Monday, January 24, 2011

സ്വത്വരാഷ്ട്രീയം പുതിയ കാലത്തെ പുറന്തള്ളപ്പെട്ടവരുടെ ഭാഷയാണ്

 കെ കെ ബാബുരാജ്  എഴുതിയ ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും
എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.(ഇന്നിറങ്ങിയ  മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ -2011 ജനുവരി 31 -പ്രസിദ്ധീകരിച്ചത്)

 ജമാ അത്തെ ഇസ്ളാമിക്ക് എതിരെ ഹമീദും ഇതര സ്റാലിനിസ്റ്റുകളും എഴുതിയിട്ടുള്ള മിക്കവാറും എല്ലാ ലേഖനങ്ങളിലൂടെയും ഞാന്‍ കടന്നുപോവുകയുണ്ടായി. ‘ഒരു മുസ്ളീം മതമൌലികവാദ പ്രസ്ഥാന’മാണ് ഇതെന്നതാണ് അവരുടെ പ്രധാനപ്പെട്ട ആരോപണം.
പൌരോഹിത്യവുമായി ബന്ധപ്പെട്ട അടഞ്ഞ വ്യവസ്ഥയെയാണ് മതമൌലികവാദമെന്നു വിളിക്കുന്നത്. രാഷ്ട്രീയാധികാരത്തിലുള്ള സ്വാധീനവും പ്രാദേശിക വരേണ്യതയുമാണ് ഇതിനെ സംരക്ഷിക്കുന്നത്. ജമാ അത്തെ ഇസ്ളാമി പൌരോഹിത്യത്തോട് ഇടഞ്ഞുനില്‍ക്കുന്നതും രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തമില്ലാത്തതും മുസ്ളീം സമുദായത്തിലെ വരേണ്യഘടകങ്ങളെ ഏറ്റവും കുറച്ചുമാത്രം ഉള്‍ക്കൊള്ളുന്നതുമാണ്. ദൈവവുമായുള്ള കരാറായി വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുകയും ഖുറാന്റെ പാഠപരതയെ ആശ്രയിക്കുകയുമാണ് മുഖ്യമായും ഇവര്‍ ചെയ്യുന്നത്. ഇതെങ്ങനെ മതമൌലികവാദമാകും? പൌരോഹിത്യവും രാഷ്ട്രീയാധികാരവും മതത്തെ സ്വാധീനിക്കുന്നതിനെയല്ല ഹമീദും കൂട്ടരുമെതിര്‍ക്കുന്നതെന്നു വ്യക്തമാണ്. മറിച്ച്, ഇസ്ളാമികമായ മതവിശ്വാസവും വിശ്വാസി സമൂഹവും ഇല്ലായ്മ ചെയ്യപ്പെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

മൌദൂദിയുടെ ദൈവീകജനാധിപത്യം എന്ന സങ്കല്പനം മതരാഷ്ട്രവാദമാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആരോപണം. മതരാഷ്ട്രം; നിശ്ചിതമായ ചില വംശങ്ങളുടെയോ കുലങ്ങളുടെയോ ദേശീയതകളുടെയോ അടിത്തറയുള്ളതും ആഭ്യന്തരയുദ്ധത്തിലൂടെ സ്ഥാപിക്കപ്പെടുന്നതുമാണ്. മൌദൂദി, കുലത്തെയും വംശത്തെയും ദേശീയതയെയും നിഷേധിക്കുകയും അള്ളാഹുവിനെ വിഷയിയായും ഇസ്ളാമിക വിശ്വാസിയെ വിഷയമായും നിര്‍വചിക്കുകയാണ് ചെയ്തത്. ജിഹാദിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് അദ്ദേഹം ഇസ്ളാമിനു രാഷ്ട്രീയം അനിവാര്യമാണെന്നു വിലയിരുത്തിയത്. ജിഹാദ് എന്നാല്‍ ആഭ്യന്തരയുദ്ധമാണെന്നത് കൊളോണിയലിസ്റുകളുടെ ദുഷ്പ്രചാരണമാണ്. എന്തുതന്നെ പറഞ്ഞാലും കൊളോണിയല്‍ ഇന്ത്യയുടെ വിധിനിര്‍ണ്ണായകമായ മുഹൂര്‍ത്തത്തില്‍ ഇസ്ളാമിന്റെ മതപരമായ സ്വത്വത്തെയും ദാര്‍ശനികവും വൈജ്ഞാനികവുമായ വിവക്ഷകളെയും സംസ്ഥാപിച്ചത് മൌദുദിയാണെന്ന വസ്തുത നിലനില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ മതചിന്തകളല്ല വിഭജനത്തിനും ചോരപ്പുഴകള്‍ക്കും കാരണമായത്. മറിച്ച് മതവും വിശ്വാസവുമില്ലാതിരുന്ന ജിന്നയുടെ ഇസ്ളാം = ദേശീയത എന്ന സമവാക്യവും അതിനു മുമ്പേ തന്നെ ഹിന്ദു യാഥാസ്ഥിതികര്‍ ആരംഭിച്ച പുറത്താക്കല്‍ തന്ത്രങ്ങളുമാണ് വിഭജനത്തിലേയ്ക്ക് നയിച്ചത്.

ഏറ്റവും രസകരമായ കാര്യം, കഴിഞ്ഞ നൂറ്റാണ്ടുകളിലെ പ്രമുഖരായ ദാര്‍ശനികരില്‍ മിക്കവരും മനുഷ്യവംശത്തെ നവീകരിക്കാനുളള ഉപാധിയായി സര്‍വ്വാധിപത്യത്തിന്റെ സംസ്ഥാപനമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. മാര്‍ക്സ് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം പോലുള്ള ഭൌതികമായ സര്‍വാധിപത്യത്തിലും ഗാന്ധിജി അനാസക്തിയോഗം പോലുള്ള ആത്മീയ സര്‍വാധിപത്യത്തിലും വിശ്വസിച്ചു. സര്‍വാധിപത്യത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ മാര്‍ക്സിനെയും ഗാന്ധിജിയെയും കടന്നാക്രമിക്കാന്‍ ധൈര്യമില്ലാത്തവര്‍ ദൈവീക ജനാധിപത്യം പ്രചരിപ്പിച്ച മൌദൂദിയോടു കാണിക്കുന്നതു ഭീരുത്വമാണ്.

