Thursday, March 11, 2010

വനിതാ സംവരണത്തിനു് ഒരു ബദല്‍ നിര്‍ദേശം

വനിതാ ബില്ല്: ലക്ഷ്യവും വസ്തുതകളും
മധു പൂര്‍ണിമ കിഷ്വാര്‍

വനിതകള്‍ക്കു നമ്മുടെ നിയമനിര്‍മാണസഭകളില്‍ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പ്രത്യേകമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് എനിക്കു പൂര്‍ണ ബോധ്യമുണ്ട്. എന്നാല്‍, ഇപ്പോള്‍ പാര്‍ലമെന്റിന്റെ മുമ്പിലുള്ള വനിതാസംവരണ ബില്ല് അതിന്റെ ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നതിനോട് എനിക്കു യോജിപ്പില്ല. കാരണം, ഈ ബില്ല് വളരെ തെറ്റായ മട്ടില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതും ഒരുപാടു കുഴപ്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. അതിന്റെ ഏറ്റവും പ്രധാനമായ തകരാറ്, അതില്‍ മൂന്നിലൊന്നു സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന രീതിതന്നെയാണ്. ലോക്സഭയിലും നിയമസഭകളിലുമുള്ള മൂന്നിലൊന്നു സീറ്റുകള്‍ അങ്ങേയറ്റം യാന്ത്രികമായ രീതിയിലാണു മാറിമാറി വനിതാസംവരണ സീറ്റുകളായി പരിഗണിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും വനിതാസംവരണ മണ്ഡലങ്ങള്‍ മാറിക്കൊണ്ടേയിരിക്കും.
അതിന്റെ ഏറ്റവും നിഷേധാത്മകമായ വശം, ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ മൂന്നില്‍രണ്ടുകൂട്ടരും ഇളക്കിപ്രതിഷ്ഠയ്ക്കു വിധേയരാവുമെന്നതാണ്. വിജയിച്ച മൂന്നിലൊന്നു വനിതാ സ്ഥാനാര്‍ഥികളും മാറിക്കൊടുക്കേണ്ട മൂന്നിലൊന്നു മറ്റു സ്ഥാനാര്‍ഥികളും അതിലുള്‍പ്പെടും. ബാക്കി വരുന്നത് മൂന്നിലൊന്നു സീറ്റുകള്‍ മാത്രമാണ്. അതില്‍ത്തന്നെ ആരാണു സ്ഥാനാര്‍ഥിയാവുക, അതു സംവരണമണ്ഡലമാവുമോ എന്നൊക്കെ അറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിയും വരും. ഇതു വലിയതരത്തിലുള്ള അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കാവുന്നതാണ്. സ്ഥാനാര്‍ഥികള്‍ അവസാനനിമിഷത്തില്‍ മണ്ഡലങ്ങള്‍ക്കായി പരക്കംപായേണ്ട അവസ്ഥയാണ് ഈ യാന്ത്രികമായ തിരഞ്ഞെടുപ്പുരീതി ഉണ്ടാക്കുക. മണ്ഡലത്തില്‍ ആഴത്തില്‍ വേരൂന്നാനും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ വൃഥാവിലാവും. ഇതു സത്യത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനപ്രതിനിധികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റമാണ്. ഭാവിതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനു തയ്യാറെടുപ്പുകള്‍ നടത്താനുള്ള അവസരമാണ് അത് ഇല്ലാതാക്കുന്നത്. മാത്രമല്ല, തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മണ്ഡലങ്ങളിലെ ബന്ധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനു സ്ത്രീകളും പുരുഷന്മാരുമായ സ്ഥാനാര്‍ഥികള്‍ക്ക് അതു സാധ്യതയും അവസരവും നിഷേധിക്കുകയും ചെയ്യുന്നു.
ജനറല്‍ സീറ്റുകളില്‍ മല്‍സരിക്കുന്നതിനു വനിതകള്‍ക്കു തടസ്സമൊന്നുമില്ലെങ്കിലും അതിനുള്ള സാധ്യത വളരെ വിരളമായിത്തീരും. സംവരണമണ്ഡലങ്ങള്‍ക്കു പുറത്തു മല്‍സരിക്കുന്നതിനായി ഒരു പാര്‍ട്ടിയും തങ്ങളുടെ വനിതാ സ്ഥാനാര്‍ഥികള്‍ക്കു ടിക്കറ്റ് കൊടുക്കാനുള്ള സാധ്യതയില്ല. ഈയൊരു ഒതുക്കല്‍പ്രവണത ഇപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളിലെ അനുഭവങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. ഏറ്റവും പ്രമുഖരായ ദലിത് നേതാക്കള്‍ക്കുപോലും മല്‍സരിക്കാനായി സംവരണമണ്ഡലങ്ങള്‍ മാത്രമാണു ലഭിക്കാറുള്ളത്.
ഇങ്ങനെ സംവരണമണ്ഡലങ്ങളിലേക്കുള്ള ഒതുക്കല്‍പ്രക്രിയ ജനപ്രതിനിധി എന്ന നിലയില്‍ സ്വന്തമായി വ്യക്തിത്വം നേടിയെടുക്കാന്‍ വനിതകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു വിഘാതമായിത്തീരും. അവരുടെ വിശ്വാസ്യതയും വ്യക്തിത്വവും ഇല്ലാതാക്കുന്ന പ്രവണതയാണിത്. മാത്രമല്ല, ഓരോ തവണയും സംവരണമണ്ഡലം മാറിക്കൊണ്ടിരിക്കും എന്നതിനാല്‍ ഓരോ തിരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങളിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. അതിന്റെ ഫലമായി മണ്ഡലങ്ങള്‍ വികസിപ്പിക്കാനോ അവിടെ ശക്തമായ ദീര്‍ഘകാലബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനോ ഉള്ള സാധ്യത അവര്‍ക്കു നിഷേധിക്കപ്പെടുകയാണ്. കാരണം, ഒരുതവണ മല്‍സരിച്ച മണ്ഡലം വീണ്ടും വനിതാസംവരണ സീറ്റായി മാറുന്നതു 15 വര്‍ഷത്തിനു ശേഷമായിരിക്കും. എന്നുവച്ചാല്‍, ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാനാവാതെ ഒരു തല്‍ക്കാലിക പ്രതിഭാസം എന്ന നിലയില്‍ വനിതാ ജനപ്രതിനിധികള്‍ ഒതുങ്ങിപ്പോവും.
