Monday, January 31, 2011

ഇസ്ലാമോഫോബിയയുടെ സവര്‍ണ ഹിന്ദു പരിഭാഷകള്‍

 കെ കെ ബാബുരാജ്  എഴുതിയ ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും എന്ന ലേഖനത്തിന്റെ അവസാന ഭാഗം.(ഇന്നിറങ്ങിയ  മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ -2011 ഫെബ്രുവരി 7 -പ്രസിദ്ധീകരിച്ചത്)

മുന്‍പ് സോഷ്യലിസത്തിന്റെ പേരുപറഞ്ഞ് കീഴാള നവോത്ഥാനം -സമുദായിക സംവരണം-മണ്ഡല്‍-ശരീയത്ത് വിഷയങ്ങളെയെല്ലാം ദുര്‍വ്യാ ഖ്യാനിക്കാന്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കു കഴിഞ്ഞത് ‘കീഴാള നിശ്ശ ബ്ദത’യുടെ പശ്ചാത്തലത്തിലാണ്. ഇന്നു് മതേതരത്വത്തിന്റെ പേരു പറ ഞ്ഞു് ‘ശാസ്ത്രീയ വംശീയവാദ’ത്തെ അറിഞ്ഞോ അറിയാതെയോ പ്രചരി പ്പിക്കാന്‍ ഇവര്‍ക്കു കഴിയുന്നതിന്റെ പശ്ചാത്തലം മുസ്ളീം-ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളുടെ നിശ്ശബ്ദതയാണ്. മതവിശ്വാസത്തിന്റെ പേരിലുണ്ടായ വിദ്വേഷത്തെ പരിഹരിക്കുവാന്‍ മതങ്ങള്‍ക്കുളള പ്രാപ്തിയാണ് തൊടുപുഴ നല്‍കുന്ന പാഠം. എന്നാല്‍ മതേതരത്വത്തിന്റെ സംരക്ഷകരായി മേനിനടി ക്കുന്നവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദ്വേഷത്തെ പ്രതിരോധിക്കാന്‍ കീഴാളരും ന്യൂനപക്ഷങ്ങളും അവരുടെ നിശ്ശബ്ദത അവസാനിപ്പിക്കുകയാണ് വഴി. ഇ വിടെ വ്യക്തമായി ഊന്നിപ്പറയേണ്ടുന്ന കാര്യം മുസ്ളീമിന്റെ സാമുദായിക തയോ സാമ്പത്തികതയോ അല്ല മറിച്ച് മതപരതയാണ് അപരത്വത്തെ രൂപപ്പെടുത്തുന്നതെന്നതാണ്. ‘പൊതുവായതായി’ സ്വയം പ്രഖ്യാപിച്ചി ട്ടുള്ള നമ്മുടെ രണ്ടു പ്രമുഖ ചിഹ്ന വ്യവസ്ഥകളായ ലിബറല്‍ വ്യക്തിവാദവും മതേതര സോഷ്യലിസവും ഇസ്ളാമിന്റെ മതപരതയോട് വൈരുദ്ധ്യപ്പെ ടുന്നവയാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് ദേശത്തെ പിളര്‍ത്തിയവരാണ് എന്ന കുറ്റാരോപണത്തിനു/കുറ്റബോധത്തിനു വിധേയമായി മുസ്ളീമു കള്‍ക്കു കഴിയേണ്ടി വന്നതിനാല്‍ ദേശീയതയുടെ സമവായങ്ങളില്‍ ഈ വൈരുദ്ധ്യം പ്രശ്നമായില്ല. അതിനാല്‍ ‘റാം റഹിം’ എന്ന പരികല്പന യിലൂടെ (ഗെയ്ല്‍ ഓം വേദ്ത്-Gail Omvedt) ഹിന്ദു ദേശീയപുരുഷന്റെ ഉടലിന്റെ ഭാഗമായി മുസ്ളീമിനെ അടക്കി നിറുത്താനും കഴിയുമായിരുന്നു. ഈ ദേശീയ സമവായത്തിലുളവായ വിള്ളലിനെയാണ് സമകാലീന ഇസ്ളാമിക പ്രസ്ഥാനങ്ങളും മുസ്ളീം കര്‍ത്തൃത്വവും സാക്ഷ്യപ്പെടുത്തുന്നത്. മുന്‍പ് ‘ഹരിജന്‍’ എന്ന ദേശീയ സമവായത്തില്‍ നിന്നു് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ദലിതര്‍ പുറത്തു വന്നതിനു സമാനമായ ഒരു ചലന മാണിതെന്നു സാരം.

   ആധുനിക-ആധുനികാനന്തര പ്രതിഭാസമായ ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ മുന്‍നിരയിലുള്ള യുവനേതൃത്വത്തിനും ദേശ ത്തെ പിളര്‍ത്തിയവരാണ് തങ്ങളെന്ന കുറ്റബോധമില്ലെന്നതാണ് സവര്‍ണ മേധാവിത്വത്തെ അലട്ടുന്ന ഏറ്റവും വലിയപ്രശ്നം. അതിനാല്‍ ശത്രുതയുടെ പുതിയ പദങ്ങളായ ‘തീവ്രവാദി’, ‘മതരാഷ്ട്രവാദി’, ‘മൌദുദിയിസ്റ്’ ‘താലിബാനിസ്റ്റ്’, ‘സദാചാരവാദി’ മുതലായ ഭീകര സ്വത്വങ്ങളെ നിര്‍മി ച്ചും നിര്‍വചിച്ചും മുസ്ളീം കര്‍ത്തൃത്വത്തിനു മേല്‍ ആരോപിക്കേണ്ടി യിരിക്കുന്നു.ഈ ഖണ്ഡിക അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇത്രയും കൂടി: ‘മുസ്ളീം സമുദായ ഭിത്തി’ പോലുള്ളവയ്ക്ക് അകത്തു താമസിക്കുന്നവരുടെ ‘സ്വത്വം’ ആധുനികവല്‍ക്കരിക്കാത്തതും യാഥാസ്ഥിതികവും അയുക്തികവു മാണെന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ ‘ശാസ്ത്രീയ വംശീയവാദ’ ത്തിനുളള മറുപടി കറുത്ത ഫെമിനിസ്റ്റ് ചിന്തകര്‍ നല്‍കിയിട്ടുണ്ട്.

