Thursday, July 29, 2010

ചിത്രകാരന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍


ബ്ലോഗര്‍ ചിത്രകാരന്‍ ബൂലോഗത്തെ അറിയപ്പെടുന്ന സവര്‍ണ വിരോധിയാണ്.(സവര്‍ണരെയല്ല, സവര്‍ണാധിപത്യത്തെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത് എന്നാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്). എന്നാല്‍ മുസ്ലിം (ഇസ്ലാം) എന്നു കേട്ടാല്‍ അദ്ദേഹത്തിന് ചില യുക്തിവാദികളെപ്പോലെ ഹാലിളകും. അദ്ദേഹത്തിന്റെ നിരവധി പോസ്റ്റുകള്‍ ഉദാഹരണം. അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍ അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ,അധ്യാപകന്റെ കൈവെട്ടലുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട പോസ്റ്റുകളും ആ വിഷയകമായി പല യുക്തിവാദി-സിപിഎം ബ്ലോഗര്‍മാര്‍ ഇട്ട പോസ്റ്റുകളില്‍ അദ്ദേഹമെഴുതിയ കമന്റുകളും. മുസ്ലിം വിരുദ്ധതയില്‍ യുക്തിവാദികളും സംഘ് പരിവാറുകാരും സി പി എമ്മുകാരും ഒരു ഹൃദയം ഒരു മാനസമായിരിക്കുന്ന സന്ദര്‍ഭമാണിത്. ഏതെങ്കിലും വിധത്തില്‍ സംഗതിയുടെ മറുപുറം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പോപ്പുലര്‍ ഫ്രണ്ടുകാരും ഇസ്ലാമിക മതഭ്രാന്തന്മാരുടെ മാസപ്പടിക്കാരെന്നും ആക്ഷേപിക്കാന്‍ പോലും ഇക്കൂട്ടര്‍ക്കു മടിയില്ലെന്ന് ജി പി രാമചന്ദ്രന്‍,കെ എം വേണുഗോപാലന്‍,രാജീവ് ശങ്കരന്‍ എന്നിവരോടുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നുണ്ട്.ഇവരില്‍ ആര്‍ എസ് എസ്-സിപിഎം-യുക്തിവാദി 'സംഘി'നോട് ഈ ബ്ലോഗര്‍ക്ക് ഒന്നും ചോദിക്കാനില്ല. എന്നാല്‍ ചിത്രകാരന്‍  സംഘോ യുക്തിവാദി സംഘോ സി പി എമ്മോ അല്ലാത്തതിനാല്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍:

1.ഇന്ത്യയില്‍ കാശ്മീരിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റെവിടെയാണ് മുസ്ലിം മിലിറ്റന്‍സി ഉള്ളത്?മുസ്ലിങ്ങള്‍ നടത്തിയതെന്നു പറഞ്ഞ് മാദ്ധ്യമങ്ങളും ഭരണകൂട ഏജന്‍സികളും തീവ്ര വലതുപക്ഷ സംഘടനകളും പാടി നടന്നിരുന്ന, അതിന്റെ പേരില്‍ നിരപരാധികളായ നിരവധി മുസ്ലിങ്ങളെ പീഡിപ്പിച്ച ബോംബ് സ്ഫോടനങ്ങള്‍ മിക്കവയും ആര്‍ എസ് എസ് നേതാക്കള്‍ സംഘടിപ്പിച്ചവയാണെന്ന വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലും ഒരു കൈവെട്ടു കേസിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന 'മുസ്ലിം തീവ്രവാദ'ത്തെ മുന്‍നിര്‍ത്തിയുള്ള ഈ ഗിരിപ്രഭാഷണത്തിന്റെ ലക്ഷ്യം എന്താണ്?
2.അളവുപമായോ ഗുണപരമായോ ഇന്‍ഡ്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്താലും കേരളത്തിലെ കൈവെട്ട്, തലവെട്ട് തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളുടെ കണക്കെടുത്താലും പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുടെ പങ്ക് അഗണ്യമായിരിക്കെ  കേവലം ഒരു കൈവെട്ടുകേസിനെ ആസ്പദമാക്കി ഇങ്ങനെ ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? (സംഘ് ബോംബേറു കേസുകളെപ്പറ്റിയുള്ള പോസ്റ്റുകളിലൊന്നും കമന്റോ ആ വിഷയകമായി പോസ്റ്റോ താങ്കളുടെ ഭാഗത്തുനിന്നും കണ്ടുമില്ല)
3. ഈ കേരളത്തില്‍ തലയും ശരീരഭാഗങ്ങളും വെട്ടല്‍ ഒരു ഫാഷന്‍ പോലെയാക്കിയിട്ടുള്ള സി പി എമ്മിനെ ന്യായീകരിക്കുന്ന താങ്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ടല്‍ ഇത്ര 'ഭീകര'മാകാനുള്ള കാരണം എന്താണ്? രാഷ്ട്രീയത്തിന്റെ പേരിലുള്ള തലവെട്ട് സ്വീകാര്യവും മതത്തിന്റെ പേരിലുള്ള കൈവെട്ട് അസ്വീകാര്യവും ആകുന്നതെങ്ങനെ?
4. 1996 മുതല്‍ 2006 വരെ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന 7139 രാഷ്ട്രീയ സംഘട്ടനങ്ങളില്‍ 6797 എണ്ണവും സി.പി.എം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. 3203 എണ്ണവുമായി ബി.ജെ.പി - ആര്‍.എസ്.എസ് സഖ്യം രണ്ടാം സ്ഥാനത്തുണ്ട്. 2561 എണ്ണവുമായി കോണ്‍ഗ്രസും 1717 എണ്ണവുമായി മുസ്‌ലിം ലീഗും തൊട്ടടുത്തുണ്ട്. സി.പി.എമ്മും ആര്‍.എസ്.എസ് - ബി.ജെ.പി സഖ്യവും 2861 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കൂടുതല്‍ അസൂയാര്‍ഹമായ വിധം മുന്നിലാണ് സി.പി.എമ്മും സംഘ്പരിവാറും മല്‍സരിച്ച് നടത്തിയിട്ടുള്ള 'മിതവാദവും സമാധാനപരവുമായ' കൊലപാതകങ്ങള്‍. ഈ കാലയളവില്‍ ശിക്ഷ അനുഭവിച്ച 292 പേരില്‍ 175 പേര്‍ സി.പി.എം പ്രവര്‍ത്തകരും 100 പേര്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്. 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തില്‍ പെടും.(കണ്ണൂരിലെ സി പി എം-ആര്‍ എസ് എസ് സംഘട്ടനങ്ങളില്‍ ഇരുഭാഗത്തും കൊല്ലപ്പെട്ടത് ഒരൊറ്റ സമുദായ-തീയ്യ-ത്തില്‍പെട്ടവരാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കണം). ഇതാണു വസ്തുതയെന്നിരിക്കെ,കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്ത സംഘടനകളുടെ പക്ഷം ചേര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരെ മൊത്തത്തില്‍ ഇങ്ങനെ  കുരച്ചു ചാടുന്നതിന്റെ സാംഗത്യം എന്താണ്?
5.ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുമ്പാള്‍ സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ഒരു സംഘടനാവേട്ട ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. നാടിനെ നടുക്കിയ 10ഓളം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ സംഘ്പരിവാര ബന്ധം സി.ബി.ഐയും എ.ടി.എസും പുറത്തുകൊണ്ടുവന്നിരിക്കുന്നു.എന്തേ ഈ നാട്ടില്‍ ഒരു കോലാഹലവുമില്ലാത്തത്?താങ്കള്‍ അതൊന്നും കാണാത്തത്?
6.ഇന്‍ഡ്യിലെ ഐ ബി എന്ന സംഘ് ആധിപത്യ സംഘടന മുസ്ലിങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകള്‍ വസ്തുതകളുടെ പിന്‍ബലത്തോടെ തുറന്നുകാട്ടുന്ന കര്‍ക്കരെയെ കൊന്നതാര്? എന്ന പുസ്തകത്തിലെ ഒരധ്യായം പോലും വായിച്ചുനോക്കാന്‍ താങ്കള്‍ തയ്യാറായിരുന്നെങ്കില്‍ യുക്തിവാദി സംഘ് ആവര്‍ത്തിക്കുന്ന വിഡ്ഢിത്തങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കുമായിരുന്നോ?

7. അവര്‍ണരുടെ (ദലിതരുടെയും മറ്റു പിന്നാക്ക സമുദായങ്ങളുടെയും) അവകാശപ്പോരാട്ടങ്ങളെ താങ്കള്‍ ഇപ്പോള്‍ പിന്തുണക്കുന്ന നാറികളാരെങ്കിലും എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ? എന്തേ അവര്‍ക്കതു സാധ്യമാകുന്നില്ല? മറിച്ച് മുസ്ലിം സംഘടനകള്‍ക്ക് അതാവുന്നത് എന്തുകൊണ്ട്? അതവരുടെ അടവാണെങ്കില്‍ അതേ അടവായിട്ടുപോലും മറ്റേക്കൂട്ടര്‍ അതു ചെയ്യാത്തത് എന്തുകൊണ്ട്?
8.ഇന്‍ഡ്യയിലെയും കേരളത്തിലെയും മിക്കവാറും എല്ലാ ദലിത്-ഒബിസി-അംബേഡ്കറൈറ്റ് ബുദ്ധിജീവികളും മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്നത് അവരെല്ലാം മാസപ്പടി വാങ്ങുന്ന ഊച്ചാളികളായിട്ടാണോ?
9. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പില്‍(സോറി, താങ്കള്‍ മാതൃഭൂമി മാത്രമല്ലേ വായിക്കൂ) താങ്കള്‍ ഒരിക്കല്‍ പ്രശംസിച്ച ഗെയില്‍ ഓം വേദ് ആയുമുള്ള അഭിമുഖമുണ്ട്. അതിലവര്‍ കമ്യൂണിസ്റ്റുകളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:" സി പി ഐയും സി പി എമ്മും വലതുപക്ഷ ബ്രാഹ്മണ പാര്‍ട്ടികളാണ്,കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല. സവര്‍ണ സമുദായത്തില്‍ ജനിച്ചവരുടെ കൈയിലാണ് തുടക്കം മുതലേ ഈ പാര്‍ട്ടികള്‍ ഉണ്ടായിരുന്നത്. ബ്രാഹ്മണ്യസേവയാണ് അവര്‍ നടത്തുന്നത്." ഇപ്പോള്‍ സി പി എം നടത്തുന്ന മുസ്ലിം വിരുദ്ധ വേട്ടയും ആ ബ്രാഹ്മണ്യ സേവയുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത താങ്കള്‍ എന്തു സവര്‍ണ വിരുദ്ധത പറഞ്ഞിട്ടും എന്തു കാര്യം?
10.വൈരുധ്യങ്ങളുടെ നിയമം പറയുന്നത് ശത്രു(ആശയപരമായ ശത്രുത) നമ്മെ പ്രകീര്‍ത്തിക്കുമ്പോള്‍ നാം എന്തോ തെറ്റു ചെയ്യുന്നു എന്നു മനസ്സിലാക്കണം എന്നാണ്. ഇപ്പോള്‍ ചിത്രകാരനെ പ്രകീര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ആരാണ്?


