Wednesday, January 12, 2011

കെ ജി ബാലകൃഷ്ണനും പി ജെ തോമസും.

ദലിതന് സ്മാര്‍ത്തവിചാരം!

 

സുപ്രീംകോടതിയിലെ അഴിമതി കാട്ടിയ ചീഫ് ജസ്റ്റിസുമാരുടെ പട്ടികയില്‍ ശ്രീമാന്‍ കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെടുമെങ്കില്‍ തന്റെ മുന്‍ഗാമികളെ അളക്കുന്ന അളവുകോല്‍ കൊണ്ട് തന്നെ ബാലകൃഷ്ണന്‍ അവര്‍കളും അളക്കപ്പെടണം എന്ന് തിരിച്ചറിയാന്‍ രണ്ട് ലക്ഷം രൂപ വിലയുള്ള കണ്ണട ധരിക്കേണ്ടതില്ല. കെ.ജി. ബാലകൃഷ്ണനെതിരായി ആര്‍ക്കും ആരെക്കുറിച്ചും പറയാവുന്ന ആരോപണങ്ങള്‍ മാത്രം ആണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്നിരിക്കെ ബാലകൃഷ്ണനെതിരെ മാത്രം ഉടന്‍ അന്വേഷണം വേണം എന്ന് പറയണമെങ്കില്‍ രണ്ട് ലക്ഷത്തിന്റെ കണ്ണട തന്നെ വേണം താനും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാധ്യമവിചാരണ സ്മാര്‍ത്തവിചാരത്തെയാണ് അനുസ്മരിപ്പിക്കുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. താത്രിക്കുട്ടിയുടെ ഗര്‍ഭവും അകത്തുള്ളോരുടെ ഗര്‍ഭവും കൂട്ടിക്കുഴക്കരുത്.


പൊടിപടലങ്ങള്‍ ഉയര്‍ത്തിവിട്ട് വിസിബിലിറ്റി നശിപ്പിക്കുന്നവര്‍ സത്യത്തെ മൂടിവെക്കാനാണ് സഹായിക്കുന്നത്. ബാലകൃഷ്ണന്റെ സഹോദരന്മാരില്‍ ഒരാള്‍ കേസില്ലാ വക്കീലായിരുന്നിട്ടും ഫീസുള്ളയാളായി വേഷംകെട്ടി എന്നതും ബാലകൃഷ്ണന്റെ പെണ്‍മക്കളെ പ്രണയിച്ച് ആ കുടുംബത്തില്‍ കയറിപ്പറ്റിയ രണ്ട് നിയമബിരുദധാരികള്‍ നീതിദേവതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നതും ബാലകൃഷ്ണന്റെ ഔദ്യോഗികജീവിതവുമായി ബന്ധപ്പെടുത്താന്‍ ഉത്തരേന്ത്യന്‍ ലോബികളോ ദക്ഷിണേന്ത്യന്‍ കണ്ണടധാരികളോ ഓരിയിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദകോലാഹലങ്ങള്‍ മാത്രം മതിയാവുകയില്ല എന്ന് വിനയപൂര്‍വം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അതായത്
ഭാസ്‌കര-ശ്രീനിജ-ബെന്നി കൂട്ടുകെട്ടിന്റെ പേരിലുള്ള ആരോപണങ്ങളും കെ.ജി. ബാലകൃഷ്ണനെ ക്രൂശിക്കാനുള്ള പരിശ്രമങ്ങളും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ഭാസ്‌കരനോ ശ്രീനിജിനോ ബെന്നിയോ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടട്ടെ. വേണ്ടത്ര തെളിവില്ലാതെ ബാലകൃഷ്ണനെ അതില്‍ വലിച്ചിഴക്കുന്നത് ക്രൂരമാണ്. സ്വന്തം ഇരിപ്പിടം കണ്ണാടിക്കൂട്ടിലാണെന്ന് മറക്കരുത് കല്ലെറിയാന്‍ ഇറങ്ങുന്നവര്‍. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് പ്രമാണം.


ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് നീതിനിഷ്ഠനാണ് എന്ന് പ്രശാന്ത്ഭൂഷണും സമ്മതിക്കും. അദ്ദേഹത്തെ വെട്ടിലാക്കിയത് ഏതോ ഒരു സ്വയംസേവകസംഘം ആണ് എന്ന് കേള്‍ക്കുന്നു. സ്ത്രീകളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രീമതി ടീച്ചര്‍ അഞ്ചുലക്ഷം രൂപയുടെ ഒരു 'അന്നാടോണ്‍' ആ സംഘത്തിന് ദാനം ചെയ്തു എന്നും കേള്‍ക്കുന്നു. ആ തുക കൊടുത്തിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. അത് ഭംഗിയായി ഉപയോഗിക്കാന്‍ ആ പണം 'വനിതകളുടെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനും വനിതകളുടെ മനുഷ്യവിഭവവികസനത്തിനും ഹെല്‍പ്‌ലൈന്‍ പദ്ധതികള്‍ക്കും' വേണ്ടി തന്നെ ഉപയോഗിക്കപ്പെടും എന്ന് പ്രത്യാശിക്കുക. ഇനിയും സമയം ഉണ്ട് താനും. അസതോമ സദ്ഗമയ എന്നാണല്ലോ പ്രമാണം.


നീതിവിശാരദനായ ഈ ചീഫ് ജസ്റ്റിസിന് കൊച്ചിയില്‍ ഒരു സ്വീകരണം ഉണ്ടായി പോല്‍. ജഡ്ജിമാര്‍ക്കും വക്കീലന്മാര്‍ക്കും അല്ലാതെ താല്‍പര്യം ഉണ്ടാകേണ്ടതല്ല വിഷയം. എന്നാല്‍ അദ്ദേഹത്തിന്റെ സ്വീകരണം സംഘടിപ്പിച്ച വിധം അത്യന്തം ഖേദകരമായി എന്ന് പറയാതെ വയ്യ. രത്തന്‍ ടാറ്റാ എന്ന ഒരു കക്ഷി അധ്യക്ഷനായിരിക്കുന്ന സ്ഥാപനം ചീഫ് ജസ്റ്റിസിന് സൗജന്യമായി ചിലത് ചെയ്തുവത്രെ. ചെയ്തത് സ്‌മോളോ ലാര്‍ജോ ആകട്ടെ, നീതിമാനായ ഒരു ന്യായാധിപനെ കൊച്ചിയിലെ സംഘാടകര്‍ വലിയ കെണിയിലാണ് പെടുത്തിയത്. സത്യത്തില്‍ അദ്ദേഹം നിരപരാധിയാണ്.
രണ്ട് ലക്ഷത്തിന്റെ കണ്ണടയിലൂടെ കടന്നുവരുന്ന പ്രകാശരശ്മികള്‍ സൃഷ്ടിക്കുന്ന തമോഗര്‍ത്തമാണല്ലോ യഥാര്‍ഥ പ്രശ്‌നം. തമോഗര്‍ത്തങ്ങള്‍ നക്ഷത്രങ്ങളുടെ ശവപ്പറമ്പാണ് എന്ന് ഫിസിക്‌സ് പഠിച്ചവര്‍ക്ക് അറിയാവുന്ന ബാലപാഠം കപാഡിയ മഹോദയ് അവര്‍കളെ പഠിപ്പിച്ചെടുത്തു നാം മലയാളികള്‍. തമസോമ ജ്യോതിര്‍ഗമയ!


