Thursday, September 10, 2009

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഭീകര മാതൃകകൾ

പ്രിയ പ്രധാനമന്ത്രീ, മോഡിക്ക് അതാവാം, യു.പി.എ സര്‍ക്കാറിനോ?
[ഗുജറാത്തിലെ ഇശ്റത്ത് ജഹാന്‍ അടക്കം നാലുപേരെ കൊലചെയ്തത് വ്യാജഏറ്റുമുട്ടലിലാണെന്ന് വെളിപ്പെട്ട പശ്ചാത്തലത്തില്‍ പ്രമുഖ ആക്ടിവിസ്റ്റും ദേശീയോദ്ഗ്രഥന സമിതി അംഗവുമായ ശബ്നം ഹാശ്മി പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്ത്]

പ്രിയ മന്‍മോഹന്‍സിങ്,
2004 ജൂണില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഞാനൊരു കൊച്ചുലേഖനം എഴുതിയിരുന്നു, 'വരൂ, എന്നെ വെടിവെച്ചുകൊല്ലൂ: ഞാനൊരു ഭീകരനാണ്' എന്ന തലക്കെട്ടില്‍. ഗുജറാത്തിലെ ഇശ്റത്ത് ജഹാന്‍ വധത്തിലെ എന്റെ നടുക്കവും വേദനയും പ്രകടിപ്പിക്കുന്നതായിരുന്നു അത്. ഏതു ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ടും ഉണ്ടാകേണ്ട ജുഡീഷ്യല്‍ അന്വേഷണം (ബട്ലാഹൌസ് ഏറ്റുമുട്ടലില്‍ അതും നടന്നിട്ടില്ല) ഒടുവില്‍ ഇശ്റത്തിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് ഇന്നലെ കോടതി മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നു. അവളെ വെറുതെ വെടിവെച്ചു കൊന്നതായിരുന്നു എന്നറിയുന്ന ഞങ്ങള്‍ക്ക് ഇതില്‍ അമ്പരപ്പൊന്നുമില്ല. ഒരുപക്ഷേ, ഗുജറാത്തില്‍ മോഡി ഭരണത്തിനു കീഴില്‍ ഇങ്ങനെയൊക്കെ സംഭവിച്ചെന്നും സംഭവിക്കാമെന്നും താങ്കളും സമ്മതിച്ചേക്കും. എന്നാല്‍, മോഡി എത്ര മോശക്കാരനാണെന്ന് പറയാനല്ല ഞാന്‍ ഇതെഴുതുന്നത്. താങ്കളോട് ചെറിയൊരു ഉപകാരം ആവശ്യപ്പെടുന്നതിനു വേണ്ടിയാണ് ഈ കുറിപ്പ്. ആയിരക്കണക്കിന് പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞ് കൃത്യാന്തരബാഹുല്യം കാരണം പൊറുതിമുട്ടുന്നയാളാണ് താങ്കള്‍ എന്നറിയാം. അതിനാല്‍, വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ വന്ന ഏതാനും വസ്തുതകള്‍ മാത്രമാണ് ഞാനിവിടെ കുറിക്കുന്നത്. 2004 ജൂണ്‍ 15ന് അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച്, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഐ.പി.എസ് ഓഫീസര്‍ ഡി.ജി. വന്‍സാരയുടെ നേതൃത്വത്തില്‍, ഇശ്റത്ത് ജഹാന്‍ , പ്രാണേഷ് കുമാര്‍ പിള്ള എന്ന ജാവേദ് ശൈഖ്, അംജദ് അലി റാണ, ജിഷാന്‍ ജോഹര്‍ എന്നീ നാലു ചെറുപ്പക്കാരെ വെടിവെച്ചു കൊന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ എത്തിയ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണിവര്‍ എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. മുംബൈ പ്രാന്തത്തിലെ മുമ്പ്രയില്‍ ഖല്‍സാകോളജ് വിദ്യാര്‍ഥിനിയായിരുന്നു പത്തൊമ്പതുകാരിയായ ഇശ്റത്ത്. മകളുടെ കൊലയില്‍ നഷ്ടപരിഹാരവും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് അവളുടെ മാതാവ് 2004ല്‍ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും മുഖ്യമന്ത്രി വധിക്കപ്പെടാനിടയുണ്ടെന്ന ആശങ്ക വിതച്ച് രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാനായി നരേന്ദ്രമോഡി ഭരണകൂടം ചെയ്തുകൂട്ടുന്നതില്‍ ഒന്നു മാത്രമാണതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഓപറേഷന്‍ നടത്തിയ ക്രൈംബ്രാഞ്ച് തന്നെ അന്വേഷണവും നടത്തുന്നതാണ് കണ്ടത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് കെ.