സമകാലീന ഇസ്ളാമിക സംഘടനകളെ മാത്രമല്ല, ദലിത്-സ്ത്രീ പ്രസ്ഥാനങ്ങളെയും നവജനാധിപത്യ-സ്വത്വരാഷ്ട്രീയ സങ്കല്പനങ്ങളെയും സിവില്‍ സമുദായ സമരങ്ങളെയും കടന്നാക്രമിച്ചുകൊണ്ടുള്ള സ്റ്റാലിനിസ്റ്റുകളുടെ ലേഖനങ്ങളും പഠനങ്ങളും പരിശോധിച്ചതില്‍ നിന്നു് എനിക്കു ബോധ്യപ്പെട്ട കാര്യങ്ങള്‍ ഇത്രയുമാണ്: ‘അപരര്‍ നരകമാണെ’ന്നു വിശ്വസിക്കുകയും സര്‍വശക്തിയും വിനിയോഗിച്ചു ‘വൈവിധ്യങ്ങളെ’ നിരാകരിക്കുകയും ചെയ്യുന്ന ‘ഹിന്ദുദേശീയപുരുഷ’ന്റെ ആകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുളള സംജ്ഞകളും കല്പനകളും ഉല്‍പ്പാദിപ്പിക്കുകയാണിവയുടെ ലക്ഷ്യം. ‘മതരാഷ്ട്രവാദ’മെന്നത് മാര്‍ക്സിസത്തിന്റെ മൂശയിലും ചെലവിലും രൂപപ്പെടുത്തിയ സവര്‍ണ വംശീയവാദ പദപ്രയോഗമാണ്. ഈ വാക്കിനെ ഭീതി പരത്തുന്ന വിധത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ ഹിംസയെ സമകാലീനമായ രാഷ്ട്രീയ പ്രമേയവും സാമൂഹിക സ്ഥാപനവുമായി മാറ്റിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ മതേതര മനസാന്നിധ്യമാണ് വലിയൊരു വിഭാഗം ജനതയെ അന്യവല്‍ക്കരിച്ചുകൊണ്ടുള്ള ഈ സ്റ്റാലിനിസ്റ്റ് കടന്നാക്രമണങ്ങളെ പിന്തുണക്കുന്നത്. 

ദേശരാഷ്ട്രത്തില്‍ പുതുതായി കരുത്താര്‍ജിച്ച ബ്യൂറോക്രസി, രഹസ്യ പോലീസ് സംവിധാനങ്ങള്‍, നവ മാധ്യമ സാമ്രാജ്യത്വം എന്നിവയെ അവലംബമാക്കിയാണ് ഫാഷിസ്റ്റുകള്‍ ന്യൂനപക്ഷ വിരുദ്ധതയെ ആളിക്കത്തിച്ചതെന്ന് ‘ഒറിജിന്‍ ഓഫ് ടോട്ടാലിറ്റേറിയന്‍ സ്റേറ്റ്’ എന്ന പുസ്തകത്തില്‍ ഹന്ന ആരെണ്ട്റ്റ്( Hannah Arendt )വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുസ്ളീം സമുദായത്തെ ദേശവിരുദ്ധരും മതതീവ്രവാദികളുമായി ചിത്രീകരിച്ചുകൊണ്ട് ഭരണകൂടത്തിന്റെ അമിതാധികാര പ്രവണത കാണിക്കുന്നതില്‍ നമ്മുടെ ദേശരാഷ്ട്രവും ഒട്ടും പിന്നിലല്ല. നിരവധി അന്താരാഷ്ട്ര-ദേശീയ മനുഷ്യാവകാശ സംഘടനകളും പൌര സമത്വ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ള ഈ വസ്തുതയെ കണക്കിലെടുക്കാതെ, ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്ക് എതിരെ സ്വന്തം കോടതി നടപടികളാണ് ഹിന്ദുത്വ വാദികളും സ്റ്റാലിനിസ്റ്റുകളും ഒത്തൊരുമിച്ചു നടപ്പിലാക്കുന്നത്. 
 സിവില്‍ സമുദായത്തിലെ ഏതെങ്കിലും വിഭിന്ന ചിന്തകളോടുള്ള വിമര്‍ശനവും വിയോജിപ്പും എന്നതിനപ്പുറം, തങ്ങള്‍ പിശാചവല്‍ക്കരിച്ച കീഴാളരുടെ നിസ്സഹായതയെ ക്രൂരമായി ആസ്വദിച്ചുകൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഈ കടന്നാക്രമണങ്ങളെ മുറ്റിയ നെക്രോമാനിയ എന്നല്ലാതെ മറ്റൊന്നുമായി കാണാന്‍ നിര്‍വാഹമില്ല.


ലിംഗനീതിയും സ്വത്വരാഷ്ട്രീയവും
ഹമീദിന്റെ ‘മാതൃഭൂമി’ ലേഖനത്തിന്റെ മുക്കാല്‍ ഭാഗവും വിനിയോഗിച്ചിട്ടുള്ളത് സ്ത്രീകള്‍ക്ക് തുല്യമായ ലിംഗനീതിയെന്ന അവകാശത്തെ അംഗീകരിക്കാത്ത മതാധിഷ്ഠിത ധാരണകള്‍ പുലര്‍ത്തുന്നവയാണ് ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ എന്ന് തെളിയിക്കാനാണ്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ അവര്‍ നിശ്ശബ്ദരായിരിക്കാന്‍ ബാധ്യതപ്പെട്ടവരാണത്രേ. ഈ വാദം തന്നെയാണ് നമ്മുടെ പുരോഗമനകാരികള്‍ ഒന്നടങ്കം ഏറ്റെടുത്തത്.

