Wednesday, October 14, 2009

“അവർ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത തൊലിയെ”


ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന പുതിയ ‘ഭീകര’ സംഘടനയെ പറ്റി മാധ്യമങ്ങളും പൊലീസും ചമയ്ക്കുന്ന കഥകളിൽ എത്രത്തോളം സത്യമുണ്ട്? മാധ്യമം ലേഖകൻ കോളനിയിൽ നേരിട്ടുപോയി അന്വേഷണം നടത്തിയതിനുശേഷം തയ്യാറാക്കിയ റിപ്പോർട്ട് ഈ ലക്കം(2009 ഒക്റ്റോബർ 19) ആഴ്ച്ചപ്പതിപ്പിൽ :

“കറുത്ത ബനിയന്‍കാരുടെ കോളനിയില്‍നിന്നുള്ള വാര്‍ത്തകള്‍

ബിനീഷ് തോമസ്
ഒരാളെ തീവ്രവാദിയെന്ന് വിളിക്കുകയാണ് അയാളെ കൊല്ലുന്നതിനെക്കാള്‍ വളരെവളരെ നല്ല മാര്‍ഗം. അങ്ങനെ ഒരുവന് പേരിട്ടു കഴിഞ്ഞാല്‍ 'രാജ്യസ്നേഹികള്‍' മുഴുവന്‍ അയാള്‍ക്കെതിരാവും. അയാളെ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങള്‍ക്കുംമേല്‍ സംശയദൃഷ്ടി ഡെമോക്ലിസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കും. ഒരു സംഘടനയെയാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ കുറച്ചുകൂടി എളുപ്പം. രാജ്യസ്നേഹികള്‍ക്ക് തങ്ങളുടെ രാജ്യസ്നേഹം വെളിപ്പെടുത്താന്‍, രാജ്യസ്നേഹികള്‍ക്ക് തങ്ങളങ്ങനെയല്ലെന്ന് വരുത്താനുമിതാ ഒരവസരംകൂടി കൈവന്നിരിക്കുന്നു. സംസ്ഥാനത്ത് പുതിയ തീവ്രവാദ സംഘടന. കണ്ടാല്‍തന്നെ തീവ്രം. കറുത്ത ബനിയനും നീല പാന്റ്സും. അവരെ മുളയിലേ നുള്ളേണ്ടത് രാജ്യത്തിന്റെ സുസ്ഥിരതക്ക് ആവശ്യമായിരിക്കുന്നു. ഓംപ്രകാശുമാരും പുത്തന്‍പാലം രാജേഷുമാരും ചെയ്ത പ്രവൃത്തിക്ക് ഒരു ന്യായീകരണമുണ്ട്. ക്വട്ടേഷന്‍ നല്‍കിയ ആരെയും അവര്‍ വഞ്ചിച്ചതായി കേട്ടിട്ടില്ല. കിട്ടിയ പണത്തിന് തുല്യമായ ജോലി കൃത്യതയോടെ ചെയ്യുന്നത് അല്ലെങ്കില്‍തന്നെ തെറ്റല്ലല്ലോ. പക്ഷേ, ഡി.എച്ച്.ആര്‍.എം തീവ്രവാദികള്‍ അങ്ങനെയല്ല. കറുത്ത ഷര്‍ട്ടണിഞ്ഞ് മോട്ടോര്‍ ബൈക്കില്‍ (അതും കറുത്തത്) സാധാരണക്കാരനെ വെട്ടിവീഴ്ത്തുന്നത് ഒരു കാരണവുമില്ലാതെയാണ്. അതിനെന്താ കാരണം. ഉത്തരം റെഡിയാണ്. ഭീതി പരത്തി സംഘടന ലോഞ്ച് ചെയ്യാന്‍. അതിനായി 15 പേരുടെ ഒരു ഹിറ്റ് ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്. പുതിയ തീവ്രവാദികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സന്നാഹവും രാപ്പകലില്ലാതെ ഓട്ടത്തിലാണ്. അതുകൊണ്ട് മറ്റ് അക്രമമോ മോഷണമോ (അത് മന്ത്രിയുടെ വീട്ടിലാണെങ്കില്‍പോലും) ഉണ്ടായാല്‍ മാന്യ പൌരന്മാര്‍ സദയം ക്ഷമിക്കണം. തീവ്രവാദി വേട്ടക്കിടെ ഇതിനായി നീക്കിവെക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ്.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]
“അവര്‍ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്