ബാലകൃഷ്ണനെക്കുറിച്ച് ആരോപണം ഉണ്ടായാല്‍ അന്വേഷണം വേണം. തര്‍ക്കമില്ല. എന്നാല്‍ ബന്ധുക്കളെക്കുറിച്ച് ആരോപണം ഉണ്ടായാല്‍ ബാലകൃഷ്ണനെക്കുറിച്ചാണോ വേണ്ടത് അന്വേഷണം? ഇനി രണ്ടാംഘട്ടത്തില്‍ അത് വേണ്ടിവന്നാല്‍ തന്നെ ബാലകൃഷ്ണന് കഞ്ഞിവെച്ച ചീഫ് ജസ്റ്റിസുമാരുടെ ഊഴം കഴിയണ്ടേ ആദ്യം?


സബര്‍വാളിന്റെ കഥാപത്രങ്ങള്‍ തന്നെ പണ്ട് പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം താമസിച്ച് ബിസിനസ് നടത്തിവന്ന മകന്റെ വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചീഫ് ജസ്റ്റിസ് വിധി പറയുക എന്നതായിരുന്നുവത്രെ അക്കാലത്തെ സുപ്രീംകോടതി നടപടിച്ചട്ടം! സാരമില്ല സബര്‍വാള്‍ ദലിതനായിരുന്നില്ലല്ലോ.


ഡോ. ആനന്ദ് എന്ന് മാന്യ വായനക്കാര്‍ കേട്ടിരിക്കും. ജനനതീയതി തിരുത്തി എന്നൊരു കേസില്‍ കുടുങ്ങിയ ആള്‍. അദ്ദേഹത്തിന്റെ ഭാര്യ ഏകാവകാശിയായ ഒരു കേസ്. ശ്വശുരന്‍ പട്ടാളക്കാരനായിരുന്ന വകയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ നൂറ്റിരുപത്തഞ്ച് ഏക്കര്‍ സ്ഥലം പട്ടയവ്യവസ്ഥ ലംഘിച്ചതിനോ മറ്റോ സര്‍ക്കാര്‍ തിരിച്ചെടുത്തു. ആനന്ദിന്റെ അമ്മായിഅമ്മ കേസ് കൊടുത്തു. കീഴ് കോടതി ചീഫ് ജസ്റ്റിസിന്റെ ശ്വശ്രുവിന് അനുകൂലമായി വിധിച്ചു. സര്‍ക്കാര്‍ അപ്പീല്‍ കൊടുത്തു. പത്തും പന്ത്രണ്ടും വര്‍ഷം കെട്ടിക്കിടന്നിട്ടാണ് മധ്യപ്രദേശ് ഹൈകോടതിയില്‍ ഇത്തരം ഫയലുകള്‍ പരിഗണനക്ക് വരുക. ഈ കേസ് മൂന്നു മാസത്തിനകം തീര്‍പ്പായി. തീര്‍പ്പ് ആര്‍ക്ക് അനുകൂമായിരുന്നു എന്ന് പറയേണ്ടതില്ല. ആ കേസില്‍ ചീഫ് ജസ്റ്റിസിന്റെ ഭാര്യയെ കമീഷന്‍ വെച്ച് വിസ്തരിച്ചു. വിസ്താരം നടന്നത് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ ബംഗ്ലാവില്‍ വെച്ചും. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ എസെല്‍പി കൊടുക്കുകയും മൂന്നാംനാള്‍ പിന്‍വലിക്കുകയും ചെയ്തു. സാരമില്ല. ഡോ. ആനന്ദ് ദലിതനായിരുന്നില്ലല്ലോ.


അഹമ്മദി എന്നൊരാള്‍ ഉണ്ടായിരുന്നു. ഭോപാല്‍ കേസ് പരിഗണിച്ച വിദ്വാന്‍. അദ്ദേഹം ഹരിയാനയില്‍ വിവാദത്തില്‍പെട്ട ഭൂമിയെ വിവാദത്തില്‍ നിന്ന് മോചിപ്പിക്കുകയും പില്‍ക്കാലത്ത് ആയത് സ്വന്തമാക്കുകയും ചെയ്തു എന്നാണാരോപണം. അഹമ്മദിയും ദലിതനായിരുന്നില്ല.