ഇത് കേട്ടാല്‍ത്തോന്നും മറ്റുള്ള പ്രസ്ഥാനങ്ങളിലെല്ലാം ലിംഗനീതി പാലും തേനും പോലെ ഒഴുകുകയാണെന്ന്. മതാധിഷ്ഠിത വ്യവഹാരങ്ങള്‍ മാത്രമല്ല ലിംഗനീതിയെ പരിഗണിക്കാത്തത്. പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവ ആധാരമാക്കുന്ന പാശ്ചാത്യലിബറല്‍ യുക്തിയിലും സ്ത്രീകളുടെ രണ്ടാംകിട പൌരത്വവും അതില്‍തന്നെ കീഴാള സ്ത്രീകളുടെ അദൃശ്യതയും പ്രകൃതിനിയമം പോലെ പരിപാലിക്കപ്പെടുന്നുണ്ട്. മതവിശ്വാസത്തില്‍ നിന്നു് യുക്തിചിന്തയെ വേര്‍തിരിച്ചവരായി അറിയപ്പെടുന്ന അരിസ്റ്റോട്ടില്‍ മുതല്‍ ഹെഗല്‍ വരെയുള്ള ചിന്തകര്‍ സ്ത്രീകളുടെ കീഴായ്മയും കറുത്തവരുടെ അടിയായ്മയും ചരിത്രവിധിയാണെന്ന് എഴുതിവെച്ചിട്ടുള്ളവരാണ്. ഈ പാശ്ചാത്യ വിചിന്തനമാണ് മനുഷ്യ സംസ്കാരത്തിന്റെ മൊത്തത്തിലുള്ള തൂക്കമെന്നു വിശ്വസിക്കുകയും അതിന്റെ നേരവകാശികള്‍ തങ്ങളാണെന്ന അവകാശവാദമുന്നയിക്കുകയുമായിരുന്നു മാര്‍ക്സും ഏംഗല്‍സും ലെനിനും സ്റ്റാലിനും മാവോയുമൊക്കെ. ഇവരുടെ പ്രസ്ഥാനങ്ങളിലും ലിംഗ പ്രശ്നങ്ങള്‍ ഉന്നയിച്ചവരെയും പാര്‍ശ്വവല്‍കൃതരെപ്പറ്റി ചിന്തിച്ചവരെയും ചവിട്ടിയരക്കുകയോ നിര്‍ബന്ധിത നിശബ്ദതക്ക് വിധിക്കുകയോ മാത്രമാണു നടന്നിട്ടുള്ളത്. 
ഇവരെ വര്‍ണിക്കാന്‍ ‘ഇരവാദി’കള്‍ ‘സ്വത്വവാദി’കള്‍ എന്നിങ്ങനെയുള്ള ശകാര വാക്കുകള്‍ എത്രവേണമെങ്കിലുമുണ്ട് മാര്‍ക്സിസ്റ്റ് സാഹിത്യത്തില്‍.

ലിംഗനീതിയെ സംബന്ധിച്ച സമകാലീന ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്തുന്നതില്‍ പുരോഗമനകാരികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്നവര്‍ക്കോ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാര്‍ക്കോ പ്രത്യേകമായ എന്തെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നതാണു വസ്തുത. ഈ വിഷയം ഒരു രാഷ്ട്രീയ പ്രമേയമായി മാറുന്നത് അന്‍പതുകളിലെ കീഴാളരുടെയും സ്ത്രീകളുടെയും മുന്നേറ്റത്തോടെയും അതിനൊപ്പം വികസിച്ച സ്വത്വരാഷ്ട്രീയ / നവജനാധിപത്യ സങ്കല്പനങ്ങളുടെയും ഭാഗമായാണ്. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മതാധിഷ്ഠിത പ്രസ്ഥാനങ്ങളെ മാത്രമല്ല, മതേതര പ്രസ്ഥാനങ്ങളെയും മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കാനുളള അവകാശം സ്ത്രീകള്‍ കയ്യാളുന്നുണ്ട്. ഇസ്ളാമിക സംഘടനകളും ദലിത്-പിന്നോക്ക പ്രസഥാനങ്ങളും ഈ വിമര്‍ശനത്തിനു വിധേയരാണ്. എന്നാല്‍ സ്വത്വരാഷ്ട്രീയം തന്നെ അപകടമാണെന്നു ദു:സ്വപ്നം കാണുന്നവര്‍ ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ മാത്രം സ്വത്വരാഷ്ട്രീയം പരിപാലിച്ചുകാണണമെന്ന് പറയുന്നത് ദുരുദ്യേശപരമാണ്.
സോളിഡാരിറ്റി പോലുള്ള മുസ്ളീം യുവസംഘടനകള്‍ സമകാലീന സമരവേദികളിലേക്ക് വലിഞ്ഞുകയറി വരുന്ന അധികപ്പറ്റുകളാണെന്ന് ഹമീദ് ആക്ഷേപിക്കുന്നു. 

മതമൌലികവാദികളായ ഇത്തരം സംഘടനകളെ മാത്രമല്ല, മൂലധന ഏജന്റുമാരായ നവ സാമൂഹിക പ്രസ്ഥാനങ്ങളെയും തുരത്തിയോടിച്ചുകൊണ്ട് സമരവേദികളും സംവാദ ഇടങ്ങളും സ്റ്റാലിനിസ്റ്റുകളുടെ കൈപ്പിടിയില്‍ മടങ്ങിയെത്തുന്നതിനെക്കുറിച്ചുള്ള സ്വപ്നത്തിലാണ് സുനില്‍ പി. ഇളയിടം ഈ അവസരത്തില്‍ മുഴുകുന്നത്. 
 കീഴാളര്‍ക്കും സ്ത്രീകള്‍ക്കും ഉപാധികളോടെ ചില കിഴിവുകള്‍ അനുവദിക്കാമെന്നു പറയുന്ന അദ്ദേഹം പക്ഷേ ഇസ്ളാമിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ‘സ്വത്വരാഷ്ട്രീയം ഇന്ന് ലോകമെമ്പാടും, കേരളത്തിലും കൈവരിച്ച ഏറ്റവും അപകടകരമായ മാനം മതാത്മക സ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക സംഘാടകത്വമാണെ’ന്നു്(1) അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഒരു പൌരസ്ത്യ അപര മതമെന്ന നിലയിലും അധിനിവേശത്തോടും സവര്‍ണ മോധാവിത്വത്തോടും എതിരിടുന്ന നിരവധി ഘടകങ്ങളെ സംവഹിക്കുന്നതു മൂലവും ഇസ്ളാമിന്റെ മതപരവും രാഷ്ട്രീയവും സാമുദായികവുമായ സംഘാടകത്വത്തെ നിഷേധിക്കാനാവില്ലെന്നാണ് തിരിച്ചു പറയാനുള്ളത്. 