മാത്രമല്ല, ഇങ്ങനെ മണ്ഡലങ്ങള്‍ സംവരണം ചെയ്യുന്ന രീതി വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരായിത്തീരാനാണു സാധ്യത. അവര്‍ക്കു വനിതാ സ്ഥാനാര്‍ഥിയെ മാത്രമേ തിരഞ്ഞെടുക്കാനാവൂ എന്നുവരുന്നത് ജനപ്രാതിനിധ്യസങ്കല്‍പ്പത്തിനു തന്നെ എതിരായ കാര്യമാണ്. അതിന്റെ പരിണതഫലം, സ്ഥാനാര്‍ഥിയായി വരുന്ന വനിതയോടുള്ള ജനങ്ങളുടെ വിരോധവും എതിര്‍പ്പുമായിരിക്കും. അതിന്റെ ആകത്തുകയായി സംഭവിക്കുക, വനിതാസംവരണ നിയമംകൊണ്ട് എന്തു നേടാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത് അതിനു നേരെ എതിരായ പ്രതികരണമായിരിക്കും.
തങ്ങളുടെ മണ്ഡലങ്ങളില്‍നിന്നു പുറത്തുപോവേണ്ടിവരുന്ന പുരുഷനേതാക്കള്‍ പുതുതായി വരുന്ന വനിതകളെ തകര്‍ക്കാനും ഒറ്റപ്പെടുത്താനുമുള്ള എല്ലാ നീക്കങ്ങളും നടത്തുമെന്നതു തീര്‍ച്ചയാണ്. അല്ലെങ്കില്‍ മണ്ഡലങ്ങളില്‍ സ്വന്തം കുടുംബങ്ങളില്‍നിന്നുള്ള വനിതകളെ തന്നെ തല്‍ക്കാലത്തേക്കു നിര്‍ത്തി ജയിപ്പിക്കാനുള്ള പദ്ധതികളാണ് അവര്‍ ആവിഷ്കരിക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് വീണ്ടും സംവരണപരിധിയില്‍നിന്നു പുറത്തുവരുന്നതുവരെ അതു സംരക്ഷിച്ചുനിര്‍ത്താനുള്ള ഉപകരണങ്ങള്‍ മാത്രമായി സ്ത്രീപ്രതിനിധികള്‍ അവശേഷിക്കും. എന്നുവച്ചാല്‍, വനിതകളുടെ രാഷ്ട്രീയ ശാക്തീകരണമല്ല, 'ബീവി ബേട്ടി' (ഭാര്യാമകന്‍) സംഘത്തിന്റെ ആധിപത്യമാണു രാഷ്ട്രീയരംഗത്തു വന്നുചേരുക.
മാത്രമല്ല, വനിതകള്‍ പൊതുമണ്ഡലത്തില്‍ അവരുടെ പ്രത്യേക ലോകത്തു മാത്രമായി ഒതുക്കപ്പെടും. ഒരുതരത്തിലുള്ള അന്തപ്പുരമനോഭാവമാണ് ഇതു വനിതകളില്‍ വികസിപ്പിക്കുക. ഇത്തരത്തില്‍ പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്നവര്‍ കൃത്രിമമായും താല്‍ക്കാലികമായും വളഞ്ഞ വഴിയിലും നേതൃത്വത്തില്‍ എത്തിയവരായേ സമൂഹത്തില്‍ കണക്കാക്കപ്പെടുകയുള്ളൂ.
ഇത്തരം ആഴത്തിലുള്ള തകരാറുകള്‍ മുന്‍നിര്‍ത്തി, വനിതാസംവരണത്തിന് ഒരു ബദല്‍ മാതൃക തന്നെ മാനുഷി മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ ബദല്‍ മാതൃകയുടെ മുഖ്യസ്വഭാവങ്ങള്‍ താഴെ പറയുന്നു:1951ലെ ജനപ്രാതിനിധ്യനിയമത്തില്‍ ഒരു ഭേദഗതി വഴി, രാജ്യത്തെ എല്ലാ അംഗീകൃത പാര്‍ട്ടികളും തങ്ങളുടെ മൂന്നിലൊന്നു സ്ഥാനാര്‍ഥികളായി വനിതകളെ നിശ്ചയിക്കാന്‍ നിര്‍ബന്ധിതരാവും. ഈ സാഹചര്യത്തില്‍ ഓരോ കക്ഷിക്കും മണ്ഡലങ്ങളുടെ സാമൂഹിക-രാഷ്ട്രീയ അവസ്ഥ വിലയിരുത്തി എവിടെയൊക്കെയാണു വനിതകളെ സ്ഥാനാര്‍ഥിയാക്കേണ്ടത് എന്നു നിശ്ചയിക്കാം.