എസ് ഝാവേരി പ്രമാദമായ സൊഹ്റാബുദ്ദീന്‍ കേസില്‍ സുപ്രീംകോടതി ചെയ്തതുപോലെ, അഡീഷനല്‍ ഡി.ജി.പിമാര്‍ അടങ്ങുന്ന അഞ്ചംഗ ടീമിന്റെ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും കൊന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.ജി വന്‍സാരയും ടീമും തന്നെയായിരുന്നു. സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് ഒടുവില്‍ ഗുജറാത്ത് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. ഇതുപോലെ നടന്ന 28 വ്യാജ ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ അന്വേഷണത്തിലാണ്. ഇശ്റത്ത് ജഹാന്‍ കേസില്‍ സി.ബി.ഐയും കക്ഷിചേര്‍ന്നിരുന്നു. കോടതി താല്‍പര്യപ്പെടുകയാണെങ്കില്‍ പുതിയ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ ഒരുക്കമാണ് എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, അത് സംസ്ഥാനഗവണ്‍മെന്റിനെയും കേന്ദ്ര ആഭ്യന്തരവകുപ്പിലെ ചില ഉദ്യോഗസ്ഥരെയും ബേജാറിലാക്കി. യു.പി.എ ഗവണ്‍മെന്റ് അധികാരമേറിയ ശേഷം, ഗുജറാത്തില്‍ എന്‍ .ഡി.എ ഭരണകാലത്ത് നിയമിക്കപ്പെട്ട ചില കളങ്കിത സി.ബി.ഐ ഓഫീസര്‍മാരെ സ്ഥലം മാറ്റിയിരുന്നു. അവരുടെ ദുരൂഹമായ പശ്ചാത്തലത്തിന്റെ വെളിച്ചത്തില്‍ സമ്മര്‍ദം രൂക്ഷമായപ്പോഴാണ് കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടു കൊല്ലത്തിനുശേഷം ഇവര്‍ സ്ഥലം മാറ്റപ്പെട്ടത്. എന്നാല്‍, അവര്‍ താമസിയാതെ ദല്‍ഹിയില്‍ യു.പി.എ ഭരണത്തിനു കീഴില്‍തന്നെ മെച്ചപ്പെട്ട ലാവണങ്ങളില്‍ എത്തിപ്പെടുന്നതാണ് കണ്ടത്. ആശ്ചര്യകരമെന്നു പറയട്ടെ, ഇശ്റത്തും ജാവേദും ജീസാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരും പാക്കിസ്ഥാന്‍ കേന്ദ്രമായ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി കഴിഞ്ഞ മാസം വാര്‍ത്തയുണ്ടായിരുന്നു. തദടിസ്ഥാനത്തില്‍ സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിച്ചത് ഇപ്രകാരമായിരുന്നു: 'ഈ കേസ് സി.ബി.ഐ അന്വേഷണത്തിന് അനുയോജ്യമായി കേന്ദ്രം പരിഗണിക്കാത്തതിനാല്‍ സി.ബി.ഐ അന്വേഷണനിര്‍ദേശം പരിഗണനയിലില്ല'. മാത്രമല്ല, സി.ഐ.ഡി/ഇന്റലിജന്‍സിലെ അഡീഷനല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടന്നിരിക്കെ മറ്റൊരു സ്വതന്ത്ര അന്വേഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്നു കൂടി കേന്ദ്രം വാദിച്ചു. അഡീഷനല്‍ ഡി.ജി.പി ആദ്യം ഏറ്റുമുട്ടലും പിന്നീട് അതിന്റെ അന്വേഷണവും ഏറ്റെടുത്തു നടത്തിയ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ലെന്നായിരുന്നു സര്‍ക്കാറിന്റെ ന്യായം. താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. 2002ലെ ഗുജറാത്ത് പാക്കേജുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍നിന്നുള്ള ചില ആക്ടിവിസ്റ്റുകളുടെ കൂടെ താങ്കളെ കണ്ടപ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞിരുന്നു, 'എന്‍ .ഡി.എയെ തോല്‍പിച്ച് യു.പി.എ ഭരണത്തിലേറിയ കാര്യം താങ്കളുടെ ആഭ്യന്തരമന്ത്രാലയം ഇനിയും അറിഞ്ഞിട്ടില്ല' എന്ന്. ബി.ജെ.