സ്വത്വ രാഷ്ട്രീയത്തെയും കീഴാളരുടെയും സ്ത്രീകളുടെയും സ്വതന്ത്ര കര്‍ത്തൃത്വത്തെയും സര്‍വനാശമെന്നു വിളിക്കുന്ന സുനിലിനെപ്പോലുള്ള പുതു തലമുറ ഇടതുപക്ഷ സൈദ്ധാന്തികര്‍ യഥാര്‍ത്ഥത്തില്‍ അസ്വസ്ഥതപ്പെടുന്നത്, സവര്‍ണ്ണ-മധ്യമ ജാതികളുടെ വിഷയിസ്ഥാനം അട്ടിമറിക്കപ്പെടുന്നതിനാലാണ്. മാര്‍ക്സിസത്തിന്റെ പിതൃ സ്വരൂപത്തിലുള്ള ആജ്ഞാസ്വരത്തിലൂടെ ഈ സ്ഥാനം തിരികെ പിടിക്കാമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇതിനുവേണ്ടി ഇവര്‍ ചെയ്യുന്നതെന്താണ് ? കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായി ലോകമെമ്പാടുമുള്ള സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവക്കൊപ്പം നിന്ന സാമൂഹിക ചിന്തകരും പ്രശ്നവല്‍ക്കരിച്ച ആഗോളീകരണം, യുദ്ധപരത, സങ്കുചിത ദേശീയ വാദം, പരിസ്ഥിതി വിനാശം, ഉച്ച സാങ്കേതിക വിദ്യയുടെ കുരുക്കുകള്‍, ലിംഗ പ്രശ്നങ്ങള്‍, പാര്‍ശ്വവല്‍കൃതരുടെ പുറന്തള്ളല്‍ മുതലായ വിഷയങ്ങളിലെല്ലാം ചുമ്മാ കയറി അവകാശവാദമുറപ്പിക്കുകയാണ്. കോളനി ജനതയുടെ അധ്വാന ശേഷിയെയും അറിവുകളെയും കവര്‍ച്ച ചെയ്യാനുള്ള സ്വാഭാവികമായ അധികാരം തങ്ങള്‍ക്കുണ്ടെന്നു പഴയ കോളനി മേധാവികള്‍ വിശ്വസിച്ചിരുന്നു. ഇതിനു സമാനമായ അവകാശമാണ് ഇക്കൂട്ടര്‍ ഉറപ്പിക്കുന്നത്. 

സമകാലീന ലോകത്തെ ഏറ്റവും അടിത്തട്ടിന്റെ ഏതെങ്കിലും വിഷയത്തെ മാര്‍ക്സിസം അഭിസംബോധന ചെയ്തിട്ടുണ്ടോ? കഴിഞ്ഞ നാല്‍പതുകൊല്ലമായി ലോകത്തെ എല്ലാ പ്രതിലോമകാരിത്വങ്ങളെയും പ്രശ്നവല്‍ക്കരിച്ചത് സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. 1960 കളിലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിനുവേണ്ടി ദശലക്ഷങ്ങള്‍ അണിനിരന്നതിനു മുന്‍പ്; കറുത്തവരുടെയും സ്ത്രീകളുടെയും ചെറു സംഘങ്ങള്‍ ഇനിയുള്ള കാലത്തെ ചെറുത്തുനില്‍പ്പുകള്‍ യുദ്ധത്തിനും വംശീയതക്കും ലിംഗ മേധാവിത്വത്തിനുമെതിരേയാവുമെന്നു പ്രഖ്യാപിച്ചിരുന്നു. വര്‍ഗ പ്രസ്ഥാനത്തിന്റെ കപടാവബോധത്തില്‍ നിന്നു പുറത്തിറങ്ങി സ്വത്വരാഷ്ട്രീയത്തിലും ബഹുജന പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചവരാണ് ഈ ചെറുത്തുനില്‍പ്പുകള്‍ക്കും പിന്നീടുണ്ടായ ജ്ഞാനരൂപീകരണങ്ങള്‍ക്കും പിന്നില്‍ അണിനിരന്നത്. ഈ കാലയളവിലെ മാര്‍ക്സിസ്റ്റ്സംഘടനകളും ഭരണകൂടങ്ങളും സ്വയം സാമ്രാജ്യത്വവല്‍ക്കരിക്കുകയായിരുന്നുവെന്നത് വിശദീകരണം പോലും ആവശ്യമില്ലാത്ത വസ്തുതയാണ്. മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളാവട്ടെ യൂറോ കേന്ദ്രീകൃത വാദങ്ങളുടെ പകര്‍പ്പെഴുത്തുകാരായി മാറി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മിച്ചഭൂമി സമരത്തിനു ശേഷമുള്ള നാലു പതിറ്റാണ്ടുകളായി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായ എല്ലാ സമരങ്ങളും ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ‘സ്റ്റാറ്റസ്കോ’ നിലനിര്‍ത്തുന്നതിനു മാത്രമായിരുന്നു എന്ന് ടി.ടി ശ്രീകുമാറിനെപ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ ഉറഞ്ഞുപോയ യൂറോകേന്ദ്രീകൃത കണ്ണിലൂടെ നോക്കിക്കൊണ്ടാണ് ഡോ. കെ.എന്‍. പണിക്കര്‍, സ്വത്വരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രതിലോമകരമാണെന്നു വിധിക്കുന്നത്(2 ).