എന്നാല്‍, പാര്‍ട്ടികള്‍ അതിനെ മറികടക്കാനായി തങ്ങള്‍ക്ക് ഒരു ജയസാധ്യതയുമില്ലാത്ത സംസ്ഥാനങ്ങളിലോ മണ്ഡലങ്ങളിലോ മാത്രം വനിതകളെ പേരിനു നിര്‍ത്തിയെന്നു വരാം. അത് ഒഴിവാക്കാനായി ഇത്തരം സംവരണം ലോക്സഭയുടെ കാര്യത്തില്‍ സംസ്ഥാനം അഥവാ യൂനിയന്‍ ടെറിറ്ററിയിലും നിയമസഭയുടെ കാര്യത്തില്‍ തൊട്ടടുത്തുള്ള മൂന്നു ലോക്സഭാ മണ്ഡലങ്ങളിലും വേണം എന്നു വ്യവസ്ഥപ്പെടുത്താവുന്നതാണ്.
ഏതെങ്കിലും കാരണവശാല്‍ മൂന്നിലൊന്നു വനിതകളെ ഒരു കക്ഷി സ്ഥാനാര്‍ഥികളാക്കുന്നില്ലെങ്കില്‍ അതിനുള്ള ശിക്ഷാനടപടിയും ബദല്‍ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഓരോ വനിതാ സ്ഥാനാര്‍ഥിയുടെയും കുറവിനു രണ്ടു മണ്ഡലങ്ങളില്‍ ബന്ധപ്പെട്ട പാര്‍ട്ടിക്ക് അംഗീകൃത തിരഞ്ഞെടുപ്പുചിഹ്നം നഷ്ടപ്പെടും. അതു തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം പോലെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടികള്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാക്കും.
ഇത്തരമൊരു ബദല്‍ വ്യവസ്ഥയ്ക്കു വലിയ പ്രയോജനങ്ങളുണ്ട്. ഒന്നാമത്, രാഷ്ട്രീയകക്ഷികള്‍ക്കു വനിതാ സ്ഥാനാര്‍ഥികളെ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വിനിയോഗിക്കാം. മണ്ഡലങ്ങളുമായി ആത്മബന്ധം സ്ഥാപിക്കുന്നതിന് അതു സ്ഥാനാര്‍ഥിക്ക് അവസരം നല്‍കുകയും ചെയ്യും. സ്വാഭാവികമായ നേതൃവളര്‍ച്ചയ്ക്ക് അനുഗുണമാണ് ഇത്തരം സംവിധാനം.
സീറ്റുകള്‍ സംവരണം ചെയ്യപ്പെടുന്നില്ലെങ്കിലും ഈ സംവിധാനം വഴി വലിയൊരു വനിതാ നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ബന്ധിതരാവും. മാത്രമല്ല, സ്ത്രീകള്‍ ഒറ്റപ്പെട്ട നിലയിലല്ല മറിച്ച്, സ്ത്രീകളും പുരുഷന്മാരുമായ മറ്റു സ്ഥാനാര്‍ഥികളുമായാണ് ഏറ്റുമുട്ടുന്നത്. അതു വോട്ടര്‍മാരുടെ ജനാധിപത്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. സ്ത്രീകള്‍ മാത്രം സ്ഥാനാര്‍ഥികളാവുന്ന അവസ്ഥയേക്കാള്‍ മെച്ചപ്പെട്ട തിരഞ്ഞെടുപ്പിന് അതു അവസരം നല്‍കുന്നു. സ്ത്രീകള്‍ പൊതുമണ്ഡലങ്ങളില്‍നിന്നാണു തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാല്‍ അവരുടെ രാഷ്ട്രീയവളര്‍ച്ചയും വിശ്വാസ്യതയും മുതല്‍ക്കൂട്ടുന്നതിന് അത് അവസരമൊരുക്കും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായല്ല, യഥാര്‍ഥ ജനനേതാക്കളായി ഉയര്‍ന്നുവരാന്‍ അതവരെ സഹായിക്കുകയും ചെയ്യും.
