ ജാതിപ്പേരു ചേർക്കുന്നതെന്തിന്? ഈയൊടെ ഗുരുവായൂരിൽ മേൽശാന്തിയായി ഒരു പ്രത്യേക ജാതിക്കാരനെ മാത്രം തിരഞ്ഞെടുത്തതിൽ തെറ്റുകാണാത്തതെന്തേ?
    അപ്പോൾ അതല്ല പ്രശ്നം. അവർണർ ജാതി പറയുന്നതാണു പ്രശ്നം. അത് സവർണരുടെ അനർഹമായ സൌകര്യങ്ങളെ ഇല്ലാ‍താക്കും. അതാണ് ഈ ‘സ്പർധ’ എന്ന ഉമ്മാക്കി.

    ReplyDelete
  11. സത്യാന്വേഷി,
    അല്‍പ്പം പുരാണമൊക്കെ വായിച്ചിട്ട് എഴുതിയാല്‍ മതിയായിരുന്നു. രാവണനും അസുരന്മാരും ‘അവര്‍ണ്ണരുടെ പൂര്‍വ്വപിതാക്കള്‍’ ആയിരുന്നില്ലെന്നു മാത്രമല്ല, ബ്രാഹ്മണരായിരുന്നു താനും. രാവണന്‍ ഒരു സാമവേദി ബ്രഹ്മണനായിരുന്നു എന്ന് രാമായണം. രാവണനെ കൊന്നതിന്റെ ബ്രഹ്മഹത്യാപാപം തീര്‍ക്കുവാനായി രാമനും കൂട്ടരും പൂജാദി കര്‍മ്മങ്ങള്‍ നടത്തിയ സ്ഥലമാണത്രേ രാമേശ്വരം. ദേവന്മാരും അസുരന്മാരും കസിന്‍സ് ആയിരുന്നു, പുരാണങ്ങള്‍ പ്രകാരം. വൃത്രാസുരനെ കൊന്നതിന്റെ ബ്രഹ്മഹത്യാപാപത്തെ പേടിച്ചാണ് ഇന്ദ്രന്‍ താമരനൂലില്‍ ഒളിച്ചതും, ആ ഒഴിവിലേക്ക് നഹുഷന് ‘ടെമ്പററി അപ്പോയ്ന്റ്‌മെന്റ്‘ കിട്ടിയതും മറ്റും.

    ഇന്നിപ്പോള്‍ ഇത്തരത്തിലുള്ള പുരാണങ്ങളിലെ ‘അവര്‍ണ്ണപീഡന’ക്കഥകള്‍ വെബ്ബിലും മറ്റും പ്രചരിക്കുന്നത് ഇത് പീഡന കഥകള്‍ക്ക് പൊതുവെ മാര്‍ക്കറ്റുള്ള കാലമായതിനാല്‍ മാത്രം.

    ഈ പത്രങ്ങൾ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകൾക്ക് അവധി നൽകി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ

    ഉണ്ടല്ലോ. റംസാനും ഈസ്റ്ററിനും ക്രിസ്മസ്സിനുമെല്ലാം ഭൂരിപക്ഷം മലയാള പത്രങ്ങള്‍ക്കും അവധിയാണ്.

    പത്രങ്ങള്‍ പൊതുവെ ‘പൊളിറ്റിക്കലി കറക്ട്’ ആകുവാനേ ശ്രമിക്കുകയുള്ളൂ എന്നാണ് എന്റെ അനുഭവം. ഏതെങ്കിലും മതവിഭാഗങ്ങളെ പിണക്കി റീഡര്‍ഷിപ്പ് കുറക്കുവാന്‍ ഒരു പത്രവും ശ്രമിക്കുകയില്ല, പ്രത്യേകിച്ച് കേരളത്തില്‍നിന്നും പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍.