പി പ്രമോട്ട് ചെയ്ത കളങ്കിത ഓഫീസര്‍മാര്‍ യു.പി.എ ഭരണത്തിലും കുഴപ്പമില്ലാതെ തുടരുന്നത് സൂചിപ്പിച്ചതായിരുന്നു ഞാന്‍ . ഒരു ശക്തമായ പ്രത്യേകാന്വേഷണ സംഘത്തിന്റെ നിയമനത്തില്‍നിന്നു കോടതിയെ പിന്തിരിപ്പിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേന്ദ്ര ഭരണകൂടം പോലും വ്യാജ ഏറ്റുമുട്ടലിന് സാധൂകരണം നല്‍കുന്നുവെന്നാണ് അത് നല്‍കുന്ന സന്ദേശം. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ഇശ്റത്ത് വധിക്കപ്പെടേണ്ടതായിരുന്നു എന്നു തെളിയിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കൈയില്‍ ഒരു ആയുധവും ഇല്ലാതെ പോയി. അതിക്രമങ്ങള്‍ക്കെതിരായ അന്വേഷണത്തിന് ആവശ്യമുയരുമ്പോള്‍ ഭരണകേന്ദ്രങ്ങള്‍ കൂടക്കൂടെ പറയുന്ന ന്യായം ഓഫീസര്‍മാരുടെ മനോവീര്യം ചോരുമെന്നാണ്. എന്നാല്‍ ഒന്നു ചോദിക്കട്ടെ: നിരപരാധികളായ ചെറുപ്പക്കാരെ പീഡിപ്പിക്കുമ്പോള്‍, അവരെ കൊന്നുകളയുമ്പോള്‍, അന്യായമായി തടവിലിടുമ്പോള്‍, മര്‍ദിക്കുമ്പോള്‍ ഈ ഓഫീസര്‍മാരുടെ മനോവീര്യത്തിന് എന്തു സംഭവിക്കുന്നു? ഈ ക്രൂരകൃത്യങ്ങളെല്ലാം കഴിഞ്ഞ് അവരെങ്ങനെ വീട്ടില്‍ പോയി സുഖമായി ഉറങ്ങുന്നു? ഒരു മതേതരരാജ്യമാണെന്ന നാട്യം ഇനിയും എന്തുകൊണ്ട് നമുക്ക് അവസാനിപ്പിച്ചുകൂടാ? എല്ലാ പൌരന്മാരും തുല്യരാണെന്ന ഖണ്ഡിക ഇനിയും ഭരണഘടനയില്‍നിന്ന് നീക്കരുതോ? ഗുജറാത്ത് സർക്കാരിന്റെ നിര്‍ലജ്ജമായ വര്‍ഗീയകളികള്‍ക്ക് യു.പി.എ സര്‍ക്കാറും അരുനിന്നു എന്നതിന്റെ തെളിവാണ് ഇശ്റത്ത് ജഹാന്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം. ഏഴു സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മൂന്നു നാള്‍ മാത്രം ബാക്കിനില്‍ക്കുന്ന ഗുജറാത്തില്‍ അഞ്ച് നിരപരാധികളായ കുട്ടികളെക്കൂടി ഭീകരരെന്ന പേരില്‍ ബറോഡയില്‍ പിടികൂടിയിരിക്കുന്നു. ഈ കത്തും അങ്ങയുടെ കുപ്പത്തൊട്ടിയിലെത്തുമോ എന്നെനിക്ക് അറിയില്ല. കാരണം, താങ്കളുടെ ഓഫീസില്‍ നിന്ന് ഇതുവരെ ഒരെഴുത്തും കിട്ടിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല. അതിനാല്‍, ഈ കത്ത് പൊതുവിതരണം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്. അതുവഴി ഗുജറാത്ത് സര്‍ക്കാറുമൊത്തുള്ള കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ലജ്ജാകരമായ വേഴ്ചക്കെതിരെ ശക്തമായ പ്രതിഷേധമുയരട്ടെ. എനിക്ക് ഒന്നേ അപേക്ഷിക്കാനുള്ളൂ, താങ്കളുടെ ഭരണകൂടത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍, ക്രൂരമായി കൊലചെയ്യപ്പെട്ട നിരപരാധിയായ ആ പെണ്‍കുട്ടിക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് മാപ്പു ചോദിക്കാന്‍ ദയവുചെയ്ത് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുക. അതിന് ഇത്തിരി ധൈര്യവും നിശ്ചയദാര്‍ഢ്യവും വേണം. കവിത താങ്കളുടെ ഹരമാണല്ലോ. അതിനാല്‍ ഫൈസ് അഹ്മദ് ഫൈസിന്റെ ഈരടി കുറിച്ചുകൊണ്ട് അവസാനിപ്പിക്കാം:
മാതൃഭൂമീ, നിനക്കിനി എത്ര ചോര കൂടി വേണം,
നിന്റെ ഇരുണ്ട ഭൂമിയെ പ്രദീപ്തമാക്കാന്‍
എത്ര നെടുവീര്‍പ്പുകള്‍ വേണം
നിന്റെ ഹൃദയമടങ്ങാന്‍
എത്ര കണ്ണീര്‍വേണം
നിന്റെ മരുപ്പറമ്പിനെ പൂവാടിയാക്കാന്‍
(മാധ്യമം ദിനപത്രത്തിലാണ് ഈ ലേഖനം ഇന്നലെ-09/09/09ന്-പ്രസിദ്ധികരിക്കപ്പെട്ടത്)