  അമേരിക്കയിലെ കറുത്തവരുടെ ഗെറ്റോജീവിതവും പൊതുവായ പാശ്ചാത്യ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്നുള്ള വിഛേദനവും അവരെ ആധുനി കതക്കു വെളിയില്‍ ജീവിക്കുന്നവരായി കാണാന്‍ ഒട്ടേറെ സാമൂഹിക ചിന്തകരെ പ്രേരിപ്പിച്ചു. എന്നാല്‍ ഈ ജനതയുടെ രണ്ടാംകിട പൌരത്വ വും ജീവിത വൈഷമ്യങ്ങളും അവരെ കൂടുതല്‍ ആധുനികരും വ്യവസ്ഥയുടെ പ്രതിധ്വനികളെ തൊട്ടറിയുന്നവരുമാക്കിയെന്നു ബാര്‍ബറാ ക്രിസ്റ്റ്യന്‍ (Barbara Christian)[1] വ്യക്തമാക്കുന്നുണ്ട്. പാശ്ചാത്യ നാഗരിക യുക്തി യുടെ അവകാശവാദങ്ങളെ അവിശ്വസിച്ച നിരവധി സാമൂഹിക ചിന്തകളും സാഹിത്യ മൂല്യമണ്ഡലങ്ങളും അവരില്‍ നിന്നുമുയര്‍ന്നു വന്നതിനു കാരണ വും മറ്റൊന്നല്ല. 

     ഈ അഭിപ്രായത്തെ പരിഗണിച്ചാല്‍, മുസ്ളീം സമുദായം സാങ്കല്പി കമോ അല്ലാത്തതോ ആയ ഏതെങ്കിലും ഭിത്തികള്‍ക്കുള്ളില്‍ കഴിയുന്നവര ല്ലെന്നു പറയേണ്ടിവരും. അവരുടെ മതവിശ്വാസവും രാഷ്ട്രീയമായ പരിഗണ നകളും പഴമയുടെ പ്രതിനിധാനമല്ല; മറിച്ചു് കൂടുതല്‍ ആധുനികവും ഉത്തരാ ധുനികവുമായ സ്വയം ബോധ്യങ്ങളാണെന്നു പറയേണ്ടി വരും. കാരണം അവരാണല്ലോ രണ്ടാംകിട പൌരത്വവും ജീവിത വൈഷമ്യങ്ങളും അനുഭവി ച്ചുകൊണ്ട് മറ്റെല്ലാ കീഴാള സമുദായങ്ങളെയും പോലെ കേരളീയ സമൂഹ ത്തിനു് അറിവായും അധ്വാനമായും അതുല്യമായ സംഭാവനകള്‍ നല്‍കുന്ന ത്. ഇവരെ അപരിഷ്കൃതരും യാഥാസ്ഥിതികരുമായി കാണുന്നത്, സവര്‍ണ മേധാവിത്വത്തിന്റെ കാഴ്ചയെ ആശ്രയിക്കുന്നതുപോലെ മാര്‍ക്സിസത്തിന്റെ കുഴല്‍ക്കണ്ണാടി ഉപയോഗിക്കുന്നതു മൂലവുമാണ്.

യുക്തിയുടെ ഉറക്കം/മതത്തിന്റെ തേര്‍വാഴ്ച
  ഈ ലേഖനമെഴുതുന്നതിന്റെ ഭാഗമായി സമകാലീന ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട വിമര്‍ശകനായ എം.എന്‍ കാരശ്ശേരിയുടെ വിലയിരുത്തലുകളും പരിശോധിക്കുകയുണ്ടായി. ജനാധി പത്യം, മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ മുതലായ കാര്യങ്ങളില്‍ തങ്ങളെ സ്വയം രക്ഷാകര്‍ത്തൃത്വങ്ങളായി അവരോധിച്ചുകൊണ്ടുള്ള അവ കാശവാദങ്ങളാണ് കേരളത്തിലെ ദേശീയ വാദികള്‍ക്കൊപ്പം മാര്‍ക്സിസ്റ്റു കളും ഉന്നയിച്ചിട്ടുള്ളത്. മുന്‍പേ സൂചിപ്പിച്ച കീഴാള നിശ്ശബ്ദത നിലനിന്നി രുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ അവകാശവാദങ്ങളെ ആരും സംശയി ക്കുകയുണ്ടായില്ല. എന്നാല്‍ എണ്‍പതുകളോടെ ദലിത്-സ്ത്രീ-ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സിവില്‍ സമുദായ സമരങ്ങളും സജീവമായതോടെ രക്ഷാകര്‍ത്തൃത്വ പദവികള്‍ പലതും അനര്‍ഹവും സേച്ഛാനുസരണവുമാ ണെന്ന തിരിച്ചറിവുകള്‍ സാമൂഹിക ശാസ്ത്രരംഗത്തു രൂപപ്പെട്ടു. ഈ തിരി ച്ചറിവുകളോടു പുറംതിരിഞ്ഞു നിന്നുകൊണ്ട് മുഖ്യമായും മാര്‍ക്സിസ്റ്റുകളുടെ അവകാശവാദങ്ങളെ സര്‍വാത്മന സ്വീകരിക്കുകയും അവര്‍ കല്പിച്ചതും അനുവദിച്ചിട്ടുള്ളതുമായ (            sanctioned       ) വിഷയങ്ങളെ ന്യൂനപക്ഷങ്ങള്‍ ക്കു മീതേ അടിച്ചേല്പിക്കുകയുമാണു കാരശ്ശേരി ചെയ്യുന്നത്. 

