Wednesday, February 24, 2010

സംവരണം: ഹൈ കോടതി പരാമര്‍ശത്തിനെതിരെ മാര്‍ച്ച്


ഉദ്യോഗം ലഭിച്ചവരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കണം: വെള്ളാപ്പള്ളി നടേശന്‍
കൊച്ചി: കേരളത്തില്‍ ഉദ്യോഗം ലഭിച്ചവരുടെ ജാതിതിരിച്ചുള്ള കണക്കെടുക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ലെന്നും ഇനിയെങ്കിലും അത്തരം ഒരു കണക്കെടുക്കാനും അതിന്റെ പട്ടിക പ്രസിദ്ധീകരിക്കാനും തയ്യാറാവണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇത്തരത്തിലൊരു കണക്കെടുക്കുകയാണെങ്കില്‍ സംവരണം സംബന്ധിച്ച സത്യം വെളിപ്പെടും. 25 ശതമാനത്തോളം വരുന്ന മുന്നാക്കസമുദായമാണ് ഉദ്യോഗങ്ങള്‍ പകുതിയോളം കൈയടക്കിവെച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സംവരണ സമുദായ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈക്കോടതി മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചിരുന്നുവെങ്കില്‍ കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തില്ലായിരുന്നു. മുന്നാക്കക്കാരും പിന്നാക്കക്കാരും മത്സരപരീക്ഷ എഴുതി വന്ന് പ്രാഗത്ഭ്യത്തിലൂടെ അധികാരത്തിലെത്തണമെന്നാണ് കോടതി പറഞ്ഞത്. ഇത് 80 ശതമാനത്തോളംവരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന പരാമര്‍ശമാണ്.

ഇന്ത്യന്‍ ഭരണഘടനയെ ചോദ്യംചെയ്യുന്നതാണ് കോടതിയുടെ ഈ പരാമര്‍ശം. വസ്തുതാപരമായി കാര്യങ്ങള്‍ പഠിക്കാതെയാണ് ഇത്. സമരംചെയ്ത് നേടിയ അവകാശമാണ് സംവരണം എന്ന കാര്യം കോടതി വിസ്മരിച്ചു. കോംപ്ലാനും മുട്ടയും പാലുമെല്ലാം കഴിച്ചുവളരുന്ന കുട്ടികളോട് മത്സരിച്ച് ഓലപ്പുരയിലെ കുട്ടികള്‍ ജയിക്കണമെന്ന പരാമര്‍ശമാണ് കോടതി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ അനവസരത്തിലുള്ള പ്രസ്താവന സവര്‍ണശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കും. രാജ്യത്തിന്റെ സമ്പത്തുമുഴുവന്‍ സവര്‍ണശക്തികള്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എല്ലാം ലഭിച്ചിട്ടും അധികാരവും അവകാശവും ഉദ്യോഗവുമെല്ലാം ഇനിയും വേണമെന്നാണ് അവരുടെ പക്ഷം.

സാമൂഹിക നീതിയാണ് പിന്നാക്ക സമുദായങ്ങള്‍ അവകാശപ്പെടുന്നത്. 62 കൊല്ലം കഴിഞ്ഞിട്ടും സാമൂഹിക നീതിയുടെ ഏഴയലത്തുപോലും എത്താന്‍ സാധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷനായി. എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.

അഡ്വ. പി.എം.എ.സലാം എംഎല്‍എ, അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, നീലലോഹിതദാസന്‍നാടാര്‍, ടി.എ.അഹമ്മദ് കബീര്‍, എ.എന്‍.രാജന്‍ബാബു, അബ്ദുല്‍ അസീസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ. അബ്ദുള്‍ കരീം, കുട്ടപ്പ ചെട്ടിയാര്‍, ശശിധരന്‍ പിള്ള, അബ്ദുള്‍സലാം, കെ.മാനുവല്‍, അലിയാര്‍, എം.എസ്.ജയപ്രകാശ്, മനോജ്കുമാര്‍, പി.കെ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.(മാതൃഭൂമി)

സാമ്പത്തിക സംവരണം: ഹൈക്കോടതി പരാമര്‍ശം പിന്നാക്ക സമുദായങ്ങള്‍ക്ക് വേദനയുണ്ടാക്കി: വെള്ളാപ്പള്ളി