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഭീകര മാതൃകകള്‍
(മാധ്യമം മുഖപ്രസംഗം-2009 സെപ്റ്റംബർ 09 ബുധൻ )
കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാന്‍ , ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ്കുമാര്‍ പിള്ള, അംജദ് അലി, ജിഷാന്‍ അബ്ദുല്‍ ഗനി എന്നിവരെ 2004 ജൂണ്‍ 15ന് ഗുജറാത്ത് പോലിസ് വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സംഭവത്തെക്കുറിച്ച അന്വേഷണത്തില്‍ തെളിഞ്ഞതായി അഹ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി. തമാങ് വെളിപ്പെടുത്തിയതോടെ 2002ലെ ഗുജറാത്ത് വര്‍ഗീയാക്രമണങ്ങളിലൂടെയും തുടര്‍ന്നു നടന്ന ഭീകരകൃത്യങ്ങളിലൂടെയും കുപ്രസിദ്ധിയാര്‍ജിച്ച നരേന്ദ്രമോഡിയുടെ ഗുജറാത്ത് സര്‍ക്കാര്‍ ഒരിക്കല്‍കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. തീര്‍ത്തും നിരപരാധികളായ നാലു പേരെയും അഹ്മദാബാദ് പോലിസിന്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്ത ശേഷം പാക് ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ ഭീകരപ്രവര്‍ത്തകരെന്ന് മുദ്രകുത്തി, മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഢപദ്ധതിയുമായി വന്നവരെന്ന കഥമെനഞ്ഞ് പച്ചയായി കശാപ്പു ചെയ്യുകയായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഐ.പി.എസുകാരനായ വന്‍സാരയെ ഈ കൊടുംക്രൂരതക്ക് പ്രേരിപ്പിച്ചത് പ്രമോഷനും മറ്റു ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ത്വരയായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്ന് വന്‍സാരയുടെ ഡെപ്യൂട്ടി ആയിരുന്ന എന്‍ .കെ. അമീന്‍ , അഹ്മദാബാദ് പോലിസ് കമീഷണറായിരുന്ന കെ.ആര്‍. കൌശിക്, മുന്‍ ക്രൈംബ്രാഞ്ച് മുഖ്യന്‍ വി.പി. പാണ്ഡെ തുടങ്ങി പലരുമുണ്ട് വന്‍സാരയുടെ സംഘത്തില്‍. ജൂണ്‍ 12ന് ക്രൈംബ്രാഞ്ച് പോലിസ് സംഘം മുംബൈയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഇശ്റത്തിന്റെയും മറ്റു മൂന്നു പേരുടെയും കാറില്‍നിന്ന് കണ്ടെടുത്തതായി ആരോപിക്കപ്പെട്ട സ്ഫോടകവസ്തുക്കളും റൈഫിളുകളും മറ്റായുധങ്ങളും പോലിസ് തന്നെ ആസൂത്രിതമായി സ്ഥാപിച്ചതായിരുന്നു എന്നും മജിസ്ട്രേറ്റ് തമാങ് സമര്‍പ്പിച്ച 243 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നരേന്ദ്രമോഡി സര്‍ക്കാറും ദേശീയ മാധ്യമങ്ങളും അതിഗംഭീരമായി ആഘോഷിച്ച ലശ്കര്‍ ഏറ്റുമുട്ടല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരാന്‍ അഞ്ചു വര്‍ഷം വേണ്ടിവന്നതുതന്നെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും മനുഷ്യാവകാശ സംരക്ഷണ സംവിധാനത്തിന്റെയും ബലഹീനതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ജാവേദ് ശൈഖായി മതംമാറിയ പ്രാണേഷ്കുമാറിന്റെ പിതാവ് മാവേലിക്കരയിലെ എം.ആര്‍. ഗോപിനാഥപിള്ളയും കൊല്ലപ്പെട്ട ഇശ്റത്ത് ജഹാന്റെ മാതാവ് ശമീന കൌസറും നീതിക്കായി മുട്ടാത്ത വാതിലുകളില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെയും പിള്ള നല്‍കിയ നിവേദനങ്ങള്‍ നിഷ്ഫലമായി. സി.