   ശരീയത്ത് വിവാദ കാലത്തെന്നപോലെ ഇപ്പോള്‍ നടക്കുന്ന പ്രതിനി ധാന ഹിംസയ്ക്കു മുന്നോടിയായും മതിയായ കേന്ദ്രത്തില്‍ നിന്നുള്ള ആജ്ഞ യും അനുവാദവും കാരശ്ശേരി കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശ കലനങ്ങള്‍ക്കു മുഖവില കൊടുക്കാന്‍ കഴിയില്ലെങ്കിലും ഈ ‘അനുവാദ’ മെന്താണെന്നു വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്.

   ‘യുക്തിയുടെ ഉറക്കം ഭീകരസ്വത്വങ്ങളെ പടച്ചുവിടുന്നു’. (The sleep of reason produces monsters ) 18-ാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരനായിരുന്ന ഗോയയുടെ ഒരു ചിത്രത്തിന്റെ പേരാണിത്. വെളുത്ത ഒരു പുരുഷന്‍ കമിഴ്ന്നു കിടന്നുറങ്ങുമ്പോള്‍ കൂര്‍ത്തു മൂര്‍ത്ത നഖങ്ങളും തീഷ്ണമായ കണ്ണുകളുമുള്ള വവ്വാലുകളും മറ്റു് ഇരുട്ടിന്റെ ശക്തികളും അയാള്‍ക്കു ചുറ്റും നില്‍ക്കുന്നു. ഈ ചിത്രത്തെയും വെല്ലുന്ന ഭയാ നകമായ ഒരാഖ്യാനമാണ് ‘മതം എല്ലാം വിഴുങ്ങുമോ’(2) എന്ന പേരില്‍ കെ.എന്‍ പണിക്കര്‍ നിര്‍വഹിച്ചത്. ഒപ്പം തന്നെ പണിക്കര്‍ ഉന്നയിച്ച ആകുലതകളെ കൂടുതല്‍ തെളിച്ചമുറ്റതാക്കി നമ്മള്‍ ഭയപ്പെടേണ്ട യഥാര്‍ത്ഥ മത ഭീഷണി ഇസ്ളാമാണെന്നു വിശദീകരിച്ചുകൊണ്ട് കാരശ്ശേരിയുടെ ലേഖനം മൂന്നു ലക്കങ്ങളിലായി ‘മാതൃഭൂമി പത്ര’ത്തിലൂടെ പ്രസിദ്ധീകരിച്ചു. (3) മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും രക്ഷയ്ക്ക് എന്നപേരില്‍ പ്രത്യക്ഷപ്പെട്ട ഈ രണ്ട് ആഖ്യാനങ്ങളിലും ഉള്ളടങ്ങിയ അറുപിന്തിരിപ്പിന്‍ /ഫ്യൂഡല്‍ ഭയപ്പാടുകളെ ചിന്താശൂന്യമായി ഏറ്റെടുത്തവരാണ് ഇപ്പോഴത്തെ ഇസ്ളാംവിരുദ്ധ സ്കിസോഫ്രാനിയായ്ക്ക് അരങ്ങൊരുക്കിയത്. 

   പണിക്കരുടെ തീസ്സിസിനെ ഇങ്ങനെ ക്രോഡീകരിക്കാം :പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ യൂറോപ്പിലും അതേകാലയളവില്‍ ഇന്ത്യയിലും വികസിച്ച പൊതുമണ്ഡലം എല്ലാ ന്യൂനതകളോടെയാണെങ്കിലും മതനിര പേക്ഷമായിരുന്നു. മതത്തിന്റെ നിയന്ത്രണാധികാരത്തെ ദൂരേയ്ക്ക് തട്ടിയകറ്റി ക്കൊണ്ട് പരിമിതമായിട്ടെങ്കിലും യുക്തി വികസിച്ചതിന്റെ പശ്ചാത്തലത്തി ലാണ് ഈ പൊതുമണ്ഡലം സാധ്യമായത്. എന്നാല്‍ ഇന്ന്, ആഗോളതല ത്തില്‍ ശക്തിയാര്‍ജിച മത-പുനരുജ്ജീനത്തിന്റെ ഫലമായി ഈ പൊതു മണ്ഡലം തകരുന്നതായിട്ടാണു കാണുന്നത്. ഈ പ്രക്രിയക്ക് ഇന്ത്യയും അപവാദമല്ല. രാഷ്ട്രീയ മണ്ഡലത്തിലുള്ള മതത്തിന്റെ നുഴഞ്ഞുകയറ്റത്തിന്റെ രീതിയും മതേതര-ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളും ഇതാണു തെളിയിക്കുന്നത്. ഗുരുതരമായ ഈ അവസ്ഥ സംജാതമാകുന്നതിന്റെ സൂചനകള്‍ (1) മതപ്രചാരണത്തിന്റെ വ്യാപനം (2) മതമൌലികവാദികളുടെ ഇടപെടലുകല്‍ (3) പല മത ങ്ങളിലും സഹജമായിട്ടുള്ള അക്രമണപരതയുടെ രാഷ്ട്രീയമായ ഉപയോഗം. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അടവുപര മായിട്ടെങ്കിലും പുലര്‍ത്തിയിരുന്ന ചില പൊതുധാരണകളില്‍ നിന്നു വിട പറയാനുള്ള ‘അനുവാദ’മായി പണിക്കരുടെ ലേഖനത്തെ കാണാവുന്നതാ ണ്.