വി.വി. ശെല്‍വരാജ്
നിങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി നോക്കിയിട്ടുണ്ടോ? അവിടെ ക്ഷേമപദ്ധതികളുടെ അപേക്ഷ പൂരിപ്പിച്ച് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന കുറെ അമ്മമാരെ കാണാം, മുക്കാല്‍ ശതമാനത്തിലേറെ പേരും പട്ടികജാതി^വര്‍ഗ ജനവിഭാഗത്തില്‍ പെട്ടവരായിരിക്കും. ഫോറങ്ങളിലെ ചോദ്യങ്ങള്‍ അത്ര സങ്കീര്‍ണതയുള്ളവയൊന്നുമാവില്ല. പേരും വയസ്സും വിലാസവുമടക്കം അവനവനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രം. പക്ഷേ അതുപോലും പരസഹായം കൂടാതെ നിര്‍വഹിക്കാന്‍ കഴിയാത്ത സമൂഹമാണ് ഞങ്ങളുടേത്. ഒടുവില്‍ പൂരിപ്പിച്ച അപേക്ഷക്ക് ചുവട്ടില്‍ മഷിയില്‍ വിരല്‍ മുക്കി പതിക്കുന്നതാണ് ഞങ്ങളുടെ ഒപ്പ്. ഈ അവസ്ഥ മാറ്റിയെടുക്കാനാണ് സാക്ഷരതാ പ്രസ്ഥാനമുണ്ടായത്. മറ്റനേകം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഞങ്ങളുടെ ദുരവസ്ഥ മാറിയില്ല. പദ്ധതികളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് അതില്‍ ലവലേശം വിഷമവും തോന്നിയില്ല. ഇനി ഞങ്ങളുടെ കോളനികളിലേക്കൊന്ന് വരുക. അവിടെ മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളുമെല്ലാം പണിക്ക് പോകുന്നവരായിരിക്കും. പ്രായവും രോഗവും തളര്‍ത്തിയ വൃദ്ധരായ മാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളും മാത്രമാവും പകല്‍ വീടുകളിലുണ്ടാവുക. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ വീട്ടില്‍ ഉറക്കിക്കിടത്തിയിട്ട് കൂലിപ്പണിക്കും കല്ലുപണിക്കും പോകുന്നവരാണ് ഞങ്ങളുടെ പെങ്ങന്മാര്‍. പക്ഷേ അധ്വാനവും ക്ഷീണവും മാത്രമേ അതില്‍ മിച്ചമുണ്ടാവൂ. എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തില്‍ തിരുകി ഞങ്ങളുടെ പുരുഷന്മാര്‍ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലകള്‍ക്ക് മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിന്റെ ലഹരി പോരാത്തവര്‍ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാന്റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. കുടുംബം മുഴുവന്‍ അധ്വാനിച്ചിട്ടും രോഗം പിടിച്ച് മേലനക്കാന്‍ വയ്യാതെ കിടക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങാന്‍, വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി വെക്കാന്‍, സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് യൂനിഫോം വാങ്ങാന്‍ ഇതിനൊന്നും പണം തികയാതെ ദാരിദ്യ്രവും ചീത്തവിളികളും മര്‍ദനങ്ങളും പാരമ്പര്യസ്വത്തായി കൈമാറിപ്പോരുന്നത് കാണാം.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]

