Friday, October 2, 2009

മാധ്യമത്തിനു കഴിയാതെ പോയത് മാതൃഭൂമി ചെയ്യുമ്പോൾ

വാർത്താ മാധ്യമങ്ങളിൽ ഒരു ‘വഴിത്തിരിവാ’യി മാധ്യമം ദിനപത്രവും ആഴ്ച്ചപ്പതിപ്പും വന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ പല ദലിത്-ബഹുജൻ എഴുത്തുകാരും ബുദ്ധിജീവികളും ഒരുപക്ഷേ ഗർഭത്തിൽ വച്ചുതന്നെ അലസിപ്പോയിരുന്നേനേ. മാധ്യമത്തിൽ എഴുതി അറിയപ്പെട്ടപ്പോളാണ് അവർക്ക് മനോരമയും മാതൃഭൂമിയും മറ്റും അവസരം നൽകിയത്. എന്നാൽ മാധ്യമം ചെയ്യാതിരുന്ന ഒരു കാര്യം-വലിയ ഒരു കാര്യം- ചെയ്തുകൊണ്ട് മാതൃഭുമി ആഴ്ച്ചപ്പതിപ്പ് മലയാളത്തിലെ സകലമാന പ്രസിദ്ധീകരണങ്ങളെയും കടത്തിവെട്ടിയിരിക്കുന്നു. ‘മുഖ്യധാരാ മലയാളത്തിലെ ആദ്യ ദലിത് പംക്തി’ അവർ പുതിയ ലക്കം ആഴ്ച്ചപ്പതിപ്പിൽ (20009 ഒക്റ്റോബർ 4-10) ആ‍രംഭിച്ചിരിക്കുന്നു:‘നെഗ്രിട്യൂഡ്’.



ബുദ്ധിജീവിയും എഴുത്തുകാരനും ദലിത് ഐക്യസമിതി നേതാവും ആദിവാസിയുമായ കെ എം സലിംകുമാറാണ് പംക്തികാരൻ. ആദ്യ ലേഖനം ബി എസ് പിയെക്കുറിച്ചാണ്:‘പൂണൂൽ ബി എസ് പി’ എന്ന തലക്കെട്ടിൽ ബി എസ് പിയുടെ സമകാലികാവസ്ഥ വിമർശനവിധേയമാക്കുകയാണ് സലിംകുമാർ. ബി എസ് പിയെ സ്നേഹിക്കുന്നവർ ഈ വിമർശനങ്ങളെ പോസിറ്റീവായി എടുക്കുമെന്നാണ് സത്യാന്വേഷിക്കു തോന്നുന്നത്.

ഇൻഡ്യയിൽ ‘പയനിയർ’ എന്ന പ്രോ-ബീജേപ്പീ പത്രത്തിൽ മാത്രമാണ് ഒരു ദലിത് പംക്തിയുള്ളത്: ദലിത് ഡയറി. ചന്ദ്രഭാൻ പ്രസാദ് ആണ് അതെഴുതുന്നത്. താൻ എഴുതുന്ന ലേഖനം വ്യാകരണപ്പിശകുപോലും തിരുത്താതെ അവർ പ്രസിദ്ധീകരിക്കാറുണ്ട് എന്നാണ് പംക്തികാരൻ തന്നെ മുൻപൊരിക്കൽ വിശേഷിപ്പിച്ചിട്ടുള്ളത്. കാഞ്ച ഐലയ്യയുടെ ഒരു പംക്തി ഹിന്ദുവിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഇല്ല.(കാഞ്ച ദലിതനല്ല;ആന്ധ്രയിലെ കുറുബ എന്ന ഒ ബി സി സമുദായാംഗമാണ്)
ദലിത് ഡയറി പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടുണ്ട്. ഒരിക്കൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പുതന്നെ അതേക്കുറിച്ച് ഒരു റിവ്യൂ നൽകിയിരുന്നു.