  1. ലാറ്റിനമേരിക്കന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമത ത്തിലെ വിമോചന ദൈവശാസ്ത്രം പോലുള്ളവയോട് ഐക്യപ്പെടുന്നതായ ഒരു നിലപാട് ഇടതുപക്ഷം സ്വീകരിച്ചിരുന്നു. ഇതിനെ മതത്തിന്റെ നുഴ ഞ്ഞുകയറ്റമായോ മതപ്രചാരണത്തിന്റെ നവീന തന്ത്രമായോ അധിക്ഷേപി ക്കാനുള്ള അനുവാദമായിട്ടാണ് പണിക്കരുടെ വിലയിരുത്തലുകള്‍ രൂപ പ്പെട്ടത്. 

   2. ഫലസ്തീന്‍ അടക്കമുള്ള പല പ്രദേശത്തെയും ഇസ്ളാമിക പ്രസ്ഥാന ങ്ങള്‍ അധിനിവേശ വിരുദ്ധ സമരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നു് പരിമിതമായിട്ടെങ്കിലും ഇടതുപക്ഷങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ധാരണ യുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ കലവറയില്ലാത്ത പിന്തുണയാണ് തിരിച്ചു നല്‍കിയത്. എന്നാല്‍ ഇവ സാമ്രാജ്യത്വം തന്നെ കെട്ടിച്ചമച്ചതാണെന്ന എതിര്‍യുക്തി യാണ് പണിക്കരുടെ ലേഖനം ഉല്‍പ്പാദിപ്പിച്ചത്.
  ‘ചില മതങ്ങളില്‍ സഹജമായിട്ടുള്ള അക്രമണപരത’ ‘മൌലിക വാദത്തിന്റെ ഇടപെടലുകള്‍’ എന്നിങ്ങനെയുള്ള ഭയപ്പാടുകളുടെ അടിസ്ഥാ നത്തില്‍ ഇന്ത്യന്‍ പൊതുമണ്ഡലം തകരാന്‍ പോകുന്നതായും മതേതര ജനാധിപത്യസമൂഹത്തിന്റെ നിലനില്പ് അപകടത്തിലായെന്നും വിധിക്കു ന്നത് ആഗോള തലത്തിലെ ‘ഇസ്ളാമോഫോബിയാ’യുടെ ഒരു സവര്‍ണ ഹിന്ദു പരിഭാഷയില്‍ കവിഞ്ഞ മറ്റൊന്നല്ല. 

   എന്നാല്‍ ഈ ഭയപ്പാടിനെയല്ല ഇവിടെ പ്രശ്നവല്‍ക്കരിക്കാന്‍ ഉദ്ദേശി ക്കുന്നത്, മറിച്ച് ‘അയുക്തികതയുടെ ചരിത്രം ഫാഷിസത്തിന്റെ പൂര്‍വ ചരിത്രമാണ്’ (The history of irrationalism is the pre-history of fascism) എന്ന ലൂക്കാച്ചി(György Lukács)ന്റെ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ മതവിശ്വാസത്തെ പ്രതിപാദിക്കുന്നതി നെയാണ്. അതായത്, മതവിശ്വാസമാണ് യുക്തിചിന്തയുടെ അപരമെന്നും അനുഷ്ഠാനാത്മകമായ മതപരതയാണ് അയുക്തികതയെന്നും അതാണ് ഫാഷിസത്തിന്റെ ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കുന്നതെന്നുമുള്ള സങ്കല്പനമാണ് പണിക്കരും ഇതര ഇടതുപക്ഷസൈദ്ധാന്തികരും പ്രചരിപ്പിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് കാരശ്ശേരിയും മറ്റും ,രാഷ്ട്രീയം പറയുന്ന ഇസ്ളാമിക വിശ്വാസ പ്രസ്ഥാനങ്ങളെ ഫാഷിസ്റ്റ് ആള്‍ക്കൂട്ടമായും അവയുടെ ചിന്ത കരെയും നേതൃത്വങ്ങളെയും നിഗൂഢത ഒളിപ്പിച്ചിരിക്കുന്ന ഭീകരസ്വത്വ ങ്ങളായും വര്‍ണിക്കുന്നത്. 

   പ്രാകൃതത്വത്തെയും ഫാഷിസത്തെയും മടക്കിക്കൊണ്ടു വരുന്ന അയുക്തി കതയുടെ ഏജന്‍സിയാണ് മതം എന്ന മാര്‍ക്സിസ്റ്റു വിലയിരുത്തല്‍ വസ്തുതാ പരമാണോ? നമുക്കൊന്നു തിരിഞ്ഞുനോക്കാം. 