കെ എം വേണുഗോപാലിന്റെ ഈ പോസ്റ്റും കാണുക:

Sunday, July 25, 2010

കേരളത്തിന്റെ(മുഖ്യമന്ത്രിയുടെ) പൊതുബോധം സംഘിന്റേതു്

പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം കേരളത്തെ മുസ്‌ലിം ഭൂരിപക്ഷദേശമാക്കാന്‍ -മുഖ്യമന്ത്രി






'ഇരുപത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യ, കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണിവര് നടത്തുന്നത്. അതെല്ലാം പൊലീസ് മണത്തറിഞ്ഞ്, കണ്ടുപിടിച്ച് അതിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ്'

ഇന്നലെ ദില്ലിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പത്രക്കാരോടു പറഞ്ഞതാണിത്.ഇതു തന്നെയല്ലേ കുറേക്കാലമായി സംഘ് പരിവാറിലെ വിവിധ സംഘടനകളും  പറഞ്ഞുകൊണ്ടിരിക്കുന്നത്?  ചില ഹിന്ദു ജാതി സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും ലൌ ജിഹാദ് സംബന്ധമായി പറഞ്ഞുനടന്ന അസംബന്ധവും ഇതു തന്നെയായിരുന്നില്ലേ? 
മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് ഉന്നതവിജയം നേടുന്നതെന്നു മുന്‍പൊരിക്കല്‍ വെടി പൊട്ടിച്ചതും ഈയിടെ നിയമസഭയില്‍ ,ഹജ്ജിനു പോകാത്ത സി ടി അഹമദാലി എം എല്‍ എയെ ഹാജിയാരേ എന്നു പരിഹാസ്യമായി വിളിച്ചതുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് എന്താണു മനസ്സിലാക്കാനാവുന്നത്?
മാതൃഭൂമി,കേരള കൌമുദി പത്രങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് മറ്റെല്ലാ കേരളീയ (ഹിന്ദുവി)നേയും പോലെ നമ്മുടെ മുഖ്യമന്ത്രിയുടെയും പൊതുബോധം . ഇപ്പോള്‍ ഔദ്യോഗിക പക്ഷവും ഹിന്ദുത്വ പ്രീണന സമീപനം പരസ്യമായി സ്വീകരിച്ചതിനാല്‍ ഇതിന്റെ പേരില്‍ അച്ചുമാമനു് നടപടി നേരിടേണ്ടിവരില്ലെന്നുറപ്പ്. ചിലപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്കുള്ള പ്രവേശം ഇതുമൂലം ത്വരിതഗതിയിലായേക്കും.

സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖം തുറന്നു കാട്ടുന്ന ഡോ ടി ടി ശ്രീകുമാറിന്റെ ഈ ലേഖനം വായിക്കുക:

ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം വീണ്ടും

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസത്തകര്‍ച്ചയെ നേരിടുകയാണിന്ന്. പി.ഡി.പിയാവട്ടെ, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗോ ഇന്ത്യന്‍ നാഷനല്‍ ലീഗോ ആവട്ടെ, ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്ത്യന്‍ സംഘടനകളാവട്ടെ എന്തിന്, കേരളാ കോണ്‍ഗ്രസ്സുകാര്‍പോലുമാവട്ടെ, ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന് പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്ട്രീയത്തിന് അടിതെറ്റുമ്പോള്‍, ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ വിപത്തുകളെക്കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു. ഭൂരിപക്ഷ മതരാഷ്ട്രീയം സ്വാഭാവികവും ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഏതു രൂപവും വര്‍ഗീയവുമായി മുദ്രകുത്തപ്പെടുന്ന ഈ സാഹചര്യം കേരളരാഷ്ട്രീയത്തിലെ മറ്റൊരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നുണ്ട് എന്നത് ഒരു നടുക്കത്തോടെയാണു ഞാന്‍ മനസ്സിലാക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഐ.എന്‍.എല്ലും ഇടതുമുന്നണി വിട്ടുപോവുന്നതും പി.ഡി.പി നേതാവ് മഅ്ദനി വീണ്ടുമൊരു ഗൂഢാലോചനക്കേസില്‍ പ്രതിയാവുന്നതും മറ്റൊരു കാലത്തെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാവുന്നില്ലേ എന്നു സംശയിക്കുകയാണു ഞാന്‍.
ഐ.എന്‍.എല്ലിന്റെ പഴയ രൂപമായ അഖിലേന്ത്യാ മുസ്ലിംലീഗും ഇതേ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കപ്പെടുകയും ഐ.എസ്.എസ് രൂപീകരിച്ചതിന്റെ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഒറ്റപ്പെടുത്തുകയും ചെയ്ത എണ്‍പതുകളുടെ ഓര്‍മപ്പെടുത്തലാവുന്നുണ്ട് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ ധ്രുവീകരണമെന്നത് ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ്. ഈ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമെന്താവും എന്നാലോചിക്കുന്നതിനു മുമ്പ് എണ്‍പതുകളിലെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം കേരളത്തിനു സമ്മാനിച്ചതെന്ത് എന്ന് ആലോചിക്കുന്നതു നന്നായിരിക്കും.
കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ വളര്‍ച്ചയും സ്വാധീനവും വെളിവാക്കുന്നതിന് കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ നോക്കുന്നതു മതിയാവില്ല എന്നു നമുക്കറിയാം. ഇക്കാര്യത്തെക്കുറിച്ചു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സംജാതമായിട്ടുള്ള പുതിയ പശ്ചാത്തലത്തില്‍ അത്തരം കണക്കുകള്‍ തീരെ അപ്രസക്തമല്ലതാനും. എന്നാല്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുന്നതിനു മുമ്പ് എണ്‍പതുകളിലെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമെന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലാദ്യമായി ന്യൂനപക്ഷ വര്‍ഗീയത എന്ന ആശയം ശക്തമായി ഉന്നയിക്കപ്പെടുന്നത് എണ്‍പതുകളിലാണ്. ഷബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വ്യക്തിനിയമത്തിനെതിരേ ഇ എം എസ് നമ്പൂതിരിപ്പാട് ആരംഭിച്ച ആക്രമണത്തോടെയായിരുന്നു ഈ പ്രക്രിയ ആരംഭിച്ചത്. മുസ്ലിം വ്യക്തിനിയമത്തോട് വിദ്വേഷപൂര്‍ണമായ നിലപാടെടുക്കാനും ഏകീകൃത സിവില്‍കോഡ് എന്ന ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ ആവശ്യം അംഗീകരിക്കാനും ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന, അതായത് കോണ്‍ഗ്രസ് മുന്നണിക്കൊപ്പംപോലുമല്ലാത്ത, വര്‍ഷങ്ങളായി ഇടതുപക്ഷത്തു നിലയുറപ്പിച്ചിരുന്ന അഖിലേന്ത്യാ മുസ്ലിംലീഗ് വിസമ്മതിച്ചു എന്നത് മുന്നണിയില്‍ നിന്നുതന്നെ അവര്‍ക്കു പുറത്തേക്കുള്ള വഴി തുറന്നു. 'ന്യൂനപക്ഷ വര്‍ഗീയത'യുള്ള പ്രസ്ഥാനമാണ് അഖിലേന്ത്യാ ലീഗ് എന്നതുകൊണ്ടാണ് അവര്‍ ഏകീകൃത സിവില്‍കോഡെന്ന മുദ്രാവാക്യം അംഗീകരിക്കാത്തതെന്നായിരുന്നു ഇ എം എസിന്റെ പക്ഷം. അക്കാലത്തുണ്ടായ നിലക്കല്‍ പള്ളി പ്രശ്നം ഇതോടൊപ്പം ചേര്‍ത്തുവച്ച ഇ എം എസ്, കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെയും ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുന്നതിന് ചരടുവലിച്ചു. കേരളാ കോണ്‍ഗ്രസ്സും അഖിലേന്ത്യാ മുസ്ലിംലീഗുമില്ലാത്ത ഇടതുമുന്നണി, മതേതരകക്ഷികളുടെ മുന്നണിയാണെന്ന പ്രഖ്യാപനമായിരുന്നു ഇ എം എസിന്റേത്. ഇതോടെ കേരളത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ട ന്യൂനപക്ഷരാഷ്ട്രീയത്തിന് ഐക്യജനാധിപത്യമുന്നണിയിലെ നിശ്ശബ്ദ സാന്നിധ്യമാവേണ്ടിവന്നു. ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തെ ചെറുക്കാനുള്ള പ്രധാന ന്യൂനപക്ഷ രാഷ്ട്രീയകക്ഷികളുടെ അവകാശത്തെ വര്‍ഗീയതയായി ചിത്രീകരിച്ച് നിശ്ശബ്ദമാക്കുന്നതില്‍ ഇ എം എസ് വിജയിച്ച രാഷ്ട്രീയസന്ദര്‍ഭത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഐ.എസ്.എസും മറ്റും രൂപംകൊള്ളുന്നത്. മതമൌലികവാദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇ എം എസ് നടത്തിയ സൈദ്ധാന്തിക ന്യൂനീകരണങ്ങളാവട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെന്ന ആശയത്തിനു കേരളസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കുകയാണുണ്ടായത്.
എന്തായിരുന്നു എണ്‍പതുകളിലെ ഈ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യാഘാതമെന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം മൃദുഹിന്ദുത്വമെന്നും ഹിന്ദുവോട്ടുകള്‍ ലക്ഷ്യമാക്കിയുള്ളതെന്നും വിശദീകരിക്കുന്നതുകൊണ്ടു മാത്രം ഈ പ്രശ്നത്തിന്റെ മുഴുവന്‍ ചിത്രവും നമുക്കു ലഭിക്കുന്നില്ല. കേരളത്തില്‍ തീവ്ര ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം എന്തു സംഭാവനയാണു നല്‍കിയതെന്നതാണ് ഇവിടെ ഉന്നയിക്കേണ്ട കാതലായ ചോദ്യം. 1971ല്‍ കേരളത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, പിന്നീട് ബി.ജെ.പി ആയി മാറിയ ഭാരതീയ ജനസംഘം മൂന്നു സീറ്റിലാണ് മല്‍സരിച്ചിരുന്നത്. അന്നവര്‍ക്കു ലഭിച്ചത് 1.4 ശതമാനം വോട്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിലുണ്ടായ അനുകൂല സാഹചര്യത്തില്‍ ആര്‍.എസ്.എസും ജനസംഘവും സംസ്ഥാനത്തു സജീവമായതിനുശേഷമാണ് എണ്‍പതുകളുടെ തുടക്കത്തില്‍ ബി.ജെ.പി കടന്നുവരുന്നത്. എന്നാല്‍, 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സ്ഥാനങ്ങളില്‍ കേരളത്തില്‍ മല്‍സരിച്ച ബി.ജെ.പിക്ക് 1971ലേതില്‍ നിന്നു കാര്യമായ യാതൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1984ല്‍ അവര്‍ക്കു ലഭിച്ചത് കേവലം 1.75 ശതമാനം വോട്ട് മാത്രമായിരുന്നു എന്നതില്‍ നിന്ന് ഈ വസ്തുത നമുക്കു വ്യക്തമാവും. ഈ സന്ദര്‍ഭത്തിലാണ് ഇ എം എസിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം, ഐ.എന്‍.എല്ലിനെയും കേരളാ കോണ്‍ഗ്രസ്സിനെയും പോലും മുന്നണിയില്‍ നിന്നും, അവരെ അനുകൂലിച്ച എം വി രാഘവനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടും, കീഴടങ്ങിയ ഇ കെ നായനാരെ പോലുള്ളവരെ ശാസിച്ചടക്കിക്കൊണ്ടും കേരളത്തില്‍ പ്രാമുഖ്യം നേടുന്നത്. തുടര്‍ന്നു നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റുകളിലും മല്‍സരിക്കുകയും 4.61 ശതമാനം വോട്ട് നേടി തങ്ങള്‍ ഒരു ഗണനീയ സാന്നിധ്യമാണെന്നു തെളിയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന എല്ലാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട്ശതമാനം ക്രമാനുഗതമായി വര്‍ധിക്കുന്നതാണ് നാം കാണുന്നത്. 1999ല്‍ ചെറിയൊരു ഇടിവുണ്ടായെങ്കിലും ഇത് ഒരു അപവാദം മാത്രമായിരുന്നു. 1991ല്‍ 4.61, 1996ല്‍ 5.61, 1998ല്‍ 8.02, 1999ല്‍ 6.56, 2004ല്‍ 10.38 എന്നിങ്ങനെ ബി.ജെ.പിയുടെ വോട്ട്നില കേരളത്തില്‍ വളരാന്‍ അനുകൂലമായ പ്രത്യയശാസ്ത്രപരമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇ എം എസും ഇടതുപക്ഷവും മുന്നോട്ടുവച്ച ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ചെറുതല്ലാത്ത പങ്കാണു വഹിച്ചിട്ടുള്ളത്. മാത്രമല്ല, ഈ സ്ഥിതിവിവരക്കണക്കുകള്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, നിയോജകമണ്ഡലങ്ങളുടെ തലത്തില്‍ നോക്കിയാലും ഇതേ പ്രവണതതന്നെയാണു കാണുന്നത്. രണ്ടു മുതല്‍ എട്ടുശതമാനം വരെ മാത്രം വോട്ടുകള്‍ വിവിധ നിയോജകമണ്ഡലങ്ങളില്‍ 1989ല്‍ ലഭിച്ച ബി.ജെ.പിക്ക് 2004 ആവുമ്പോഴേക്കും ലഭിക്കുന്നത് ആറു മുതല്‍ മുപ്പതു ശതമാനം വരെ വോട്ടുകളാണ്.
ഇന്നു വീണ്ടും കേരളത്തില്‍ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ കത്തിമുനയാവുകയാണ്. എല്ലാവരും എപ്പോഴും ഉദ്ധരിക്കുന്നതാണ് ഹെഗലിന്റെ പ്രശസ്തമായ ഒരു വാചകത്തിനു മാര്‍ക്സ് ചേര്‍ത്ത അനുബന്ധം. വ്യക്തികളും സംഭവങ്ങളും ചരിത്രത്തില്‍ രണ്ടുതവണ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞതിനോട് മാര്‍ക്സ് ചേര്‍ത്തുവച്ചത് 'ആദ്യം ദുരന്തമായി, പിന്നീട് പ്രഹസനമായി' എന്നാണ്. ഇ എം എസ് ഒരു പ്രഹസനമായി ആവര്‍ത്തിക്കപ്പെടുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ടീയം ആവര്‍ത്തിക്കപ്പെടുക തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാവുന്നത് പ്രഹസനമായല്ല, അതിന്റെ പ്രത്യാഘാതം എണ്‍പതുകളില്‍ സംഭവിച്ചതിനേക്കാള്‍ തീവ്രമായ രാഷ്ട്രീയദുരന്തത്തിലേക്കായിരിക്കും കേരളത്തെ നയിക്കുക എന്നു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടാവുമോ എന്നതാണ് നാം കാത്തിരുന്നു കാണേണ്ടത്. ഇതു ദൈനംദിന രാഷ്ട്രീയത്തിന്റെ വോട്ട്ബാങ്ക് സമീപനത്തിലൂടെ മാത്രം കാണേണ്ട പ്രശ്നമല്ല. കേരളത്തിലെ ഭൂരിപക്ഷ-സവര്‍ണ മതരാഷ്ട്രീയത്തോടുള്ള ദീര്‍ഘകാല നിലപാട് എന്താണെന്നതിനെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര പ്രശ്നം കൂടിയാണ്. ഇതിന് വരാന്‍ പോവുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്െടന്നതാണു തിരിച്ചറിയേണ്ടിയിരിക്കുന്നത്.