ബുദ്ധമത ദർശനങ്ങളെ പിൻ‌പറ്റുന്ന ഒരു സംഘടനയാണ് ഡി എച്ച് ആർ എം എന്നാണ് ഈ റിപ്പോർട്ടും അഭിമുഖവും വെളിപ്പെടുത്തുന്നത്. വർക്കല കൊലപാതകത്തെപ്പറ്റി ശെൽ‌വരാജ് എന്ന അവരുടെ നേതാവ് പറയുന്നു:“പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ സംഘടനയുടെ നേതൃത്വം അറിഞ്ഞല്ല ഈ കൊലപാതകം നടന്നിരിക്കുന്നത്. ഞങ്ങളുടെ പ്രവർത്തകർക്കാർക്കെങ്കിലും ഈ സംഭവത്തിൽ പങ്കില്ല എന്നു തന്നെയാണ് ഈ നിമിഷം വരെയുള്ള വിശ്വാസം. ഞങ്ങൾ ഇതേക്കുറിച്ച് ഗൌരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി എച്ച് ആർ എം പ്രവർത്തകർക്കാർക്കെങ്കിലും ഈ കൊലപാതകവുമായോ മറ്റേതെങ്കിലും അക്രമപ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്നു ബോധ്യം വന്നാൽ അവരെ നിയമത്തിനുമുന്നിൽ ഹാജരാക്കാൻ ഞങ്ങൾ തയ്യാറുമാണ്. നാട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ വിവിധ സംഘടനകളുടെ പ്രവർത്തകർ പ്രതികളാകാറുണ്ട്. മുത്തൂറ്റ് പോൾ വധക്കേസിൽ‌പ്പോലും ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ പ്രതികളാണ് എന്ന ആരോപണമുയർന്നിട്ടുണ്ട്. അതിന്റെ പേരിൽ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട യുവാവ് പ്രവർത്തിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കില്ല. അത് ന്യായവുമല്ല.”

ശരിയല്ലേ? സി പി എം, ആർ എസ് എസ് , എൻഡി എഫ് തുടങ്ങി പല സംഘടനകളുടെയും പ്രവർത്തകർ ഇങ്ങനെ കൊലക്കേസിൽ പ്രതികളായിട്ടുണ്ട്. അതിന്റെ പേരിൽ ആ സംഘടനയുടെ സംസ്ഥാന നേതാക്കളെ അറസ്റ്റു ചെയ്യുകയോ ജാമ്യം പോലും നൽകാതിരിക്കയോ ചെയ്യാറില്ലല്ലോ? മാത്രമല്ല, ഡി എച്ച് ആർ എമ്മുമായി ഒരു ബന്ധവുമില്ലാത്ത ദലിതരുടെ വീടുകളിൽ വരെ പോലീസ് കയറിയിറങ്ങി ‘ടെറർ’ ഉണ്ടാക്കുകയാണ്.
ദലിതരോട് എന്തും ആവാം; ചോദിക്കാനും പറയാനും ആരുമില്ലല്ലോ!

9 comments:

  1. അവര്‍ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്

    ReplyDelete
  2. "അവര്‍ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്"

    ഈ പറഞ്ഞത് പ്രാസ ഭംഗിക്ക് കൊള്ളാം പക്ഷേ ഇന്ന് ഇന്ത്യയില്‍ എന്താണ് നടക്കുന്നത്? “കറുത്ത തൊലിയെ” മുതലെടുക്കുന്ന കാഴ്ചയല്ലേ ഇന്ന് കാണുന്നത്. നിങ്ങള്‍ അടിമകളാണ്, ഒരിക്കലും രക്ഷപ്പെടില്ല എന്ന് “ചിലര്‍” അവരെ പറഞ്ഞ് പഠിപ്പിച്ച് ഒടുവില്‍ അവരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വേണ്ടത് നേടിയെടുക്കുന്നു. അവരിലൂടെ ഇന്ത്യയുടെ ഭദ്രത തകര്‍ക്കുക എന്ന പുതിയ നീക്കം. അത് മുളയിലെ നശീപ്പിച്ചില്ലെങ്കില്‍.....

    നിങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. അത് നിങ്ങള്‍ പ്രയോജനപ്പെടുത്തുക. നട്ടെല്ല് നിവര്‍ത്തി ഞങ്ങള്‍ക്ക് നല്‍കിയത് ഔദാര്യമല്ല എന്നും കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഉയരങ്ങള്‍ കീഴടക്കണം എന്നും അവരെ പറഞ്ഞ് മനസ്സിലാക്കിക്കുന്നതിന് പകരം ആയുധത്തിലൂടെ മാത്രമേ വിജയമുള്ളൂ എന്ന് പഠിപ്പിക്കുന്നവര്‍ അവരെ രക്ഷിക്കുവാനായി പൊട്ടി മുളച്ചതാണെന്ന് സമ്മതിച്ച് കൊടുക്കണമോ!!!

    വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ സ്വരം ഉയര്‍ത്തിപ്പിടിക്കാമെന്ന് കേരളത്തില്‍ പണ്ടേ പല ഗുരുവര്യന്മാരും കാട്ടി തന്നിട്ടില്ലേ. “കറുത്ത തൊലി”ക്കാരായ അമേരിക്കക്കാര്‍ ഇന്ന് അവര്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിച്ച് വിദ്യാഭ്യാസം നേടുവാന്‍ മത്സരിക്കുന്നു. കാരണം അവരില്‍ ഈ ബോധമുണ്ടാക്കുവാന്‍ ആളുകളുണ്ടായി. ആ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഒബാമയുടെ പ്രസിഡന്റ് പദവി. എന്നാല്‍ ഇന്ത്യയില്‍ അങ്ങിനെയൊരു പോസിറ്റീവ് മുന്നേറ്റത്തിന് ഈ പറയുന്നവര്‍ തയ്യാറാകുന്നുണ്ടോ?

    ക്യൂവില്‍ നില്‍ക്കുന്ന, ഫോം പൂരിപ്പിക്കുവാന്‍ കഴിയാത്ത തങ്ങളുടെ ആളുകളെ നോക്കി സഹതപിച്ച്, അത് വരച്ച് കാണിച്ച് മറ്റുള്ളവരെ രോഷം കൊള്ളിക്കുകയല്ല മറിച്ച് വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കാവുന്ന അവസരങ്ങള്‍ ചൂണ്ടി കാണിച്ച് കൊടുത്ത് അത് നേടിയെടുപ്പിക്കുകയും അതിനായി ഭരണനേതാക്കളില്‍ സ്വാധീനം ചെലുത്തുകയുമല്ലേ വേണ്ടത്?

    ആയുധമല്ല മറിച്ച് വിദ്യയാണ് അവര്‍ക്ക് നല്‍കേണ്ടത്.

    ReplyDelete
  3. @മനോജ്:
    “ആയുധത്തിലൂടെ മാത്രമേ വിജയമുള്ളൂ “ എന്ന് ഡി ഏച്ച് ആർ എം എന്നല്ല ഏതെങ്കിലും ദലിത് സംഘടന പഠിപ്പിക്കുന്നുണ്ടോ? താങ്കൾ എങ്ങനെയാണു അത്തരമൊരു നിഗമനത്തിലെത്തിയത്? വർക്കല കൊലപാതകം ഇനിയും ചുരുൾ നിവരാനുള്ള കാര്യമാണ്. സി പി എം, ബി ജേ പി(ആർ എസ് എസ്സ്) ഇവർ കൊന്നിട്ടുള്ളതിനേക്കാൾ കുടുതൽ ആളുകളെ ഈ കേരളത്തിൽ ആരെങ്കിലും കൊന്നിട്ടുണ്ടോ? അതിൽ ഒരു കൂട്ടരെ ഹിന്ദുത്വ വാദികൾ എന്നു വിളിക്കുന്നുവെന്നല്ലാതെ ഇരുകൂട്ടരെയും ‘ഭീകരരെ’ന്ന് ആരെങ്കിലും വിശേഷിപ്പിക്കാറുണ്ടോ? നിരപരാധരെ കൊല്ലുന്നതാണു ഭീകരപ്രവർത്തനമെങ്കിൽ ഇവരും ഭീകരരല്ലേ? അതോ മുസ്ലിങ്ങളും ദലിതരും കൊന്നാൽ മാത്രമേ അതു ‘ഭീകര’ പ്രവർത്തനമാകൂ എന്നുണ്ടോ?
    ഇത്രയും എഴുതിയത് തീവ്രവാദത്തെയോ ഭീകരതെയേയോ നീതിമത്കരിക്കാനല്ല. ജനാധിപത്യപരമായ മാർഗങ്ങളിലൂടെ മാത്രമേ ഇന്നത്തെ കാലത്ത് ഏതൊരു പ്രശ്നവും പരിഹരിക്കാൻ നോക്കാവൂ എന്ന അഭിപ്രായക്കാരൻ തന്നെയാണ് സത്യാന്വേഷി. എന്നാൽ ആ ജനാധിപത്യം ഒരു കൂട്ടർക്കു മാത്രമാവരുതെന്നു മാത്രം. അങ്ങനെ വന്നാൽ അസം‌പൃതർ ആയുധമെടുക്കുന്നതു പോലുള്ള സമരങ്ങൾ/തീവ്രവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതായത് തികച്ചും രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളാണ് ഭീകരതയും തീവ്രവാദവും മറ്റും എന്നർഥം. ഇന്നു പക്ഷേ ഭരണകൂടം-അതേതായാലും- ഭീകരതയെ പ്രതിഭീകരത കൊണ്ടു നേരിടാനാണു ശ്രമിക്കുന്നത്. ആ അർഥത്തിലാണ് ഡി എച്ച് ആർ എം പ്രശ്നം ഇവിടെ അവതരിപ്പിച്ചത്.