  തങ്ങളല്ലാത്ത എല്ലാവരെയും കാടത്തമുള്ളവരായി വര്‍ണിക്കാനുള്ള യൂറോപ്പിന്റെ വൈഭവത്തെ ചൂണ്ടിക്കാട്ടി ഇന്നു ഭൂമിയിലെ സ്വര്‍ഗമെന്നു വിളിക്കുന്ന സ്വിറ്റ്സര്‍ലണ്ട് അടക്കമുള്ള ദേശീയതകള്‍ ഇരുപതാം നൂറ്റാ ണ്ടിന്റെ പ്രാരംഭദശ വരെയുള്ള നാലു നൂറ്റാണ്ടുകളില്‍ ചോരയില്‍ മുങ്ങി ക്കുളിക്കുകയായിരുന്നുവെന്നു് നോബേല്‍ പുരസ്കാരവേദിയില്‍ വെച്ചു ഗബ്രി യേല്‍ ഗാര്‍സ്യ മാര്‍കേസ് (Gabriel García Márquez)പറയുകയുണ്ടായി. ഈ ചോരപ്പുഴ സൃഷ്ടിച്ചതു മതമായിരുന്നില്ല. ദേശീയതാ രൂപവത്കരണ ത്തിന്റെ സന്നിഗ്ധതകളും രാജവാഴ്ചയുടെ അവശിഷ്ടങ്ങളുമാണ് ഇതിനു കാരണമായത്. ഉടന്‍തന്നെ വന്ന ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ മത വികാരത്തില്‍ നിന്നു പൊട്ടിപുറപ്പെട്ടവയല്ല, മറിച്ച് അധിനിവേശ ശക്തി കള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും കവര്‍ച്ചമുതല്‍ പങ്കുവെക്കുന്നതിലു ണ്ടായ തര്‍ക്കങ്ങളുമാണ് ലോക മഹായുദ്ധങ്ങളായി മാറിയത്. മഹാദുരിത ത്തിന്റെ ഈ നാളുകളില്‍ മതം പലപ്പോഴും ഏറ്റവും അടിത്തട്ടിന്റെ അതി ജീവനത്തിനും ആശ്വാസത്തിനും പ്രേരണയായിരുന്നിട്ടുണ്ട്. കറുത്തവരും ആദിമവംശജരും ഉള്‍പ്പെടെ ആറുകോടിപ്പേരെങ്കിലും അധിനിവേശം മൂലം ഉന്മൂലനം ചെയ്യപ്പെട്ടതായി അമേരിക്കയിലെ കറുത്ത സാമൂഹിക ചിന്തകര്‍ വിലയിരുത്തുന്നു. ഈ കൃത്യം നടത്തിയത് സാമ്രാജ്യത്വവും അതിന്റെ ഇരു കൈകളായ വംശീയതയും സങ്കുചിത ദേശീയവാദവുമാണ്. ഇവിടെയും അധികാരിവര്‍ഗത്തോടൊപ്പം മാത്രമല്ല പുറന്തള്ളപ്പെട്ടവര്‍ക്കൊപ്പവും മതം നടന്നതിനു രേഖകളുണ്ട്.

   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സേച്ഛാധിപത്യങ്ങളെല്ലാം പിറവിയെടുത്തത് യൂറോപ്പിന്റെ മഹനീയ കണ്ടുപിടിത്തങ്ങളായ ദേശീയത യുടെയും മാര്‍ക്സിസത്തിന്റെയും ഈറ്റുപുരകളില്‍ നിന്നുമാണ്. ഹിറ്റ്ലറും(Adolf Hitler)മുസ്സോളിനി(Benito Mussolini)യും പോലുള്ളവര്‍ സങ്കുചിത ദേശീയവാദത്തിന്റെയും സ്റ്റാലി(Joseph Stalin)നും മാവോ(Mao Zedong)യും പോള്‍പോട്ടും(Pol Pot)ചെസസ്ക്യൂ(Nicolae Ceauşescu)വും പോലുള്ളവര്‍ മാര്‍ക്സിസത്തിന്റെയും സന്തതികളാണ്. സമകാലീന ചൈനയിലെയും ക്യൂബയിലെയും വെനിസ്വലയിലെയും ഏകാധിപത്യ മതില്‍ക്കെട്ടു കളും നിരോധനങ്ങളും വെച്ചുനോക്കുമ്പോള്‍ താലിബാനും ഇറാ ക്കിലെ ഇസ്ളാമിക ഭരണകൂടവും വെറും കൈക്കുഞ്ഞുങ്ങളാണ്.

  മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ പ്രചരിപ്പിക്കുന്നത് പോലെ മതമല്ല ഫാഷിസ ത്തിന്റെ ഈറ്റുപുര. മുതലാളിത്ത വികാസത്തിന്റെ പ്രാരംഭദശയില്‍ പിറവി നേടിയ രാഷ്ട്രീയ-ധനതത്വശാസ്ത്ര സിദ്ധാന്തങ്ങളില്‍ ജനസംഖ്യാപ്പെരു പ്പമാണ് ലോകത്തിന്റെ കുഴപ്പങ്ങള്‍ക്കു കാരണമെന്ന ആശയം രൂപപ്പെട്ടി രുന്നു. യൂറോപ്പിലെയും പുറത്തേയും അപര സമൂഹങ്ങളുടെ സാന്നിധ്യത്തെ പ്പറ്റിയുള്ള വരേണ്യവാദ-കൊളോണിയല്‍ വിവരണങ്ങള്‍ ഈ ഭയപ്പാടിനെ ഇരട്ടിപ്പിച്ചു. ഇത്തരം പേടികള്‍ക്കൊപ്പം പരിണാമ സിദ്ധാന്തം, നരവംശ-ജീവശാസ്ത്ര-വൈദ്യശാസ്ത്രപഠനങ്ങള്‍ എന്നിവയില്‍ നിന്നു് അടര്‍ത്തിയെടു ത്ത ‘ശാസ്ത്രീയ വീക്ഷണ’ങ്ങളുടെയും അടിത്തറയില്‍, പാശ്ചാത്യവും പൌര സ്ത്യവുമായ വരേണ്യാവബോധങ്ങളില്‍ നിന്നുമാണ് ഫാഷിസം ജന്മമെടുത്ത ത്. മനുഷ്യവിരുദ്ധമായ യുക്തിയും സങ്കുചിത ദേശീയവാദവും അപ ര വിദ്വേഷവും സര്‍വാധികാരത്തോടുളള തൃഷ്ണയുമാണ് ഇതിന്റെ മുഖ്യഘടകങ്ങള്‍. വ്യവസ്ഥാപിത മതബോധവും ഒരു ഘടകമാണെങ്കിലും നിര്‍ണായകമായിരുന്നില്ലെന്നു് സമീപകാല പഠനങ്ങള്‍ സ്ഥിരീകരിച്ചി ട്ടുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ്, ആധുനിക ഫാഷിസ്റ്റുകളുടെ കൈപ്പു സ്തകങ്ങള്‍ ബൈബിളും ഖുറാനുമല്ല മറിച്ച്, ‘വെല്‍ത്ത് ഓഫ് നേ ഷന്‍സും’, ‘ഒറിജിന്‍ ഓഫ് സ്പീഷിസും’ ‘ദാസ് ക്യാപിറ്റലു’മാണ്.