രംഗനാഥമിശ്രയുടെ മകന്‍ കുല്‍ദീപ്‌സിങ്ങിനെ കാണാന്‍ പോയ കഥ രഹസ്യമല്ലല്ലോ. മകന്‍ വക്കീല്‍. അച്ഛന്റെ മുമ്പിലുള്ള കേസിലെ വക്കീല്‍ മകന്റെ ബിനാമി. അച്ഛന്‍ വിധിക്കും. മകന്‍ ഭുജിക്കും. കാര്യങ്ങള്‍ അങ്ങനെ നടന്നുവരുന്ന അവസരത്തിങ്കലാണ് കുല്‍ദീപ്‌സിങ് തുറന്ന കോടതിയില്‍ വെടിപൊട്ടിച്ച് കുളം കലക്കിയത്. ആര്‍ക്കെന്തുണ്ടായി ചേതം? രംഗനാഥമിശ്ര ദലിതനായിരുന്നില്ലല്ലോ.


ബിവറേജസ് കോര്‍പറേഷന്റെ മുന്നിലെ ക്യൂവിലെന്നത് പോലെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ തലവഴി മുണ്ടിട്ട് നില്‍ക്കുന്ന ഈ ന്യായമൂര്‍ത്തികള്‍ക്ക് പിന്നില്‍ നില്‍ക്കേണ്ടതുണ്ടെങ്കില്‍ ബാലകൃഷ്ണനും നില്‍ക്കട്ടെ. അന്വേഷണം നേരിടട്ടെ. എന്നാല്‍ അതിന് മുമ്പ് കുടെപ്പിറപ്പുകളില്‍ ഒരുവനോ മരുമക്കളോ ചെയ്ത തെറ്റിന്റെ പേരില്‍ മുന്‍വിധിയോടെ ബഹളം ഉണ്ടാക്കി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അപമാനിക്കരുത്. സബര്‍വാളും ആനന്ദും അഹമ്മദിയും രംഗനാഥമിശ്രയും ചെയ്തതായി ആരോപിക്കപ്പെടുന്നതൊന്നും -ഇതൊക്കെ എനിക്ക് പറഞ്ഞുതന്നത് ഒരു മുന്‍ സുപ്രീംകോടതി ജഡ്ജി തന്നെ ആണ്- ഇപ്പോഴും ബാലകൃഷ്ണനെതിരെ ആരും പറയുന്നില്ല എന്നോര്‍ക്കുക.
പരമാവധി പറയാവുന്നത് ബൈബ്ള്‍, പുതിയനിയമം, സെന്റ്‌പോള്‍ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം, നാലാം വാക്യം അനുസരിച്ച് ബാലകൃഷ്ണന്‍ കുറ്റക്കാരനാണ് എന്ന് ഏതാണ്ട് തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്നാണ്. അതായത് കുടുംബത്തെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തവനെ ബിഷപ്പാക്കരുത് എന്ന പ്രമാണം ബാലകൃഷ്ണന്റെ കാര്യത്തില്‍ തെറ്റി. എന്നാല്‍ അത് മാത്രം ആണ് തെളിഞ്ഞിട്ടുള്ളത് എന്ന് നാം തിരിച്ചറിയണം.
സബര്‍വാളിനും ആനന്ദിനും രംഗനാഥമിശ്രക്കും ഒരു നീതി, ദലിതനായ ബാലകൃഷ്ണന് മറ്റൊരു നീതി എന്ന് വരുന്നത് നീതിയല്ല. ബന്ധുക്കളുടെ - സെന്റ് പോളിന്റെ നിര്‍വചനത്തില്‍ വരാത്തവരായിരിക്കെ വിശേഷിച്ചും- കുറ്റവും ബാലകൃഷ്ണന്റെ കുറ്റവും ഒന്നാണ് എന്ന് ശഠിക്കരുത്. ബന്ധുക്കളുടെ കുറ്റത്തിന് അവര്‍ മറുപടി പറയട്ടെ. അവരെ തള്ളിപ്പറയാന്‍ തന്‍റേടം ഉണ്ടായില്ല എന്നത് മാത്രം ആണ് തല്‍ക്കാലം ബാലകൃഷ്ണനില്‍ ചാര്‍ത്താവുന്ന കുറ്റം. നനഞ്ഞിടം കുഴിക്കുന്നത് നീചമാണ് ഇക്കാര്യത്തിലെങ്കിലും.