കൊച്ചി: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം പിന്നാക്ക സമുദായങ്ങള്‍ക്ക് വല്ലാത്ത വേദനയുണ്ടാക്കിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സാമ്പത്തിക സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് സംവരണ സമുദായ ആക്ഷന്‍ കൌണ്‍സില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി ലഭിച്ചതിനെക്കുറിച്ച് ജാതി തിരിച്ചുള്ള കണക്കെടുപ്പിന് സര്‍ക്കാര്‍ തയ്യാറായാല്‍ സത്യം പുറത്തുവരും. പക്ഷേ ഒരു സര്‍ക്കാരും അതിന് തയ്യാറാവുന്നില്ല. ഡിഗ്രി, പി.ജി തലത്തില്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സാമ്പത്തിക സംവരണം എല്ളാ മേഖലയിലും വേണമെന്നും സംവരണ സമുദായങ്ങള്‍ നേട്ടമുണ്ടാക്കിയെന്നും എഴുതാപ്പുറം വായിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ളിങ്ങള്‍ക്ക് 12 ശതമാനം സംവരണം ഉണ്ടായിട്ടു പോലും ആകെ 10.45 ശതമാനം പേര്‍ക്കാണ് സര്‍ക്കാര്‍ ജോലിയുള്ളത്. അതേസമയം ജനസംഖ്യയില്‍ 25 ശതമാനത്തില്‍ താഴെ മാത്രമുള്ള മുന്നാക്കക്കാര്‍ക്ക് സംവരണമില്ളാതിരുന്നിട്ടു പോലും 38.73 ശതമാനം സര്‍ക്കാര്‍ ജോലിയുണ്ട്. സര്‍വകലാശാലകളിലും പിന്നാക്കക്കാരുടെ സ്ഥിതി വ്യത്യസ്തമല്ള - വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. പി.എം.എ. സലാം, അഡ്വ.കെ. പൂക്കുഞ്ഞ്, വി. ശശിധരന്‍പിള്ള, ടി. രാമഭദ്രന്‍ തുടങ്ങിയവരും സംസാരിച്ചു.(കേരളകൌമുദി)
സംവരണ സമുദായ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തി
സ്വന്തം ലേഖകന്‍
കൊച്ചി: സംവരണത്തിന്റെ പൊതു തത്വം അട്ടിമറിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്നു മുന്നറിയിപ്പു നല്‍കി സംവരണ സമുദായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തി.

നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഹൈക്കോടതി ജംക്ഷനു മുന്നില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നു നടത്തിയ യോഗം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.

വസ്തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാതെയും പഠിക്കാതെയുമാണു സംവരണ പ്രശ്നത്തില്‍ ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗങ്ങള്‍ക്കു ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങള്‍ നിഷേധിക്കാന്‍ കോടതികള്‍
കൂട്ടുനില്‍ക്കരുത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്നു പിന്നാക്ക സംവരണത്തിനെതിരായ പരാമര്‍ശം ഉണ്ടാവില്ലായിരുന്നു. സംസ്ഥാന സര്‍വീസിലെ ജാതിതിരിച്ചുള്ള കണക്കു പ്രസിദ്ധീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എ മാരായ പി.എം.എ. സലാം, പി.ടി.എ റഹിം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ. ഫസല്‍ ഗഫൂര്‍, എ.സി. താണു, ടി.എ. അഹമ്മദ് കബീര്‍, എം. അലിയാര്‍ കുട്ടി, ഹമീദ് വാണിമേല്‍, റാഫേല്‍ ആന്റണി, എന്‍. കെ. അലി, കുട്ടപ്പച്ചെട്ടിയാര്‍, രാധാകൃഷ്ണന്‍, നീലലോഹിത ദാസ് നാടാര്‍, ജയിംസ് ഫെര്‍ണാണ്ടസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്,
മാനുവല്‍, സന്തോഷ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി, കെ.ടി. ഗോപാലന്‍, ശശിധരന്‍ പിള്ള, ഡോ. വി.കെ. ലക്ഷ്മണ കുമാര്‍, പി.കെ. അബ്ദുല്‍ കരീം, രാജപ്പന്‍ പിള്ള, എല്‍ദോ, മനോജ്കുമാര്‍, വി. രവി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എം.എം. മുഹമ്മദ്, എ. പൂക്കുഞ്ഞ്, കണ്ടേരു, കെ.എ. ഹസന്‍, രാജന്‍ ബാബു, എ.സി. താണു, വി.പി. നാസറുദ്ദീന്‍, ബി. അബ്ദുല്‍ മജീദ് ഫൈസി, ടി. രാമഭദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.(മനോരമ)
സംവരണം: ഹൈ കോടതി പരാമര്‍ശത്തിനെതിരെ മാര്‍ച്ച്
Wednesday, February 24, 2010
കൊച്ചി: സംവരണം സംബന്ധിച്ച ഹൈ കോടതി പരാമര്‍ശത്തിനെതിരെ ഉജ്വല പ്രതിഷേധ മാര്‍ച്ച്. സംവരണ സമുദായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത ഹൈ കോടതി മാര്‍ച്ച് ഹൈ കോടതി ജങ്ഷന് സമീപം പൊലീസ് തടഞ്ഞു. സംവരണം അട്ടിമറിക്കുന്നവര്‍ക്കെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്ന മാര്‍ച്ചില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനും രൂക്ഷ വിമര്‍ശമുണ്ടായി. സാമൂഹിക സംവരണം അട്ടിമറിക്കാനും സാമ്പത്തിക സംവരണത്തിനെതിരെയും ആഹ്വാനങ്ങള്‍ ഉയര്‍ന്നു.
രാവിലെ 11 ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ആരംഭിച്ച മാര്‍ച്ചില്‍ സംവരണാനുകൂല്യം അനുഭവിക്കുന്ന 40 ഓളം സംഘടനകളുടെ സംസ്ഥാന -ജില്ലാ നേതാക്കള്‍ അണിനിരന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