ഈ പോസ്റ്റിന്റെ കമന്റുകള്‍ക്കായി ഇവിടെ നോക്കുക.


Friday, July 23, 2010

ബാബരി മസ്ജിദ് പ്രശ്നത്തിന് ഈ എം എസ്സിന്റെ പരിഹാരം!

'ഇ‌ടതുപക്ഷം വീണ്ടും സെക്റ്റേറിയന്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ്'എന്ന തലക്കെട്ടില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍(2010 ജൂലൈ 12) ഡോ.ടി ടി ശ്രീകുമാറിന്റെ ഒരു ലേഖനം വന്നിരുന്നു. ആ ലേഖനത്തില്‍ ഡോ ശ്രീകുമാര്‍ ഇങ്ങനെ എഴുതി:"ഏറ്റവും ന്യൂനപക്ഷ വിരുദ്ധമായ നിലപാട് ഇ എം എസ് കൈക്കൊണ്ടത് ബാബരി മസ്ജിദ് പ്രശ്നത്തിലായിരുന്നു. പള്ളിക്കുമേല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും പള്ളി മുസ്ലിങ്ങളുടേതു തന്നെയാണെന്നും ദേശീയ ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്തായിരുന്നു ഇ എം എസ്സിന്റെ നിലപാ‌ട്? അദ്ദേഹം പറഞ്ഞത് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയ സ്മാരകമാക്കണമെന്നായിരുന്നു. മാത്രവുമല്ല, 1987ല്‍ തിരൂരില്‍ ചെന്ന് ബാബരി പള്ളി പൊളിച്ചുമാറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നുവരെ ഇ എം എസ് പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് 1989ല്‍ ഇ എം എസ് കാഞ്ചി കാമകോടി മഠാധിപതിയുമായി ശങ്കരജയന്തിക്ക് വേദി പങ്കിടുകയും ശങ്കരനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ ലേഖനമെഴുതുകയും ചെയ്തു. ഇ എം എസ്സിന്റെ മൃദു ഹിന്ദുത്വം ഈ കാലഘട്ടത്തില്‍ തുറന്ന ഹൈന്ദവ രാഷ്ട്രീയം തന്നെയായി മാറുകയായിരുന്നു. സി ഐ ടി യു സെക്രട്ടറി കാനെ ബാനര്‍ജി അടക്കമുള്ളവരെ ഞെട്ടിച്ചതായിരുന്നു ഇ എം എസ്സിന്റെ ഈ നിലപാടുകള്‍. തുടര്‍ന്ന് ഇ എം എസ്സും സി പി എമ്മും നടത്തിയ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിന്റെ മറ പറ്റിയാണ് കേരളത്തില്‍ ഹൈന്ദവ ഭൂരിപക്ഷ മത രാഷ്ട്രീയം മുറ്റിത്തഴച്ചത്."
ഈ ലേഖനത്തില്‍ അന്നത്തെ ഇ എം എസ്സിന്റെ തിരൂര്‍ പ്രസംഗം റിപ്പോര്‍ട്ടു ചെയ്ത മാതൃഭൂമി പത്രത്തിലെ വാര്‍ത്താകട്ടിങ്ങും കൊടുത്തിട്ടുണ്‌ടായിരുന്നു. ഇ എം എസ് അന്ന് അങ്ങനെ പ്രസംഗിച്ചില്ലെന്നും ഇത് ജമാ അത്തെ ഇസ്ലാമിയുടെ 'നുണഭക്ഷ'ണമാണതെന്നും ചൂണ്ടിക്കാണിച്ച് ദേശാഭിമാനി പത്രത്തില്‍ ഒരു ലേഖനം വന്നിരുന്നു ഇന്നലെ. (ഏതോ ഒരു ബ്ലോഗിലും കണ്ടിരുന്നു ഈ വിഷയകമായി പോസ്റ്റ്). മാതൃഭൂമി അന്ന് പച്ചക്കള്ളമാണ് പറഞ്ഞതെന്നും അതിപ്പോള്‍ എടുത്തു ചേര്‍ത്ത് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്ന മാധ്യമം ജമാഅത്തെ ഇസ്ലാമിയുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കായാണെന്നതുമാണ് ലേഖനത്തിന്റെ ഉള്ളടക്കം. (ഡോ ശ്രീകുമാറിന് പഴിയില്ല കേട്ടോ!). 

അന്ന് ഇ എം എസ് അങ്ങനെയല്ല പറഞ്ഞതെങ്കില്‍ പിന്നെ എന്താണു പറഞ്ഞത്? അതും ദേശാഭിമാനിയിലെ നിരീക്ഷകന്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അതിതാണ്: "ഇ എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളിവിടെ ഉദ്ധരിക്കുന്നു. - ദേ. പ.) പറഞ്ഞത് മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു. സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം. നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ? മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു. പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു.  "
ഇത്തരമൊരു നിലപാടു വച്ചു പുലര്‍ത്തുന്നയാള്‍ മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തപോലെ പ്രസംഗിച്ചിരിക്കാനും സാധ്യതയില്ലെന്നു പറഞ്ഞുകൂടാ. അഥവാ അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നെങ്കിലും,ബാബരി പള്ളി ദേശീയ സ്മാരകമാക്കണമെന്നു പറയുന്നതും അത് പൊളിച്ചുമാറ്റണമെന്നു പറയുന്നതും തമ്മില്‍ ഫലത്തില്‍ എന്തു വ്യത്യാസമെന്തിരിക്കുന്നു? രണ്ടായാലും മുസ്ലിങ്ങള്‍ക്ക് അവരുടെ പള്ളി നഷ്ടമാവും.
ഇതാണോ 'ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത' ,'ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത', 'ദാര്‍ഢ്യവും വ്യക്തതയു'മാര്‍ന്ന 'നിലപാടു്'?
നല്ല ലോജിക്ക് അല്ലേ? ഇതേ ലോജിക് അനുസരിച്ച് ,ഏ കെ ജി സെന്ററിനു മേല്‍ കോണ്‍ഗ്രസുകാര്‍ അവകാശമുന്നയിച്ചാല്‍ എന്തായിരിക്കും ഇ എം എസിന്റെ/സി പി എമ്മിന്റെ  പരിഹാരം? താഴെ സി പി എമ്മിനും മുകളില്‍ കോണ്‍ഗ്രസിനും നല്‍കി പ്രശ്നം പരിഹരിക്കുമായിരുന്നോ?
ഇന്നും ഈ ആണും പെണ്ണും കെട്ട സമീപനത്തിന്റെ പേരില്‍ അഭിമാനം കൊള്ളണമെങ്കില്‍ എത്രമാത്രമായിരിക്കും ആ പാര്‍ട്ടിയുടെ ന്യൂനപക്ഷവിരുദ്ധ ഉള്ളടക്കം?
ശ്രീകുമാര്‍ ഉന്നയിച്ച മറ്റു വിമര്‍ശനങ്ങള്‍ക്ക് ലേഖനത്തില്‍ മറുപടിയൊട്ടുമില്ലതാനും.
ലേഖനം മുഴുവനായി ഇവിടെ എടുത്തു ചേര്‍ത്തിട്ടുണ്ട്. 

