'ഇടതുപക്ഷം വീണ്ടും സെക്റ്റേറിയന്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ്'എന്ന തലക്കെട്ടില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍(2010 ജൂലൈ 12) ഡോ.ടി ടി ശ്രീകുമാറിന്റെ ഒരു ലേഖനം വന്നിരുന്നു. ആ ലേഖനത്തില്‍ ഡോ ശ്രീകുമാര്‍ ഇങ്ങനെ എഴുതി:"ഏറ്റവും ന്യൂനപക്ഷ വിരുദ്ധമായ നിലപാട് ഇ എം എസ് കൈക്കൊണ്ടത് ബാബരി മസ്ജിദ് പ്രശ്നത്തിലായിരുന്നു. പള്ളിക്കുമേല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും പള്ളി മുസ്ലിങ്ങളുടേതു തന്നെയാണെന്നും ദേശീയ ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്തായിരുന്നു ഇ എം എസ്സിന്റെ നിലപാട്? അദ്ദേഹം പറഞ്ഞത് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയ സ്മാരകമാക്കണമെന്നായിരുന്നു. മാത്രവുമല്ല, 1987ല്‍ തിരൂരില്‍ ചെന്ന് ബാബരി പള്ളി പൊളിച്ചുമാറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നുവരെ ഇ എം എസ് പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് 1989ല്‍ ഇ എം എസ് കാഞ്ചി കാമകോടി മഠാധിപതിയുമായി ശങ്കരജയന്തിക്ക് വേദി പങ്കിടുകയും ശങ്കരനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ ലേഖനമെഴുതുകയും ചെയ്തു. ഇ എം എസ്സിന്റെ മൃദു ഹിന്ദുത്വം ഈ കാലഘട്ടത്തില്‍ തുറന്ന ഹൈന്ദവ രാഷ്ട്രീയം തന്നെയായി മാറുകയായിരുന്നു. സി ഐ ടി യു സെക്രട്ടറി കാനെ ബാനര്‍ജി അടക്കമുള്ളവരെ ഞെട്ടിച്ചതായിരുന്നു ഇ എം എസ്സിന്റെ ഈ നിലപാടുകള്‍. തുടര്‍ന്ന് ഇ എം എസ്സും സി പി എമ്മും നടത്തിയ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിന്റെ മറ പറ്റിയാണ് കേരളത്തില്‍ ഹൈന്ദവ ഭൂരിപക്ഷ മത രാഷ്ട്രീയം മുറ്റിത്തഴച്ചത്."
ഈ ലേഖനത്തില്‍ അന്നത്തെ ഇ എം എസ്സിന്റെ തിരൂര്‍ പ്രസംഗം റിപ്പോര്‍ട്ടു ചെയ്ത മാതൃഭൂമി പത്രത്തിലെ വാര്‍ത്താകട്ടിങ്ങും കൊടുത്തിട്ടുണ്‌ടായിരുന്നു. ഇ എം എസ് അന്ന് അങ്ങനെ പ്രസംഗിച്ചില്ലെന്നും ഇത് ജമാ അത്തെ ഇസ്ലാമിയുടെ 'നുണഭക്ഷ'ണമാണതെന്നും ചൂണ്ടിക്കാണിച്ച് ദേശാഭിമാനി പത്രത്തില്‍ ഒരു ലേഖനം വന്നിരുന്നു ഇന്നലെ. (ഏതോ ഒരു ബ്ലോഗിലും കണ്ടിരുന്നു ഈ വിഷയകമായി പോസ്റ്റ്). മാതൃഭൂമി അന്ന് പച്ചക്കള്ളമാണ് പറഞ്ഞതെന്നും അതിപ്പോള്‍ എടുത്തു ചേര്‍ത്ത് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്ന മാധ്യമം ജമാഅത്തെ ഇസ്ലാമിയുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കായാണെന്നതുമാണ് ലേഖനത്തിന്റെ ഉള്ളടക്കം. (ഡോ ശ്രീകുമാറിന് പഴിയില്ല കേട്ടോ!).
അന്ന് ഇ എം എസ് അങ്ങനെയല്ല പറഞ്ഞതെങ്കില്‍ പിന്നെ എന്താണു പറഞ്ഞത്? അതും ദേശാഭിമാനിയിലെ നിരീക്ഷകന്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അതിതാണ്: "ഇ എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളിവിടെ ഉദ്ധരിക്കുന്നു. - ദേ. പ.) പറഞ്ഞത് മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു. സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം. നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ? മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു. പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു. "
ഇത്തരമൊരു നിലപാടു വച്ചു പുലര്‍ത്തുന്നയാള്‍ മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തപോലെ പ്രസംഗിച്ചിരിക്കാനും സാധ്യതയില്ലെന്നു പറഞ്ഞുകൂടാ. അഥവാ അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നെങ്കിലും,ബാബരി പള്ളി ദേശീയ സ്മാരകമാക്കണമെന്നു പറയുന്നതും അത് പൊളിച്ചുമാറ്റണമെന്നു പറയുന്നതും തമ്മില്‍ ഫലത്തില്‍ എന്തു വ്യത്യാസമെന്തിരിക്കുന്നു? രണ്ടായാലും മുസ്ലിങ്ങള്‍ക്ക് അവരുടെ പള്ളി നഷ്ടമാവും.
ഇതാണോ 'ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത' ,'ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത', 'ദാര്‍ഢ്യവും വ്യക്തതയു'മാര്‍ന്ന 'നിലപാടു്'?
നല്ല ലോജിക്ക് അല്ലേ? ഇതേ ലോജിക് അനുസരിച്ച് ,ഏ കെ ജി സെന്ററിനു മേല്‍ കോണ്‍ഗ്രസുകാര്‍ അവകാശമുന്നയിച്ചാല്‍ എന്തായിരിക്കും ഇ എം എസിന്റെ/സി പി എമ്മിന്റെ പരിഹാരം? താഴെ സി പി എമ്മിനും മുകളില്‍ കോണ്‍ഗ്രസിനും നല്‍കി പ്രശ്നം പരിഹരിക്കുമായിരുന്നോ?
ഇന്നും ഈ ആണും പെണ്ണും കെട്ട സമീപനത്തിന്റെ പേരില്‍ അഭിമാനം കൊള്ളണമെങ്കില്‍ എത്രമാത്രമായിരിക്കും ആ പാര്‍ട്ടിയുടെ ന്യൂനപക്ഷവിരുദ്ധ ഉള്ളടക്കം?
ശ്രീകുമാര്‍ ഉന്നയിച്ച മറ്റു വിമര്‍ശനങ്ങള്‍ക്ക് ലേഖനത്തില്‍ മറുപടിയൊട്ടുമില്ലതാനും.
ലേഖനം മുഴുവനായി ഇവിടെ എടുത്തു ചേര്‍ത്തിട്ടുണ്ട്.
കമന്റുകള്‍ക്കായി ഇവിടെ.
No comments:
Post a Comment