സ്വത്വ രാഷ്ട്രീയം പുതിയ കാലത്തെ പുറന്തള്ളപ്പെട്ടവരുടെ ഭാഷയാണെന്നും തുരത്തിയോടിക്കലിന്റെയും തൂത്തുമാറ്റലിന്റെയും വ്യാകരണമല്ല അതിനുള്ളതെന്നും തിരിച്ചറിയാന്‍ പണിക്കരെപ്പോലെ ഹമീദിനുമാകുന്നില്ല. അതുകൊണ്ടാണ് ദലിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും രാഷ്ട്രീയ സമൂഹമായി മാറുന്നതിലൂടെ രൂപപ്പെടുന്ന പുതു പാരസ്പര്യത്തെ പ്രത്യാശയോടെ കാണാന്‍ അദ്ദേഹത്തിനു കഴിയാത്തത്. അദ്ദേഹത്തിനുള്ളിലെ ഹിംസാലുവായ സ്റ്റാലിനിസ്റ്റിന് എല്ലാത്തരം പാരസ്പര്യങ്ങളോടും അകല്‍ച്ചയും അവജ്ഞയുമാണല്ലോ ഉള്ളത്.

കുറ്റിപ്പുറത്തു നടന്ന ഇസ്ളാമിക സ്ത്രീ സമ്മേളനത്തെ പരാമര്‍ശിക്കുന്നത് ഇതേ അവജ്ഞയോടെയാണ്. ഈ സമ്മേളനം സംഘടിപ്പിച്ചത് ‘മുസ്ളീം സമുദായ ഭിത്തികളെ അതിവര്‍ത്തിക്കാത്ത ഒരു പെണ്‍ സംഘടനയായതിനാല്‍’ ശരിയായില്ലത്രേ. ഇസ്ളാമികമായ ബോധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വനിതാ സംഘടനയോടുള്ള ഹമീദിന്റെ സമീപനം പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അദ്ദേഹം ഉപയോഗിക്കുന്ന “മുസ്ളീം സമുദായ ഭിത്തി” എന്ന രൂപകത്തെ സവിശേഷമായി പരിഗണിച്ചുകൊണ്ട്, മുസ്ളീം ജനതക്കു മേല്‍ മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള അപരത്വത്തെ വിശദീകരിക്കാവുന്നതാണ്.


‘മുസ്ളീംസമുദായ ഭിത്തി’യും ഭീകര സ്വത്വങ്ങളും
മുസ്ളീം സമുദായ ഭിത്തിയെന്ന രൂപകം ഓര്‍മ്മപ്പെടുത്തുന്നത് സമകാലീനതയോട് പൊരുത്തമില്ലാത്ത, ആധുനികതയില്‍ നിന്നു് അകലം പാലിച്ചു കഴിയുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ജീവിക്കുന്ന ഇടത്തെയാണ്. ലോകത്തിലെ അപര സമുദായങ്ങളെല്ലാം ഇതേ മാതിരിയുള്ള സാങ്കല്പിക വേലികള്‍ക്കുള്ളില്‍ കഴിയുന്നവരാണെന്ന ആശയമാണ് ഉച്ചസംസ്കാരത്തിലൂടെ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഷങ്കറിന്റെ സിനിമകളിലും ‘മുല്ല’, ‘സ്റ്റോപ് വയലന്‍സ്’, ‘പുതിയ മുഖം’, ‘ബ്ളാക്ക്’ മുതലായ മലയാള സിനിമകളിലും അപരര്‍ പുറത്തുവരുന്നത് ഇത്തരം വേലികള്‍ക്കുള്ളില്‍ നിന്നുമാണ്.

മൈക്കിള്‍ കെ.ഗ്രീന്‍ (Michael K. Green)എന്ന എഴുത്തുകാരന്റെ അഭിപ്രായത്തില്‍, അപരരുടെ ആവാസ സ്ഥലങ്ങളെ നരഭോജികളുടെ കേന്ദ്രമായി കാണുകയെന്നത് ആധുനികമായ വംശീയ വീക്ഷണങ്ങളുടെ ആന്തരിക ഭാവമാണ്. വേലികള്‍ വിട്ടിറങ്ങുന്ന അപരര്‍ മറ്റുള്ളവരെ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വന്യമൃഗങ്ങളെപ്പോലെ ചോരക്കൊതിയുള്ളവരാണെന്നും ‘പരിഷ്കൃതി’ ഭയപ്പെടുന്നു. ക്ളാസ്സിക്കുകളില്‍ നിന്നു പകര്‍ന്നതും പുരോഗമനകാരിയുടെ ആത്മാവിനെ ഗ്രസിച്ചിട്ടുളളതുമാണ് ഈ ഭയം(3)

എന്തുകൊണ്ടാണ് കാരശേരിയെയും ഹമീദിനെയും പോലുള്ള ‘പരിഷ്കൃതര്‍’ മുസ്ളീം സമുദായ ഭിത്തിയെന്ന ഭീഷണി/ഭീതിയെ മുന്‍നിര്‍ത്തിക്കൊണ്ട് ലിബറല്‍ സമൂഹത്തിലിടപെടുന്നത് ? ഈ അന്വേഷണം മറ്റൊരു വശത്തുകൂടെ നടത്തേണ്ടതായിട്ടുണ്ട്. 