കമന്റുകള്‍ക്കായി ഇവിടെ.

Wednesday, July 21, 2010

കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ?

മംഗളം പത്രവും കെ എം റോയിയും എന്നെങ്കിലും മുസ്ലിം പക്ഷപാതിത്വമോ മുസ്ലിം വിഷയങ്ങളില്‍ നീതിപൂര്‍വമോ ആയ നിലപാടോ എടുത്തിട്ടുള്ള മുന്നനുഭവം ഇല്ല.എന്നുമാത്രമല്ല, നേരെ മറിച്ചാണു യാഥാര്‍ഥ്യം. കടുത്ത മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതില്‍ കുപ്രസിദ്ധമാണ് ആ പത്രം. റോയ് ആകട്ടെ, ലൌ ജിഹാദ് വിഷയത്തില്‍ മാധ്യമങ്ങള്‍ കാണിച്ച പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിനെ നീതിമത്കരിച്ചാണ് ഒരു ടോക്കില്‍ സംസാരിച്ചത്. അങ്ങനെയുളള ഒരു പത്രത്തില്‍,അതും ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം ഇട്ട് അലക്കിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, റോയ്  ഇത്തരമൊരു ലേഖനം എഴുതിയതിനെ അദ്ഭുതകരമെന്നേ പറയാന്‍ പറ്റൂ. അതുകൊണ്ട് അതിവിടെ എടുത്തു ചേര്‍ക്കയാണ്.
കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ?
 കെ.എം.റോയ്‌
മതപരമായ അന്ധത മൂലമുള്ള ആവേശവും രാഷ്‌ട്രീയമായ അടിമത്തമനോഭാവവും കുറെ നേരത്തേക്കെങ്കിലും മാറ്റിവച്ചു നാം ജീവിക്കുന്ന ഈ കേരളത്തേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും നാം ആലോചിക്കേണ്ട സമയം അതിക്രമിക്കുകയാണ്‌. ഈ മതാന്ധതയും രാഷ്‌ട്രീയ അടിമത്ത മനോഭാവവും കുറേനേരം മാറ്റിവയ്‌ക്കുമ്പോള്‍ ആ സമയത്തേങ്കിലും സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്‍ത്തിക്കൊണ്ടു സ്വന്തമായി ചിന്തിക്കാന്‍ നമുക്കു തീര്‍ച്ചയായും കഴിയും.

അപ്പോള്‍ നമുക്കു തുറന്നു സമ്മതിക്കേണ്ടിവരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയമനസ്‌ മലീമസമായിരിക്കുന്നു, മതങ്ങളുടെ മനസ്‌ വിഷലിപ്‌തമായിരിക്കുന്നു. ഇതിനെല്ലാം വെടിമരുന്നിട്ടു തിരികൊളുത്തിക്കൊടുത്തതാരാണ്‌? ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റബോധത്തോടെ ഞാന്‍ തുറന്നുപറയുന്നു. ഇക്കാര്യത്തില്‍ ഒന്നാം പ്രതിയായി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതു മാധ്യമങ്ങളാണ്‌. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ മാധ്യമങ്ങള്‍ ഇത്രയധികം അപഹാസ്യമായ കാലഘട്ടമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ എന്റെ മനസിലുള്ളതു ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ തന്നെ.

മതനിന്ദ നടത്തിയെന്ന്‌ ആരോപിച്ചുകൊണ്ട്‌ ഒരുസംഘം മുസ്ലിം തീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതാണു പുതിയ സംഭവവികാസം.

സ്വാഭാവികമായും മുഹമ്മദിനെ പ്രവാചകനായി ആരാധിക്കുന്ന ആരേയും വിവാദ ചോദ്യ ത്തിലെ വാചകങ്ങള്‍ അസ്വസ്‌ഥരാക്കും. അന്ധമായ മതവികാരത്തിനു തിരികൊളുത്തി ഇന്ത്യാ രാജ്യത്തു കലാപമുണ്ടാക്കാമെന്നും അതേത്തുടര്‍ന്നു സ്വന്തം മതത്തില്‍ അധിഷ്‌ഠിതമായ ഒരു ഇന്ത്യ സൃഷ്‌ടിച്ചെടുക്കാമെന്നും വ്യാമോഹിക്കുന്ന ചില ആഗോള ക്ഷുദ്രശക്‌തികളുടെ ഏജന്റന്‍മാരായ ചിലര്‍ ആ പ്രഫസറുടെ കൈ വെട്ടി. എന്തായാലും ഈ സംഭവത്തേത്തുടര്‍ന്നു ഭീകര പ്രവര്‍ത്തനത്തിന്റെ പലേ ഞെട്ടിക്കുന്ന കഥകളും പുറത്തു വന്നിരിക്കുന്നു. അതു ചിത്രത്തിന്റെ മറ്റൊരു വശം. അതു ഭാവിയില്‍ നമുക്കു വേറെ വിശകലനം ചെയ്യാം.

എന്തായാലും പ്രഫസര്‍ ജോസഫ്‌ അങ്ങനെയൊരു ചോദ്യം തയാറാക്കിയതു ഹീനമായ ഒരു കാര്യമാണെന്നും അതിനെ നേരിട്ട മുസ്ലിം നാമധാരികളുടെ പാതകം പൈശാചികമായിപ്പോയെന്നുമുള്ള അഭിപ്രായക്കാരനാണു ഞാന്‍. അതിലോലമായ സന്തുലിതത്വം വഴി മനസമാധാനം കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ ഹൃദയത്തുടിപ്പ്‌ മനസിലാക്കാനാവാത്ത ഒരാള്‍ എങ്ങനെ ഒരു കോളജ്‌ പ്രഫസറായി കഴിയുന്നു എന്നാണ്‌ എനിക്കു മനസിലാകാത്തത്‌.

പ്രഫസര്‍ ജോസഫിനെക്കുറിച്ചു സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രകടിപ്പിച്ച അഭിപ്രായം അക്ഷരംപ്രതി ശരിയാണ്‌. മഠയനായ ഒരു അധ്യാപകന്‍ ചെയ്‌ത മഠയത്തരമാണ്‌ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായതെന്നാണു മന്ത്രി ബേബി പറഞ്ഞത്‌. അദ്ദേഹം അത്രയും പറഞ്ഞാല്‍ പോരായിരുന്നു. സമനില തെറ്റിയ ഒരധ്യാപകന്റെ ഭ്രാന്ത്‌ എന്നാണ്‌ ആ ചോദ്യത്തേപ്പറ്റി മന്ത്രി ബേബി ധൈര്യപൂര്‍വം പറയേണ്ടിയിരുന്നത്‌.

ഇവിടെയാണു മലയാളത്തിലെ ചില വാര്‍ത്താ ചാനലുകളുടെ നികൃഷ്‌ടമായ മുഖം കേരളം കണ്ടത്‌. ഒരു കോളജിലെ ക്ലാസ്‌ പരീക്ഷയില്‍ വെളിവില്ലാത്ത ഒരധ്യാപകന്‍ കാണിച്ച പിഴവായി സംഭവം കണ്ടാല്‍ മതിയായിരുന്നു. പക്ഷേ, എന്തു വാര്‍ത്തയും കൊടുത്തു കാണികളെ ആകര്‍ഷിക്കേണ്ടതിന്റെ ഭാഗമായി ഒരു വാര്‍ത്താ ചാനല്‍ ഈ ചെറിയ ചോദ്യക്കടലാസ്‌ സംഭവം ഭൂകമ്പം പോലൊരു വാര്‍ത്തയാക്കി. മണിക്കൂറുകള്‍ ആ വാര്‍ത്ത ചാനലില്‍ നിറഞ്ഞുനിന്നു. പിന്നെ അതേക്കുറിച്ചു നീണ്ടുനിന്ന ചാനല്‍ ചര്‍ച്ചകള്‍. ഒടുവില്‍ അതാണ്‌ ഏറ്റവും വലിയ വാര്‍ത്തയെന്നു തെറ്റിദ്ധരിച്ച്‌ അച്ചടി മാധ്യമങ്ങളും അടുത്തദിവസം അതു വാലിയ വാര്‍ത്തയാക്കി മാറ്റി. കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ കനപ്പെട്ട സംഭാവന ചെയ്‌തിട്ടുള്ള മലയാളത്തിലെ അച്ചടി മാധ്യമങ്ങള്‍ മാനസികവും സാംസ്‌കാരികവുമായി പക്വത നേടിയിട്ടില്ലാത്ത ചിലര്‍ നയിക്കുന്ന വാര്‍ത്താചാനലുകളെ മാതൃകയായി സ്വീകരിക്കുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ഇന്നു വാര്‍ത്താ ചാനലുകളാല്‍ നയിക്കപ്പെടുന്ന അച്ചടി മാധ്യമങ്ങള്‍ അവരുടെ മാന്യമായ വഴി കണ്ടെത്തിയില്ലെങ്കില്‍ കേരളത്തെ അലങ്കോലപ്പെടുത്തുന്നതിന്റെ പാപഭാരം അവര്‍ക്കും ചുമക്കേണ്ടി വരും.