    ReplyDelete
  12. രാക്ഷസർ,പിശാചർ,നിഷാദർ,അസുരർ,ദാസർ തുടങ്ങിയവർ ഇന്നാട്ടിലെ തദ്ദേശിയ ജനതകളാ‍യിരുന്നുവെന്നും ആര്യന്മാരെ എതിർത്തിരുന്ന ഇക്കൂട്ടരെ അവർ ദുഷ്ടന്മാരും ക്രൂരന്മാരും മ്ലേഛന്മാരും ഒക്കെയായി ചിത്രീകരിച്ചുവെന്നുമുള്ള പല പഠനങ്ങളുമുണ്ട്. പുരാണങ്ങൾ അതേപടി സ്വീകരിക്കാൻ ചരിത്ര വിദ്യാർഥികൾ തയ്യാറാവില്ല. അതിലെ നെല്ലും പതിരും വേർതിരിച്ചെടുക്കേണ്ടതുണ്ട്;ആര്യന്മാരുടെ കൃതികളായതിനാൽ വിശേഷിച്ചും.
    മുരളി എഴുതുന്നു:“റംസാനും ഈസ്റ്ററിനും ക്രിസ്മസ്സിനുമെല്ലാം ഭൂരിപക്ഷം മലയാള പത്രങ്ങള്‍ക്കും അവധിയാണ്“
    ആണോ? ഏതൊക്കെ പത്രങ്ങൾ? ഈദുൽ ഫിത്വർ ഇക്കഴിഞ്ഞ ദിവസമായിരുന്നല്ലോ. അന്ന് ഏതെല്ലാം ‘മതേതര’ പത്രങ്ങൾ അവധി നൽകി എന്നന്വേഷിക്കാൻ അധിക, ബുദ്ധിമുട്ടേണ്ടതില്ലല്ലോ! എന്നിട്ടാവാം ഈ വങ്കത്തം എഴുന്നള്ളിക്കൽ.
    (റംസാൻ[റമദാൻ] എന്നത് ഖുർ‌ആൻ അവതരിച്ച മാസത്തിന്റെ പേരാണെന്നും ആ മാസം അവസാനിച്ച് പിറ്റേമാസം[ശവ്വാൽ] ഒന്നാം തീയതിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ എന്നതുപോലും അറിയാത്തയാൾ ഇതും ഇതിനപ്പുറവും എഴുതിയില്ലെങ്കിലേ അദ്ഭുതമുള്ളൂ).

    ReplyDelete
  13. താങ്കളുടെ ചോദ്യം ‘കണ്ടിട്ടുണ്ടോ’ എന്നാണ്. അതിനുത്തരം ഉണ്ടെന്നു തന്നെയാണ്. അത്‌ മലയാള പത്രങ്ങള്‍ സ്ഥിരമായി വായിച്ചിരുന്നപ്പോളത്തെ കാര്യമാണ്. ഇപ്പോള്‍ മലയാള പത്രങ്ങള്‍ വായിക്കാറില്ല. ഓണ്‍ലൈന്‍ എഡീഷനുകള്‍ വല്ലപ്പോഴും നോക്കുന്നതല്ലാതെ. അതുകൊണ്ട് ഇപ്പോഴത്തെ കാര്യമല്ല പറഞ്ഞത്‌. അതു വ്യക്തമാക്കാത്തത്‌ എന്റെ കുറ്റം തന്നെ.

    ..ചിത്രീകരിച്ചുവെന്നുമുള്ള പല പഠനങ്ങളുമുണ്ട്.
    അതില്‍ ഒരു പഠനമെങ്കിലും ചൂണ്ടിക്കാണിക്കുവാന്‍ താത്പര്യപ്പെടുന്നു.

    തദ്ദേശീയരെ മോശമായി ചിത്രീകരിക്കുക ആയിരുന്നു ഉദ്ദേശ്യമെങ്കില്‍ അവരെ ബ്രാഹ്മണരായി അവതരിപ്പിക്കേണ്ട കാര്യമില്ലല്ലോ. അസുരന്മാരും രാക്ഷസന്മാരുമെല്ലാം കറുത്ത, കൊമ്പന്‍‌മീശയുള്ള, ദേഹം നിറയെ കുറ്റിരോമങ്ങളുള്ള ഭീകരരൂപികളാണെന്ന പൊതുഅഭിപ്രാ‍യം അമര്‍ ചിത്രകഥയുടെ പ്രചാരമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.

