Saturday, January 1, 2011

മുസ്ലിങ്ങള്‍ക്ക് ഇന്‍ഡ്യയിലെ ജാതി ഇനിയും മനസ്സിലായിട്ടില്ല?

മലയാളത്തിലെ രണ്ടു പ്രമുഖ മുസ്ലിം മാനേജ്മെന്റ് ദിനപത്രങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണു താഴെ.


I. ഇത് ഡിസംബര്‍ 29 ന് മാധ്യമം എഴുതിയ മുഖപ്രസംഗ-

പിടിമുറുക്കുന്ന ജാതിരാഷ്ട്രീയം-ത്തില്‍ നിന്ന്:



"....യു.പിയില്‍ മായാവതിയും മുലായംസിങ് യാദവും ബിഹാറില്‍ ലാലുപ്രസാദ് യാദവും രാംവിലാസ് പാസ്വാനും ഝാര്‍ഖണ്ഡില്‍ ഷിബുസോറനും തമിഴ്‌നാട്ടില്‍ കരുണാനിധിയും ജയലളിതയും വൈകോയും ഹരിയാനയില്‍ ചൗത്താലയുമൊക്കെ കേവലം വംശീയ, ജാതീയ രാഷ്ട്രീയത്തിന്റെ സന്തതികളാണ്. അത്തരം അതിര്‍വരമ്പുകള്‍ക്കതീതരെന്ന് അഭിമാനിക്കുന്ന പാര്‍ട്ടികളിലും ജാതിശക്തികളുടെ പ്രഭാവം പ്രകടവുമാണ്. തദ്ഫലമായി അവഗണന അവസാനിപ്പിക്കാനും പിന്നാക്കാവസ്ഥയില്‍നിന്ന് കരകയറാനും അവകാശങ്ങള്‍ നേടിയെടുക്കാനും സാമുദായികമായും ജാതീയമായും സംഘടിക്കുകയും വോട്ടുബാങ്ക് സൃഷ്ടിച്ച് വിലപേശുകയുമല്ലാതെ പോംവഴിയില്ലെന്ന ചിന്ത സാര്‍വത്രികവും ശക്തവുമായി. ഇതിന്റെ ഭാഗമാണ്, പുതിയ സെന്‍സസ് എടുക്കുമ്പോള്‍ ജാതിതിരിച്ചുവേണമെന്ന ആവശ്യം പാര്‍ലമെന്റില്‍ വീറോടെ മുഴങ്ങിയത്. അവസാനം സര്‍ക്കാര്‍ അതിന് വഴങ്ങേണ്ടിവന്നു. ജാതിതിരിച്ചുള്ള സെന്‍സസ് സങ്കീര്‍ണമായതിനാല്‍ വേറെത്തന്നെ നടത്താമെന്ന ഉറപ്പും നല്‍കി. അത്  യഥാസമയം നടന്നാലും വിശദാംശങ്ങളറിയാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരാം. എപ്പോള്‍ അറിഞ്ഞാലും പുതിയ അവകാശവാദങ്ങളും വിലപേശലുകളുമുയരുമെന്ന് തീര്‍ച്ച. ജാതി, സമുദായ സമവാക്യങ്ങളില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമീപഭാവിയിലൊന്നും മുക്തിയില്ലെന്ന് ചുരുക്കം.."(ഊന്നലുകള്‍ കൂട്ടിച്ചേര്‍ത്തത്)


II. ഇനി ഇന്നലെ (ഡിസംബര്‍ 31 ന്) തേജസ് എഴുതിയ മുഖപ്രസംഗ-ജസ്റ്റിസ് ബാലകൃഷ്ണനും അഴിമതിയാരോപണങ്ങളും   -ത്തില്‍ നിന്ന്:



"ജസ്റ്റിസ് ബാലകൃഷ്ണന്‍ അധഃസ്ഥിതസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ന്യായാധിപനാണ്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പ്രസ്തുത ജനവിഭാഗങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുമെന്ന നിരീക്ഷണമുണ്ട്. ആരോപണത്തിനു പിന്നില്‍ സവര്‍ണവിഭാഗങ്ങളുടെ ദുഷ്ടലാക്കുണ്ടെന്നു പറയുന്നവരും കാണും. പക്ഷേ, അധഃസ്ഥിതനായതുകൊണ്ട് അഴിമതി ന്യായീകരിക്കപ്പെടുന്നില്ല. അതേസമയം, ജസ്റ്റിസ് ദിനകരനെപ്പോലെയും ജസ്റ്റിസ് ബാലകൃഷ്ണനെപ്പോലെയുമുള്ള കീഴാളജാതിയില്‍പ്പെട്ട ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങളുയരുമ്പോള്‍ സവര്‍ണലോബിയുടെ ഭാഗമായ അഴിമതിക്കാര്‍ നീതിന്യായരംഗത്തു കറപുരളാതെ നില്‍ക്കുന്നുവെന്നതു വിസ്മരിച്ചുകൂടാ. സാമാന്യമായി ജുഡീഷ്യറി കളങ്കരഹിതമായിരിക്കണം. ജസ്റ്റിസ് ബാലകൃഷ്ണനുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെയും ഈ ഉള്‍ക്കാഴ്ചയോടെയാണു നാം കാണേണ്ടത്. അദ്ദേഹവും അതുള്‍ക്കൊണ്ടാല്‍ പ്രശ്നം തീര്‍ന്നുകിട്ടും."

ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥിതിയുടെ മെക്കാനിസത്തെക്കുറിച്ച് മുസ്ലിങ്ങള്‍ക്ക് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് ഈ മുഖപ്രസംഗങ്ങള്‍ സുതരാം വ്യക്തമാക്കുന്നു. ജാതി,വംശം എന്നതൊന്നും ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ല. അത് സ്വന്തം ഇഷ്ടപ്രകാരം മാറാനും പറ്റില്ല. ജന്മസിദ്ധമാണത്. മതം മാറിയാലും ജാതിസ്വത്വം നിലനില്‍ക്കുന്നുവെന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ദലിത് ക്രൈസ്തവരും ദലിത് മുസ്ലിങ്ങളും നിയോ ബുദ്ധിസ്റ്റുകളും മറ്റും. അതുകൊണ്ടുതന്നെ ജാതിയോ വംശമോ അല്ല,ജാതിവ്യവസ്ഥിതിയും വംശീയ വിവേചനവും ആണ് ഇല്ലാതാക്കേണ്ടത്. അഥവാ അതു മാത്രമാണ് സാധ്യമായ കാര്യം. അതിന് ഏതിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നോ അതിന്റെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവിക്കുന്നവരുടെ രാഷ്ട്രീയം ഉയര്‍ന്നു വരും, വരണം. അതാണ് ഇന്‍ഡ്യയിലെ ജാതി രാഷ്ട്രീയം. അതിന്റെ സന്തതികളാണ് മായാവതിയും മുലായവും ലാലുവും മറ്റും. രാഷ്ട്രീയത്തില്‍ പൊതുവിലുണ്ടായിട്ടുള്ള ധാര്‍മികച്യുതി, അഴിമതി, സ്വജനപക്ഷപാതിത്വം തുടങ്ങിയവയില്‍ നിന്നെല്ലാം ഇവര്‍ക്കുമാത്രമായി മോചനം ഉണ്ടാവും എന്നത് നമ്മുടെ വ്യാമോഹം മാത്രമാണ്. ഉള്ള പ്രശ്നം ഇവര്‍ ഇത്തരം ഏതെങ്കിലും കാര്യം കാണിച്ചാലും ഇല്ലെങ്കിലും അത് മാധ്യമങ്ങള്‍ക്ക് ഉത്സവമായിരിക്കും എന്നതാണ്. ഇവര്‍ക്കു മാത്രമേ സ്ഥാനമാനങ്ങളും പേരും ഇതിന്റെ പേരില്‍ നഷ്ടമാകൂ എന്നതാണ്. മാധ്യമങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതാണ് ഇതിലെ നിര്‍ണായക ഘടകം. ഇക്കാര്യങ്ങളെല്ലാം നിരവധി പോസ്റ്റുകളിലായി ഈയുള്ളവന്‍ വിശദീകരിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥിതിയെ ശരിയാംവണ്ണം വിലയിരുത്തി അതിനെതിരെ ഒരു സ്ട്രാറ്റജി രൂപവത്കരിക്കാന്‍ ഇതു വരെ മുസ്ലിം നേതൃത്വത്തിനായിട്ടില്ല. കുറച്ചൊക്കെ തിരിച്ചറിവുണ്ടെന്നു  കരുതിയിരുന്ന രണ്ടു മുസ്ലിം ഗ്രൂപ്പുകള്‍ നടത്തുന്ന പത്രങ്ങളുടെ നിലപാടു തന്നെ ജാതി രാഷ്ട്രീയത്തിനും ജാതി സെന്‍സസിനും എതിരാണ്. വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും മറ്റും ദലിതരേക്കാള്‍ എത്രയോ മുന്‍പിലുള്ള മുസ്ലിങ്ങള്‍ക്ക് ജാതി രാഷ്ട്രീയത്തിന്റെ മെക്കാനിസം തിരിച്ചിറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ...........?