   ഇവിടെ സവിശേഷമായി അടയാളപ്പെടുത്തേണ്ട കാര്യം, ഇസ്ളാം- ക്രിസ്ത്യന്‍ മതങ്ങളോടും മതവികാരത്തോടും മതവിജ്ഞാനീയത്തോടും മാത്രമേ മാര്‍ക്സിസ്റ്റുകള്‍ക്ക് ആത്യന്തികമായ ശത്രുതയുള്ളൂ എന്നതാണ്. ഇതില്‍ ക്രിസ്തുമതം യൂറോപ്യന്‍ യുക്തിയുടെ മെരുക്കലിനു വിധേയമായി ട്ടുള്ളതിനാല്‍ താരതമ്യേന കുറഞ്ഞ അളവിലുള്ള ശത്രുത മാത്രമേ ഉല്‍പ്പാദി പ്പിക്കുന്നുള്ളൂ. ജാതികള്‍ തമ്മില്‍ കലഹിക്കുകയും അനേകം വിശ്വാസ ധാരകളെ നിലനിറുത്തുകയും ചെയ്യുന്നതിനപ്പുറം മതമായി പരിവര്‍ത്തന പ്പെടാത്തതാണ് ഹിന്ദുമതം. അതിനോടുള്ള എതിര്‍പ്പ് സാങ്കല്പികമാണ്. എന്നാല്‍ വിശ്വാസവും യുക്തിയും കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു പൌരസ്ത്യ മതമെന്ന നിലയിലും യൂറോപ്പിന്റെ മെരുക്കല്‍ പ്രക്രിയക്കു വിധേയമല്ലാ ത്തതിനാലും, മതമാണ് അയുക്തികതയെന്നു നിര്‍വചിക്കുമ്പോള്‍ ഇസ്ളാ മാണ് പ്രതീതിയായും യാഥാര്‍ത്ഥ്യമായും പ്രതിസ്ഥാനത്ത് വരുന്നത്.

    ഇപ്രകാരം രൂപപ്പെട്ടിരിക്കുന്ന പ്രതീതിയെയും യാഥാര്‍ത്ഥ്യത്തെയും വേര്‍തിരിക്കാന്‍ യാതൊരു ശ്രമവും നടത്താതെയുള്ള കേവലയുക്തികളാണ് കാരശ്ശേരി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരം ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സൌകര്യമുപയോഗിച്ചു് ജനാധിപത്യത്തി നകത്തു വളര്‍ന്നു് ജനാധിപത്യത്തെ വിഴങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണു മതതീവ്രവാദം’(3) ഈ അരാഷ്ട്രീയതയെ കുറ്റവാളിത്ത മായി കാണണമെന്നും അതിനെതിരെ നടപടിയെടുക്കേണ്ടത് പോലീസും കോടതികളുമാണെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കക്ഷിരാഷ്ട്രീയം മാറ്റി വെച്ചു് ഈ ദേശീയ വിപത്തിനെതിരെയുള്ള പടനീക്കത്തിനു പോലീസ് സംവിധാനത്തെ സഹായിക്കണമെന്നും കാരശ്ശേരി നിര്‍ദേശിക്കുന്നു.

   ജനാധിപത്യത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ മൂലമാണ് മതതീവ്രവാദത്തോട് തന്റെ എതിര്‍പ്പെന്നു വ്യക്തമാക്കുന്ന കാരശ്ശേരി, ജനാധിപത്യത്തിന്റെ ജീവവായുവായ അഭിപ്രായസ്വാതന്ത്ര്യമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു പറയുന്നതു യാദൃശ്ചികമല്ല. പോലീസും കോടതികളും ഭരിക്കുന്ന വര്‍ഗത്തി ന്റെ ആജ്ഞകള്‍ക്കും അഭിലാഷങ്ങള്‍ക്കും പുറത്തുള്ള നിരപേക്ഷ സ്ഥാപന ങ്ങളാണെന്നു് സാമൂഹിക ശാസ്ത്രത്തില്‍ തരിമ്പും വെളിവുള്ള ഒരാളും പറയുക യില്ല. മുസ്ളീം മത തീവ്രവാദത്തെ നേരിടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ഭരണകൂടോപാധികളെ നിര്‍വഹത്വമേല്പിക്കുകയുമാണു വേണ്ടെതെന്നും മാത്രമാണ് സംഘപരിവാറും പറയുന്നുള്ളൂ. 