(ഇന്നത്തെ മാധ്യമം ദിനപത്രത്തില്‍ തന്റെ മധ്യരേഖ എന്ന കോളത്തില്‍ ഡി ബാബുപോള്‍ ഐ എ എസ് എഴുതിയ ലേഖനമാണിത്).

കഴിഞ്ഞ ആഴ്ചയിലെ മധ്യരേഖയില്‍ ബാബുപോള്‍ ഇവ്വിഷയകമായി അടുത്ത ലക്കം എഴുതുന്നുണ്ടെന്നു സൂചിപ്പിച്ചുകൊണ്ട് ചിലതു പറഞ്ഞിരുന്നു:

"........ഏറ്റവും പുതിയ വാര്‍ത്ത ശ്രീനിജിന്റെ സമ്പാദ്യങ്ങളാണ്. അത് ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നതിലോ മറ്റ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതിലോ തെറ്റില്ല. അത് ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അന്വേഷിക്കാനുള്ള സംഗതിയാണ് എന്ന് അവനവന്റെ മനഃസാക്ഷി മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രം പ്രയോഗിക്കുന്ന ചില ദിനോസറുകള്‍ അഭിപ്രായപ്പെടുമ്പോള്‍ അതിന് അമിതപ്രാധാന്യം നല്‍കുന്ന ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാതെ വയ്യ താനും. പണ്ട്  കേരളത്തില്‍ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിഗണനക്ക് വന്ന ഒരു ഫയലില്‍ നിന്ന് കിട്ടിയ ഒരു വിവരം ഉപയോഗിച്ച് അദ്ദേഹം തന്റെ പിതാവിനും കുടുംബത്തിനും അനര്‍ഹമായ ലാഭം ഉണ്ടാക്കിക്കൊടുത്തത് 'മലയാളമനോരമ' വലിയ വാര്‍ത്തയാക്കി. മന്ത്രി പേരിന് ഒരു മാനനഷ്ടക്കേസ് കൊടുത്തെങ്കിലും കേസുമായി മുന്നോട്ടുപോയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 'എട്ടാമത്തെ മോതിരം' വായിക്കുക. ഒരു ജഡ്ജി വിവാഹിതനായ മകന് സ്വസമുദായത്തില്‍ നിന്ന് രണ്ടാം ഭാര്യയെ കണ്ടെത്തി. ആദ്യ ഭാര്യ മദാമ്മയായിരുന്നു.
അവര്‍ സഹവര്‍ത്തിത്വത്തിന് തയാറായിരുന്നു. എന്നാല്‍ നവവധു സപത്‌നിയാവാനല്ല താലിക്ക് തല കുനിച്ചത്. അവള്‍ തിരിച്ചുപോന്നു.  ആ കുട്ടിക്ക് സ്ത്രീധനം തിരിച്ചുകിട്ടാന്‍ പാടഞ്ചുപെടേണ്ടിവന്നു. മന്ത്രിയും ജഡ്ജിയും ഐ.എ.എസുകാരനും എഴുത്തുകാരനും ഒന്നും ഇതിനൊന്നും  വഴിപ്പെടുകയില്ല എന്ന് അവരവര്‍ക്ക് പറയാം. നമ്മുടെ മുന്‍ മന്ത്രി അത്താഴത്തിന് സാമ്പാര്‍ ഒഴിച്ചപ്പോള്‍  അച്ഛനോട് പറഞ്ഞ വിശേഷം അച്ഛന്‍ മുതലെടുത്താവും സ്വന്തം വസ്തുവകകള്‍ ട്രസ്റ്റാക്കിയത്.പാവം മന്ത്രി ചീത്തപ്പേര് കേട്ടു. സ്വസമുദായത്തില്‍ നിന്ന് പെണ്ണുകെട്ടാന്‍-  അതും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങി -മകന്‍ സമ്മതിച്ചപ്പോള്‍ അവന്‍ മദാമ്മയെ ഉപേക്ഷിച്ചു എന്നോ അഥവാ മൊഴി ചൊല്ലാന്‍ തീരുമാനിച്ചു എന്നോ ആവാം ജഡ്ജി ഊഹിച്ചത്. പാവം ജഡ്ജി! മന്ത്രിയും ജഡ്ജിയും ഒക്കെ ബ്രാഹ്മണനായാല്‍ അവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുക്കണം എന്നാണല്ലോ മനുവാദികളുടെ ചിന്ത. പാവം ബാലകൃഷ്ണന് അത് പാടില്ല. അദ്ദേഹം രക്ഷാകര്‍ത്താവില്ലാത്ത ദലിതനാണല്ലോ.  ഈ വിഷയം അടുത്ത ആഴ്ച ചര്‍ച്ച ചെയ്യാന്‍ ബാക്കിവെക്കുന്നു......"