മുസ്ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയെ രാഷ്‌ട്രീയമായി തേജോവധം ചെയ്യാന്‍ കോഴിക്കോട്‌ മിഠായിത്തെരുവില്‍നിന്ന്‌ ഒരു പിഴച്ചപെണ്ണിനെ ടെലിവിഷന്‍ സ്‌റ്റുഡിയോയില്‍ ആദരിച്ചു കൊണ്ടുവന്നിരുത്തി അതു കേരളത്തിന്റെ ഏറ്റുവും വലിയ വാര്‍ത്തയായി മണിക്കൂറുകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ ആഘോഷിച്ച അന്നു തുടങ്ങി വാര്‍ത്താചാനലുകളുടെ അധഃപതനം. പറഞ്ഞതത്രയും ആ 'കുലീന കന്യക' പിറ്റേദിവസം പാടേ നിഷേധിച്ചപ്പോള്‍ ഇളിഭ്യരായതു ചാനലല്ല മറിച്ചു മാധ്യമലോകമാണ്‌. പിന്നീട്‌ ആ 'കന്യക' സംസ്‌ഥാന സര്‍ക്കാരിന്റെ ഗുണ്ടാ ലിസ്‌റ്റിലും പെട്ടുവത്രേ! പിന്നെയെന്തെല്ലാം വാര്‍ത്താ ചാനലുകളില്‍ കേരളം കണ്ടു. ഒരു വിമാനം പറന്നുയരുന്ന ഉദ്വേഗജനകമായ നിമിഷത്തില്‍ മന്ത്രി പി.ജെ. ജോസഫ്‌ ഒരു യാത്രക്കാരിയെ തോണ്ടിയതായിരുന്നു ചാനലുകള്‍ ദിവസങ്ങള്‍ ആഘോഷിച്ച മറ്റൊരു ഭൂകമ്പം. എവിടെയെത്തി ആ നാടകമിപ്പോള്‍, എവിടെയാണ്‌ ആ സ്‌ത്രീ കഥാപാത്രമിപ്പോള്‍? വാര്‍ത്താ ചാനലുകളുടെ നടത്തിപ്പുകാര്‍ക്കും മാതാപിതാക്കളും ഭാര്യയും പെങ്ങന്മാരുമൊക്കെയില്ലേ?

ഏറ്റവും ഒടുവില്‍ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ.യെ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ഒരു സ്‌ത്രീയുമായി പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോകവെ വിതുര പോലീസ്‌ പിടികൂടിയെന്ന വാര്‍ത്ത സി.പി.എം. ചാനലായ കൈരളി ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു. ആ വാര്‍ത്താ പിന്നെ ചാനലില്‍ തോരണം കെട്ടി രണ്ടുദിവസം ആഘോഷിച്ചു. ആ ഭയങ്കര സംഭവം സി.പി.എം. അംഗമായ എം. ചന്ദ്രന്‍ നിയമസഭയില്‍ കൊട്ടിഘോഷിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അതിനു സ്‌ഥിരീകരണം നല്‍കി.

ഒടുവിലാണു സത്യാവസ്‌ഥ പുറത്തുവന്നത്‌. ഹര്‍ത്താല്‍ ദിവസം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സംരക്ഷണം തേടി രണ്ടു കാറില്‍ വിതുര സ്‌റ്റേഷനില്‍ എത്തിയവരായിരുന്നു അബ്‌ദുള്ളക്കുട്ടിയും ഗള്‍ഫിലെ ഒരു ബിസിനസുകാരനായ ഡോക്‌ടര്‍ പ്രസാദ്‌ പണിക്കരും ഭാര്യയുമെന്ന്‌. നേരത്തെ സി.പി.എമ്മുകാരനായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സ്വഭാവഹത്യയിലൂടെ നശിപ്പിക്കാന്‍ തെരഞ്ഞെടുത്ത കഥയായിരുന്നു അതെന്നറിഞ്ഞു ലജ്‌ജിച്ചു തലതാഴ്‌ത്തിയതു സംസ്‌ഥാന നിയമസഭയും മാധ്യമലോകവുമാണ്‌.

ഒടുവില്‍ ഈ അശ്ലീലകഥ നിയമസഭാ നടപടികളില്‍ നിന്നു നീക്കം ചെയ്യാന്‍ സി.പി.എമ്മുകാരനായ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ധൈര്യം കാണിച്ചപ്പോള്‍ അതു ചരിത്രരേഖയാവുകയും അദ്ദേഹം സഭയുടെ ആദരണീയനായ സ്‌പീക്കര്‍മാരില്‍ ഒരാളായി മാറുകയും ചെയ്‌തു.

അതേക്കുറിച്ചു പാരമ്പര്യവാദികളായ സി.പി.എം. പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ വാരികയായ ജനശക്‌തി പ്രകടിപ്പിച്ച അഭിപ്രായം ഏതൊരു മാധ്യമപ്രവര്‍ത്തകന്റേയും തൊലിയുരിച്ചു കളയുന്നതാണ്‌. (ദേശാഭിമാനി മുന്‍ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജി. ശക്‌തിധരന്‍ പത്രാധിപരായുള്ള ജനശക്‌തി മുഖ്യമന്ത്രി അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ നടത്തുന്ന വാരികയാണെന്നാണു പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്‌). ജനശക്‌തിയുടെ രാഷ്‌ട്രീയ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു. ''അബ്‌ദുള്ളക്കുട്ടിയെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിക്കാന്‍ ഒരു പകലും രാത്രിയും മുഴുവന്‍ സ്‌റ്റുഡിയോയും ക്യാമറയും തുറന്നുവച്ച കൈരളി ചാനലിന്റെ മരണവെപ്രാളം മാധ്യമരംഗത്തെ വേറിട്ട കാഴ്‌ചയായി. ഈ വിഷയത്തില്‍ എരിവും പുളിയും ചേര്‍ത്തു മദാലസയുടെ നൃത്താവതരണം പോലെ ആഘോഷിച്ച ഈ വാര്‍ത്താവതാരകന്‌ ഒരു വിടന്റെ ഭാവമായിരുന്നു. അമ്മയും സഹോദരിയും കുടുംബവുമുള്ള ഒരുവനും മാധ്യമപ്രവര്‍ത്തനത്തെ ഇവ്വിധം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ജോലിയാക്കി മാറ്റുകയില്ലായിരുന്നു.''

ഈ നാടകത്തിന്റെ ദാരുണമായ വശം കെട്ടുകഥയിലൂടെ അപമാനിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ്‌ പ്രസാദ്‌ പണിക്കര്‍ കൈരളി ടി.വി.യുടെ പ്രധാന ഓഹരിക്കാരനാണെന്നതാണ്‌. കുടുംബസമേതം തറവാട്ടില്‍ ചെന്നു അച്‌ഛനേയും മറ്റും കാണാന്‍ വന്ന പ്രസാദ്‌ പണിക്കര്‍ പറഞ്ഞത്‌ ഇമ്മാതിരി വൃത്തികെട്ട നേതാക്കളുള്ള കേരളത്തിലേക്ക്‌ താനിനി വരികയേയില്ലെന്നാണ്‌. കേരളീയര്‍ ലജ്‌ജിച്ചു തലതാഴ്‌ത്തട്ടെ. കൈരളിക്കു ലജ്‌ജയില്ലാത്തതുകൊണ്ട്‌ അവരതു ചെയ്യേണ്ടതില്ല.

പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ ഈ മാതിരി വൃത്തികെട്ട അശ്ലീല കെട്ടുകഥ വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്‌. വായനക്കാരുടെ എണ്ണം പരിശോധിക്കുന്ന ഒരു ഏജന്‍സിയുടെ എ.ഐ.ഒ. റേറ്റിംഗ്‌ അനുസരിച്ചാണു പരസ്യക്കമ്പനിക്കാര്‍ ചാനലുകള്‍ക്കു പരസ്യം നല്‍കുന്നത്‌. ഇതാണു സ്‌ഥിതിയെങ്കില്‍ കാണികളെ വര്‍ധിപ്പിക്കാന്‍ വാര്‍ത്താചാനലുകളില്‍ ബലാത്സംഗം പോലും ലൈവ്‌ ആയി കാണിക്കുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നാണു തോന്നുന്നത്‌.

പ്രേക്ഷകരുടെ അധമവികാരങ്ങളെ ചൂഷണം ചെയ്‌തുകൊണ്ട്‌ അന്തിമമായി കേരളത്തെ അടിമുടി മലീമസമാക്കുന്ന വാര്‍ത്താചാനലുകളുടെ വഴിപിഴച്ച ഈ പോക്കിനെതിരേ രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഒരുപോലെ ശബ്‌ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെ ശബ്‌ദമുയരുമെന്ന്‌ എനിക്കു തോന്നുന്നില്ല. ചാനലുകളുടെ പിഴച്ച പോക്കിനെ എതിര്‍ത്താല്‍ തങ്ങളുടെ മുഖം ചാനലുകളില്‍ പ്രത്യക്ഷപ്പെടില്ലെന്ന്‌ ഈ നേതാക്കള്‍ ഭയപ്പെടുന്നുണ്ടാകും. ആത്മവഞ്ചനയും ഭീരുത്വവുമാണല്ലോ നമ്മുടെ സാംസ്‌കാരിക നായകരുടെ പ്രധാന മുഖമുദ്രകള്‍?

പരസ്‌പരം കലഹിച്ചും കൊന്നും കാലം കഴിച്ച യഹൂദരോടും ക്രൈസ്‌തവരോടും നാമെല്ലാം ഒരു രാഷ്‌ട്രമാണെന്ന്‌ ഓര്‍മപ്പെടുത്തി ആധുനിക രാഷ്‌ട്ര സങ്കല്‌പത്തിന്റെ പാവനമായ ആദിരൂപം കാണിച്ചുതന്ന പ്രവാചകന്റെ മദീനയിലെ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത ജീവിതത്തെ മനസിലാക്കാന്‍ കഴിയാതിരുന്ന ചില മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ഒരധ്യാപകന്റെ കൈവെട്ടിയ സംഭവം കിരാത നടപടിതന്നെ.

പക്ഷേ, അതിനെ അപലപിക്കാന്‍ ആവേശം കാട്ടിയ എല്ലാ നേതാക്കളും സൗകര്യപൂര്‍വം വിസ്‌മരിച്ച പലേ നഗ്നയാഥാര്‍ഥ്യങ്ങളുമുണ്ട്‌. കൈ വെട്ടിയതിനെ അതിശക്‌തമായി അപലപിച്ച സി.പി.എം. നേതാക്കളാണു ക്ലാസ്‌ മുറിയില്‍ കുരുന്നു കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച്‌ ഒരധ്യാപകന്റെ കഴുത്ത്‌ കൊടുവാള്‍ കൊണ്ടു വെട്ടിനുറുക്കി കഷണമാക്കിയതിനു പിന്നിലുണ്ടായിരുന്നത്‌. മാറാട്‌ കടപ്പുറത്ത്‌ എട്ടു മുക്കുവരെ വെട്ടിനുറുക്കി കൊന്ന മുസ്ലീമുകളില്‍ മുസ്ലീം ലീഗുകാരുമുണ്ടായിരുന്നു.

ഇന്നു കൈവെട്ടലിനെ അപലപിക്കുന്ന അതേ ബി.ജെ.പി. നേതാക്കളാണു കണ്ണൂരില്‍ എത്രയോ പാവപ്പെട്ടവരെ കഴുത്തറത്തും ബോംബെറിഞ്ഞും കൊന്നിരിക്കുന്നത്‌. കുഷ്‌ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മിഷനറിയേയും രണ്ടു മക്കളേയും ഒരു വാനിലിട്ടു ചുട്ടുകൊന്നതും സംഘപരിവാരക്കാരാണ്‌. കൈവട്ടലിനെ മഹാ പാതകമായി ചിത്രീകരിച്ച ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ മറക്കുന്ന ഒരു കാര്യമുണ്ട്‌.