ബി.ഐ അന്വേഷണത്തിനുള്ള ആവശ്യവും വൃഥാവിലായി. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ട് കേസ് കേള്‍ക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപ്പെട്ടതോടെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് കളമൊരുങ്ങുന്നത്. ഈ അന്വേഷണം അട്ടിമറിക്കുന്നതില്‍ നരേന്ദ്രമോഡിയും തല്‍പരകക്ഷികളും വിജയിച്ചിരുന്നെങ്കില്‍ മറ്റ് ഒട്ടനവധി വ്യാജ ഏറ്റുമുട്ടലുകളെപ്പോലെ ഇശ്റത്ത് സംഭവവും മാതാപിതാക്കളുടെ ഹൃദയവേദനയില്‍ ഒതുങ്ങി വിസ്മൃതിയിലാണ്ടേനെ. ദല്‍ഹി സ്ഫോടനത്തോടനുബന്ധിച്ച് ബട്ല ഹൌസില്‍ നടന്നതായി പറയുന്ന ഏറ്റുമുട്ടല്‍ ഒടുവിലത്തെ ഉദാഹരണമാണ്. അഅ്സംഗഢില്‍നിന്നുള്ള രണ്ടു വിദ്യാര്‍ഥികളുടെ നിഷ്കരുണമായ കൊലയില്‍ കലാശിച്ച ബട്ല ഹൌസ് വെടിവെപ്പ് തനിവ്യാജമാണെന്നതിന്റെ സാഹചര്യത്തെളിവുകള്‍ ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമീഷന്റെ സമീപനംപോലും കടുത്തവിമര്‍ശം ക്ഷണിച്ചുവരുത്തി. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ അകാരണവും അയുക്തികവുമായ സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴടങ്ങലും വേണ്ടുവോളം ദുഷിച്ചുകഴിഞ്ഞ പോലിസ് സേനയുടെ ആത്മവീര്യം തകര്‍ക്കാനാവില്ലെന്ന പതിവു ന്യായവും അതോടൊപ്പം തീവ്രവാദി-ഭീകരവാദി വേട്ടയിലെ മുന്‍വിധിയോടെയുള്ള നടപടികളും കൂടിച്ചേരുമ്പോള്‍ ന്യൂനപക്ഷ സമുദായത്തിലെ നിരപരാധികളായ യുവാക്കള്‍ നീതിരഹിതമായി പിടികൂടപ്പെടുകയും കള്ളക്കേസുകളില്‍ പ്രതികളാവുകയും ചിലപ്പോള്‍ ക്രൂരമായി വധിക്കപ്പെടുകയുമാണ്. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ ഏജന്‍സികളുടെ നിരന്തരവിമര്‍ശത്തിന് ശരവ്യമായ സ്ഥിതിവിശേഷമാണിത്. വന്‍സാരയടക്കമുള്ള പോലിസ് മേധാവികള്‍ സൊഹറാബുദ്ദീന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതികളാണെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ കോടതിയില്‍ സമ്മതിക്കേണ്ടിവന്നിട്ടും പോലിസിനെ മാനുഷികമായും നീതിപൂര്‍വമായും അഴിച്ചുപണിയാനുള്ള ഒരു നടപടിയും കേന്ദ്ര തലത്തിലോ സംസ്ഥാന തലത്തിലോ ഉണ്ടായിട്ടില്ല. തമ്മില്‍ ഭേദമെന്ന് കരുതപ്പെട്ട കേരളത്തിലെ പോലിസ് സേനയുടെ മുഖംപോലും വികൃതമാകുന്ന ദിശയിലേക്കാണ് പോള്‍ മുത്തൂറ്റ് വധത്തിലെ പോലിസ് പങ്കിനെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകള്‍. അപ്പോള്‍ പിന്നെ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴമൊഴിയെ ശരിവെക്കുന്ന ഗുജറാത്തിലെ ഫാഷിസ്റ്റ് സര്‍ക്കാറിന്റെ ക്രിമിനല്‍വത്കൃത പോലിസ് സേനയെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. ഗോപിനാഥന്‍ പിള്ളയെപോലെ നീതിതേടി ഏതറ്റംവരെയും പോവാന്‍ തയാറുള്ള പീഡിതരും ഹേമന്ത് കര്‍ക്കരെയെപോലെ മനസ്സാക്ഷി മരിക്കാത്ത പോലിസുദ്യോഗസ്ഥരും ധീരരായ മനുഷ്യാവകാശ കൂട്ടായ്മകളും കൂടി ഇല്ലെങ്കില്‍ അനീതിയുടെ ഘനാന്ധാകാരം രാജ്യത്തെയാകെ വിഴുങ്ങിയേനെ.