ശ്രീനിജന്റെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ കണ്ടിട്ടും കരുതിക്കൂട്ടി മിണ്ടാതിരുന്നതാണ്. സമാനമായ പല വിഷയങ്ങളിലൂടെ അഴിമതിയും പിന്നാക്ക-ദലിത് വിഭാഗങ്ങളുമായുള്ള ബന്ധവും പ്രശ്നങ്ങളും ഈയുള്ളവന്‍ മുന്‍പെഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ജസ്റ്റിസ് ദിനകറിന്റെ പ്രശ്നത്തിലെഴുതിയ പോസ്റ്റുകള്‍ ഉദാഹരണം. ആ നിലപാടില്‍ നിന്ന് ഒരു മാറ്റവും ഈ വിഷയത്തിലും എനിക്കില്ല. ഇവിടെ ശ്രീനിജന്റെ പ്രശ്നം സ്വത്തെല്ലാം സ്വന്തം പേരിലും ഭാര്യയുടെ പേരിലും സമ്പാദിച്ചുകൂട്ടി എന്നതാണ്. ബിനാമി ഇടപാടിലൊക്കെ ദലിതര്‍ക്ക് അത്ര പ്രാഗല്‍ഭ്യമായിട്ടില്ലല്ലോ. ഏതിനും ബാലകൃഷ്ണനെതിരായ നീക്കം അദ്ദേഹം കയറിയ അന്നുതൊട്ടേയുണ്ട്. ശ്രീനിജന്റെ പ്രശ്നം വന്നതോടെ നമ്മുടെ അയ്യര്‍ ചാടിവീണതു കണ്ടില്ലേ?
"........ജസ്റ്റിസ് ബാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ നീതിന്യായ സംവിധാനങ്ങള്‍ക്കുമാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും കളങ്കമായി മാറിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു....."
മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണം
ഇവിടെ ഏതെങ്കിലും അഴിമതിക്കാരെപ്പറ്റി അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും കളങ്കമായി മാറിയിരിക്കുകയാണെന്നു് ആരെങ്കിലും എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ദലിതരെപ്പറ്റി മാത്രമാണ്. എന്തുകൊണ്ടാണത്? അതാണ് ജാതിവ്യവസ്ഥിതിയുടെ മെക്കാനിസം.


മുസ്ലിങ്ങള്‍ക്ക് ജാതിവ്യവസ്ഥിതി എന്തെന്നു മനസ്സിലാവാത്തതുപോലെ തന്നെയാണ്
ബ്രാഹ്മണ്യത്തിന്റെ ആന്റിമുസ്ലിം പ്രൊപ്പഗന്‍ഡയുടെ മെക്കാനിസത്തെക്കുറിച്ച് പിന്നാക്കക്കാര്‍ക്കും  മനസ്സിലാകാത്തത്. ദലിതരില്‍ അംബേഡ്കറൈറ്റുകളില്‍ കുറച്ചുപേര്‍ക്കേ അതു മനസ്സിലായിട്ടുള്ളൂ. അവരതു പറയുന്നുമുണ്ട്. അതു പക്ഷേ അധികമാരും കേള്‍ക്കുന്നില്ല എന്നുമാത്രമേയുള്ളൂ. അവര്‍ക്ക് സ്വന്തമായി മാധ്യമങ്ങളില്ലല്ലോ!


 




2 comments:

  1. മുസ്ലിങ്ങള്‍ക്ക് ജാതിവ്യവസ്ഥിതി എന്തെന്നു മനസ്സിലാവാത്തതുപോലെ തന്നെയാണ്
    ബ്രാഹ്മണ്യത്തിന്റെ ആന്റിമുസ്ലിം പ്രൊപ്പഗന്‍ഡയുടെ മെക്കാനിസത്തെക്കുറിച്ച് പിന്നാക്കക്കാര്‍ക്കും മനസ്സിലാകാത്തത്. ദലിതരില്‍ അംബേഡ്കറൈറ്റുകളില്‍ കുറച്ചുപേര്‍ക്കേ അതു മനസ്സിലായിട്ടുള്ളൂ. അവരതു പറയുന്നുമുണ്ട്. അതു പക്ഷേ അധികമാരും കേള്‍ക്കുന്നില്ല എന്നുമാത്രമേയുള്ളൂ. അവര്‍ക്ക് സ്വന്തമായി മാധ്യമങ്ങളില്ലല്ലോ!

    ReplyDelete
  2. Well said Satyanweshi, really well said.....

    ReplyDelete