  കാരശ്ശേരി വിസ്മരിപ്പിക്കുന്നത്, ദേശീയപ്രസ്ഥാന കാലത്ത് ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഉന്നയിച്ചത് മാര്‍ക്സിസ്റ്റ്ധാരയില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നി ല്ലെന്നതാണ്. അംബേദ്കറും അദ്ദേഹം നേതൃത്വം നല്‍കിയ കീഴാള പ്രസ്ഥാനവുമാണ് ജനാധിപത്യത്തിന്റെ ഈ മൌലിക കടമ നിര്‍വ്വഹി ക്കാന്‍ രംഗത്തുണ്ടായിരുന്നത്. ഇക്കാലത്ത് ലെനിന്റെ കൊളോണിയന്‍ തീസ്സിസിന്റെ അടിസ്ഥാനത്തിലുള്ള സമരങ്ങളിലും ചര്‍ച്ചകളിലുമാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ളീമുകളുടെ പൌരത്വത്തിന്റെ സംരക്ഷണമോ അവരുടെ മതപരമായ വ്യതിരിക്തത യുടെ അംഗീകാരമോ ഇവരുടെ ഉല്‍ക്കണ്ഠയായിരുന്നില്ല. ‘അപ്രസക്തം’ (irrelevant) എന്ന വാക്കാണ് ഗെയ്ല്‍ ഓം വേദ്ത് ഇക്കാലത്തെ മാര്‍ക്സിസ്റ്റ് ഇടപെടലു കളെപ്പറ്റി സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. 

   മതം രാഷ്ട്രീയത്തിലിടപെട്ടാല്‍ സര്‍വതും നശിച്ചു എന്ന ഭീതിയാണ് മാര്‍ക്സിസ്റ്റ് ധൈക്ഷണിക രക്ഷാകര്‍ത്തൃത്വമംഗീകരിച്ചുകൊണ്ട് കാരശ്ശേരി പരത്തുന്നത്. ഇന്ത്യന്‍ മതേതരത്വമെന്നത് ‘മതവിരുദ്ധ മതേതരത്വം’ (ടി.ടി. ശ്രീകുമാര്‍) അല്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ മതേതര സാമൂഹ രൂപവത്കരണത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിക്ക് മതവും രാഷ്ട്രീയവും വിഭിന്നമല്ലായിരുന്നുവെന്നത് ഏവര്‍ക്കും അറിവുള്ള കാര്യ മാണ്.

   മറ്റൊരു പ്രധാനപ്പെട്ട ധാരയെ പ്രതിനിധാനം ചെയ്യുന്ന അംബേദ്കറും മതത്തിന്റെ രാഷ്ട്രീയ സ്വരൂപത്തെ നിരാകരിക്കുകയുണ്ടായില്ല. 1954 ഒക്ടോബര്‍ 3-നു് ആള്‍ ഇന്ത്യാ റേഡിയോവില്‍ നടത്തിയ പ്രഭാഷണ ത്തില്‍ ജനാധിപത്യത്തെപ്പറ്റിയുള്ള തന്റെ അടിസ്ഥാന സങ്കല്പങ്ങള്‍ രൂപവത്കരിച്ചത് ബുദ്ധമതത്തില്‍ നിന്നുമാണെന്നും അവയെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടാ യി(4). 

   ‘നമുക്കുള്ളത് മനുഷ്യരുടെ പ്രശ്നങ്ങളാണ്. പൊതുപ്രശ്നങ്ങളാണ്’(5) എന്നാണ് കാരശ്ശേരിയുടെ ഉറച്ച അഭിപ്രായം. ‘അനുനിമിഷം പുരോഗമി ക്കുന്ന വിജ്ഞാനവും നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്ന മതവും’ തമ്മി ലുള്ള സംഘര്‍ഷത്തില്‍ മതം നില്‍ക്കക്കള്ളിക്കു വേണ്ടി പറയുന്ന കള്ള ങ്ങള്‍ മൂലമാണത്രേ വിഭാഗീയത വളരുന്നത്. ക്ളാസ്സിക്കല്‍ വര്‍ഗീകര ണത്തെ അംഗീകരിച്ചാല്‍പ്പോലും ജ്ഞാനോദയത്തിനും മുമ്പുള്ള ഉല്‍ബോ ധനഘട്ടത്തിലെ മീമാംസകരാണ് ‘പൊതുവായത്’ എന്ന വിവക്ഷയില്‍ മനുഷ്യരെ ഉരുക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചത്. അനുനിമിഷം വികസിക്കുന്ന വിജ്ഞാനത്തെ അതിന്റെ വഴിക്കു വിട്ടിട്ട് സുമാര്‍ ഏഴു നൂറ്റാണ്ടുകള്‍ പുറകില്‍ നിന്നുകൊണ്ടാണ് കാരശ്ശേരി പൊതുവായതിനെ അംഗീകരിക്കു ന്നതും പലതായതിനെ തിരസ്കരിക്കുന്നതും. 

  കാരശ്ശേരിയെ പോലെ മനസ്സാക്ഷി മരവിച്ചവര്‍ എത്രമാത്രം ‘പൊതുവാ യതാ’ക്കിയാലും ഇന്ത്യയിലെ രണ്ടാംകിട പൌരത്വവും മതപരമായ ശത്രുതയുമനുഭവിക്കുന്ന ജന വിഭാഗങ്ങളാണ് മുസ്ളീമുകള്‍ എന്നതാണ് വസ്തുത. അവരുടെ സാമ്പത്തികവും സാമുദായികവുമായ നില മെച്ചപ്പെ ട്ടിട്ടുള്ള കേരളം പോലുള്ള സ്ഥലങ്ങളിലും ഈ ശത്രുത കുറയുകയല്ല കൂടുതല്‍ ആന്തരികവല്‍ക്കരിക്കുകയാണു ചെയ്തിട്ടുളളത്. ഈ അവസ്ഥ രൂപപ്പെടു ത്തിയത് ഇസ്ളാമിക പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളുമല്ല. മറിച്ച്, വരേണ്യര്‍ അവരുടെ ഭയാശങ്കകളും ഹിംസാത്മകമായ തൃഷ്ണകളും അടി ച്ചേല്‍പ്പിക്കുന്നത് വേറിട്ട അസ്തിത്വം പുലര്‍ത്തുന്ന ജനതകളിലാണെന്ന താണ് പ്രശ്നങ്ങളുടെ കാതല്‍.