ആളെത്തിന്നുന്നവരും സ്വന്തം മക്കളോടും മാതാപിതാക്കളോടും ലൈംഗിക ബന്ധം പുലര്‍ത്തുന്നവരുമായി ആഫ്രിക്കന്‍-ഏഷ്യന്‍ നാടുകളിലെ ജനവിഭാഗങ്ങളെയും ഭരണാധികാരികളെയും ചിത്രീകരിക്കുകയെന്നത് പാശ്ചാത്യ നാഗരിക പൊതു ബോധത്തിന്റെ വ്യാപനത്തിന് അനിവാര്യമായിരുന്നു. വിദൂരനാടുകളിലെ പിന്നണി ജനതകളെ പാശ്ചാത്യ പുരോഗതിയുടെയും ധാര്‍മ്മിക വിശുദ്ധിയുടെയും അപരമായി നിര്‍ണ്ണയിച്ചതിന്റെ ഫലമായി മേല്‍പ്പറഞ്ഞ പോലുള്ള ഭാവനകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി മൂല്യം കിട്ടുകയുണ്ടായി.
ഇതേ പ്രകാരത്തില്‍, കേരളീയ പുരോഗമനത്തിന്റെ അപരമായിട്ടാണ് മുസ്ളീം സമുദായത്തെ നമ്മുടെ പൊതു ഭാവുകത്വം സ്ഥാനപ്പെടുത്തിയിട്ടുള്ളത്. നവോത്ഥാനത്തിന് വഴങ്ങാത്തതും ആധുനികതയോടു പുറംതിരിഞ്ഞു നില്‍ക്കുന്നതുമായ ഈ സമുദായത്തില്‍ മനുഷ്യപദവിക്ക് ( ) അയോഗ്യരായ മൌലവിമാരും അദ്രുമാന്‍മാരും (വയലാര്‍) സ്ത്രീകള്‍ക്ക് ചങ്ങലയും തടവറയുമായി ഉറങ്ങാതെ കാവലിരിക്കുകയാണെന്ന ഭാവനകള്‍ മുന്‍പേതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വരേണ്യ ബൂദ്ധിജീവികളിലൂടെയും ‘പാഠം ഒന്ന്: ഒരു വിലാപം’, ‘ദൈവനാമത്തില്‍’, ‘കയ്യൊപ്പ്’ മുതലായ സിനിമകളിലൂടെയും ഇന്നും പ്രക്ഷേപിക്കപ്പെടുന്ന ഈ കുറ്റാരോപണത്തിന്/ കുറ്റബോധത്തിന് മുന്‍കൂര്‍ സമാധാനം ബോധിപ്പിക്കുന്ന മുറക്കു മാത്രമേ മുസ്ളീം പേരുകാര്‍ക്ക് പുരോഗമന സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയൂ.

ആധുനികതയില്‍ നിന്നു് അകന്നുനില്‍ക്കുന്ന മുസ്ളീമിനു് താലിബാനിസം പോലുള്ള ‘പരിഷ്കൃത അപരത്വ’ത്തിന്റെ അപ്പുറം കടക്കാന്‍ കഴിയില്ലെന്നതു സാമാന്യ യുക്തിയാണ്. ഇതിനെ വകവെക്കാതെ ഇസ്ളാമിനു സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങളും ദാര്‍ശനിക വ്യവഹാരങ്ങളുമുണ്ടെന്നു പറയുന്നവര്‍ മതതീവ്രവാദികളോ മതമൌലികവാദികളോ മറ്റു ഭീകരസ്വത്വങ്ങളോ ആകാതെ തരമില്ല. അതിനാല്‍ ഓരോ മുസ്ളീം പേരുകാരനും പേരുകാരിയും തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങളെ ലിബറല്‍ വ്യക്തിവാദത്തിന്റെയോ മാര്‍ക്സിസത്തിന്റെയോ പരിധി കടക്കുന്നില്ലെന്ന് മുന്‍കൂര്‍ ഉറപ്പാക്കിക്കൊള്ളണം. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ളീം സമുദായ ഭിത്തിയെന്ന അപര ദേശത്തു നിന്നു പുറത്തിറങ്ങി വരുന്നവരായ തങ്ങള്‍ വന്യമൃഗങ്ങളും ഭീകരസ്വത്വങ്ങളുമല്ലെന്നു ബോധ്യപ്പെടുത്തേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. മുഖ്യധാരാ രാഷ്ട്രീയാഭിപ്രായങ്ങളുടെ ഒപ്പം നടക്കുമ്പോള്‍ പാലിക്കേണ്ടതായ ഈ കര്‍ത്തവ്യമാണ് എം.എന്‍ കാരശ്ശേരിയും മറ്റും നിര്‍വഹിക്കുന്നത്.

മതേതര ഭരണവര്‍ഗ്ഗത്തിന്റെ സമക്ഷം മേല്‍പ്പറഞ്ഞപോലുള്ള ഒരു സമ്മതി പത്രം ഹാജരാക്കാന്‍ തയ്യാറല്ലാത്തതാണ് സമകാലീന മുസ്ളീം കര്‍ത്തൃത്വത്തോടുള്ള ശത്രുതയ്ക്കു കാരണം. ആധുനികതയില്‍ നിഗൂഢനം ചെയ്യപ്പെട്ടിട്ടുള്ള അപരമതത്തോടുള്ള ഭയപ്പാടിനെ ശസ്ത്രീയ വംശീയ വാദമാക്കി മാറ്റി മാര്‍ക്സിറ്റുകളാണ് ഈ ശത്രുത രൂപപ്പെടുത്തിയത്. ഇപ്പോള്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശരീയത്ത് വിവാദകാലത്തിലും കവിഞ്ഞ പിന്തുണ നവ മധ്യവര്‍ഗ സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കിട്ടുന്നതിനു കാരണവും മറ്റൊന്നല്ല. ഈ വസ്തുതയെ ഒന്നുകൂടെ വിശദീകരിക്കാം.