    ReplyDelete
  4. സത്യാന്വേഷി കൊലപാതകം ആര് ചെയ്താലും ന്യായീകരിക്കത്തക്കതല്ല .. പക്ഷെ താങ്കള്‍ പറഞ്ഞ ആര്‍.എസ്.എസ് സി പി എം കൊലപാതകങ്ങള്‍ ഒക്കെ രാഷ്ട്രീയ കാരണങ്ങള്‍ ആണ് . അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടത് .. അല്ലാതെ വഴിയെ നടന്നു പോയ ഒരാളെ കൊന്നതല്ല .. ഈ മരിച്ച ആള്‍ ഡി എച്ച് ആര്‍.എം നെയോ അതിന്റെ പ്രവര്‍ത്തനങ്ങലെയോ എതിര്‍ത്ത ആള്‍ ആണോ .. അല്ലെങ്കില്‍ ഡി എച്ച് ആര്‍.എം നെതിരെ എതിര്‍ക്കുന്ന സംഘടനയിലെ അംഗം ആണോ ?? അങ്ങനെ എന്തെങ്കിലും ബന്ധം ഉണ്ടോ .. ഇല്ലല്ലോ .. അപ്പോള്‍ അന്ന് വഴി നടന്നതില്‍ കിട്ടിയ ആളെ തട്ടി .. എന്നതാണ് കാര്യം

    പിന്നെ നേരത്തെ പറഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങളിലോക്കെ പോലീസ്‌ ആ പ്രദേശത്തുള്ള ആര്‍.എസ്.എസ് ക്കാരെയും സി പി എമ്മുകാരെയും ഒക്കെ അന്വേഷിക്കും പിടിക്കും .. അത് മാത്രമല്ലേ ഇവിടെയും സംഭവിച്ചുള്ളൂ .. അതിനു തൊലിയുടെ നിറമൊക്കെ പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാവുന്നതെ ഉള്ളൂ .കഴിഞ്ഞ വാരികയില്‍ ഇത് ജന ശ്രദ്ധ തിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചെയ്തതാകും എന്നാ രീതിയില്‍ ഉള്ള ലേഖനം ഒക്കെ വന്നിരുന്നു .. അതും താങ്കളുടെ ബ്ലോഗില്‍ തന്നെ വന്നിരുന്നു ..

    പിന്നെ മാധ്യമം എന്നാ പത്രത്തിന്റെയും അതിന്റെ പിന്നിലുള്ളവരുടെയും ദളിത സ്നേഹം എന്തിനെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ .. വിഷയവുമായി ബന്ധപ്പെട്ടത് അല്ലാത്തത് കൊണ്ട് കൂടുതല്‍ പറയുന്നില്ല ..

    പിന്നെ കേരളം ഭരിക്കുന്നത്‌ മോഡി അല്ലല്ലോ .. ഇടതു പക്ഷം അല്ലെ .. കേരള പോലീസ്‌ ഇതെല്ലാം ഉണ്ടാക്കി പറയുക ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് .. പ്രത്യേകിച്ചും തങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ച് കോണ്‍സ്പിരസി തിയറികള്‍ മെനയുന്ന മാധ്യമം പറയുമ്പോള്‍ ..