[നോ ഫർതർ കമന്റ്സ്.]

ലിങ്കു നൽകാതെ ഇതിവിടെ പകർത്തിയത് മൂന്നു കാരണങ്ങൾ കൊണ്ടാണ് :
1. മിക്കവരും ലിങ്കുകൾ വായിക്കാറില്ല എന്നതാണ് അനുഭവം
2. അഥവാ വായിക്കാൻ ശ്രമിച്ചാലും ഫോണ്ട് പ്രശ്നം തടസ്സമാകാൻ സാധ്യതയുണ്ട്.
3. പതിവുപോലെ മറ്റു ‘മതേതര‘ പത്രങ്ങളൊന്നും ഈ വിഷയകമായി ലേഖനമോ മുഖപ്രസംഗമോ എഴുതിക്കണ്ടില്ല.എന്നാൽ മംഗളം പത്രം ഒരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്: മംഗളത്തിന്റെ മുഖപ്രസംഗം പി ഡി എഫ് ഇവിടെ ക്ലിക്കി വായിക്കാം.

[ഊന്നലുകളെല്ലാം കൂട്ടിച്ചേർത്തത് ]

4 comments:

  1. അതിക്രമങ്ങള്‍ക്കെതിരായ അന്വേഷണത്തിന് ആവശ്യമുയരുമ്പോള്‍ ഭരണകേന്ദ്രങ്ങള്‍ കൂടക്കൂടെ പറയുന്ന ന്യായം ഓഫീസര്‍മാരുടെ മനോവീര്യം ചോരുമെന്നാണ്. എന്നാല്‍ ഒന്നു ചോദിക്കട്ടെ: “നിരപരാധികളായ ചെറുപ്പക്കാരെ പീഡിപ്പിക്കുമ്പോള്‍, അവരെ കൊന്നുകളയുമ്പോള്‍, അന്യായമായി തടവിലിടുമ്പോള്‍, മര്‍ദിക്കുമ്പോള്‍ ഈ ഓഫീസര്‍മാരുടെ മനോവീര്യത്തിന് എന്തു സംഭവിക്കുന്നു? ഈ ക്രൂരകൃത്യങ്ങളെല്ലാം കഴിഞ്ഞ് അവരെങ്ങനെ വീട്ടില്‍ പോയി സുഖമായി ഉറങ്ങുന്നു? ഒരു മതേതരരാജ്യമാണെന്ന നാട്യം ഇനിയും എന്തുകൊണ്ട് നമുക്ക് അവസാനിപ്പിച്ചുകൂടാ? എല്ലാ പൌരന്മാരും തുല്യരാണെന്ന ഖണ്ഡിക ഇനിയും ഭരണഘടനയില്‍നിന്ന് നീക്കരുതോ? “

    ReplyDelete
  2. സത്യാന്വേഷി
    പോസ്റ്റിനു നിദാനമായ സംഭവത്തിൽ പ്രതിഷേധമുണ്ട്‌, തീർച്ചയായും ജനാധിപത്യരാജ്യത്തിൽ സംഭവിക്കാനരുതാത്ത ഒരു കാര്യം തന്നെയാണിത്‌. അന്ന് വായിച്ച (ഓർമ്മയിലുള്ളതാണ്‌) വിവരണങ്ങളിൽ പോലും അതൊരു ശരിയായ ഏറ്റുമുട്ടലാണെന്ന തോന്നൽ ഉണ്ടായില്ല.

    പക്ഷെ ഒരു ഇൻഫെറൻസ്‌ എന്ന നിലയിൽ ശബ്നം ഹശ്മി എഴുതിയത്‌ (ബ്രൗൺ കളറിൽ പോസ്റ്റിൽ കൊടുത്തതും താങ്കൾ കമന്റിൽ ആവർത്തിച്ചതും) എനിക്ക്‌ യോജിക്കാനാവാത്ത കാര്യമാണ്‌. കമന്റിൽ എടുത്തഴുതിയതിനാൽ താങ്കൾക്ക്‌ ആ വചകത്തോട്‌ മാനസികമായി അംഗീകാരം ഉണ്ടെന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അതിനാൽ മാത്രമാണ്‌ ഞാനീ കമന്റ്‌ ഇവിടെ ഇടുന്നത്‌.