ഇനി സത്യാന്വേഷിയുടെ വക :

അഴിമതി കേസില്‍ വിചാരണ നേരിടാന്‍ പോകുന്ന ആളായ പീ ജെ തോമസ് എന്ന സവര്‍ണ ക്രിസ്ത്യാനിക്കെതിരെ ഈ കേരളത്തിലെ ഒരു നീതിമാനും ഒരക്ഷരം ഉരിയാടാത്തത് എന്തേ? അയാള്‍ മുഖ്യ വിജിലന്‍സ് കമീഷണറായിരിക്കുന്നതിനെ പരമോന്നത കോടതി തന്നെ ചോദ്യം ചെയ്തിട്ടും കമാന്നു മിണ്ടാന്‍ ഒരു കൃഷ്ണയ്യരുടെയും നാവു പൊങ്ങിയില്ലെന്നോര്‍ക്കണം. ബാലകൃഷ്ണന്‍ ദലിതനല്ലേ? അപ്പോള്‍പ്പിന്നെ കല്ലെറിഞ്ഞുകൊല്ലാമല്ലോ!

ഇതും കൂടി വായിക്കുക.

ജുഡീഷ്യറിയിലെ അഴിമതിയും ദലിതരും

1 comment:

  1. അഴിമതി കേസില്‍ വിചാരണ നേരിടാന്‍ പോകുന്ന ആളായ പീ ജെ തോമസ് എന്ന സവര്‍ണ ക്രിസ്ത്യാനിക്കെതിരെ ഈ കേരളത്തിലെ ഒരു നീതിമാനും ഒരക്ഷരം ഉരിയാടാത്തത് എന്തേ? അയാള്‍ മുഖ്യ വിജിലന്‍സ് കമീഷണറായിരിക്കുന്നതിനെ പരമോന്നത കോടതി തന്നെ ചോദ്യം ചെയ്തിട്ടും കമാന്നു മിണ്ടാന്‍ ഒരു കൃഷ്ണയ്യരുടെയും നാവു പൊങ്ങിയില്ലെന്നോര്‍ക്കണം. ബാലകൃഷ്ണന്‍ ദലിതനല്ലേ? അപ്പോള്‍പ്പിന്നെ കല്ലെറിഞ്ഞുകൊല്ലാമല്ലോ!

    ReplyDelete