പെരുമ്പാവൂരില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയ ഒരു വര്‍ഗീസിനെ സഭാ വഴക്കിന്റെ പേരില്‍ കുത്തിമലര്‍ത്തി കൊന്ന കേസില്‍ വൈദികന്‍ വരെ പ്രതിയാണ്‌. അഭയ എന്ന കന്യാസ്‌ത്രീയെ കിണറ്റിലെറിഞ്ഞു കൊന്ന കുറ്റത്തിനു പോലീസ്‌ പിടിയിലായതു വൈദികരാണ്‌. ഇവരെല്ലാം ഭീകരവാദികളല്ലെന്ന്‌ ആര്‍ക്കാണു പറയാന്‍ കഴിയുക? ഇതൊന്നും ആരും മറക്കരുതെന്നോര്‍ക്കണം.

Friday, July 16, 2010

ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം

ഭീകരത = ഇസ്ലാം(മുസ്ലിം) എന്നതാണ് മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളും നമ്മെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ എല്ലാ ഭീകരരും മുസ്ലിങ്ങളാണ്" എന്ന ഒരു പറച്ചില്‍ ഹിന്ദുത്വ ശക്തികള്‍ വളരെ ആസൂത്രിതമായി പ്രചരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരയിലെ മാധ്യമങ്ങള്‍ വളരെ വളരെ അപൂര്‍വമായി മാത്രമേ ഇതിനു വിപരീതമായുള്ള വീക്ഷണങ്ങളും വാര്‍ത്തകളും നല്‍കാറുള്ളൂ.അത്തരത്തിലൊന്നാണ് ഈ ലക്കം ഔട് ലുക്ക് മാഗസിന്റെ കവര്‍ സ്റ്റോറി. അതിലെ ആദ്യ ലേഖനം ഇവിടെ വിവര്‍ത്തനം ചെയ്തു ചേര്‍ക്കുന്നു.രണ്ടാമത്തെ ലേഖനം നിസ്സഹായന്റെ ബ്ലോഗിലുണ്ട്.

ഞങ്ങളിലെ ബോംബേറുകാര്‍



കണ്ണാടി പൊട്ടിച്ചിതറുന്നു

(The Mirror Explodes)

ഹിന്ദു ഭീകരത ഒരു യാഥാര്‍ഥ്യമാണ് , എന്നിട്ടും ആ പേര് ഉച്ചരിക്കാന്‍ ഇന്‍ഡ്യയ്ക്കു മടിയാണ് .

സ്മൃതി കോപ്പികാര്‍


(ഔട് ലുക്ക് 2010 ജൂലൈ 1)


പൂര്‍ത്തിയാകാത്ത കഥകള്‍,അവയുടെ കുരുക്ക് അഴിച്ച്പരിണാമഗുപ്തിയിലെത്തുന്നത് 'ഖ്വാജ മൊയ് നുദ്ദീന്‍ ചിഷ്ടി മസ്ജിദി'ല്‍ വെച്ചാണെന്ന ഒരു പഴംചൊല്ല് അജ്മീറില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, പള്ളിയില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇത്തരം ഒരു പരിസമാപ്തിയായിരിക്കും കാത്തിരിക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയുടെ അങ്കണം ശക്തി കുറഞ്ഞ സ്ഫോടനത്താല്‍ തകര്‍ക്കപ്പെട്ടിട്ട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് രാജസ്ഥാന്‍ പൊലീസ് മൂന്നുപേരെ -ദേവേന്ദ്ര ഗുപ്ത, വിഷ്ണു പ്രസാദ് , ചന്ദ്രശേഖര്‍ പട്ടിദാര്‍- അറസ്റ്റു ചെയ്തത്. 2007 ഒക്റ്റോബറില്‍, മൂന്നു പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനു തുടക്കം കുറിച്ച മൊബീല്‍ ഫോണും സിം കാര്‍ഡും വാങ്ങിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗുപ്തയാ ണെന്നാണു സംശയിക്കുന്നത്. ഇക്കൊല്ലം ഏപ്രില്‍ 30ന് ഇവരെ അറസ്റ്റു ചെയ്യുന്ന തുവരെ ,അജ്മീര്‍ സ്ഫോടനം ജിഹാദി ഭീകരരുടെ കൈക്രിയ ആയിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് വിമര്‍ശനരഹിതമായും അത്യുത്സാഹ ത്തോടെയും ഭരണകൂടം സ്വീകരിച്ചത്. വലിയൊരു വിഭാഗം മാധ്യമങ്ങളും അക്കഥ ആവര്‍ത്തിച്ചുറപ്പിക്കയുണ്ടായി.

ലാഹോറിലെ ദത്താ ഗഞ്ച് ബക്ഷില്‍ എണ്ണപ്പെട്ട മൃതദേഹങ്ങള്‍ , കുഴക്കുന്ന ഒരു ചോദ്യത്തിലേക്കു നയിക്കുന്നു: 'ജിഹാദികള്‍ ദര്‍ഗയിലെ മുസ്ലിം ഭക്തരെ ലക്ഷ്യം വയ്ക്കുമോ?' ഈ ചോദ്യത്തിന് സങ്കീര്‍ണമായ ഉത്തരങ്ങളാവും കാണുക. പക്ഷേ ഇന്‍ഡ്യയില്‍ ,യുക്തിസഹമായ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതാണെന്ന വിചാരം പോലും ഇല്ല. സംശയത്തിന്റെ കുന്തമുന സ്വാഭാവികമായും ഉറപ്പായും 'ഇസ്ലാമിക ഭീകര'രില്‍ത്തന്നെ ചെന്നു നിന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിരവധി മുസ്ലിം ചെറുപ്പക്കാര്‍ തടവിലാക്കപ്പെടുകയും വിശദമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അവസാനം എല്ലാ സൂചനകളും ഗുപ്തയിലേക്കു നയിക്കുകയും ഹിന്ദു മൌലികവാദ ദേശീയ ഗ്രൂപ്പു കളിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുവരെ ഇതു തുടര്‍ന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ കപില്‍ ഗാര്‍ഗ് പറയുന്നു:"ഞങ്ങള്‍ ആ മതത്തി ലെ(ഹിന്ദു മതത്തിലെ) ചിലയാളുകളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ശരിയായ പാതയില്‍ ത്തന്നെയാണു ഞങ്ങളെന്ന് തീര്‍ത്തും ഉറപ്പുണ്ട്. "


ഏറ്റവുമൊടുവില്‍, ഹൈദരാബാദിലും മക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേ സിലും തങ്ങള്‍ ശരിയായ പാതയിലാണെന്നാണ് സി ബി ഐ ടീം വിശ്വസി ക്കുന്നത്. 2007 മെയ് മാസത്തില്‍ 14 പേരെ കൊല്ലുകയും അമ്പതോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത മക്ക മസ്ജിദ് കോംപ്ലക്സിലെ ഉഗ്ര സ്ഫോടത്തിനു കാരണക്കാരായ ഹിന്ദു മതമൌലിക ഗ്രൂപ്പുകളിലെ നാലു പേരെ ഈ മെയ് മാസ ത്തിലാണ് അറസ്റ്റു ചെയ്തത്. അന്നും പക്ഷേ ഹൈദരാബാദ് പൊലീസ് പറഞ്ഞി രുന്നത്, അതു ചെയ്തത് പ്രാദേശികമായ പിന്തുണയോടെ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി) ആയിരിക്കുമെന്നാണ്. 26 മുസ്ലിങ്ങളെ അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തി ആറു മാസം തടവിലിടുകയും ചെയ്തു.


എന്നാല്‍ നേര്‍വിപരീതമായ തെളിവ്-ലോഹക്കുഴലുകളില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ സിംകാര്‍ഡ്-മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്തുന്ന രീതിയും അജ്മീര്‍ സ്ഫോടന ഉപായവുമായുള്ള വിസ്മയാവഹമായ സാദൃശ്യം-സി ബി ഐ കണ്ടെത്തുന്നതുവരെ ഈ കഥ മേല്‍ തിരക്കഥയനുസരിച്ചു തുടര്‍ന്നു. രണ്ടു ബോംബുകളിലും ഇന്‍ഡ്യന്‍ സൈന്യത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന മാരക അനുപാതത്തിലായിരുന്നു ആര്‍ ഡി എക്സും റ്റി എന്‍ റ്റിയും സംയോജിപ്പി ച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. "മക്കാ മസ്ജിദ് സ്ഫോടനത്തിലും വീണ്ടും അജ്മീര്‍ സ്ഫോടനത്തിലും ബോംബുകള്‍ സജീവമാക്കാന്‍ സിം കാര്‍ഡും മൊബീല്‍ ഫോണ്‍ സെറ്റുകളും ഉപയോഗിച്ചതും അജ്മീര്‍ സ്ഫോടനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതും " സുനില്‍ ജോഷി എന്നു പേരുള്ള ഒരു ആക്റ്റിവിസ്റ്റ് ആയിരു ന്നുവെന്നാണ് സി ബി ഐ ഡിറക്റ്റര്‍ അശ്വനി കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.


ഏതാണ്ട് ഇതേ സമയത്തുതന്നെ, 2009 ഒക്റ്റോബറില്‍ പ്രാദേശിക ഉത്സവത്തിന് സ്ഫോടക വസ്തുക്കളുമായി പോകും വഴി രണ്ടുപേര്‍ കൊല്ലപ്പെട്ട മാര്‍ ഗാവ് സ്ഫോടനം ഗൂഢാലോചനാപരമായി നടപ്പാക്കിയ കേസില്‍ തീവ്ര വലതു പക്ഷ സംഘടനയായ 'സനാതന്‍ സംസ്ഥ'യുടെ അംഗങ്ങളില്‍ (എല്ലാവരും ഹിന്ദുക്കള്‍) കുറ്റമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ ഏ) പഞ്ജിം കോടതിയില്‍ ഒരു കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തിന്റെ അന്വേഷണവും , ആദ്യത്തെ സംശയം- ഇന്‍ഡ്യന്‍ മുജാഹിദീന്‍(ഐ എം)കാരെന്നോ 'ജിഹാദി വിഭാഗങ്ങളു ടെ സ്ലീപ്പര്‍ സെല്ലുകളെ'ന്നോ സംശയിക്കുന്ന മുസ്ലിങ്ങളെ ചോദ്യം ചെയ്യലും തടവി ലിടലും -കഴിഞ്ഞ് ഇപ്പോള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം അബ്ദുല്‍ സമദ് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ , മഹാരാഷ്ട്ര ഏ റ്റീ എസ് സജീവമാക്കി നിര്‍ത്തിയിരുന്ന ധാരണ, ആ രാത്രിയില്‍ ബേക്കറിയിലെ സി സി റ്റി വി കാമറയില്‍ പതിഞ്ഞി രുന്ന ആളാണ് സമദെന്നായിരുന്നു. പക്ഷേ സമദിനെ ഒരിക്കലും സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാക്കിയില്ലെന്നു മാത്രമല്ല, മറ്റു കേസുകളിലും വെറുതെ വിടുകയാണുണ്ടായത്.


