Tuesday, October 6, 2009

പുതിയ അപരന്മാർ?

'In Germany, the Nazis first came for the Communists,
and I did not speak up because I was not a Commuist.
Then they came for the Jews,
and I did not speak up because I was not Jew.
Then they came for the trade unionists,
and I did not speak up because I was not a trade unionist.
Then they came for the Catholics
and I did not speak up because I was a Protestant....
Then they came for me, and by that time,
there was no one left to speak up for me'
അരാഷ്ടീയക്കാരായ കലാകാ‍രന്മാർക്കും എഴുത്തുകാർക്കും എതിരായി കമ്യൂണിസ്റ്റുകാർ കൂടക്കൂടെ ഉദ്ധരിക്കുന്ന ഈ കവിത, റവ.മാർട്ടിൻ നിമോലറിൻ എഴുതിയതാണ്. മുപ്പതുകളുടെ ആരംഭത്തിൽ ഹിറ്റ്ലറെ പിന്തുണച്ചിരുന്ന നിമോലറിൻ, പിന്നീട് ഹിറ്റ്ലറുടെ വർണവെറിക്കെതിരാവുകയും ഹിറ്റ്ലർക്കെതിരെ പോരാടുകയും ചെയ്തു. 1937ൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ഷാസൻ ഹാസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ അടയ്ക്കപ്പെടുകയും ചെയ്തു. ഈ കവിത ഇപ്പോൾ നമ്മുടെ നാട്ടിലെ കമ്യുണിസ്റ്റുകൾ ഉദ്ധരിക്കാറില്ല. അവരുടെ ‘പോരാട്ടം’ മനുഷ്യച്ചങ്ങലയിലും ഹർത്താലിലും മറ്റും ഒതുങ്ങി. മാത്രമല്ല, ഭരണകൂടത്തിന്റെ ഭാഗമാണവർ. ഭരണകൂടനയങ്ങൾക്കെതിരെ പല രീതിയിൽ സമരം ചെയ്യുന്ന ദലിതർ,ആദിവാസികൾ തുടങ്ങിയ ദുർബലരെ ‘തേടിച്ചെല്ലുന്ന’വരുടെ റോളിലേക്കവർ മാറി. ഈ കാര്യം ഇവിടെ ഓർക്കുന്നത് ഡി എച്ച് ആർ എം അന്ന ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റിനെ സംബന്ധിച്ച് സമീപകാലത്തു വരുന്ന വാർത്തകൾ വായിച്ചപ്പോഴാണ്. മുസ്ലിങ്ങളെ നേരത്തെ തന്നെ അപരരാക്കി മാറ്റിക്കഴിഞ്ഞു. നാം മിണ്ടാതിരുന്നു. നമ്മൾ മുസ്ലിങ്ങളല്ലല്ലോ. ഇപ്പോൾ അതേ നയം ദലിതരോടും സ്വീകരിക്കുകയാണോ? പുതിയ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ കെ സുനിൽകുമാർ ആ സംശയം ഉന്നയിക്കുന്നു:
പുതിയ അപരന്മാര്‍ സൃഷ്ടിക്കപ്പെടുന്നു?
കെ. സുനില്‍കുമാര്‍
“കേരളത്തില്‍ നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നത് അസാധാരണമല്ല. രാഷ്ട്രീയ പകപോക്കലുകള്‍, ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും അക്രമങ്ങള്‍ എന്നിവയിലെല്ലാം അനേകം പേര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും കൊലക്കത്തിക്കും ബോംബിനും ഇരയായി മരിച്ചവരും മരിച്ചുജീവിക്കുന്നവരുമായ നൂറുകണക്കിന് നിരപരാധികളും അവരുടെ കുടുംബങ്ങളും ഇവിടെയുണ്ട്. വര്‍ക്കലയിലും അത്തരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ നിരപരാധിയായ ഒരു മനുഷ്യന്‍ അതിദാരുണമാംവിധം കൊല്ലപ്പെട്ടു. ഇതുവരെ പൊലീസ് നല്‍കുന്ന വിവരങ്ങളില്‍നിന്നും അറസ്റ്റുകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആര്‍.