എന്തുകൊണ്ടാണ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് ഇതു കഴിയാതെ പോയത്? കമൽ‌റാം സജീവ് മാധ്യമത്തിൽ നിന്ന് മാതൃഭൂമിയിലേക്കു വന്നതിനു ശേഷമാണ് മാതൃഭൂമിയുടെ സവർണ യാഥാ‍സ്ഥിതിക മുഖം മാറിത്തുടങ്ങുന്നത്. [തികച്ചും ബിസിനസ് ആണതിന്റെ കാരണം. ഇന്ന് ഗൌരവമുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവരായി ഉള്ളത് പഴയതും പുതിയതും ആയ നക്സലൈറ്റുകൾ , ദലിത് ആക്റ്റിവിസ്റ്റുകൾ , പരിസ്ഥിതിക്കാർ , ഇസ്ലാമിസ്റ്റുകൾ മുതലായവർ മാത്രമാണ്; അതും നാൽ‌പ്പതിനുമേൽ പ്രായമുള്ളവർ.-ഇക്കാര്യം തന്നെ മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കുന്നുണ്ട്. അതുകൊണ്ട് കമന്റുന്നവർ ഇതിൽ തൂങ്ങരുത്). മാധ്യമം പത്രവും ആഴ്ച്ചപ്പതിപ്പും ദലിതർക്കും മറ്റു പിന്നാക്കക്കാർക്കും ഇപ്പോഴും അവസരം നൽകാറുണ്ടെങ്കിലും ഇന്നേവരെ ഒരാൾക്കും ഒരു പംക്തി നൽകിയിട്ടില്ല. അതെല്ലാം കുൽദീപ് നയ്യാർ, ഡി ബാബുപോൾ തുടങ്ങിയ സവർണ മൂരാച്ചികൾക്കും രാമചന്ദ്ര ഗുഹയെപ്പോലുള്ള പുറമേനിന്നുള്ള മറ്റു സവർണ കോളമിസ്റ്റുകൾക്കും മാത്രമേ നൽകൂ. അതുപോലെ തന്നെ അവരുടെ വാർഷികപ്പതിപ്പുകളിലും അവർ സംഘടിപ്പിക്കുന്ന പരിപാടികളിലും ദലിതരെയും മറ്റും തീണ്ടാപ്പാടകലെ മാത്രമേ ഇപ്പോഴും നിർത്താറുള്ളൂ. അവിടെ കെ പി രാമനുണ്ണി , സി ആർ നീലകണ്ഠൻ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടങ്ങിയവർക്കാണു സ്ഥാനം. കുറെനാൾ എൻ വി പി ഉണിത്തിരി , എം പി വീരേന്ദ്രകുമാർ , കെ എൻ പണിക്കർ മുതലായവരെ പൊക്കിക്കൊണ്ടു നടന്നു. ഇപ്പോൾ അവരെ കൈവിട്ടു(അതോ അവർ കൈവിട്ടോ?). ദലിതരോടും മറ്റ് അടിസ്ഥാന വിഭാഗങ്ങളോടും മാധ്യമം കാണിച്ച/കാണിക്കുന്ന ഔദാര്യവും ഒരു ബിസിനസ് ട്രിക്ക് ആയിരിക്കാം. എന്നിരുന്നാലും കേറിക്കിടക്കാൻ സ്വന്തമായി ഒരു കുടിൽ പോലുമില്ലാത്തവർക്ക് അന്യന്റെ ഒരു വരാന്ത തന്നെ വിശാലമായ ലോകമാണ്. അതുകൊണ്ട് മാധ്യമം ചെയ്ത/ചെയ്യുന്ന സേവനം അവർക്കു മറക്കാൻ കഴിയില്ല. എന്നാൽ നെഗ്രിട്യൂഡിലൂടെ മാതൃഭൂമി മാധ്യമം ഉൾപ്പെടെയുള്ള സകലരെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു. [ആ ലേഖനം സ്കാൻ ചെയ്ത് ഇവിടെ ചേർത്തിട്ടുണ്ട്.] മാതൃഭൂമിയുടെ പ്രശ്നം, നക്സലൈറ്റ് പശ്ചാത്തലമുള്ള ദലിത് എഴുത്തുകാർക്കേ അവസരം നൽകൂ എന്നതാണ്. അവരിൽ പലരുടെയും എഴുത്ത് സാധാരണ ദലിതർക്ക് വായിച്ചാൽ മനസ്സിലാകില്ല എന്ന ‘ഗുണ’മുണ്ട്. എന്നിരുന്നാലും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് ചിയേർസ്.

12 comments:

  1. ദലിതരോടും മറ്റ് അടിസ്ഥാന വിഭാഗങ്ങളോടും മാധ്യമം കാണിച്ച/കാണിക്കുന്ന ഔദാര്യവും ഒരു ബിസിനസ് ട്രിക്ക് ആയിരിക്കാം. എന്നിരുന്നാലും കേറിക്കിടക്കാൻ സ്വന്തമായി ഒരു കുടിൽ പോലുമില്ലാത്തവർക്ക് അന്യന്റെ ഒരു വരാന്ത തന്നെ വിശാലമായ ലോകമാണ്. അതുകൊണ്ട് മാധ്യമം ചെയ്ത/ചെയ്യുന്ന സേവനം അവർക്കു മറക്കാൻ കഴിയില്ല. എന്നാൽ നെഗ്രിട്യൂഡിലൂടെ മാതൃഭൂമി മാധ്യമം ഉൾപ്പെടെയുള്ള സകലരെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു

    ReplyDelete
  2. മുമ്പെ ഗമിക്കുന്ന ഒരു "ഗോ "' ആകാന്‍ കഴിഞെന്നു മാധ്യമത്തിന്‍ ആശ്വസിക്കാം അല്ലെ?