   ഹിംസ ഏറ്റവും വലിയ സാമൂഹിക സ്ഥാപനമായി മാറിയതാണ് വര്‍ത്തമാനാവസ്ഥ. അതിന്റെ അലയടികള്‍ ഇസ്ളാമിക പ്രസ്ഥാന ങ്ങളിലും എത്തുന്നതിന്റെ ഭാഗമായി വളരെ അപൂര്‍വമായ ചില അനിഷ്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സ്വാതന്ത്യത്തിനു ശേഷമുണ്ടായ 3500-ല്‍ അധികം വംശീയ കടന്നാക്രമണങ്ങളില്‍ ഏറ്റവുമധികം ആളും അര്‍ത്ഥവും നഷ്ടപ്പെട്ട ജനത ഇസ്ളാമാണ്. എങ്കില്‍പ്പോലും ചില സാങ്കല്പിക പ്രസ്ഥാനങ്ങളുടെ പേരുകളും നിറംപിടിപ്പിച്ച കഥകളുമല്ലാതെ ഒരൊറ്റ തീവ്രവാദ പ്രസ്ഥാനമോ സൈനിക കേന്ദ്രീകരണമോ ഇന്ത്യയിലെ മുസ്ളീം ജനതയില്‍ നിന്നുമുണ്ടായിട്ടില്ല. സിവില്‍ നിയമങ്ങളോട് അങ്ങേ യറ്റം കൂറുപുലര്‍ത്തുന്നവയാണ് ഇസ്ളാമിക സംഘടനകളെന്നു് വിദ്വേഷം നിറഞ്ഞ മനസ്സില്ലാത്ത ആര്‍ക്കും പറയാന്‍ കഴിയും. അതേസമയം; ഇന്ത്യ യിലെ നാഗരിക സവര്‍ണരുടെ നിലപാടെന്താണ്? ദേശീയ പ്രസ്ഥാന ത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ‘കല്‍ക്കട്ട തീസ്സിസു’മായിട്ടാണ് അവര്‍ രംഗത്തുവന്നതെങ്കില്‍ ഇപ്പോല്‍ മാവോയിസം പോലുളള ഒരു മിലിറ്ററിസ്റ്റ് പ്രത്യയശാസ്ത്രത്തിനു വേണ്ടി ആദിവാസികളുടെ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നു.

   ഇത്തരമൊരു വഴി പിന്തുടരാതെ തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഊന്നിനിന്നുകൊണ്ട്, എല്ലാവരേയും പോലെ രാഷ്ട്രീയ സമൂഹമായി മാറാനു ള്ള ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പുതുക്കിപ്പണിയുന്നത്.

(നന്ദി: ജെ.ദേവിക.,കെ. അഷ്റഫ്, സമദ് കുന്നക്കാവ്, ടി.ടി. ശ്രീകുമാര്‍)

1The Hights and Lows of Black Feminists Criticism-Barbara Christian(Feminism -Edited by Robyn R Warhol and Diane Price Hemdt)
2.മതം എല്ലാം വിഴുങ്ങുമോ?- ഡോ കെ എന്‍ പണിക്കര്‍(മാതൃഭൂമി -നവംബര്‍ 8,2009)
3.തീവ്രവാദത്തിന്റെ നാള്‍വഴികള്‍- എം എന്‍ കാരശ്ശേരി(നവംബര്‍ 2-4 2009)
4.Dr Babasahaeb Ambedkar- Vasanth Moon (National Book Trust 2002)
5.ബുദ്ധിജീവിയുടെ മതം- എം എന്‍ കാരശ്ശേരി(മാതൃഭൂമി നവംബര്‍ 5,1995)

3 comments:

  1. "തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഊന്നിനിന്നുകൊണ്ട്, എല്ലാവരേയും പോലെ രാഷ്ട്രീയ സമൂഹമായി മാറാനു ള്ള ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പുതുക്കിപ്പണിയുന്നത്. "- കെ കെ ബാബുരാജ്

    ReplyDelete
  2. iyalodu paranjittu kaaryamilla .... ella mandatharavum dockins samvadathil ninnum vaayichathalle .... Please use your time for making people as good human being not as terrorists .... please do ....

    ReplyDelete
  3. തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഊന്നിനിന്നുകൊണ്ട്, എല്ലാവരേയും പോലെ രാഷ്ട്രീയ സമൂഹമായി മാറാനു ള്ള ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പുതുക്കിപ്പണിയുന്നത്.

    അങ്ങനെ തന്നെയാണു വേണ്ടത്.രാഷ്ട്രിയ സമൂഹമാകുന്നതിന് ആരാണെതിരെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.ജനാധിപത്യമെന്ന രാഷ്ട്രീയ കാഴ്ചപ്പാട് ഇസ്ലാം മതത്തിന് എന്നുതുടങ്ങി..?ദൈവത്തെ തള്ളിപറയുന്ന ഒരുവാദവും ഇസ്ലാമികമല്ല.നീതിമാനായ അള്ളാ തന്നെ അവസാന വാക്ക്.

    ReplyDelete