സംവരണ സമുദായ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായി വെള്ളാപ്പള്ളി നടേശന്‍, രക്ഷാധികാരി കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ, ജനറല്‍ സെക്രട്ടറി ഡോ.ഫസല്‍ ഗഫൂര്‍, ട്രഷറര്‍ എ.സി.നാണു, എം.എല്‍.എമാരായ പി.എം.എ.സലാം, പി.ടി.എ.റഹീം, മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, പൊളിറ്റിക്കല്‍ സെല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, മുഹമ്മദ് ബാബു സേട്ട്, നീല ലോഹിതദാസന്‍ നാടാര്‍, കുട്ടപ്പ ചെട്ടിയാര്‍, അഡ്വ.ജയിംസ് ഫെര്‍ണാണ്ടസ്, അഡ്വ.റാഫേല്‍ ആന്റണി, നാസറുദ്ദീന്‍ എളമരം തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു.

ഹൈ കോടതി ജങ്ഷന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധ സമ്മേളനം നടത്തി. വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.പി.എ.ഫസല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.(മാധ്യമം)

ഈ വാര്‍ത്ത മലയാളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലും(ഇന്റര്‍നെറ്റ് എഡിഷന്‍)കണ്ടു. മുഖ്യധാരാ പാര്‍ട്ടി പത്രങ്ങളില്‍(ദേശാഭിമാനി,വീക്ഷണം,ജന്മഭൂമി)കണ്ടില്ല.

5 comments:

  1. ഈ വാര്‍ത്ത മലയാളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലും(ഇന്റര്‍നെറ്റ് എഡിഷന്‍)കണ്ടു. മുഖ്യധാരാ പാര്‍ട്ടി പത്രങ്ങളില്‍(ദേശാഭിമാനി,വീക്ഷണം,ജന്മഭൂമി)കണ്ടില്ല.

    ReplyDelete
  2. good coverage.A detailed interview with MES president Dr Fazal Gafoor
    on the same subject is available in latest issue of 'KeralaSabdam' weekly.

    ReplyDelete
  3. മുന്നോക്ക സംവരണത്തിന് ഓഒരിയിടുന്ന ചില മാധ്യമങ്ങളും, മുന്നോക്കക്കാര്‍നറ്റെ കോണകം കൊടി കെട്ട്റ്റുന്ന നമ്മുടെ സിനിമാക്കാരും ഇതൊന്നും അറിയുന്നില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ കുറ്റകരമായി മിണ്ടാതിരിക്കുന്നു. സര്‍ക്കാറുകളായാലും അങ്ങനെ തന്നെ കണ്ടില്ലേ മുന്നോക്ക സംവരണത്തിന് അനുകൂലമായി ഭരണ പ്രതി പക്ഷം ഉജാറായിട്ടുള്ള പ്രസ്ഥാവനകള്‍.

    ReplyDelete
  4. Dr KK Radhakrishnan's article about the short falls in the current policy is featured in in latest issue of 'KeralaSabdam' weekly.

    ReplyDelete