പിന്നാക്ക ന്യൂനപക്ഷാദി വിഭാഗങ്ങള്‍ക്കു മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ അതതു വിഭാഗങ്ങളില്‍നിന്നുള്ള വനിതകളെ സ്ഥാനാര്‍ഥികളായി നിശ്ചയിക്കാന്‍ അതു അവസരം നല്‍കും. അത്തരമൊരു സൌകര്യം സംവരണത്തിനുള്ളില്‍ സംവരണം എന്ന സംവിധാനം അനാവശ്യമാക്കും. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ ബില്ല് സംബന്ധിച്ച പ്രധാന തര്‍ക്കം. പിന്നാക്ക ന്യൂനപക്ഷാദി വിഭാഗങ്ങളുടെ പ്രതിനിധികളായ രാഷ്ട്രീയകക്ഷികള്‍ക്കു മൂന്നിലൊന്നില്‍ കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കുന്നതിന് അത് അവസരം പ്രദാനം ചെയ്യുകയും ചെയ്യും.
ഇന്നു നിര്‍ദേശിക്കപ്പെടുന്ന മൂന്നിലൊന്നു സംവരണം എന്നതിനപ്പുറം കൂടുതല്‍ വനിതകളെ സഭകളിലെത്തിക്കാന്‍ ഈ സംവിധാനം സഹായകമായിത്തീരും. ഓരോ കക്ഷിയും മൂന്നിലൊന്നു സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണെങ്കില്‍, സഭയില്‍ വിജയിച്ചുവരുന്ന വനിതാ അംഗങ്ങളുടെ സംഖ്യ അതിലും കൂടുതലാവാന്‍ യാതൊരു പ്രയാസവുമില്ല. കാരണം, സ്ഥാനാര്‍ഥിയുടെ ഗുണവും പ്രവര്‍ത്തനവുമാണ് അവിടെ വിലയിരുത്തപ്പെടുക.
ഓരോ തിരഞ്ഞെടുപ്പിലും സംവരണമണ്ഡലം മാറിക്കൊണ്ടിരിക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഇല്ലാതാവും. സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലങ്ങളില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തനം നടത്താനാവും. അതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയമായ ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കും സഹായകമാവുകയും ചെയ്യും.
രാഷ്ട്രീയകക്ഷികള്‍ക്കു കൂടുതല്‍ വനിതകളെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ അത് അവസരം നല്‍കും. അങ്ങനെ തയ്യാറില്ലാത്ത കക്ഷികള്‍ അതിനു വലിയ വില നല്‍കേണ്ടതായി വരുകയും ചെയ്യും. കാരണം, അവരുടെ ദേശീയ അംഗീകാരത്തെപ്പോലും ബാധിക്കുന്നതായിരിക്കും ഈ രംഗത്തു വരുന്ന വീഴ്ചകള്‍. അധികാരത്തിനു വേണ്ടി മല്‍സരിക്കുന്ന ഒരു കക്ഷിയും അതിനു തയ്യാറാവുമെന്നു തോന്നുന്നില്ല.
മുന്‍കാലങ്ങളില്‍ ഇങ്ങനെ യാന്ത്രികമായ മണ്ഡലസംവരണം നടപ്പാക്കിയ നീപ്പാള്‍, ഫിലിപ്പീന്‍സ്, സോവിയറ്റ് യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവവും ഇക്കാര്യത്തില്‍ ഓര്‍ക്കണം. അവിടെ താരതമ്യേന മോശമായിരുന്നു അതിന്റെ ഫലം. എന്നാല്‍, പാര്‍ട്ടിതല സംവരണം നടപ്പാക്കിയ യൂറോപ്പിലും മറ്റും അതു വലിയതോതില്‍ വനിതകളുടെ വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും സഹായകമായിട്ടുണ്ട്.