ആധുനിക പുരോഗമനചിന്തയുടെ ഇരട്ടപെറ്റ സഹോദരനെന്നാണ് ടോണി മോറിസണ്‍ (Toni Morrison)ശാസ്ത്രീയ വംശീയവാദത്തെ വിലയിരുത്തുന്നത്(4) അപരങ്ങളോടുള്ള ഭയവും കീഴാള/സ്ത്രീ കര്‍ത്തൃത്വത്തോടുള്ള ശത്രുതയുമാണ് ഈ മനോഭാവത്തെ പരിപാലിക്കുന്നത്. പാശ്ചാത്യ പുരുഷ യുക്തികളുടെയും പുരോഗമന ചിന്തയുടേയും ഒരു ഉല്‍പ്പന്നമായ മാര്‍ക്സിസത്തില്‍ അപരങ്ങളോട് സഹഭാവം പുലര്‍ത്തുന്നതായ ഇടം ഏറ്റവും കുറവു മാത്രമാണുള്ളത്. മൈക്കിള്‍ കെ.ഗ്രീന്‍ ചൂണ്ടിക്കാണിച്ച ‘ആധുനികതയുടെ അപര ഭയം’ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിലും ശക്തമായ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ഈ ഭയമാണ് ശാസ്ത്രീയ വംശീയ വാദമായി പരിവര്‍ത്തനപ്പെട്ടുകൊണ്ട് കീഴാളരെയും ന്യൂനപക്ഷങ്ങളെയും തിരിച്ചടിക്കുന്നത്. കേരളത്തിലെ ഇസ്ളാമിക സാന്നിധ്യത്തോടുള്ള മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങളുടെ സമീപനത്തെ പരിശോധിച്ചാല്‍ ഈ തിരിച്ചടിയുടെ ആഴവും പരപ്പും വ്യക്തമാവും. 

കേരളീയ മാര്‍ക്സിസം അതിന്റെ പുരോഗമന വീക്ഷണത്തിന്റെ മാനിഫെസ്റ്റോയായി പ്രഖ്യാപിച്ചിട്ടുള്ളതാണ് കുമാരനാശാന്റെ ദുരവസ്ഥ. ഈ കൃതിയില്‍ മലബാര്‍ കലാപകാരികള്‍ വര്‍ണ്ണിക്കപ്പെടുന്നത് ‘കൂട്ടില്‍ കിടക്കുന്ന പൊന്നോമല്‍ പ്രാവിന്‍പിടകളെ’ പിച്ചിചീന്തുന്ന ‘കാട്ടുപോക്കന്‍’ മാരോടു സമീകരിച്ചാണ്. ഹിന്ദു സമുദായത്തിനുള്ളിലെ പ്രശ്നമായി ജാതിയെയും ജാതിജന്യമായ അവശതകളെയും ആശാന്‍ അംഗീകരിച്ചിരുന്നു. കീഴാളര്‍ക്കും സ്ത്രീകള്‍ക്കും ഉപാധികളോടെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും അവകാശമുണ്ടെന്നും കരുതിയിരുന്നു. എന്നാല്‍ ഹിന്ദു ജനസംഖ്യയില്‍ നിന്നു് ജാതി അവശതകള്‍ മൂലം വിട്ടുപോയവരെ ദുഷിപ്പിക്കുന്ന അപരസാന്നിധ്യമായാണ് ആശാന്‍ ‘അള്ളാമത’ത്തെ കണ്ടത്. കാട്ടുപോക്കന്‍മാരുടെ വന്യത പഴയ കീഴ്ജാതിക്കാര്‍ക്കു നല്‍കിയത് ഇസ്ളാമിക മതമാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ മതത്തില്‍ നിന്നുള്ള തിരിച്ചടികളെ കരുതിയിരിക്കാന്‍ വേണ്ടിയുള്ള ഉല്‍ബോധനമായിട്ടാണ് ആശാന്‍ തന്റെ പ്രസിദ്ധമായ രചന നിര്‍വ്വഹിച്ചത്.

മലബാര്‍ കലാപത്തിന് വര്‍ഗസമരത്തിന്റെ ഭാഷ്യം ചമച്ച ഡോ. കെ. എന്‍ പണിക്കര്‍ ഇസ്ളാമിന്റെ മതപരതയെ ‘ദുഷിപ്പായി’ കാണുകമാത്രമല്ല; അതിനെ പുറന്തള്ളാനുള്ള സവര്‍ണ യുക്തികളായി മാര്‍ക്സിസ്റ്റ് പരികല്‍പ്പനാ വ്യൂഹത്തെ മാറ്റി മറിക്കുകയും ചെയ്തു. കേരളീയ പുരോഗമന പ്രസ്ഥാനത്തെയും സോഷ്യലിസ്റ്റ് വ്യവഹാരത്തെയും ജനപ്രിയമാക്കിയ സാഹിത്യ കൃതികളിലും മാര്‍ക്സിസ്റ്റ് നേതാക്കന്മാരുടെ ആത്മകഥകളിലും അപരിഷ്കൃതവും പരിഷ്കൃതവുമായ അപര സാന്നിധ്യമായി പ്രതിനിധാനപ്പെടുന്നത് മുസ്ളീം ജനതയും അവരുടെ മതവിശ്വാസവുമാണ് (തിരുവിതാംകൂറില്‍ ക്രൈസ്തവര്‍).

സ്വത്വരാഷ്ട്രീയത്തെ പ്രതിലോമകരമെന്നു വിധിക്കുന്ന സമീപകാല ലേഖനത്തില്‍(5) ഈ പ്രമേയത്തെ പിന്താങ്ങുന്നവരായ കീഴാള സമുദായങ്ങളെ കുറിക്കാന്‍ പണിക്കര്‍ ഉപയോഗിക്കുന്നത് ‘യാഥാസ്ഥിക മൂല്യങ്ങള്‍ പുലര്‍ത്തുന്നവര്‍’, ‘ആധുനികവല്‍ക്കരിക്കാത്തവര്‍’ ‘സ്വത്വബോധത്തിലടിയുറച്ചു നില്‍ക്കുന്നവര്‍’ മുതലായ സൂചകപദങ്ങളാണ്. ആധുനികമല്ലാത്ത സമുദായങ്ങളെ തിരുത്താന്‍ പുരോഗതിക്ക് സ്വാഭാവികമായ അധികാരമുണ്ടെന്നും അതിനുവേണ്ടി വരുന്ന ഹിംസകള്‍ സ്വയം ന്യായീകരിക്കപ്പെടുന്നവയണെന്നും മാര്‍ക്സ് എഴുതിയിട്ടുണ്ട്. ഇതേ സ്വാഭാവികതയായി, കീഴാള-ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ പ്രസ്ഥാനം ഇപ്പോള്‍ നടത്തുന്ന കടന്നാക്രമണത്തെ മാറ്റിത്തീര്‍ക്കാനാണ് പണിക്കരുടെ ലേഖനത്തിലെ സൂചകപദങ്ങള്‍ ഉപയോഗപ്പെടുക.

പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ സംഭവത്തോടു പ്രതികരിക്കുമ്പോഴാകട്ടെ ‘കുറെ വര്‍ഷങ്ങളായി കേരളീയ സമൂഹത്തില്‍ യാതൊരു വിധത്തിലും യുക്തി ഉപയോഗിക്കാത്തവരായി വളര്‍ന്നു വന്നവരെ’(6) പ്രതികളായി നിശ്ചയിക്കുന്നു. 1980 കള്‍ക്കു ശേഷം കീഴാളരും മതന്യൂനപക്ഷങ്ങളും ദേശത്തിന്റെ മേലുള്ള അവകാശത്തെ പുതുക്കി നിശ്ചയിച്ചുകൊണ്ട് രംഗത്തുവന്നത് വലിയൊരു അയുക്തിയായിട്ടാണ് വരേണ്യ ലിബറലുകള്‍ വ്യാഖ്യാനിച്ചത്. ഇതേ ആശങ്കയല്ല പണിക്കര്‍ക്കുള്ളതെന്നു ബോധ്യപ്പെടുത്താന്‍ ഈ ലേഖനത്തിനു കഴിഞ്ഞിട്ടില്ല. ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം “കുറെവര്‍ഷങ്ങളായി” ദേശത്തെ ഗ്രസിച്ച കെടുതികളില്‍ ആശങ്കപ്പെടുന്ന പണിക്കരെപ്പോലുള്ളവര്‍ “കുറെ വര്‍ഷങ്ങളായി” അധികാര വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും അധികാരി വര്‍ഗങ്ങള്‍ക്കിടയിലെ പൊതു സമവായങ്ങളും എത്രമാത്രം ‘അയുക്തി’യാണ് ഇവിടെ പുനരുല്‍പ്പാദിപ്പിച്ചിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യത്തെ കണക്കിലെടുക്കാത്തതാണ്. ഒരു കാര്യം വ്യക്തമാണ്, പ്രൊഫസര്‍ ജോസഫിന്റെ മേലുണ്ടായ ലക്കുകെട്ട കടന്നാക്രമണത്തെ സമചിത്തതയോടെ കാണുകയല്ല, തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കു പുറത്തുള്ളവരെ പിശാചവല്‍ക്കരിക്കാനുള്ള ഉപാധിയായിട്ടാണ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഈ സംഭവത്തെ മാറ്റി മറിച്ചിരിക്കുന്നത്.

മുന്‍പ് സോഷ്യലിസത്തിന്റെ പേരുപറഞ്ഞ് കീഴാള നവോത്ഥാനം -സമുദായിക സംവരണം-മണ്ഡല്‍-ശരീയത്ത് വിഷയങ്ങളെയെല്ലാം ദുര്‍വ്യാഖ്യാനിക്കാന്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കു കഴിഞ്ഞത് ‘കീഴാള നിശബ്ദത’യുടെ പശ്ചാത്തലത്തിലാണ്.
(തുടരും)
സൂചനകള്‍
1.'സ്വത്വവാദവും മാര്‍ക്സിസവും' -സുനില്‍ പി ഇളയിടം (സമകാലിക മലയാളം വാരിക- ജൂണ്‍ 10,2010)
2. 'സ്വത്വ രാഷ്ട്രീയം പ്രതിലോമകരമാണ് '-ഡോ കെ എന്‍ പണിക്കര്‍ (ദേശാഭിമാനി ,ജൂണ്‍ 10,2010)
3.Philosophers Among the Savages -Micheal K Green(Writing and Race-Edited by Tim Youngs-Routledge 1995)
4. Sites of Memory-Toni Morrison(African American Literature-Edited by Henry Lois Gates Jr and Nelie T Mckay-(Noton Anthology 2004)
5.'ഇതൊരു താക്കീതു മാത്രമല്ല'- ഡോ കെ എന്‍ പണിക്കര്‍ (മാധ്യമം- ജൂലൈ 19,2010)
6.അതേ ലേഖനം

3 comments:

  1. കെ കെ ബാബുരാജ് എഴുതിയ ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും
    എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.(ഇന്നിറങ്ങിയ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ -2011 ജനുവരി 31 -പ്രസിദ്ധീകരിച്ചത്)

    ReplyDelete
  2. കെ കെ ബാബുരാജ് എഴുതി എന്നത് കൊണ്ട് ആരും ബ്ലൈന്റ് ആയിട്ട് വിശ്വസിക്കണ്ട, പക്ഷെ ഹമീദും കാരശ്ശേരിയും പറയുന്നതില്‍ വല്ല സത്യവും ഉണ്ടോ എന്ന് ചരിത്രം വിലയിരുത്തി ഉറപ്പു വരുത്തണം എന്ന അപേക്ഷയുണ്ട്.

    പരസ്യമായി ഏതായാലും അവര്‍ പറയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ല, ഇനി രഹസ്യമായി ജമാഅത്തെ ഇസ്ലാമി അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയുന്നുന്ടെന്കില്‍ ആര്കെങ്കിലും ഒന്ന് തെളിയിക്കരുതോ?

    ReplyDelete
  3. നമ്മുടെ നാട്ടിലെ സ്വത്വ വാദികളുടെ ഇടപെടലുകള്‍ മാര്‍ക്സിസ്റ്റ്‌ മൊത്തരാഷ്ട്രീയ വ്യൂഹത്തിന്റെ നട്ടെല്ല് തകര്‍ത്തു കഴിഞ്ഞു. ഹമീദിനെ പോലെയുള്ള വാടക ബുദ്ധി ജീവികള്‍ ഇനി എത്ര മിനക്കെട്ടാലും അധസ്ഥിതരുടെ മുന്നേറ്റം ഒഴിവാക്കാനാകില്ല.

    ReplyDelete