    സംഘടിതമായ ആൾക്കൂട്ടങ്ങളിൽ നിന്നും വ്യക്തികൾ അനുഭവിക്കുന്ന നീതിനിഷേധം എന്നത്‌ ദൗർഭാഗ്യകരമായ ഒന്നാണ്‌, പക്ഷെ വിരളമല്ലതാനും. കലുഷിതമായ അന്തരീക്ഷത്തിൽ സമൂഹികവിരുദ്ധർക്ക്‌ (വ്യക്തികളായാലും ഭരണകൂടത്തിലുള്ളവരായാലും) വളരെ എളുപ്പത്തിൽ നിർവ്വഹിക്കാവുന്ന ഒന്നാണ്‌ ഇത്‌. വ്യക്തിവിരോധം തീർക്കാനും കൊള്ള നടത്താനും വിവാദങ്ങളിലൂടെ ലാഭം കൊയ്യാനും ഒക്കെ ഇവർ ഇത്തരം സാഹചര്യം ചൂഷണം ചെയ്യാറുണ്ട്‌. പഞ്ചാബിലും കശ്മീരിലും തീവ്രവാദകാലത്തും അടിയന്തരാവസ്ഥാക്കാലത്തും നക്സൽവേട്ടയ്ക്കിടയിലും ഒക്കെ ഇത്തരം ഫേക്‌ എൻകൗണ്ടറുകളും അതിലധികം മനുഷ്യാവകാശലംഘനങ്ങളും നടന്നിട്ടുണ്ട്‌. ഈ മറവിൽ ശത്രുക്കളെ വകവരുത്തിയവർ ധാരാളം.

    പക്ഷെ അവയിലെല്ലാം പൊരുതാൻ പൊതുജനത്തിന്‌ അവകാശവും പ്രതീക്ഷയും നൽകിയത്‌ ഭരണഘടന മാത്രമാണ്‌.

    തുല്യനീതി എന്നത്‌ ഒരു പ്രിൻസിപ്പിൾ ആണ്‌, ഒരു പോളിസി ആണ്‌. അത്‌ നടപ്പിലാക്കുന്നതിൽ പാളിച്ചകൾ ഉണ്ടാകും, പക്ഷെ പോളിസി തന്നെ ഇല്ലെങ്കിൽ ശക്തമായ ഭരണകൂടമുണ്ടെങ്കിൽപ്പോലും എന്ത്‌ കാര്യം.

    ഭരണകൂടത്തിനെതിരെ, പോളിസികളുടെ നടത്തിപ്പിനെതിരെ നമുക്ക്‌ പോരാടാം, പക്ഷെ ഭരണഘടനയിലെ ന്യായാധിഷ്ഠിതമായ പോളിസികൾക്കെതിരെ അവിശ്വാസമുണ്ടാകുന്നത്‌ ആപൽക്കരമായ അവസ്ഥയാണ്‌. നിയമലംഘനത്തിലും കലാപത്തിലും കുറഞ്ഞൊന്നും പ്രതീക്ഷിക്കാനാവാവില്ല ഇവിടെ.

    വികാരാധീനയായോ പരിഹാസരൂപേണയായോ ആണ്‌ അവർ ഇതെഴുതിയതെന്ന് മനസിലാക്കാതെയല്ല ഞാൻ പറയുന്നത്‌. പക്ഷെ ഇത്‌ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഇത്തരത്തിൽ നീതിനിഷേധത്തിനു സാക്ഷിയായവരോ ഇരയായവരോ ഏതുരീതിയിൽ പ്രതികരിക്കും എന്നത്‌ ചിന്തിക്കാതെയാണ്‌ ഇത്തരമൊരു പ്രസ്താവന എന്നത്‌ ആശ്ചര്യകരമാണ്‌, ആശങ്കാജനകമാണ്‌.

    ReplyDelete
  3. There is a hue and cry against the investigations in "encounter" killings.Their main argument is that it will affect the morale of the police/army.My question is "whether the police officers who are in jail for committing this type of cold blood murder under the veil of "encounter" won't lower the morale of police?

    This is shame on our democracy.

    ReplyDelete
  4. "സംഘടിതമായ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും വ്യക്തികള്‍ അനുഭവിക്കുന്ന നീതിനിഷേധം എന്നത്‌ ദൗര്‍ഭാഗ്യകരമായ ഒന്നാണ്‌, പക്ഷെ വിരളമല്ലതാനും."