എം) എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്നാണ്. ഇത്തരത്തില്‍ നിഷ്ഠുരമായ ഒരു കൊലപാതകം നടത്തിയത് അവര്‍ തന്നെയാണോ അല്ലെങ്കില്‍ ഈ സംഘടനക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ, സംഘടനാ തീരുമാനപ്രകാരമാണോ കൊല നടത്തിയത്, സംഘടനയുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട പ്രാദേശികമായ എന്തെങ്കിലും സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണോ ഈ സംഭവം, അതോ മറ്റാരെങ്കിലും നടത്തിയ കൃത്യം ഇവരുടെ തലയില്‍ വെച്ചുകെട്ടുകയാണോ, കൊലയുടെ കാരണം എന്ത് എന്നീ കാര്യങ്ങളെല്ലാം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ പൊലീസ് ഭാഷ്യം വിശ്വാസത്തിലെടുത്താല്‍പോലും ഒരു ചെറിയ സംഘടന നടത്തിയെന്ന് കരുതപ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തനത്തെ ഒരു ജനവിഭാഗത്തിനെതിരെ തിരിച്ചുവിടുന്ന തരത്തിലുള്ള പ്രചാരണ യുദ്ധത്തിനു (Propaganda war) വേണ്ട തിരക്കഥ സൃഷ്ടിക്കപ്പെടുന്നു എന്ന് കരുതേണ്ടിവരും. കേരളത്തില്‍ പല ഭാഗത്തും ഈ സംഘടനയുമായി ബന്ധമില്ലാത്ത ദലിത് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ മാവോയിസ്റ്റ്, ഇസ്ലാമിക തീവ്രവാദ ബന്ധം കണ്ടെത്താനും അന്വേഷണം നടക്കുന്നതായി പൊലീസ് പറയുന്നു. ഒരു സംഘടനയെ സമൂഹമധ്യത്തില്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതിനുവേണ്ടിയാണ് നിരപരാധിയായ ഒരു മനുഷ്യനെ കൊലപ്പെടുത്തിയെന്ന പൊലീസ് ഭാഷ്യം എത്രമാത്രം വിശ്വാസയോഗ്യമാണ് എന്ന സംശയം സ്വാഭാവികം മാത്രമാണ്. അത്രയും ബുദ്ധിശൂന്യമാണ് ഒരു സംഘടനയെങ്കില്‍ അതിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടി വരില്ല. അതേസമയം, ഒരു വിഭാഗം ക്രിമിനലുകള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യയശാസ്ത്രത്തിന്റെയും സാമുദായികതയുടെയും ആവരണമുണ്ടെന്ന പേരില്‍, മുസ്ലിംകള്‍ക്ക് പിന്നാലെ ഒരു ജനവിഭാഗത്തെ കൂടി അപരരാക്കി (other)മാറ്റുന്നതിനുള്ള സുദീര്‍ഘമായ പദ്ധതി പ്രയോഗവത്കരിക്കപ്പെടുകയാണോ എന്ന സന്ദേഹവും ഉയരുന്നുണ്ട്.“
കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍(2009 ഒക്റ്റോബർ 12)