ഇന്‍ഡ്യയിലെ ഭീകരാക്രമണ കേസന്വേഷണങ്ങള്‍ക്ക് 2008 സെപ്റ്റംബര്‍-ഒക്റ്റോബറിലെ മാലെഗാവ് സ്ഫോടന അന്വേഷണത്തടെയാണ് നാടകീയമായ പരിവര്‍ത്തനമുണ്ടായത്. അന്നത്തെ മഹാരാഷ്ട്ര ഏ റ്റീ എസ് മേധാവി ഹേമന്ത് കര്‍ക്കരെ(അദ്ദേഹം പിന്നീട് 26/11 രാത്രിയില്‍ കൊല്ലപ്പെട്ടു) , നയിച്ച ആ അന്വേഷണം വിരല്‍ ചൂണ്ടിയത് 2005-06 ല്‍ സ്ഥാപിക്കപ്പെട്ട തീവ്ര വലതു പക്ഷ -പുണെ കേന്ദ്രിത സംഘടനയായ അഭിനവ് ഭാരതി(ഏ ബീ) ലേക്കും അതിന്റെ അംഗങ്ങളിലേക്കും അനുബന്ധ സംഘടനകളിലേക്കുമാണ്. കര്‍ക്കരെയും കൂട്ടരും പുറത്തുകൊണ്ടു വരാന്‍ നോക്കിയ,സമീപകാല ചരിത്രത്തിന്റെ ഭാഗമായ ആ വസ്തുത 'ഹിന്ദുത്വ ഭീകരത' എന്ന പുത്തന്‍ പ്രതിഭാസത്തെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അടിത്തറയാകേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായില്ല.


മെക്കാ മസ്ജിദ്, അജ്മീര്‍ തുടങ്ങിയ പ്രഹരശേഷി കുറഞ്ഞ സ്ഫോടനങ്ങളുടെ ഹിന്ദുത്വ ബന്ധങ്ങള്‍ പൊതുജന സമക്ഷം എത്തിയിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും ഭോപാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഐ ഈ ഡി കാണുകയും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ,പ്രാദേശിക ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളായ രാം നാരായണ്‍ കല്‍സംഗ്ര,സുനില്‍ ജോഷി ഇവരിലേക്കു ചെന്നെത്തിയ 2002-03മുതല്‍ തന്നെ അതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. അവരെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും കിട്ടിയില്ല. എന്നിരുന്നാലും ബജ് രംഗ് ദളാണ് ഇതിനു പിന്നിലെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്. പിന്നീട് 2006 ല്‍ , നാന്ദേഡ്, കാണ്‍പൂര്‍ ഇവിടങ്ങളിലെ ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളുടെ വീടുകളില്‍ ഐ ഈ ഡി നിര്‍മാണത്തിനിടെ സ്ഫോടനങ്ങളുണ്ടായി. അക്കൊല്ലം, മഹാരാഷ്ട്രയിലെ പല പട്ടണങ്ങളിലും-പൂര്‍ണ,പര്‍ഭാനി,ജല്‍ന- ഉള്ള പള്ളികളും ശക്തികുറഞ്ഞ സ്ഫോടന ങ്ങളാല്‍ നടുങ്ങി. നാന്ദേഡിലേത് ഔറംഗാബാദിലെ പള്ളിയിലേക്കു കരുതി വച്ച ഐ ഈ ഡിയായിരുന്നു. ഔറംഗബാദിന്റെ മാപ്പിനൊപ്പം കൃത്രിമ താടികളും മുസ്ലിം പുരുഷന്മാരുടെ വസ്ത്രങ്ങളും അവിടെ നിന്നു പിടിച്ചെടുത്തിരുന്നു. അത് മതിയായ ഒരു മുന്നറിയിപ്പായെടുക്കേണ്ടതായിരുന്നു.


എന്നാല്‍ കര്‍ക്കരെ മാലെഗാവ് അന്വേഷണം നയിച്ച 2008ലെ രണ്ടു മാസത്തെ ചുരുങ്ങിയ കാലയളവു് ഒഴിച്ചുനിര്‍ത്തിയാല്‍ ,ഈ വര്‍ഷം മെയ്-ജൂണ്‍ വരെ ഈ മുന്നറിയിപ്പുകളെ കാണാതിരിക്കയോ അവഗണിക്കയോ ആണ് ഭരണകൂടം ചെയ്തത്.എന്നാല്‍ ആ നിഷേധ മനോഭാവം തുടരാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. "കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വലതുപക്ഷ അതിക്രമ ങ്ങളെക്കുറിച്ച കഥകള്‍ ചെറിയ തോതിലെങ്കിലും പുറത്തുവന്നു കൊണ്ടിരിക്കു ന്നുണ്ട്. വ്യവസ്ഥാപിതമായ അന്വേഷണത്തിനു പകരം ഓരോ സംഭവം-ഓരോ സംഭവം എന്ന മട്ടിലുള്ള അന്വേഷണമാണു നടക്കുന്നത്. വലിയ സംഭവങ്ങള്‍ അന്വേഷണത്തിനു വിധേയമാക്കപ്പെടാതെയും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും നിലനില്‍ക്കുകയാണ്. "-മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭി ഭാഷകനും ആയ മിഹിര്‍ ദേശായി പറയുന്നു. അജ്മീര്‍, മക്കാ മസ്ജിദ്,മാലെഗാവ് തുടങ്ങിയ സ്ഫോടനങ്ങളുടെ പിന്നില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെ ത്തുന്ന വ്യക്തമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇവയെല്ലാം കൂടി ഒന്നിച്ച് അന്വേഷിക്കണമോ എന്നുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കയാണ് സി ബി ഐ ഇപ്പോള്‍.


ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കിനെപ്പറ്റി വിലയിരുത്താന്‍ പറ്റിയ അവസരമാണ് മാലെഗാവ് 2008 നല്‍കിയത്. അക്കൊല്ലം സെപ്റ്റംബറില്‍ തീവ്രത കുറഞ്ഞ ഒരു സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഏ റ്റീ എസ്സിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത്, ബോംബ് സ്ഫോടന ത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിലും തുടര്‍ന്ന് സ്വയം പ്രഖ്യാപിത ഗുരു ദയാനന്ദ് പാണ്ഡെയിലും സൈന്യ ത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലെഫ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹി തിലും മറ്റ് പതിമൂന്നു പേരിലുമാണ്.( ആദ്യമായാണ് ഒരു സൈനിക ഓഫീസറിലേ ക്ക് അന്വേഷണം നീണ്ടത്).ചോദ്യം ചെയ്യവേ, മക്കാ മസ്ജിദ് സ്ഫോടനത്തിനും ആര്‍ ഡി എക്സ് നല്‍കിയതു താനായിരുന്നുവെന്ന് പുരോഹിത് ഏ റ്റീ എസ്സിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഹൈദരാബാദ് പൊലീസ് 'ഹുജി ബന്ധമുള്ള 'മുസ്ലിങ്ങളെ തടവിലാക്കിയിരുന്നതിനാല്‍ ഇക്കാര്യം പരസ്യമാക്കരു തെന്ന നിര്‍ദേശമാണ് ഏ റ്റീ എസ്സിനു കിട്ടിയതെന്നു പറയപ്പെടുന്നു. ആ സ്ഫോടന ത്തിനും അജ്മീര്‍ സ്ഫോടനവുമായുള്ള സാദൃശ്യം സ്പഷ്ടമായിരുന്നു.


മാലെഗാവ് കേസില്‍ സമര്‍പ്പിച്ചിട്ടുള്ള 4528 പേജുള്ള കുറ്റപത്രം ,അഭിനവ് ഭാരതിന്റെയും കൂട്ടാളികളുടെയും 'ഗ്രാന്‍ഡ് ഡിസൈനി'നെപ്പറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കുന്നുണ്ട്. "ഹിന്ദു ആരാധനാലയങ്ങള്‍ക്കു മേലുള്ള ബോംബാക്രമണങ്ങള്‍ക്കു പകരം ചോദിക്കാ"നും "പ്രത്യേക ഹിന്ദു രാഷ്ട്രം "സ്ഥാപിക്കുക എന്ന തീവ്രമായ അഭിലാഷം പൂര്‍ത്തീകരിക്കാനുമാണ് സ്ഫോടന പരമ്പരകള്‍ നടത്തിയിരുന്നതെ ന്നാണ് പുരോഹിതും സാധ്വിയും മറ്റും പരസ്പരം പറഞ്ഞിരുന്നത്. അഭിനവ് ഭാരത് -അതിന്റെ മാതൃ രൂപം രൂപവത്കരിച്ചത് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. പിന്നീടത് പിരിച്ചുവിടപ്പെട്ടു. ശേഷം ഹിമാനി സവര്‍ക്കറാണ് അത് പുനരാരംഭിച്ചത്-ഉണ്ടാ ക്കിയത് ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിനായിരുന്നു. "ഈ സംഘടിത കുറ്റവാളി സിന്‍ഡിക്കേറ്റ് , ഒരു ദേശീയ പതാകയും സ്വീകരിക്കാന്‍ ആഗ്രഹിച്ചി രുന്നു "വെന്ന് കുറ്റപത്രം പറയുന്നു."സ്വര്‍ണ നിറത്തിലുള്ള അരികുകളും ... പുരാത നമായ ഒരു ദീപശിഖയും വഹിക്കുന്ന കുങ്കുമ വര്‍ണ പതാകയായിരുന്നു "അത്.