    ReplyDelete
  5. ‌@ അജീഷ്:
    രാഷ്ട്രീയകൊലപാതകം ശരിയും വഴിയിൽക്കൂടി നടന്നുപോകുന്നയാളെ കൊല്ലുന്നതു തെറ്റും ആകുന്നതെങ്ങനെ? രണ്ടും സത്യാന്വേഷി നീതിമത്കരിക്കില്ല. വർക്കല കൊലപാതകത്തിൽ ഡി എച്ച് ആർ എമ്മിനോ മറ്റാർക്കെങ്കിലുമോ പങ്കുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. അതിന്റെ പേരിൽ പക്ഷേ നിരപരാധരും ചോദിക്കാനും പറയാനും ആരുമില്ലാത്തവരുമായ ദലിതരെ ‘ഭീകരവാദികളാക്കുന്ന’ വിദ്യയെ ചോദ്യം ചെയ്യുന്നത് ഈ കേരളത്തിൽ മാധ്യമം മാത്രമേയുള്ളൂ. അവർ ദലിതസ്നെഹത്തിൽ സംശയമുള്ളവർ എന്തേ ദലിതരെ സ്നേഹിക്കാൻ കാണാത്തത്? അഥവാ അവരെ ദലിതർ വിശ്വാസത്തിലെടുക്കാത്തത്? ദലിതർ ഭൂരിപക്ഷവും ഇപ്പോളും സി പി എമ്മിലും അതുപോലുള്ള വ്യവസ്ഥാപിത പ്രസ്ഥാനങ്ങളിൽ തന്നെയാണല്ലോ. എന്നിട്ടെന്താ അവരുടെ പ്രശ്നങ്ങളിൽ ഈ പാർട്ടികളുടെ അജണ്ഡയിൽ വരാത്തത്? അവിടെ മോഡിയെന്നോ ഇടതുപക്ഷമെന്നോ ഉള്ള വ്യത്യാസം ദലിതർക്കു കൂടി ബൊധ്യപ്പെടട്ടെ. സി കെ ജാനു മുതൽ ളാഹ ഗോപാലൻ വരെയുള്ള ആളുകൾക്കു ബോധ്യപ്പെട്ടിട്ടില്ല. അവരും അവരെപ്പോലുള്ള നിരവധി ആളുകളും ഉന്നയിക്കുന്ന സ്വത്വ രാഷ്ട്രീയ പ്രശ്നം അവഗണിക്കാൻ ഇനിയുള്ള കാലം കഴിയില്ല; അജീഷിനെപ്പോലുള്ളവരുടെ ഹിന്ദുത്വത്തിനും അതു കഴിയില്ല. ഒ ബി സി ക്കാരെപ്പോലെ ‘ഓക് വേഡ്’‘ ‘നോ ബ്രെയ്ൻ’ കാസ്റ്റ്സ് അല്ല ദലിതർ. അംബേഡ്കറിസം എന്ന ആന്റി ബ്രാഹ്മണിക്കൽ ഐഡിയോളജിയാൽ സജ്ജരാണവർ. അതു മതി അവർക്ക് ആയുധമായി.

    ReplyDelete
  6. സത്യാന്വേഷി ...ഒന്ന് ശരി ആണെന്ന് ഞാന്‍ എവിടെയും പറഞ്ഞില്ലല്ലോ .. കൊലപാതകം നീതീകരിക്കതക്കതല്ല .. പക്ഷെ അതിന്റെ സാഹചര്യം വിലയിരുത്തണം എന്നെ പറഞ്ഞുള്ളൂ .. രാഷ്ട്രീയ കൊലപാതകങ്ങളില്‍ അത് ചെയ്യുന്നവര്‍ക്ക്‌ അവരുടേതായ കാഴ്ച പാടുണ്ട് .. ശരിയല്ലേ .. പൊതു സമൂഹത്തിനു മുന്നില്‍ അത് തെറ്റാണ് .. അത് പോലെ എന്ത് കാഴ്ചപ്പാടില്‍ ആണ് വര്‍ക്കലയിലെ കൊലപാതകം നടത്തിയത് എന്നാണു എന്റെ ചോദ്യം ?? എന്തിനു ?? എന്തുകൊണ്ട് ??