(മാനുഷി പത്രാധിപയാണ് ലേഖിക.)
(കടപ്പാട് :തേജസ് ദിനപത്രം 11/3/2010)

6 comments:

  1. വനിതാ സംവരണത്തിന്റെ ഏറ്റവും പ്രായോഗികവും മഹനീയവുമായ ഈ മാതൃകയെ
    ബൂലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന സത്യാന്വേഷിക്കും ഈ ലേഖനമെഴുതിയ മധു പൂര്‍ണിമ കിഷ്വാര്‍ നും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
    ഈ ലേഖനം നിലവിലുള്ള സ്ത്രീ സംവരണം എങ്ങനെ നമ്മുടെ രാഷ്ട്രീയപ്രവത്തകരെ പാര്‍ട്ടികളുടെ വിധേയ അടിമക്കൂട്ടമാക്കുമെന്ന്
    മുന്നറിയിപ്പു നല്‍കുന്നുണ്ട്.
    മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തകരെ ജനസേവനത്തില്‍ നിന്നും എങ്ങനെ അകറ്റുമെന്നും സൂചന നല്‍കുന്നു. മാത്രമല്ല,സംവരണ സീറ്റുകളിലൂടെ വിജയിക്കുന്ന സ്ത്രീകളുടെ രണ്ടാം തരം പ്രാതിനിധ്യത്തിന്റെ അന്തസ്സില്ലായ്മയും തുറന്നുകണിക്കുന്നു.
    ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  2. മണ്ഡലങ്ങളുടെ ജനപ്രതിനിധികള്‍ മാറിക്കൊണ്ടിരിക്കുന്നത് അത്ര ചീത്തക്കാര്യമാണെന്ന് തോന്നുന്നില്ല.ജനങ്ങളുടെ യ്ഥാര്‍ഥ ആവശ്യങ്ങളെ നേരിടാതെ,അവരുടെ അനുഭവപ്പെടുന്ന ആവശ്യങ്ങളെ മാത്രം കേന്ദ്രീകരിക്കുക എന്നതാണ് ജനപ്രതിനിധികള്‍ ഇപ്പോള്‍ ചെയ്യുന്നത്.ആശയങ്ങള്‍ ഒരിടത്തും ചര്‍ച്ച ചെയ്യപ്പെടാറില്ല.പുതിയ രാഷ്റ്റ്റീയ പ്രവര്‍ത്തകര്‍ ഉയ്യര്‍ന്നു വരുന്നുമില്ല.
    ഞങ്ങളുടെ മണ്‍ഡലത്തിലൊക്കെ എല്ലാ മരണവീട്ടിലുമെത്തുന്ന ജനപ്രതിനിധിയാണ് നല്ല ജനപ്രതിനിധി എന്നാണ് കരുതുന്നത്.

    ReplyDelete
  3. സുകുമാരേട്ടന്‍ വല്ലപ്പോഴുമേ സത്യാന്വേഷിയെ കാണാറുള്ളു.അതുകൊണ്ട് വന്നതിനും അഭിപ്രായം പറഞ്ഞതിനും ലിങ്കിട്ടതിനും പ്രത്യേകം നന്ദി.

    ReplyDelete
  4. very good posts. keep up the brave job.

    ReplyDelete
  5. ജയന്‍ ഏവൂരിന്റെ നിഷ്കളങ്കതയില്‍ അദ്ഭുതം കൂറുന്ന ആളല്ല സത്യാന്വേഷി. 'മാടമ്പിത്തരം','കൊള്ളരുതായ്മ' എന്നെല്ലാം കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ് ജയന്‍? രാഷ്ട്രീയത്തില്‍ ലാലുവിനോ മുലായമിനോ ഉള്ളതും മറ്റുള്ളവര്‍ക്ക് ഇല്ലാത്തതുമായ എന്തെങ്കിലും 'ഗുണ'മാണോ/തിന്മയാണോ അത് ?ആദ്യം അതൊന്നു വിശദീകരിക്ക്.

    ReplyDelete
  6. സമകാലീന സംവരന ലെഘനങലിൽ ഒന്നംതരം.പക്ഷെ എല്ലാ സംവരനവും ദുഷ്റ്റമുതലാലിമരുദെ തല്പര്യ സംരക്ഷകരെയാനു പരിപാലിക്കുന്നത് ഉദഹരനം പി.എസ്സി മെമ്പർമർ മുതൽ നിരീക്ഷിക്കുക.

    ReplyDelete