    അപ്പൂട്ടന്‍ വിഷയത്തെ ലഘൂകരിച്ചോ എന്നൊരു സംശയം.സംഘടിതമായ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും വ്യക്തികള്‍ നേരിടുന്ന വെറും ഒരു നീതിനിഷേധം മാത്രമാണോ അപ്പൂട്ടാ ഇത്.വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരു പ്രത്യേകസമുദായത്തിനു നേരെ വളരെ ആസൂത്രിതമായി നടന്ന് കൊണ്ടിരിക്കുന്ന ആക്രമണപരമ്പരകളുടെ ഒരു പരിഷ്കരിച്ച പതിപ്പല്ലേ ഈ 'ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍.

    "പക്ഷെ ഭരണഘടനയിലെ ന്യായാധിഷ്ഠിതമായ പോളിസികള്‍ക്കെതിരെ അവിശ്വാസമുണ്ടാകുന്നത്‌ ആപല്‍ക്കരമായ അവസ്ഥ തന്നെയാണു."

    അപ്പൂട്ടന്‍ പറഞ്ഞത് ശരി തന്നെ.എന്നാല്‍ ഒന്ന് ചിന്തിച്ച് നോക്കൂ.
    ഇന്ത്യ കണ്ട എത്രയെത്ര കലാപങ്ങള്‍.അതില്‍ എത്രയെത്ര മനുഷ്യജീവനുകള്‍ വെന്തെരിഞ്ഞു.ബോംബെ കലാപത്തിനിരയായവരുടെ അവസ്ഥയെന്താണു?കലാപത്തിന്‍റെ തിരിച്ചടി എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വരെ പ്രഖ്യാപിച്ച് കഴിഞ്ഞു.എന്നാല്‍ ആയിരങ്ങള്‍ കത്തിച്ചാമ്പലായ സ്ഫോടനത്തിനു കാരണമായ കലാപത്തിനു പൂര്‍ണ്ണ ഉത്തരവാദി എന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍(ശ്രീകൃഷ്ണ കമ്മീഷന്‍) തന്നെ കുറ്റപ്പെടുത്തിയ ബാല്‍താക്കറെയുടെ ഒരു രോമത്തിനു പോലും ഇന്നും നീളം കുറഞ്ഞിട്ടില്ല.നമ്മളീ പറഞ്ഞ ഭരഘടനയും തുല്യനീതിയുമൊക്കെ എവിടെപ്പോയൊളിച്ചു അപ്പൂട്ടാ?

    ഭരണഘടനയിലെ ന്യായാധിഷ്ഠിതമായ പോളിസികളെക്കുറിച്ച് ഇരകളോട് നമുക്ക് വാതോരാതെ സംസാരിക്കാം, കാമ്പയിന്‍ നടത്താം.പക്ഷെ ഇനിയും ലഭിക്കാത്ത ഈ നീതിയെക്കുറിച്ച്(സാമാന്യവത്ക്കരണമല്ല കേട്ടോ.മിന്നാമിനുങ്ങിന്‍ നുറുങ്ങ് വെട്ടങ്ങള്‍ കാണാതെ പോകുന്നില്ല) എത്ര നാള്‍ നാമിവരെ വിശ്വസിപ്പിച്ച് നിര്‍ത്തും.

    ഭരണകൂടത്തിനെതിരെ, പോളിസികളുടെ നടത്തിപ്പിനെതിരെ നമുക്ക്‌ പോരാടാം, എന്നൊക്കെ അപ്പൂട്ടന്‍ പറഞ്ഞത് നല്ല കാര്യം തന്നെ.എന്നാല്‍ ഒരു ഹര്‍ഷദ് മന്ദര്‍,ടീസ്റ്റ സെറ്റല്‍ വാഡ് അല്ലെങ്കില്‍ തെഹല്‍ക്ക ടീം ഇങ്ങനെ ചുരുക്കം ചിലരെയല്ലാതെ മറ്റാരേയും ഇപ്പറഞ്ഞ പണിക്ക് കാണുന്നില്ലല്ലോ സുഹൃത്തേ.

    കേവലം പ്രസ്താവനകളിലൊതുങ്ങാതെ ഇരകള്‍ക്ക് വൈകാതെ നീതി എത്തിച്ച് കൊടുക്കലും ഭാവിയില്‍ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍‌കരുതല്‍ നടപടികള്‍ എടുക്കലും മാത്രമാണു അപ്പൂട്ടന്‍റെ ആശങ്ക ദൂരീകരിക്കാനുള്ള ഏക പോംവഴി.

    ReplyDelete