    പിന്നെ ദളിതന്റെ കൂടെ നില്‍ക്കുന്നത് ദളിതനെ അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചു വിട്ടല്ല സുഹൃത്തേ .. അവന്‍ അക്രമം ചെയ്‌താല്‍ അതിനെ ന്യായീകരിച്ചുമല്ല .. താങ്കള്‍ പറഞ്ഞ മാധ്യമം ഞാന്‍ സ്ഥിരമായി വായിക്കുന്ന ആള്‍ ആണ് .. അതില്‍ വരാറുള്ള ഒന്ന് രണ്ടു തലക്കെട്ടുകള്‍ ഇങ്ങനെ .. ദളിത്‌ കുട്ടിയുടെ മുടി മുറിച്ചു , ദളിത്‌ കുട്ടിയെ റാഗ് ചെയ്തു .. ദളിത്‌ തടവുകാരനെ വെട്ടി ക്കൊന്നു .. എന്താണ് സുഹൃത്തേ ഈ വാര്‍ത്തകളുടെ സാംഗത്യം ?? എന്താണ് മാധ്യമം ഇത് കൊണ്ട് അര്‍ത്ഥം ആക്കുന്നത് .. ദളിതന്‍ ആയതു കൊണ്ട് മുടി മുറിച്ചു .. ദളിതന്‍ ആയതുകൊണ്ട് വെട്ടിക്കൊന്നു .. എന്നല്ലേ ഉദ്ദേശിക്കുന്നത് .. (അവരുടെ വേറൊരു ഐഡിയ ഉണ്ടല്ലോ മുസ്ലിം ആയതു കൊണ്ട് മാത്രം കൊല്ലുന്നു . മുസ്ലിം ആയതു കൊണ്ട് മാത്രം പോലീസ്‌ പിടിക്കുന്നു എന്ന രീതിയില്‍ ) അതായത് അവന്റെ മനസ്സില്‍ കൂടുതല്‍ വിദ്വേഷം കുത്തി വെക്കാന്‍ .. കണ്ടോ നിങ്ങള്ക്ക് രക്ഷയില്ല എന്നുള്ള രീതിയിലുള്ള അരക്ഷിത ബോധം ഉണ്ടാക്കല്‍ ( മുസ്ലിം യുവാക്കളില്‍ അരക്ഷിത ബോധം ഉണ്ടാക്കി കാശ്മീരില്‍ പറഞ്ഞു വിട്ടത് പോലെ )

    പിന്നെ പോലീസ്‌ അന്വേഷിക്കുന്ന രീതി .. അത് ദളിതനോട് മാത്രമല്ല .. മറ്റുള്ളവരോടും ഇങ്ങനെ ഒക്കെ തന്നെ അല്ലെ .. പിന്നെ അക്രമവും സവര്‍ണ്ണ വിരോധവും കൊണ്ട് ദളിതന്‍ രക്ഷപ്പെടുമെന്നു താങ്കള്‍ക്കു തോന്നുന്നുണ്ടോ ?? ഉണ്ടെങ്കില്‍ ഞാന്‍ നിര്‍ത്തി .

    ഒരു കാര്യം കൂടി പറയുമോ .. ഈ മാധ്യമവും അതിന്റെ പിന്നിലുള്ള പ്രസ്ഥാനവും ദളിത സ്നേഹം എന്ന് തുടങ്ങി എന്ന് .. ദളിതന്‍ ഇതിലും കഷ്ടപ്പെട്ട അവസ്ഥയില് അവനോടു കൂടി നിന്നതും അവനെ ഒരു പരിധി വരെ ഉയര്‍ത്തിയതിലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമ് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്‌ .. അന്നൊന്നും ഇല്ലാത്ത ദളിത്‌ സ്നേഹം ഇന്ന് വന്നതിനു പിന്നില്‍ വേറെ ലക്ഷ്യങ്ങളുണ്ട്‌ . അതൊക്കെ മനസ്സിലാക്കാന്‍ സാമാന്യ ബോധം മതി ..