ഒരു തെരുവിന് കര്‍ക്കരെയുടെ പേരു നല്‍കിക്കൊണ്ട് മാലെഗാവ് അദ്ദേ ഹത്തെ ആദരിച്ചു. 2006 സെപ്റ്റംബറിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യ വും പുറത്തുകൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ച മനുഷ്യന് ,ദീര്‍ഘനിശ്വാസ ത്തിലായ പട്ടണത്തിന്റെ ബഹുമതിയായിരുന്നു അത്. മൂന്നു ബോംബുകളാണ് ആ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം പള്ളിക്കും ഖബര്‍സ്ഥാനുമരികെ പൊട്ടിത്തെറിച്ച് 37 പേരെ കൊല്ലുകയും 100പേരെ പരിക്കേല്‍പ്പിക്കയും ചെയ്തത്. പതിവുപോലെ ത്തന്നെ , നിരോധിത സിമി അംഗങ്ങളെന്ന് ആരോപിച്ച് മുസ്ലിങ്ങളെ പൊക്കുക യും ചോദ്യം ചെയ്യുകയും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പക്ഷേ കുറ്റപത്രത്തില്‍ നിരവധി പഴുതുകളുണ്ടായിരുന്നു-മുഖ്യ ആരോപിതനായ സിമി പ്രവര്‍ത്തകന്‍ മുഹമദ് സാഹിദ്, അന്നേ ദിവസം മാലെഗാവ് പട്ടണത്തില്‍ നിന്ന് 700 കി മീ അകലെയുള്ള ഒരു ഗ്രാമത്തില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കു കയായിരുന്നു; ഗൂഢാലോചന നടത്തിയതായി ആരോപിതനായ ഷബീര്‍ മസീ ഹുല്ലാ, സ്ഫോടനങ്ങള്‍ക്ക് ഒരു മാസം മുന്‍പുതന്നെ പൊലീസ് കസ്റ്റഡിയിലാ യിരുന്നു;ദൃക്സാക്ഷി വിവരണപ്രകാരം പൊലീസ് തയ്യാറാക്കിയ സ്കെച്ചിലെ ആളുക ളെല്ലാം ക്ലീന്‍ ഷേവു ചെയ്തവരായിരുന്നെങ്കില്‍ , കുറ്റാരോപിതരെല്ലാം വര്‍ഷങ്ങ ളായി താടി വളര്‍ത്തുന്നവരായിരുന്നു.


രാജസ്ഥാന്‍ ഏ റ്റീ എസ് ഇപ്പോള്‍ വിശ്വസിക്കുന്നത്,ആര്‍ എസ് എസ് പ്രചാരകനായ സുനില്‍ ജോഷിയിലൂടെയാണ് അജ്മീര്‍ സ്ഫോടനവുമായി ബന്ധ മുള്ള ദേവേന്ദ്ര ഗുപ്ത, അഭിനവ് ഭാരതിലെ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരു ന്നതെന്നാണ്. ആ ബന്ധത്തിന്റെ മറ്റേ അറ്റം നല്‍കിക്കൊണ്ട് മഹാരാഷ്ട്ര ഏ റ്റീ എസ് പറയുന്നത്, 2007 സെപ്റ്റംബറില്‍ സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന വരാല്‍ സുനില്‍ ജോഷി വധിക്കപ്പെട്ടപ്പോള്‍ രോഷാകുലയായ സാധ്വി, 2008ലെ മാലെഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ്. 68 പേര്‍ -എല്ലാ വരും പാക്കിസ്ഥാനികള്‍-കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനവുമായും ജോഷിക്കു ബന്ധമുണ്ടായിരുന്നത്രേ! പേരു വെളിപ്പെടുത്താത്ത സാക്ഷി വിവരിച്ച, പുരോഹിതിന്റെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ഫോണ്‍ സന്ദേശത്തില്‍ നിന്നാണു തെളിവ് ലഭിച്ചത്.


എന്നിരുന്നാലും ഇക്കഥയ്ക്ക് പല പഴുതുകളുമുണ്ട്. അവയില്‍ ഏറ്റവും നിര്‍ണാ യകം പിടികിട്ടാപ്പുള്ളികളായ രാം നാരായണ്‍ കല്‍ശംഗ്രയും സ്വാമി അസീമാനന്ദും മറ്റുള്ളവരുമാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും അന്വേഷകര്‍ പറയുന്നത് ബോംബ് ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ കല്‍ശംഗ്രയെ ദേവേന്ദ്ര ഗുപ്തയ്ക്കു പരിചയ പ്പെടുത്തിയത് സാധ്വിയാണെന്നാണ്. കല്‍ശംഗ്രയെ കണ്ടെത്തേണ്ടത് നിര്‍ണായ കമാണ്. കാരണം കസ്റ്റഡിയിലുള്ള എല്ലാ കുറ്റാരോപിതരും അവര്‍ക്കും ഒരു പ്രഹേളികയെന്ന മട്ടില്‍ അയാളെ 'ആ മനുഷ്യന്‍ ' എന്നാണ് വിളിക്കുന്നത്. അജ്മീര്‍, മക്കാ മസ്ജിദ് , മാലെഗാവ് ,സംഝോത എക്സ്പ്രസ് അതുപോലെ നിരവധി സ്ഫോടനങ്ങള്‍, വ്യക്തമായും വലിയൊരു തിരക്കഥയുടെ ഭാഗമാണ്. സി.ബി.ഐ അന്വേഷണത്തിന്റെ എല്ലാ ഖണ്ഡങ്ങളും ചേര്‍ത്തുവെച്ചാല്‍ മാത്രമേ ഹൈന്ദവഭീകരതയുടെ വൈപുല്യം നമുക്കു മുന്നില്‍ വെളിപ്പെടുകയുള്ളു, അവരങ്ങനെ ചെയ്യുമെങ്കില്‍ മാത്രം !


(ഒറിജിനല്‍ ലേഖനം ഇവിടെ വായിക്കാം.)

സത്യാന്വേഷി മികച്ച ഒരു വിവര്‍ത്തകനൊന്നുമല്ല. അതിനാല്‍ വിവര്‍ത്തനത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു.
മറ്റൊരു ലേഖനം ഇവിടെയും

ഇവിടെയും 
വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട്:

സംഝോത എക്സ്പ്രസ് സ്ഫോടനം നടത്തിയത് ഹിന്ദുത്വ ശക്തികള്‍?

കമന്റുകള്‍ ഇതാ ഇവിടെ.

Sunday, July 11, 2010

സ്ഫോടനങ്ങള്‍: യഥാര്‍ഥ ഭീകരര്‍ പുറത്തുവരുന്നു

അജ്മിര്‍ സ്‌ഫോടനത്തിലും ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് പങ്കെന്ന് സൂചന  
ന്യൂഡല്‍ഹി: യു.പി.യിലെ കാണ്‍പുരിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സി.ബി.ഐ. ചോദ്യം ചെയ്ത മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് അജ്മിര്‍ സ്‌ഫോടനത്തിലെ പ്രതികളുമായും ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. 2007 ഒക്ടോബറില്‍ അജ്മിരില്‍ നടന്ന സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ ദേവേന്ദ്രഗുപ്തയെ സംഘപരിവാര്‍ നേതാക്കളായ അശോക് വര്‍ഷ്‌ണേയിയും അശോക് ബേരിയും ഒളിവില്‍ താമസിപ്പിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.


കാണ്‍പൂരില്‍ ബോംബുനിര്‍മാണത്തിനിടെ രണ്ടു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്സിന്റെ കേന്ദ്രസമിതി അംഗമായ ബേരിയെയും കാണ്‍പുര്‍ പ്രാന്ത് പ്രചാരകനായ വര്‍ഷ്‌ണേയിയെയും സി.ബി.ഐ. നേരത്തേ ചോദ്യം ചെയ്തിരുന്നു. അജ്മിര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ദേവേന്ദ്രഗുപ്തയും ലോകേഷ് ശര്‍മയും പ്രാദേശിക ആര്‍.എസ്.എസ്. നേതാക്കളാണ്. 2007 മെയില്‍ നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനവുമായി ഇവര്‍ക്കുള്ള ബന്ധവും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ദേവേന്ദ്രഗുപ്തയെയും ലോകേഷ് ശര്‍മയെയും സി.ബി.ഐ. ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നു. വര്‍ഷ്‌ണേയിയെ ഗൊരഖ്പുരില്‍ നടന്ന ആര്‍.എസ്.എസ്. ക്യാമ്പിനിടയിലും ബേരിയെ ഡല്‍ഹിയിലുമാണ് ചോദ്യം ചെയ്തതെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. 2009 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഗുപ്തയെ കാണ്‍പുരില്‍ ഒളിവില്‍ താമസിപ്പിച്ചുവെന്ന് വര്‍ഷ്‌ണേയി സമ്മതിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ലഖ്‌നൗവിലും സീതാപുരിലും താമസസൗകര്യം ഒരുക്കിക്കൊടുത്തുവെന്ന് ഗുപ്ത പറഞ്ഞിട്ടുണ്ടെങ്കിലും ബേരി സമ്മതിച്ചിട്ടില്ല.


യു.പി.യില്‍നിന്ന് ബിഹാറിലെ മുസഫര്‍പുരില്‍ നടന്ന ആര്‍.എസ്.എസ്. പരിപാടില്‍ പങ്കെടുക്കാനായി ഗുപ്ത പോയതായും ബിഹാര്‍, ജാര്‍ഖണ്ഡ് പ്രദേശങ്ങളില്‍ ഗുപ്ത ഒളിവില്‍ കഴിയുന്ന കാലത്ത് ബേരിയും വര്‍ഷ്‌ണേയിയും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നുവെന്നും സി.ബി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുപ്തയുമായി പരിചയമുണ്ടെന്നും അയാള്‍ക്ക് അജ്മിര്‍ ഷെറീഫ് സ്‌ഫോടനവുമായി ബന്ധവുണ്ടെന്ന് അറിയാമായിരുന്നുവെന്നും ഇരു ആര്‍.എസ്.എസ്. നേതാക്കളും സി.ബി.ഐ.യെ അറിയിച്ചു. എന്നാല്‍ അജ്മിര്‍-മെക്കാ സ്‌ഫോടനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിനിടെ അവര്‍ ആവര്‍ത്തിച്ചു.


അജ്മിര്‍, മാലേഗാവ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന രാംജി എന്ന രാമചന്ദ്ര കല്‍സരംഗ, പരമാനന്ദ് എന്ന സന്ദീപ് ദാംഗേ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സി.ബി.ഐ. സംഘപരിവാര്‍ നേതാക്കളോട് അന്വേഷിച്ചു. 2008 ആഗസ്ത് 25ന് നടന്ന കാണ്‍പുരിലെ കല്യാണ്‍പുര്‍ സ്‌ഫോടനം ബോംബുനിര്‍മാണത്തിനിടയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉഗ്രസ്‌ഫോടനശേഷിയുള്ള പൊട്ടാസ്യം ക്ലോറേറ്റിന്റെയും ആര്‍സനിക് സള്‍ഫേറ്റിന്റെയും അംശങ്ങള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു.
ഇത് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ്. ഈ സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ഇതെല്ലാം 'മുസ്ലിം ഭീകര(തീവ്ര)വാദി'കളാണ് ചെയ്തതെന്ന ഐ ബി കള്ളക്കഥകള്‍ മുന്‍പേജിലിട്ട് അലക്കിയിരുന്ന മാതൃഭൂമി ഈ വാര്‍ത്ത പക്ഷേ അകത്തെ  പേജിലാണു കൊടുത്തത്. മുന്‍പേജില്‍ നല്‍കാന്‍ അവര്‍ക്കിപ്പോള്‍ 'മുസ്ലിം ഭീകരത'യുടെ  തീവണ്ടി അട്ടിമറിശ്രമക്കേസ്സുകളും എന്‍.ഐ.എ. ഏറ്റെടുത്തേക്കും പോലുള്ള മറ്റു വാര്‍ത്തകളുണ്ടല്ലോ!
ഈ ലേഖനം കൂടി കാണുക

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

കമന്റുകള്‍ ഇതാ ഇവിടെ.