    പരേതനായ ശ്രീ ജോസഫ് ഇടമറുക് രാമായണത്തെ ദക്ഷിണേന്ത്യയിലേക്കുള്ള ആര്യന്മാരുടെ അധിനിവേശ കഥയായി ചിത്രീകരിക്കുന്നതിന്റെ മണ്ടത്തരം അദ്ദേഹത്തിന്റെ ‘ശബരിമലയും, പരുന്തു പറക്കലും മകരവിളക്കും’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രാമായണം വടക്കേ ഇന്ത്യയിലെ തന്നെയുള്ള രണ്ട് നാടുവാഴികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കഥയോ ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, ആരുടേയോ തലയിലുദിച്ച കെട്ടുകഥയോ ആണ്. പുരാണങ്ങള്‍ക്കൊന്നും തന്നെ വ്യക്തമായ ഏതെങ്കിലും ചരിത്ര സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ലല്ലോ.

    പിന്നെ റംസാന്‍ എന്നത് കേരളത്തില്‍ (ചുരുങ്ങിയപക്ഷം ദക്ഷിണകേരളത്തില്‍) ഈദുല്‍-ഫിത്തറിനെക്കുറിക്കുന്ന ‘പോപ്പുലര്‍’ നാമമാണെന്നും (അഥവാ acronym) , ഈദുല്‍-ഫിത്തര്‍ എന്നൊക്കെ റ്റൈപ്പുചെയ്യുവാനുള്ള വിഷമം‌മൂലം ഉപയോഗിച്ചതാകാമെന്നുമൊക്കെയുള്ള സാമാന്യബോധം സത്യാന്വേഷിക്കില്ലാതെ പോയത് എന്റെ കുഴപ്പവുമല്ലല്ലോ :)

    ReplyDelete
  14. ഇപ്പോൾ നാട്ടിലില്ലെന്നു പറഞ്ഞുള്ള ഒഴിഞ്ഞുമാറൽ നന്നായി. പണ്ട് ഈ പത്രങ്ങൾ ഈദിനും ഈസ്റ്ററിനും നൽകിയ അവധി ദിനങ്ങളുടെ കണക്ക് കഴിയുമെങ്കിൽ സംഘടിപ്പിച്ചറിയിക്കുക. അക്കാര്യം വായനക്കാരെ അറിയിക്കാമല്ലോ!
    പിന്നെ അസുരന്മാരെക്കുറിച്ചുള്ള പഠനം: പെട്ടെന്നോർമവരുന്ന ഒരു പഠനം എസ് കെ ബിശ്വാസിന്റെ 'Buddhism the religion of Mohenjodaro Harappa cities' ആണ്. ന്യൂദില്ലിയിലെ ഒറിയോൺ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ആ പുസ്തകത്തിന്റെ ഒരധ്യായത്തിന്റെ പേരുതന്നെ"Indian Assura Civilization before the Aryan Intruders" എന്നാണ്. 1999ൽ ആണതു പ്രസിദ്ധീകരിച്ചത്. ഡോ ബാബാസാഹിബ് അംബേഡ്കറുടെ ‘ശുദ്രർ ആരായിരുന്നു’ എന്ന ഗ്രന്ഥത്തിൽ ദാസന്മാർ നാഗന്മാരായിരുന്നു എന്നു സ്ഥാപിച്ചിട്ടുള്ള ഭാഗം ഉണ്ട്.
    റമദാൻ എന്ന മാസത്തെ ഈദുൽ ഫിത്വറിനു പകരമായി സ്ഥാപിച്ചെടുത്ത പത്രം മാതൃഭൂമിയാണ്. അവരുടെ കലണ്ടറിലാണ് ഈദ് ദിനത്തെ റംസാൻ എന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് അവരതു തിരുത്തിയെങ്കിലും ജനങ്ങൾ കണ്ടുപഠിച്ച തെറ്റ് മാറ്റിയില്ല. അക്കാര്യം ഇങ്ങനെയെങ്കിലും സൂചിപ്പിച്ചതാണ്. കേരളത്തിൽ ഈദിനെ റംസാൻ എന്നാണ് പല മുസ്ലിങ്ങൾ വരെ വിശേഷിപ്പിക്കുന്നതെന്നറിയാം. താങ്കളെപ്പോലുള്ളവർ അപ്പോൾ റംസാൻ എന്നു പറഞ്ഞതിൽ വലിയ തെറ്റില്ല എന്നു സമ്മതിക്കുന്നു. അതൊന്നു ചൊറിയാൻ പറഞ്ഞതാണ്.

    ReplyDelete