    ReplyDelete
  7. വർക്കല കൊലപാതകത്തിനു പിന്നിലെ കാഴ്ച്ചപ്പാടും മറ്റും ഇതുവരെ ആർക്കും മനസിലായിട്ടില്ല. പൊലീസിന്റെ ഭാഷ്യം മാത്രമാണു പുറത്തുവന്നിരിക്കുന്നത്. അതു ശരിയാണോ എന്ന് അജീഷിനോ സത്യാന്വേഷിയ്ക്കൊ ഇപ്പോൾ പറയാനാവില്ല. എന്തിന്റെ പേരിലായാലും നിരപരാധരെയോ അപരാധരെയോ കൊലചെയ്യാൻ നിയമവാഴ്ച്ച നിലവിലുള്ള ഒരു രാജ്യത്ത് പൌരന്മാർ തുനിഞ്ഞാൽ അത് അരാജകത്വത്തിലേക്കു നയിക്കും. ദലിതരോടുള്ള അക്രമം തടയാൻ പ്രത്യേക നിയമം ഉള്ള രാജ്യം ആണിത്. സാമൂഹികവും വിദ്യാഭ്യാസപരമായും ഉള്ള അവരുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് ഭരണാഘടനപരമായി തന്നെ പ്രത്യേക പരിരക്ഷകൾ അവർക്കുണ്ട്. അതുകൊണ്ട് അവർക്കെതിരെയുള്ള അക്രമങ്ങളെ ആ രിതിയിൽ കാണുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യേണ്ടതുണ്ട്. മാധ്യമം വന്നപ്പോൾ അങ്ങനെ റിപ്പോർട്ട് ചെയ്യുന്നത് തീർച്ചയായും അതിക്രമകാരികൾക്ക് അസ്വസ്ഥത ഉണ്ടാക്കും.അത് അവരെ അക്രമത്തിലേക്ക് തിരിച്ചു വിടാനാണെന്ന വാദം ദലിതരെ എക്കാലവും അടിച്ചമർത്തി മർദിച്ചൊതുക്കാനുള്ള പഴുതിനുവേണ്ടിയുള്ള വിതണ്ഡവാദമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ദലിത സ്നേഹം ദലിതർക്കു നേരിട്ടു മനസ്സിലായിട്ടുണ്ട്. അവരെ അത് നമ്മളാരും ഇനി പഠിപ്പിക്കേണ്ടതില്ല. മാധ്യമം വരുന്നതിനുമുൻപ് ‘ദലിത്’ എന്ന പ്രയോഗം തന്നെ ഈ കേരളത്തിൽ അധികമാരും കേട്ടിരുന്നില്ല. ആ പ്രയോഗത്തെപ്പൊലും ഭയക്കുന്നവരാണ് ഇവിടത്തെ ‘മുഖ്യധാരാ’ പ്രസ്ഥാനങ്ങൾ. ജാതിപരമായ അക്രമങ്ങളെയും വിവേചനത്തെയും ചെറുക്കുന്നതിൻ ജാതിയെക്കുറിച്ചല്ലാതെ ജാതകദോഷത്തെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ലല്ലോ? ജാതിയോ? അതെന്തു സാധനം? അത് ഈ പുണ്യഭൂമിയിൽ ഉണ്ടോ? പണ്ടെങ്ങാനും ഉണ്ടായിരുന്ന ജാതിവ്യവസ്ഥിതിയെക്കുറിച്ച് ഇന്നു പറയുന്നതിൽ എന്തു പ്രസക്തി എന്ന് അദ്ഭുതം കൂറുന്ന ജാതിക്കോമര നാട്യങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും പാകത്തിൽ ദലിതർ വളർന്നു.

    ReplyDelete
  8. സെറീന വില്യംസ് ESPN മാസികയ്ക്കു വേണ്ടി നഗ്നയായി പോസ് ചെയ്തിരുന്നു. ഒക്ടോബര്‍-9 ഇഷ്യൂ കാണുക. എന്ത് ഭംഗിയാണ് ആ കറുത്ത തൊലിക്ക്. (ആരും വെറുക്കില്ല) പിന്നെ ഒരു കാര്യം - നമ്മുടെ സര്‍കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗവും സംവരണവിഭാഗം ആണ്, അല്ലാതെ സവര്‍ണര്‍ അല്ല. എന്നിട്ടെന്തേ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ദളിതര്‍ക്ക് നീതി ലഭിക്കാത്തത്????

    ReplyDelete
  9. സർക്കാർ ഓഫീസുകളിലെ ഈ കണക്ക് കുട്ടിച്ചാത്തന് എവിടെനിന്നു കിട്ടി? സർക്കാർ സർവീസിൽ സംവരണവിഭാഗങ്ങൾ ഉള്ളതു തന്നെ ക്ലാസ് 4,ക്ലാസ് 3 തസ്തികകളിലാണ്. വളരെ അപൂർവം ആണ് ക്ലാസ് 2, ക്ലാസ് 1 തസ്തികകളിൽ. അതായത തീരുമാനമെടുക്കേണ്ട നിർണായക സ്ഥാനങ്ങളിൽ ഇപ്പോഴും സവർണർക്കാണു മുൻ‌തൂക്കം. പിന്നെ ഒ ബി സി-ദലിത് വൈരുധ്യവും വലിയ പ്രശ്നം തന്നെയാണ്.

    ReplyDelete