    ReplyDelete
  3. Its good that Dalit voices are heard. A parallel is the case of the poor farmers, mostly from out of Kerala. Nobody cares about the lacs of farmers committing suicide.

    As an aside, I too used to be a regular reader of Mathrubhumi. And I do not belong to any of the classes you mentioned in the article.

    ReplyDelete
  4. സലിംകുമാറിന്റെ ലേഖനം ഇന്ന് സ്കാൻ ചെയ്തു കയറ്റിയിട്ടുണ്ട്.

    ReplyDelete
  5. പുറംചട്ടമുതൽ അകം ചട്ടവരെ മറ്റുള്ളവരെക്കൊണ്ട് മാറ്റിപ്പണിയിച്ചു മാധ്യമം. അക്ഷരങ്ങൾ ശരിക്കും കറുത്തു തുടങ്ങിയത് മാധ്യമത്തിനു ശേഷമാണ്. ഭരണത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും എന്തിനു ജയിലുകളിലും അഴിമതികളൈലും വരെ ദളിദ് പ്രാതിനിധ്യം അന്വേഷിച്ചിറങ്ങിയ പത്രവും ആഴ്ചപ്പതിപ്പുമാണ് മാധ്യം.
    ഇന്നിപ്പോൾ അതിന്റെ പരിപാടികളിൽ ദളിത് പ്രാതിനിധ്യം എത്രയുണ്ടായിരുന്നു എന്നു അന്വേഷിച്ചിറങ്ങുന്നത് വെറും കൌതുകത്തിനു കൊള്ളാം .. വെറും കൌതുകം. അത്രമാത്രം.

    ReplyDelete
  6. സത്യാന്വേക്ഷി,പോസ്റ്റിനു നന്ദി.ലേഖനം വന്ന അന്നുതന്നെ സലിം കുമാറിനെ വിളിച്ചിരുന്നു.മൂന്നാഴ്ചയില്‍ ഒരിക്കല്‍ ലേഖനം വരും .സാധാരണ എഴുത്തുകാരെപോലെ 'കെല്പുള്ള'എഴുത്തുകാരനല്ല സലീം കുമാര്‍.ക്രിത്യമായ നിലപാടുകള്‍ മാത്രമാണ്‌ കൈമുതല്‍.ഇടുക്കി ജില്ലയില്‍ ഉള്‍നാട്ടില്‍ ജനിച്ച് ,ആദിവാസികളില്‍ തന്നെ പിന്നണിയിലുള്ള സമൂഹത്തില്‍ നിന്നും എഴുത്തുകാരനായ സലീം കുമാര്‍ വന്നവഴിയില്‍,മഹാരാജാസ്സും ,നക്സലൈറ്റുപ്രസ്ഥാനവുമൊക്കെയുണ്ട്.എഴുപതുകളില്‍ ക്ഷോഭിച്ച യുവത്വത്തില്‍ ദലിതരായ ഒരുപാടു സൈദ്ധാന്തികരും ബുദ്ധിജീവികളുമുണ്ടായിരുന്നു.മുഖ്യധാരാമാധ്യമത്തില്‍ ഒരിക്കലും ഇടം കിട്ടാതെപോയവര്‍.തീര്‍ച്ചയായും മാധ്യമം ആഴ്ചപതിപ്പാണ്‌ തുടക്കമിട്ടത്.മുഖ്യധാരാ കഷികലെല്ലാം ദലിതരെ കണക്കിനു വഞ്ചിച്ചതിനു ബാക്കിയാണ്‌,ദലിതന്റെ പേരിലുള്ള പ്രസ്ഥാനങ്ങളൂം . ബി.എസ്.പി യുടെ ഉദയം ഒരുപാടുപ്രതീക്ഷകള്‍ തന്നതാണ്‌.മഴനനഞ്ഞു വരുന്നവന്‌ കടതിണ്ണ ഒരാശ്വാസം തന്നേ..കമല്‍റാം സജീവിനോടും ,ആഴ്ചപതിപ്പിനോടും കടപ്പാടുണ്ട്.

    ReplyDelete
  7. ദളിതനുമാത്രമായി ഒരു പംക്തി നല്‍കിയത്‌ ബിസ്സിനസ്സ്‌ ട്രിക്കാകാം..സവര്‍ണ്ണത്വം എന്നപേരുദോഷം മാറ്റാമല്ലോ?