ആ ലേഖനത്തെക്കൂടാതെ കെ എസ് അബ്ദുൽകരീം എഴുതിയ മറ്റൊരു ലേഖനവും ഉണ്ട്:‘ഈ തിരക്കഥക്ക് ഒട്ടും പഞ്ച് പോരല്ലോ,സർ’ എന്ന പേരിൽ. അതിൽ നിന്ന്”

കാർഗിലിൽ രക്തസാക്ഷികളായ പട്ടാളക്കാർക്കു വേണ്ടി ശവപ്പെട്ടി വാങ്ങിയതിൽ എൻ ഡി എ സർക്കാർ വെട്ടിപ്പു നടത്തിയ കാര്യം ചർച്ച ചെയ്യാനിരിക്കെ പാർലമെന്റ് ആക്രമിക്കപ്പെട്ടപോലെ,കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോളെല്ലാം ചില യാദൃഛികതകൾ ഉണ്ടാവുന്നുണ്ട്. ബീമാപ്പള്ളി വെടിവയ്പ്പ്, എറണാകുളം കലക്ട്രേറ്റിലെ സ്ഫോടനം, അഭയ സിഡി ചോർച്ച ഇവയെല്ലാം സംഭവിച്ചത് ഭരണകക്ഷി രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലായിരുന്നു. വർക്കലയിൽ വഴിയാത്രക്കാരൻ കൊല ചെയ്യപ്പെട്ടതും ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടന ന്യൂസ് അവറുകളുടെ മുഖ്യ ഭാഗവും പിടിച്ചടക്കുന്നതും ഇത്തരമൊരു അവസ്ഥയിൽ തന്നെയാണ്.
ഒരു വർഷത്തിനു മേലായി സർക്കാരിനു തലവേദനയുണ്ടാക്കുന്ന ചെങ്ങറ സമരം ഒത്തുതീർപ്പാക്കാൻ പാക്കേജ് ആയി എന്ന് മന്ത്രി പ്രഖ്യാപിക്കുന്നു. ചെങ്ങറ സമര ഭൂമിയിൽ സമരക്കാർ ഏറ്റുമുട്ടുന്നു. സമരത്തിനു പിന്നിൽ സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്ന് ചിലർ പത്രസമ്മേളനം നടത്തുന്നു. ഈ സംഘടനകളുടെയും സമരങ്ങളുടെയും പിന്നിൽ ഫണ്ടിങ്ങാണെന്ന് നമ്മൾ തീരുമാനത്തിലെത്തുന്നു. അതിനിടയിലെ വാർത്തകളിൽ ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന രണോത്സുക സംഘടന രംഗപ്രവേശം ചെയ്യുന്നു. ഇവർക്ക് ആയുധ പരിശീലനം നൽകുന്നത് മുസ്ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പറയുന്നതോടെ ഒരു മരുന്നുകൊണ്ട് പൊലീസ് ഒരുപാട് രാഷ്ട്രീയ തലവേദനകൾ ചികിത്സിക്കാൻ ശ്രമിക്കുന്നു. ക്ഷേത്ര മോഷണം നടത്തുന്നവരും നിരപരാധികളെ കൊല്ലുന്നവരും ആണ് ദലിതുകളുടെ സംരക്ഷണത്തിനിറങ്ങിയിരിക്കുന്നത് എന്നു പ്രചരിപ്പിക്കുന്നതോടെ മുളപൊട്ടുന്ന ദലിത് നാമ്പുകളെ കരിച്ചുണക്കാമെന്നും ഈ ദൌത്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണ ആവോളമുണ്ടാവുമെന്നും പൊലീസിനും ഭരണാധികാരികൾക്കും നന്നായറിയാം.ജനങ്ങളെ ഭയപ്പെടുത്തിയും പ്രകോപിപ്പിച്ചും ദലിതുകൾക്കെതിരെ തിരിച്ചുവിട്ട് പിന്നീട് അവരുടെ രക്ഷകരായി പുനരവതരിച്ച് നേതൃത്വം കൈയടക്കാനുള്ള മുഖ്യധാരാ രാ‍ഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒളിയജണ്ട ഇതിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
(ലേഖനങ്ങൾ സ്കാൻ ചെയ്തു ചേർക്കാൻ നിവൃത്തിയില്ലാത്തതിനാൽ ആഴ്ച്ചപ്പതിപ്പിൽ അവ മുഴുവൻ വായിക്കാൻ അപേക്ഷിക്കുന്നു. )
പോൾ മുത്തൂറ്റ് വധക്കേസിലെ പ്രശ്നങ്ങളും ഇപ്പോൾ ഡി എച്ച് ആർ എമ്മിൽത്തട്ടി മാറിനിൽക്കയാണെന്നും ഈ സന്ദർഭത്തിൽ ഓർക്കാം.

3 comments:

  1. മുസ്ലിങ്ങളെ നേരത്തെ തന്നെ അപരരാക്കി മാറ്റിക്കഴിഞ്ഞു. നാം മിണ്ടാതിരുന്നു. നമ്മൾ മുസ്ലിങ്ങളല്ലല്ലോ. ഇപ്പോൾ അതേ നയം ദലിതരോടും സ്വീകരിക്കുകയാണോ? പുതിയ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ കെ സുനിൽകുമാർ ആ സംശയം ഉന്നയിക്കുന്നു:

    ReplyDelete
  2. വായനാശീലം വളരെ കുറവാണ്.
    മാധ്യമം വായിക്കാറില്ല.
    ഇനി വായിച്ചേ മതിയാകു എന്നു വ്യക്തമായി.

    ReplyDelete