    ReplyDelete
  8. poor-me/പാവം-ഞാൻ ,മലമൂട്ടിൽ മത്തായി,പള്ളിക്കുളം,ചാർവാകൻ,മണി ഷാരത്ത്,
    വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
    ചാർവാകൻ,
    പംക്തി മൂന്നാഴ്ച്ചയിലൊരിക്കലാണോ? അതറിയില്ലായിരുന്നു. സലിംകുമാറിനെപ്പറ്റി താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും അറിയാം. വർഷങ്ങളായി അദ്ദേഹത്തെ പരിചയമുണ്ട്. തികച്ചും നിഷകളങ്കനും മാന്യനും ആയ മനുഷ്യൻ.

    ReplyDelete
  9. സത്യാന്വേഷി, വളരെ കൃത്യമായ നിരീക്ഷണങ്ങള്‍!
    "ഡി ബാബുപോൾ തുടങ്ങിയ സവർണ മൂരാച്ചികൾക്കും രാമചന്ദ്ര ഗുഹയെപ്പോലുള്ള പുറമേനിന്നുള്ള മറ്റു സവർണ കോളമിസ്റ്റുകൾക്കും മാത്രമേ നൽകൂ"
    ഇതിനോട് 101% യോജിക്കുന്നു. മാധ്യമത്തിലെ മിക്ക ലേഖനങ്ങളും വായിക്കാറുണ്ട്. അതില്‍ ഒരു കല്ലുകടി പോലെ വരാറുള്ളതാണ് ഡി. ബാബുപോളിന്റെ ലേഖനങ്ങള്‍. സുറിയാനി ക്രിസ്ത്യാനി മഹാത്മ്യം, നായര്‍ മഹാത്മ്യം, സഭ, സിവില്‍ സര്‍വീസിന്റെ ഔന്നത്യം കുന്തം കൊടചക്രം മുതലായവ അല്ലാതെ വേറെന്തുണ്ട് ബാബു പോളിന്റെ ലേഖനങ്ങളില്‍? താരതമ്യേന കുല്‍ദീപ്‌ നയ്യാരുടെ ലേഖനങ്ങളില്‍ സവര്‍ണത കുറവുണ്ട്.

    ReplyDelete
  10. കുൾദീപ് നയ്യാറിനെപ്പോലെ കടുത്ത സംവരണവിരോധിയായ കോളമിസ്റ്റ് മാധ്യമത്തിൽ വേറെയാരുമില്ല. സെക്കുലർ മുഖത്തിനുവേണ്ടിയാണ് മാധ്യമം ഈ സവർണരുടെ പിന്നാലെ നടക്കുന്നത്. എന്നിട്ടോ? മുസ്ലിങ്ങളല്ലാതെ അതു കാശുകൊടുത്തുവാങ്ങുന്നവർ മറ്റാരുമില്ല ഇപ്പോഴും. മാധ്യമം വാങ്ങുന്ന ഏതെങ്കിലും അമുസ്ലിം ഉണ്ടെങ്കിൽ. ‘എന്താണു മാധ്യമം?’ എന്ന ചോദ്യം അയാൾ എല്ലാവരിലും നിന്നു നേരിട്ടുണ്ടാകും. മംഗളം,മനോരമ,മാതൃഭൂമി,കേരളകൌമുദി ഇതൊന്നും വാങ്ങുന്നവർക്ക് ആ ചോദ്യം നേരിടേണ്ടിവരില്ല.

    ReplyDelete
  11. മുസ്ലിംങ്ങളിൽ മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുന്നവർ കുറവാണെന്നതാണ് അനുഭവം. മറ്റാർക്കോ വേണ്ടി മാധ്യമം ട്രസ്റ്റ് പുറത്തിറക്കുന്ന ഒരു പ്രസിദ്ധീകരണമെന്ന നിലക്കാണ് മുസ്ലിംങ്ങളിൽ പലരും അതിനെ നോക്കിക്കാണുന്നതു പോലും. അതുകൊണ്ടുതന്നെ ദളിത് വീക്ഷണത്തെ സംബന്ധിച്ച് ജമാ‌അത്ത് പ്രവർത്തകർക്ക് പോലും നല്ല പിടിയില്ല എന്നതും അനുഭവം.

    ReplyDelete
  12. ഇന്ന് ഗൌരവമുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവരായി ഉള്ളത് പഴയതും പുതിയതും ആയ നക്സലൈറ്റുകൾ , ദലിത് ആക്റ്റിവിസ്റ്റുകൾ , പരിസ്ഥിതിക്കാർ , ഇസ്ലാമിസ്റ്റുകൾ മുതലായവർ മാത്രമാണ്; അതും നാൽ‌പ്പതിനുമേൽ പ്രായമുള്ളവർ.-ഇക്കാര്യം തന്നെ മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കുന്നുണ്ട് - awaited

    ReplyDelete